{"vars":{"id": "89527:4990"}}

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ നിബന്ധന; മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

 

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് കടുത്ത നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകൾക്കൊപ്പം ഇനി മുതൽ അപേക്ഷകരുടെ മാതാപിതാക്കളുടെ എസ്ഐആർ (Special Intensive Revision - പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ) വിവരങ്ങൾ കൂടി നിർബന്ധമായും സമർപ്പിക്കണം.

​നിലവിലുള്ള വോട്ടർമാർക്ക് മാത്രം ബാധകമായിരുന്ന ഈ നിബന്ധനയാണ് ഇപ്പോൾ പുതിയ അപേക്ഷകർക്കും നിർബന്ധമാക്കിയിരിക്കുന്നത്. പുതിയ വോട്ടർമാർക്കായി നിശ്ചയിച്ചിട്ടുള്ള 'ഫോം 6' ലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

​​മാതാപിതാക്കളുടെ വിവരങ്ങൾ: അപേക്ഷകരുടെ മാതാപിതാക്കൾ മുൻപത്തെ എസ്ഐആർ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് 'ഫോം 6'-ലെ പുതിയ ഡിക്ലറേഷൻ കോളത്തിൽ വ്യക്തമാക്കണം.

ബൂത്ത് വിവരങ്ങൾ: മാതാപിതാക്കൾ എസ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ വോട്ട് ചെയ്ത അസംബ്ലി മണ്ഡലം, പോളിങ് ബൂത്ത് നമ്പർ, വോട്ടർ പട്ടികയിലെ സീരിയൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.

മറ്റ് വിവരങ്ങൾ: മാതാപിതാക്കളുടെ പേര് എസ്ഐആറിൽ ഇല്ലെങ്കിൽ, അത് പ്രത്യേകം രേഖപ്പെടുത്തി അവരുടെ വോട്ടർ ഐഡി (EPIC) നമ്പറുകൾ നൽകേണ്ടതുണ്ട്.

കമ്മീഷന്റെ വിശദീകരണം: പുതിയ മാറ്റം വഴി വ്യാജ വോട്ടർമാരെ ഒഴിവാക്കാനും വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാനും സാധിക്കും. കൂടാതെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ അപേക്ഷകർ സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

​നിലവിൽ ഓൺലൈൻ വഴി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുന്നവർക്ക് ഈ വിവരങ്ങൾ നൽകാതെ അപേക്ഷ പൂർത്തിയാക്കാൻ സാധിക്കില്ല. വോട്ടർപട്ടിക പൂർണ്ണമായും ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പുതിയ നീക്കം.