നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 42

സൂര്യകാന്തി ഒരു നിമിഷം കഴിഞ്ഞാണ് സൂര്യൻ മറുപടി പറഞ്ഞത്.. “വാഴൂരില്ലത്തെ സന്തതി സൂര്യനാരായണനാണ് ഞാൻ.. അങ്ങയുടെ ചോര.. വാഴൂരില്ലത്തെ പിന്തുടരുന്ന ശാപങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ.. ഇനി വരുന്ന
 

സൂര്യകാന്തി

ഒരു നിമിഷം കഴിഞ്ഞാണ് സൂര്യൻ മറുപടി പറഞ്ഞത്.. “വാഴൂരില്ലത്തെ സന്തതി സൂര്യനാരായണനാണ് ഞാൻ.. അങ്ങയുടെ ചോര.. വാഴൂരില്ലത്തെ പിന്തുടരുന്ന ശാപങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ.. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി.. പുകൾ പെറ്റ മഹാമാന്ത്രികരുടെ തറവാടിന്റെ ഉയിർത്തെഴുന്നേൽപ്പിനായി..” തെല്ല് നേരത്തെ നിശബ്ദതയ്ക്കൊടുവിൽ വീണ്ടും ഭൈരവന്റെ ശബ്ദം മുഴങ്ങി.. “കൊള്ളാം.. നിന്റെ ചങ്കൂറ്റം നിക്കിഷ്ട്ടായിരിക്കണൂ… ആണൊരുത്തൻ..ആട്ടെ ന്നെ സ്വശരീരത്തിലേക്ക് ക്ഷണിക്കാൻ കാരണം..?” മനസ്സിലെ വേവലാതി പുറത്തറിയാതിരിക്കാനുള്ള ശ്രെമത്തിലായിരുന്നു രുദ്ര.. സൂര്യൻ പറഞ്ഞു.. “നാഗകാളിമഠം..” വീണ്ടും നിശബ്ദത.. സൂര്യൻ തുടർന്നു.. “അങ്ങയുടെ,മേലേരിയിലെ ഭദ്രയുമൊത്തുള്ള കാലം..

അതാണ്‌ എനിക്കറിയേണ്ടത്..” “എന്തിന്..?” മറുചോദ്യം തെല്ല് പരുഷമായിരുന്നു.. “ഭൂതകാലത്തിൽ നിന്നുള്ള എന്തോ ഒന്ന് നാഗകാളിമഠത്തിനെ വേട്ടയാടുന്നു..” മുഴക്കമുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി.. പിന്നെ ആ ശബ്ദം… “അതിന്..? നാഗകാളിമഠത്തിന്റെ രക്ഷകനാകാനാണോ വാഴൂരില്ലത്തെ സൂര്യനാരായണൻറെ ഭാവം.. അത്രയും കേമിയാണോ ഉണ്ണീടെ വേളി..?” പുച്ഛമായിരുന്നു ആ ശബ്ദത്തിൽ..സൂര്യൻ മിണ്ടിയില്ല… “ന്തേ, നാവു പൊങ്ങണില്ല്യേ ഉണ്ണിയ്ക്ക്..?” സൂര്യൻ അപ്പോഴും ഒന്നും പറഞ്ഞില്ല.. തെല്ല് കഴിഞ്ഞു വീണ്ടും ഭൈരവന്റെ ശബ്ദമുയർന്നു.. “ഉണ്ണീടെ വേളിയോടൊന്ന് മാറിയിരിക്ക്യാൻ പറയ.. നിക്ക് ചിലതറിയണം…”

