നിനക്കായ് : ഭാഗം 88

എഴുത്തുകാരി: ഫാത്തിമ അലി “കുഞ്ഞൂസേ….” വാത്സല്യത്തോടെ നെറുകിൽ തലോടിക്കൊണ്ട് അവൻ വിളിച്ചതും അന്ന വിതുമ്പി… “എന്നാ ടാ…മുറിവ് വേദനിക്കുന്നോ കുഞ്ഞാ…?” ആകുലതയോടെ സാം ബെഡിലേക്കായി ഇരുന്നതും അന്ന
 

എഴുത്തുകാരി: ഫാത്തിമ അലി

“കുഞ്ഞൂസേ….” വാത്സല്യത്തോടെ നെറുകിൽ തലോടിക്കൊണ്ട് അവൻ വിളിച്ചതും അന്ന വിതുമ്പി… “എന്നാ ടാ…മുറിവ് വേദനിക്കുന്നോ കുഞ്ഞാ…?” ആകുലതയോടെ സാം ബെഡിലേക്കായി ഇരുന്നതും അന്ന അവന്റെ വയറിൽ ചുറ്റി പിടിച്ച് മുഖം അമർത്തി ഏങ്ങി കരഞ്ഞിരുന്നു… “മോളേ….എന്നാ ടാ പറ്റിയേ….എന്നാത്തിനാ കരയുന്നേ…?” അന്നയുടെ കരച്ചിൽ കണ്ട് അവനാകെ വല്ലാതെ ആയി…. അവളുടെ മുഖം ഉയർത്താൻ ശ്രമിച്ചെങ്കിലും സാമിൽ നിന്നും പിടി വിടാതെ പറ്റി ചേർന്ന് കിടക്കുകയായിരുന്നു അന്ന…. “ഇച്ചേനെ ടെൻഷനാക്കാതെ കുഞ്ഞാ….എന്താ എന്റെ അന്നമ്മക്ക് പറ്റിയേ….വേദനിച്ചിട്ടാണോ…?” ഏങ്ങലുകൾക്കിടയിലും അല്ലെന്ന് മൂളിയതും പിന്നെ എന്താണ് അവളുടെ സങ്കടത്തിന് കാരണം എന്നറിയാതെ അവൻ ആശയക്കുഴപ്പത്തിലായി…

പിന്നെ ആണ് നേരത്തെ അമ്മച്ചി പറഞ്ഞ വിവാഹ കാര്യത്തെ കുറിച്ച് ഓർമ വന്നത്…. ചിലപ്പോ അത് കേട്ടിട്ട് സങ്കടപ്പെട്ട് കരയുകയാവും എന്ന് അവൻ കരുതി… “അമ്മച്ചി പ്രൊപോസലിന്റെ കാര്യം പറഞ്ഞത് കേട്ടിട്ടാണോ ഇച്ചേടെ കുഞ്ഞൂസ് സങ്കടപ്പെടുന്നത്…ഹ്മ്…?” മൃദുവായി അവളുടെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചതും അന്നയുടെ മനസ്സിലേക്ക് അലക്സിന്റെ മുഖമാണ് തെളിഞ്ഞ് വന്നത്… അത് അവളുടെ തേങ്ങലിനെ കുറച്ച് കൂടെ ശക്തിപ്പെടുത്തി… “അയ്യേ…ഈ ഒരു ചെറിയ കാര്യത്തിനാണോ ഇച്ചേടെ പൊന്ന് ഇങ്ങനെ കിടന്ന് കരയുന്നേ…” അവളുടെ കണ്ണുകൾ നിറഞ്ഞതിന്റെ കാരണം അതാണെന്ന് കരുതി സാം അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…. “ദേ കുഞ്ഞാ….മതി കരഞ്ഞത്….ഇങ്ങനെ കരയുന്നത് ഇച്ചക്ക് ഇഷ്ടല്ലെന്ന് അറിയാലോ…”

അൽപം ബലം പിടിച്ചാണെങ്കിലും അവളെ എഴുന്നേൽപ്പിച്ച് അവന്റെ നേരെ ഇരുത്തി… കവിളിലൂടെ ഒലിച്ചിറങ്ങന്ന കണ്ണുനീർ ഇരു കൈ വിരലുകൾ കൊണ്ടും ഒപ്പി എടുക്കവേ അടികൊണ്ട ഇടത്തായി സാമിന്റെ കൈ ചെറുതായി കൊണ്ടിരുന്നു… അലക്സിന്റെ വിരൽപാട് കുറച്ചൊക്കെ മാഞ്ഞെങ്കിലും ഇപ്പോഴും വീക്കം വിട്ടിരുന്നില്ല… സാം തൊട്ടതും അന്ന വേദനിച്ച് ഒന്ന് ഏങ്ങി പോയി…. നെറ്റിയിലെ മുറിവ് മാത്രം കണ്ട സാം അപ്പോഴാണ് കവിളിലെ വീക്കം ശ്രദ്ധിച്ചത്… “കർത്താവേ….നല്ല വീക്കം ഉണ്ടല്ലോ…എന്നതാ കുഞ്ഞാ ഈ കാണിച്ച് വെച്ചേക്കുന്നേ…?” വീക്കം വെച്ച ഭാഗം അവന് നേരെ തിരിച്ച് കൊണ്ട് സാം വെപ്രാളപ്പെട്ടു…

