ആത്മിക : ഭാഗം 48

ആത്മിക : ഭാഗം 48

എഴുത്തുകാരി: ശിവ നന്ദ

“ഹ്മ്മ്മ്…ഞാൻ വന്നേക്കാം..നീ പൊയ്ക്കോ” ജെറിയെ പറഞ്ഞ് വിട്ട് ദീര്ഘമായൊന്ന് നിശ്വസിച്ചുകൊണ്ട് അവൻ എഴുന്നേറ്റു..ജെറി കൊണ്ട് വെച്ചിരുന്ന കവറിൽ നിന്നും പുതിയ ഡ്രസ്സ്‌ ഇട്ടു അവൻ താഴേക്ക് ഇറങ്ങി..സ്റ്റെപ്പിൽ നിന്ന് തന്നെ അവൻ കണ്ടിരുന്നു ഹാളിലേക്ക് കയറുന്ന അമ്മുവിനെ..ഒരുവേള രണ്ടുപേരുടെയും മിഴികൾ ഇടഞ്ഞു…വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച…ആൽബിയുടെ മുഖത്ത് അത്ഭുതമായിരുന്നെങ്കിൽ അമ്മുവിന്റെ മുഖത്ത് നിർവികാരത ആയിരുന്നു… “അമ്മു…”ന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.അപ്പോഴേക്കും അവൾ നടന്ന് അവന്റെ അടുത്ത് എത്തിയിരുന്നു.ഇത്ര അടുത്ത് തന്റെ പെണ്ണ് നിന്നിട്ടും ഒന്ന് ചേർത്ത് പിടിക്കാനുള്ള യോഗ്യത പോലും ഇല്ലെന്നത് ആൽബിയെ വേദനിപ്പിച്ചു.

“ഹാപ്പി ബർത്ത്ഡേ..” ഗിഫ്റ്റ് ബോക്സ്‌ നീട്ടി അവൾ പറഞ്ഞപ്പോൾ പ്രതികരണശേഷി നഷ്ടപെട്ടവനെ പോലെ അവൻ നിന്നു.ചെറുചിരിയോടെ ഒരിക്കൽകൂടി അവൾ പറഞ്ഞപ്പോഴാണ് വിറയലോടെ അവൻ ആ ഗിഫ്റ്റ് വാങ്ങിയത്..തിരികെ ഒന്ന് ചിരിക്കാൻ ശ്രമിച്ചപ്പോഴേക്കും അമ്മു നടന്നുനീങ്ങിയിരുന്നു. “അമ്മൂ…” അവന്റെ വിളിയിൽ ഒരുനിമിഷം അവൾ നിശ്ചലമായി..വീണ്ടുമാ വിളി…എന്നും കേൾക്കാൻ ആഗ്രഹിച്ചിരുന്നയാ ശബ്ദം…കാലങ്ങൾക്ക് ശേഷം മിഴികൾ ഈറനണിഞ്ഞത് അമ്മുവിനെ അത്ഭുതപ്പെടുത്തി..എങ്കിലും അത് മറച്ചുകൊണ്ട് പുഞ്ചിരിയോടെ അവൾ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. “അമ്മു…നീ..നീ വരുമെന്ന് ഞാൻ കരുതിയില്ല…എനിക്ക്…” അവന്റെ വാക്കുകളുടെ ഇടർച്ചയും കണ്ണിന്റെ പിടച്ചിലും അമ്മു നോക്കികാണുവായിരുന്നു..

രൂപത്തിലും ഭാവത്തിലും കളരിയ്ക്കൽ ആൽബിൻ ജോണിന് ഒരുപാട് മാറ്റം വന്നിരിക്കുന്നു.. ആൽബി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മച്ചി അവരുടെ അടുത്തേക്ക് വന്നു. “അമ്മച്ചി…ദേ ഞാൻ വന്നേ..ഇനി പിണക്കം ഒന്നും പറയരുത്” “തത്കാലം ഞാൻ പിണങ്ങുന്നില്ല..പകരം വേറൊരാൾ അവിടെ പിണങ്ങി നില്പുണ്ട്” “അതാരാ??” കത്രീനാമ്മ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ അമ്മുവും ആൽബിയും ഒരുപോലെ നോക്കി..കുര്യച്ചനെ കണ്ടതും നിറഞ്ഞചിരിയാലെ അമ്മു അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു..അവൾ തന്റെ കൈയകലത്തിൽ നിന്നും പോയപ്പോൾ നെഞ്ച് വിങ്ങിയത് പോലെ ആൽബിക്ക് തോന്നി. “ഇച്ചായൻ ഇവിടെ നിൽക്കുവാണോ..വന്നേ..അവിടെ എല്ലാവരും തിരക്കുന്നുണ്ട്.” ജെറി വിളിച്ചുകൊണ്ടു പോകുമ്പോഴും ആൽബിയുടെ നോട്ടം അമ്മുവിൽ ആയിരുന്നു.കുര്യച്ചന്റെ പിണക്കം മാറ്റുന്ന തിരക്കിൽ ആയിരുന്നു അവൾ.

