പ്രിയം: ഭാഗം 12

 

എഴുത്തുകാരി: ഗൗരി ലക്ഷ്മി

തീവ്രമായ ആ വേദനയിലും പരിചിതമായ ആ പെൺ സ്വരം അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയിച്ചിരുന്നു.. അത്രമേൽ സുന്ദരമായി.. താങ്ക്സ് ദച്ചൂ.. അവന്റെയാ മറുപടി അവളിലും നിറഞ്ഞ പുഞ്ചിരി വിരിയിച്ചു.. നിരാശാ കാമുകൻ. സോറി നിരാശാ ഭർത്താവ് എന്ത് ചെയ്യാ അവിടെ.. പുറത്തു നല്ല സുന്ദരൻ ഇരുട്ടും നോക്കിയിരിക്കുന്നു.. പോയി കിടക്ക് ചെക്കാ.. അവൾ ചിരിച്ചു.. ഇത്തിരി കൂടെ കഴിയട്ടെ . അവൾ എന്ത് പറയുന്നു.. ഒന്നും പറഞ്ഞില്ല..ചോദിച്ചുമില്ല ഒന്നും.. അവൻ പറഞ്ഞു.. നീ അവിടെ വെറുതേയിരുന്നു മഞ്ഞുകൊള്ളാതെ പോയി കിടക്ക്.. അവൾ പറഞ്ഞു.. മ്മ്.. മൂളണ്ട..പോയി കിടക്ക്.. താൻ ഒരു പാട്ടൂടെ പാട് ദച്ചൂ.. ഇല്ലില്ല.. ഇന്ന് ഇത്രേയുള്ളൂ..

നീ പോയി കിടക്ക്.. ആ കുട്ടി ഉറങ്ങിയില്ലെങ്കിൽ അവളോട് ഒന്നു സംസാരിക്ക് അനന്താ.. അതിന്റെ മനസ്സിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാകും.. അതൊന്ന് മാറ്റ്.. വേണ്ട ദച്ചൂ.. അതൊരു പാവമാണ്..അവൾ തന്നെ പറഞ്ഞതുപോലെ എന്തോ ഗതികേട് കൊണ്ടീ കൊലപ്പുള്ളിയുടെ ഭാര്യാ വേഷം കെട്ടേണ്ടി വന്ന ഒരു പാവം.. നന്നായി പഠിച്ചിരുന്ന കുട്ടിയാണെന്ന് അച്ഛൻ പറഞ്ഞു..അതിനെ പഠിപ്പിക്കാനാണ് അച്ഛന്റെ തീരുമാനം. പഠിക്കട്ടെ . എന്നിട്ട് അവൾ സ്വന്തം കാലിൽ നിൽക്കട്ടെ.. ആഹാ.. എന്നിട്ട്.. നീയെന്താ ചെയ്യാൻ പോകുന്നേ.. ഒരു ഡിവോഴ്‌സ്‌ പെറ്റിഷൻ സൈൻ ചെയ്തു കൊടുക്കും...എന്നിട്ട്.. അനന്തൻ മൗനമായി.. എന്നിട്ട്.. എന്നിട്ടൊരു യാത്ര പോകും.. എങ്ങോട്ട്.. ദച്ചു ചോദിച്ചു.. ദൂരെ.. ദൂരെ ദൂരെ.. അവൻ ഭിത്തിയിലേയ്ക്ക് ചാരിയിരുന്നു.. അപ്പൊ അവളോ.. അവൾ മറ്റൊരു നല്ല പയ്യനെ കല്യാണം കഴിക്കട്ടെ.. സന്തോഷമായി ജീവിക്കട്ടെ.. അവന്റെ വാക്കുകൾ ഇടറിപോയി..