“അ…അത് ഒന്നൂല്ല ഇ…ച്ചേ…ബാത്ത്റൂമിൽ…ഞാൻ..ഒ…ഒന്ന് വീണു…” അവൻ സൂക്ഷിച്ച് നോക്കിയാൽ വല്ലതും കണ്ട് പിടിച്ചാലോ എന്ന് പേടിച്ച് അന്ന വേഗം അവന്റെ നെഞ്ചിലേക്ക് ഒട്ടി ചേർന്ന് ഇരുന്നു… “ഒരൊറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ…നീ എവിടെ നോക്കിയാ നടന്നത്….ഒട്ടും ശ്രദ്ധിക്കാഞ്ഞിട്ടല്ലേ ഇങ്ങനെ ഓരോന്ന് പറ്റുന്നത്….” സങ്കടവും ദേഷ്യവും നിറഞ്ഞ സ്വരത്തിൽ സാം അവളെ ശാസിച്ചതും അന്ന സാമിനെ ഒന്ന് കൂടെ ഇറുക്കി പിടിച്ചു… “ദേഷ്യപ്പെടല്ലേ ഇച്ചേ….ഇനി ശ്രദ്ധിച്ചോളാം…” അവളുടെ ചിലമ്പിച്ച സ്വരം കേട്ട് സാം ഒന്ന് തണുത്തു…. “മ്മ്…നീ വല്ലതും കഴിച്ചായിരുന്നോ…?” സാമിനുള്ള മറുപടിയായി അവളൊന്ന് മൂളുക മാത്രമാണ് ചെയ്തത്…

തന്റെ മേലുള്ള അന്നയുടെ കൈകളെ വിടുവിച്ച് ടേബിളിന് മുകളിൽ വെച്ച ഓയിൻമെന്റ് എടുത്ത് കൊണ്ടു വന്നു…. “ഞാൻ..ഞാൻ പുരട്ടിക്കോളാം ഇച്ചേ…എനിക്ക് നല്ല ദാഹം…ഇച്ച പോയി കുറച്ച് വെള്ളം എടുത്തിട്ട് വന്നേ…” സാമിനെ ഓയിൻമെന്റ് പുരട്ടാൻ സമ്മതിക്കാതെ പിടിച്ച് വാങ്ങി അവൾ പറഞ്ഞു…. റൂമിൽ വെച്ചിരുന്ന ഒഴിഞ്ഞ ബോട്ടിലും എടുത്ത് താഴേക്ക് വെള്ളം എടുക്കാൻ പോയ സമയത്ത് അന്ന കവിളിൽ മരുന്ന് പുരട്ടി…. കുറച്ച് സമയം കഴിഞ്ഞ് തിരിച്ച് വന്ന സാമിന്റെ കൈയിൽ ഒരു ഗ്ലാസ് പാൽ ഉണ്ടായിരുന്നു… “കുഞ്ഞാ എഴുന്നേറ്റ് ഇത് കുടിച്ചേ….” സാം അന്നക്ക് നേരെ ഗ്ലാസ് നീട്ടിയതും അവളുടെ മുഖം ഇഷ്ടപ്പെടാത്തത് പോലെ ചുളുങ്ങി…

“എനിക്ക് വേണ്ട ഇച്ചേ…ഞാൻ നന്നായിട്ട് ഫുഡ് കഴിച്ചതാ…” കൈയാൽ ആ ഗ്ലാസ് അൽപം നീക്കിക്കൊണ്ട് അന്ന സാമിനെ നോക്കി…. “അതൊന്നും പറഞ്ഞാൽ പറ്റില്ല…എന്തെങ്കിലും പറ്റിയാ പിന്നെ നിന്റെ കഴിപ്പ് എങ്ങനെയാണെന്ന് എനിക്ക് അറിയാവുന്ന കാര്യമല്ലേ….അത് കൊണ്ട് ഇച്ചേടെ കുഞ്ഞൂസ് ഇത് കുടിച്ചേ….” സാം അവളുടെ അടുത്തായി വന്നിരുന്ന് കൊണ്ട് പറഞ്ഞു… “വേണ്ട….” സാമിന്റെ കൈയിൽ നിന്നും അത് വാങ്ങാൻ മടിച്ച് നിന്നതും അവന്റെ ഒരു കണ്ണുരുട്ടൽ കൊണ്ട് മറുത്തൊന്നും പറയാതെ ഒറ്റയടിക്ക് പാൽ കുടിച്ച് തീർത്തു…. “ഗുഡ് ഗേൾ….” മേൽചുണ്ടിന് മുകളിൽ പറ്റിപിടിച്ച് കിടക്കുന്ന പാൽ പുറം കൈയാൽ തുടച്ച് മാറ്റിക്കൊണ്ട് അന്ന സാമിനെ നോക്കി പരിഭവത്തോടെ ഇരുന്നു…

“ഇനി എന്റെ കുഞ്ഞ്മണി കിടന്ന് ഉറങ്ങിക്കേ….രാവിലെ ആവുമ്പോഴേക്ക് മുറിവൊക്കെ മാറിക്കോളും…” പാറി കിടക്കുന്ന അവളുടെ മുടി ഒതുക്കി നിർത്തിക്കൊണ്ട് സാം അന്നയെ നോക്കി പറഞ്ഞു… “എന്റെ മാലാഖക്കുട്ടീടെ ചിരിക്ക് വോൾട്ടേജ് പോരല്ലോ….ആ പ്രൊപോസലിന്റെ കാര്യം ഓർത്തിട്ടാണെങ്കിൽ എന്റെ കുഞ്ഞൂസ് ടെൻഷൻ ആവണ്ട….നിനക്ക് ഇഷ്ടമല്ലാത്ത ഒന്നും നടത്താൻ ഇച്ച സമ്മതിക്കില്ലെന്ന് മോൾക്ക് അറിയില്ലേ…. നിന്നെ നിന്റെ ഇച്ചായനെ കൊണ്ട് മാത്രമേ ഞാൻ കെട്ടിക്കൂ…. പോരേ…?” അന്നയുടെ കവിളിൽ തലോടിക്കൊണ്ട് സാം പറഞ്ഞത് കേട്ട് അവളുടെ നെഞ്ചൊന്ന് പിടഞ്ഞ് പോയി…. കരയാൻ വെമ്പുന്ന കണ്ണുകളെ ശാസനയോടെ പിടിച്ച് കെട്ടി അവൾ സാമിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…

