നിഴലായ് നിൻകൂടെ: ഭാഗം 5

 

എഴുത്തുകാരി: ജിച്ചന്റെ കാവു

" ന്നെ പറ്റിക്കാർന്നോ ജിച്ചേട്ടാ.. " ജീവയുടെ തൊട്ടടുത്തുള്ള പടിയിൽ വന്നിരുന്ന് അവന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് ലച്ചൂ കരച്ചിലോടെ ഉറക്കെ ചോദിക്കുമ്പോഴാണ് ചിന്തകളിൽ നിന്നും ജീവ ഞെട്ടിയുണർന്നത്.. " പറ.. പറയാൻ.. ന്തേ മിണ്ടാതെ?? പറ്റിക്കണോ ലച്ചൂനെ എല്ലാരും?? " പിന്നെയും അവനിലെ പിടിമുറുക്കിക്കൊണ്ട് ഉറക്കെ കരഞ്ഞു ചോദിക്കുന്ന പെണ്ണിനെയവൻ വേദനയോടെ നോക്കി.. " വിട് ലച്ചൂ.. എന്താ ഈ കാണിക്കണേ.. ഏട്ടൻ പറയട്ടെ മോളെ.. " ലച്ചുവിന്റെ കൈയ്കൾ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ അവളോടായി പറഞ്ഞുകൊണ്ടിരുന്നു.. " എന്താ പറഞ്ഞേ.. അച്ഛനോട് ന്താ പറഞ്ഞേ.. ലച്ചൂനെ ഇഷ്ടാണെന്നോ?? ആണോ?? ജിച്ചേട്ടന് ലച്ചൂനെ ഇഷ്ടാണോ?? ഇഷ്ടാണോ ന്ന്.. " അവന്റെ മുഖത്തേക്കുറ്റുനോക്കി ആ പെണ്ണ് ചോദിക്കുമ്പോൾ മൗനമായിരിക്കാനേ അവനായുള്ളൂ..

" നിക്ക് അറിയാ.. ലച്ചൂ പൊട്ടി അല്ലേ.. എല്ലാർക്കും എന്ത് വേണേലും പറഞ്ഞു പറ്റിക്കാലോ.. അതല്ലേ.. അതല്ലേ ജിച്ചേട്ടനും പറ്റിച്ചേ.. നിക്ക് അത്രേം വിശ്വാസായോണ്ടാല്ലേ എല്ലാം പറഞ്ഞേ.. ന്നിട്ടും പറ്റിച്ചില്ലേ.. പോ.. നിക്ക് കാണണ്ടാ ഇനി.. പോ.. പൊക്കോ.. " അവന്റെ കയ്യിലും നെഞ്ചിലുമായി അടിച്ചുകൊണ്ട് ആ പെണ്ണ് പിന്നെയും ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.. മനസ്സിന്റെ താളം തെറ്റിക്കൊണ്ടിരിക്കുന്ന അവളുടെ പ്രവർത്തികളെക്കാൾ വാക്കുകൾ അവനെ നോവിച്ചുകൊണ്ടിരുന്നു.. " ലച്ചൂട്ടാ.. ഞാൻ പറയണതൊന്നു കേൾക്ക് മോളെ.. " ദയനീയമായിരുന്നു അവന്റെ സ്വരം.. " വേണ്ടാ.. നിക്ക് കേൾക്കണ്ട..നിങ്ങളെന്നെ പറ്റിച്ചതാ.. ഞാൻ ദേവേട്ടന്റെ പെണ്ണാ.. ദേവേട്ടന്റെ മാത്രം.. " കരച്ചിലിനിടയിലും വാശിയോടെ അവളത് തന്നെ പറഞ്ഞുകൊണ്ടിരുന്നു.. " നിർത്തേടി.. അവളുടെ ഒരു ദേവേട്ടൻ.. മിണ്ടിപോവരുത് അവന്റെ പേര് ഇനി.. ഒരു ദേവേട്ടൻ.. ചെന്നു നോക്ക് ബാംഗ്ലൂർ.. നിന്റെ പുന്നാര തീത്തുവും ദേവനും അവിടെ ഭാര്യവും ഭർത്താവുമായി ജീവിക്കുകയാണ്.. ചെല്ല്.. ചെന്നു നോക്ക്..