എന്ത് പാവമാടോ താൻ..ഒരു പൂച്ചകുഞ്ഞിനെപോലെ.. ദച്ചുവിന്റെ സ്വരം ആർദ്രമായി.. മാളുവിന്റെ ഭാഗ്യമാണ് താൻ.. അതവൾ തിരിച്ചറിയും അനന്താ.. അവൾ പറഞ്ഞു.. അങ്ങനെ അവളെ തന്നിൽ നിന്ന് പറിച്ചുമാറ്റാൻ ഞാൻ സമ്മതിക്കില്ല. നിന്റെ വാക്കുകളിൽ തന്നെ അവളോടുള്ള പ്രണയമാണ്..അങ്ങനെയെങ്കിൽ ആ പ്രണയത്തെ നിന്നിലേക്ക് എത്താൻ എന്തും ചെയ്യും ദർശന.. അതവൾ മനസ്സിലാണ് പറഞ്ഞത്.. വെച്ചോട്ടെ.. നാളെ നിനക്ക് ഡ്യൂട്ടി ഉള്ളതല്ലേ.. മ്മ്.. പക്ഷെ ഒറ്റ ഡിമാൻഡ്.. പോയി കിടന്നോണം.. മ്മ്.. അനന്തൻ മൂളി.. അവന്റെ മനസ്സൊന്ന് ശാന്തമായി.. അപ്പൊ ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ്.. അനന്തൻ പറഞ്ഞു.. അവൾ ഫോൺ വെച്ചിട്ടും അവൾ പകർന്നു നൽകിയ പുഞ്ചിരി അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു.. തരളമായി.. ********** മാളു രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അനന്തൻ മേശയിൽ തലവെച്ചു കിടന്നുറങ്ങുകയായിരുന്നു..

അവൾ അവനെ തന്നെ നോക്കിയിരുന്നുപോയി.. എപ്പോഴാണ് അവൻ വന്നതെന്ന് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.. ഇല്ല.. തന്റെ ഓർമയിൽ പോലുമില്ല.. കുളികഴിഞ്ഞു മാളു വരുമ്പോഴും അനന്തൻ ഉണർന്നിട്ടുണ്ടായിരുന്നില്ല.. അവൾ അവനെ ഒന്ന് നോക്കി.. എനിക്ക് നിങ്ങളെ മനസ്സിലാകുന്നതെയില്ല.. നിങ്ങളെന്നോട് മനസ്സറിഞ്ഞിതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല..പക്ഷെ ഭയമാണ് എനിക്ക് നിങ്ങളോട്.. അത് മാറുന്നുമില്ല.. അറിയാം.. ഇന്ന് നിങ്ങളുടെ ഭാര്യയാണ് ഞാൻ.. കേട്ടറിഞ്ഞത് മുഴുവൻ സത്യമല്ല എന്നും തോന്നുന്നുണ്ട്..പക്ഷെ..എന്തോ.. എന്തോ ഒന്ന് നിങ്ങളിൽ നിന്നെന്നെ അടർത്തി മാറ്റുന്നുണ്ട്.. മാളു മനസ്സിൽ പറഞ്ഞു.. ഡ്രെസ്സിങ് ടേബിളിൽ ഇരുന്ന കുങ്കുമച്ചെപ്പിൽ നിന്നൊരിറ്റ് കുങ്കുമം തിരുനെറ്റിയിലേയ്ക്ക് ചാർത്തവേ അവളുടെ ഉള്ളമൊന്ന് വിതുമ്പി.. അവളുടെ കണ്ണൊന്ന് കലങ്ങി.. അവൾ അവനെ ഒന്നുകൂടി നോക്കി..

ശേഷം താഴേയ്ക്ക് പോയി.. അടുക്കളയിൽ എന്തോ തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. അവൾ അവിടേയ്ക്ക് ചെന്നു.. സുധാമ്മ ചായ ഇടാൻ തുടങ്ങുകയാണ്.. അമ്മേ.. ആഹാ മോള് എണീറ്റോ.. അവർ പുഞ്ചിരിച്ചു.. മോളിത്ര വെളുപ്പിനെ തല കുളിച്ചോ.. പനി മാറിയിട്ടില്ലല്ലോ.. സുധാമ്മ ചോദിച്ചതിന് മാളു പുഞ്ചിരിച്ചതെയുള്ളൂ.. ചായ ഇടാൻ പോവാണോ അമ്മേ.. മ്മ് . ഞാനിടട്ടെ... അതിനെന്താ.. അവർ മാറി കൊടുത്തു.. മാളു ചായയ്ക്ക് വെള്ളം വെച്ചതും സുധാമ്മ കലം കഴുകി വെള്ളമെടുത്തു അടുപ്പിൽ വെച്ചിരുന്നു.. ചായ കാപ്പിലാക്കി അവൾ ആദ്യം സുധാമയ്ക്ക് നൽകി . അവർ നല്ലതെന്ന് പറഞ്ഞതുമാവൽ തന്നെ ട്രേയിലാക്കി അച്ഛനും നൽകി.. അച്ചു എഴുന്നേറ്റില്ലേ അമ്മേ.. എവിടുന്ന്.. അവളുടെ സമയം 8 ആണ്.. മോള് അവളുടെ ചായ ഇവിടെ വെച്ചേരേ.. ഞാൻ കൊടുക്കാം.. മോള് അനന്തന് ചായ കൊടുക്ക്.. സുധാമ്മ പറഞ്ഞു.. അവളൊന്ന് മടിച്ചു..