സൂര്യൻ രുദ്രയെ ഒന്ന് നോക്കി.. അവൾ ഒന്നും പറയാതെ വാതിലിനരികിലേക്ക് നടന്നു.. “അവൾ പോയി…” “ഉം.. ന്താ ഉണ്ണീടെ ഭാവം..?” “വാഴൂരില്ലത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനൊപ്പം നാഗകാളിമഠത്തിന്റെ പതനവും..” സൂര്യൻ ഒട്ടും പതറാതെ പറഞ്ഞു.. “മനസ്സിലായില്ല്യാ…” “നാഗകാളിമഠത്തിലെ കാവിലമ്മയോടൊപ്പം അനന്തനാഗത്തെയും നാഗമാണിക്യവും ദർശിക്കണം.. നാഗകളിമഠത്തിന്റെ നാശത്തിന് കാരണമായേക്കാവുന്ന രഹസ്യങ്ങൾ അറിയണം.. അവരുടെ വിശ്വാസം നേടിയെടുക്കണം..വാഴൂരില്ലത്തിന്റെ പ്രതാപം വീണ്ടെടുക്കണം..” തെല്ലുനേരം കഴിഞ്ഞാണ് ഭൈരവൻ പറഞ്ഞത്.. “കരുതിയതിലും സമർത്ഥനാണല്ലോ ഉണ്ണി.. ആട്ടെ ഇതിലിപ്പോ ഞാൻ ന്ത് വേണം..?”

“സ്വമനസ്സാലെ ഞാനെന്റെ ശരീരത്തിലേക്ക് അങ്ങയെ ക്ഷണിക്കുന്നു.. ഭദ്രയുടെ ജീവിതകാലത്തിനിടെ സംഭവിച്ചതെല്ലാം അങ്ങ് പറയണം.. എന്റെ പത്നിയോട്..” നിശബ്ദത.. “നാഗകാളിമഠത്തിലെ കാവിലമ്മയാണ് എന്റെ പത്നി.. ശ്രീരുദ്ര.. എന്റെ ദേഹത്ത് അങ്ങേയ്ക്ക് പ്രവേശിക്കണമെങ്കിൽ അവളുടെ അനുവാദം കൂടെ വേണം.. അവൾക്ക് കൊടുത്ത വാക്ക് നിറവേറാതെ എന്റെ ശരീരത്തിൽ തങ്ങാൻ അങ്ങേയ്ക്ക് കഴിയില്ല..” തന്റെ വാക്കുകൾ നിരസിക്കാൻ മാത്രം വിഡ്ഢിയല്ല ഭൈരവനെന്ന് സൂര്യന് നന്നായി അറിയാമായിരുന്നു.. തന്റെ ആവശ്യം എന്ത് തന്നെ ആയാലും ഭൈരവൻ അംഗീകരിക്കുമെന്നും സൂര്യന് തീർച്ചയായിരുന്നു.. ഇങ്ങനെയൊരു അവസരം അയാൾ പാഴാക്കില്ല..

അയാൾ കണക്ക് കൂട്ടലുകൾ നടത്തുകയാണെന്ന് അറിയാമായിരുന്നത് കൊണ്ടു സൂര്യൻ കാത്തിരുന്നു.. “ഉം.. ഉണ്ണിയുടെ ദേഹത്ത് പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ ഞാൻ തിരികെ ഇറങ്ങണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം.. അതറിയോ ഉണ്ണിയ്ക്ക് ..?” തന്ത്രശാലിയായ കുറുക്കനെ പോലെ കൂട്ടിയും കിഴിച്ചും തന്റെ ഉള്ളറിയാൻ ഭൈരവൻ നടത്തുന്ന ശ്രെമങ്ങളെ തിരിച്ചറിയുന്നില്ലെന്ന മട്ടിൽ സൂര്യൻ പറഞ്ഞു.. “അറിയാം.. പക്ഷെ അങ്ങയെ എനിക്ക് വിശ്വാസമാണ്…” വർഷങ്ങളായി വാഴൂരില്ലത്തെ പടിപ്പുരവാതിലിൽ ബന്ധിക്കപ്പെട്ടു നിരവധി പീഢകളാൽ വലഞ്ഞു കൊണ്ടിരുന്ന ഭൈരവന്റെ ആത്മാവ് ഏതെങ്കിലും ഒരു ശരീരത്തിൽ പ്രവേശിക്കാൻ ഇടകിട്ടിയാൽ പിന്നെ അതിൽ നിന്നും ഒഴിഞ്ഞു പോവില്ലെന്ന് ഉറപ്പാണ്..

