അദിതി : ഭാഗം 13

എഴുത്തുകാരി: അപർണ കൃഷ്ണ അന്നത്തെ ദിവസത്തിന് ശേഷം ഡേവിച്ചന്റെ മുന്നിൽ പോയി പെടാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു. അഥവാ മുന്നിൽ ചെന്ന് പെട്ട് പോയാലും വളരെ സാധാരണമട്ടിൽ
 

എഴുത്തുകാരി: അപർണ കൃഷ്ണ

അന്നത്തെ ദിവസത്തിന് ശേഷം ഡേവിച്ചന്റെ മുന്നിൽ പോയി പെടാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു. അഥവാ മുന്നിൽ ചെന്ന് പെട്ട് പോയാലും വളരെ സാധാരണമട്ടിൽ പെരുമാറും. മറ്റുള്ളവരുടെ കളിയാക്കലും ചിരിയും കമന്റുകളും ഒക്കെ കേട്ടില്ല എന്ന് നടിക്കുകയോ, അല്ലെങ്കിൽ ഒരു ചിരിയോടെ നേരിടുകയോ ചെയ്യും. നമ്മൾ എതിർക്കാൻ ശ്രമിക്കുമ്പോൾ അല്ലെ വീണ്ടും അതിനെ പറ്റി പറയാൻ ഉള്ള ത്വര വരുന്നത്. അങ്ങനെ എന്റെ ചിലവിൽ ഒരു തെണ്ടികളും ഗോൾ അടിക്കേണ്ട. ഹും. ..

പോരാത്തേന് നമ്മട പീക്കിരികൾ ഈ സംഭവങ്ങൾ എല്ലാം നല്ല ഡീറ്റൈൽ ആയി തന്നെ അമ്മേം അപ്പയെയും അറിയിച്ചിരുന്നു. യൂദാസുകൾ. …. എല്ലാം കേട്ടിട്ട് “നീ വേണേൽ ധൈര്യമായി പ്രേമിച്ചോ അല്ലിമോളെ, ഒളിച്ചോടാൻ ഒന്നും നിക്കണ്ട, ഞങ്ങൾ അങ്ങ് കെട്ടിച്ചു തന്നേക്കാം” എന്ന് പറഞ്ഞു കളഞ്ഞു അപ്പ. ശ്ശെടാ മോളെ വഴി തെറ്റിക്കാൻ നടക്കുന്ന ഒരു തന്ത എന്ന മട്ടിൽ ‘അമ്മ ഒരു നോട്ടം നോക്കി. ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാതെ ചിക്കൻ കാലിനോട് യുദ്ധം നടത്തുവായിരുന്നു.

മൗനം വിദ്വാനു ഭൂഷണം എന്ന് പണ്ട് ആരാണ്ടൊക്കെയോ പറഞ്ഞിട്ടുണ്ട്. ദിവസങ്ങൾ കടന്നു പോയി, ദൈവപുത്രന്റെ പിറവി വിളിച്ചറിയിച്ചു കൊണ്ട് ഡിസംബർ മാസം വിരുന്നെത്തി. കോളേജിലെ ക്രിസ്മസ് സെലിബ്രേഷൻ തകർത്തു ആഘോഷിക്കണം എന്ന തീരുമാനത്തിൽ ആയിരുന്നു ഞങ്ങൾ, കഴിഞ്ഞ ഓണം എന്തായാലും മിസ് ആയി. ഓണം കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് ക്ലാസ് തുടങ്ങിയത്. ഇനി അടുത്ത വർഷത്തെ ഓണം ആകുമ്പോളേക്കും സീനിയർസ് വിട പറഞ്ഞു പോകും.

അത് കൊണ്ട് തന്നെ എല്ലാരും ഒന്നിച്ചു കൂടി മറക്കാനാകാത്ത ഒരു ദിവസമായി ആ സെലിബ്രേഷൻ മാറ്റി എടുക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. റെഡ് ആൻഡ് വൈറ്റ് ആയിരുന്നു ഞങ്ങളുടെ ഡ്രസ്സ് കോഡ്. പിന്നെ ബോയ്സിന് ഒരു കൺസിഡറേഷൻ ബ്ലൂ ജീൻസ്‌ വേണേൽ യൂസ് ചെയ്യാം. ബാക്കി പെൺപിള്ളേര് എല്ലാരും ഫ്രോക്കിലും ഗൗണിലും പിടിച്ചപ്പോൾ ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു ആ പണി നമ്മക്ക് വേണ്ട എന്ന്. വെറുതെ എന്തിനാ. ………