“എന്റെ പപ്പാ…ഇങ്ങനെ മിണ്ടാതിരിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തത്??” “ഓ ഞാൻ എന്ത് മിണ്ടാനാ..” “ദേ പപ്പാ എനിക്ക് ദേഷ്യം വരുന്നുണ്ടേ..” “എന്തിനാ ദേഷ്യം വരുന്ന?? ഞങ്ങളൊക്കെ അന്യര് അല്ലേ..അതുകൊണ്ടാണല്ലോ ഒന്ന് കാണാൻ പോലും വരാത്തത്” “ദൈവത്തിന് നിരക്കാത്തത് ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ പറയല്ലേ പപ്പാ..രണ്ടാഴ്ച മുൻപല്ലേ പള്ളിയിൽ വെച്ച് നമ്മൾ കണ്ടത്” “ശരിയാ..എന്നും കണ്ടുകൊണ്ടിരുന്ന കൊച്ചിനെ ഇപ്പോൾ ആഴ്ചയിലും മാസത്തിലും ഒക്കെയാ കാണുന്നത്” “അപ്പോൾ സിവിൽ സർവീസ് കിട്ടി ഞാൻ പോകുമ്പോഴോ???” “അതൊരു നല്ല കാര്യത്തിനല്ലേ..പപ്പാ നിന്നെ കാണാൻ പറ്റാത്തതിന്റെ സങ്കടത്തിൽ പറയുന്നതാ..എന്റെ മോള് നല്ല നിലയിൽ എത്തുന്നത് കണ്ടാൽ മതി” “ഓ എന്നിട്ടാ ഇത്രയും ജാഡ ഇട്ടത്..അല്ല മമ്മി എവിടെ??”

“ഞാൻ ഇവിടെ ഉണ്ട് മോളെ..നീ വരുന്നതും കാത്ത് ഇത്രയും നേരം ഞാൻ പുറത്ത് നിൽകുവായിരുന്നു..” “ടീനുചേച്ചി???” “എനിക്ക് അറിയില്ല മോളെ..ആൽബിയുടെ പിറന്നാളിന് പോലും വരാൻ പറ്റാത്തത്ര എന്ത് തിരക്കാ അവൾക്ക് ഉള്ളത്?? ഈ കാലയളവിനുള്ളിൽ ഒരു തവണ മാത്രമാ അവൾ ഇങ്ങോട്ട് വന്നതെന്ന് നിനക്ക് അറിയാലോ..പിന്നെ വിളിക്കുമ്പോഴൊക്കെ അവൾക്ക് തിരക്ക്..ക്രിസ്മസിന് പോലും ഞങ്ങൾ അങ്ങോട്ട് പോകുവാ.ആകെയുള്ളൊരു കൊച്ചിനെ കാണാതിരിക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോ” “സാരമില്ല മമ്മി.. ചേച്ചി അവിടെ ടൂർ പോയതൊന്നും അല്ലല്ലോ..കോഴ്സ് കഴിഞ്ഞ് ചേച്ചി ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്” “വരട്ടെ…ആ വരവിൽ അവളുടെ കല്യാണം ഞങ്ങൾ നടത്തും..ഇനിയും അവളുടെ വാക്ക് കേട്ട് നീട്ടിവെക്കാൻ പറ്റില്ല” അമ്മു ഒന്ന് ചിരിച്ചതേ ഉള്ളു..

പിന്നെ അവിടെ വന്നവരോടൊക്കെ അമ്മുവിനെ കുറിച്ചും അവളുടെ പരീക്ഷയെ കുറിച്ചുമൊക്കെ കുര്യച്ചൻ പറയുന്നതും കേട്ട് ഇരുന്നു. ഗസ്റ്റിനോട് സംസാരിക്കുമ്പോഴും ആൽബിയുടെ മിഴികൾ അമ്മുവിനെ തേടിചെന്നു.അമ്മച്ചിയുടെയും പപ്പയുടെയും മമ്മിയുടെയും ചെല്ലകുട്ടിയായി അവൾ മാറുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു.അവളുടെ ചിരിയും കളിയും കൂർത്തനോട്ടവും ഒക്കെ അത്രമേൽ ഇഷ്ടത്തോടെ അവൻ നോക്കി. കേക്ക് കട്ട്‌ ചെയ്യാൻ നിൽകുമ്പോൾ വല്ലാത്തൊരു ശൂന്യത അവന് അനുഭവപെട്ടു..ടീനു ഇല്ലാത്ത ഒരാഘോഷവും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..അമ്മു അടുത്തുണ്ടെങ്കിലും മനസ്സ് കൊണ്ട് അവൾ ഇന്ന് ഒരുപാട് അകലെയാണ്..ആൽബിയുടെ അവസ്ഥ അറിഞ്ഞതുപോലെ ജെറി അവന്റെ തോളിൽ കൈത്തലം അമർത്തി..

