പ്രിയം: ഭാഗം 19

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൾ അവനെ നോക്കി..ആ താനൊന്ന് പുഞ്ചിരിച്ചു.. ഇഷ്ടം മാത്രം പോരല്ലോ.. വിധിയും വേണ്ടേ.. ആ വാക്കുകളിലെ നഷ്ടബോധം മനസ്സിലാക്കാൻ അവൾക്ക് വേഗം കഴിയുമായിരുന്നു.. അവളവനെ നോക്കി.. അപ്പോഴും ആ ചുണ്ടിൽ ഒരു ചെറു ചിരി ഉണ്ടായിരുന്നു. അവന്റെയുള്ളിലെ വേദനകൾ മുഴുവൻ നിറഞ്ഞൊരു പുഞ്ചിരി.. അനന്തേട്ടനെപ്പറ്റി എനിക്കൊന്നും അറിയില്ലല്ലേ.. മാളു ഒട്ടൊരുനേരത്തെ മൗനത്തിനു ശേഷം ചോദിച്ചു.. എന്താ തനിക്കറിയേണ്ടത്.. എന്നോട് ചോദിച്ചാൽ പോരെ.. അവൻ ചോദിച്ചു.. മാളു മെല്ലെ അവന്റെ തോളിലേയ്ക്ക് ചാഞ്ഞു.. താൻ ശെരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ മാളൂ.. മ്മ്.. അവളൊന്ന് മൂളിയതേയുള്ളൂ.. ശെരിക്കും. ആ ചോദ്യത്തിൽ ആശ്ചര്യമുണ്ടായിരുന്നു.. സ്നേഹമുണ്ടായിരുന്നു.. പ്രണയമുണ്ടായിരുന്നു.. അവൾ നേർമയായി ചിരിച്ചു.. ആ ചിരി അനന്തനിൽ നിറച്ച സന്തോഷം ചെറുതായിരുന്നില്ല..

കുറെയേറെ നാളുകൾക്ക് ശേഷം തനിക്ക് കിട്ടിയ വിലപ്പെട്ട നിധിയെന്നോണം അവനവളെ മെല്ലെ.. അത്ര പതിയെ.. മൃദുവായി ചേർത്തുപിടിച്ചു.. ഒരു കൊച്ചു കുഞ്ഞിന്റെ നൈർമല്യത്തോടെ അവളത് ആസ്വദിച്ചു.. കണ്ണുകൾ ചേർത്തടച്ചവന്റെ ചൂടിൽ ചേർന്നു നിന്നു.. എന്താ നിങ്ങൾക്കിടയിൽ ഉണ്ടായേ.. ജാതകം.. അവൾ അവനെ നോക്കി.. പ്രണയം..അതെത്ര തീവ്രമെന്ന് എന്നെ പഠിപ്പിച്ചവൾ.. ശാന്തമായി ഒഴുകുന്ന പുഴ പോലെയായിരുന്നു ഞങ്ങളുടെ പ്രണയം.. അലതല്ലി എങ്ങും ശബ്ദകാഹളം ഉണ്ടാക്കിയില്ല.. മറ്റാരെയും അറിയിച്ചില്ല.. ഒരു കയ്യകലത്തിൽ അവൾ നിൽക്കുമ്പോഴും ആ കണ്ണിൽ കാണുന്ന തിളക്കമൊന്നിലൂടെ മാത്രാ. പ്രണയം കൈമാറിയവർ..

അനന്തൻ ഏതോ ഓർമ്മയിൽ പുഞ്ചിരിച്ചു.. മാളുവാ ചിരി നോക്കി നിൽക്കെ അവന്റെ പിടുത്തം മുറുകി.. തെറ്റിദ്ധരിക്കരുത്.. ദർശ ഇന്നെന്റെ സൗഹൃദമാണ്.. എന്നെ താങ്ങി നിർത്തുന്ന എന്നെ അത്രമേൽ അറിയുന്ന സൗഹൃദം.. അറിയാം..എനിക്ക് അറിയേണ്ടത് അന്നത്തെ നിങ്ങളിൽ നിന്ന് ഇന്നത്തെ നിങ്ങളിലേക്ക് എത്തിയ ദൂരമാണ്.. മാളു പറഞ്ഞു.. അവളുടെ വാക്കുകളിലെ ആത്മവിശ്വാസം..തന്നെ ചേർത്തുപിടിച്ചു നിൽക്കുന്നവനിലുള്ള അത്രമേൽ ദൃഢമായ വിശ്വാസം അവളുടെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു..അതറിഞ്ഞെന്നോണം അനന്തന്റെ കൈകൾ അവളിൽ ഒന്നുകൂടി മുറുകി.. പ്ലസ് വണ്ണിന് സ്കൂളിൽ ചേർന്നപ്പോഴായിരുന്നു ആദ്യമായി ദർശയെ കാണുന്നത്..

