ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 15

എഴുത്തുകാരി: ദിവ്യ കഷ്യപ്പ് പിറ്റേദിവസം കമ്പനിയിലേക്ക് ഇറങ്ങാൻ നേരം നവിയെ പുറത്തൊന്നും കണ്ടില്ല ഗൗരി… പൊതിച്ചോറ് അരഭിത്തിയിൽ കൊണ്ട് വെക്കും നേരം അകത്തു നിന്നൊരു മൂളിപ്പാട്ട് കേട്ടു
 

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

പിറ്റേദിവസം കമ്പനിയിലേക്ക് ഇറങ്ങാൻ നേരം നവിയെ പുറത്തൊന്നും കണ്ടില്ല ഗൗരി… പൊതിച്ചോറ് അരഭിത്തിയിൽ കൊണ്ട് വെക്കും നേരം അകത്തു നിന്നൊരു മൂളിപ്പാട്ട് കേട്ടു അവൾ… പക്ഷെ ആളെ കണ്ടില്ല… ഒന്ന് കാണാൻ കഴിയാത്ത ഹൃദയ ഭാരത്തോടെ തന്നെ അവൾ വേലിക്ക് പുറത്തേക്കു കടന്നു… “പായസത്തിനുള്ള കൂട്ടങ്ങൾ വാങ്ങാൻ മറക്കണ്ടാട്ടോ ഗൗരൂട്ടിയെ… “പുറകിൽ നിന്നു മുത്തശ്ശി ഉറക്കെ വിളിച്ചു പറയുന്നത് കേട്ട് അവൾ തിരിഞ്ഞു നിന്നു തലയാട്ടി…. മുത്തശ്ശി ആ പറയുന്നത് കേട്ടു കൊണ്ടാണ് കുളി കഴിഞ്ഞു ടർക്കി ടവ്വൽ പുതച്ചു കൊണ്ട് നവി പുറത്തേക്കിറങ്ങിയത്…

അരഭിത്തിയിൽ ചോറിന്റെ പൊതി ഇരിക്കുന്നത് കണ്ടു അവൻ നേരെ വഴിയിലേക്ക് നോക്കി… ആൾ അപ്പോഴേക്കും പോയി കഴിഞ്ഞിരുന്നു…. “ഇന്ന് നേരത്തെ പോയോ… “?? അവൻ അകത്തെ ക്ളോക്കിലേക്ക് നോക്കി… നവി ഒരുങ്ങിയിറങ്ങും നേരം മുത്തശ്ശി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു… കാറിന്റടുത്തേക്ക് നടക്കുന്നതിനിടയിൽ അവൻ മുത്തശ്ശിയെ നോക്കി പുഞ്ചിരിച്ചു… മുത്തശ്ശി തിരിച്ചും…. “എന്താ പായസക്കാര്യമൊക്കെ പറയുന്ന കേട്ടല്ലോ.. ഇന്ന് പായസം ഉണ്ടോ.. “നവി കുസൃതിയോടെ മുത്തശ്ശിയോട് മൂക്കിൻ തുമ്പ് പിടിച്ചു വലിച്ചിട്ടു ചോദിച്ചു… “ഇന്നല്ല… നാളെ… നാളെ പായസം തരാം…

ഗൗരൂട്ടിയുടെ പിറന്നാളാ…എന്റേം അവളുടെ അമ്മയുടേയുമൊക്കെ പിറന്നാൾ അവൾ പായസവും സദ്യയും ഒക്കെ വെച്ച് ആഘോഷിക്കും… അവളുടേത് മാത്രം മറക്കും… പിന്നെ ഞാൻ othiri നിർബന്ധിക്കുന്നത് കാരണം ഒരു പായസം മാത്രം വെക്കും… അതൊന്നു ഓർമിപ്പിച്ചതാ… നാളെ വൃശ്ചികം തുടങ്ങുവല്ലേ…വൃശ്ചികത്തിൽ ഉള്ളതാ അവൾ…ഇത്തവണ സദ്യ വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…. ” “ഓ… അപ്പോൾ നാളെ ആഘോഷമാണ് ഇല്ലേ… “?? “മ്മ്… ” “എന്നാൽ ഞാൻ ചെല്ലട്ടെ.. “…. നവി കാറിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി… ..

