അഞ്ജലി: ഭാഗം 18

അഞ്ജലി: ഭാഗം 18

എഴുത്തുകാരി: പാർവ്വതി പിള്ള

അഞ്ജലി രാവിലെ ഷോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. പോകാൻ റെഡിയായി താഴേക്ക് വന്നു ഉണ്ണിക്കുട്ടനെ എടുത്ത് ചെയറിലേക്ക് ഇരുത്തി. പിന്നെ അവളും അവന് അരികിലേക്ക് ഇരുന്നു. ഒരു പ്ലേറ്റ് എടുത്തു വെച്ച് അതിലേക്ക് 2 ഇഡ്ഡലിയും കുറച്ച് സാമ്പാറും ചട്ണിയും ഒഴിച്ചു. ഉണ്ണിക്കുട്ടന്റെ വായിലേക്ക് ചട്ണിയിൽ മുക്കിയ ഇഡ്ഡലി വെച്ചുകൊടുത്തു. അവന് കൊടുക്കാനായി ഗ്ലാസ്സിൽ ഹോർലിക്സ് ഇട്ട പാൽ ആറിച്ചു കൊണ്ടുവന്നു ദേവമ്മ. ഉണ്ണിക്കുട്ടന് അരികിലേക്ക് പാല് വെച്ചുകൊണ്ട് ദേവമ്മ പറഞ്ഞു. അമ്മ പോകുന്നതിനു മുൻപ് ഇതു മുഴുവൻ കുടിച്ചോണം. പിന്നെ കുടിക്കില്ല മോളെ. എടുത്തുകളയുകയെ ഉള്ളൂ. അഞ്ജലി പാൽ കപ്പെടുത്ത് ഉണ്ണിക്കുട്ടന്റെ ചുണ്ടിലേക്ക് വെച്ച് കൊടുത്തു.

അവൻ മടിയോടെ ഓരോ കവിളുകളായി അത് ഇറക്കി. ദേവമ്മേ ഇവൻ ഇപ്പോൾ രാത്രിയിൽ ഉറക്കത്തിൽ നന്നായി ഞെട്ടുന്നുണ്ട്. നേരത്തെ ഒക്കെ വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ദിവസവും ഇതുതന്നെ. മോളെ പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. നമ്മൾ ക്ഷേത്രങ്ങളിൽ എന്തെങ്കിലും വഴിപാടുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടത്താതെ ഇരിക്കുകയാണെങ്കിൽ കുട്ടികൾ ഇതുപോലെ ഉറക്കത്തിൽ ഭയന്ന് ഞെട്ടും എന്ന്. അങ്ങനെ വല്ലതും ഉണ്ടോ മോളെ. പണ്ടുള്ളവർ പറയുന്നത് അത്രയ്ക്ക് തള്ളിക്കളയാൻ പറ്റില്ല. അഞ്ജലി ആലോചനയോടെ ഇരുന്നു. പിന്നെ ദേവമ്മയുടെ മുഖത്തേക്ക് നോക്കി. ഉണ്ട് ദേവമ്മേ. അനന്തേട്ടൻ കുഞ്ഞിന് ഗുരുവായൂരിൽ കൊണ്ടുപോയി വെണ്ണകൊണ്ട് തുലാഭാരം നടത്താം എന്ന് പറഞ്ഞിരുന്നു. പോകാൻ ഇരുന്നതാ. അപ്പോഴല്ലേ…. അവൾ അർദ്ധോക്തിയിൽ നിർത്തി..

അങ്ങനെയാണെങ്കിൽ അത് നടത്തണം മോളെ.നടത്താമെന്നു പറഞ്ഞ വഴിപാടുകൾ വച്ചു കൊണ്ടിരിക്കാൻ പാടില്ല. അഞ്ജലി ആലോചനയോടെ ഇരുന്നു ചെയ്യാം ദേവമ്മേ. എത്രയും പെട്ടെന്ന് ചെയ്യണം. എനിക്ക് ഇവൻ മാത്രമല്ലേ ഉള്ളൂ. എന്തിന്റെ പേരിലായാലും ഇവനെക്കൂടി നഷ്ടപ്പെടുത്താൻ വയ്യ. അഞ്ജലി ഉണ്ണിക്കുട്ടനെ വാരി പിടിച്ച് മുഖത്ത് ചുംബിച്ചു. പിന്നെ ദേവമ്മയോട് യാത്ര പറഞ്ഞ് ഷോപ്പിലേക്ക് ഇറങ്ങി…… ഷോപ്പിൽ അഞ്ജലിക്ക് നല്ല തിരക്കുണ്ടായിരുന്നു. നിന്ന് തിരിയാൻ സമയമുണ്ടായിരുന്നില്ല. ഇടയ്ക്ക് മൂർത്തി സാറിനെ ഒന്ന് കാണണമെന്ന് വെച്ചെങ്കിലും അതിനും സമയം കിട്ടിയില്ല. എന്തായാലും ഉണ്ണിക്കുട്ടനെയും കൊണ്ട് ഗുരുവായൂർ പോകണം. വീട്ടിൽ വന്നതിനുശേഷം ഫോണിൽ ഒന്ന് വിളിക്കാം.ഇനി രണ്ടു ദിവസം കഴിഞ്ഞെ ഷോപ്പിലേക്ക് വരാൻ പറ്റുകയുള്ളൂ.

