പ്രിയം: ഭാഗം 20

 

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൾ മെല്ലെ അവന്റെ തോളിലേയ്ക്ക് ചാഞ്ഞു നിന്നു.. എപ്പോഴോ പതിയെ അനന്തന്റെ കൈകൾ അവളുടെ തോളിൽ ചേരുന്നതും മെല്ലെ അവനിലേക്ക് തന്നെ അടുപ്പിക്കുന്നതും അവൾ വല്ലാത്ത സന്തോഷത്തോടെ തിരിച്ചറിയുന്നുണ്ടായിരുന്നു.. ആ തിരിച്ചറിവിൽ അവളുടെ ഹൃദയമിടിപ്പ് ഉയരുന്നുണ്ടായിരുന്നു.. പ്രണയത്തോടെ.. ********* പ്രണയം ഒരാളെ തരളമാക്കും.. അയാൾ കാണാത്ത അറിയാത്ത പുതിയ ലോകങ്ങളിലേയ്ക്ക് അയാളെ കൈപിടിച്ചു കൊണ്ടുപോകും.. അന്നുവരെ കണ്ടതിനൊക്കെയും പുതുമ തോന്നിക്കും.. പൂക്കൾക്കും പുഴയിലെ മീനുകൾക്കും കരിയിലകൾക്കും എന്തിന് പുലരിക്ക് പോലും പുതുനിറം കൊണ്ടുവരും..

ജീവിതത്തിന്റെ നിറങ്ങളൊക്കെയും പ്രണയമെന്ന ലഹരിയിൽ ചുരുങ്ങും.. പിന്നെ ആ പ്രണയം മെല്ലെ മെല്ലെ അവർക്കിടയിൽ നിന്ന് പിൻവാങ്ങുമ്പോൾ.. കണ്ട നിറങ്ങളൊക്കെയും കണ്ട ആളുകളൊക്കെയും കണ്ട സ്വപ്നങ്ങളൊക്കെയും തന്നെ നോക്കി പുഞ്ചിരിക്കും.. ആ പുഞ്ചിരി കാണേ അവർ തീവ്രമായി വേദനിക്കും.. കാരണം.. പ്രണയത്തേക്കാൾ അത്രമേൽ ആഴമേറിയതും ശക്തമായതും വിരഹമാണ്.. കാരണം വിരഹമെന്ന കയത്തിനുള്ളിൽ നിറങ്ങളെല്ലാം ചേർന്നൊരൊറ്റ നിറമായിരിക്കും.. രുചികളൊക്കെയും ഒരൊറ്റ രുചിയായി തോന്നും.. കാരണം അവയ്ക്കൊക്കെയും വേദനയുടെ കൈപ്പാകും..

ആ പുസ്തകത്താളുകളിൽ അനന്തൻ വൃത്തിയുള്ള കൈപ്പടയിൽ കുറിച്ചിട്ട വരികളിലൂടെ മാളു കണ്ണോടിച്ചു.. എന്തിനാണ് ഈശ്വരന്മാർ ഇത്ര ദുഷ്ടരായത്.. ഇത്രമേൽ സ്നേഹിച്ചിട്ടും അകലേണ്ടി വന്നവർ.. അവൾക്ക് അതിയായ വേദന തോന്നി.. പ്രണയം ഇത്രയ്ക്ക് വേദനിപ്പിക്കുമോ.. അങ്ങനെ ചോദിച്ചാൽ ഒരുത്തരം നൽകാൻ താൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ.. അവൾക്ക് ചിരിവന്നു.. അവൾ ഓര്മ്മകളിൽ തിരഞ്ഞു.. സ്കൂളിൽ പഠിക്കുമ്പോഴൊക്കെ ചിലർ നോക്കി ചിരിക്കാറുണ്ട്.. ഒന്നുരണ്ടുപേർ ഇഷ്ടം പറഞ്ഞിട്ടുമുണ്ട്.. അന്നൊന്നും പ്രണയിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല. പേടിയായിരുന്നു.. നമുക്കൊന്നുമില്ല മോളെ..