മോള് ചെല്ലു.. അവർ അച്ചുവിന്റെ ചായ എടുത്തു. അവളൊന്ന് പുഞ്ചിരിച്ചു ശേഷം മുകളിലേക്ക് നടന്നു.. ചായ.. മാളുവിന്റെ ശബ്ദമാണ് അനന്തനെ ഉണർത്തിയത്.. അവൾ മെല്ലെ എഴുന്നേറ്റു.. രാത്രി കിടപ്പ് ശെരിയാകാഞ്ഞിട്ടെന്നോണം അവന്റെ പിടലിക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.. അവൻ മാളുവിനെ നോക്കി.. ചായ.. അവൾ പറഞ്ഞു.. അവൻ മൗനമായി അവളെ നോക്കിയ ശേഷം വാഷ് റൂമിലേയ്ക്ക് പോയി.. അനന്തൻ തിരിച്ചിറങ്ങി വരുമ്പോഴേയ്ക്കും മാളു പോയിരുന്നു.. ചായ മേശയിൽ ഇരിപ്പുണ്ടായിരുന്നു... അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ശേഷം ചായയുമെടുത്തു കിടക്കയിൽ വന്നിരുന്നു.. പിടലിക്ക് നല്ല വേദന തോന്നിയവന്. ആണ് തല നേരെ വെച്ചു കുറച്ചുനേരമിരുന്നു.. ശേഷം പോയി വാതിൽ അടച്ചു കുറ്റിയിട്ടു.. ഒന്ന് ശ്വാസം നേരെയെടുത്തു. വല്ലാത്ത ആശ്വാസം.. വീണ്ടും താനിവിടെ ഒറ്റയ്ക്കായി എന്നവന് തോന്നി.

താനും തന്റെ പുസ്തകങ്ങളും മാത്രമുള്ള തന്റെ ലോകം . അവൻ കസേരയിൽ ഇരുന്നു..വായിച്ചു പകുതിയാക്കിയ ഒരു പുസ്തകമെടുത്തു നിവർത്തി.. അതിലെ വരികളിലേയ്ക്ക് ആഴ്ന്നിറങ്ങവേ അവന്റെ മനസ്സിന്റെ ഏകാഗ്രത തിരികെ വരും പോലെ അവനു തോന്നി.. അതവനിൽ ചെറുതല്ലാത്ത ഒരു ധൈര്യം നിറച്ചു..സന്തോഷം നിറച്ചു.. ********* ദർശേച്ചീ.. കോളിങ് ബെൽ കേട്ട് പുറത്തേയ്ക്ക് വന്ന മാളു കണ്ടത് ഒരു പെണ്കുട്ടിയുടെ തോളിൽ തൂങ്ങി നിന്ന് പുഞ്ചിരിക്കുന്ന അച്ചുവിനെയാണ്.. മാളു സംശയത്തോടെ ആ പെണ്കുട്ടിയെ നോക്കി.. ജീൻസും ടോപ്പുമാണ് വേഷം..കൈമുട്ടോളം നീണ്ടു കിടക്കുന്ന മുടി സ്ട്രെയിട്ട് ചെയ്ത് കളർ ചെയ്തിട്ടിട്ടുണ്ട്.. അമിതമല്ലാത്ത മേക്കപ്പും നിറഞ്ഞ പുഞ്ചിരിയും.. നല്ല ഐശ്വര്യമുള്ള മുഖം.. നീണ്ടു മെലിഞ്ഞു ഗോതമ്പിന്റെ നിറമുള്ള ഒരു പെണ്കുട്ടി.. നീ പിന്നേം മുടി വെട്ടിയോ..