എന്റെ ക്ലാസ്സിൽ നിശബ്ദമായി ബഹളങ്ങളേതും ഇല്ലാതെ ഇരിക്കുന്ന ഒരുവൾ.. അനന്തേട്ടനെപോലെ.. മാളു ഇടയിൽ ചിരിയോടെ പറഞ്ഞു.. അവനും അവളെ നോക്കി ചിരിച്ചു.. അതേ.. അതായിരുന്നു ഞങ്ങൾ തമ്മിൽ അടുക്കാനുള്ള കാരണവും.. അടുത്ത കൂട്ടുകാർക്ക് പോലും അറിയാത്ത പ്രണയം.. ചേർത്തുപിടിക്കാറുണ്ട്.. ചേർന്നിരിക്കാറുണ്ട്.. പക്ഷെ അതൊരിക്കലും പ്രണയത്തിന്റെ മുകളിൽ കാമത്തെ ചാലിച്ചായിരുന്നില്ല.. കാതങ്ങൾ ദൂരെയെങ്കിലും എന്റെ മുഖമൊന്ന് വാടിയാൽ ശ്വാസനിശ്വാസമൊന്ന് ഇടറിയാൽ തിരിച്ചറിയുന്നവൾ.. മെഡിസിനും ആദ്യം ഒന്നിച്ചായിരുന്നു.. പിന്നെ സ്പെഷ്യലൈസേഷൻ എടുത്തപ്പോൾ രണ്ടു ക്ലാസ്സിൽ..

പക്ഷെ അന്നും ഞങ്ങൾക്കുള്ളിലെ പ്രണയം അത്രമേൽ ശക്തമായിരുന്നു.. ദർശ പാവമായിരുന്നു.. ഒത്തിരി പാവം.. 12 വർഷത്തെ പ്രണയം.. രണ്ടു വീട്ടിലും അറിയാമായിരുന്നു..പക്ഷെ ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.. ഞാൻ അവളെ വിളിച്ചോന്ന് കിട്ടിയില്ലെങ്കിൽ വിളിക്കുന്നത് ശാന്തി ആന്റിയെ ആയിരുന്നു.. ഇവിടെ അമ്മയ്ക്ക് ദർശ എന്നാൽ ജീവനായിരുന്നു..അത്രയും സ്വാതന്ത്ര്യം ഉണ്ടായിട്ടും ഞങ്ങൾക്കിടയിൽ ഒരു തെല്ല് പോലും ആവശ്യമില്ലാത്ത ഒരു സ്പർശം പോലും ഉണ്ടായിട്ടില്ല.. ആ ഉറപ്പ് വീട്ടുകാർക്കും ഉണ്ടായിരുന്നത്കൊണ്ട് തന്നെ ഞങ്ങൾക്ക് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.. പിന്നെന്തിനാ ദർശേച്ചിയെ വിട്ട് കളഞ്ഞേ.. മാളു നിഷ്കളങ്കമായി ചോദിച്ചു..

വിവാഹത്തിന് മുഹൂർത്തം നോക്കാൻ പോയതാണ് അമ്മയും ശാന്തി ആന്റിയും..അതുവരെ എല്ലാം ശാന്തമായിരുന്നു.. ഒരുപക്ഷേ ഞാനും ദർശയും അത്രമേൽ അവസാനമായി സന്തോഷിച്ച ദിവസം.. ജാതകപ്പൊരുത്തം ഇല്ലായിരുന്നു.. എന്റേത് ശുദ്ധ ജാതകവും ദർശയുടേത് പാപജാതകവും ആയിരുന്നു അത്രേ.. ചേർന്നാൽ വൈധവ്യം ഫലം.. വിളിച്ചതാണ് കൂടെ വരാൻ.. വന്നില്ല.. എന്റെ മരണം അവൾക്ക് താങ്ങാൻ കഴിയില്ലായിരുന്നല്ലോ... അവന്റെ കണ്ണുകളിൽ നിന്നൊരിറ്റ് തുള്ളി പൊഴിഞ്ഞു വീണു.. മാളു അവനെ നോക്കി.. പിന്നെ നേരെ നിന്നവന്റെ മുഖം തുടച്ചു.. അവനെ നോക്കി കണ്ണുചിമ്മി കാട്ടി.. പറഞ്ഞതിലേറെ പറയാൻ മാറ്റിവെച്ചവൻ അവൾക്കായി ഭംഗിയോടെ പുഞ്ചിരിച്ചു..

അപ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്.. ദച്ചു ആകും.. അവൻ പറഞ്ഞു.. എടുക്ക്..ഞാൻ താഴെ പോയി വെള്ളമെടുത്തിട്ട് വരാം.. അവൾ പറഞ്ഞു.. മാളൂ.. അനന്തൻ വിളിച്ചതും മാളു തിരിഞ്ഞു നോക്കി.. ഈ വീട്ടിൽ വന്നപ്പോൾ എനിക്ക് ഏറ്റവും പേടി നിങ്ങളെയായിരുന്നു.. എനിക്കൊട്ടും വിശ്വാസമില്ലാഞ്ഞതും നിങ്ങളെയായിരുന്നു.. പക്ഷെ ഇന്നീ നിമിഷം മാളുവീ ലോകത്തേറ്റവും വിശ്വസിക്കുന്നത് നിങ്ങളെയാണ്.. അതും പറഞ്ഞു കണ്ണുചിമ്മികാട്ടി അവൾ താഴേയ്ക്ക് പോയി.. മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം...