ആകെയുള്ളത് അഭിമാനമാണ്.. അതാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം.. ആ വാക്ക് കേട്ട് വളർന്നതുകൊണ്ടാകാം താൻ കാരണം ആരും വേദനിക്കരുത് എന്നൊരു ചിന്ത മനസ്സിൽ നിറഞ്ഞത്.. പ്രണയത്തെ നിർവ്വചിക്കുവാൻ സ്വയം ശ്രമിച്ചതിൽ അവൾക്ക് പുച്ഛം തോന്നി.. മെല്ലെ കണ്ണുകൾ ചാരി.. അനന്തന്റെ ചിരിക്കുന്ന മുഖം.. അവൾക്കാ മുഖം ഓർക്കവേ ഉള്ളിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു.. തനിക്ക് പ്രണയമാണോ.. അവൾ ആലോചിച്ചു.. ആദ്യമായി അവനെ കണ്ട ദിവസം.. അച്ഛനെ ആശുപത്രിയിൽ കാണിക്കുന്ന കാര്യവും ഓർത്തുകൊണ്ട് റോഡ് ക്രോസ് ചെയ്ത വഴിക്കായിരുന്നു തനിക്ക് നേരെ ഒരു കാർ വരുന്നത് കണ്ടത്..

ഓടിമാറാൻ കഴിഞ്ഞില്ല.. ഒന്ന് ചലിക്കാൻ പോലും കഴിഞ്ഞില്ല.. കാറുകാരൻ പെട്ടെന്ന് ഒരു വശത്തേയ്ക്ക് വണ്ടി നീക്കിയതും എതിർദിശയിൽ വന്ന ജീപ്പ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതായിരുന്നു.. നെറ്റി പൊട്ടി ചോര ഒഴുകുമ്പോഴും വല്ലാത്ത മരവിപ്പ് തോന്നി.. പെട്ടെന്നാണ് ആരോ താങ്ങി എഴുന്നേല്പിച്ചത്.. ഭയത്തോടെ അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.. ആരൊക്കെയോ വന്ന് വഴക്ക് പറയുന്നുണ്ടായിരുന്നു.. ആ കാറുകാരൻ അടക്കം.. പക്ഷെ എല്ലാവരെയും എങ്ങനെയോ പറഞ്ഞുവിട്ട് ജീപ്പിലേയ്ക്ക് പിടിച്ചിരുത്തി.. മുറിവിൽ നീറ്റലുള്ള എന്തോ മാറുന്നു പുരട്ടി.. പിന്നെ വെള്ളം വാങ്ങിത്തന്നു..ആ നിമിഷമാണ് ആദ്യമായി ആ മുഖം കാണുന്നത്..

തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നറിയാൻ കൈയൊക്കെ പിടിച്ചു നോക്കുന്നുണ്ടായിരുന്നു.. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയി.. എല്ലാ ടെസ്റ്റും നടത്തി.. കഴിക്കാൻ ബ്രെഡ് വാങ്ങി തന്നു.. വീട്ടിൽ കൊണ്ടാക്കി.. ആദ്യമായി അവൻ വീട്ടിൽ വന്ന നിമിഷമോർക്കവേ അവളിൽ കുസൃതി നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.. ചെറിയമ്മ ദേവേട്ടനുമായി വഴക്കിട്ട ദിവസമായിരുന്നു അത്.. തനിക്കോ അമ്മുവിനോ അയൽക്കാർക്കോ അതൊന്നും ഒരു പുതുമ അല്ല.. പക്ഷെ മുൻപോട്ട് പടികയറാൻ ഉയർത്തിയ കാലും തന്നെയും മാറിമാറി നോക്കി നിന്ന അനന്തേട്ടൻ.. അപ്പോഴൊക്കെയും തനിക്കാ മനുഷ്യനോട് ബഹുമാനമായിരുന്നു ആരാധനയായിരുന്നു..