ഉച്ചക്ക് ചോറ് കഴിക്കാനായി പൊതി അഴിച്ചപ്പോൾ എന്തോ നവിയെ ഓർമ വന്നു ഗൗരിക്ക്… …ഇപ്പോൾ ആ ആൾ അവിടെ താൻ തയ്യാറാക്കിയ ഇതേ കറികളും ചോറും ഒക്കെ തന്നെയല്ലേ കഴിക്കുന്നത് എന്ന ഓർമ അവളിൽ എന്തോ ഒരു നിർവൃതി നിറച്ചു… ചൊടിയിലേക്ക് വിരുന്നെത്തിയ ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൾ ഊണ് കഴിക്കാനാരംഭിച്ചു… കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ബാഗിൽ കിടന്നു ഫോൺ റിങ് ചെയ്യുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു… കഴിച്ചു കഴിഞ്ഞു എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ…അറിയാൻ വയ്യാത്ത നമ്പർ ആയതു കൊണ്ട് അവൾ തിരിച്ചു വിളിക്കാനും പോയില്ല…

കുറച്ചു കഴിഞ്ഞു അതേ നമ്പറിൽ നിന്നു വീണ്ടും കോൾ വന്നു… ഗൗരി പെട്ടെന്ന് ഫോണെടുത്തു… “ഹൈ ഗൗരി… എന്തുണ്ട്… “ഒരു പെൺശബ്ദം… ഗൗരിക്ക് ആളെ മനസിലായില്ല.. എന്തെങ്കിലും തിരിച്ചങ്ങു പറയുന്നതിന് മുൻപ് തന്നെ ഇങ്ങോട്ട് വീണ്ടും ആ ശബ്ദം വന്നു… “തന്റെ ഫോണിലേക്ക് അന്ന് ഈ നമ്പറിൽ നിന്നും മിസ്സ്ഡ് അടിച്ചിട്ട് സേവ് ചെയ്തേക്കണം എന്ന് പറഞ്ഞിട്ട് സേവ് ചെയ്തില്ലല്ലേ… “?? “ഓഹ്… നിരഞ്ജന… “ഗൗരി പെട്ടെന്ന് അവളെ മനസിലാക്കി… “മ്മ്.. അപ്പൊ മറന്നിട്ടില്ല… ഓർമ്മയുണ്ട്..” നിരഞ്ജന ചിരിച്ചു.. “പിന്നെ തന്റെ ആളോട് പറഞ്ഞോ ഇഷ്ടം.. വന്നിട്ടുണ്ടല്ലോ…ആള് ” ഗൗരിയുടെ മുഖം ആ പേര് കേട്ടതും ഒന്ന് ചുവന്നു… “ഇ.. ഇല്ല… “അവൾ മറുപടി പറഞ്ഞു..

“ഇനിയെപ്പോഴാ നീ പറയുന്നേ… ഞാനും നവിയും ഈ കാര്യമൊന്നും സംസാരിക്കാറില്ല… നവി അന്ന് താനാണ് നവിയുടെ മനസ്സിൽ എന്ന് പറഞ്ഞതിന് ശേഷം പിന്നീടൊന്നും തന്നെ കുറിച്ച് പറഞ്ഞിട്ടില്ല… അന്ന് ഗൗരി എന്നോട് പറഞ്ഞ കാര്യങ്ങളില്ലേ.. നിങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണകൾ… അത് പോലും പറഞ്ഞിട്ടില്ല… ആ സ്ഥിതിക്ക് എനിക്ക് ഈ കാര്യം അങ്ങോട്ട് സംസാരിക്കാൻ പറ്റില്ലല്ലോ… അല്ലെങ്കിൽ ഞാൻ പറഞ്ഞേനെ…. ” “മ്മ്മ്… ” “നീയിങ്ങനെ മൂളി കൊണ്ടിരിക്കാതെ കാര്യം തുറന്നു പറയ് കൊച്ചേ… അല്ലാതെ നവി എങ്ങനാ അറിയുക… നവി സംസാരിക്കാൻ വന്നപ്പോഴൊന്നും നീ നവിയെ കേൾക്കാൻ തയ്യാറല്ലായിരുന്നല്ലോ… ”

