ഹോം › ദേശീയം

മന്ത്രിസഭായോഗം രണ്ടര മണിക്കൂർ; തർക്കങ്ങളുണ്ടായി: ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി

By Metro Journal Team · 18 Nov 2026, 07:06 PM

മന്ത്രിസഭയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലെന്ന വാർത്ത മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗുരുവായൂർ ദേവസ്വം നിയമന വിവാദങ്ങളിൽ വന്ന വാർത്തകളെല്ലം തെറ്റാണ്. തെറ്റായ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത്. ഇന്ന് മന്ത്രിസഭയിൽ എല്ലാ മന്ത്രിമാരും ആ ഫയലിൽ ഒപ്പിട്ടു. ദേവസ്വം നിയമന ഫയൽ തയാറാക്കിയത് ദേവസ്വം വകുപ്പാണ്. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും പച്ചക്കള്ളമാണ്. കൂട്ടുത്തരവാദിത്തത്തിൽ ഒരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് തർക്കങ്ങൾ കാബിനറ്റിൽ ഉണ്ടായിട്ടുണ്ട്. രണ്ടര മണിക്കൂർ കാബിനറ്റ് നടന്നു. ഇത് പിണറായി വിജയന്റെ കാബിനറ്റ് അല്ല. പിണറായി വിജയൻ പോക്കറ്റിൽ എഴുതി കൊണ്ടുവരുന്ന കാര്യങ്ങൾ അന്നു നടക്കുമായിരുന്നു. ഈ സർക്കാരിൽ അങ്ങനെ കാര്യങ്ങൾ നടക്കില്ല. ഉന്നതവിദ്യാഭ്യാസ ബില്ലിനെപ്പറ്റി ഒരു മണിക്കൂർ ചർച്ച നടന്നു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറ‍ഞ്ഞ് തർക്കിച്ചു. എൽപിഎസ്ടി സമരത്തെപ്പറ്റിയും അര മണിക്കൂർ ചർച്ച ചെയ്തു. ഇതാണ് ജനാധിപത്യം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ കാബിനറ്റ് എത്ര മിനിറ്റ് കൂടിയിട്ടുണ്ട്? രാവിലെ എട്ട് മണിക്കു മുൻപുതന്നെ എല്ലാ ഹിന്ദു മന്ത്രിമാരും ദേവസ്വം നിയമന ഫയലിൽ ഒപ്പിട്ടു. ഏറ്റവും ജൂനിയറായ ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയും, അങ്ങനെ പറയണം. ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് അഭിമാനത്തോടെയാണ് ഞാൻ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘എല്ലാവരും വന്ന് കയ്യടിക്കുന്ന സ്തുതിപാഠക സംഘമല്ല യുഡിഎഫ്. ഞാൻ പണ്ട് വലിയ ജനാധിപത്യവാദിയൊന്നും ആയിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല, കേൾക്കും. ഉമ്മൻ ചാണ്ടി സംസാരിക്കുന്നതു പോലെയാണോ ഞാൻ സംസാരിക്കുന്നത്. കെ. കരുണാകരൻ സംസാരിച്ചിരുന്നതു പോലെയാണോ ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നത്. തീരുമാനങ്ങളൊന്നും ഏകപക്ഷീയമല്ല. തോണ്ടിയാൽ‌ എന്റെ കയ്യിൽ നിന്ന് ഒന്നും കിട്ടില്ല. ബോർഡ് – കോർപറേഷൻ വിഭജനം വേഗം തീർക്കണമെന്ന് പറയുന്നത് എങ്ങനെയാണ് തർക്കമാവുന്നത്. ഉമ്മൻ ചാണ്ടി സാറിന്റെ കാലത്തും പലതും വൈകിയിട്ടുണ്ട്. ഇത് വിധേയരുടെ മന്ത്രിസഭയല്ല. പിഎസ്‌സി ചെയർമാൻ നിയമത്തിന് അതീതനല്ല. എല്ലാ വൃത്തികേടും ചെയ്തു വച്ചിട്ട് അന്വേഷണ സംഘവുമായി സഹകരിക്കാതിരിക്കുകയാണ്. എൽപിഎസ്ടി സമരക്കാരോട് സർക്കാരിന്റെ അപ്രോച്ച് പോസിറ്റീവ് ആയിരുന്നു. ഞങ്ങളെ വിമർശിച്ചിട്ടും ഞങ്ങളൊന്നും പറഞ്ഞില്ല. എട്ട് പ്രാവശ്യമാണ് വിദ്യാഭ്യാസ മന്ത്രി അവരുമായി സംസാരിച്ചത്’’ – മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സർ‌ക്കാർ 6 മാസം പൂർത്തിയാക്കുമ്പോൾ ആഗ്രഹിച്ചതു പോലെ ഒട്ടേറെ ക്ഷേമ പദ്ധതികൾക്ക് അടിത്തറ പാകാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമാവധി പണം കേന്ദ്രത്തിൽനിന്നു വാങ്ങിയെടുക്കാനുള്ള തീക്ഷ്ണമായ പ്രയത്നമാണ് നടത്തുന്നത്. ഭിന്നശേഷിക്കാർക്കുള്ള വലിയൊരു പദ്ധതി ഡിസംബർ ആദ്യം പ്രഖ്യാപിക്കും. അടുത്ത 6 മാസം ഒരുപാട് റിസൽറ്റുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 100 ദിന കർമപദ്ധതിയിൽ‌ 588 പദ്ധതികൾ പ്രഖ്യാപിക്കുകയും 568 പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു. സൂക്ഷ്മമായി പദ്ധതികളെ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഡാഷ്ബോർഡ് ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#delhi#pinarayi vijayan#udf#vd satheeshan#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിലെ പ്രതിഷേധങ്ങൾ വ്യാപാരത്തെ ബാധിച്ചെന്ന് പരാതി; കോൺഗ്രസ്, എഎപി, സിജെപി, ഐസ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്മന്ത്രിസഭയിൽ തർക്കമുണ്ടായി; ഇത് സ്തുതിപാടക സംഘമല്ല: തീരുമാനങ്ങൾ ഏകകണ്ഠമെന്ന് മുഖ്യമന്ത്രിസോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദംസോണിയ ഗാന്ധിയുടെ പുസ്തകം നിരോധിക്കണം; സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് ഷിൻഡെ പക്ഷംഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി, രണ്ടുപേർക്ക് പരിക്ക്കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന
പൂർണ്ണ പേജ് കാണുക ›