പക്ഷെ ചെറിയമ്മ ആരാണ് അയാളെന്ന് ആദ്യമായി പറഞ്ഞ നിമിഷം.. അത്രനേരവും ബഹുമാനത്തോടെ ഓർത്ത ഓരോ നിമിഷവും മറ്റൊരർത്ഥത്തിൽ മനസ്സിൽ നിറഞ്ഞു.. പിറ്റേന്ന് വഴിതെറ്റി റോഡിൽ നിൽക്കുമ്പോൾ ദൈവദൂതനെപ്പോലെ വന്നു നിന്നത്.. ഭയമായിരുന്നു.. പക്ഷെ ആരോരുമില്ലാതെ ഒറ്റയ്ക്ക് നിൽക്കുമ്പോഴും തനിക്കൊരു കാവലായി ആ ജീപ്പിൽ ഒരുകാര്യവുമില്ലാതെ കാത്തു നിന്ന അനന്തന്റെ മുഖമോർക്കവേ അവളുടെയുള്ളിലെ പ്രണയിനി വീണ്ടും ആർദ്രയായി.. ഇന്നയാൾ തന്റെ താലിയുടെ അവകാശിയാണ്.. തന്റെ അവകാശിയാണ്.. ആ മനുഷ്യന്റെ അവകാശിയാണ് താൻ.. അവൾക്കൊരു വല്ലാത്ത ഉന്മേഷം തോന്നി.. സന്തോഷം തോന്നി.. അതേ.. തനിക്കും പ്രണയമാണ്.. അയാളോട്.. അടങ്ങാത്ത പ്രണയമാണ്.. മാളുവിന്റെ ഉള്ളിലിരുന്നാരോ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു.. നിശബ്ദമായി... *********

മാളു ഷീറ്റ് തട്ടിക്കുടഞ്ഞു വിരിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു ഫോൺ ബെല്ലടിച്ചത്.. ആ നേരത്താണ് അനന്തൻ വാഷ്‌റൂമിൽ നിന്നിറങ്ങി വന്നതും.. അനന്തേട്ടാ ആരാണെന്നൊന്ന് നോക്കിയേ.. മാളു പറഞ്ഞതും അനന്തൻ ഫോൺ നോക്കി.. അഞ്ചിത രാജശേഖർ എന്നു സേവ് ചെയ്തിരിക്കുന്നത് കണ്ടതും അവന്റെ മുഖത്തെ പുഞ്ചിരി പാടെ മാഞ്ഞുപോയി... ആരാ അനന്തേട്ടാ.. ചെറിയമ്മയാണോ.. മാളു തലയിണ തിരിച്ചുവെച്ചവൾ അവനെ നോക്കി.. അവൻ മൗനമായി ഫോണുമായി നിൽക്കുന്നത് കണ്ടതും അവൾ ഫോൺ അവന്റെ കയ്യിൽ നിന്ന് വാങ്ങി.. അഞ്ചിത എന്നു കണ്ടതും അനന്തന്റെ മുഖത്തെ ഭാവമാറ്റത്തിന്റെ അർത്ഥം തിരിച്ചറിഞ്ഞിരുന്നു അവൾ..

അവൾ ഫോൺ സ്പീക്കറിൽ ഇട്ടു.. ഹലോ മാളൂ.. പറയ്.. മാളു അനന്തനെ നോക്കിയാണ് സംസാരിച്ചത്.. എന്തായി ഡിവോഴ്സിന്റെ കാര്യം... അഞ്ചിത ചോദിച്ചു.. അത്.. അത് നടക്കില്ല അഞ്ജിതാ.. പിന്നെ.. ആ സംശയരോഗിയുടെ കൂടെ ആജീവനാന്തം ജീവിക്കാൻ താൻ തീരുമാനിച്ചോ.. മ്മ്..മനസ്സിലായി.. ഇപ്പൊ അയാൾ തനിക്ക് മുൻപിൽ സദ്ഗുണ സമ്പന്നന്റെ വേഷം കെട്ടി ആടുകയാകും അല്ലെ.. അതൊന്നും താൻ നോക്കേണ്ട.. ഇപ്പൊ നമ്മൾ ഓരോരുത്തരോടും ഇടപെടുന്നത് അയാൾ മനസ്സിൽ ഫീഡ് ചെയ്യും.. നാളെ അതൊക്കെ പറഞ്ഞാകും ഉപദ്രവം.. അഞ്ചിതാ പ്ലീസ്.. എനിക്കങ്ങനെ എല്ലാമിട്ടെറിഞ്ഞു പെട്ടെന്ന് പോകാൻ കഴിയില്ല..തന്റെ സാഹചര്യമല്ല എനിക്ക്..എന്നെ ഇങ്ങോട്ട് അയയ്ച്ചു എന്റെ വീട്ടുകാരെ ഓർത്തെങ്കിലും എനിക്ക് സഹിച്ചേ പറ്റൂ.. എന്ത് സാഹചര്യം മാളൂ..