പീക്കിരികൾ നല്ല വണ്ണം ശ്രമിച്ചു എന്നെ കൊണ്ട് ഫ്രോക്കിടിക്കാൻ, ഞാൻ ആരാ മോൾ. നല്ല ഡാർക്ക് റെഡ് ജെഗ്ഗിങ്‌സും വൈറ്റ് ഷർട്ടും ഇതിന്റെ കോമ്പിനേഷൻ വരുന്ന ഒരു സ്കാർഫും മേടിച്ചു. പുൽക്കൂടും, നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും ഒക്കെ ആയി കോളേജും ഒരുങ്ങി നിന്നു. കോളേജിൽ പഠിക്കുന്ന സമയം വരുന്ന ഓരോ ആഘോഷങ്ങൾക്കും വല്ലാത്ത ഉത്സാഹം നമ്മിൽ പകരാൻ കഴിയും. കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ലഹരി ആണത്. വളരെ സന്തോഷത്തോടെ ആണ് അന്നേ ദിവസം ഞാൻ കോളേജിൽ പോയത്.

കുറച്ചു നേരത്തെ തന്നെ വച്ച് പിടിച്ചു. എന്റെ ക്രിസ്മസ് ഫ്രണ്ട് റോയ്ച്ചനാണ്. അത്ര ഈസി ആയിട്ടു ഗിഫ്റ് കൊടുക്കാൻ പാടുണ്ടോ? ഒരിക്കലും ഇല്ല. ഒരു അലോഷി എഫക്ട് ഒക്കെ വരട്ടെന്നെ. സമയം എട്ടു ആയെങ്കിലും നേർത്ത മഞ്ഞിന്റെ ആവരണം മരത്തലപ്പുകളിൽ കുട ചൂടി നിൽപ്പുണ്ടായിരുന്നു. അതിലൂടെ നേർത്ത പ്രകാശം കടന്നു വരുന്നത് കാണുന്നത് നിരുപമമായ ഒരു ഭംഗിയാണ്. വല്ലാത്ത ഒരു പോസിറ്റീവിനെസ്സ് തോന്നും. ഞാൻ മാത്രമല്ല കേട്ടോ പീക്കിരികളും പിന്നെയും കുറെ കുട്ടികളും കോളേജിൽ ഉണ്ടായിരുന്നു.

ഇതുങ്ങൾ ഒക്കെ ഇന്നലെ ഇവിടെ തന്നെ ആണോ കിടന്നത്, ഞാൻ ചിന്തിച്ചു പോയി. പുൽക്കൂടൊരുക്കൽ ഡിപ്പാർട്ടുമെന്റ് തലത്തിൽ മത്സരം ആയി നടത്തുന്നതുകൊണ്ട് അതിനു വേണ്ട സാധനങ്ങളൊരുക്കാനും മറ്റുമായിട്ടാണ് അവർ എത്തിയത്. അതിന്റെ ഇടയിൽ ഞാൻ എന്റെ നിധിവേട്ട സെറ്റ് ചെയ്തു വച്ചു. ഓരോ ക്ലൂവും പുതിയ ഡെസ്റ്റിനേഷൻസിലോട്ട് റോയിച്ചനെ നയിക്കും, ഓരോ ഇടത്തു നിന്നും ഓരോ കുഞ്ഞു സമ്മാനവും ഓരോ ക്ലൂവും പിന്നെയും കിട്ടും. ശെരിക്കുള്ള സമ്മാനം ഞാൻ നമ്മട ക്ലാസ്സിൽ ആണ് വച്ചത്.

എന്നയാലും പുള്ളി ആദ്യമേ കേറി തോമസ് സാറിന്റെ മേശ തുറന്നു നോക്കില്ലല്ലോ. അങ്ങനെ നമ്മട സാന്റിയാഗോ പിരമിഡ് കണ്ടു വന്നു പള്ളിയിലെ മരച്ചുവട്ടിൽ ഒളിപ്പിച്ച നിധി കണ്ടെത്തിയത് പോലെ, കോളേജ് ഒക്കെ ചുറ്റി അതിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു അവസാനം ക്ലാസ്സിൽ നിന്ന് റോയിച്ചന് എന്റെ ഗിഫ്റ്റ് ലഭിക്കട്ടെ. എങ്ങനെ ഉണ്ട് എന്റെ ഐഡിയ. പൊളിച്ചില്ലേ. …. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോയിച്ചന് ഇഷ്ടപെട്ട വസ്തുക്കളുടെ ഗവേഷണത്തിലായിരുന്നു, കീച്ചെയിൻ മുതൽ കുറച്ചു കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ അതിൽ ഉണ്ട്. കുറച്ചു കുസൃതിയും, എന്നായാലും അവനു അത് ഇഷ്ടപെടും.