ഇത്രയും കാലം അനുഭവിച്ചതൊന്നും അയാളുടെ വീര്യം തെല്ലും കെടുത്തിയിട്ടില്ലെന്നത് സൂര്യനിൽ മതിപ്പുളവാക്കി.. “ത്രയും അപകടകരമായ ഒരു കർമ്മത്തിന് മുതിരണമെങ്കിൽ കാര്യം നിസ്സാരമാവില്ല്യാലോ ഉണ്ണ്യേ.. നാഗകളിമഠത്തിലെ അനന്തപത്മനാഭന്റെയും പത്മദേവിയുടെയും മകളായി ഭദ്ര വീണ്ടും അവതരിച്ചുവോ..?” ഭൈരവന്റെ കൂർമ്മബുദ്ധി ഒരു നിമിഷം അമ്പരപ്പിച്ചുവെങ്കിലും സൂര്യൻ തെല്ലും പതറാതെ തന്നെയാണ് പറഞ്ഞത്.. “അങ്ങനെയൊരു സംശയം ഇല്ലാതില്ല.. പക്ഷെ വിശദാംശങ്ങളൊന്നും അറിയില്ല.. അതിന് വേണ്ടിയാണു ഇങ്ങനെയൊരു പരീക്ഷണം..” “ഉം..” സൂര്യന്റെ മറുപടിയിൽ പൂർണ്ണതൃപ്തി വന്നില്ലെങ്കിലും ഭൈരവൻ ഒന്നിരുത്തി മൂളി..

“വേളിയെ ഇങ്ങട് വിളിക്ക്യാ..” സൂര്യൻ രുദ്രയെ വിളിച്ചു.. “നാഗകളിമഠത്തിലെ കാവിലമ്മ.. നിന്റെ പതി പറഞ്ഞതൊക്കെ നിനക്കും ബോധ്യണ്ടോ..?” രുദ്ര സൂര്യനെ ഒന്ന് നോക്കി.. പിന്നെ പറഞ്ഞു.. “ബോധ്യമുണ്ട്.. എനിക്കും സമ്മതമാണ്..പകരം മേലേരിയിലെ ഭദ്രയുടെ മരണം വരെയുള്ള കാര്യങ്ങൾ എനിക്ക് അറിയണം..” രുദ്രയുടെ ഉറച്ചവാക്കുകൾ കേട്ട് ഭൈരവൻ തെല്ല് നേരം നിശബ്ദനായി.. “ശരി.. ന്നാൽ തുടങ്ങിക്കോളാ ഉണ്ണ്യേ..” സൂര്യന്റെയും രുദ്രയുടെയും മിഴികളിടഞ്ഞു..അവളുടെ ഹൃദയം പിടഞ്ഞു.. അതറിഞ്ഞെന്നോണം സൂര്യൻ പുഞ്ചിരിച്ചു.. ഉള്ളിലെ പിടച്ചിൽ അടക്കി അവളും.. സൂര്യൻ പീഠത്തിലൊന്നു നിവർന്നിരുന്നു.. മഹാദേവനെ ധ്യാനിച്ചു ഗുരുപൂജ തുടങ്ങി..

തികഞ്ഞ ഏകാഗ്രതയോടെ മന്ത്രങ്ങളുരുവിട്ട് പൂജാദ്രവ്യങ്ങൾ അർപ്പിക്കുന്ന സൂര്യനെ തന്നെ നോക്കി മനസ്സിൽ നാഗമന്ത്രങ്ങൾ ഉരുവിടുകയായിരുന്നു രുദ്ര.. “രുദ്ര ഇനി നാഗത്താന്മാർക്ക് മുൻപിൽ എത്തണമെങ്കിൽ എന്റെ പാതി കൂടെ വേണം..” മനസ്സ് കൊണ്ടു നാഗക്കാവിലെ നാഗത്തറയ്ക്ക് മുൻപിലായിരുന്നു അവളപ്പോൾ.. ഗുരുപൂജ കഴിഞ്ഞു ആവാഹന പൂജ തുടങ്ങിയിരുന്നു സൂര്യൻ.. “ഓം ഐo ഹ്രീം ശ്രീം അം സത്യെ, ഹം ശവലെ ഹസ്ഖഫ്രേ ഖർവേ ക്ലീo രാമേ, ഹസ്ഖഫ്രേ മഹാ പരിവൃതോ, ശൂന്യം പരകായ സിദ്ധി നാരദ് ഋഷി ഗായത്രി” മഞ്ഞളും കുങ്കുമവും പൂവും അർപ്പിച്ചിച്ചു കൊണ്ടു സൂര്യൻ മാനസ പൂജ തുടങ്ങി.. “ലം പൃഥ്വ്യാത്മ്യകം ഗന്ധം സമർപ്പായമി ഹൈo ആകാശാത്മ്യകം പുഷ്പം സമർപ്പായമി യം വായാത്മ്യകം ദൂപം സമർപ്പായമി…”