നിന്നെപ്പോലെ ഒരാളെ അയാൾ അർഹിക്കുന്നില്ല.. ദുഷ്ടനാണ് അയാൾ.. കടിച്ചു കീറും നിന്നെ.. അയാളോടൊപ്പം ജീവിക്കാൻ തുടങ്ങിയാൽ ആണെന്ന വർഗത്തെ പോലും നമ്മൾ പേടിച്ചു പോകും... അഞ്ജിതയുടെ വാക്കുകളിൽ അനന്തനോടുള്ള ദേഷ്യം നുരയുന്നുണ്ടായിരുന്നു.. അങ്ങനെ എത്രവട്ടം ഞാൻ തന്നെ കടിച്ചു കീറിയിട്ടുണ്ട് അഞ്ജിതാ.. അനന്തന്റെ ഉറച്ച ശബ്ദംകേട്ടതും മറുപുറം സൂചിവീണാൽ പോലും കേൾക്കാവുന്ന തരം നിശബ്ദത നിറഞ്ഞു.. പറയണം അഞ്ജിതാ രാജശേഖരൻ.. എത്ര വട്ടം അനന്തൻ ചന്ദ്രശേഖർ നിന്നെ കടിച്ചു കുടഞ്ഞിട്ടുണ്ട്.. നിനക്കൊരു കുഞ്ഞിനെ പോലും നൽകാൻ കഴിയാത്തവനാണ് ഞാനെന്ന് പറഞ്ഞല്ലേ നീ ഈ വീട്ടിൽ നിന്ന് അവസാനം പോയത്.. ആണത്വമില്ലാത്ത ഒരുത്തനോടൊപ്പം ജീവിക്കൻ കഴിയാഞ്ഞതായിരുന്നു നിന്റെ പ്രശ്നമെന്നല്ലേ നീ അമ്മയോട് പറഞ്ഞത്..

ഇപ്പൊ അതൊക്കെ പുതിയ കഥകൾ ആയോ.. അവന്റെ വാക്കുകളിൽ പുച്ഛം നിറയുന്നത് മാളു കേട്ടിരുന്നു.. ആ കണ്ണുകളിൽ അപ്പോഴും കാണുന്ന ശാന്തതയായിരുന്നു അവളെ അത്ഭുതപ്പെടുത്തിയത്.. കോടതിയിൽ എന്നെപ്പറ്റി നീ വിളിച്ചുകൂവിയ ഓരോ വാക്കിനും മറുപടി കയ്യിൽ ഇല്ലാതിരുന്നിട്ടല്ല ഞാൻ മിണ്ടാഞ്ഞത്.. അന്നുമിന്നും എന്റെ മൗനം പലതും ഓർത്തിട്ടാണ്.. അത് നീയിനിയും ചോദ്യം ചെയ്യരുത്.. ചെയ്താൽ.. അത്രനേരവും ശാന്തമായിരുന്ന അവന്റെ കണ്ണുകൾ ചോരനിറമായി.. അത് നിനക്ക് നല്ലാതിനാകില്ല അഞ്ചിതാ..ഒരിക്കലും..പിന്നെ ഇതെന്റെ ഭാര്യയുടെ നമ്പറാണ്. ഇനി മേലാൽ ഇതിൽ നീ വിളിക്കരുത്..