ക്ലാസ്സിൽ എല്ലാരോടൊത്തും കുറച്ചു സെൽഫി, ഗ്രൂഫി പരിപാടികളുമായി നിന്ന എന്നെ പീക്കിരികൾ ക്യാന്റീനിൽ പോകാം ഐസ്ക്രീമു മേടിച്ചു തരാം എന്നൊക്കെ പറഞ്ഞു കൂട്ടികൊണ്ട് പോയി. നമക്ക് തനിയെ മേടിച്ചു കഴിക്കാവുന്ന സാധനം ആണെങ്കിലും ആരേലും മേടിച്ചു തരുമ്പോൾ വല്ലാത്ത ടേസ്റ്റ് അല്ലേ.. … ഒരു പാട്ടും പാടി ക്ലാസിനു പുറത്തിറങ്ങിയപ്പോളുണ്ട് രോഹിത്തും കൂട്ടരും. എല്ലാം കരിവേഷമായി ഇറങ്ങിട്ടുണ്ട്. എന്നെ കണ്ടപ്പോൾ രൂക്ഷമായി ഒന്ന് നോക്കി. എന്തോ നല്ല മൂഡിൽ ആയിരുന്ന കൊണ്ട് ഞാൻ ഒരു ചിരി സമ്മാനിച്ചിട്ടാണ് പോയത്.

അവർക്കു ഇനി അതും അപമാനിക്കലായി തോന്നുമോ, തോന്നിയാൽ എനിക്ക് പുല്ലാണ്. ഹല്ല പിന്നെ. ക്യാന്റീനിന്റെ അടുത്തെത്തിയപ്പോളാണ് അതെനിക്കുള്ള പണി ആണെന്ന് മനസിലായത്. നടുവിൽ ഡേവിച്ചൻ ചുറ്റും പല ഡിപ്പാർട്മെന്റിലും ഉള്ള സീനിയർസ്. എല്ലാരേയും പരിചയം ഉള്ളതാണ്. എല്ലാരും ഡേവിച്ചനെ തള്ളി വിടുന്നുണ്ട്. അങ്ങേരു വേണോ വേണ്ടയോ എന്നുള്ള സംശയത്തിൽ നിൽക്കുന്നു. കയ്യിൽ ഒരു റോസ്. റെഡ് റോസ്. ഹി ഹി ഹി ഇത് പൊളിക്കും. പീക്കിരികളെ നോക്കിയപ്പോൾ എല്ലാത്തിന്റേം മുഖത്തു കള്ളലക്ഷണം. ഈ കുട്ടിത്തേവാങ്കുകളെ ആണല്ലോ കർത്താവെ ഞാൻ എന്റെ അനിയന്മാരായിട്ടു സ്വീകരിച്ചത്. ദേണ്ടെ ലവന്മാര് അളിയനെ തപ്പി നടക്കാ.

തപ്പി നടക്കുന്നെ എന്തിനാ വരാനുള്ള പണി സൂപ്പര്ഫാസ്റ് പിടിച്ചായാലും എത്തും എന്നല്ലേ. എന്നാലും ഈ ഡേവിച്ചൻ ഇതെന്നാ ഭാവിച്ചാ… പണിന്നു പറഞ്ഞാൽ എനിക്കല്ല അത് അങ്ങേർക്കാണ് കിട്ടാൻ പോകുന്നത്, ഇതിപ്പോ മുകളിൽ കൂടെ പോകുന്നതിനെ തോട്ടി വച്ച് പിടിച്ചെടുക്കുന്ന പോലെ ആകുമല്ലോ. ആദ്യം ഒന്ന് പതറിയെങ്കിലും ഞാൻ നേരെ ക്യാന്റീനിന്റെ അടുത്തേക്ക് നടന്നു, തിരിച്ചോടിയാൽ ഉള്ള വില മൊത്തം പോകും. എന്തായാലും വരുന്നിടത്തു വച്ച് കാണാം. ഒരു മുൻകരുതൽ എന്ന നിലക്ക്‌ മുഖത്ത് കുറച്ചു ഗാംഭീര്യം ഒക്കെ വരുത്തി, അങ്ങേരുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ടാണ് ഞാൻ നടന്നത്.