ദർശയുടെ പാട്ടിനെ ഉള്ളിലേക്ക് ആവാഹിച്ചവൻ കണ്ണടച്ചു.. എന്താണ് വിരഹകാമുകൻ ചെ.. ഭർത്താവ് റോളൊക്കെ അഴിച്ചുമാറ്റി ഭർത്താവ് റോൾ കെട്ടിയോ അനന്താ.. അനന്തൻ ചിരിച്ചു.. മാളു.. ദർശ ചോദിച്ചു.. ഇത്രനേരവും എന്റടുത്തുണ്ടായിരുന്നു.. കോൾ വന്നപ്പോൾ താഴേയ്ക്ക് പോയി.. ദർശ മൗനമായി നിന്നു.. താനായിരുന്നു ടോപ്പിക്ക്.. മ്മ് . ഊഹിച്ചു.. അവൾ പറഞ്ഞു.. ഞാൻ വിളിച്ചതും അതോണ്ടാണ്.. അല്ല കെട്ട് കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞല്ലോ.. എന്നാ ഇങ്ങോട്ട് വരുന്നത്.. ദർശ ചോദിച്ചു.. മറ്റന്നാൾ.. അവൻ പറഞ്ഞു.. എങ്കിൽ ഓകെ.. അങ്ങോട്ട് ഒന്ന് ചൂടാകാൻ വന്നതാ.. വരാമെന്ന് പറഞ്ഞതുകൊണ്ട് വിടുന്നു.. ചന്ദ്രികാമ്മ.. അവൻ ചോദിച്ചു.. എന്റെ തൊട്ടടുത്തുണ്ട്.. കേട്ടോണ്ട് ചിരിക്കുന്നു..

മറ്റന്നാൾ വരുമ്പോ എല്ലാരും ഉണ്ടാകുമിവിടെ.. വരാന്ന് പറഞ്ഞിട്ട് മുങ്ങിയത്‌ കൊല്ലും ഞാൻ.. ദർശ ഓർമിപ്പിച്ചു.. വരാടോ...പ്രോമിസ്.. അവൻ പറഞ്ഞു.. പിന്നെയും എന്തൊക്കെയോ പറഞ്ഞു കുറച്ചു കഴിഞ്ഞാണ് അവൻ ഫോൺ വെച്ചത്.. അനന്തൻ ചുറ്റും നോക്കി.. തനിക്ക് ചുറ്റുമുള്ള ഇരുട്ടിന് ഇന്ന് പ്രണയത്തിന്റെ തെളിച്ചമുണ്ടെന്ന് അവനു തോന്നി.. അവൻ റൂമിലേയ്ക്ക് ചെല്ലുമ്പോൾ മാളു മേശയിൽ അവസാന ബുക്കും ഭംഗിയായി ഷെൽഫിൽ അടുക്കികഴിഞ്ഞിരുന്നു..അവനെ കണ്ടതും എങ്ങനെ എന്നവൾ കണ്ണു കാണിച്ചു.. സൂപ്പറെന്നവൻ കൈകൊണ്ട് കാണിക്കുകയും ചെയ്തതോടെ മാളു വീണ്ടും ചിരിച്ചു.. നാളെ സിത്തൂന്റെ വീട്ടിൽ പോണം.. പോകും വഴി അവിടുള്ളോർക്ക് ഡ്രെസ്സും എടുക്കണം..

കട്ടിലിൽ ഇരുന്നുകൊണ്ട് അനന്തൻ പറഞ്ഞു.. അവിടെ ആരൊക്കെയുണ്ട്.. അമ്മായിയും അമ്മാവനും മാത്രം..ഒറ്റ മോളാണ് സിത്തു.. അവൻ പറഞ്ഞു.. മാളു ചിരിയോടെ അവനരികിൽ വന്നിരുന്നു.. കിടക്കാടോ.. ഇന്നെന്തോ നന്നായി ഉറക്കം വരുന്നുണ്ട്.. അനന്തേട്ടൻ കിടന്നോ.. ഞാൻ പോയി അച്ചുവിനൊരുത്തിരി കണക്ക് പറഞ്ഞുകൊടുത്തിട്ട് വരാം..അവള് കുറേമുമ്പ് ചോദിച്ചിരുന്നു.. മ്മ്.. പണ്ടൊക്കെ എന്റടുത്തായിരുന്നു.. ഇപ്പോ കുറച്ചായി എന്റെ കോണ്സൺഡ്രേഷൻ പോയിട്ട്.. അതോണ്ട് ഇപ്പൊ അവളൊറ്റയ്ക്കാ പഠിത്തം.. അനന്തൻ കിടന്നുകൊണ്ട് പറഞ്ഞു.. അനന്തേട്ടൻ ഉറങ്ങിക്കോ... ഞാൻ വന്നോളാം.. ലൈറ്റ് അണയ്ക്കണോ.. മ്മ്.. അവനൊന്ന് മൂളി..