“ഇത് പോര….നല്ല ഭംഗിയിൽ ആ കുഞ്ഞി പല്ലൊക്കെ ഒന്ന് കാണിച്ച് ചിരിക്ക് കുഞ്ഞാ….” മുഖം ചുളുക്കിക്കൊണ്ട് സാം പറഞ്ഞത് കേട്ട് അന്ന അവനെ നോക്കി ചിരിച്ച് കാണിച്ചു… “എന്നാ എന്റെ മോള് സുഖായിട്ട് ഉറങ്ങിക്കേ….” അവൾ ഒന്ന് ചിരിച്ച് കണ്ടപ്പോഴാണ് സാമിന് സമാധാനം ആയത്…. “എനിക്ക് ഇച്ചേടെ നെഞ്ചിൽ കിടക്കണം…” കുഞ്ഞുങ്ങളെ പോലെ അവൾ പറഞ്ഞതും സാം ചിരിച്ച് കൊണ്ട് ബെഡിലേക്ക് കിടന്നു… “അന്നമ്മോ….” അവളുടെ മുടിയിൽ തഴുകുന്നതിനിടയിൽ സാം വിളിച്ചത് കേട്ട് മുഖം ഉയർത്താതെ അന്ന ഒന്ന് മൂളി…. “മോള് ഇച്ചയോട് എന്തെങ്കിലും മറച്ച് വെക്കുന്നുണ്ടോ….?” സാമിന്റെ ചോദ്യം അവളെ ഞെട്ടിച്ചിരുന്നു….

അലക്സിന്റെ കാര്യം അവനോട് പറയണം എന്നുണ്ടെങ്കിലും എന്തോ ഒന്ന് അവളെ അതിൽ നിന്നും വിലക്കി… “ഇല്ലല്ലോ ഇച്ചേ….എന്തേ അങ്ങനെ ചോദിച്ചത്…?” ശബ്ദത്തിൽ പതർച്ച വരുത്താതിരിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടിരുന്നു… “എന്റെ കുഞ്ഞൻ സ്ട്രോങ് ആണെന്ന് ഇച്ചക്ക് അറിയാം…ആ നീ എത്രയും ചെറിയ കാര്യത്തിന് ഡെസ്പ് ആവില്ല….ഒരുപാട് വിഷമം വരാതെ നീ ഇങ്ങനെ കരയാറും ഇല്ല….അതാ ഇച്ച ചോദിച്ചത്….ഇച്ചയോട് പറയാത്ത എന്തെങ്കിലും വിഷമം മോൾക്ക് ഉണ്ടോ…?” അന്നക്ക് കരച്ചിൽ തൊണ്ടക്കുഴിയിൽ തങ്ങി കിടക്കുന്നത് പോലെ തോന്നി….അവന്റെ നെഞ്ചിലേക്ക് എല്ലാ സങ്കടങ്ങളും പെയ്തൊഴിക്കണം എന്നുണ്ടെങ്കിലും അതിന് കഴിയാത്ത പോലെ….

“ഏ…ഏയ്….വീണതിന്റെ വേദനയും പിന്നെ അമ്മച്ചി പറഞ്ഞത് കൂടെ കേട്ട് എന്തോ സങ്കടം വന്നു….അത്രയേ ഉള്ളൂ ഇച്ചേ…” അവൾക്ക് മറുപടിയെന്നോണം അവനൊന്ന് മൂളി…ഇനി ഒന്നും ചോദിക്കല്ലേ എന്നുള്ള പ്രാർത്ഥനയിൽ അന്ന അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി…. “എനിക്കൊരു പാട്ട് പാടി താ ഇച്ചേ….ഉറക്കം വരുന്നില്ല….” സാമിന്റെ നെഞ്ചിൽ നിന്നും തല ഉയർത്താതെ കിടന്നു കൊണ്ട് അവൾ ആവശ്യപ്പെട്ടു… കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം… പതിഞ്ഞ സ്വരത്തിൽ പാടുമ്പോൾ അവന്റെ കൈകൾ അവളുടെ ചുമലിൽ താളമിടുന്നുണ്ടായിരുന്നു….. സാമിന്റെ നെഞ്ചിൽ അവന്റെ വാത്സല്യത്തിന്റെ ചൂടേറ്റ് കിടക്കവേ സങ്കടങ്ങളൊക്കെ ഒരു പരിധി വരെ തന്നെ വിട്ട് പോവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

കൊച്ച് കുഞ്ഞിനെ പോലെ അവനിലേക്ക് പറ്റി ചേർന്ന് പതിയെ അവൾ കണ്ണുകൾ അടച്ചു…. കുറച്ച് സമയം കഴിഞ്ഞതും അവളുടെ ശ്വാസ ഗതി താളത്തിലായതും സാം ചെറുതായി ഒന്ന് പുഞ്ചിരിച്ചു…. എങ്കിലും താളം പിടിക്കുന്നത് നിർത്താതെ അവൾ നല്ല ഉറക്കിലാവുന്നത് വരെ അവൻ കാത്ത് നിന്നു…. ഗാഢ നിദ്രയിൽ ആയ അന്നയെ ഉണർത്താതെ പതിയെ അവന്റെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി അവൾക്ക് കെട്ടി പിടിക്കാൻ പാകത്തിന് ഒരു തലയണ സൈഡിലായി വെച്ച് കൊടുത്തു… കഴുത്ത് വരെ പുതപ്പ് കൊണ്ട് മൂടി ശാന്തമാതി ഉറങ്ങുന്ന അന്നയുടെ നെറ്റിയിലെ മുറിവിൽ മെല്ലെ ചുണ്ടമർത്തിയ ശേഷമാണ് അവൻ റും വിട്ട് ഇറങ്ങിയത്…. ******

