അഞ്ജലി: ഭാഗം 20

എഴുത്തുകാരി: പാർവ്വതി പിള്ള ദിയയ്ക്കൊപ്പം സ്റ്റെപ്പുകൾ കയറവേ ഏതോ ഒരു ഉൾപ്രേരണയാൽ റാം പിന്നിലേക്ക് തിരിഞ്ഞു നോക്കി… ഒരു ശില കണക്കെ നിറകണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന
 

എഴുത്തുകാരി: പാർവ്വതി പിള്ള

ദിയയ്ക്കൊപ്പം സ്റ്റെപ്പുകൾ കയറവേ ഏതോ ഒരു ഉൾപ്രേരണയാൽ റാം പിന്നിലേക്ക് തിരിഞ്ഞു നോക്കി… ഒരു ശില കണക്കെ നിറകണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ട് എന്തിനെന്നറിയാതെ റാമിന്റെ നെഞ്ചിൽ ഒരു നൊമ്പരം ഉടലെടുത്തു…. ഒപ്പം തന്നെ ബോളും കയ്യിൽ പിടിച്ച് കണ്ണിമയ്ക്കാതെ തന്നെ നോക്കി നിൽക്കുന്ന ആ കുരുന്നു മുഖത്തേക്ക് അവൻ വീണ്ടും വീണ്ടും നോക്കി…. അവളുടെ കണ്ണിൽ നിന്നും അടർന്നുവീണ ആ നീർതുള്ളി വന്നു പതിച്ചത് തന്റെ നെഞ്ചിലാണ് എന്ന് ഒരുവേള റാമിന് തോന്നി… റാം… ദിയയുടെ വിളിയാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… കിടന്നോളൂ… വെളുപ്പിനെ എഴുന്നേൽക്കെണ്ടതല്ലേ… ഒരുപാട് ദൂരം ട്രാവൽ ചെയ്തു വന്നതല്ലേ… നല്ല ക്ഷീണം കാണും… റാം കിടന്നതും ഇല്ലല്ലോ…

അവൻ അവളെ നോക്കി ഒന്നു മൂളിക്കൊണ്ട് തന്റെ റൂമിലേക്ക് കയറി… ബെഡിൽ വന്നു കിടന്നിട്ടും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല… നാളെ തന്റെ വിവാഹം ആണ്.. ദിയയെ താൻ സ്നേഹിക്കുന്നുണ്ടോ… അറിയില്ല… പൊരുത്തപ്പെടാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്… ഒന്നറിയാം ദിയ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. പക്ഷേ അത് തിരികെ നൽകാൻ എന്തോ ഒന്ന് തന്നെ വിലക്കുന്നു… ദിയ തരുന്നതിന്റെ ഇരട്ടിയായി അവൾക്ക് തന്റെ പ്രണയം തിരികെ നൽകണമെന്ന് ആഗ്രഹം ഉണ്ട്… പക്ഷെ… എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല… അവൻ കണ്ണുകൾ മെല്ലെ അടച്ചു… എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി ഒരിക്കൽപോലും അവനെ കടാക്ഷിച്ചില്ല… അവൻ മെല്ലെ ബെഡിൽ നിന്നും ഇറങ്ങി വെളിയിലേക്ക് ഉള്ള വാതിൽ തുറന്ന് കൈവരിയിൽ പിടിച്ചുകൊണ്ട് താഴേക്ക് നോക്കി നിന്നു…എല്ലായിടവും നിശബ്ദമാണ്…

വെളിയിൽ ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്… അപ്പോഴാണ് തൊട്ടപ്പുറത്തെ റൂമിന്റെ ചാരിയിട്ട വാതിലിന് ഇടയിൽ കൂടി കരച്ചിലിന്റെ ചീളുകൾ വെളിയിലേക്ക് വന്നത്… അവൻ അമ്പരപ്പോടെ വീണ്ടും അകത്തേക്ക് എത്തിനോക്കി… ആരുടെയോ ആശ്വാസ വാക്കുകളും ഒപ്പം കേൾക്കുന്നുണ്ട്… കുറെ നേരം അവൻ അങ്ങനെ ആ നിൽപ്പ് നിന്നു…. ശക്തമായി കേട്ട തേങ്ങൽ ഒന്ന് കുറഞ്ഞതായി അവനു തോന്നി… എങ്കിലും പുറത്തേക്ക് വരുന്ന ചെറിയ തേങ്ങലുകളിൽ നിന്നും പൂർണ്ണമായും ആളിന്റെ സങ്കടം മാറിയിട്ടില്ലെന്ന് അവന് മനസ്സിലായി… എന്തോ ഒരു തോന്നലിൽ അവൻ ചാരി ഇട്ട ആ വാതിൽ മെല്ലെ തുറന്നു… പ്രായം ചെന്ന ഒരു സ്ത്രീയുടെ തോളിൽ തലചായ്ച്ച് തേങ്ങിക്കരയുന്ന പെൺകുട്ടി… ഇവരെ അല്ലേ താൻ താഴെ വെച്ച് കണ്ടത്… ഒപ്പം അവന്റെ കണ്ണുകൾ കട്ടിലിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിലേക്ക് നീണ്ടു…