അച്ചുവിന്റെ തോളൊപ്പം കിടക്കുന്ന മുടി ഉയർത്തി അതും ചോദിച്ചാണ് ദർശന അകത്തേയ്ക്ക് വന്നത്.. ആഹാ.. ദർശ മോളായിരുന്നോ.. കേറി വാ. ഇരിക്ക്.. സുധാമ്മ നിറഞ്ഞ സന്തോഷത്തോടെ അവളെ അകത്തേയ്ക്ക് സ്വാഗതം ചെയ്തു.. അവൾ മാളുവിനെ ഒന്ന് നോക്കി.. ഹൃദ്യമായ ഒരു പുഞ്ചിരി നൽകി സുധാമ്മയുടെ അരികിൽ ചെന്നു.. അമ്മയ്ക്കിപ്പോൾ എങ്ങനുണ്ട്.. അതൊക്കെ അങ്ങനെ ഇരിക്കുന്നു.. വെറുതെയാ ദർശേച്ചി.. ദേ പുതിയ മരുമോളെ കിട്ടിയതോടെ ആള് നിലത്തെങ്ങുമല്ല.. ഇപ്പൊ അസുഖോമില്ല ആവിയുമില്ല.. അച്ചു കിട്ടിയ ഗ്യാപ്പിൽ ഗോളടിച്ചു.. ദർശന അച്ചുവിനെ നോക്കി പുഞ്ചിരിച്ചു.. മാളവിക.. അല്ലെ.. ദർശ ചോദിച്ചതും മാളു പുഞ്ചിരിച്ചു.. കല്യാണത്തിന് ക്ഷണമുണ്ടായിരുന്നു.എം പക്ഷെ വരാൻ കഴിഞ്ഞില്ല.. സോ ഹാപ്പി മാരീഡ് ലൈഫ്.. ദർശന മാളുവിനു നേർക്ക് കൈനീട്ടി.. മാളുവാ കൈകളിൽ പിടിച്ചു.. മോളിരിക്ക്..

ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.. സുധാമ്മ പറഞ്ഞു.. ഞാനും വരുന്നമ്മേ..ഇന്നെന്താ മിനിച്ചേച്ചി ഇല്ലേ.. അതും ചോദിച്ചു തോളിൽ കിടന്ന ബാഗ് ടീപ്പോയിൽ വെച്ചവൾ സുധാമ്മയ്ക്ക് പിന്നാലെ അടുക്കളയിലേക്ക് നടന്നു.. മാളുവാ പോക്ക് നോക്കി സംശയത്തോടെ നിന്നു.. ഡോക്ടർ ദർശന.. ഞങ്ങളുടെ ദർശേച്ചി.. ഞാനിന്നലെ പറഞ്ഞില്ലേ.. അനന്തേട്ടന്റെ ക്ലോസ് ഫ്രണ്ടാ.. അച്ചു മാളുവിന്റെ നിൽപ്പ് നോക്കി പറഞ്ഞു.. ഇവിടെ ഉള്ളോരൊക്കെയായി വലിയ കൂട്ടാണെന്ന് തോന്നുന്നല്ലോ.. മ്മ്.. ചേച്ചി പണ്ടേ ഇങ്ങനെയാണ്.. എല്ലാവരോടും.. എല്ലാവരോടും വല്യ സ്നേഹമാണ്.. എന്റെ അനന്തേട്ടനെപോലെ.. ഒരു പാവം.. അത് പറയുമ്പോൾ അച്ചുവിന്റെ മുഖം മങ്ങിയത് മാളു കണ്ടിരുന്നു.. പറഞ്ഞതിലുമേറെ അവൾക്ക് പറയാനുണ്ടെന്ന് മനസ്സിലായെങ്കിലും മാളു ഒന്നും ചോദിച്ചില്ല.. അല്ല അനന്തേട്ടൻ എന്തിയെ ഏട്ടത്തി.. അച്ചു മാളുവിനെ നോക്കി..

രാവിലെ റൂമിൽ കേറി ഡോർ അടച്ചു.. തുറന്നില്ല.. മാളു പറഞ്ഞു.. ഓ.. അത് സാധാരണയാണ്.. ഏട്ടൻ വായിക്കാൻ ഇരുന്നാൽ അങ്ങനെയാ.. അമ്മ പറയും പ്രസവിച്ചു കിടക്കുന്ന പുലിയെ പിന്നേം സഹിക്കാം വായിച്ചോണ്ടിരിക്കുന്ന ഏട്ടന്റെ കാര്യം അതിലും കഷ്ടമാണെന്ന്.. ഏട്ടത്തി നേരെ പോയി ചാടി കൊടുക്കാഞ്ഞത് ഭാഗ്യം.. അച്ചു ചിരിയോടെ പറഞ്ഞു.. എന്താ പിള്ളേരെ ഒരു ബഹളം.. അപ്പേട്ടനൊപ്പം കയറിവന്ന ചന്ദ്രശേഖർ ചോദിച്ചു.. കേസില്ലാ വക്കീലെ.. ദർശനയുടെ കുറുമ്പ് നിറഞ്ഞ സ്വരം.. ചന്ദ്രശേഖർ അവളെ നോക്കി പുഞ്ചിരിച്ചു.. ആഹാ.. നീയായിരുന്നോ.. കഴുത്തറപ്പൻ ഡോക്ടർ.. മിക്കപ്പോഴും ഗൗരവത്തോടെ നിൽക്കുന്ന ആ കണ്ണിലും വാത്സല്യത്തിന്റെ സ്നേഹത്തിന്റെ അതിലുമേറെ അൽപ്പം നഷ്ടബോധത്തിന്റെ തിളക്കം.മാളു കണ്ടു.. അവൾക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി. താൻ പെട്ടെന്ന് ആരുമല്ലാതായി പോയത്പോലെ..