" പൊട്ടിത്തെറിച്ചുകൊണ്ട് പറയുന്ന ജീവയുടെ വാക്കുകൾ അവളുടെ ശ്വാസോച്ഛ്വാസം പോലും നിശ്ചലമാക്കിയിരുന്നു.. ജീവയെ അള്ളിപിടിച്ചിരുന്ന കൈയ്കൾ അയഞ്ഞു താഴേക്കു വീഴുമ്പോഴും കണ്ണിമപോലും ചിമ്മാതവൾ നിശ്ചലമായിരുന്നു.. ദേവന്റെയാണെന്ന് പറയുന്നത് കേട്ടതും ദേഷ്യവും വിഷമവും അടക്കാനാവാതെയാണ് പൊട്ടിത്തെറിച്ചുപോയത്.. അതവളെ എപ്രകാരം ബാധിക്കുമെന്ന് പോലും ചിന്തിക്കാതിരുന്ന നിമിഷത്തെ സ്വയം പഴിച്ചുകൊണ്ട് അവൻ നെറ്റിയിൽ കൈയ് താങ്ങി ഒരു നിമിഷം ഇരുന്നു.. പെട്ടന്ന് തന്നെ ലച്ചുവിനടുത്തേക്കാഞ്ഞു ഇരു ചുമലിലും കൈയ്കൾ അമർത്തി അവളെ കുലുക്കി വിളിക്കാൻ തുടങ്ങി.. തെല്ലൊരു നേരം അവനെ തന്നെ ഉറ്റുനോക്കിയതിനു ശേഷം അവൻ പോലും പ്രേതീക്ഷിക്കാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി.. ഹൃദയം പോലും നിശ്ചലമായി പോവും വേദനയിൽ അവൾ ഉറക്കെ ഉറക്കെ കരഞ്ഞുകൊണ്ട് വേദനകൾ ഇറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. അവൻ അറിയാതെ തന്നെ ഒരു കയ്യാൽ അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ടു മറുകയ്യാൽ തലമുടിയെ തഴുകാൻ തുടങ്ങിയിരുന്നു.. കുറച്ചുനേരത്തെ ഉച്ചത്തിലുള്ള കരച്ചിലിന് ശേഷം ഏന്തലുകൾ മാത്രമായപ്പോൾ അവൻ സംസാരിച്ചു തുടങ്ങി..

" ജിച്ചേട്ടനോട് ക്ഷമിക്ക് മോളെ.. പെട്ടന്ന് കൈയ് വിട്ടുപോയൊരു നിമിഷത്തിൽ പൊട്ടിത്തെറിച്ചുപോയതാണ്... ദേവൻ.. അവനൊരിക്കലും ലച്ചൂനെ സ്നേഹിച്ചിട്ടില്ലടാ.. ഇനി സ്നേഹിക്കുമെന്നും തോന്നുന്നില്ല.. " ജീവയുടെ ശബ്ദം കേട്ടതും അവനിൽ നിന്നു വിട്ടുമാറിയിരുന്നു ലച്ചൂ നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു.. " അവന്റെ പ്രണയം അവന്റെ ശിവയോട് മാത്രമാണ് ലച്ചൂ.. " പിന്നെയും ആ പെണ്ണെന്തോ പ്രേതീക്ഷയോടെ മുഖമുയർത്തി ജീവയെ തന്നെ നോക്കി.. " അവന്റെ ശിവ ശിവലക്ഷ്മിയല്ല... ശിവതീർത്ഥയാണ്.. ഓർമ്മവെച്ച നാൾ മുതൽ ഉള്ള അവന്റെ പ്രണയം.. അത് നിന്റെ തീത്തൂനോടായിരുന്നു പെണ്ണേ... " പ്രേതീക്ഷയോടെ നോക്കിയ പെണ്ണിന്റെ മുഖത്തു ദുഃഖം നിറയുന്നുണ്ടായിരുന്നു.. ജീവയുടെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നെങ്കിലും എല്ലാമെല്ലാം ലച്ചുവിനെ അറിയിക്കാതിരിക്കുന്നത് ശരിയാവില്ലെന്നു ഉറപ്പുള്ളത്കൊണ്ട് അവൻ പിന്നെയും തുടർന്നു.. " ലച്ചു ഒരിക്കെ ഈ വെള്ളത്തിൽ വീണപ്പോൾ അവൻ വന്നു രക്ഷിച്ചില്ലേ?? അന്നവൻ കാട്ടി കൂട്ടിയ വെപ്രാളാമെല്ലാം അവന്റെ തീർത്ഥക്ക് മാത്രം സ്വന്തമായിരുന്നു.. അവളാണ് വീണതെന്നു പേടിച്ചിട്ടാണ് ബോധം വീണപ്പോൾ നിന്നെ പൊതിച്ചു പിടിച്ചത്.. നീയാണെന്നു പിന്നീടാണ് അവൻ മനസിലാക്കിയത് പോലും..

