ആത്മിക : ഭാഗം 49

എഴുത്തുകാരി: ശിവ നന്ദ “അവളെ എല്ലാം അറിയിക്കാൻ ഇനി ഒറ്റ മാർഗമേയുള്ളൂ” “എന്താ കിച്ചേട്ടാ??” “ടീന വരണം…അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് അവൾ പറയണം” “പക്ഷെ അതിന്
 

എഴുത്തുകാരി: ശിവ നന്ദ

“അവളെ എല്ലാം അറിയിക്കാൻ ഇനി ഒറ്റ മാർഗമേയുള്ളൂ” “എന്താ കിച്ചേട്ടാ??” “ടീന വരണം…അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് അവൾ പറയണം” “പക്ഷെ അതിന് മുൻപ് ടീനുചേച്ചിയും ഇച്ചായനും തമ്മിലുള്ള പ്രശ്നം സോൾവ് ചെയ്യണ്ടേ” “അത് അങ്ങനെ പെട്ടെന്ന് സോൾവ് ആകില്ല ദേവു..എന്നിലുള്ള അവളുടെ വിശ്വാസമാണ് ഞാൻ ഇല്ലാതാക്കിയത്..പണ്ട് ഹർഷന്റെ കേസിൽ നീ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ…നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ആളിൽ നിന്നും ഒരു ചെറിയ തെറ്റ് സംഭവിച്ചാൽ പോലും നമുക്കത് ക്ഷമിക്കാൻ കഴിയില്ലെന്ന്..അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്..നാളെ എല്ലാ സത്യവും അറിയുമ്പോൾ അമ്മുവിന്റെ പ്രതികരണവും അങ്ങനെ തന്നെയാകും..”

“ഞാൻ എന്തായാലും ടീനയെ ഒന്ന് വിളിച്ച് നോക്കട്ടെ.” കിച്ചൻ ഫോണുമായി പുറത്തേക്ക് ഇറങ്ങിയതും കത്രീനാമ്മയും സിസിലിയും മുറിയിലേക്ക് വന്നു. “ദച്ചു എവിടെ അമ്മച്ചി??” “അവൻ കുര്യച്ചന്റെ കൈയിൽ ഉണ്ട് മോളെ…ആൽബി..നീ ഇനി ഓഫീസിലേക്ക് പോകുന്നുണ്ടോ?” “ഉണ്ട് അമ്മച്ചി..ഞാൻ ഇപ്പോൾ ഇറങ്ങും” “ഞങ്ങളും ഇറങ്ങുവാ..ആഹ് പിന്നെ..അമ്മുവിന്റെ കാര്യം ഏതാണ്ട് ഉറപ്പിച്ച സ്ഥിതിക്ക് ടീനയുടെ കാര്യത്തിലും ഉടനെ ഒരു തീരുമാനം എടുക്കണം..എന്താ നിന്റെ അഭിപ്രായം??” “അതിലിപ്പോ പ്രത്യേകിച്ച് എന്ത് പറയാനാ മമ്മി..നല്ലൊരു പ്രൊപോസൽ വരുവാണെങ്കിൽ നമുക്ക് നോക്കാം” “എന്നാ ആ പാറേക്കുന്നേലെ ആലോചന നമുക്ക് അങ്ങ് ഉറപ്പിക്കാം സിസിലി” “ഏഹ്ഹ് പാറേക്കുന്നേലെ ആലോചനയോ? അമ്മച്ചി എന്താ ഈ പറയുന്ന”