അല്ലാ സാധാരണ ഈ കാഴ്ച ഒക്കെ ഫെബ്രുവരി പതിനാലിന് അല്ലെ കാണുന്നത്. ഇതിപ്പോ ഡിസംബർ ആയല്ലേ ഒള്ളു. ഓഹ് പുള്ളിക്കാരൻ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് വിചാരിച്ചാകും ക്രിസ്മസ് സെലിബ്രേഷൻ ഡേ തിരഞ്ഞെടുത്തത്. അല്ലേലും എനിക്കീ വെറൈറ്റി മനുഷ്യരെ ഒത്തിരി ഇഷ്ട്ടാ…. പുറകിൽ നിക്കുന്നവര് പതിയെ മുന്നോട്ട് തള്ളുന്നു, ഡേവിഡ് ജോൺ തിരിയെ പോകുന്നു. തള്ളുന്നു… തിരികെ പോകുന്നു. മുഖത്താണെൽ ആകെ പരിഭ്രമം. എനിക്കിതൊക്കെ നല്ല ഫിൽമി ആയിട്ടാണ് തോന്നിയത്. ചിരി പൊട്ടി വരുന്നെങ്കിലും അതടക്കി ഞാൻ നടന്നു. വേളാങ്കണ്ണി മാതാവേ ചളമാക്കല്ലേ…നാറ്റിക്കല്ലേ…ഈ അവധിക്കു തന്നെ അങ്ങോട്ട് വന്നു മെഴുകുതിരി കത്തിച്ചേക്കാമേ.

കർത്താവെ…. വിശുദ്ധ ഗീവര്ഗീസ് പുണ്യാളാ. .. എന്തിനു മാര്പാപ്പയെ വരെ ഞാൻ ആ ചുരുങ്ങിയ സമയം കൊണ്ട് വിളിച്ചു. അവരുടെ അടുത്ത് എത്തിയതും മറ്റു ചേട്ടന്മാര് ഡേവിഡിനെ എന്റെ നേരെ തള്ളിയതും ഒന്നിച്ചായിരുന്നു. എന്റെ ദേഹത്തു ഇടിക്കുന്നതിന് മുന്നേ പാവം എങ്ങനെയോ വീഴാതെ നിന്നു. ഒറ്റക്കാൾ തറയിൽ കുത്തി കൈയും മറ്റേ കാലും കൊണ്ട് ഡാൻസ് ഒക്കെ കളിച്ചു പുള്ളി നേരെ നിന്നു. ഞാൻ രണ്ടു കയ്യും കെട്ടി നല്ല ഗൗരവത്തിൽ തന്നെ കണ്ണിലൊട്ടു നോക്കി, എന്നിട്ട് പുരികം ഉയർത്തി എന്താണെന്നു ചോദിച്ചു. “പറ പറയെടാ അളിയാ. ..” എന്നൊക്കെ പുറകിൽ നിന്ന് കേൾക്കുന്നുണ്ട്.

ഒന്ന് മുരടനാക്കിയ ശേഷം ഡേവിച്ചൻ സംസാരിക്കാനായി വായ തുറന്നു. എന്റെ ഹൃദയം ദാണ്ടെ അകത്തു കിടന്നു ബാൻഡ് മേളം ഉണ്ടാക്കുന്നു. കോപ്പ് ഇങ്ങനെ കിടന്നു തുള്ളി ഇതെങ്ങാനും പുറത്തു ചാടുവോ. ഡേവിച്ചാ നോ. .. നോ. .. ദൈവമേ മനസ്സിൽ എന്താണെന്നു ഒരു പിടിയും ഇല്ല. മുഖത്ത് നവരസങ്ങൾ ഒന്നും വരാതെ ഇരിക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. പുള്ളിയുടെ മുഖത്ത് നേർത്ത പരിഭ്രമം, ഞാൻ എന്ത് പറയും എന്നോർത്താണ് എന്ന് തോന്നുന്നു, എനിക്കും അതാണ് സംശയം ഞാൻ എന്ത് പറയും………..

പെട്ടന്നാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഡേവിച്ചൻ പറഞ്ഞത് “സെയിം പിഞ്ച്” ഒള്ളത് പറഞ്ഞാൽ എന്റെ തലയിൽ നിന്ന് ഒന്ന് രണ്ടു കിളികൾ ചിലച്ചു കൊണ്ട് പുറത്തു ചാടി എങ്ങോട്ടോ പറന്നു പോയി. രണ്ടു കണ്ണും തള്ളി ഇതെന്നാ എന്നോർത്ത് നിൽക്കെ “ശ്ശെടാ നശിപ്പിച്ചു” എന്ന് ആരോ പറയുന്നത് കേട്ടു. അപ്പോളാണ് ആ പറന്ന കിളികൾ തിരികെ വന്നു കേറിയത്. പെട്ടെന്നുണ്ടായ ഞെട്ടൽ മറച്ചു ഞാൻ ചോദിച്ചു, “എന്നതാ” എന്നാൽ ശബ്‍ദം ഒന്നും പുറത്തു വന്നില്ല കാറ്റു മാത്രം, എങ്കിലും പുള്ളിക്ക് മനസിലായി എന്ന് തോന്നുന്നു. “അല്ല സെയിം പിഞ്ച്… നമ്മൾ സെയിം കോമ്പിനേഷൻ ഡ്രസ്സ് ‘അല്ലെ” അപ്പോളാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്.