ദർശന വന്നു കയറി നിമിഷങ്ങൾക്കകം മേലേപ്പാട്ടെ വീടും വീട്ടുകാരും അവളെ ഭ്രമണം ചെയ്തു തുടങ്ങിയിരുന്നു.. മറ്റാരെയും അവർ കാണുന്നില്ല.. എങ്ങും ദർശ മയം.. മാളു എല്ലാവരെയും നോക്കി.. മിനിച്ചേച്ചിയും അപ്പേട്ടനും അടക്കം എല്ലാവരും അവളോട് സംസാരിക്കുന്നു.. ചിരിക്കുന്നു.. തന്നെ മാത്രം എല്ലാവരും ഒഴിവാക്കിയതുപോലെ.. ആ തോന്നൽ പോലും അവളിൽ വല്ലാത്ത വേദന നിറച്ചു.. അവൾ മെല്ലെ മുകളിലേക്ക് ചെന്നു.. അപ്പോഴും അടഞ്ഞു കിടക്കുന്ന ആ മുറി.. അങ്ങോട്ട് പോകാൻ എന്തോ അവൾക്ക് തോന്നിയില്ല.. അവൾ പുറത്തേക്കുള്ള വാതിൽ തുറന്നു.. ബാൽക്കണിയിലേയ്ക്ക് ഇറങ്ങി നിന്നു.. ബാൽക്കണിയുടെ ഒരു കോണിലായി ചെടിച്ചട്ടിയിൽ നിൽക്കുന്ന കുറ്റിമുല്ല നോക്കി അവൾ നിന്നു.. അതിൽ പേരിനു പോലും ഒരു മൊട്ടുപോലുമില്ല..എങ്കിലും ആർക്കോ വേണ്ടി അതങ്ങനെ നിറയെ തളിർത്തു നിൽക്കുന്നു...

ചിലപ്പോൾ നാളെ അവളിൽ ഒരു മൊട്ടു വരും എന്ന പ്രതീക്ഷയിലാകാം.. എല്ലാ ജീവിതങ്ങളും അങ്ങനെയാണല്ലോ.. എന്നെങ്കിലും നല്ലത് വരുമെന്ന പ്രതീക്ഷയിൽ വീണ്ടും തളിരിടും.. ഇടയ്ക്ക് ഓര്മകൾ മാത്രമായി മാറുന്ന പഴയ പ്രതീക്ഷകൾ എന്ന ഇലകളെ പൊഴിച്ചു കളയും... പുതിയ പ്രതീക്ഷകൾ കൊണ്ടുവരും.. അങ്ങനെ അങ്ങനെ.. ചിന്തകൾ കാട് കയറിയപ്പോൾ മാളുവിന് ചെറിയമ്മയെ ഓര്മവന്നു. അച്ഛനെ ഓർമ്മ വന്നു.. അമ്മുവിനെ ഓർമ്മ വന്നു.. അവളുടെ കണ്ണു നിറഞ്ഞു.. ഒറ്റയ്ക്കിവിടെ വന്നു നിൽക്കുവാണോ പുതുപ്പെണ്ണ്.. ദർശനയുടെ ആ ചോദ്യം കേട്ടതും മാളു തിരിഞ്ഞു നോക്കി..അവളെ കണ്ടതും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. എന്താടോ.. ബോറടിച്ചോ.. ദർശന സൗഹൃദ ഭാവേന ചോദിച്ചു.. മ്മ്.. കുറച്ച്.. വീട്ടിൽ ഇങ്ങനെ വെറുതെ ഇരിക്കാറില്ല.. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യാൻ കാണും.. മാളു പറഞ്ഞു.. ഓ..

