വഡോദര: വല്ലഭ സമ്പ്രദായത്തിനും സനാതന സംസ്കാരത്തിനും ഷഷ്ഠപീഠാധീശ്വർ ഗോസ്വാമി 108 ശ്രീ ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീ നൽകിയ സംഭാവനകളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാജ്ശ്രീയുടെ 60-ാം ഷഷ്ടിപൂർത്തി മഹോത്സവം വല്ലഭകുലത്തിന് ആകെ അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും സന്ദർഭമാണെന്ന് അദ്ദേഹം പറഞ്ഞു. വഡോദരയിൽ സംഘടിപ്പിച്ച ‘വിശ്വ കല്യാൺ മഹോത്സവ’ത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ശ്രീമദ് വല്ലഭാചാര്യ മഹാപ്രഭുജിയുടെ ഉപദേശങ്ങളും പാരമ്പര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിൽ ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സനാതന പാരമ്പര്യത്തിൽ 60 വർഷം പൂർത്തിയാകുന്നത് കേവലം പ്രായത്തിന്റെ നാഴികക്കല്ലല്ലെന്നും 60 സംവത്സരങ്ങൾ ഉൾപ്പെടുന്ന ഒരു പൂർണ കാലചക്രത്തിന്റെ പൂർത്തീകരണമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കാശിയിലും വൃന്ദാവനത്തിലും സംസ്കൃത മാധ്യമത്തിലൂടെ വേദാന്തം, സാഹിത്യം, വ്യാകരണം, ന്യായം, മീമാംസ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തിയ ശേഷമാണ് മഹാരാജ്ശ്രീക്ക് ആചാര്യ പദവി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ബ്രജ് ഭാഷ, മേവാരി തുടങ്ങി ഏഴ് ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് മഹാരാജ്ശ്രീ. സാഹിത്യരചന, പുരാതന ചിത്രങ്ങളുടെ സംരക്ഷണം, മൃദംഗവാദന പാരമ്പര്യം എന്നിവയിലും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
മഹാപ്രഭുജിയുടെ 14-ാം തലമുറയിലെ പിന്മുറക്കാരനും ശ്രീ യദുനാഥ്ജിയുടെ പാരമ്പര്യത്തിലെ 13-ാമത് തിലകായത്തുമാണ് ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീയെന്നും അമിത് ഷാ വ്യക്തമാക്കി.
പാവപ്പെട്ടവർക്കായുള്ള സേവനവും പുഷ്ടിമാർഗ പ്രചാരണവും
വൈഷ്ണവ ഇന്റർഫെയ്ത്ത് പുഷ്ടിമാർഗീയ ഓർഗനൈസേഷൻ (VIPO) മുഖേന പാവപ്പെട്ടവരുടെയും അശരണരുടെയും സേവനം ജീവിതലക്ഷ്യമായി ഏറ്റെടുത്ത മഹാരാജ്ശ്രീയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അമിത് ഷാ പറഞ്ഞു.
വല്ലഭാചാര്യ മഹാപ്രഭുജിയുടെ ദർശനങ്ങളും വൈഷ്ണവ ധർമവും പ്രചരിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോകം മിഥ്യയല്ല, യാഥാർഥ്യമാണെന്ന മഹാപ്രഭുജിയുടെ ദർശനവും പുഷ്ടിമാർഗത്തിന്റെ അടിസ്ഥാന തത്വങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സഹായകമായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തെ 84 കേന്ദ്രങ്ങളിൽ നടത്തിയ ഭാഗവത പ്രഭാഷണങ്ങളും മഹാപ്രഭുജി രചിച്ച ഷോഡശ ഗ്രന്ഥങ്ങളും ദേശീയ ഐക്യവും സനാതന പാരമ്പര്യവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വല്ലഭാചാര്യരുടെ ജന്മസ്ഥലത്ത് 98 കോടിയുടെ വികസന പദ്ധതി
ശ്രീമദ് വല്ലഭാചാര്യ മഹാപ്രഭുജിയുടെ ജന്മസ്ഥലത്തിന്റെ വികസനത്തിനായി 98 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതായും അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 73 കോടി രൂപ അനുവദിക്കും. ഛത്തീസ്ഗഢ് സർക്കാർ 25 കോടി രൂപ കൂടി നൽകും. ബാക്കി തുക സമ്പ്രദായത്തിലെ അനുയായികളുടെ സംഭാവനയിലൂടെ കണ്ടെത്തും.
15 ഏക്കർ സ്ഥലത്ത് മഹാപ്രഭുജി പ്രകട്യ ബൈഠക്ജി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിപുലമായ സമുച്ചയം നിർമിക്കുക. വല്ലഭ സമ്പ്രദായത്തിന്റെ പൈതൃകവും ആത്മീയ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ദേശീയ സ്മാരകമായി പദ്ധതി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മഹാരാജ്ശ്രീ നേരിട്ട് നേതൃത്വം നൽകണമെന്നും വഡോദരയിലെയും വല്ലഭകുലത്തിലെയും വിശ്വാസികളെ ഒരുമിപ്പിച്ച് പദ്ധതി യാഥാർഥ്യമാക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു.
മഹാരാജ്ശ്രീക്ക് ദീർഘായുസ്സും ആരോഗ്യവും സനാതന സംസ്കാരത്തിനായുള്ള തുടർന്നുള്ള സേവനങ്ങളും ആശംസിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.