“ഞാൻ എങ്ങനാ പറയുക… “ഗൗരി ഒരു വിറയലോടെ ചോദിച്ചു… “ആഹ്.. ബെസ്റ്റ്… ഇനി ഞാൻ അതും പറഞ്ഞു തരണോ… ദേ… വേഗം പറഞ്ഞോ.. ഇല്ലെങ്കിൽ നല്ല ചുള്ളൻ ചെക്കനാ.. ഇവിടെ വരുന്ന പലരും നോട്ടമിട്ടു വെച്ചിട്ടുണ്ട്.. ആരെങ്കിലും കൊത്തിക്കൊണ്ട് പോവും കേട്ടോ… ” ഫോണിലൂടെ ഗൗരിയുടെ നേർത്ത ഒരു ചിരി നിരഞ്ജന കേട്ടു.. “ആളെ കാണണോ ഇപ്പൊ… എന്നാ ഓൺലൈൻ വാ… ഞാൻ വീഡിയോ കോൾ ചെയ്യാം… ” “അയ്യോ വേണ്ടാ… എനിക്ക് പേടിയാ.. ” “നവി അറിയില്ല… അത് ഞാൻ ഒരു അഡ്ജസ്റ്റ്മെന്റിൽ കാണിച്ചു തരാം… ” ഗൗരി ഒന്നും മിണ്ടാതെ നെറ്റ് ഓണാക്കി..

ഉച്ചയൂണ് കഴിഞ്ഞു ഏതോ ഒരു പേഷ്യന്റിന്റെ കേസ്ഷീറ്റ് നോക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നവിയുടെ റൂമിലേക്ക് നിരഞ്ജന കയറി ചെന്നത്… എന്തൊക്കെയോ കുശലം പറഞ്ഞതിന് ശേഷം അവളുടെ ശ്രെദ്ധ ഫോണിലേക്കായത് കൊണ്ട് തന്നെ നവിയും താൻ ചെയ്തിരുന്ന ജോലിയിലേക്ക് തിരിഞ്ഞു… “ജസ് എ മിനിറ്റ് നവനീത്… ഒരു കോൾ..”പറഞ്ഞു കൊണ്ട് നിരഞ്ജന ജനലിങ്കലേക്കു മാറി നിന്നു… നവിയെ ഗൗരിക്ക് കാണത്തക്ക തരത്തിൽ ഫോൺ പിടിച്ചു കൊണ്ട് അവൾ എന്തൊക്കെയോ പതിഞ്ഞ സ്വരത്തിൽ ഗൗരിയോട് പറഞ്ഞു കൊണ്ടിരുന്നു…

ഇടക്കൊന്നു തിരിഞ്ഞു നോക്കിയ നവി നിരഞ്ജനയുടെ വീഡിയോ കോളും അടക്കി പിടിച്ച സംസാരവും കണ്ടു ഊറിചിരിച്ചു.. “ഡോ… ആര്യനാണോ ലൈനിൽ… ഞാൻ മാറി തരണോ… ” “ഏയ്.. വേണ്ട കഴിഞ്ഞു…. “നിരഞ്ജന ഫോൺ ഓഫ്‌ ആക്കി നവിയുടെ അടുത്ത് വന്നിരുന്നു… ആ മുഖം കണ്ടതോടൊപ്പം ആ ശബ്ദം കൂടെ കേട്ട തൃപ്തിയിൽ ആയിരുന്നു ഗൗരി…എന്തിനോ കണ്ണിൽ നനവൂറി… തന്നിലേക്ക് പ്രണയത്തിന്റെ ആ പേരറിയാത്ത നൊമ്പരം കടന്ന് വരുന്നതവൾ അറിഞ്ഞു… മേശമേലേക്ക് തല ചായ്ച്ചു വെറുതെ കണ്ണുകൾ അടച്ചു അവൾ കിടന്നു… ചെറിയൊരു മയക്കത്തിലെ നിറമുള്ള സ്വപ്നങ്ങളിലേക്ക് നവി എത്തി…