അവൾ ചെറു ചിരിയോടെ എഴുന്നേറ്റ് ലൈറ്റ് അണച്ചു.. ഫോൺ കയ്യിലെടുത്തോടോ.. ഇങ്ങോട്ട് വരുമ്പോ ഇരുട്ടാകും.. അവൻ പറഞ്ഞതും അവൾ ഫോൺ കയ്യിലെടുത്തു പുറത്തേക്കിറങ്ങി വാതിൽ ചാരി.. തിരിച്ചു മാളു വരുമ്പോഴേയ്ക്കും ഒരുപാട് വൈകിയിരുന്നു.. അവൾ റൂമിലെ ലൈറ്റ് ഇട്ട് അൽപ്പം വെള്ളം കുടിച്ചു.. തിരിഞ്ഞപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന അനന്തനെ കണ്ടത്.. അവളാ മുഖത്തേയ്ക്ക് നോക്കി നിന്നു.. ശാന്തമായ ഉറക്കം.. നീളൻ മുടിയിഴകൾ അലസമായി മുഖത്തേയ്ക്ക് വീണു കിടപ്പുണ്ട്.. അത് കണ്ടതും മാളു മുട്ടുകുത്തി നിലത്തിരുന്നു..മെല്ലെയാ മുടിയിഴകൾ ഒതുക്കി വെച്ചവൾ അൽപ്പനേരം അവനെ നോക്കിയിരുന്നു..

ലൈറ്റ് അണച്ചു അവനരികിൽ കിടക്കുമ്പോഴും മാളുവിന്റെ മുഖത്തൊരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു.. അവനോടുള്ള പ്രണയം നിറഞ്ഞ പുഞ്ചിരി.. ********* അമ്മാവനും അമ്മായിയും എങ്ങനുണ്ട്.. സിത്തുവിനെ വീട്ടിലാക്കി വിരുന്നും കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അനന്തന്റെ ചോദ്യം.. ശെരിക്കും സിത്തുവേച്ചിയെ പോലെ തന്നെ. പാവങ്ങളാണ്.. അവൾ പുഞ്ചിരിയോടെ പറഞ്ഞു.. അനന്തേട്ടാ.. അവളൊരു ഈണത്തിൽ വിളിച്ചു.. അവനവളെ നോക്കി.. ഞാൻ..ഞാൻ ജോലിക്ക് പൊയ്ക്കോട്ടെ.. അവൻ കാർ ഒരു സൈഡിലേയ്ക്ക് നിർത്തി അവളെ അത്ഭുതത്തോടെ നോക്കി.. അല്ല.. കടേല്.. ജോലി വേണ്ടാന്ന് വെച്ചിട്ടല്ല. ലീവ് എഴുതികൊടുത്തിട്ടാ പോന്നേ..

അനന്തേട്ടന് വിരോധമില്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടെ.. അതല്ലേൽ ജോലി വേണ്ടാന്ന് പറയണം.. അവർക്ക് വേറെ ആളെ എടുക്കണമല്ലോ.. ജോലിക്ക് പോകുന്നതിൽ എനിക്ക് വിരോധമൊന്നുമില്ലെടോ.. പക്ഷെ താൻ ഡിഗ്രിക്ക് ചേരാൻ പോവാണെന്ന് പറഞ്ഞിട്ട്.. ഇതിപ്പോ കടയിൽ പോയാൽ പഠിത്തം എന്താകും.. അവൻ ചോദിച്ചു.. ചേർന്നില്ലല്ലോ..അതോണ്ടാ.. മ്മ്.. തനിക്ക് ഇഷ്ടമാണെങ്കിൽ പൊയ്ക്കോടോ.. അതല്ലെങ്കിൽ താൻ മറ്റൊരു ജോലി നോക്ക്.. ഇത് നല്ല പാടല്ലേ.. പ്ലസ് 2 യോഗ്യത വെച്ചിട്ട് ഇത് തന്നെ ധാരാളമാണ്.. പിന്നെ ജോലി ഉണ്ടായിരുന്നപ്പോ വീട്ടിൽ അതൊരു വലിയ സഹായമായിരുന്നു.. അച്ഛന്റെ മരുന്നിനും വീട്ടാവിശത്തിനും പിന്നെ അമ്മൂന്റെ പഠിത്തവും ഒക്കെ ആ വഴിക്ക് നടന്നിരുന്നു.. അവൾ പറഞ്ഞു.. ദേവൻ.. അയാളൊന്നും സഹായിക്കില്ലേ വീട്ടിൽ..