ശെരിയാണ്. ഒരു ചിരി അങ്ങട് പാസ് ആക്കി, അത് പ്ലിങ്ങി പോയോ എന്ന് എനിക്ക് കാര്യമായ ഡൌട്ട് ഉണ്ട്. എന്നാലും സെയിം പിഞ്ച് പറയാൻ ആരേലും റോസും കൊണ്ട് വരുമോ? പിന്നെ ഒന്നും ഓർത്തില്ല കയ്യിൽ ഒരു നുള്ളും കൊടുത്തു ഞാനും പറഞ്ഞു. “സെയിം പിഞ്ച്” ഇതും കൂടെ ആയപ്പോൾ ചുറ്റും കൂടി നിന്ന വാനര കൂട്ടത്തിനു കലിയിളകി. പെട്ടന്ന് ഞങ്ങളുടെ സീനിയറും സർവോപരി ഡേവിച്ചന്റെ ചങ്കും ആയ വിപിൻ ചേട്ടൻ ഡേവിച്ചന്റെ കയ്യിൽ ഇരുന്ന റോസ് പിടിച്ചു വാങ്ങി എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു, ” മോളെ നീ ഇത് പിടി, ഐ ലവ് യു എനിക്ക് നിന്നെ ഇഷ്ടമാ” ഇത് കേട്ടതും പെട്ടന്ന് തലക്കടി കിട്ടിയ പോലെ ഡേവിച്ചൻ വിപിൻ ചേട്ടനെ ഒരു നോട്ടം.

എല്ലാം കൂടെ ആയപ്പോൾ എനിക്ക് കിക്ക്‌ ആയി. ഞാൻ ഉടനെ ആ റോസ് കയ്യിൽ മേടിച്ചു. “സെയിം ടു യൂ ചേട്ടാ” ഇത് കേട്ടതും ശൂ….. എന്നും വിളിച്ചു വിനുകുട്ടൻ എന്റെ കയ്യിൽ പിടിച്ചു. ചുറ്റും നിന്നവരുടെ വാ തുറന്നിട്ടുണ്ട്. ഡേവിഡിന്റെ കണ്ണുകൾ ഇപ്പൊ തറയിൽ വീഴും, പുള്ളിക്ക് ചുറ്റും ഇപ്പോൾ ഭൂമി കറങ്ങുവായിരിക്കും. .ഹി ഹി ഹി . അതിലും കഷ്ടം വിപിന്റെ കാര്യമായിരുന്നു, പുള്ളിടെ മുഖത്ത് ചോരമയം ഇല്ല. ഞാൻ തുടർന്നു. .” ഐ ലവ് മി, എനിക്കും എന്നെ ഭയങ്കര ഇഷ്ടമാ… ചക്കര ഞാൻ അല്ലെ” ഇതും പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു. ഇനി നിന്നാൽ അവരെല്ലാം കൂടെ ഇടിച്ചാലോ.

“അലോഷി നീ ജനിച്ചപ്പോളെ ഇങ്ങനെ ആരുന്നോ, അതോ ഈ ഇടക്കെങ്ങാനും ഇങ്ങനെ ആയതാണോ” സുബിന്റെ വക ആയിരുന്നു ചോദ്യം, ഒരു നിമിഷം അവനെ നോക്കിയിട്ട് ഞാൻ വീണ്ടും എന്റെ ഐസ്‌ക്രീമിലേക്ക് ശ്രദ്ധ പതിപ്പിച്ചു,”എന്താടാ”. “അല്ല നിന്റെ വട്ടിനെ പറ്റി ചോദിച്ചതാ” ഞാൻ ഇഇഇഇ ന്നു ഒരു ചിരി അവനു സമ്മാനിച്ചു. സമയം പത്തര ആയിരിക്കുന്നു. അദിതിയെ കണ്ടില്ലല്ലോ പ്രോഗ്രാം തുടങ്ങാനും സമയം ആയി. നേരെ ഓഡിറ്റോറിയത്തിലേക്കു പോയപ്പോൾ അവിടെ വാതിക്കൽ തന്നെ അവൾ ഉണ്ടായിരുന്നു. വെളുത്ത നിറമുള്ള അനാർക്കലി ധരിച്ചു മാലാഖയെ പോലെ.