അവനെ ഒന്ന് നോക്കിയിട്ട് ആൽബി കേക്ക് മുറിച്ചു..അമ്മച്ചിക്കും ജെറിക്കും കൊടുത്തതിന് ശേഷം അമ്മുവിനുള്ള കേക്ക് അവൻ നീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ അവൾ ജെറിയുടെ കൈയിലിരുന്ന കേക്ക് തട്ടിപ്പറിച്ച് വാങ്ങി..പിന്നെ കുറേ നേരത്തേക്ക് അവിടെയൊരു മേളം ആയിരുന്നു…സങ്കടത്തിനിടയിലും അമ്മുവിന്റെയും ജെറിയുടെയും അടിയും വഴക്കും ആൽബി ആസ്വദിച്ചു. ഇനി കുറച്ച് സമയം കൂടിയേ അമ്മു തന്റെ കണ്മുന്നിൽ ഉണ്ടാകു എന്നാ ചിന്ത ആൽബിയെ വീണ്ടും അസ്വസ്ഥതയിൽ ആക്കി.ഇനി ഒരുപക്ഷെ ഇങ്ങനൊരു സാഹചര്യം കിട്ടില്ല..എല്ലാം അമ്മു അറിയണം..അവളുടെ പ്രതികരണം എന്ത് തന്നെയാണെങ്കിലും അത് നേരിടാൻ താൻ ബാധ്യസ്ഥൻ ആണ്.പക്ഷെ എങ്ങനെ?? എപ്പോഴും ആരെങ്കിലും ഒക്കെ അമ്മുവിന്റെ അടുത്ത് കാണും..കിച്ചനും ദേവുവും ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒരു ചാൻസ് ഒപ്പിച്ച് തന്നേനെ..

അപ്പോഴാ അവന്റെ ബന്ധത്തിലെ ആന്റിയുടെ മരണം…ഇനി എങ്ങനെ അമ്മുവിനോട് ഒന്ന് സംസാരിക്കും…പെട്ടെന്നാണ് ജെറിയുടെ കാര്യം അവൻ ഓർത്തത്..ചുറ്റുംനോക്കിയിട്ടൊന്നും അവനെ കണ്ടില്ല..നേരെ മുകളിലേക്ക് ചെന്നപ്പോൾ അവൻ റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടു. “നീയിവിടെ എന്ത് ചെയ്യുവാ? ” “എന്റെ ഫോൺ ചാർജിൽ ഇടാൻ വന്നതാ..എന്താ ഇച്ചായ??” “അത് ജെറി..എനിക്ക് അമ്മുവിനോട് ഒന്ന് സംസാരിക്കണം” “സംസാരിക്കണം..വേണ്ടെന്ന് ആരാ പറഞ്ഞത്?” “അതല്ല..അവളെ ഒറ്റക്ക് കിട്ടണം..അവിടെയാണെങ്കിൽ നല്ല തിരക്കും” “അവളെ ഒറ്റക്ക് കിട്ടിയിട്ട് എന്ത് ചെയ്യാനാ??” “അത് നീ അറിയണ്ട” “ഞാൻ അറിയണം ഇച്ചായ..കാരണം അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് ഞാനാണ്..അപ്പോൾ ഇവിടെ വെച്ച് അവൾക്ക് എന്തെങ്കിലും സങ്കടം ഉണ്ടായാൽ അതിന് സമാധാനം പറയേണ്ടതും ഞാനാണ്”

“അവൾക് എന്ത് സങ്കടം ഉണ്ടാകാനാ??” “ഇച്ചായൻ അവളെ സങ്കടപ്പെടുത്തിയിട്ടേ ഇല്ലാ??” “അതിനെ കുറിച്ച് പറയാൻ തന്നെയാ..” “അതിനെ കുറിച്ചൊക്കെ ഇനി എന്ത് പറയാനാ ഇച്ചായ..ഒരുവിധം എല്ലാമായിട്ട് ആ പെണ്ണ് പൊരുത്തപെട്ടതാ..ഇനിയും എന്തിനാ അതിനെ ഓരോന്ന് ഓർമിപ്പിക്കുന്ന” “ജെറി പ്ലീസ്…ആദ്യം ഞാൻ അമ്മുവിനോട് ഒന്ന് സംസാരിക്കട്ടെ” “പണ്ട് അവളോട് സംസാരിച്ചത് എന്റെ സഹായം കൊണ്ടല്ലല്ലോ..അതുപോലെ ഇപ്പോഴും സ്വയം ചെന്നങ്ങ് സംസാരിച്ചാൽ മതി” “എടാ അത്രയും ആളിന്റെ ഇടയ്ക്ക് ചെന്നു ഞാൻ എങ്ങനെയാ??” “അവളെ കയറി പിടിക്കാൻ ഒന്നുമല്ലല്ലോ..” ആൽബിയുടെ നോട്ടം കണ്ടതും ജെറി കുറച്ച് ഡിസ്റ്റൻസ് ഇട്ടു നിന്നു. “ഇച്ചായന് സംസാരിക്കാൻ ഉണ്ടെന്ന് ചെന്നു പറ..കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ അവൾ വരും..അല്ലാതെ ഞാൻ ആയിട്ട് അവളെ ഇച്ചായന്റെ അടുത്തേക്ക് വിടില്ല.” മറ്റൊരു നിർവാഹവും ഇല്ലാതെ ആൽബി താഴേക്ക് ഇറങ്ങി.