ഞാനോർത്തു ഞാൻ വന്നിട്ട് തന്നെ അവോയ്ഡ് ചെയ്തു എന്ന് തോന്നിയോ എന്നു.. ഹേയ്.. അങ്ങനൊന്നുമില്ല.. മാളു ചിരിച്ചു.. പക്ഷെ അങ്ങനെയൊക്കെയാണ്.. ദർശനയുടെ സ്വരത്തിൽ വന്ന മാറ്റം അറിഞ്ഞതും മാളു സംശയത്തോടെ അവളെ നോക്കി..ആ മുഖത്തിപ്പോൾ പുഞ്ചിരിയല്ല.. പകരം തീക്ഷ്ണമായ മറ്റൊരു ഭാവം.. ഇവിടെ ഞാൻ വന്നതോടെ അവരൊക്കെയും എന്റെ പിന്നാലെ ആയപ്പോൾ മാളുവിനൊരു ഒറ്റപ്പെടൽ തോന്നിയില്ലേ.. ഇത്ര നേരവും എല്ലാവരോടും കളിയും ചിരിയുമായി നടന്ന ഞാൻ തന്നെ മാത്രം അവോയ്ഡ് ചെയ്തപ്പോൾ ഒരു വേദന തോന്നിയില്ലേ..ഇല്ലേന്ന്... ദർശയുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.. കണ്ണുകൾ ദേഷ്യത്തിൽ വികസിച്ചിരുന്നു.. മാളുവാ നോട്ടത്തിൽ അറിയാതെ അതെയെന്ന് തലയാട്ടി.. ആ നോവ് ആ നൊമ്പരം നീയൊരു പാവത്തിന് പകർന്നു കൊടുക്കുമ്പോൾ നിനക്ക് ഒന്നും തോന്നുന്നില്ലേ.. മാളു സംശയത്തോടെ നോക്കി.. നോക്കേണ്ട..

ഈ വീട്ടിൽ വന്ന നിമിഷം മുതൽ നീ അനന്തനോട് പറഞ്ഞതും ചെയ്തതുമൊക്കെ അണുവിട വിടാതെ അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്.. മാളുവിന്റെ മുഖം താഴ്ന്നു..നീയെന്താ അവനോട് പറഞ്ഞത്..നിന്റെ ഗതികേട് കൊണ്ട് നടന്ന വിവാഹമാണെന്നോ..നാണമില്ലേ മാളവിക തനിക്കിത് പറയാൻ.. മാളു നിറഞ്ഞു വന്ന കണ്ണോടെ അവളെ നോക്കി.. നിന്റെയീ കണ്ണുനീർ എന്നിൽ അലിവുണ്ടാക്കില്ല.. കാരണം നിന്നെക്കാൾ നീറിപ്പുകയുന്ന ഒരു മനസ്സ് എനിക്ക് കാണാം.. അത് കുത്തിനോവിച്ചു രസിക്കുന്ന നിന്റെ നോവ് എനിക്ക് വേദന തോന്നിക്കില്ല.. ഞാൻ.. മാളുവെന്തോ പറയാൻ ശ്രമിച്ചതും ദർശന അവളെ കയ്യുയർത്തി തടഞ്ഞു.. നിനക്ക് അനന്തനെപ്പറ്റി എന്തറിയാം..

മാളു അവളെ നോക്കി.. ചോദിച്ചത് കേട്ടില്ലേ.. എന്തെങ്കിലും അറിയാമോ.. ദർശനയുടെ സ്വരം വീണ്ടും കടുത്തു.. അത്.. അത് പിന്നെ... ഒന്നുമറിയില്ലേ. നീ ആദ്യമായി അനന്തനെ കാണുന്നതും അറിയുന്നതും കല്യാണത്തിന്റെ അന്നാണോ.. അല്ലെന്ന് മാളു തലയാട്ടി.. പിന്നെ.. പത്രത്തിൽ വായിച്ചിട്ടുണ്ട്..പിന്നെ ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുമുണ്ട്.. എന്ത്. ദർശ ചോദിച്ചു.. അത്.. കൊലപാതകം ചെയ്തിട്ടുണ്ടെന്ന് അറിയാം.. പിന്നെ.. വൈഫിനെ. മതി.. ദർശ ലറഞ്ഞു..ഇതൊക്കെ അറിഞ്ഞു വെച്ചുകൊണ്ട് എന്തിനാ നീ അവന്റെ ലൈഫിലേയ്ക്ക് വന്നത്.. ദർശന ചോദിച്ചു.. മാളു നിറഞ്ഞു വന്ന കണ്ണോടെ തല താഴ്ത്തി.. അവന്റെ പേരിലുള്ള സ്വത്തും പണവും കണ്ടിട്ടാണോ നിന്നെ നിന്റെ വീട്ടുകാർ ഇങ്ങോട്ട് കെട്ടിച്ചു വിട്ടത്.. അവനൊരു പാവം ആയതുകൊണ്ട് അവനെ പറഞ്ഞു മാറ്റി നിർത്തി നിന്റെ പഠിത്തവും വീട്ടിലെ കാര്യങ്ങളും ശെരിയാക്കാം എന്നു കരുതിയോ നീ..