അനന്തൻ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് ചോദിച്ചു.. മ്മ് ഹും.. പണ്ട്.. അച്ഛന് വയ്യാണ്ടാകുന്നതിന് മുൻപൊക്കെ അച്ഛനെ സഹായിക്കാൻ വേണ്ടീട്ട് കുറച്ചു കൃഷിപ്പണിയൊക്കെ ഏട്ടനുണ്ടായിരുന്നു..അന്നൊക്കെ അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടീട്ട് തന്നാൽ കഴിയുന്നതൊക്കെ ഏട്ടൻ ചെയ്യുമായിരുന്നു.. പിന്നെ.. പിന്നെ ഒക്കെ മാറിപ്പോയി..എല്ലാം.. അവൾ മുഖം താഴ്ത്തി.. അയാൾക്കെന്താ പറ്റിയത്.. കൂട്ടുകെട്ട് ആകും.. ആ ടോണിയുമൊക്കെയായിട്ട്.. അവരാരും ശെരിയല്ല.. എന്തൊക്കെയോ പറഞ്ഞു തിരിച്ചതാണ് ദേവേട്ടനെ..ഒടുവിൽ അയാളുമായി എന്റെ കല്യാണം ഉറപ്പിച്ചതിനാണ് ചെറിയമ്മയും ദേവേട്ടനും വഴക്കിട്ടതും നമ്മുടെ കല്യാണം നടത്തിയതും.. മാളു പറഞ്ഞു..

അനന്തനവളെ നോക്കി.. മ്മ്.. അത് വിട്.. താൻ ഗ്ലൂമി ആകേണ്ട.. അവൻ അവളെ തട്ടി പറഞ്ഞു.. അവൾ അവനെ നോക്കി കണ്ണൊന്ന് തുടച്ചു.. സത്യത്തിൽ ഞാൻ അനന്തേട്ടനെ വല്ലാതെ നോവിച്ചിട്ടുണ്ടല്ലേ.. അവനവളെ നോക്കി.. കുറെ തെറ്റിദ്ധാരണകൾ മനസ്സിൽ ഉണ്ടായിരുന്നു.. പിന്നെ അവരും വിളിച്ചങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.. ചിന്തിക്കാനുള്ള ബോധം പോലും നഷ്ടപ്പെട്ടു...പേടിയും നിസ്സഹായതയും മാത്രം.. അവളുടെ കണ്ണിൽ നിന്നൊരുത്തുള്ളി കണ്ണുനീർ കവിളിലേയ്ക്ക് ഒഴുകിയിറങ്ങി.. അവൾ പുറത്തേയ്ക്ക് നോക്കി കണ്ണു തുടച്ചു.. താൻ കരയേണ്ട.. അവൻ പറഞ്ഞതും അവൾ ഒന്നവനെ നോക്കി.. അനന്തേട്ടന്റെ സ്ഥാനത്ത് ഇടയ്ക്ക് ഞാൻ എന്നെത്തന്നെ നിർത്തി നോക്കിയപ്പോഴാണ് ചെയ്തതൊക്കെ എത്ര വലിയ തെറ്റായിരുന്നു എന്നു ബോധ്യമായത്.. സോറി അനന്തേട്ടാ.. അവൾ പറഞ്ഞതും അവൻ പുഞ്ചിരിച്ചു.. വിട്ട് കളയെടോ...ഞാനതൊക്കെ മറന്നു തുടങ്ങി..

അവൻ ചിരിച്ചതും മാളു അവനെ നോക്കിയിരുന്നു.. ആ പിന്നെ ജോലിക്ക് പോകുന്നതൊക്കെ കൊള്ളാം പഴയപോലെ വഴിയൊന്നും അറിയാതെ വല്ലേടത്തും പോയി നിൽക്കരുത്.. ഞാൻ പഴയപോലെ കറങ്ങി നടക്കുവോന്നുമല്ല... ഇപ്പൊ ഉത്തരവാദിത്വമുള്ള ഭർത്താവാണ് ഞാൻ.. കറക്കമൊക്കെ കുറഞ്ഞു.. അവൻ കുസൃതിയോടെ പറഞ്ഞതും മാളുവും ചിരിച്ചു.. അത് സാരമില്ല.. ഇനി വഴി തെറ്റില്ല.. ഞാനും പഴയതുപോലെ അല്ല.. എനിക്കും ഉത്തരവാദിത്വമുള്ള ഭർത്താവുണ്ട്.. ലേറ്റായാലും എന്നെ വന്നു കൊണ്ടുപോയ്ക്കോളും.. അവളതേ ചിരിയോടെ പറഞ്ഞു.. ഓഹോ.. അപ്പോ കട്ടയ്ക്ക് പിടിക്യാണ് അല്ലെ.. അതെല്ലോ.. അവളും പറഞ്ഞു.. നന്നായി.. അവനതും പറഞ്ഞു ഡ്രൈവിങ്ങിലേയ്ക്ക് ശ്രദ്ധ തിരിച്ചു.. അവളുമപ്പോൾ മറ്റൊരു ലോകത്തായിരുന്നു.. ഉള്ളിൽ അവനോട് തോന്നുന്ന പ്രണയത്തിന്റെ ലഹരിയിൽ.. **********