അവനെ കണ്ടതും അവിടെ നിന്ന് പോകാൻ തുനിഞ്ഞ അമ്മുവിന്റെ കൈയിൽ ആൽബി പിടിച്ചു..പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അമ്മു ഞെട്ടലോടെ അവനെ നോക്കി..പിന്നെ ആ കണ്ണുകൾ ചുവന്നുകലങ്ങി..അവന്റെ കൈയിലേക്ക് അവൾ നോക്കിയതും എന്തോ ഓർത്തെന്ന പോലെ ആൽബി പിടിവിട്ടു. “എനിക്ക് സംസാരിക്കാനുണ്ട്..ടെറസിലേക്ക് വാ” “ഞാൻ വരില്ല” “അമ്മു പ്ലീസ്..ഇത്രയും നാളും ഒന്നും പറഞ്ഞ് നിന്റെ അടുത്തേക്ക് ഞാൻ വന്നിട്ടില്ല..പക്ഷെ ഇപ്പോൾ എനിക്ക് പറയാനുള്ളത് നീ കേൾക്കണം..അതിന് ഒരവസരം നീ തരണം” അവൾ വരുമെന്ന പ്രതീക്ഷയിൽ അവൻ ടെറസിലേക്ക് പോയി.എന്ത് ചെയ്യണമെന്ന ചിന്തയിൽ അവൾ നോക്കിയപ്പോഴാണ് ജെറിയെ കണ്ടത്..അവൻ കണ്ണ്ചിമ്മി കാണിച്ചതും അവൾ ചിരിയോടെ തലയാട്ടി.

അമ്മു ചെല്ലുമ്പോൾ ആൽബി കൈകെട്ടി എന്തോ ആലോചിച്ച് നിൽകുവായിരുന്നു..പെട്ടെന്ന് അവൻ തിരിഞ്ഞതും അമ്മുവും കൈകെട്ടി അവനെ നോക്കി നിന്നു.വല്ലാത്തൊരു ടെന്ഷൻ അവന്റെ മുഖത്ത് അവൾ കണ്ടു. “അമ്മൂട്ടി..” അപ്രതീക്ഷിതമായ ആ വിളിയിൽ അമ്മു അവനെ കൈ ഉയർത്തി തടഞ്ഞു. “പറയാനുള്ളത് എന്താണെങ്കിലും വളച്ചുകെട്ടാതെ പറ..എനിക്ക് പോകാനുള്ളതാ” “നീ കാണിക്കുന്ന ഈ അകൽച്ചക്ക് ഞാൻ തന്നെയാ കാരണക്കാരൻ എന്ന് അറിയാം..പക്ഷെ..ഞാനും ടീനുവും തമ്മിൽ….” “നിങ്ങൾക്കിടയിലെ പ്രശ്നം പറയാനാണെങ്കിൽ..സോറി..എനിക്ക് അത് കേൾക്കണ്ട..പ്രണയം ആകുമ്പോൾ പരാതിയും പരിഭവവും ഒക്കെ ഉണ്ടാകും..അത് മൂന്നാമതൊരാളുമായി ഡിസ്‌കസ് ചെയ്യുന്നത് അത്ര നല്ലതല്ല..പ്രത്യേകിച്ച് എന്നോട് പറയുന്നത്..”

ആൽബി എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ താഴെ നിന്നും അമ്മച്ചിയുടെ വിളി വന്നു.. “ദേ അമ്മച്ചി വിളിക്കുന്നുണ്ട്..മറ്റെന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ” “വെപ്രാളപ്പെട്ട് പറയാൻ പറ്റുന്നത് അല്ല അമ്മു..സ്വസ്ഥമായിട്ട് ഇരുന്നു സംസാരിക്കണം” “എനിക്ക് ഒരു സ്വസ്ഥതക്കേടും ഇല്ല..” വീണ്ടും അമ്മച്ചി വിളിച്ചതും അമ്മു ആൽബിയെ നോക്കി..ശക്തമായി അവൻ നെറ്റിയുഴിയുന്നത് കണ്ടതും അവൾ താഴേക്ക് ഇറങ്ങി.അമ്മച്ചി ആർക്കൊക്കെയോ അവളെ പരിചയപ്പെടുത്തി കൊടുക്കുമ്പോഴാണ് ആൽബി ഇറങ്ങി വന്നത്. “ഇതിലെ ലോക്കറ്റ് എന്തിയെ ആൽബി?” സിസിലി അത് ചോദിക്കുമ്പോഴാണ് അമ്മുവും അവന്റെ കഴുത്തിലേക്ക് നോക്കുന്നത്..മാലയിൽ ആ പൊൻകുരിശ് ഉണ്ടായിരുന്നില്ല..അവൻ ഷർട്ടിലൊക്കെ തപ്പിനോക്കുന്നത് കണ്ട് അമ്മുവിന്റെ കണ്ണുകളും തറയിലാകെ പരതി നടന്നു..ഒരിക്കൽ തനിക് ധൈര്യം ആയിരുന്ന പൊൻകുരിശ്..