എന്നോടവരുടെ പ്രണയം വെളിപ്പെടുത്തുന്നതിനിടയിൽ ഓരോന്നും ഓർത്ത് ഓർത്ത് പറയുന്നുണ്ടായി അവൻ.. ചെറുപ്പം മുതൽ ഉള്ള ഓരോന്നും.. " എങ്ങോ നോക്കി സംസാരിച്ചുകൊണ്ടിരുന്ന ജീവയുടെ വാക്കുകൾ കേട്ട് അവൾ ആ മിഴിനീരിനിടയിലും പുഞ്ചിരിച്ചു.. അവളുടെ പ്രണയം അവളെ തന്നെ നോക്കി കളിയാക്കും പോലെ.. " ന്യൂ ഇയർ രാത്രി അവന് ഓർമ്മകൾ പോലും ഇല്ല മോളെ.. ഒരുപാട് കുടിച്ചിരുന്നു എന്നു മാത്രം അറിയുള്ളൂ അവന്.. " ജീവയൊന്നു നിർത്തി.. അവളെ നോക്കി പിന്നെയും തുടർന്നു.. " കഴിഞ്ഞ നാല് മാസത്തോളമായി ദേവനും തീർത്ഥയും ഒരുമിച്ചാണ് ലച്ചൂ.. " കുറച്ചുനേരം ഇരുവർക്കിടയിലും നിശബ്ദത നിറഞ്ഞു നിന്നിരുന്നു.. അവളുടെ ഏന്തലുകൾ മാത്രം ഇടയ്ക്കിടെ ഉയർന്നിരുന്നു.. " ന്റെ.. ന്റെ കാര്യം പറഞ്ഞോ.. ആരോടേലും?? ഏന്തലുകൾക്കിടയിലും അവളെങ്ങനെയോ ചോദിച്ചു.. " ഇല്ല.. പറയാൻ തോന്നിയില്ല.. പറഞ്ഞാലും വെറുമൊരു കുറ്റബോധത്തിന്റെ പേരിൽ അവൻ നിന്നെ സ്വീകരിക്കുമായിരിക്കും.. രൂപത്തിൽ ഒരേപോലെയാണെങ്കിലും മനസുകൊണ്ട് നിങ്ങൾ രണ്ടും രണ്ട് വ്യക്തികൾ അല്ലേ മോളെ.. തീർത്ഥയുടെ സാമീപ്യം അറിയുന്ന ഓരോ നിമിഷവും അവന്റെ ഉള്ളിലെ ഉള്ള പ്രണയം പുറത്തുവരില്ലെന്ന് ആര് കണ്ടു??..

അവളെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് ലച്ചൂനെ സ്നേഹിക്കാൻ പറ്റോ ദേവന്?? കുഞ്ഞിനെ സ്നേഹിക്കോ?? സ്നേഹിക്കുമായിരിക്കും.. സ്വന്തം ചോരയായതുകൊണ്ട് കുഞ്ഞിനെ സ്നേഹിക്കുമായിരിക്കും... " " ഇല്ലാ.. തീത്തൂനെ സ്നേഹിക്കുന്നുണ്ടേൽ ലച്ചൂനെയോ വാവയോ സ്നേഹിക്കാൻ ദേവേട്ടന് പറ്റില്ല.. ദേവേട്ടനോട് പറയാഞ്ഞത് നന്നായുള്ളൂ ജിച്ചേട്ടാ.. അറിയണ്ട.. ആരും.. ഒന്നും.. ലച്ചു.. ലച്ചൂവും വാവേം ആർക്കും ശല്ല്യാവില്ല.. ആർക്കും.. " വയറിനെ തഴുകി മിഴിനീരിനിടയിലും ധൃഢതയോടെ പറയുന്ന പെണ്ണിനെ നോക്കി ജീവയിരുന്നു.. അവളുടെ കണ്ണുകൾ കുളത്തിൽ അകലങ്ങളിൽ വിരിയാനായി നിൽക്കുന്ന ആമ്പൽ മൊട്ടുകളിലായിരുന്നു.. ചിന്തകൾ മുഴുവനും ഉള്ളിൽ കുരുത്ത കുരുന്നിനെപ്പറ്റിയായിരുന്നു.. വയറിലായി ഇരിക്കുന്ന അവളുടെ കൈയിൽ തന്നെ നോട്ടമിട്ടു അവൻ.. ഒരു കുഞ്ഞുജീവൻ.. " ലച്ചൂ... ഞാൻ.. അനിയന്റെ തെറ്റ് ഏറ്റെടുക്കാണെന്ന് തോന്നരുത്.. ഞാൻ.. ഞാൻ കല്യാണം കഴിച്ചോട്ടെ ലച്ചൂനെ.. " ജീവയുടെ വാക്കുകൾ കേട്ടതും ഞെട്ടലോടെ അവളവനെയൊന്നു നോക്കി..