“എടാ കുര്യച്ചന്റെ ബന്ധത്തിൽ നിന്നും ടീന മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്..നിങ്ങൾ പിള്ളേര് തമ്മിൽ വല്ല ഇഷ്ടവും ഉണ്ടോന്ന് അറിയാൻ വേണ്ടിയാ സിസിലി ഇപ്പോൾ നിന്റെ അഭിപ്രായം ചോദിച്ചത്..ഇനി എന്തായാലും വെച്ച് താമസിപ്പിക്കണ്ട..പ്രായം 28 ആയി പെണ്ണിന്” “അപ്പോൾ ടീനുചേച്ചി ഉടനെ വരുമോ??” “വരുമെന്ന പറഞ്ഞത്..വന്നാൽ ഉടൻ വാക്കുറപ്പിക്കൽ നടത്തണം” ആൽബിയും ദേവുവും പരസ്പരം നോക്കി.ടീനയുടെ വരവോടെ എല്ലാം കലങ്ങിതെളിയുമെന്ന പ്രതീക്ഷ ദേവുവിന്റെ മുഖത്ത് പ്രതിഫലിച്ചപ്പോൾ ആൽബിയിൽ വല്യ ഭാവമാറ്റം ഒന്നുമില്ലായിരുന്നു.അമ്മച്ചിയും മമ്മിയും പോയതും കിച്ചൻ റൂമിലേക്ക് വന്നു. “എടാ ടീനുവിന്റെ കോഴ്സ് അടുത്ത ആഴ്ച തീരും..അതിന്റെ പിറ്റേന്ന് തന്നെ അവൾ ഇവിടെ എത്തും” “അടുത്ത ആഴ്ചയോ?? കിച്ചേട്ടാ..

ടീനുചേച്ചിയുടെ കല്യാണം ഉറപ്പിക്കാൻ പോകുവാ” “അവളുടെയും കല്യാണം ആയോ..എന്നിട്ട് അവൾ എന്നോട് ഒന്നും പറഞ്ഞില്ല” “ചേച്ചി അറിഞ്ഞ് കാണില്ല..സിസിലി ആന്റി ഇപ്പോൾ ഞങ്ങളോട് പറഞ്ഞതാ” ഇതെല്ലാം കേട്ടിട്ടും മൗനമായി ഇരിക്കുന്നവന്റെ തോളിൽ പിടിച്ച് കിച്ചൻ അടുത്തിരുന്നു. “നീ ഇങ്ങനെ വിഷമിച്ചിരിക്കാതെ ആൽബി..നിന്നെ ഇങ്ങനെ കാണുന്നത് സഹിക്കാൻ പറ്റുന്നില്ല..ആ പഴയ ആൽബിയെ ഞങ്ങൾക്ക് തിരിച്ച് വേണം” “മറ്റുള്ളവരെ സന്തോഷിപ്പിച്ചും മറ്റുള്ളവർക് വേണ്ടി ജീവിച്ചും വഴക്കുണ്ടാക്കിയും നടക്കുന്ന ആൽബിയെ മതി എല്ലാവർക്കും..സങ്കടപെടുന്ന ആൽബിയെ ആർക്കും വേണ്ട..അല്ലേടാ” “അങ്ങനെ ആണോ ഞാൻ പറഞ്ഞത്?? ഇത് തന്നെയാ ഇപ്പോഴത്തെ നിന്റെ കുഴപ്പം..എന്തിലും ഏതിലും നെഗറ്റീവ് മാത്രം കാണും..”

“ഇപ്പോൾ സന്തോഷിക്കാനുള്ള എന്തെങ്കിലും കാരണം എന്റെ ജീവിതത്തിൽ ഉണ്ടോടാ?? 29 വർഷത്തിനിടയിൽ ആദ്യമായി ആൽബി ഒരു തെറ്റ് ചെയ്തു…പ്രേമിച്ച പെണ്ണിന് വേണ്ടി…ആ തെറ്റിൽ അമ്മുവും ടീനുവും ഒക്കെ ഒരുപാട് കരഞ്ഞു…അതിലൂടെ അത്രയും നാളും ആൽബി ചെയ്ത ശരികളും ഇല്ലാതായി…അന്ന് കരഞ്ഞവർ ഒക്കെ ഇന്ന് അവർ ആഗ്രഹിച്ച നിലയിൽ എത്തി..ആൽബി മാത്രം..ചെയ്തുപോയ തെറ്റിന്റെ പേരിൽ ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുവാ..” “ആൽബി…” “കുറ്റപ്പെടുത്തിക്കോ..ശിക്ഷിച്ചോ..പക്ഷെ അതിന് മുൻപ് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിക്കണം..അതിപ്പോൾ ടീനു ആയാലും അമ്മു ആയാലും” കടുപ്പിച്ച് പറഞ്ഞുകൊണ്ട് എഴുന്നേൽക്കുന്നവന്റെ കൂടെ കിച്ചനും എഴുന്നേറ്റു. “ഇതാണ്..ഇപ്പോഴാടാ നീ ആൽബിൻ ജോൺ കളരിയ്ക്കൽ ആയത്”