അതും പറഞ്ഞു മാളുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവൻ കട്ട് ചെയ്തു.. തനിക്ക് വന്ന കോളിൽ കേറി സംസാരിച്ചതിന് സോറി.. എന്തിനാ അനന്തേട്ടാ അതൊക്കെ. അനന്തേട്ടന് മറുപടി നൽകാനുള്ള അവസരമാണ് ഞാനും നൽകിയത്.. താങ്ക്സ്.. അവൾ അതും പറഞ്ഞു പുറത്തേക്കിറങ്ങി.. അനന്തൻ കിടക്കയിലേയ്ക്കിരുന്നു.. മനസ്സിൽ കുഴിച്ചുമൂടിയ പലതും ഇരച്ചുവരുന്നു.. വീണ്ടും.. ശക്തമായി.. അവനു തലവേദന തോന്നി.. കണ്ണിനു വേദന തോന്നി.. കുറച്ചുനേരം കണ്ണടച്ചു കിടന്നതും മാളുവിന്റെ സ്പര്ശമറിഞ്ഞവൻ കണ്ണുതുറന്നു.. തനിക്കരികിലിരുന്ന് മുടിയിൽ മൃദുവായി തലോടുകയാണ് അവൾ.. അവനവളെ നിറഞ്ഞ കണ്ണോടെ നോക്കി..

നിങ്ങളൊരു പാവമാണ് അനന്തേട്ടാ.. വെറും പാവം.. നെറ്റിയിൽ അത്രമേൽ മൃദുവായ ഒരു ചുമ്പനം കൂടി നൽകിയവൾ പുഞ്ചിരിയോടെ പറഞ്ഞതും അനന്തനും വല്ലാത്ത ആശ്വാസം തോന്നി.. അന്ന് പതിവിന് വിപരീതമായി മാളു അവനോട് ചേർന്നായിരുന്നു കിടന്നത്.. അവൻ അത്ഭുതത്തോടെ അവളെ നോക്കിയതും വെറുതെ എന്നവൾ കണ്ണുചിമ്മി കാട്ടി.. അവൻ മെല്ലെ അവളെ തന്നോട് ചേർത്തുപിടിച്ചു.. അവന്റെ നെഞ്ചോട് ചേർന്ന് കിടന്നവൾ എപ്പോഴോ മയങ്ങിപ്പോയി..അവളുടെ ചൂടിൽ ചേർന്ന് അവനും.. ശാന്തമായി.. *********** നമുക്ക് തന്റെ വീടുവരെ പോയാലോ മാളൂ.. രാവിലെ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അനന്തൻ ചോദിച്ചത്. പോകാല്ലോ..

മാളു പുഞ്ചിരിയോടെ പറഞ്ഞു.. സിതുവേട്ടത്തി ഇന്ന് വരില്ലേ.. മ്മ് . വൈകീട്ടാകും എത്താൻ.. ഇന്നലെ ആര്യേട്ടൻ എന്നെ വിളിച്ചു.. കുറെ സോറിയൊക്കെ പറഞ്ഞു.. അച്ചു പറഞ്ഞതും അനന്തനും മാളുവും പുഞ്ചിരിച്ചു.. മാളു ഒരു ചപ്പാത്തി കൂടി അനന്തന്റെ പാത്രത്തിൽ വച്ചു.. ഇന്ന് ചപ്പാത്തിയും കറിയും സൂപ്പറാണ്.. നല്ല രുചി. സുധാമ്മ വന്നതും അവൻ പറഞ്ഞു.. ഇന്ന് മിനിയുടെ പാചകം അല്ലെടാ.. നിന്റെ ഭാര്യയുടെ പാചകമാണ്... അതോണ്ടാകും.. അനന്തൻ അത്ഭുതത്തോടെ മാളുവിനെ നോക്കി.. അവിടപ്പോഴും പുഞ്ചിരിയാണ്.. നിങ്ങൾ വീട്ടിലോട്ട് പോവാണോ.. മ്മ്..പോയിട്ട് വൈകും മുൻപിങ്ങ് വന്നോളാം അമ്മേ.. അനന്തൻ പറഞ്ഞു. മ്മ്.. നിങ്ങൾ ദൃതി വെച്ചോടി വരേണ്ട കുട്ട്യോളെ.. സമാധാനമായി പോയിട്ട് വാ.. സുധാമ്മ പറഞ്ഞു.. മാളുവും അനന്തനും പരസ്പരം നോക്കി പുഞ്ചിരിച്ചു..