അച്ഛനെ ഡിസ്ചാർജ് ചെയ്തിരിക്കുകയാണ്.അച്ഛനെ കൂട്ടാനായി പോകണം. ആതി ഇല്ലാത്തതുകൊണ്ട് താൻതന്നെ പോയെങ്കിലേ പറ്റൂ. അവിടെ കുറച്ചു ഫോർമാലിറ്റീസ് ഒക്കെ ഉണ്ട്. അച്ഛനോട് ആവുന്ന പറഞ്ഞതാണ് ഇങ്ങോട്ടേക്ക് വരാൻ. പക്ഷേ അച്ഛൻ വരില്ല. ഇനിയുള്ള കാലം അമ്മ ഉറങ്ങുന്ന മണ്ണിൽ തന്നെ കഴിയണം എന്നാണ് അച്ഛന്റെ ആഗ്രഹം. അച്ഛനെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അച്ഛൻ സഞ്ചരിക്കുന്ന അതേ പാലത്തിൽ കൂടിയാണ് ഇപ്പോൾ തന്റെയും സഞ്ചാരം.. അസുഖമൊക്കെ ഭേദം ആയെങ്കിലും തനിച്ച് അവിടെ നിർത്തുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. പിന്നെ മൂർത്തി സാറിന്റെ പരിചയത്തിലുള്ള ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. അച്ഛൻ അറിയുമ്പോൾ വേണ്ട എന്ന് ശാഠ്യം പിടിക്കും. എന്നാലും സാരമില്ല. തനിയെ നിർത്താൻ വയ്യ. ഓരോ ആലോചനയോടെ അഞ്ജലി ഷോപ്പിന് വെളിയിലേക്ക് ഇറങ്ങി. അഞ്ജലിയെ കണ്ടുകൊണ്ട് ഡ്രൈവർ കാർ ഇറക്കി.

കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അഞ്ജലി കണ്ടത് ടെക്സ്റ്റൈൽസിന് ഉള്ളിലേക്ക് നടന്നു കയറുന്ന അനന്ദുവിനെ. ഒപ്പം തന്നെ ഒരു പെൺകുട്ടിയും ഉണ്ട്. അവൾ വേഗം അവിടെ നിന്നുകൊണ്ട് വിളിച്ചു… അനന്ദു…. തിരിഞ്ഞു നോക്കിയ അനന്ദു അഞ്ജലിയെ കണ്ടു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. അഞ്ജലി… സുഖമാണോ തനിക്ക്.. സുഖം… അല്ല അനന്ദു ഇവിടെ വരാറുണ്ടായിരുന്നോ. വല്ലപ്പോഴുമൊക്കെ ഞങ്ങളിവിടെ കയറാറുണ്ട് അഞ്ജലി.. ഇത് എന്റെ ഭാര്യ മായ… അനന്ദു അടുത്തുനിന്ന പെൺകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഇവിടെ എസ് ബി ഐ യ്യിൽ ആണ് വർക്ക് ചെയ്യുന്നത്. അഞ്ജലി ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി. ഇരു നിറമാണെങ്കിലും ഐശ്വര്യം നിറഞ്ഞ മുഖം. പുഞ്ചിരി തൂകി നിൽക്കുന്ന ആ മുഖം കാണാൻ തന്നെ ഒരു ഭംഗിയാണ്.

അനന്ദുവിന് നന്നായി ചേരുന്നുണ്ട്.. ഞാൻ പോകാൻ ഇറങ്ങിയതായിരുന്നു. ഇന്ന് കുറച്ച് ജോലി കൂടുതൽ ഉണ്ടായിരുന്നു. എന്തായാലും നിങ്ങളെ കണ്ടതല്ലേ. ഇനി കുറച്ചു കഴിഞ്ഞിട്ട് പോകാം. അവൾ അവരെയും കൂട്ടി തന്റെ ക്യാബിനിലേക്ക് പോയി. അനന്തുവിനോടും മായയോടും കുറെ സമയം സംസാരിച്ചതിന് ശേഷമാണ് അഞ്ജലി അവരെ വിട്ടത്. ഒപ്പം ഓരോ കോഫി കുടിക്കാനും മറന്നില്ല. അനന്ദുവിനോടും മായയോടും സംസാരിച്ചു ഇറങ്ങുമ്പോൾ അഞ്ജലിക്ക് ആകെ ഒരു ഉന്മേഷം തോന്നി. പഴയ ഓർമ്മകൾ ഒക്കെ മനസ്സിൽ വന്നപ്പോൾ അവൾ ആ പഴയ അഞ്ജലി ആയി മാറി. ഒടുവിൽ രണ്ടാളും യാത്ര പറഞ്ഞിറങ്ങുമ്പോൾ മായയുമായി ഒരു നല്ല സൗഹൃദം ഉണ്ടാക്കിയിരുന്നു അഞ്ജലി. ഇടയ്ക്ക് ഉണ്ണിക്കുട്ടന്റെ വിശേഷങ്ങൾ പറഞ്ഞപ്പോൾ ആ മുഖം വിടരുന്നത് അഞ്ജലി കണ്ടു.