ഷേർളിയോട് ചുമ്മാ കൊഞ്ചി ഇരുന്ന ശേഷമാണ് ശ്രീ റൂമിലേക്ക് പോയത്…. വേഗം ചെന്ന് ഒരു കുളി അങ്ങ് പാസാക്കി നനഞ്ഞ ടവലിൽ മുടി കെട്ടി ഉച്ചിയിൽ വെച്ച് വിഷ് റൂമിൽ നിന്ന് ഇറങ്ങി… ഒരു വൈറ്റ് ടി ഷർട്ടും ബ്ലാക്ക് പലാസയുമാണ് വേഷം…. നനഞ്ഞ മുടി കോതി ഒതുക്കുന്നതിന് ഇടയിലാണ് ബെഡ് ടേബിളിൽ ചാർജിൽ വെച്ചിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്… ടവൽ സ്റ്റാന്റിലേക്ക് വിരിച്ചിട്ട് അവൾ ടേബിളാന് അടുത്തേക്ക് ചെന്നു…. മാധവൻ ആയിരുന്നു വിളിക്കുന്നത്…സമയം കളയാതെ അവൾ വേഗം ഫോൺ അറ്റന്റ് ചെയ്ത് ബെഡിലേക്ക് ഇരുന്നു…വസുന്ധരയും സുമയും ഒക്കെ അയാളുടെ കൂടെ തന്നെ ഉണ്ടായിരുന്നു….മൂന്ന് പേരോടുമായി ഓരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഒരു സമയം കഴിഞ്ഞ ശേഷമാണ് ഫോൺ വെച്ചത്..

ചുമ്മാ ബെഡിലേക്ക് കയറി ചമ്രം പടിഞ്ഞ് ഇരുന്ന് അവൾ മെസ്സേജസ് ഒക്കെ ഓരോന്ന് നോക്കി… ക്ലാസിൽ നിന്ന് പോരാൻ നേരം കണ്ട ശേഷം അന്നയുടെ ഒരു വിവരവും ഇല്ലെന്ന് ശ്രീ ചിന്തിച്ചു… വാട്സപ്പിൽ ലാസ്റ്റ് സീനിൽ ഉച്ചക്ക് തുറന്നതാണെന്നാണ് കാണിക്കുന്നത്…. സാധാരണ എപ്പോഴും ഓൺലൈനിൽ ഉണ്ടാവുന്ന ആൾ ആണ്.. എന്ത് പറ്റി എന്ന് ആലോചിച്ച് അവൾ വേഗം അന്നയെ വിളിച്ച് നോക്കി…സ്വിച്ച് ഓഫ് ആണെന്നാണ് മറുപടി… അത് കൂടെ ആയതും അവൾക്കെന്തോ ടെൻഷൻ ആയി… ശ്രീ വേഗം ബെഡിൽ നിന്ന് താഴെ ഇറങ്ങി ബാൽക്കണിയിലേക്ക് ചെന്നു… സാമിന്റെ റൂമിൽ ലൈറ്റ് കാണുന്നുണ്ട്….അവൾ അവന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചു….റിങ് ചെയ്യുന്നു എന്നല്ലാതെ കോൾ അറ്റന്റ് ചെയ്യുന്നില്ലായിരുന്നു… “ഇച്ചായൻ എന്താ കോൾ എടുക്കാത്തത്….?”

റിങ് മുഴുവനായി അടിഞ്ഞ് കഴിഞ്ഞതും ശ്രീ റെയ്ലിങ്ങിലേക്ക് ചാരി നിന്നു… അന്നയുടെ അടുത്ത് നിന്നും വന്ന സാം ഫ്രഷ് ആയി വാഷ് റൂമിൽ നിന്ന് ഇറങ്ങവേ ആണ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്… അവൻ അടുത്ത് എത്തുമ്പോഴേക്കും കോൾ കട്ട് ആയിരുന്നു… ശ്രീ ആണെന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞതും അവൻ വേഗം ഫോൺ എടുത്ത് അവളെ തിരിച്ച് വിളിച്ചു… റിങ് ചെയ്യുന്ന സമയത്ത് വാഡ്രോബിൽ നിന്ന് ഒരു സ്ലീവ്ലെസ് ലൂസ് ബനിയൻ എടുത്തിട്ട് ബാൽക്കണിയിലെ ഡോർ തുറന്നു.. നോക്കിയപ്പോ പെണ്ണ് റെയിലിങിൽ ചാരി അങ്ങോട്ടും നോക്കി നിൽക്കുന്നതാണ് കണ്ടത്…. ഫോൺ റിങ് ചെയ്യുന്നത് കണ്ട് പെട്ടെന്ന് തന്നെ അറ്റന്റ് ചെയ്തിരുന്നു… “ഹലോ…” ശ്രീയുടെ നേരെ ആയി വന്ന് തൂണിൽ ചാരിക്കൊണ്ട് നിന്നു… “ഇച്ചായാ….അന്ന എവിടെ…?ഞാൻ കുറേ നേരമായി ട്രൈ ചെയ്യുന്നു..പക്ഷേ വിളിച്ചിട്ട് കിട്ടുന്നില്ല….അവൾ അവിടെ ഇല്ലേ…?”

സാമിന്റെ ശബ്ദം കേട്ട പാടെ ശ്രീ ചോദിക്കാൻ തുടങ്ങി… “അവൾ ഉറങ്ങുവാ കൊച്ചേ….?” സാമിന്റെ മറുപടി കേട്ട് ശ്രീ നെറ്റി ചുളിച്ചു.. “ഇപ്പഴോ….സാധാരണ ഈ നേരത്തൊന്നും ഉറങ്ങാത്തതാണല്ലോ…എന്ത് പറ്റി….സുഖമില്ലേ അവൾക്ക്…?” ശ്രീയുടെ ശബ്ദത്തിൽ സംശയം കലർന്നിരുന്നു…. “മ്മ്…ബാത്ത്റൂമിൽ ഒന്ന് വീണു….” സാമിന്റെ മറുപടി കേട്ട് അവൾ ഒന്ന് ഞെട്ടി… “ഈശ്വരാ….എന്നിട്ട്….വല്ലതും പറ്റിയോ ഇച്ചായാ….?” “നെറ്റി ചെറുതായി ഒന്ന് മുറിഞ്ഞിട്ടുണ്ട്….പിന്നെ വീഴ്ചയിൽ കവിള് എവിടെയോ അടിച്ച് പോയെന്ന് പറഞ്ഞു…വീക്കം ഉണ്ട്….ഓയിൻമെന്റ് പുരട്ടി കഴിഞ്ഞിട്ടാ ഉറങ്ങിയത്….” സാം അവൾക്ക് മറുപടി കൊടുത്തു… “എനിക്കൊന്ന് അങ്ങോട്ട് വരാൻ തോന്നുന്നു..” ശ്രീ വിഷമത്തോടെ പറഞ്ഞത് കേട്ട് സാം ചെറുതായി ചിരിച്ചു… “രാത്രി ആയില്ലേ….