ഒപ്പം തന്നെയും അവൾ കണ്ടു… പണ്ടത്തെ പോലെ കണ്ണെഴുതി.. പൊട്ടു കുത്തി… നീളമുള്ള കമ്മലണിഞ്ഞു… നിറമുള്ള പട്ട് വസ്ത്രം ചുറ്റി… നവിയോടൊപ്പം ഒരുപാട് ചെമ്പകപ്പൂക്കൾക്ക് നടുവിൽ ഇരിക്കുന്നത്… കൈക്കുടന്ന നിറയെ ചെമ്പകപ്പൂക്കൾ നവി തന്റെ തലയിലൂടെ വർഷിക്കുന്നത്.. ആ ചെറു മയക്കത്തിലും ഒരു തെളിമയുള്ള പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു… ………………………

വൈകിട്ട് പായസത്തിനുള്ള സാധനങ്ങൾ ഒക്കെ വാങ്ങിയാണ് ഗൗരി എത്തിയത്.. എഴുത്തു പുരയിലേക്ക് നോക്കിയപ്പോൾ അത് അടഞ്ഞു കിടക്കുകയായിരുന്നു… ഓരോ പണികൾ ചെയ്യുന്നതിനിടയിലും അവളുടെ കണ്ണുകൾ അങ്ങോട്ട് പായുന്നുണ്ടായിരുന്നു… ആ അസാന്നിധ്യം അവളെ വേദനിപ്പിച്ചു…. സന്ധ്യക്കും ആൾ എത്തിയില്ലായിരുന്നു… അത്താഴ സമയം ആകുന്നതിനു മുൻപേ രാധികേച്ചി ഫോൺ ചെയ്തു പറഞ്ഞു.. നവി രവിയേട്ടനെ വിളിച്ചിട്ടുണ്ടായിരുന്നു… അത്താഴം കരുതണ്ട എന്ന് പറയാൻ പറഞ്ഞു… വരുമ്പോൾ വൈകുമത്രേ… ഒരു ദീർഘനിശ്വാസത്തോടെ ഗൗരി ഫോൺ വെച്ചു…

ഉറങ്ങാതെ കിടന്ന ആ രാത്രിയിൽ പാതി രാത്രിയിൽ എപ്പോഴോ നവിയുടെ കാറിന്റെ ശബ്ദം ഒരു കുളിർമഴ പോലെ അവളുടെ ചെവിയോരത്തിൽ വന്ന് ചേർന്നു… മുറിയുടെ ജനൽ പതുക്കെ തുറന്നു അപ്പുറത്തേക്ക് മിഴിനീട്ടവേ കയ്യിൽ കുറച്ചു കവറുകൾ ഒക്കെയായി നവി അകത്തേക്ക് കയറുന്നതു കണ്ടു… വാതിൽ അടക്കും മുൻപ് ഇപ്പുറത്തെ തന്റെ മുറിയുടെ ജനലിന്റെ നേർക്ക് വന്ന നവിയുടെ നോട്ടവും ആ കണ്ണുകളിലെ വെമ്പലും മുറിയിലെ ഇരുട്ടിൽ മറഞ്ഞിരുന്നു ഗൗരി കാണുന്നുണ്ടായിരുന്നു… ………………

പിറ്റേദിവസം പിറന്നാൾ ആയതു കൊണ്ട് തന്നെ വഴിപാടൊക്കെ കഴിപ്പിക്കാനായി ഗൗരി കൃഷ്ണന്റമ്പലത്തിലേക്ക് നേരത്തെ ഇറങ്ങി… വഴിപാട് പ്രസാദമൊക്കെ മേടിച്ചു വന്ന ഗൗരി നേരം വൈകും എന്നുള്ളത് കൊണ്ട് മുറിയിലേക്ക് പോകാതെ നേരെ അടുക്കളയിലേക്ക് കയറി… സാധാരണയിലും രണ്ടു മൂന്ന് കറികളൊക്കെ കൂടുതൽ വെച്ച് പായസവുമുണ്ടാക്കി അമ്മക്കുള്ള ഭക്ഷണവും ഒക്കെയെടുത്ത് വെച്ചിട്ട് അവൾ വേഷം മാറാനായി മുറിയിലേക്ക് ചെന്നു… മേശപ്പുറത്തിരിക്കുന്ന വലിയ ടെക്സ്റ്റൈൽ കവറിലേക്കാണ് ആദ്യം മിഴികൾ ഉടക്കിയത്… വിറയ്ക്കുന്ന കൈകളോടെ അവളത് തുറന്നു നോക്കി…

