ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പാസായാൽ ഭാവിയിൽ ബിജെപിയെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തി അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി. ബില്ലിനെ എല്ലാ രാഷ്ട്രീയ കക്ഷികളും എംപിമാരും ശക്തമായി എതിർക്കണമെന്നും സിജെപി വക്താവ് സൗരവ് ദാസ് ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ സീറ്റുകൾ വർധിപ്പിച്ച് ദീർഘകാലം അധികാരത്തിൽ തുടരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ബില്ലെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡല പുനർനിർണയ കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉൾപ്പെടുത്തുന്നത് പ്രക്രിയയുടെ സുതാര്യതയെയും പൊതുജനവിശ്വാസത്തെയും തകർക്കുമെന്ന് സിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളും സുതാര്യതയില്ലായ്മയും കൂടി കണക്കിലെടുക്കുമ്പോൾ, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടക്കുന്ന പുനർനിർണയം ബിജെപിക്ക് സ്ഥിരമായ തെരഞ്ഞെടുപ്പ് മുൻതൂക്കം നൽകും. ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്ന വാദത്തിൽ ബില്ലിനെ പിന്തുണയ്ക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നില്ലെന്ന് സിജെപി നേതാവ് അശുതോഷ് റാങ്ക വിമർശിച്ചു.
ലോക്സഭയുടെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗസംഖ്യ വർധിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാതെ നികുതിദായകരുടെ പണം പാഴാക്കുന്നതിന് മാത്രമേ ഉപകരിക്കൂ എന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദിപ്കെ കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യ 81ൽ നിന്ന് 122 ആയി ഉയരാൻ സാധ്യതയുണ്ടെന്നും ഇത് പ്രതിവർഷം 374 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ സർക്കാർ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടെയാണ് സിജെപിയുടെ വിമർശനം. ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലും ചർച്ചകൾ സജീവമായിട്ടുണ്ട്. ഡിഎംകെ, ശരദ് പവാറിന്റെ എൻസിപി തുടങ്ങിയ കക്ഷികളുടെ നിലപാടുകൾ നിർണായകമാകുന്ന സാഹചര്യത്തിൽ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുൾപ്പെടെയുള്ള ഇൻഡ്യാ സഖ്യ നേതാക്കൾ ചെന്നൈയിലും മുംബൈയിലും അനുനയ ചർച്ചകൾ നടത്തുകയാണ്.