" നിക്ക്.. നിക്ക് ജീവിക്കാൻ ഒരു മോഹം തോന്നുവാ ലച്ചൂ.. ഈ വാവേടെ അച്ഛനായിട്ട് മാത്രം.." പ്രേതീക്ഷയോടെ തന്നെ നോക്കുന്ന ജീവയുടെ കണ്ണുകളെ നേരിടാനാവാതെ അവൾ മിഴികൾ താഴ്ത്തി... " വേണ്ടാ.. നിക്ക് പറ്റില്ല.. എന്നും എന്റെ ഉള്ളിൽ ദേവേട്ടനോടുള്ള പ്രണയം മാത്രേ കാണൂ.. നിക്ക് പറ്റില്ല.. " നേർമയോടെ പറഞ്ഞുകൊണ്ടവൾ തല ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ടിരുന്നു... " നിക്ക് അറിയാം.. നിനക്കൊരിക്കലും എന്നെപോലൊരാളെ സ്നേഹിക്കാനോ കൂടെ ജീവിക്കണോ ആവില്ലെന്നു.. പ്രേതെകിച്ചു മറ്റൊളരെ മനസ്സിൽ സൂക്ഷിക്കുമ്പോൾ.. വേറൊന്നും വേണ്ടാ.. വാവേ മാത്രം.. വാവേടെ അച്ഛനായിക്കോട്ടെ ലച്ചൂ ഞാൻ?? ഒരിക്കലും ഒരു നോട്ടംകൊണ്ടോ വാക്കുകൊണ്ടോ നിന്നെ ശല്യപെടുത്തില്ല.. ഭാര്യയുടെ സ്നേഹമോ കരുതലോ ഒന്നും ആഗ്രഹിക്കുന്നില്ല.. ഭർത്താവിന്റെ ഒരു അവകാശവും വേണ്ടാ.. നിക്ക് അച്ഛനായാൽ മതി ലച്ചൂ.. ഈ വാവേടെ സ്വന്തം അച്ഛൻ.. " അച്ഛനെന്ന വാക്കുഛരിക്കുമ്പോൾ തിളങ്ങുന്ന ജീവയുടെ മിഴികളെ നോക്കിക്കൊണ്ടവൾ ഉലയുന്ന മനസുമായാവിടെ ഇരുന്നു.. അപ്പോഴും വലതുകരം വയറിനെ പൊതിഞ്ഞിട്ടുണ്ടായിരുന്നു.. പടികളിൽ നിന്നെഴുനേറ്റ് പുറകുവശത്തെ മുറ്റത്തേക്ക് നടക്കുമ്പോഴാണ് തന്നെ തന്നെ കൂർപ്പിച്ചു നോക്കി നടന്നുവരുന്ന നിവിയെയും വേദിനേയും ലച്ചു കാണുന്നത്.. വെപ്രാളത്തോടെ മുഖമൊന്നു അമർത്തി തുടച്ചുകൊണ്ട് ചുണ്ടിലൊരു പുഞ്ചിരി വരുത്തി അവരുടെ അടുത്തേക്കായി ലച്ചു നടന്നു..

" എവിടെയായിരുന്നു പെണ്ണെ?? എത്ര നേരായി നോക്കുന്നു നിന്നെ.. എല്ലാടത്തും നോക്കിലോ.. എവിടന്നാ ഈ വരവ്.. " " കരഞ്ഞോ ലച്ചൂ നീയ്?? ഏഹ്?? " നിർത്താതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിൽക്കുന്ന നിവിയുടെ കൈയിൽ പിടിച്ച് നിർത്തിക്കൊണ്ട് വേദ് ലച്ചുവിനോടായി ചോദിക്കുമ്പോൾ അറിയാതെ തന്നെ അവളുടെ മുഖം കുനിഞ്ഞിരുന്നു.. " ലച്ചൂ.. ചോദിച്ചത് കേട്ടില്ലേ.. " " ഇല്ലാ.. കരഞ്ഞില്ല.. " വേദിന്റെ സ്വരമൊന്നുയർന്നതും പതിയെ പറയുന്ന ലച്ചുവിന്റെ മുഖം ചൂണ്ടുവിരലാൽ അവൻ ഉയർത്തിയിരുന്നു... " എന്നോടും കള്ളം പറഞ്ഞു തുടങ്ങിയല്ലേ.. " വേദനനിറഞ്ഞ പുഞ്ചിരിയാൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്ന വേദിന്റെ കൈയിൽ പിടിച്ച് അവൾ നിർത്തിയിരുന്നു.. " ഞാൻ കുളപടവിൽ ഉണ്ടായിരുന്നു.. ജിച്ചേട്ടന്റെ കൂടെ.. " അവരുടെ മുഖത്തേക്ക് നോക്കാനാവാതെ പറയുന്ന ലച്ചുവിനെ നോക്കി അത്ഭുതത്തോടെ നിവിയും വേദും ഒരു നിമിഷം നിന്നു.. ആ പെണ്ണിന്റെ മുഖത്തെ ഭാവമെതെന്നു വേർതിരിച്ചറിയാനാവുന്നില്ലായിരുന്നു ഇരുവർക്കും.. " ആരും നിർബന്ധിക്കില്ല ലച്ചൂ.. ഞങ്ങൾ പോലും..