മൂലമന്ത്രം ജപിക്കുമ്പോൾ സൂര്യന്റെ ഭാവം മാറിതുടങ്ങിയിരുന്നു.. “ഓം പരാത്പരായെയ് വിനിർമുക്തയെയ് പരകായെയ് ഹ്രീം കുലൈശ്വര്യേ ഫട് ” അവസാനവട്ടം ഉരുവിട്ടുകഴിഞ്ഞതും സൂര്യന്റെ ഭാവം പൂർണ്ണമായും മാറിക്കഴിഞ്ഞിരുന്നു.. പൊടുന്നനെ പീഠത്തിൽ നിന്നും സൂര്യന്റെ ദേഹം പിറകിലേക്ക് മറിഞ്ഞു വീഴാൻ തുടങ്ങിയതും രുദ്ര അറിയാതെ എഴുന്നേറ്റ് പോയിരുന്നു.. പക്ഷെ അടുത്ത നിമിഷം സൂര്യന്റെ ദേഹം ശക്തിയായി ഒന്ന് വിറച്ചതിനൊപ്പം പൂർവാധികം ശക്തിയോടെ വീണ്ടും പീഠത്തിൽ അമർന്നിരുന്നു.. സൂര്യന്റെ ആത്മാവ് മയക്കത്തിലാണ്ടതിനോടൊപ്പം ഭൈരവന്റെ ആത്മാവ് ആ ദേഹത്തിൽ പ്രവേശിച്ചത് രുദ്ര അറിഞ്ഞിരുന്നു..

ഹൃദയം പറിയുന്ന വേദനയിലും തന്നെ ചുഴിഞ്ഞു നോക്കുന്ന കണ്ണുകൾ രുദ്ര കണ്ടു.. ഒരു നിമിഷം സൂര്യന്റെ ഉള്ളിലുള്ള ഭൈരവനെ രുദ്ര നേരിട്ട് കണ്ടു.. ആജ്ഞശക്തിയുള്ള ചുവപ്പ് കലർന്ന കണ്ണുകൾ.. വീതിയേറിയ കൂട്ടുപുരികം.. നീണ്ട നാസികയും സ്വല്പം തടിച്ചു മലർന്ന ചുണ്ടുകളും.. രുദ്രയുടെ ദേഹത്ത് കൂടെ ഒരു വിറയൽ കടന്നുപോയെങ്കിലും അത് പുറമെ കാട്ടാതെ ഭൈരവനെ തന്നെ നോക്കി അവളിരുന്നു.. “ഉം..നാഗകാളിമഠത്തിലെ പുതിയ കാവിലമ്മ.. അനന്തന്റെയും പത്മയുടെയും മകൾ.. സുന്ദരിയാണ്.. ന്റെ ഉണ്ണീടെ മനം കവർന്നവൾ..” ചെറുതായി ചുണ്ടൊന്ന് കടിച്ചു അവളെ ആപാദചൂഢം നോക്കിക്കൊണ്ടാണയാൾ പറഞ്ഞത്.. ഉള്ളിൽ നുരയുന്ന വെറുപ്പ് പുറത്തു കാട്ടാതെ രുദ്ര പറഞ്ഞു..