ആൽബിയുടെ ജീവന്റെ വിലയുള്ള പൊൻകുരിശ്. “നീ എന്ത് നോക്കി നിൽക്കുവാ..പോകണ്ടേ??” “ജെറി…ആ കുരിശ്…” “അത് ഇവിടെ എവിടെയെങ്കിലും കാണും..നിന്നെ കൊണ്ടാക്കിയിട്ട് ഞാൻ വന്നു തപ്പി കണ്ടുപിടിച്ചോളാം..വാ” എല്ലാവരോടും അവൾ യാത്ര പറഞ്ഞു..ആൽബി തന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞതും അവനെ ശ്രദ്ധിക്കാതെ അവൾ ഇറങ്ങി. ******* ബൈക്കിന്റെ പിന്നിൽ ഇരിക്കുന്നവളെ ജെറി മിററിലൂടെ നോക്കി.അവൾ ഗാഢമായ ആലോചനയിൽ ആണെന്ന് മനസ്സിലായതും അവൻ ബൈക്കിന്റെ സ്പീഡ് കുറച്ച്. “എന്താടാ??” “നീ ഹാപ്പി അല്ലേ അമ്മൂസേ??” “അതേ ജെറി..ഞാനിന്ന് ഒരുപാട് ഹാപ്പിയാണ്..ഒരു അജ്ഞാതവാസം കഴിഞ്ഞ ഫീൽ…അമ്മച്ചിയേയും പപ്പയെയും ഒക്കെ മിക്കപ്പോഴും കാണുമെങ്കിലും എന്തോ ആ വീടുമായൊരു അകൽച്ച എനിക്ക് തോന്നിയിരുന്നു..

പക്ഷെ ഇന്ന് വീണ്ടും കളരിയ്ക്കൽ വന്നപ്പോൾ..ആ പഴയ അമ്മു ആയത് പോലെ..എത്ര അകലേക്ക്‌ പോയാലും അവരുടെ മനസ്സിൽ എനിക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് ബോധ്യമായി…പിന്നെ നിന്റെ ഇച്ചായനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടും മാറിക്കിട്ടി” അത് കേട്ട് ജെറി അറിയാതെ ചിരിച്ചുപോയി. “നീ എന്തിനാ ചിരിക്കുന്ന?” “ഏയ്‌..’നിന്റെ ഇച്ചായൻ’ എന്ന സംബോധന കേട്ട് ചിരിച്ച് പോയതാ” “ഓഓഓ…” “അല്ല എന്റെ ഇച്ചായൻ നിന്നേ വിളിച്ചോണ്ട് പോയി എന്തൊക്കെ പറഞ്ഞു?” “ഒന്നും പറഞ്ഞില്ല..ടീനുചേച്ചിയെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ തടഞ്ഞു” “ഹാ അത് പറഞ്ഞപ്പോഴാ..ടീനൂച്ചി നാട്ടിലേക്ക് വരുന്നുണ്ട്” “എന്ന്??” “അതറിയില്ല..പക്ഷെ ഉടനെ വരും.നീ ഇച്ചായന്റെ അടുത്തേക്ക് പോയപ്പോൾ എന്നെ വിളിച്ചിരുന്നു..”

“വന്നാൽ ഉടനെ കല്യാണം ഉണ്ടാകുമെന്ന മമ്മി പറഞ്ഞത്” “മ്മ്മ്മ്..നല്ല കാര്യമല്ലേ..ചേച്ചി വരുമ്പോൾ നീ പഴയത് പോലെ മിണ്ടുമോ?? അതോ ഇച്ചായനോടുള്ള അകൽച്ച ചേച്ചിയോടും കാണിക്കുമോ? “ചേച്ചി അല്ലേ എന്നോട് അകൽച്ച കാണിക്കുന്നത്…വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയിട്ടില്ലല്ലോ..” “ഹ്മ്മ്മ്..ഇനി അതോർത്ത് ഇരിക്കണ്ട..പോയി കിടന്നു നല്ലത് പോലൊന്ന് ഉറങ്ങ്..റിസൾട്ട്‌ വന്നു കഴിഞ്ഞാൽ പിന്നെ ഇന്റർവ്യൂവിന് വേണ്ടിയുള്ള തയാറെടുപ്പ് തുടങ്ങാൻ ഉള്ളതല്ലേ” ജെറി വീണ്ടും ബൈക്കിന്റെ സ്പീഡ് കൂട്ടി…കൈരണ്ടും വിടർത്തി തണുത്ത കാറ്റ് ആസ്വദിക്കുന്നവളെ കണ്ട് അവന്റെ ചുണ്ടിൽ മനോഹരമായ ചിരി തെളിഞ്ഞു.. 💞💞💞💞