അവളുടെ വസ്ത്രങ്ങൾ ഏറെ കുറെ ഒരേ പാറ്റേർണിൽ ഉള്ളത് പോലെ തോന്നും. ഏതേലും ലൈറ്റ് കളറിൽ യാതൊരു വർക്കും ഇല്ലാത്ത ലോങ്ങ് അനാർകലികൾ. എനിക്കതു ഒരുപാടു ഇഷ്ടമാണ്. ഫങ്ക്ഷന് ഞങ്ങൾ ഒന്നിച്ചാണ് ഇരുന്നത്. പ്രിൻസിപ്പാളിന്റെ വക ക്രിസ്മസ് സന്ദേശവും കേക്ക്കട്ടിങ്ങും ഒക്കെ ഉണ്ടായിരുന്നു. കരോൾ മത്സരവും ക്രിസ്മസ് അപ്പൂപ്പന്റെ വരവും ഒക്കെ പുറത്തുള്ള ഓപ്പൺ സ്റ്റേജിൽ വച്ച് ഉച്ചക്ക് ശേഷം നടക്കും. എല്ലാവര്ക്കും കേക്ക് കോളേജിന്റെ വക കേക്ക് കിട്ടി, പോരാഞ്ഞിട്ട് ഞങ്ങൾ പിള്ളേര് എല്ലാം കൂടെ ക്യാഷ് ഇട്ടു നല്ല ഒരു ലഞ്ചും ഒരുക്കിയിരുന്നു.

ഈ ആഘോഷം എന്നൊക്കെ പറയുമ്പോൾ അതിൽ തീറ്റ ഒരു പ്രധാനഘടകമായി വരുമല്ലോ. പന്ത്രണ്ടു മണിക്ക് ക്ലാസ്സിൽ എല്ലാരും എത്തുകയും അവരവരുടെ ക്രിസ്മസ് ഫ്രണ്ടിന് സമ്മാനം കൊടുക്കുകയും ചെയ്തു. എന്റെ പേര് കിട്ടിയത് മനുവിനായിരുന്നു. എന്നെ ഒരുപാട് എക്സ്സൈറ്റ് ചെയ്ത ഗിഫ്റ്. അമിഷ് ത്രിപാഠിയുടെ ശിവ് ത്രിലോഗി ആയിരുന്നു, എനിക്ക് മേടിച്ചു തന്നത്, നമ്മുടെ ശിവഭഗവാനെ കഥാപാത്രമാക്കി രചിക്കപ്പെട്ട ഒരു ഔട്‍സ്റ്റാൻഡിങ് നോവൽ ത്രയം. കൂടെ ഒരു ഡയറി മിൽക്കും അത് ഞങ്ങൾ എല്ലാരും കൂടെ ഷെയർ ചെയ്തു കഴിച്ചു. അവസാനത്തെ ആയിരുന്നു എന്റെ ടേൺ, എനിക്കാണ് നറുക്കു വീണത് എന്നറിഞ്ഞപ്പോൾ തന്നെ റോയിച്ചൻ ഉറപ്പിച്ചു പണി ആയെന്നു.

എന്താകും കിട്ടുക എന്നോർത്ത് മുന്നിൽ കണ്ണടച്ച് നിന്ന റോയിച്ചന്റെ തലയ്ക്കു മുകളിൽ പേപ്പറുകളും ഗ്ലിറ്ററും ഉള്ള ബലൂൺ പൊട്ടിച്ചപ്പോൾ അവൻ ഒന്ന് ഞെട്ടി. അതിൽ നിന്നും വീണ കുഞ്ഞു കടലാസ്സിൽ ആയിരുന്നു എന്റെ ആദ്യ ക്ലൂ. പാവം റോയിച്ചൻ കുറച്ചൊന്നു നടക്കേണ്ടി വരുമല്ലോ, മനുവിനെയും കൂട്ടി പുള്ളി ഇറങ്ങി സമ്മാനവേട്ടക്കായി. …… ഉച്ചക്ക് ലഞ്ച് കഴിക്കുന്ന നേരം അദിതിയുടെ ഒപ്പം ഇരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇത്‌വരെ ഞങ്ങൾ ഒന്നിച്ചിരുന്നു കഴിച്ചിട്ടില്ല, എന്നാൽ പീക്കിരികൾ വന്നു എന്നെ പൊക്കാൻ വേണ്ടി. മനസില്ലാമനസോടെ അദിതിയെ നോക്കിയപ്പോൾ പോയി കൊള്ളാൻ അവൾ കണ്ണ് കൊണ്ട് കാണിച്ചു.