പോകും വഴി ഒരു ബേക്കറിയുടെ മുൻപിൽ അനന്തൻ കാർ നിർത്തിയതും മാളു അവനെ നോക്കി.. അമ്മൂന് എന്തേലും വാങ്ങി പോകാടോ.. വാ.. അനന്തൻ ഇറങ്ങിയതും മാളുവും പിന്നാലെ ഇറങ്ങി.. അവൾക്കെന്താ ഇഷ്ടം.. അവൾക്ക് അങ്ങനെയൊന്നുമില്ല.. പിന്നെ ഉഴുന്നുവട വല്യ ഇഷ്ടമാണ്.. മാളു പറഞ്ഞു.. അവൻ എന്തൊക്കെയോ വാങ്ങുന്നുണ്ടായിരുന്നു.. മാളു ഒരു ചിരിയോടെ നോക്കി നിന്നതെയുള്ളൂ.. ഇതെന്തിനാ അനന്തേട്ടാ ഒക്കേം കൂടെ.. വല്യ കുറെ കവറുമായി കാറിൽ തിരികെ കയറിയ അനന്തനെ നോക്കി മാളു ചോദിച്ചു.. എന്റെ അനിയത്തിക്കല്ലേ.. ആ മറുപടിയിൽ മാളുവിന്റെ ഹൃദയം നിറഞ്ഞിരുന്നു..

വേലി കടന്ന് കാർ വന്നു നിന്നപ്പോഴേ കണ്ടു വാതിൽക്കൽ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന അമ്മുവിനെ..സൗദാമിനിയും ഓടിക്കിതച്ചെത്തി..തന്റെ മകളുടെ സുന്ദരമായ ജീവിതം കണ്ട് ആ അമ്മയും സന്തോഷിക്കുന്നുണ്ടായിരുന്നു.. കൊണ്ടുവന്ന പൊതികെട്ടുകൾ അവൾക്കായി നൽകുമ്പോൾ അത്ഭുതം കൊണ്ടാ മിഴികൾ നിറയുന്നുണ്ടായിരുന്നു.. അനന്ദനൊപ്പം കളിച്ചും ചിരിച്ചും സമയം കളയുന്ന അമ്മുവിനെ മാളു കണ്ണിമ ചിമ്മാതെ നോക്കി നിന്നു.. പോകാനിറങ്ങുമ്പോൾ അത്രനേരവും സന്തോഷവതിയായിരുന്ന അമ്മുവിനെ മുഖം വാടുന്നത് ചെറു ചിരിയോടെയാണ് എല്ലാവരും നോക്കി കണ്ടത്.. അത്രമേൽ പ്രിയപ്പെട്ടവനായി കഴിഞ്ഞിരുന്നു അവൾക്ക് അനന്തൻ.. അവളുടെ പ്രിയപ്പെട്ട ഏട്ടൻ.. *******

കഴിഞ്ഞില്ലെടോ തന്റെ വർക്കുകൾ. അടുക്കളയിൽ പാത്രങ്ങൾ ഒതുക്കിവെച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അനന്തന്റെ ചോദ്യം.. മാളു അവനെ നോക്കി പുഞ്ചിരിച്ചു. കഴിഞ്ഞു.. പാത്രം അടുക്കിവെച്ചു അൽപ്പം വെള്ളമെടുത്തു കുടിച്ചു.. വാ.. അവനവളെ വിളിച്ചുകൊണ്ട് മുറിയിലേയ്ക്ക് ചെന്നു.. കട്ടിലിൽ ലാപ്പ്ടോപ്പ് ഓപ്പണാക്കി വെച്ചിട്ടുണ്ട്.. എന്തേലും ജോലിയിലാണോ അനന്തേട്ടാ.. മ്മ്.. താൻ വാ.. ഞാനിപ്പോ വരാം അനന്തേട്ടാ.. അതും പറഞ്ഞവൾ വാഷ്‌റൂമിലേയ്ക്ക് കയറി.. തിരിച്ചു വരുമ്പോഴേയ്ക്കും അനന്തൻ ലാപ്പിന് മുന്പിലായിക്കഴിഞ്ഞിരുന്നു.. എന്താ പരിപാടി.. ഉറങ്ങാൻ പ്ലാനൊന്നുമില്ലേ.. ഉണ്ടല്ലോ.. താനിരിക്ക്.. അവളെ പിടിച്ചവനടുത്തിരുത്തി..