കേറി വാ.. കാർ വന്ന് നിന്ന് അനന്തനും മാളുവും ഇറങ്ങുമ്പോൾ തന്നെ ദർശ വാതിൽക്കൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അവർ ഇറങ്ങിയതും ദർശ വേഗം മുറ്റത്തേക്ക് ഓടിവന്ന് മാളുവിന്റെ കൈപിടിച്ചു അത്രമേൽ സന്തോഷത്തോടെ അകത്തേയ്ക്ക് വിളിച്ചു.. വാടോ.. അനന്തനും അവളെയും വിളിച്ച് അകത്തേയ്ക്ക് നടന്നു.. ഒരു പുതിയ മോഡലിൽ നിർമ്മിച്ച വീട്.. ഭംഗിയായി ഇന്റീരിയർ ഡിസൈനും ലാൻഡ്സ്കേപ്പിംഗും ചെയ്ത് അലങ്കരിച്ചിരിക്കുന്നു.. ഇരിക്ക്.. അമ്മേ.. ദേ അവരെത്തി.. ദർശയുടെ സന്തോഷവും ഉത്സാഹവും മാളു കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു.. അവൾക്കെന്തോ സങ്കടം തോന്നി.. ഇത്രമേൽ സ്നേഹിച്ചിരുന്നിട്ടും വേർപിരിയേണ്ടി വന്നവർ..

എന്തുകൊണ്ടായിരിക്കും തനിക്ക് പകരം അനന്തേട്ടന് ദർശേച്ചിയെ ആലോചിക്കാതിരുന്നത്.. മാളു ആലോചനയോടെ ഇരുന്നതും വീൽചെയറിൽ ഒരു സ്ത്രീ വന്നു..ഏകദേശം 60ണ് മുകളിൽ പ്രായം വരും.. അവരെ കൊണ്ടുവന്നത് ഏകദേശം അതേ പ്രായമുള്ള മറ്റൊരു സ്ത്രീയായിരുന്നു.. ചന്ദ്രികാമ്മേ.. അനന്തൻ വേഗം എഴുന്നേറ്റ് അവർക്കരികിൽ ചെന്ന് മുട്ടുകുത്തി ഇരുന്നു.. ആ സ്ത്രീ മെല്ലെ ഭംഗിയായി പുഞ്ചിരിച്ചു.. മാളു.. അവൻ അവളെ നോക്കി അവർക്ക് പരിചയപ്പെടുത്തി.. മാളുവും എഴുന്നേറ്റ് അവർക്കരികിൽ ചെന്നു.. ചന്ദ്രികാമ്മ അവൾക്കൊരു പുഞ്ചിരി നൽകി.. മക്കളിരിക്ക്.. ദച്ചൂ കുടിക്കാൻ എന്തെങ്കിലും എടുക്ക് മോളെ.. ലൈറ്റ് ആയിട്ടല്ല..

ഹെവിയായി തന്നെ എന്തേലും കഴിച്ചിട്ടെ പോകൂ.. അനന്തൻ കുറുമ്പോടെ പറഞ്ഞു.. അല്ല.. എന്തിയെ ബാക്കിയുള്ളവർ.. അനന്തൻ ചുറ്റും നോക്കി ചോദിച്ചതും ഒരു ടോയ്‌ കാർ പാഞ്ഞു വന്നവന്റെ കാലിൽ തട്ടി നിന്നു.. അനന്തനും മാളുവും ആ കാർ വന്ന വഴിയേ നോക്കി.. കുഞ്ജൂസേ.. അനന്തൻ കുറുമ്പോടെ വിളിച്ചതും കാൽത്തളയുടെ കിലുക്കം മാളു കേട്ടു.. ആ വഴിയേ നോക്കിയതും പിച്ച വെച്ചൊരു കുഞ്ഞി പെണ്ണ് കിലുങ്ങി കിലുങ്ങി വന്നു.. ഒരു കുറുമ്പി.. ഒറ്റ നോട്ടത്തിൽ തന്നെ മാളുവിന്റെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു.. അങ്കിളിന്റെ കുഞ്ജൂസ് വായോ.. അനന്തൻ മുട്ടുകുത്തിയിരുന്ന് വിളിച്ചതും അവൾ കുണുങ്ങി കുണുങ്ങി വന്നവന്റെ കയ്യിൽ കയറി..