അവനെ കാണകെ റാമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവനറിയാതെ വിരിഞ്ഞു… മതി മോളെ കരഞ്ഞത്… ഇങ്ങനെ കരഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കരുത്… തന്റെ തോളിൽ കിടന്ന അഞ്ജലിയെ നിവർത്തി ഇരുത്തി കൊണ്ട് ദേവമ്മ പറഞ്ഞു… ഇരു കൈകൊണ്ടും മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ ഉണ്ണിക്കുട്ടന് അരികിലേക്ക് ചരിഞ്ഞു കിടന്നു… എനിക്ക് തെറ്റു പറ്റിയത് അല്ല ദേവമ്മേ… എന്റെ അനന്തേട്ടൻ തന്നെയാ അത്… എനിക്ക് ഉറപ്പുണ്ട്… അനന്തേട്ടന്റെ വലതു കവിളിലെ മറുക് അതു പോലെയുണ്ട്…. അതുമാത്രമല്ല ഉണ്ണിക്കുട്ടനു നേരെ ബോൾ നീട്ടിയപ്പോൾ ഞാൻ കണ്ടതാ വലതുകൈയ്യിൽ പച്ച കുത്തിയിരിക്കുന്ന ശിവരൂപം… ദേവമ്മയ്ക്കും അറിയാമല്ലോ… എനിക്ക് ഉറപ്പുണ്ട് അത് എന്റെ അനന്തേട്ടൻ തന്നെയാണെന്ന്… പക്ഷേ എന്നെയും മോനെയും കണ്ടിട്ടും അനന്തേട്ടൻ ഒരു പരിചയവും കാണിച്ചില്ല… ദേവമ്മ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു….

മോളെ ഒക്കെ മോളുടെ തോന്നലാവും…മോൾ ഇനിയെങ്കിലും യാഥാർഥ്യം ഉൾക്കൊള്ളണം…അനന്തൻ കുഞ്ഞ് നമ്മളെയൊക്കെ വിട്ടുപോയി… ഇത്രയും നാളും ഞാനും അത് ഉൾക്കൊണ്ടുതന്നെയാ ദേവമ്മേ ജീവിച്ചത്… പക്ഷേ… ഇത്.. എനിക്കുറപ്പുണ്ട് എന്റെ അനന്തേട്ടൻ തന്നെയാ അത്… ദേവമ്മയ്ക്കറിയുമോ എന്റെ ഉണ്ണിക്കുട്ടൻ പോലും മനസ്സിലാക്കി അവന്റെ അച്ഛനെ…. എന്റെ കുഞ്ഞു കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു… എന്നിട്ടും അനന്തേട്ടൻ ഒന്നും മിണ്ടിയില്ല അവനോട്…. ഏതോ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു കയറിപ്പോയി… അഞ്ജലി മെല്ലെ എഴുന്നേറ്റിരുന്നു… അല്ലെങ്കിലും ദേവമ്മയുടെ അനന്തൻ മോന് മറ്റുള്ള പെണ്ണുങ്ങളെ പിടിച്ചുകൊണ്ട് പോകുന്നത് പുതുമയുള്ള കാര്യമല്ലല്ലോ…. ഈ അഞ്ജലിയെ മടുത്തു കാണും…. മോളേ നീ എന്തൊക്കെയാ ഈ പറയുന്നത്…

ദേവമ്മ ശാസനയോടെ അവളോട് ചോദിച്ചു… മോൾ വന്നതിനുശേഷം അങ്ങനെയൊന്നും കുഞ്ഞു പോയിട്ടേ ഇല്ലല്ലോ… മരിച്ചു തലയ്ക്ക് മുകളിൽ നിൽക്കുന്നവരെ കുറിച്ച് ഇങ്ങനെ ഒന്നും പറയരുത് മോളെ…. ആര് തലയ്ക്കുമുകളിൽ നിൽക്കുന്നെന്നാ ദേവമ്മ പറയുന്നത്… അനന്തേട്ടൻ ആണോ.. ഇല്ല ദേവമ്മേ… അനന്തേട്ടൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട്…. അവൾ ഒഴുകിയിറങ്ങിയ കണ്ണുനീർ ഒരു വാശി പോലെ തുടച്ചുനീക്കി കൊണ്ട് ദേവമ്മ യോടായി പറഞ്ഞു…. ഈ സമയം അകത്തെ സംഭാഷണം കേട്ട് വാതില്ക്കൽ തറഞ്ഞു നിൽക്കുകയായിരുന്നു റാം…. അവന്റെ കണ്ണുകൾ വലതു കയ്യിലേക്ക് നീണ്ടു… ഇവർ തന്നെയാണോ ഉദ്ദേശിച്ചത്…. അവൻ എന്തുചെയ്യണമെന്നറിയാതെ അവിടെ നിന്നു.. മോൾ ഇപ്പോൾ സമാധാനത്തോടെ കിടന്നുറങ്ങ്…. മോൾ കണ്ടത് ഭഗവാന്റെ മുൻപിൽ വച്ച് അല്ലേ….

