ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജൂലൈ 21, 22 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ജൂലൈ 21, 22 തീയതികളിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും (NCR) 'യെല്ലോ അലർട്ട്' പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെ പെയ്ത നേരിയ മഴ താപനില കുറയാൻ കാരണമായിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
മഴ ശക്തമാകുന്നതോടെ നഗരത്തിലെ താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അധികൃതർ വ്യക്തമാക്കി. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.