ദേ നോക്കിയേ.. തന്റെ ബേസിക്ക് ഡീറ്റൈൽസ് ഒക്കെ പറയ്.. ഇതെന്താത്.. ഇത് ബി സിഎയ്ക്ക് അഡ്മിഷൻ എടുക്കാനുള്ള ആപ്പ്ളിക്കേഷൻ ആടോ.. മാളു ഞെട്ടലോടെ അനന്തനെ നോക്കി.. ഇത്.. ഇപ്പൊ. ഇപ്പൊ ആപ്പ്ളിക്കേഷൻ കൊടുക്കേണ്ട ടൈമാണ്.. നമുക്കങ്ങ് അപ്പ്‌ളൈ ചെയ്യാടോ.. അനന്തേട്ടാ അത്... എന്താടോ.. തനിക്ക് പഠിക്കാൻ താൽപര്യമില്ലേ.. അതല്ല.. പക്ഷെ ഇപ്പൊ.. ഇപ്പോഴും അപ്പോഴും ഒന്നുമില്ല.. താൻ ആ മേശയിൽ ഇരിക്കുന്ന തന്റെ ഫയൽ ഇങ്ങെടുക്ക്.. ഇതാരാ ഇങ്ങോട്ട് കൊണ്ടുവന്നത്.. അവൾ അത്ഭുതത്തോടെ ചോദിച്ചു.. ഞാൻ..അല്ലാണ്ടാരാ.. അതിനല്ലേ നമ്മളിന്ന് വീട്ടിൽ പോയത്.. അനന്തൻ കുസൃതി ചിരിയോടെ പറഞ്ഞതും അവളവനെ കൂർപ്പിച്ചു നോക്കി..

തന്റെ വല്യ ആഗ്രഹമല്ലേ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആകുന്നത്.. എന്തിനാ അതിങ്ങനെ മാറ്റി വെയ്ക്കുന്നത്.. അവളൊന്നും മിണ്ടിയില്ല.. അവൻ തന്നെ ഫയലെടുത്ത് ഡീറ്റൈൽസ് ആഡ് ചെയ്തു. പേയ്‌മെന്റും ചെയ്ത ശേഷം അവനവളെ നോക്കി.. കക്ഷി അപ്പോഴും ആലോചനയിലാണ്.. താനെന്താ ഈ കുഞ്ഞിത്തല ഇങ്ങനെ പുകയ്ക്കുന്നത്.. അനന്തൻ കള്ളച്ചിരിയോടെ ചോദിച്ചു.. അനന്തേട്ടൻ എന്താ പ്രാക്ട്ടീസ് ചെയ്യാത്തത്.. അവൾ പെട്ടെന്ന് ചോദിച്ചതും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞുപോയി.. മാളു അത് പെട്ടെന്ന് ശ്രദ്ധിച്ചു.. സോറി.. ഞാൻ വിഷമിപ്പിച്ചോ.. മാളു പെട്ടെന്ന് ചോദിച്ചതും അനന്തൻ അവൾക്കായി ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.. ഹേയ്.. പെട്ടെന്ന് കേട്ടപ്പോൾ..ഒരു കുഞ്ഞു സങ്കടം.. വേറൊന്നുമല്ല അനന്തേട്ടാ.. എംബിബിഎസ്‌ ഒക്കെ എന്ത് പാടാ പഠിക്കാൻ..