നിന്റെ ഇഷ്ടം നോക്കാതെ ഒന്നും ഇവിടെ ആരും ചെയ്യാനും പോണില്ല.. എന്റെ ഏട്ടനായാലും ശെരി.. നിനക്കിഷ്ടമല്ലാതെ ആരേം കെട്ടണ്ട.. കേട്ടില്ലേ.. " ധൃഢതയോടെ പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് നടന്നിരുന്നു.. " വാ ലച്ചൂ.. എല്ലാവരും അന്വേഷിക്കുന്നുണ്ട് അവിടെ.. നീ വാ.. " നിവിയവളുടെ കൈയിൽ പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നു.. ചിന്തകളെയെല്ലാം കൂച്ചുവിലങ്ങാൽ ബന്ധിച്ചുകൊണ്ട് ലച്ചു വീടിനകത്തേക്ക് കയറി.. അകത്തെ സോഫയിൽ ഇരിക്കുന്ന ശങ്കരനെയും പ്രകാശനെയും ദേവിയെയും അവരുടെ തൊട്ടടുത്ത് നിൽക്കുന്ന രുദ്രനെയും വേദിനേയും ഒന്ന് നോക്കികൊണ്ടവൾ അവർക്കരികിലേക്ക് നടന്നുചെന്നിരുന്നു.. " ലച്ചൂ.. ജീവമോൻ പറഞ്ഞത് കുട്ടി കേട്ടുവോ? " കണ്ണുകളിൽ ദയനീയത നിറച്ചുകൊണ്ട് പറയുന്ന അച്ഛനെ നോക്കിയോന്നവൾ മൂളി.. " മോളെ.. ജീവ പറയുന്നത് കേൾക്കണ്ടാ..

ഞങ്ങൾക്ക് കുട്ടിയുടെ തീരുമാനം മാത്രം നോക്കിയാൽ മതി.. മോളെന്ത് തീരുമാനിക്കുന്നുവോ അതുപോലെയെ നടക്കൂ.. " ലച്ചുവിനെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് പ്രകാശൻ പറയുമ്പോൾ ദേവി എഴുന്നേറ്റ് ലച്ചുവിനടുത്തേക്കായി നടന്നിരുന്നു.. " അതെ ലച്ചൂ.. ആരും ന്റെ കുട്ടിയേ നിർബന്ധിക്കില്ലാട്ടോ.. മോളുടെ താല്പര്യം പോലെ പറഞ്ഞോളൂ.. " ലച്ചുവിന്റെ തലയിലായി തഴുകിക്കൊണ്ട് ദേവി പറഞ്ഞിരുന്നു... " നിക്ക് സമ്മതമാണ്.. ജിച്ചേട്ടനെ കല്യാണം കഴിക്കാൻ.. " ശങ്കരനെ നോക്കി പറഞ്ഞുകൊണ്ട് നിൽക്കുന്ന ലച്ചുവിനെ കണ്ടുകൊണ്ടാണ് ജീവ ഉമ്മറത്തുനിന്നും അകത്തേക്ക് കയറിയത്.. സ്വപ്നമാണോ കേട്ടതിന്റെ കുഴപ്പമാണോ എന്നറിയാതെ അവനൊരു നിമിഷം കുഴഞ്ഞു നിന്നിരുന്നു.. ലച്ചുവിനെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിക്കുന്ന അമ്മയെ കണ്ടപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വരുന്നത്.. അപ്പോഴും അവന്റെയുള്ളിൽ തെളിമയോടെ നിന്നിരുന്നത് അച്ഛൻ എന്ന സ്ഥാനവും രണ്ട് പിഞ്ചു കാലുകളുമായിരുന്നു.................... തുടരും...........

നിഴലായ് നിൻ കൂടെ : ഭാഗം 4