“ഹ്മ്മ്മ്…ഞാൻ എന്നാൽ ഇറങ്ങുവാ” “ഓഫീസിലേക്ക് പോകുവാണോ??” “പിന്നല്ലാതെ..വ്യക്തിജീവിതത്തിലെ നഷ്ടങ്ങൾ ഓർത്തിരുന്നാൽ ബിസിനെസ് വളരില്ല..” കിച്ചന്റെ തോളിൽ ഒന്ന് തട്ടി ദേവുവിനോടും യാത്ര പറഞ്ഞ് അവൻ ഇറങ്ങി..അമ്മുവിന്റെ റൂം കടന്ന് പോയപ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിച്ചു..രണ്ട് ചുവട് പിന്നിലേക്ക് വെച്ച് അവനാ മുറിയിലേക്ക് നോക്കി..കട്ടിലിന്റെ ഹെഡ്റെസ്റ്റിൽ ചാരിയിരുന്ന് ലാപ്ടോപ്പിൽ എന്തോ നോക്കുവായിരുന്നു അവൾ..അടുത്ത മാസത്തെ ഇന്റർവ്യൂനുള്ള പ്രിപ്പറേഷൻ ആണെന്ന് ആൽബിക്ക് മനസിലായി..ശബ്ദം ഉണ്ടാക്കാതെ ആ വാതിൽ അടച്ച് അവൻ പോയി…ലാപ്ടോപ് അടച്ചുവെച്ച് അടഞ്ഞ വാതിലിലേക്ക് നോക്കി അമ്മു ഇരുന്നു…

ഗാഢനിദ്രയിൽ ആയിരുന്ന ആൽബി പെട്ടെന്നാണ് ഞെട്ടിയെഴുന്നേറ്റത്..കുറച്ച് നേരം അവനാ ഇരുപ്പ് തുടർന്നു..പിന്നെ കണ്ണ് തിരുമ്മി ഫോൺ എടുത്ത് നോക്കി.സമയം വൈകിയെന്ന ചിന്തയിൽ പെട്ടെന്ന് തന്നെ അവൻ എഴുന്നേറ്റ് മുഖം കഴുകി താഴേക്ക് പോയി..അപ്പോഴാണ് അടുക്കളയിൽ നിന്നും പതിവില്ലാത്തൊരു ബഹളം അവൻ കേട്ടത്..എന്തെന്ന് അറിയാൻ ചെന്നുനോക്കിയ ആൽബിയുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി…അടുക്കളസ്ളാബിൽ കയറിയിരുന്ന് അമ്മച്ചിയോട് വാതോരാതെ വിശേഷങ്ങൾ പറയുന്ന ടീനു… ചുട്ടുപഴുത്ത നെഞ്ചിൽ തണുപ്പ് പടരുന്നത് ആൽബി അറിഞ്ഞു..അവൻ കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി..

ഒരുമാറ്റവുമില്ല പെണ്ണിന്..ഒരല്പം കൂടി മെലിഞ്ഞിട്ടുണ്ടെന്ന് അല്ലാതെ… അമ്മച്ചിയോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് മുഖമുയർത്തിയപ്പോഴാണ് അവൾ ആൽബിയെ കണ്ടത്…മുഖത്തെ ചിരി മാഞ്ഞു..നോട്ടം അവന്റെ കണ്ണിൽ തറച്ചുനിന്നു…സ്ലാബിൽ നിന്നും ഇറങ്ങി അവനെ കൂർപ്പിച്ച് നോക്കി അവൾ പോകാൻ തുനിഞ്ഞതും ആൽബി ഇടംകൈയാൽ അവളെ പിടിച്ചുനിർത്തി..പോയ അതേ സ്പീഡിൽ തന്നെ അവൾ അവന്റെ മുന്നിലേക്ക് വന്നുനിന്നു..കൈവിടുവിക്കാൻ അവൾ ശ്രമിച്ചെങ്കിലും കൂടുതൽ ശക്തിയിൽ ആ പിടി മുറുകിയതേയുള്ളൂ. “വന്നപ്പോ തന്നെ രണ്ടുംകൂടി അടി തുടങ്ങിയോ??” അമ്മച്ചിയുടെ ശബ്ദം കേട്ടതും ആൽബി കൈമാറ്റി.