“മേലേരിയിലെ ഭദ്ര.. അവളെ പറ്റി പറയൂ..” “ഉം…” അവളെ നോക്കി ഭൈരവൻ ഇരുത്തിയൊന്നു മൂളി… “മേലേരിയിലെ ഭദ്ര.. നാഗകന്യ…” ഭൈരവന്റെ മുഴക്കമുള്ള ശബ്ദം നിലവറയിലെ കരിങ്കൽ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു.. “വിവാഹജീവിതം നിഷിദ്ധമായവൾ.. നാഗാരാധനയിൽ മുഴുകി കാലം കഴിച്ചു കൂട്ടേണ്ടവൾ പ്രണയിച്ചു.. അതും വാഴൂരില്ലത്തെ ഉണ്ണിയെ.. ആദിത്യൻ..” ഭൈരവന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.. “ചോര ന്റേതായിരുന്നെങ്കിലും അവന് കൂറ് നാഗകാളിമഠത്തിനോടായിരുന്നു.. അവരുടെ പ്രണയമായിരുന്നു നിക്ക് കിട്ടിയ പിടിവള്ളി.. ചതിയിലൂടെ ഭദ്രയെ ഞാൻ ന്റെ വശത്താക്കി.. പകയും പ്രതികാരദാഹവും കുത്തിവെച്ചു.. പക്ഷെ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല്യാ ..

സുഭദ്ര താമരക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു.. അവളുടെ പുനർജ്ജന്മത്തിനായുള്ള കാത്തിരിപ്പിൽ ഭദ്രയെ കൂടെ ഞാൻ കൂടെ കൂട്ടി.. അവളുടെ ജീവിതം തകർത്തവരോടുള്ള പ്രതികാരം .. അതുമാത്രായിരുന്നു അവളുടെ ലക്ഷ്യം..” പൊടുന്നനെ ഭൈരവൻ പൊട്ടിച്ചിരിച്ചു.. “അവളറിഞ്ഞിരുന്നില്ല്യ,അവളുടെ ജീവിതം തകർത്തവന്റെ കൈയിലെ പാവയായി മാറീത്.. അവളിലെ ക്രോധത്തെ ആളിക്കത്തിച്ചു ഞാൻ അവളെ വിഷകന്യകയാക്കി..” ചെയ്തുപോയ ക്രൂരക്ര്യത്യങ്ങളെ പറ്റി യാതൊരു മനസ്താപവുമില്ലാതെ തെല്ലഭിമാനത്തോടെ തന്നെ പറയുന്ന ഭൈരവനെ കേട്ടിരിക്കുകയായിരുന്നു ഭദ്ര.. അയാളുടെ ഭാവങ്ങൾ നിരീക്ഷിക്കുകയായിരുന്നു.. അയാൾ ഇടയ്ക്കിടെ ഇടതു പുരികമൊന്നുയർത്തി വലം കൈയിന്റെ ചൂണ്ടുവിരലാൽ ഒന്ന് തൊടും..

“അവളറിയാതെ പോയ മറ്റൊരു കാര്യം കൂടെ ണ്ടായിരുന്നു.. ഓരോ ജന്മം കഴിയുമ്പോഴും ആദിത്യൻ അവൾക്കായി പുനർജ്ജനിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. ജീവൻ ഉപേക്ഷിച്ചൊരു പുനർജ്ജന്മം ഭദ്രയ്ക്ക് ഇണ്ടാവാതിരുന്നത് കൊണ്ടു അവർക്ക് ഒരുമിക്കാൻ കഴിയുമായിരുന്നില്ല്യാ .. ഏത് രൂപത്തിൽ ആദിത്യനെ കണ്ടാലും ഭദ്രയ്ക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു.. ന്റെ സുരക്ഷയ്ക്ക് വേണ്ടി അവർ തമ്മിൽ കണ്ടുമുട്ടാതിരിക്കാൻ ഞാനും ശ്രെമിച്ചു കൊണ്ടേയിരുന്നു..” രുദ്രയെ ഒന്ന് നോക്കി ഭൈരവൻ തുടർന്നു.. “ഒരു സന്ദർഭത്തിൽ അനുയോജ്യമായ ശരീരം കിട്ടാതിരുന്നപ്പോൾ കുറച്ചു പ്രായമായ ഒരാളുടെ ദേഹത്ത് നിക്ക് പ്രവേശിക്കേണ്ടി വന്നു..