കൈവെടിയില്ല കണ്ണൻ നിന്നെ…. അഞ്ജലി വാടിയ ഒരു ചിരിയോടെ ദേവമ്മയെ നോക്കി കൊണ്ട് ഉണ്ണിക്കുട്ടന് അരികിലേക്ക് നീങ്ങി അവനെയും ചേർത്തുപിടിച്ചു കിടന്നു… ദേവമ്മ ഒരു ദീർഘനിശ്വാസത്തോടെ വാതിലടയ്ക്കാൻ ആയി ഡോറിന് നേരെ വന്നു… പകുതി തുറന്ന വാതിലിനു മുൻപിൽ അകത്തേക്ക് നോക്കി നിൽക്കുന്ന ആളെ കണ്ടു ദേവമ്മ അന്തംവിട്ടു…. അനന്തൻ കുഞ്ഞേ…. അവർ അവന് അരികിലേക്ക് ഓടി ചെന്നു… ദേവമ്മ അവന്റെ നെറുകയിലും മുഖത്തും കയ്യിലും ഒക്കെ ആകമാനം തലോടി… എന്റെ ഗുരുവായൂരപ്പാ… ഞാൻ എന്താ ഈ കാണുന്നത്… ഭഗവാനേ അഞ്ജലി മോൾ പറഞ്ഞപ്പോൾ ഞാൻ ഒന്നും വിശ്വസിച്ചില്ലല്ലോ… ദേവമ്മയുടെ പതം പറച്ചിൽ കേട്ട് ഉണ്ണിക്കുട്ടനെ വിട്ടു പിന്തിരിഞ്ഞ അഞ്ജലി വാതിൽക്കൽ നിൽക്കുന്ന അനന്തനെ കണ്ട് ചാടിയെഴുന്നേറ്റു… ഒരു കാറ്റ് പോലെ അവന് അരികിലേക്ക് ഓടി ചെന്നു…

ഇരു കൈകൊണ്ടും ഷർട്ടിന്റെ കോളറിൽ പിടിച്ച് ശക്തിയായി ഉലച്ചു… അനന്തേട്ടാ…. നിങ്ങൾക്ക് എന്നെ അറിയില്ലേ…. മറന്നോ നിങ്ങൾ ഈ അഞ്ജലിയെ…. പോട്ടെ…. എന്നെ ഓർക്കേണ്ട…. നമ്മുടെ ഉണ്ണിക്കുട്ടൻ…. അനന്തേട്ടന്റെ പ്രാണൻ ആയിരുന്നില്ലേ അവൻ… മറന്നോ അവനെയും…. അവൾ ഒരു ഭ്രാന്തിയെ പോലെ അവനെ ശക്തിയായി ഉലച്ചു കൊണ്ട് ചോദിച്ചു…. അവളുടെ വാക്കുകൾ ഓരോന്നും കേട്ട് അവന് ആകെ തല പെരുക്കുന്നത് പോലെ തോന്നി….തലയ്ക്കുള്ളിൽ ശക്തമായ മൂളൽ പോലെ… കണ്ണിൽ ഇരുട്ട് വന്നു മൂടുന്നു… ശക്തിയോടെ കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കി…. അടഞ്ഞു പോകുന്നു…. അവ്യക്തമായി എന്തൊക്കെയോ കണ്മുൻപിൽ തെളിയുന്നു…. ശരീരം തളർന്നു തുടങ്ങിരിക്കുന്നു….. ഇരു കൈകൊണ്ടു തലയിൽ ശക്തിയായി അമർത്തിക്കൊണ്ട് അവൻ നിലത്തേക്ക് ഊർന്നുവീണു…. നേരിയ ഹൃദയമിടിപ്പോടെ നിലത്തുവീണു കിടക്കുന്ന അനന്തനെ അഞ്ജലി പകപ്പോടെ നോക്കിനിന്നു…….തുടരും…..

അഞ്ജലി: ഭാഗം 18