{"vars":{"id": "89527:4990"}}

വിദ്യാർഥികളുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

 

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാർഥികളുടെ ബുദ്ധിശക്തിയെയും അധ്വാനത്തെയും പരിതാപകരമായ രാത്രി വീഡിയോകളിലൂടെ പരിഹസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്രയും വേഗം രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വൻ തട്ടിപ്പുകൾ നടക്കുമ്പോഴും വിദ്യാഭ്യാസ മന്ത്രി രാജിവെക്കാത്തതും പ്രധാനമന്ത്രി മൗനം പാലിക്കുന്നതും രാജ്യത്തെ യുവതയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.