ശേഷം അവന്റെ പോക്കറ്റിൽ നിന്ന് വിദഗ്ധമായി കാഡ്ബറീസ് വലിച്ചെടുത്തു അവൾ.. അയ്യടി കള്ളി.. നീയത് ഇസ്‌കിയോ.. അനന്തൻ ചോദിച്ചതും അവൾ ചിരിച്ചു.. അനന്തൻ വന്നപ്പോഴേ നീ തോളിൽ കേറിയോടി പെണ്ണേ.. ശബ്ദം കേട്ടിടത്തേയ്ക്ക് മാളു നോക്കി.. ഒരു സുമുഖനായ ചെറുപ്പക്കാരൻ. ഹായ് മാളൂ.. അവൻ കൈകാണിച്ചു.. മാളു ആരെയും മനസ്സിലാകാതെ ഒന്നു ബദ്ധപ്പെട്ട് ചിരിച്ചു.. അല്ല.. മാളൂന് ഞങ്ങളെയൊക്കെ മനസ്സിലായോ.. വീൽചെയറിൽ പിടിച്ചു നിന്ന അമ്മ ചോദിച്ചു.. എന്റെ പേര് ശാന്തി.. ദർശേച്ചീടെ അമ്മയാണോ.. മ്മ്.. അവർ ചിരിച്ചു.. ഇത് ചന്ദ്രികച്ചേച്ചി.. അവിനാശിന്റെ അമ്മയാണ്. കൂട്ടത്തിലുള്ള ചെറുപ്പക്കാരനെ നോക്കി വർ പറഞ്ഞതും അവൾ പുഞ്ചിരിച്ചു..

ശാന്തി പറഞ്ഞതും മാളു ദര്ശയെ നോക്കി..അവൾ ചിരിയോടെ നിൽക്കുകയാണ്.. ഇത് എന്റെ പ്രിയപ്പെട്ട കെട്ട്യോൻ.. അവിനാശ് മാധവ്.. ദർശ അവിനാശിന്റെ തോളിൽ കയ്യിട്ട് പറഞ്ഞതും മാളു ഞെട്ടലോടെ അനന്തനെ നോക്കി.. അവനപ്പോഴും നിറഞ്ഞ ചിരിയോടെ നിൽക്കുകയാണ്.. പിന്നെ ഇത് ഞങ്ങളുടെ കുഞ്ചു.. അനന്തന്റെ തോളിൽ ഇരിക്കുന്ന കുഞ്ചുവിനെ നോക്കി അവൾ പറഞ്ഞു.. മാളു അവർക്കൊക്കെ ഒരു പുഞ്ചിരി നൽകി.. അപ്പോഴും അവളുടെ ഹൃദയത്തിൽ എവിടെയോ ഒരു കുഞ്ഞു വേദന അവൾക്ക് തോന്നി.. അപ്പൊ അതുകൊണ്ടാണ് വീണ്ടും അനന്തേട്ടന്റെ ജീവിതത്തിലേക്ക് ദർശേച്ചി വരാഞ്ഞത് എന്നവൾ മനസ്സിലോർത്തു.. താനെന്താടോ ഇങ്ങനെ ആലോചിക്കുന്നത്.. ഇരിക്ക്..

എങ്ങനുണ്ട് ജീവിതമൊക്കെ.. അവിനാശാണ്.. അവൾ ചിരിച്ചു.. ജീവിതമൊക്കെ അടിപൊളിയായി പോകുന്നു.. അനന്തനാണ് മറുപടി പറഞ്ഞത്.. ആ മറുപടിയിൽ അവിടെ എല്ലാവരുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരി മാളു കണ്ടിരുന്നു.. അൽപ്പനേരം കൊണ്ടുതന്നെ അവരൊക്കെയുമായി മാളു ഒരുപാട് അടുത്തിരുന്നു.. ചന്ദ്രികാമ്മ.. 9 വർഷം മുൻപ് നടന്ന ഒരു ആക്സിഡന്റിൽ തളർന്നു പോയതാണ് അവർ.. അവിനാശിന്റെ അച്ഛനും ആ അപകടത്തിൽ മരിച്ചതോടെ അവർ പിന്നെ സംസാരിച്ചിട്ടേയില്ല.. ശാന്തി എന്ന ദർശയുടെ അമ്മയും രാധാകൃഷ്ണൻ എന്ന അച്ഛനും അവിനാശും കുഞ്ഞും ചന്ദ്രികാമ്മയും അടങ്ങുന്ന ഒരു കുടുംബം..