അതും കഴിഞ്ഞു നാലഞ്ചു വർഷം കഷ്ടപ്പെട്ടല്ലേ ഈ കണ്ട ഡിഗ്രി ഒക്കെ എടുത്തത്.. എന്നിട്ടെന്തിനാ ഒക്കേം വേണ്ടാന്ന് വെയ്ക്കുന്നത്.. നിഷ്കളങ്കമായ അവളുടെ ചോദ്യം കേൾക്കെ അനന്തനവളോട് വാത്സല്യം തോന്നി.. അനന്തേട്ടാ.. അവൻ മൗനമായി നിൽക്കുന്നത് കണ്ടതും മാളു അവനരികിൽ വന്നു..അവന്റെ കൈപിടിച്ചു.. അനന്തേട്ടനെ പറ്റി എനിക്കൊന്നുമറിയില്ല.. അച്ചു കഴിഞ്ഞദിവസം പറഞ്ഞതുപോലെ കല്യാണം കഴിഞ്ഞു ആഴ്ച രണ്ടാകാറാകുമ്പോഴാണ് ഭർത്താവിന്റെ ജോലി എന്താണെന്ന് പോലും ഞാൻ അറിയുന്നത്.. എങ്കിലും അനന്തേട്ടന്റെ ജീവിതത്തിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് എന്നറിയാം.. അറിയാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല... അതേപ്പറ്റി ഞാൻ ചോദിച്ചാൽ ചിലപ്പോ അനന്തേട്ടൻ മറക്കാൻ ആഗ്രഹിക്കുന്നതൊക്കെ വീണ്ടും ഓർക്കേണ്ടി വന്നാലോ എന്നാലോചിച്ചിട്ടാ ചോദിക്കാത്തത്.. മാളുവിനെ അനന്തൻ നോക്കി..

അവൻ അവളുടെ തോളിലേയ്ക്ക് കൈചേർത്തു.. മാളു ആ കയ്യിലേയ്ക്കും അവനെയും മാറി മാറി നോക്കി.. ഇരിക്ക്. അവനവളെ ഇരുത്തി കൂടെയിരുന്നു.. വേറൊന്നുമല്ലെടോ.. അവൻ അവളുടെ കുഞ്ഞികണ്ണുകളിലേയ്ക്ക് നോക്കി.. അതിലപ്പോഴും ജിജ്ഞാസയാണ്.. ഒരാളുടെ ജീവനെടുത്ത കയ്യാണ് ഇത്.. ഈ കൈകൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാൻ ഞാൻ ആർഹനല്ല എന്നൊരു തോന്നൽ.. മാളുവവന്റെ കണ്ണിലേക്ക് നോക്കി.. ഞെട്ടലോടെ.. പലവട്ടം ചുറ്റുമുള്ളവർ പറഞ്ഞറിഞ്ഞിട്ടും അവനെ അറിഞ്ഞുതുടങ്ങിയപ്പോൾ ഒരിക്കലും അവനൊരാളെയും ഉപദ്രവിയ്ക്കാൻ കഴിയില്ലെന്നൊരു വിശ്വാസം ഉണ്ടായിരുന്നു.. പക്ഷേ ഈ നിമിഷം.. അവളുടെ കണ്ണൊന്ന് നിറഞ്ഞു.. അനന്തേട്ടൻ.. അനന്തേട്ടനാണോ അയാളെ..

എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റില്ല അനന്തേട്ടാ. ഞാനറിയുന്ന അനന്തേട്ടനതിന് കഴിയില്ല.. മാളു വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.. അവളുടെ നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും കാണേ അവനും നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടു.. അവനവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തു.. പിന്നെയാ നെറുകയിൽ മെല്ലെ ചുംബിച്ചതും അവളുടെ കൈകൾ അവനെ ചുറ്റിപ്പിടിച്ചിരുന്നു.. ഞാനാടോ.. ഞാനാ ഈ കയ്യോണ്ടാ അവനെ.. അനന്തൻ വിറവലോടെ പറയുമ്പോഴും അവന്റെ കൈകൾ അവളിൽ മുറുകുന്നുണ്ടായിരുന്നു.. അവന്റെ ഹൃദയത്തിൽ തെളിമയോടെ പല ചിത്രങ്ങളും കടന്നുവന്നു.. ഹൃദയമിടിപ്പിന്റെ വേഗത കൂടി.. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.. ശരീരത്തിൽ ഒരു വിറയൽ തോന്നി..അനന്തൻ വീണ്ടും വീണ്ടും അവളെ കൂടുതൽ ശക്തമായി തന്നോട് ചേർത്തു.. ഒരാശ്രയത്തിനെന്നോണം...............തുടരും………

പ്രിയം : ഭാഗം 19