ഇനി ഏതായാലും നാളെ രാവിലെ ഇങ്ങോട്ട് വന്നോ…” അവന് മറുപടി എന്നോണം അവളൊന്ന് മൂളി….ഓരോന്ന് സംസാരിക്കുന്നതിന് ഇടക്കാണ് സാം അന്നക്ക് വന്ന പ്രൊപോസലിനെ കുറിച്ച് പറഞ്ഞത്… “സാമിച്ചാ…..നമുക്ക് ഏട്ടായിയോട് സംസാരിച്ചാലോ….എത്ര കാലം എന്ന് വെച്ചാ അന്ന ഇങ്ങനെ…അവൾക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ട്…” സാം പറഞ്ഞ് കഴിഞ്ഞതും ശ്രീ അവളുടെ മനസ്സിലുള്ളത് അവനോടായി പറഞ്ഞു… “ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കൊച്ചേ….ഒരിക്കൽ അവനോട് ചോദിക്കാൻ പോയതാ ഞാൻ….ആ കുരുത്തം കെട്ടവൾ അതിന് സമ്മതിച്ചില്ല പോരാത്തതിന് കഴുത്തിൽ കത്തി വെച്ച് ഭീഷണിപെടുത്തി….അവൾക്ക് അവന്റെ കാര്യത്തിൽ വാശി ആണ് കൊച്ചേ…വേറെ ആരുടെയും നിർബന്ധത്തിന് വഴങ്ങി അവളെ സ്നേഹിക്കരുതെന്ന്…..

എന്തായാലും കുറച്ച് നാള് കൂടെ നോക്കാം എന്നിട്ടും ഒരു തീരുമാനം ആയില്ലെങ്കിൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരും…” സാം അവൾക്ക് മറുപടിയെന്നോണം പറഞ്ഞത് കേട്ട് ശ്രീ അതിനെ അനുകൂലിച്ചെന്നോണം ഒന്ന് മൂളി…. “എന്നാ എന്റെ കൊച്ചും ചെന്ന് കിടന്നോ…വെറുതേ ഉറക്കൊഴിച്ച് ഇരിക്കണ്ട..” പിന്നേയും ഒരുപാട് നേരം സംസാരിച്ച് ശേഷമാണ് ശ്രീയെ നോക്കിക്കൊണ്ട് അവൻ പറഞ്ഞത്… “മ്ഹും..ഉറക്കം വരുന്നില്ല ഇച്ചായാ….നമുക്ക് ഇങ്ങനെ സംസാരിച്ചിരിക്കാം…” കഴുത്തിലെ പെൻഡന്റിൽ വിരൽ കോർത്ത് കൊണ്ട് അവൾ സാമിനെ നോക്കി… “എന്നാ ഇച്ചായൻ അങ്ങോട്ട് വരാം….നമുക്ക് നേരിട്ട് സംസാരിക്കാമല്ലോ…” കുസൃതി ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ശ്രീ ഒരു നിമിഷം നിശബ്ദ ആയി… “നോ പ്രോബ്ലം…” അവളും അതേ കുസൃതിയോടെ മറുപടി കൊടുത്തു…

“ഓക്കേ….” ശ്രീയുടെ സമ്മതം കിട്ടാൻ കാത്തെന്ന പോലെ നിന്ന സാം ചാരുപടിയിൽ ചവിട്ടി സൺഷെയ്ഡിലേക്ക് ചാടാൻ ഒരുങ്ങിയിരുന്നു… “ഈശ്വരാ….ഇങ്ങോട്ട് വരണ്ട ഇച്ചായാ…ഞാൻ തമാശക്ക് പറഞ്ഞതാ….” ചുമ്മാ പറഞ്ഞപ്പോഴേക്കും അവൻ ഇറങ്ങി പുറപ്പെടും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല… “ഐ ആം സോ സോറി ഡിയർ…” ശ്രീയെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ ഫോൺ കട്ട് ചെയ്ത് അവൻ താഴേക്ക് ചാടിയിരുന്നു.. അവന്റെ അനായാസത്തോടെയുള്ള മതിലാചാട്ടം കണ്ട് ശ്രീ തലക്ക് കൈ കൊടുത്ത് നിന്നു…. “ഏയ് ദുർഗക്കൊച്ചേ….” മിനിറ്റുകൾക്കുള്ളിൽ തന്റെ ബാൽക്കണിയിലെ റെയിലിങിൽ പിടിച്ച് തൂങ്ങി കുസൃതി ചിരിയോടെ നോക്കുന്ന സാമിനെ കണ്ട് അവളുടെ കണ്ണ് കൂർത്തു….