ടീന പുച്ഛത്തോടെ അവനെയൊന്ന് നോക്കി. “വർഷങ്ങൾക്ക് ശേഷം കാണുന്നതല്ലേ അമ്മച്ചി..അതിന്റെയൊരു സ്നേഹപ്രകടനം ആണ്..അല്ലേ ആൽബിൻ ജോൺ??” “വർഷങ്ങൾക്ക് ശേഷമോ..അതെന്ന ടീനേ നീ അങ്ങനെ പറഞ്ഞത്..ഇവൻ ഇടയ്ക്ക് അങ്ങോട്ട് വന്ന് നിന്നെ കാണുമായിരുന്നല്ലോ” ശരിയാണ് അമ്മച്ചി പറഞ്ഞത്..ടീനുവിനെ കാണാനായി താൻ പലതവണ ബാംഗ്ലൂരിലേക്ക് പോയതാണ്..പക്ഷെ ഒരുതവണ പോലും കാണാൻ പറ്റിയില്ല..അതോർത്ത് കൊണ്ട് അവൻ ടീനയെ നോക്കിയതും അവളും അതേ ചിന്തയിൽ ആയിരുന്നെന്ന് അവന് മനസിലായി.അവൾ പോകാനായി തിരിഞ്ഞതും വീണ്ടും ആൽബിയുടെ പിടിയിൽ അവൾക്ക് നിൽക്കേണ്ടി വന്നു..ദേഷ്യത്തോടെ അവനെ നോക്കിയപ്പോഴേക്കും ആൽബി അവളെയും കൊണ്ട് മുകളിലേക്ക് നടന്നിരുന്നു..

അമ്മച്ചിയുള്ളത് കൊണ്ട് മറ്റൊന്നും പറയാതെ അവൾക്ക് കൂടെ ചെല്ലേണ്ടി വന്നു..എന്നാൽ മുകളിൽ എത്തിയതും അവൾ അവന്റെ കൈ ശക്തിയാൽ കുടഞ്ഞുമാറ്റി.. “പഴയ അധികാരം കാണിക്കാൻ ആണെങ്കിൽ അത് വേണ്ട ആൽബി” “അധികാരം അല്ല..എന്റെ അവകാശം ആണ്..വരുംവരായികകൾ ചിന്തിക്കാതെ ചെയ്തുപോയ തെറ്റിന്റെ പേരിൽ ഇനിയും എന്നെ ശിക്ഷിക്കാൻ ആണോ നിന്റെ തീരുമാനം??” “തെറ്റല്ല ആൽബി..ചതി..എന്റെ സൗഹൃദത്തെ ചതിച്ച് എന്റെ വിശ്വാസം ഇല്ലാതാക്കിയിട്ട് ഇപ്പോൾ ശിക്ഷിക്കുന്നത് എന്തിനാണെന്നോ…” “ടീനു പ്ലീസ്…എല്ലാത്തിനും കൂടെ നിൽക്കുന്ന നീ അന്നും എന്നോടൊപ്പം നിൽക്കുമെന്ന് കരുതി..ഞാൻ പറഞ്ഞല്ലോ..മറ്റൊന്നും ഞാൻ ചിന്തിച്ചില്ല.”