“അമ്മച്ചി….അമ്മച്ചി….” ആൽബിയുടെ വിളികേട്ട് വെപ്രാളത്തോടെയാണ് കത്രീനാമ്മ അടുക്കളയിൽ നിന്ന് വന്നത്.എന്നാൽ ആൽബിയുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ആയിരുന്നു. “എന്നതാടാ?? നിനക്ക് എന്താ പറ്റി??” “അമ്മച്ചി..മെയിൻസിന്റെ റിസൾട്ട്‌ വന്നു..ഷോർട്ലിസ്റ്റിൽ അമ്മുവിന്റെ പേരുണ്ട്.” “ആണോ…എന്റെ കർത്താവേ…ഇനിയാ ഇന്റർവ്യൂ കൂടി നല്ലരീതിയിൽ കഴിഞ്ഞ് കിട്ടിയാൽ മതിയായിരുന്നു” അപ്പോഴേക്കും അമ്മുവിന്റെ കാൾ അവരെ തേടി എത്തിയിരുന്നു..അമ്മച്ചിയുടെ സംസാരത്തിൽ നിന്നുതന്നെ ആൽബിക്ക് മനസിലായി അമ്മു എത്രത്തോളം സന്തോഷത്തിൽ ആണെന്ന്..അവളോട് ഒന്ന് സംസാരിക്കാൻ അവന് വല്ലാത്ത മോഹം തോന്നി..

അമ്മച്ചി കാൾ കട്ട്‌ ചെയ്തതും അവനിൽ നിരാശ പടർന്നു…താനൊന്ന് സമാധാനത്തോടെ ചിന്തിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് ഈ സന്തോഷം പങ്കിടാൻ അവൾ തന്നോടൊപ്പം ഉണ്ടാകുമായിരുന്നു…കണ്ണ് നിറഞ്ഞതും വിദഗ്ദ്ധമായി അത് അമ്മച്ചിയിൽ നിന്നും മറച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. 💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നുപോയി…ഓഫീസിൽ തിരക്കുപിടിച്ച ജോലിയിൽ ഇരിക്കുമ്പോഴാണ് ആൽബിക്ക് ഹർഷന്റെ കാൾ വരുന്നത്..എത്രയും വേഗം വീട്ടിലേക്ക് വരണമെന്ന് അവൻ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ ആൽബി കാറുമെടുത്ത് ഇറങ്ങി. ഹർഷന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ചന്തുവിനെ കണ്ട് സംശയത്തോടെയാണ് ആൽബി കാറിൽ നിന്ന് ഇറങ്ങിയത്. “ഹാ ഇച്ചായ..ഞാൻ ഇച്ചായനെ ഒന്ന് കാണാനിരിക്കുവായിരുന്നു..”

“അല്ല ചന്തു എന്താ ഇവിടെ?” “ഇനിയിത് എന്റെയും കൂടി വീടല്ലേ ഇച്ചായ” ചിരിയോടെയുള്ള അവന്റെ മറുപടിയിൽ ആൽബിയുടെ മുഖം വിവർണമായി. “എനിക്ക് അറിയാം ഇച്ചായ..ഇച്ചായനും ടീനച്ചേച്ചിയും തമ്മിലൊരു അഫെയർ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ഇച്ചായൻ ആത്മികയുടെ പ്രൊപോസൽ അക്‌സെപ്റ്റ് ചെയ്തേനെ..പക്ഷെ വിധി എന്നൊന്ന് ഉണ്ടല്ലോ..അതാണ് ആ പ്രണയം ഇച്ചായൻ നിരസിച്ചതും എനിക്കിപ്പോൾ ഇവിടെ ഇങ്ങനെ വരാൻ പറ്റിയതും” അവന്റെ വാക്കുകൾക്ക് മുൻപിൽ മറുപടി ഇല്ലാതെ നിൽക്കുമ്പോഴും ആൽബിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു.. തനിക്കും അമ്മുവിനും ഇടയിൽ ചന്തു അനാവശ്യ സ്വാതന്ത്ര്യം എടുക്കുന്നത് പോലെ ആൽബിക്ക് തോന്നി..താനായിട്ട് വരുത്തിവച്ചത് ആണെങ്കിൽ പോലും അത് അവന് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു.