ആദ്യം മടക്കി വെച്ച ഒരു കടലാസ് കഷ്ണമാണ് കണ്ടത് … തുറന്നപ്പോൾ.. ……..”ഒരുപാടിഷ്ടത്തോടെ…പിറന്നാളാശംസകൾ നേരുന്നു..ഇഷ്ടമായെങ്കിലും അല്ലെങ്കിലും സ്വീകരിക്കുക… ദയവു ചെയ്തു തിരികെ ഏൽപ്പിക്കരുത്… അത് സഹിക്കാനാവില്ല..” എന്ന് അതിൽ എഴുതി കണ്ടു……… ആ വാചകങ്ങൾ ഗൗരിയെ ഒന്നു തളർത്തി… അറിയാതെ ആ കടലാസെടുത്തു ചുണ്ടോടു ചേർത്തു… കണ്ണുനീർ നനഞ്ഞു ആ അക്ഷരങ്ങൾ കടലാസ്സിൽ പടർന്നു പിടിച്ചു.. ആ അക്ഷരങ്ങളിൽ നവിയുടെ മുഖം തെളിഞ്ഞു വരുന്നതവൾ കാണുന്നുണ്ടായിരുന്നു … അവൾക്കുറപ്പായിരുന്നു അത് തന്റെ പ്രിയപ്പെട്ടവന്റെ ഹൃദയം തന്നെയാണെന്ന്….

അത്രമേൽ ഇഷ്ടത്തോടെ വാങ്ങിയതാവുമെന്ന്… വർധിച്ച ഹൃദയമിടിപ്പോടെ ഗൗരി ഓരോന്നായി തുറന്നുനോക്കി… രണ്ടു മൂന്ന് പട്ടുസാരികളും നല്ല വീതിയുള്ള സ്വർണ്ണ കസവിന്റെ ഒരു മുണ്ടും നേര്യതും… ഗൗരി ആ കസവു മുണ്ടും നേര്യതും എടുത്തു ചുറ്റി… കണ്ണാടിയിലേക്കു നോക്കി നിന്നു നവി വാങ്ങി നൽകിയ പൊട്ടു കുത്തി… നീളമുള്ള കണ്ണുകളിൽ കരിമഷി നീട്ടിയെഴുതി.. കാതിൽ വലിയ ജിമുക്കിയിട്ടു… നവി നൽകിയ കുങ്കുമചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തു കുറി വരച്ചു… കയ്യിൽ കുപ്പിവളകൾ അണിഞ്ഞു… പോകാനിറങ്ങിയ ഗൗരിയെ കണ്ടു മുത്തശ്ശി വായും പൊളിച്ചു നോക്കി നിന്നു പോയി …

ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… “തോന്നീലോ… ന്റെ കുട്ടിക്ക് ഇപ്പോഴേലും… സന്തോഷായി മുത്തശ്ശിക്ക്… ഇനി മുത്തശ്ശിക്ക് മരിക്കാം സമാധാനമായി… “ആ വൃദ്ധഹൃദയം തേങ്ങി.. മുത്തശ്ശിയെ കെട്ടിപ്പിടിച്ചൊരുമ്മ നൽകി നവിക്കുള്ള പൊതിച്ചോറ് മുത്തശ്ശിയെ ഏൽപ്പിച്ചു ഒരു ചെമ്പകമലർ അടർത്തി മുടിയിൽ തിരുകി ഗൗരി വഴിയിലേക്കിറങ്ങി… ഇടവഴിയിലൂടെയല്ല…. കാർ പോകുന്ന വലിയ വഴിയിലൂടെ…. പൊതിച്ചോറെടുത്തിറങ്ങുന്നതിനിടയിൽ നവി ഓർത്തു… “ഇന്നും അവളെ കണ്ടില്ലല്ലോ.. തന്നിൽ നിന്നും ഒഴിഞ്ഞുമാറാനാവും നേരത്തെ പോകുന്നത്… ” അവൻ കാറിൽ കയറി റോഡിലേക്കിറങ്ങി…