ശ്രീയുടെ നോട്ടം കണ്ടെങ്കിലും അത് കാര്യമാക്കാതെ ബാൽക്കണിയിലേക്ക് ചാടി കയറി അവൾക്ക് അഭിമുഖമായി നിന്നു… “എന്നാ എന്റെ കൊച്ചിന്റെ മുഖം ഇങ്ങനെ വീർപ്പിച്ച് വെച്ചേക്കുന്നത്….?” അവനിൽ നിന്നും വിട്ട് നിന്ന ശ്രീയുടെ ഇടുപ്പിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ട് കൊണ്ട് കണ്ണിറുക്കി അവൻ ചോദിച്ചു… “സത്യം പറ….നിങ്ങൾക്ക് ഈ മതില് ചാട്ടം തന്നെ ആയിരുന്നോ മനുഷ്യാ പണി….എത്ര പെട്ടെന്നാ ഇവിടെ എത്തിയത്….?” സാമിന്റെ കൈയിൽ മെല്ലെ അടിച്ച് കെറുവോടെ അവനെ നോക്കാതെ നിന്നു… “ആഹാ…ഇപ്പോ എനിക്കായി കുറ്റം….നീ അല്ലേ എന്നോട് വരാൻ വേണ്ടി പറഞ്ഞത്…?” താടിത്തുമ്പിൽ പിടിച്ച് അവളുടെ മുഖം സാമിന് നേരെ തിരിച്ചു വെച്ചു…അതിനുള്ള മറുപടി കൊടുക്കാതെ മുഖവും വീർപ്പിച്ച് നിൽക്കുകയായിരുന്നു അവൾ…

“നിന്നോട് ഇങ്ങനെ മുഖം വീർപ്പിച്ച് വെക്കല്ലേന്ന് പറഞ്ഞാ കേൾക്കില്ല അല്ലേ….” തുടുത്ത് നിൽക്കുന്ന കവിളിൽ പല്ലുകൾ പതിപ്പിച്ചതും ആ നോവിൽ ശ്രീ കണ്ണുകൾ ഇറുകെ അടച്ച് പിടിച്ചു… സാം അവന്റെ മുഖം എടുത്തതും ആ വെളുത്ത കവിളിൽ അവന്റെ പല്ലുകൾ വട്ടത്തിൽ പാട് വീഴ്ത്തിയിരുന്നു… അപ്പോഴും ശ്രീ അവളുടെ കണ്ണുകൾ അടച്ച് പിടിച്ചിരിക്കുകയായിരുന്നു.. പതിയെ അവയിലേക്ക് ഊതിയതും ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ തുറന്നു…. തന്നെ നോക്കി കള്ളച്ചിരിയോടെ നിൽക്കുന്ന സാമിനെ ഉറ്റ് നോക്കി അവന്റെ കഴുത്തിലെ വിയർപ്പിൽ പറ്റിചേർന്ന് കിടക്കുന്ന കൊന്തയിൽ ചുരുട്ടി പിടിച്ച് അവനെ അടുത്തേക്ക് വലിച്ചു… അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ പതറിയ സാമിന്റെ നെഞ്ചിൽ ശ്രീ പല്ലുകൾ ആഴ്ത്തി…. “ഔ…ടീ പട്ടിക്കുട്ടീ….എന്ത് കടിയാ എത്….”

സാം നെഞ്ചിൽ ഉഴിഞ്ഞ് കൊണ്ട് ശ്രീയെ നോക്കിയതും അവൾ കണ്ണിറുക്കി കാണിച്ചു… “പകരം വീട്ടിയതാ അല്ല്യോ ടീ….” അവളെ ഇരു കൈകളാലും കോരിയെടുത്ത് അവൻ സ്വിങ് ചെയറിലേക്ക് ഇരുന്നു… ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ച് കൊണ്ട് ശ്രീ അവന്റെ കഴുത്തിനിടയിൽ മുഖം പൂഴ്ത്തി വെച്ച് അവനിലേക്ക് ചേർന്നു… ******** പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അന്നയുടെ കവിളിലെ വീക്കം നന്നേ കുറഞ്ഞിരുന്നു…. അന്ന മുഖം ഒന്ന് കഴുകി ചുണ്ടിൽ എപ്പോഴത്തേയും പോലെ പുഞ്ചിരി വിരിയിച്ച് കൊണ്ട് താഴേക്ക് ചെന്നു…. ഉമ്മറത്ത് പത്രം വായിച്ച് ഇരുന്ന മാത്യൂവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് നേരെ കിച്ചണിലേക്ക് ചെന്നു…

തന്റെ ഉള്ളിലെ സങ്കടങ്ങളെല്ലാം മറച്ച് വെച്ച റീനയോടും അമ്മച്ചിയോടും ഓരോ കുറുമ്പുകൾ കാണിച്ച് അവിടെ ഇരുന്നു… ഇന്ന് കോളേജ് ലീവ് എടുക്കാൻ എല്ലാവരും പറഞ്ഞെങ്കിലും അവിടെ ചടഞ്ഞ് കൂടി ഇരുന്നാ ഓരോന്ന് ഓർത്ത് സങ്കടപ്പെടേണ്ടി വരും എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു….അത് കൊണ്ട് കോളേജിൽ പോവാമെന്ന് കരുതി…. ഫ്രഷ് ആവാൻ വേണ്ടി സ്റ്റെയർ കയറാൻ നിന്നപ്പോഴാണ് സാം ജോഗ്ഗിങ് കഴിഞ്ഞ് വരുന്നത്… “ഗുഡ് മോണിങ് ഇച്ചേ….” അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് വിഷ് ചെയ്തതും സാമും തിരിച്ച് അവളെ വിഷ് ചെയ്തു… “ഇച്ചേടെ കുഞ്ഞന്റെ സങ്കടം ഒക്കെ മാറിയോ….?” നെറ്റിയിലെ മുറിവിൽ വിരലോടിച്ച് കൊണ്ട് സാം ചോദിച്ചതും അന്ന അവനെ നോക്കി പുഞ്ചിരിച്ചു… “പിന്നേ….അതൊക്കെ ഒരു ഉറക്കം എഴുന്നേറ്റപ്പോഴേക്കും മാറിയല്ലോ…”