“സത്യം പറഞ്ഞാൽ ആത്മിക പറയുന്നത് എല്ലാംകൂടി കേട്ടപ്പോൾ ആദ്യമൊരു മരവിപ്പായിരുന്നു. അവളുടെ ഓരോവാക്കിലും നിറഞ്ഞുനിന്നത് ഇച്ചായനോടുള്ള പ്രണയത്തിന്റെ ആഴം ആയിരുന്നു. ഇത്രയും ഭ്രാന്തമായി സ്നേഹിച്ചവളുടെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടാകുമോന്ന പേടിയായിരുന്നു അപ്പോൾ. പക്ഷെ പിന്നെ ചിന്തിച്ചപ്പോൾ മനസിലായി.. എന്റെ പ്രൊപോസൽ ഒരു NO പറഞ്ഞ് ഒഴിവാക്കുന്നതിന് പകരം അവളെകുറിച്ച് എല്ലാം പറഞ്ഞെങ്കിൽ..അത് തന്നെ എന്റെ പ്രണയത്തിന്റെ വിജയം അല്ലേ…” “നിർത്ത് ചന്തു…അമ്മു ഇപ്പോൾ അവളുടെ പഠനത്തിന്റെ നിർണായകഘട്ടത്തിൽ ആണ്.ഇനി ഇന്റർവ്യൂ എന്നൊരു കടമ്പ കൂടിയുണ്ട്.അത് കഴിഞ്ഞ് പോരേ പ്രേമവും കല്യാണാലോചനയും ഒക്കെ” “ഇച്ചായൻ അകത്തേക്ക് ചെല്ല്”

തന്റെ തോളിൽ ഒന്ന് തട്ടി ചിരിയോടെ പോകുന്നവനെ ദേഷ്യത്തോടെ നോക്കി ആൽബി അകത്തേക്ക് കയറി..അവിടെ കത്രീനാമ്മയും സിസിലിയെയും കുര്യച്ചനെയും കണ്ട് അവൻ ശരിക്കും ഞെട്ടി.പോരാത്തതിന് കിച്ചനും ദേവുവും ഉണ്ടായിരുന്നു. “ഇതെന്താ എല്ലാവരുംകൂടി?? എന്താ ഹർഷാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ??” “പ്രശ്നം ഒന്നുമില്ലടാ..ആത്മികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോൾ അതിൽ അഭിപ്രായം പറയാൻ നിന്നോളം യോഗ്യത ഇവിടെ ആർക്കുമില്ല” “എന്ത് തീരുമാനം..എനിക്കൊന്നും മനസിലായില്ല…” “അമ്മുവിന്റെ വിവാഹം തന്നെ…ചന്തുവിനെ നീ കണ്ടില്ലേ?? ” അമ്മച്ചിയുടെ വാക്കുകൾ ഇടിത്തീ പോലെയാണ് അവൻ കേട്ടത്..വാതിൽപ്പടിയിൽ ചാരിനിൽക്കുന്ന അമ്മുവിനെ നോക്കിയതും അവളുടെ മുഖത്തെ നിർവികാരത അവന്റെ ഹൃദയം ചുട്ടുപൊള്ളിച്ചു..

“നീ ഒന്നും പറഞ്ഞില്ല” “അത് ഹർഷാ…ഞാൻ…അമ്മു…അവൾ… അവളുടെ സിവിൽ സർവീസ്…” “അത് കഴിഞ്ഞ് മതിയെന്നാ അമ്മു പറഞ്ഞത്….ഫൈനൽ റിസൾട്ട്‌ വന്ന് കഴിഞ്ഞാൽ പിന്നെ ട്രെയിനിങ്ങിന് മുൻപ് ഒരു മൂന്ന് മാസം സമയം കിട്ടും..അതിനിടയ്ക്ക് നിശ്ചയം നടത്താമെന്ന അഭിപ്രായമാ ചന്തുവിന്..അവന്റെ വീട്ടിലും കൂടി സംസാരിച്ചിട്ട് പറയാമെന്നു പറഞ്ഞു.” “അപ്പോൾ എല്ലാം തീരുമാനിച്ചോ പപ്പാ…അമ്മുവിന്റെ അഭിപ്രായം???” “ദേ നിക്കുന്നു..നീ തന്നെ ചോദിക്ക്” ആൽബി പ്രതീക്ഷയോടെ അമ്മുവിനെ നോക്കി..അവൾക്ക് ഒന്നും പറയാനില്ലെന്ന ഭാവം ആയിരുന്നു. “നമ്മൾ തീരുമാനിക്കുന്നത് എന്താണെങ്കിലും അവൾക്ക് സമ്മതം ആണെന്ന പറഞ്ഞത്” മനസ്സ് തകർന്ന് ഇരിക്കുമ്പോഴും മറ്റുള്ളവരുടെ മുന്നിൽ പിടിച്ച് നിൽകുന്നവനെ കണ്ട് കിച്ചന് സഹതാപം തോന്നി. “നിനക്ക് ഓഫീസിൽ നല്ല പണിയായിരുന്നെന്ന് തോന്നുന്നല്ലോ..വന്നു കുറച്ച് നേരം കിടക്ക്..

