ന്യൂഡൽഹി: ഡൽഹിയിൽ വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന പരാതിയിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), കോക്രോച്ച് ജനതാ പാർട്ടി (സിജെപി), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ വ്യാപാരത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് വ്യാപാരി സംഘടനകളാണ് കോടതിയെ സമീപിച്ചത്. കിരാന കമ്മിറ്റി ഡൽഹി, ഡൽഹി അയൺ ആൻഡ് ഹാർഡ്‌വെയർ മെർച്ചന്റ്‌സ് അസോസിയേഷൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധങ്ങൾ സെൻട്രൽ ഡൽഹിയിലെ വ്യാപാര പ്രവർത്തനങ്ങളെ പൂർണമായും തടസ്സപ്പെടുത്തിയെന്ന് വ്യാപാരികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയിൽ വാദിച്ചു.
നഗരത്തിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങൾക്ക് സമീപമുള്ള രാംലീല മൈതാനത്ത് പ്രതിഷേധങ്ങൾ അനുവദിക്കരുതെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ കേസും നവംബർ 27ന് പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.