സാമിന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊഞ്ചലോടെ പറയവേ ആണ് ഡോറിനടുത്ത് അവളെ ഉറ്റ് നോക്കി നിൽക്കുന്ന അലക്സിനെ കണ്ടത്… അവന്റെ നോട്ടം അവളുടെ കവിളിലും നെറ്റിയിലും മാറി മാറി പതിയുന്നുണ്ടായിരുന്നു… അവനെ കണ്ടതും ചരിച്ച് നിന്ന അന്നയുടെ മുഖം പതിയെ മാറാൻ തുടങ്ങി… “ഞാൻ ചെന്ന് ഫ്രഷ് ആയി വരാം ഇച്ചേ…” സാം അവളെ നോക്കി നിൽക്കുന്നുണ്ടെന്ന് അറിഞ്ഞ അന്ന വേഗം മുഖത്ത് ഒരു ചിരി വിരിയിച്ച് സ്റ്റെയർ കയറി… “ഞാനും പോയി ഫ്രഷ് ആയി വരാ ടാ….ഹോസ്പിറ്റലിൽ പോയിട്ട് ആ വഴി നമുക്ക് മുന്നാറ് പോവാം…” അലക്സ് സാമിനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി… അന്ന വേഗം റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്ത് ചാരി നിന്നു…. എത്ര പിടിച്ച് വെച്ചിട്ടും അലക്സിനെ കാണുമ്പോൾ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞ് വരുന്നുണ്ടായിരുന്നു..

എന്നാൽ ആ കണ്ണുനീരിനെ ഭൂമിൽ പതിക്കാൻ സമ്മതിക്കാതെ അന്ന തുടച്ച് മാറ്റി…. പിന്നെ എന്തോ ചിന്തിച്ച് ഉറപ്പിച്ച പോലെ ഒന്ന് നിശ്വസിച്ച് കബോർഡിൽ നിന്ന് ഡ്രസും മറ്റും എടുത്ത് ഫ്രഷ് ആവാൻ കയറി… “അന്നമ്മോ….നീ വരുന്നില്ലേ….?” ഫ്രഷ് ആയി ഇറങ്ങിയതും പുറത്ത് സാമിന്റെ ശബ്ദം കേട്ടു…സാം ഫ്രഷ് ആയി പോവാൻ ഇറങ്ങിയിരുന്നു…. “ഇല്ല ഇച്ചേ….ഞാൻ കുറച്ച് ലേറ്റ് ആവും….നിങ്ങൾ പൊയ്ക്കോ….” അലക്സിനെ അഭിമുഖീകരിക്കാൻ ആവില്ലെന്ന് അറിയാവുന്നത് കൊണ്ട് അന്ന അവർക്കൊപ്പം പോവാൻ ആഗ്രഹിച്ചില്ല… സാമിനെ ഒരുവിധത്തിൽ പറഞ്ഞയച്ചപ്പോഴാണ് അന്നക്ക് സമാധാനം ആയത്… “ടാ….പോവാം…” ഹാളിൽ ഇരുന്ന് ഫോണിൽ നോക്കുന്ന അലക്സിന്റെ അടുത്തേക്ക് ചെന്ന് സാം പറഞ്ഞു….

അവന്റെ കണ്ണുകൾ പിന്നിൽ അന്നക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു… “അന്ന വരുന്നില്ലേ…?” അവൻ പോലും അറിയാതെ ആണ് ആ വാക്ക് വീണ് പോയത്.. “ഇല്ലെടാ…അവൾ ലേറ്റ് ആവും എന്ന് പറഞ്ഞു….ഇപ്പോ ഫ്രഷ് ആവാൻ കയറിയിട്ടേ ഉള്ളൂ….” സാമിനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടെങ്കിലും അതിന് ശ്രമിക്കാതെ ഒന്ന് മൂളിക്കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി… ****** സാമും അലക്സും പോയി കഴിഞ്ഞതും അന്നമ്മ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി… ഷേർളിയുടെ വീട്ടിൽ എത്തിയപ്പോൾ ശ്രീ ഡ്രസ് മാറി ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…. “ദച്ചൂസ്…” ഡോറിന് അടുത്ത് നിന്ന് അന്നയുടെ വിളി കേട്ട് ശ്രീ വേഗത്തിൽ അവളുടെ അടുത്തേക്ക് ചെന്നു… “ഞാനങ്ങോട്ട് വരാനിരിക്കുവായിരുന്നു….ഇതെന്താ പെണ്ണേ നീ പറ്റിച്ച് വെച്ചേക്കുന്നത്….”

അന്നയുടെ ബാൻഡേജിൽ തൊട്ട് നോക്കിക്കൊണ്ട് ശ്രീ ചോദിച്ചു… “എന്റീശോയേ….മനുഷ്യനായാ ഇടക്കൊക്കെ ഒന്ന് വീണെന്നിരിക്കും….അല്ലേ…ഇതെന്ത് കൂത്ത്….നീ മാറിക്കേ… മനുഷ്യന് വിശന്നിട്ട് വയറ് കിടന്ന് തള്ളക്ക് വിളിക്കുന്നു….” ശ്രീയുടെ തോളിൽ പിടിച്ച് മാറ്റി നിർത്തി അന്ന ഡൈനിങ് ടേബിളിന് അടുത്തേക്ക് ചെന്നു… “എന്തുവാ പെണ്ണേ….നീ വീട്ടീന്ന് മമ്മ ഒന്നും തന്നില്ലേ…?” അന്നക്ക് പീന്നാലെ ചെന്ന് ശ്രീ അവളുടെ തോളിൽ തട്ടി കുസൃതിയോടെ ചോദിച്ചു… “ഓ….ആവിടെ എനിക്ക് ഇഷ്ടല്ലാത്ത ബ്രേക്ക്ഫാസ്റ്റ് ആ ടീ ഇന്ന്….” ടേബിളിൽ അടച്ച് വെച്ച മൂടികൾ ഓരോന്നായി തുറന്ന് നോക്കിക്കൊണ്ട് അന്ന മറുപടി കൊടുത്തു… “ആഹാ….അന്നക്കുട്ടിയും ഉണ്ടോ ഇന്ന്…?” ഷേർളി പ്ലേറ്റുമായി വന്നപ്പോഴേക്കും അന്ന അത് വാങ്ങി ചെയറിൽ ഇരുന്ന് കഴിക്കാൻ തുടങ്ങിയിരുന്നു…