ഒപ്പം തന്നെ എന്തോ ആലോചനയോടെ ഇരിക്കുന്ന അനന്ദുവിനെയും അവൾ ശ്രദ്ധിച്ചു. കൂടുതലൊന്നും അതിനെ കുറിച്ച് സംസാരിക്കാതെ രണ്ടു പേരോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി… അഞ്ജലി പിറ്റേന്ന് തന്നെ അച്ഛനെ കൂട്ടാനായി പുറപ്പെട്ടു.. അച്ഛനെ തിരികെ വീട്ടിൽ കൊണ്ടുവിട്ടു മടങ്ങാനായി ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ തെക്കേ തൊടിയിലേക്ക് നീണ്ടു… അവൾ അറിയാതെതന്നെ അവളുടെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.. അമ്മ ഉറങ്ങുന്നിടത്തു ചെന്ന് കുറച്ചു നേരം നിന്നു.. പഴയ ഓരോ കാര്യങ്ങളും അവളുടെ മനസ്സിലേക്ക് കടന്നുവന്നു… എത്ര പെട്ടെന്നാണ് അമ്മ തങ്ങളെ എല്ലാം വിട്ട് പോയത്…. അവൾ ഒരു നിമിഷം കണ്ണ് അടച്ചു നിന്നു. മനസ്സുകൊണ്ട് കുറെനേരം അമ്മയോട് പരിഭവങ്ങൾ പറഞ്ഞു. പിന്നെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞപ്പോഴാണ് കണ്ണിമയ്ക്കാതെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടത്.

കുറെ നേരം ആ വാൽസല്യം ആവോളം ആസ്വദിച്ചു കൊണ്ട് ആ നെഞ്ചോട് ചേർന്നു നിന്നു.. പിന്നെ അച്ഛനോട് യാത്ര പറഞ്ഞുകൊണ്ട് കാറിലേക്ക് കയറി. കണ്ണിൽ നിന്നും മറയുന്നതുവരെ ഗ്ലാസ്സിലൂടെ അച്ഛനെ തന്നെ നോക്കിയിരുന്നു. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരികിടന്നു. ദിയ ആകെ സന്തോഷത്തിലാണ്. വരുന്ന പതിനെട്ടാം തീയതി വിവാഹത്തിന് ഡേറ്റ് എടുത്തിരിക്കുകയാണ് അച്ഛൻ.. തന്റെ എല്ലാ ആഗ്രഹത്തിനും കൂടെ നിൽക്കുന്ന ആളാണ് അച്ഛൻ.. അതുകൊണ്ടാണ് റാമിന്റെ കാര്യത്തിൽ ആദ്യം എതിർപ്പുണ്ടായിട്ടും പിന്നീട് സമ്മതിച്ചത്. ഇപ്പോൾ അച്ഛന്റെ ഒരേ ഒരു ആവശ്യം ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണം എന്നാണ്. തൃശ്ശൂരാണ് അച്ഛന്റെ നാട് എങ്കിലും അവിടെയുള്ളവരുമായി വലിയ സഹകരണം ഒന്നുമില്ല. പക്ഷേ അച്ഛന് നിർബന്ധമാണ് വിവാഹം ഗുരുവായൂരിൽ വച്ച് തന്നെ നടത്തണമെന്ന്.

തനിക്കും അതിന് എതിർപ്പൊന്നുമില്ല. വിവാഹം എവിടെ വച്ചായാലും റാമിനെ തനിക്ക് സ്വന്തമായി കിട്ടണം. ആലോചനയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ദിയയെ കണ്ടുകൊണ്ടാണ് റാം മുകളിലേക്ക് കയറിവന്നത്. അവൻ അവളുടെ മുഖത്തേക്ക് നോക്കി. വിവാഹമുറപ്പിച്ചതിനുശേഷം ആകെ സന്തോഷത്തിലാണ് അവൾ. പക്ഷേ തനിക്ക് മാത്രം അതിന് സാധിക്കുന്നില്ല. എത്ര ആലോചിച്ചിട്ടും എന്താണെന്ന് മനസ്സിലാവുന്നില്ല. മനസ്സിന് ഒരു സന്തോഷം ഇല്ലായ്മ. എല്ലാവരെയും ബോധ്യപ്പെടുത്താൻ വേണ്ടി ചിരിയുടെ ആവരണം അണിയുന്നു എന്ന് മാത്രം. അവൻ അസ്വസ്ഥമായ മനസ്സോടെ ഒന്ന് നിശ്വസിച്ചു………തുടരും…..

അഞ്ജലി: ഭാഗം 17

Share this story