ആ കുടുംബത്തിലെ സന്തോഷം അവരുടെ ഓരോരുത്തരുടെയും മുഖത്തുനിന്ന് അറിയാമായിരുന്നു.. അൽപ്പനേരം കൊണ്ടുതന്നെ മാളുവും അവർക്ക് ഏറെ പ്രിയങ്കരിയായി.. ഉച്ചയൂണും കഴിഞ്ഞാണ് അവർ അവിടുന്ന് തിരിച്ചത്.. ഇറങ്ങുമ്പോഴും മാളുവിന്റെ കണ്ണുകൾ അവരെ തേടി ചെന്നിരുന്നു.. ആ സ്നേഹം കണ്ട് മതിയാകാത്തത് പോലെ.. അത്രമേലിഷ്ടത്തോടെ.. ********** ദർശേച്ചിയുടെ കല്യാണം കഴിഞ്ഞതെന്താ അനന്തേട്ടൻ പറയാഞ്ഞത്.. രാത്രി ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു മാളു ചോദിച്ചത്.. അവൻ പുഞ്ചിരിച്ചു.. അത് തനിക്കൊരു സർപ്രൈസ് ആകട്ടെന്ന് കരുതി.. അവൾ ചിരിച്ചതെയുള്ളൂ.. നല്ല ഫാമിലി... അല്ലെ.. മ്മ്.

സത്യത്തിൽ ഞാനീ ലോകത്ത് ഏറ്റവും ബഹുമാനിക്കുന്ന ആളാണ് അവിനാശ്.. എപ്പോഴും ആലോചിക്കാറുണ്ട് അവനെങ്ങനെ ഇങ്ങനെ ആകാൻ കഴിയുമെന്ന്.. ജാതകപ്രശ്നത്തിൽ കല്യാണം മുടങ്ങിയപ്പോൾ ദർശ തന്നെയാണ് മറ്റൊരു കല്യാണത്തെ പറ്റി പറഞ്ഞത്.. എനിക്കുവേണ്ടി തന്നെയായിരുന്നു.. അതല്ലെങ്കിൽ ഞാൻ വീണ്ടും നിർബന്ധിക്കുമെന്ന് അവൾക്കറിയാമായിരുന്നു.ആ കാര്യത്തിൽ തോൽക്കാൻ അവൾക്ക് ഭയമായിരുന്നു.. അവിനാശ് രാധാകൃഷ്ണൻ അങ്കിളിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മോനാണ്.. അവിനാശിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ അവിനശിന് അച്ഛന്റെ സ്ഥാനത്തായിരുന്നു അങ്കിൾ.. അന്ന് അയാൾക്ക് ദച്ചൂനോട്‌ ഒരു ഇഷ്ടവും ഉണ്ടായിരുന്നു..

ആ കല്യാണം ഉറപ്പിച്ച നിമിഷം അയാൾ ആദ്യം വന്നത് എന്നെ കാണാനാണ്.. അന്ന് അവിനാശ് എനിക്ക് തന്ന വാക്കാണ് ദർശ എന്നും എന്റെ നല്ല സുഹൃത്തായിരിക്കും എന്നു.. പക്ഷെ ഒന്നുകൂടി അയാൾ പ്രവർത്തിയിലൂടെ കാണിച്ചുതന്നു.. അതിനോളം പോന്ന ഒരു സൗഹൃദമായി അവിനാശും ഉണ്ടാകുമെന്ന്.. ഞാൻ തളർന്നുപോയ ഓരോ നിമിഷവും എനിക്ക് കൂട്ടായി ദർശ നിന്നപ്പോൾ അവൾക്ക് അത്രയ്ക്കൊരു സപ്പോർട്ടായി അവിനാശും ഉണ്ടായിരുന്നു... അയാൾ ഒരിക്കലെങ്കിലും ഞങ്ങൾക്കിടയിൽ ഒരു കളങ്കം സംശയിച്ചിരുന്നെങ്കിൽ ഇന്ന് അനന്തൻ ഇങ്ങനെ നിൽക്കില്ലായിരുന്നു.. അത്രയ്ക്ക് നന്ദിയുണ്ട് എനിക്ക് അയാളോട്.. അവന്റെ ശബ്ദം ഇടറിയതും മാളു ഞെട്ടലോടെ അവനെ നോക്കി..

അവന്റെ നിറഞ്ഞ കണ്ണുകൾ കാണേ അവളുടെ ഹൃദയം വിങ്ങി.. അവന്റെ കണ്ണൊന്ന് നിറഞ്ഞത് പോലും താങ്ങാൻ കഴിയാത്ത വിധം ഓരോ നിമിഷവും താൻ അവനുമായി അടുക്കുകയാണ്എന്നവൾക്ക് ബോധ്യമായി തുടങ്ങിയിരുന്നു.. അവൾ മെല്ലെ അവന്റെ തോളിലേയ്ക്ക് ചാഞ്ഞു നിന്നു.. എപ്പോഴോ പതിയെ അനന്തന്റെ കൈകൾ അവളുടെ തോളിൽ ചേരുന്നതും മെല്ലെ അവനിലേക്ക് തന്നെ അടുപ്പിക്കുന്നതും അവൾ വല്ലാത്ത സന്തോഷത്തോടെ തിരിച്ചറിയുന്നുണ്ടായിരുന്നു.. ആ തിരിച്ചറിവിൽ അവളുടെ ഹൃദയമിടിപ്പ് ഉയരുന്നുണ്ടായിരുന്നു.. പ്രണയത്തോടെ...............തുടരും………

പ്രിയം : ഭാഗം 18

Share this story