എന്നായാലും ഒരു ദിവസം മൊത്തം അദിതിക്കായി മാറ്റി വയ്ക്കണം. കോളേജ് ഉള്ളപ്പോൾ നടക്കില്ല. താമസിയാതെ അത് ചെയ്യണം. എല്ലാം കൊണ്ടും മനോഹരമായിരുന്നു അന്നത്തെ അന്തരീക്ഷം. ഭക്ഷണം കഴിച്ചു വരുന്നത് വരെ… വീണ്ടും അവർ… രോഹിത്, ഇത്തവണ അവന്റെ കളി ഇത്തിരി കൂടിപ്പോയി, ഭക്ഷണം കഴിഞ്ഞു കയ്യും കഴുകി തിരികെ വരുമ്പോളാണ് അദിതിയെ തടഞ്ഞു നിർത്തി അവളുടെ ദേഹത്തേക്ക് ചുവന്ന ചായം ഒഴിക്കുന്ന കറുത്ത കുതിരകളെ ഞാൻ കാണുന്നത്. പെട്ടന്ന് എനിക്ക് കറന്റ് അടിക്കുമ്പോലെ തോന്നി, വെളുത്ത ചുരിദാർ, അതിലെ ചുവന്ന ചായം ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ.

അദിതിയുടെ അന്നേരത്തെ അവസ്ഥ. ..അവർ ശല്യപെരുത്തുമ്പോൾ എല്ലാം ശാന്തമായി പ്രതികരിക്കാറുള്ള, ഒരിക്കലും പ്രസന്നത കൈവിടാത്ത അവളുടെ മുഖം പേടി തട്ടിയത് പോലെ വിളറി കരുവാളിച്ചിരുന്നു. എന്താണ് സംഭവിച്ചത്. തല കുനിച്ചു ബോധമില്ല എന്ന വണ്ണം നിൽക്കുന്ന അവൾക്കു നേരെ ഞാൻ ഓടി ചെന്നു. രോഹിതിന്റെയും കൂട്ടുകാരുടെയും അറക്കുന്ന വാക്കുകൾ കേട്ടിട്ടും ജീവനില്ലാത്ത നിൽക്കുന്ന അദിതിയെ ഞാൻ ചേർത്ത് പിടിച്ചു. അവളുടെ മനസ്സപ്പോൾ എന്തോ ഓർമകളിൽ കുരുങ്ങി കിടക്കയായിരുന്നിരിക്കണം.

എന്റെ ശരീരത്തിലൂടെ സിരകളിലൂടെ ദേഷ്യം ഇരച്ചു കേറുന്നത്, ഞാൻ അറിയുന്നുണ്ടായിരുന്നു. വേണ്ട… ഒരുപക്ഷെ എന്തേലും പറയാൻ തുടങ്ങിയാൽ തന്നെ എനിക്ക് എന്റെ നിയന്ത്രണം നഷ്ടമാകും. ദേഷ്യം കടിച്ചമർത്തവെ രോഹിത്തിന്റ നോട്ടം എന്റെ നേർക്കായി. “നീയല്ലെടി അന്ന് എന്റെ ഫ്രണ്ടിനെ അടിച്ചത്, അന്നേ നോക്കി വച്ചേക്കുവാ ഇപ്പൊ നിന്റെ ഫ്രണ്ടിനെ ഞാൻ അടിക്കാൻ പോകുകയാ നീ എന്ത് ചെയ്യും” എന്ന് എന്നോട് ചോദിച്ചു കൊണ്ട് രോഹിത് അദിതിയുടെ നേരെ ഓങ്ങിയ കൈയിൽ ഞാൻ കടന്നു പിടിച്ചു, “കൈ വിടെടി” ഇത്രയും ആയപ്പോൾ എനിക്ക് പിന്നെ ബോധം ഒന്നും ഉണ്ടായില്ല, ഒരൊറ്റ എണ്ണം കൊടുത്തു അവനിട്ട്,

പടക്കം പൊട്ടും പോലെ, എന്തൊരു വൃത്തികെട്ട മോന്തയാണിത് എന്റെ കൈ കൂടെ വേദനിച്ചു. വീണ്ടും “എടി” എന്നും വിളിച്ചു എനിക്ക് നേരെ വരാൻ തുനിഞ്ഞതും ചുറ്റും കൂടി നിന്നവർക്കിടയിൽ ഒരനക്കം ഉണ്ടായി. “അലോഷിയെ തൊട്ടാൽ നിന്റെ കൈ ഞങ്ങൾ വെട്ടുമെടാ” അതാരാണ് പറഞ്ഞതെന്ന് ഞാൻ നോക്കിയില്ല, അന്നേരം സകലരോടും എനിക്ക് കലിയായിരുന്നു. കോളേജിൽ പലർക്കും നേരെ അക്രമം കാണിച്ചപ്പോൾ ഇവരൊക്കെ എതിർത്തിരുന്നെങ്കിൽ ഇന്ന് ഈ ദിവസം ഉണ്ടാകില്ലായിരുന്നു. വെറുപ്പായിരുന്നു ആ സമയം. അവന്റെ വായിൽ നിന്ന് വന്ന തെറി, പോയ് കുടുംബത്തുള്ളവരെ വിളിക്കാൻ പറയാൻ അറിയാത്തത് കൊണ്ടല്ല,