“ആ പ്രവർത്തിക്ക് ഞാൻ കൂട്ടുനിൽക്കില്ലെന്ന് നിനക്ക് അറിയാമായിരുന്നു ആൽബി..അതുകൊണ്ടാണ് എന്നെ ഒന്നും അറിയിക്കാതെ നീയാ നാടകം ക്രിയേറ്റ് ചെയ്തത്..എന്നിട്ട് എന്ത് നേടി നീ??” “ഒന്നും..ഒന്നും നേടിയില്ല..ഇപ്പോഴും അമ്മു വിശ്വസിച്ചിരിക്കുന്നത് ഞാനും നീയും പ്രണയിച്ചിരുന്നെന്നും എന്തോ കാരണത്താൽ പിരിഞ്ഞെന്നും ആണ്” “അങ്ങനെ വിശ്വസിപ്പിച്ചത് നീ തന്നെയല്ലേ..അതുകൊണ്ടല്ലേ അവൾക്കിപ്പോ വേറെ കല്യാണം ആയത്..അതിലും വലിയ എന്ത് ശിക്ഷയാ ആൽബി നിനക്ക് കിട്ടാനുള്ളത്?? ” “അവൾക് മാത്രമല്ലല്ലോ നിനക്കും കല്യാണം ആയില്ലേ..നാളെയാണ് വാക്കുറപ്പിക്കൽ” “ഹ്മ്മ്..അറിയാം..പപ്പയുടെയും മമ്മിയുടെയും സെലെക്ഷൻ തെറ്റില്ലെന്ന് എനിക്ക് ഉറപ്പുണ്ട്..

ഒറ്റകാര്യത്തിലെ സങ്കടമുള്ളു..ഒരേ ദിവസം തന്നെ നമ്മുടെ രണ്ടുപേരുടെയും കല്യാണം നടക്കണമെന്ന ആഗ്രഹം ഇനി നടക്കില്ല..” അത് പറഞ്ഞപ്പോഴേക്കും ടീനയുടെ കണ്ണ് നിറഞ്ഞിരുന്നു..അത് തുടച്ചുകൊടുക്കാനായി ആൽബിയുടെ കൈ ഉയർന്നെങ്കിലും പെട്ടെന്ന് തന്നെ അവൻ പിൻവലിച്ചു. “പക്ഷെ സാരമില്ല..ഒരുമിച്ച് കഴിഞ്ഞവർക്കിടയിൽ ഇപ്പോൾ നല്ലൊരു വിള്ളൽ ഉണ്ട്..സോ കല്യാണം രണ്ടായിട്ട് നടക്കുന്നതാണ് നല്ലത്” “അമ്മു അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ടീനു??” “ഹ്ഹാ…നീ എന്താ ആൽബി കരുതിയത്?? എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തി നീയോരൊന്ന് വിളിച്ച് പറഞ്ഞിട്ടും ഓരോന്ന് കാട്ടികൂട്ടിയിട്ടും പിന്നീട് ചെന്നു മാപ്പ് പറയുമ്പോഴേക്കും അമ്മു നിന്നെ വിശ്വസിക്കുമെന്നോ??

നിന്റെ ഉദ്ദേശം അറിഞ്ഞിരുന്ന ഞാൻ പോലും നിന്റെ കൂടെ നിന്നിട്ടില്ല..അപ്പോഴാ ഹൃദയം തകർന്നയാ പെണ്ണ്.. എടാ..ഭൂമിയോളം ക്ഷമിക്കാൻ കഴിവുള്ള ഏതൊരു പെണ്ണിന്റെ ഉള്ളിലും നീറിപുകയുന്ന ഒരു അഗ്നിപർവ്വതം ഉണ്ട്.അതിന്റെ ചൂട് താങ്ങാൻ നിനക്കൊന്നും ഈ ജന്മം കഴിയില്ല” “എങ്കിൽ ഇങ്ങനെ നീറാതെ ആ പർവ്വതം പൊട്ടിത്തെറിക്കട്ടെ..അതിൽ വെന്ത്‌ ചാമ്പലാകുന്നതാ ഇതിലും നല്ലത്…മതിയായി എനിക്ക്…” ടീനയെ മറികടന്ന് അവൻ മുറിയിൽ നിന്നിറങ്ങി പോയപ്പോഴും അവൾ അങ്ങനെ തന്നെ നിന്നു..