മാളു കരഞ്ഞു പോയിരുന്നു.. ഇല്ല..ഞാൻ.. ഞാൻ അങ്ങനെയൊന്നും.. പണത്തിനെ ഞങ്ങൾക്ക് കുറവുള്ളു.. അഭിമാനത്തിന് കുറവൊന്നുമില്ല.. ആരെയും തട്ടിച്ചും വെട്ടിച്ചും ഇന്നുവരെ ഞങ്ങൾ ജീവിച്ചിട്ടുമില്ല.. എന്റച്ഛൻ വീണു പോയപ്പോൾ പോലും തനിയെ ജോലി ചെയ്‌താ കുടുംബം നോക്കിയിരുന്നവളാണ് ഞാൻ.. എന്നെക്കുറിച്ചു ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ അയാളെയും ചേർത്ത് നാട്ടുകാര് പറഞ്ഞപ്പോ ആ പേരും പറഞ്ഞു എന്നെ ഒരു ആഭാസന്റെ കൂടെ ദേവേട്ടൻ കല്യാണം കഴിപ്പിച്ചയയ്ക്കാൻ നോക്കിയപ്പോൾ ചെറിയമ്മ സമ്മതിച്ചതാണ്.. മാളു അത്രയും പറഞ്ഞേങ്ങി കരഞ്ഞു.. നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല മാളൂ.. അല്പനേരം കഴിഞ്ഞതും ദർശ വന്നവളുടെ തോളിൽ പിടിച്ചുകൊണ്ട് അവളുടെ മുഖമുയർത്തി കണ്ണിൽ നോക്കി പറഞ്ഞു. നീയിപ്പോൾ കടന്നു വന്നിരിക്കുന്നത് സമൂഹം ഒരുപാട് പേരുകൾ ചാർത്തിക്കൊടുത്ത ഒരുവനൊപ്പമാണ്.. വിവാഹത്തിന് നിനക്ക് സമ്മതമായിരുന്നില്ല എന്നത് അനന്തന് അറിയില്ലായിരുന്നു..

അന്ന് രാത്രി നീയവിടെ കിടന്നു കരഞ്ഞു ബഹളം വെച്ചപ്പോൾ മാത്രമാണ് അനന്തൻ ഒക്കെയും അറിഞ്ഞത്.. നീ അവനെ പേടിയാണെന്ന് പറയുമ്പോൾ ഭീതിയോടെ മുഖം തിരിക്കുമ്പോൾ സംസാരിക്കാൻ പോലും അറപ്പ് കാട്ടുമ്പോൾ ആ മനസ്സെത്ര നോവുന്നുണ്ടാകുമെന്ന് എനിക്കറിയാം..അതൊന്ന് കൊണ്ടുമാത്രമാണ് ഞാനിന്ന് നിന്നെ കാണാൻ വന്നത്.. ആരെന്തൊക്കെ പറഞ്ഞാലും നിനക്ക് ഈ ലോകത്ത് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല ഒരാളാണ് അനന്തനെന്ന് ഞാൻ പറയും.. അവന്റെ മനസ്സിൽ നിറയെ സ്നേഹമാണ്.. എല്ലാവരോടും അനുകമ്പയാണ്.. ആ ഒരൊറ്റ കാരണം കൊണ്ട് അവനാഗ്രഹിച്ചതൊക്കെയും അവൻ നഷ്ടപ്പെടുത്തിയവനുമാണ്.. ദർശനയുടെ സ്വരമിടറി..മാളു കണ്ണു തുടച്ച് ഒന്നും മനസ്സിലാകാതെ അവളെ നോക്കി.. കൂടുതലൊന്നും ഞാൻ പറയുന്നില്ല.. ഇറ്റ്‌സ് യോർ ലൈഫ്.. ആരുടെയൊക്കെയെങ്കിലും വാക്ക് കേട്ട് അത് നശിപ്പിച്ചു കളയണോ ചേർത്തുപിടിക്കണോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്.. എനിക്കൊന്നെ നിന്നോട് പറയാനുള്ളൂ മാളൂ.. അവനെ എല്ലാ അർത്ഥത്തിലും നീ മനസ്സിലാക്കി സ്നേഹിച്ചാൽ..