അയാൾ അറിയപ്പെടുന്ന ഒരു സംഗീതഞ്‌ജനായിരുന്നു.. ശങ്കരനാരായണൻ.. അയാളുടെ മകൾ ദേവികയുടെ ദേഹത്ത് ഭദ്രയും കുടിയേറി.. ശങ്കരനാരായണന് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു.. അവരിലൊരാളായിരുന്നു കാളിയാർമഠത്തിലെ ഗുപ്തൻ തിരുമേനി..” “അയാളുടെ ക്ഷണപ്രകാരം ഒരിക്കൽ കാളിയാർമഠത്തിലെത്തി ഞാൻ.. നാഗകാളിമഠത്തിനോട് കിടപിടിക്കുന്ന ഇല്ലം.. നാഗത്താൻകാവ്.. പക്ഷെ ന്നെ ആകർഷിച്ചത് അതൊന്നുമായിരുന്നില്ല്യ… അശ്വതി.. അശ്വതി തമ്പുരാട്ടി.. ചെമ്പകത്തിന്റെ മണമുള്ളവൾ.. ആരും മോഹിച്ചു പോവുന്നവൾ..അതുവരെ ഞാൻ കണ്ടതിൽ ഏറ്റവും സൗന്ദര്യം സുഭദ്രയ്ക്കായിരുന്നു.. പക്ഷെ അശ്വതി..ഒരപ്സരസ്സിനെ പോലെ.. ആദ്യകാഴ്ചയിൽ തന്നെ അവളെന്നെ മോഹിപ്പിച്ചു..”

അയാളുടെ വാക്കുകളും ചേഷ്ടകളും അറപ്പുള്ളവാക്കിയെങ്കിലും രുദ്ര ഒന്നും പുറത്തു കാണിച്ചില്ല.. ഭൈരവൻ ആണെങ്കിലും സൂര്യന്റെ മുഖത്തുണ്ടാവുന്ന ഭാവഭേദങ്ങൾ രുദ്രയ്ക്ക് സഹിക്കാനാവുന്നുണ്ടായിരുന്നില്ല.. “ഗുപ്തന്റെ അനന്തിരവളായിരുന്നു അശ്വതി.. അയാൾക്ക് മക്കളെക്കാൾ പ്രിയപ്പെട്ടവൾ.. കാളിയാർമഠത്തിന്റെ അധിപ..അവളെ സ്വന്തം മകനെക്കൊണ്ട് വേളി കഴിപ്പിക്കാനായിരുന്നു ഗുപ്തന്റെ തീരുമാനം.. ആ ചെക്കന് അതിൽ താല്പര്യകുറവുണ്ടെന്ന് കേട്ടപ്പോൾ ഞാൻ അമ്പരന്നു പോയി..”

ഏതോ ഓർമ്മകളിൽ എന്നത് പോലെ പറഞ്ഞുകൊണ്ടേയിരുന്നു ഭൈരവൻ.. “തിരികെ പോയിട്ടും അവളുടെ രൂപം ന്റെ സ്വൈര്യം കെടുത്തികൊണ്ടേയിരുന്നു.. അവളെ സ്വന്തമാക്കാൻ ഞാൻ തീരുമാനിച്ചു.. ഭദ്രയേക്കാൾ ഇരട്ടി വീര്യമുള്ള നാഗകന്യ… ചിലതൊക്കെ മനസ്സിലുറപ്പിച്ചാണ്,കാളിയാർമഠത്തിന്റെ അടുത്തുള്ള വീട്ടിലേക്ക്,ഗുപ്തന്റെ ക്ഷണം സ്വീകരിച്ചു,ഭദ്രയുമൊത്ത് (ദേവു )ഞാൻ താമസം മാറ്റിയത്..(തുടരും )…

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 41