പിറ്റേന്ന് തന്നെ ടീനയുടെയും പാറേക്കുന്നേൽ ജെയിംസിന്റെയും കല്യാണം ഉറപ്പിക്കൽ നടന്നു..എത്ര സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും അതൊന്നും പുറമെ കാണിക്കാതെ തന്റെ ടീനുക്കൊച്ചിന്റെ ഓരോ ചടങ്ങിനും മുന്നിൽ തന്നെ ആൽബി ഉണ്ടായിരുന്നു..ഒന്നിന്റെ പേരിലും അവന്റെയാ അവകാശം ഇല്ലാതാക്കാൻ ടീനയ്ക്കും കഴിഞ്ഞില്ല.. മനസമ്മതത്തിന്റെ അന്ന് തന്നെയായിരുന്നു അമ്മുവിന്റെ ഇന്റർവ്യൂ.പള്ളിയിൽ നിൽകുമ്പോൾ ആൽബിയുടെ പ്രാർത്ഥന അമ്മുവിന് വേണ്ടിയായിരുന്നു..സ്റ്റേജിൽ കയറി എല്ലാവരെയും ഫേസ് ചെയ്യാൻ പേടിയുള്ളവൾ ഇന്നാ ഇന്റർവ്യൂ ബോർഡിന് മുന്നിൽ സധൈര്യം ഇരിക്കുന്നുണ്ടാകും എന്നവൻ ഓർത്തു..കഴുത്തിലെ മാലയിൽ വെറുതെ അവന്റെ കൈ ഓടിനടന്നു..

പിറന്നാൾ ദിവസം നഷ്ടപ്പെട്ടുപോയ പൊൻകുരിശ് എന്നും അമ്മുവിന് ധൈര്യം നൽകുന്നത് ആയിരുന്നു എന്നോർത്തതും അവനൊന്ന് ചിരിച്ചു..അപ്പോഴേക്കും ചടങ്ങ് കഴിഞ്ഞ് എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങിയിരുന്നു. ******** ഇന്റർവ്യൂ കഴിഞ്ഞ് വീട്ടിൽ എത്തിയ അമ്മുവിനെ കണ്ടതും ഹർഷൻ അവന്റെ വീൽചെയർ ഉരുട്ടി അവളുടെ അടുത്തേക്ക് വന്നു. “എന്തിനാ ഹർഷേട്ടാ ഇങ്ങനെ കഷ്ടപ്പെടുന്നത്..ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നത്” “ഇതിപ്പോൾ ഒരു കഷ്ടപ്പാടല്ല മോളെ…നിന്റെ ഇന്റർവ്യൂ എന്തായെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഇരിക്കുവായിരുന്നു” “വിചാരിച്ചത് പോലൊന്നും അല്ലായിരുന്നു ഹർഷേട്ടാ..ചോദിച്ച ചോദ്യങ്ങളിൽ പകുതിയും എനിക്ക് അറിയില്ലായിരുന്നു”

“അതിലൊന്നും ഒരു കാര്യവുമില്ല ആത്മിക..നിന്റെ ബുദ്ധി അളക്കുന്ന പരീക്ഷകൾ ഒക്കെ കഴിഞ്ഞതല്ലേ..ഇത് നിന്റെ കഴിവ് ടെസ്റ്റ്‌ ചെയ്യാനുള്ളതാ..ഓരോ ചോദ്യവും നീ എങ്ങനെ നേരിടുന്നു എന്നതിലാണ് വിജയം” “മ്മ്മ്മ് എന്തായാലും റിസൾട്ട്‌ വരുമ്പോൾ അറിയാം” പുതിയ പ്രൊജക്റ്റിന്റെ പ്രസന്റേഷൻ റിപ്പോർട്ട്‌ നോക്കികൊണ്ട് ഇരിക്കുമ്പോഴാണ് കിച്ചന്റെ കാൾ വരുന്നത്..അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് സ്തബ്ധനായി ഇരിക്കാനെ ആൽബിക്ക് കഴിഞ്ഞോളു..യാന്ത്രികമായി ആ കാൾ കട്ട്‌ ചെയ്തിട്ടും കിച്ചൻ പറഞ്ഞയാ വാക്കുകൾ ആൽബിയുടെ ഹൃദയതാളം തെറ്റിച്ചു..അപ്പോഴാണ് ജെറി ക്യാബിനിലേക്ക് കയറി വന്നത്. “ഇച്ചായ…അറിഞ്ഞോ..അമ്മുവിന്റെ എൻഗേജ്മെന്റ് ഡേറ്റ് എടുത്തു..ടീനൂച്ചിയുടെ കല്യാണത്തിന്റെ പിറ്റേന്ന്”…. (തുടരും )

ആത്മിക:  ഭാഗം 48