എന്നിട്ട് ബാക്കി ചർച്ച നടത്താം” കിച്ചന്റെ വാക്കുകൾ ആൽബിക്ക് അല്പം ആശ്വാസം നൽകി..അവിടെ നിന്നും എങ്ങോട്ടെങ്കിലും പോകാൻ അവന്റെ മനസ്സ് കൊതിക്കുവായിരുന്നു. റൂമിൽ വന്നതും ആൽബി എല്ലാം നഷ്ടപെട്ടവനെ പോലെ കട്ടിലിൽ ഇരുന്നു.ദേഷ്യവും നിസ്സഹായതയും ഒക്കെ അവന്റെ മുഖത്ത് പ്രതിഫലിച്ച് കണ്ടു. “ആൽബി….” “എല്ലാം കൈവിട്ട് പോയി..അല്ലേടാ…എല്ലാം…” “ആൽബി നീയൊന്ന് അടങ്ങ്..ഈ കോലം കണ്ട് എനിക്ക് പേടിയാകുന്നു” “ഞാൻ എന്താടാ ഇനി ചെയ്യേണ്ടത്?? എന്റെ അമ്മു….അവള് എന്റെ അല്ലേ…” “മിണ്ടരുത് നീ..അത് ഇപ്പോഴല്ല ചിന്തിക്കേണ്ടത്..ഓരോ പോക്രിത്തരം കാണിച്ച് കൂട്ടുമ്പോൾ ഓർക്കണമായിരുന്നു.” “കിച്ചേട്ടാ..ഒന്ന് പതുക്കെ പറ” അകത്തേക്ക് കയറി വാതിൽ അടച്ചുകൊണ്ട് ദേവു പറഞ്ഞതും കിച്ചൻ അവന്റെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു.

“കഴിഞ്ഞത് പറഞ്ഞ് ഇനിയും ഇച്ചായനെ കുറ്റപ്പെടുത്താതെ അടുത്തത് എന്തെന്ന് ചിന്തിക്ക്” “ഈ അവസാനനിമിഷത്തിൽ എന്ത് ചെയ്യാനാ? ” “ചന്തുവിനോട് എല്ലാം പറഞ്ഞാലോ..” “എന്റെ ദേവു…അമ്മുവിനെ അവൻ ഭീഷണിപ്പെടുത്തിയല്ല ഈ കല്യാണത്തിന് സമ്മതിപ്പിച്ചത്..അമ്മുവിന്റെ സമ്മതത്തോടെയാണ് അവൻ ഇവിടെ വന്നത്..ഇനി ആൽബി ചെന്നു എന്തെങ്കിലും പറഞ്ഞാൽ അത് ഈ ആലോചന മുടക്കാനാണെന്നേ ചന്തുവിന് തോന്നു..അമ്മു ഒന്നുകൂടി ഇവനെ വെറുക്കും.” “പിന്നെ എന്ത് ചെയ്യും കിച്ചേട്ടാ?? എന്റെ അമ്മു ഇച്ചായനെ എത്രത്തോളം സ്നേഹിച്ചിരുന്നെന്ന് എനിക്ക് നന്നായിട്ട് അറിയാം..ഇന്ന് ഈ വിവാഹത്തിന് സമ്മതിക്കുമ്പോഴും അവളുടെ മനസ്സ് ഇവിടെ ആയിരുന്നില്ല..” “ആയിരിക്കാം..പക്ഷെ മറ്റൊരു കാര്യം കൂടി നമ്മൾ ചിന്തിക്കണം..

ആൽബി അവളെ വേദനിപ്പിച്ചവൻ ആണ്..ചന്തു ആ വേദന മാറ്റിയവനും..” “കിച്ചു…” “നീ ദേഷ്യപ്പെടണ്ട ആൽബി..അതാണ് സത്യമെന്ന് നിനക്കും അറിയാം..” “ഞാൻ പറയുന്നതെല്ലാം അമ്മു വിശ്വസിക്കണമെന്നോ അവൾ എന്നോട് ക്ഷമിക്കണമെന്നോ ഞാൻ പറയില്ല..പക്ഷെ എനിക്ക് എല്ലാം അവളെ അറിയിക്കണം..അതിന് ശേഷം അവൾ എടുക്കുന്ന തീരുമാനം എന്ത് തന്നെയാണെങ്കിലും ഞാൻ അത് ഉൾക്കൊള്ളും..പക്ഷെ ഒന്നും അറിയാതെ എന്റെ അമ്മു എന്നെ വിട്ട് പോകരുത്..” “അവളെ എല്ലാം അറിയിക്കാൻ ഇനി ഒറ്റ മാർഗമേയുള്ളൂ” “എന്താ കിച്ചേട്ടാ??” “ടീന വരണം…അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് അവൾ പറയണം”…. (തുടരും )

ആത്മിക:  ഭാഗം 47

Share this story