ഗൗരി സാവധാനമാണ് നടന്നത്… നവി പുറകെ ഉണ്ടാവുമെന്ന് അവൾക്കുറപ്പായിരുന്നു…ഇടക്കിടക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അവൾ മുന്നോട്ട് നടന്നു… കുറച്ചു കഴിഞ്ഞപ്പോൾ കാറിന്റെ ഇരമ്പൽ പുറകിൽ കേട്ടു… ഗൗരി തിരിഞ്ഞുനോക്കിയില്ല… ഹൃദയം ഇപ്പോൾ തുളുമ്പി ചാടി പുറത്തേക്ക് വീഴുമെന്നവൾക്ക് തോന്നി.. തന്റെ അരികിലൂടെ മുന്നോട്ട് പോയ കാറിലിരുന്നു നവി ഒന്നു പാളി നോക്കുന്നതവൾ കണ്ടു… പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ കാർ മുന്നോട്ട് പോകുകയും ചെയ്തു…. ഗൗരിയുടെ പാദങ്ങൾ നിശ്ചലമായി പോയി… വല്ലാത്തൊരു നിരാശബോധം അവളെ വരിഞ്ഞു മുറുക്കി… കണ്ണുകൾ നിറയാൻ തിടുക്കം കൂട്ടുന്നതവൾ അറിഞ്ഞു…

എല്ലാം വലിച്ചു പറിച്ചെറിഞ്ഞു എവിടേക്കെങ്കിലും ഓടി പോകാനാണ് ഗൗരിക്ക് തോന്നിയത്.. മുന്നോട്ട് പോയ കാറിലേക്ക് നോക്കി തന്നെ അവിടെ തറഞ്ഞു നിന്നു അവൾ…. പെട്ടെന്നാണ് കുറച്ചു മുന്നോട്ടു പോയ കാർ റിവേഴ്സിൽ വരുന്നതവൾ കണ്ടത്.. കരിമഷി പടരാതെ കണ്ണൊന്നു തുടച്ചു അവൾ…തിളങ്ങുന്ന കണ്ണുകളോടെ അവിടേക്ക് നോക്കി നിന്നു… ഗൗരിയുടെ അടുത്തെത്തിയ നവി ഗ്ലാസ്‌ താഴ്ത്തി അവളുടെ മുഖത്തേക്ക് അമ്പരന്നു നോക്കി.. ആ മിഴികൾ എന്തിനൊക്കെയോ വിടർന്നു… നിറഞ്ഞു… തിളങ്ങി… നവി കണ്ടത് വിശ്വസിക്കാനാവാതെ ഡോർ തുറന്നു പുറത്തിറങ്ങി വന്നു… “ഗൗ… ഗൗരി… എനിക്ക് മനസിലായില്ലെടോ തന്നെ… ഐശ്… ഇതാരാ… ഈ കാണുന്നതൊക്കെ സത്യമാണോ… ”

ഒന്നും പറയാതെ ചെറു പുഞ്ചിരിയോടെ ഗൗരി മിഴികൾ താഴ്ത്തി… “ഇഷ്ടായോ.. ” ഒരു പിടച്ചിലോടെ ഗൗരി മുഖമുയർത്തി നവിയെ നോക്കി… “അല്ല.. ഈ ചുറ്റിയിരിക്കുന്ന ഡ്രസ്സ്‌… ഇഷ്ടായോ?? ” “മ്മ്… ” “പിറന്നാളായിട്ട് എനിക്കൊന്നുമില്ലേ…??”അവൻ ചോദിച്ചു… “വൈകിട്ട് വരുമ്പോൾ നെയ്പായസം തരാം.. തയ്യാറാക്കി വെച്ചിട്ടുണ്ട്… “അവൾ പതിയെ പറഞ്ഞു… “അത് വൈകിട്ടല്ലേ.. അതപ്പോൾ കുടിച്ചോളാം.. ഇപ്പൊ ഒരു കൂട്ടം തരുവോ..? ” എന്താണെന്ന ഭാവത്തിൽ വിടർന്ന മിഴികളോടെ ഗൗരി അവനെ നോക്കി… “ദേ ഈ മുടിയിഴകളിൽ കോർത്തു വെച്ചിരിക്കുന്ന ആ ചെമ്പകപ്പൂവ്.. അത് അതെനിക്ക് തരുവോ… “……dk ദിവ്യകശ്യപ്

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 14