അവന്റെ സ്നേഹം നീ നേടിയെടുത്താൽ ഈ ലോകത്തെ ഏറ്റവും സൗഭാഗ്യവതിയെന്ന് നിന്നെ ഞാൻ വിളിക്കും.. ഇനി അതിന് കഴിയുന്നില്ലെങ്കിൽ പോലും അവനെ നീയിനിയും അവജ്ഞയോടെ നോക്കരുത്.. വേദനിപ്പിക്കരുത്.. ഭർത്താവ് എന്നു വേണ്ട മനുഷ്യജീവി എന്നുള്ള പരോഗണനയെങ്കിലും നീയവന് നൽകണം.. ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ ഇറങ്ങി പോണം. അതല്ലാതെ അവനെ കുത്തി നോവിക്കരുത്..ഇത്രനാളും ഒറ്റയ്ക്കായിരുന്നുവെങ്കിലും അവനോരല്പം മനസ്സമാധാനം ഉണ്ടായിരുന്നു.. അത് നീയായിട്ട് നശിപ്പിക്കരുത്.. ഒന്നോർത്തോ. അനന്തന്റെ മനസ്സ് നോവുന്നത് എനിക്ക് സഹിക്കില്ല.. ഇനിയും നീയങ്ങനെയാണെങ്കിൽ ഈ വീട്ടിൽ അനന്തനല്ല നീയാണ് ഒറ്റപ്പെടാൻ പോകുന്നത്. വെറുക്കപ്പെടാൻ പോകുന്നത്.. ഇത്രനേരവും നിന്നെ സ്നേഹത്താൽ മൂടിയവർ തന്നെ നിന്നെ വെറുക്കും..തള്ളിക്കളയും..

ജീവിതത്തിൽ കിട്ടിയ നല്ലൊരു അവസരം നശിപ്പിച്ചു കളയണോ എന്ന് നീ തീരുമാനിക്ക്.. നിന്റെ ജീവിതം മറ്റുള്ളവരുടെ കണ്ണിലൂടെ അല്ലാതെ സ്വന്തം കണ്ണിലൂടെ കാണാൻ ശ്രമിക്ക്.. പിന്നെ ഈ കൂടിക്കാഴ്ച നമ്മൾ മാത്രം തൽക്കാലം അറിഞ്ഞാൽ മതി.. കരഞ്ഞുവിളിച്ച് അലമ്പുണ്ടാക്കേണ്ട.. മുഖം കഴുകി താഴേയ്ക്ക് വാ.. അവിടെ നമ്മളെ തിരക്കുന്നുണ്ടാകും.. അതും പറഞ്ഞു ദർശ വാതിൽ കടന്നു പോയി.. അത്രനേരവും നെഞ്ചിൽ പിടിച്ചുവെച്ച കണ്ണുനീർ മാളുവിന്റെ ഹൃദയം കവിഞ്ഞൊഴുകി.. എന്തിനെന്നറിയാതെ അവളുടെ നെഞ്ചം പുകഞ്ഞു.. സത്യമേത് മിഥ്യയേത് എന്നുള്ള സങ്കോചം അവളിൽ നിറഞ്ഞു.. അവൾ ആർത്തലച്ചു കരഞ്ഞു..ഒന്നാശ്വസിക്കാൻ ശ്രമിച്ചു.. പക്ഷെ കഴിയുന്നില്ല.. തെറ്റ് ചെയ്തുവോ താൻ.. ആ ചിന്ത അവളിൽ നിറഞ്ഞു..തെറ്റും ശെരിയും വേര്തിരിച്ചറിയുവാൻ പോലും കഴിയാത്തവണ്ണം അവളെ സങ്കടങ്ങൾ പൊതിഞ്ഞിരുന്നു.. പൂർണ്ണമായും.............തുടരും………

പ്രിയം : ഭാഗം 11