അവൾ കഴിക്കുന്നത് കണ്ട് രണ്ട് പേരും ചിരിയോടെ അന്നയുടെ ഇരുവശത്തുമായി ഇരുന്നു… “ആന്റിയേ….ഞങ്ങൾ ഇറങ്ങി…” ഫുഡ് കഴിച്ച് കഴിഞ്ഞതും ശ്രീയെയും വലിച്ച് അന്നമ്മ പുലിക്കാട്ടിലേക്ക് ചെന്നു… “അച്ചോടി പ്രാണനാഥനെ കാണാൻ പറ്റാത്തത് കൊണ്ടാണോ ഈ മുഖം ഇങ്ങനെ വാടിയത്….?” സാം നേരത്തെ പോയെന്ന് ശ്രീക്ക് അറിയാമായിരുന്നു…. എന്നിട്ടും വാടി നിൽക്കുന്ന അവളുടെ മുഖം കണ്ട് അന്ന കളായാക്കി… “പോടീ….പെണ്ണേ….” ശ്രീ കെറുവോടെ അന്നയുടെ കവിളിൽ പിച്ചി…. “എന്നതാണേലും നിങ്ങളുടെ കെട്ട് പെട്ടന്നങ്ങു നടത്താൻ പറയണം….എന്നിട്ട് വേണം എനിക്ക് നാത്തൂൻ പോരെടുക്കാൻ…” ശ്രീയെ ചൊടിപ്പിക്കാനായി അന്നമ്മ അവളെ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു… “അയ്യടാ….അതിന് മുൻപേ നിന്നെ ഏട്ടായീടെ അടുത്തേക്ക് കെട്ട് കെട്ടിക്കണം…”

അന്നയുടെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞതും ഒരു നിമിഷം അവൾ നിശബ്ദ ആയി… “എന്താ അന്നക്കുട്ടീ…..” അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ശ്രീ അവളുടെ തോളിൽ തട്ടി…. “ഏയ്….നീ കയറിക്കേ…” ശ്രീയെ നോക്കാതെ ഹെൽമെറ്റ് എടുത്ത് വെക്കുന്നതിന് ഇടക്ക് അന്ന പറഞ്ഞു… “മ്മ്….മനസ്സിലായി..ഏട്ടായി ഇപ്പഴും മസിൽ പിടിച്ച് നിൽക്കുന്നത് കൊണ്ടല്ലേ ഈ മുഖം മങ്ങിയത്… സാരമില്ല…നമുക്ക് എത്രയും പെട്ടെന്ന് അങ്ങേരെ ഒടിച്ച് മടക്കാന്നേ….” അന്നയുടെ ബുള്ളറ്റിന് പിറകിൽ കയറിക്കൊണ്ട് ശ്രീ പറഞ്ഞതും അവൾ എന്തിനോ വേണ്ടി എന്ന പോലെ ചിരിച്ചു… ******* മൂന്നാറിൽ പോയി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് സാമും അലക്സും തിരികെ വന്നത്… വന്ന് കയറി രണ്ടാളും സെറ്റിയിലേക്ക് ഇരുന്നു…

അമ്മച്ചിയും റീനയും അവരോടൊപ്പം ഹാളിൽ തന്നെ ഉണ്ടായിരുന്നു… മാത്യൂ ഒരു ഫോൺ വന്നത് കൊണ്ട് ഉമ്മറത്ത് ഇരുന്ന് സംസാരിക്കുകയാണ്… അന്ന ശ്രീയുടെ അടുത്ത് നിന്ന് പുലിക്കാട്ടിലേക്ക് വന്നപ്പോഴാണ് സാം വന്നത് അറിഞ്ഞത്… അവൾ അവനെ കാണാനുള്ള ധൃതിയിൽ ഓടി ചെന്നതും അലക്സിന് നേരെ ആണ് നോക്കിയത്… ഒരു നിമിഷം ഇടഞ്ഞ കണ്ണുകൾ അന്ന തന്നെ ആണ് ബലം പ്രയോഗിച്ചാണെങ്കിലും പിൻവലിച്ചത്… അവനെ ശ്രദ്ധിക്കാതെ സാമിന്റെ അടുത്തേക്ക് ചെന്ന് ഇരുന്നു… അപ്പോഴേക്കും മാത്യൂ ഫോണിൽ സംസാരിച്ച് കഴിഞ്ഞ് ഹാളിലേക്ക് വന്നിരുന്നു…

“ഔസേപ്പും സൂസനും ആയിരുന്നു വിളിച്ചത്….അവർക്ക് അന്നമോളെ ഒരുപാടങ്ങ് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു….ക്രിസ്റ്റി ലീവിന് വന്നിട്ടുണ്ട്….അവര് ഒന്ന് വന്ന് മോളൃ കണ്ടോട്ടേ എന്ന് ചോദിക്കുന്നു…” സാമിന് എതിർ വശത്തായി വന്ന് ഇരുന്ന് കൊണ്ട് എല്ലാവരുടെയും മുഖത്ത് നോക്കിയാണ് പറഞ്ഞത്… “പക്ഷേ പപ്പാ അത്….” “പപ്പായി അവരോട് വരാൻ പറഞ്ഞോളൂ…..” സാം എന്തോ പറയാൻ വരുന്നതിന് മുൻപേ തന്നെ അന്നയുടെ ശബദം അവിടെ മുഴങ്ങി കേട്ടിരുന്നു……..തുടരും

നിനക്കായ് : ഭാഗം 87