അയോധ്യ രാമക്ഷേത്രത്തിന് ആദ്യമായി സി.ഇ.ഒ വരുന്നു; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ചരിത്രത്തിലാദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 18 വൈകുന്നേരം 4 മണി വരെ അപേക്ഷകൾ സമർപ്പിക്കാം.
അടുത്തകാലത്തായി ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ക്ഷേത്രത്തിന്റെ ഭരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനാണ് ട്രസ്റ്റ് ഈ പുതിയ തസ്തിക രൂപീകരിച്ചിരിക്കുന്നത്.
യോഗ്യതകളും നിബന്ധനകളും:
പ്രായപരിധി: 50 നും 70 നും ഇടയിൽ.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
പ്രവൃത്തിപരിചയം: പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർക്കാർ വകുപ്പുകളിലോ കമ്പനികളിലോ മാനേജീരിയൽ തസ്തികയിൽ കുറഞ്ഞത് 20 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ക്ഷേത്രങ്ങളോ മറ്റ് ഹിന്ദു മതസ്ഥാപനങ്ങളോ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
മറ്റ് വ്യവസ്ഥകൾ: അപേക്ഷകർ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരും (ഹൈന്ദവർ) വൈഷ്ണവ പാരമ്പര്യത്തിലുള്ള രാമഭക്തരും ആയിരിക്കുന്നത് കൂടുതൽ അനുകൂല ഘടകമായി പരിഗണിക്കും. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച ജ്ഞാനം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും അയോധ്യയിൽ നിയമിക്കുക. അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്ലിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ട്രസ്റ്റ് ഇതിനകം നിയോഗിച്ചിട്ടുണ്ട്.