ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്ന ഡീലിമിറ്റേഷൻ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡീലിമിറ്റേഷൻ ബിൽ ജനാധിപത്യത്തിനും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നീക്കത്തെ പരിഹസിച്ച ഖാർഗെ, ബിജെപിയുടെ ലക്ഷ്യം ഇപ്പോൾ ‘800 സീറ്റ് കടക്കൽ’ ആണെന്നും കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിലാണ് ബില്ലിനെതിരെ സംയുക്ത നിലപാട് സ്വീകരിച്ചത്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ അധികാരം ദീർഘകാലം നിലനിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ:
* ലോക്‌സഭയിലെ നിലവിലെ അംഗസംഖ്യയിൽ മാറ്റം വരുത്തരുത്.
* നിലവിലുള്ള 543 അംഗങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണം.
* ലോക്‌സഭയിൽ സംസ്ഥാനങ്ങൾക്കുള്ള നിലവിലെ സീറ്റ് വിഹിതം അടുത്ത 25 വർഷത്തേക്ക് നിലനിർത്തണം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ സീറ്റുകൾ അവരുടെ ജനസംഖ്യാനുപാതികമായി വർധിപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിപക്ഷം സംയുക്ത നീക്കം ശക്തമാക്കുന്നത്. ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.