എങ്കിൽ പിന്നെ ഞാനും അവനും തമ്മിൽ എന്ത് വ്യത്യാസം. അദിതി അപ്പോഴും ഒന്നും മിണ്ടാതെ തല കുനിച്ചു നിലക്കായിരുന്നു. പ്രതിമ പോലെ, ഞാൻ അവളെയും കൊണ്ട് കോളേജ് ഹോസ്റ്റലിലേക്ക് നടന്നു, പ്രീതിച്ചേച്ചി അവിടെ ആണ് താമസം. കോളേജിൽ ഇ സമയം കൊണ്ട് കോളേജിൽ വാർത്ത കാട്ടുത്തീ പോലെ പടർന്നിരുന്നു. അദിതിയും അവിടെ എല്ലാവര്ക്കും പ്രിയപ്പെട്ടവൾ ആയിരുന്നു. ശരീരത്തിൽ പറ്റിയ ചായം കഴുകി കളഞ്ഞു പ്രീതിച്ചേച്ചിയുടെ ഒരു ചുരിദാറും ഇട്ടു വരുമ്പോളും അദിതി ഒന്നും മിണ്ടിയില്ല, എന്നാൽ അവൾ മനസ്സാന്നിധ്യം തിരികെ പിടിച്ചു കഴിഞ്ഞിരുന്നു.

ഞാനും ഒന്നും മിണ്ടിയില്ല. ഓപ്പൺ സ്റ്റേജിൽ കുട്ടികളുടെ പരിപാടികളും മത്സരവും ഒക്കെ നടക്കുമ്പോൾ ഞങ്ങൾ ഓഫീസിനുള്ളിലായിരുന്നു, ഡേവിച്ചനും വിപിനും യൂണിയൻ മെമ്പേഴ്സും വേറെ കുറച്ചു കുട്ടികളും പിന്നെ രോഹിതും ഗാങ്ങും, പിന്നെ അധ്യാപകരും, ചെയ്തതൊക്ക എന്തോ മഹത്തായ കാര്യം എന്നവണ്ണമുള്ള ധാർഷ്ട്യമായിരുന്നു അവരുടെ മുഖത്തു. ഈ കുട്ടികൾ എന്താണ് ഇങ്ങനെ. അദിതിയോടു പരാതി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ വിപരീതാർഥത്തിൽ തലയാട്ടി. അത് കണ്ടപ്പോൾ ഒരു കൊട്ട് വച്ച് കൊടുക്കാനാണ് തോന്നിയത്. ഇങ്ങനെയും ഉണ്ടോ മനുഷ്യർ.

എന്നാലും എനിക്കവളെ മനസിലാകും, ഒരുപക്ഷെ താൻ കാരണം അവരുടെ പഠിത്തം നഷ്ടമാകരുത് എന്ന് ചിന്തിച്ചിട്ടുണ്ടാകും. സാറുമ്മാരു നിർബന്ധിച്ചപ്പോൾ അവൾ അത് പറയുകയും ചെയ്തു. അതോടു കൂടി, വീണ്ടും ഒരു ലാസ്‌റ് വാണിംഗ് കൊടുത്തു അവരെ പറഞ്ഞു വിട്ടു. പാത്രം അറിഞ്ഞേ ദാനം ചെയ്യാൻ പാടുള്ളു എന്ന് പണ്ടത്തെ ആളുകൾ പറയും, അത് അദിതിക്ക്‌ അറിയില്ല എന്ന് തോന്നുന്നു. ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തോമസ് സാർ പതിയെ അദിതിയുടെ തലയിൽ ഒന്ന് തട്ടി എന്നെ നോക്കി കണ്ണടച്ചിട്ട് ഒരു ചിരി തന്നു. അതിന്റെ അർഥം എനിക്കറിയാം, ആ അടി പൊളിച്ചൂട്ടോ എന്നാണ്.

അറിയാതെ ചുണ്ടിൽ ഒരു ചിരി പടർന്നു, നിവർന്നു നോക്കിയത് ഡേവിച്ചന്റെ മുഖത്തു. ഇപ്പൊ അവിടത്തെ ഭാവം എന്താണെന്നു എനിക്ക് ഒരു പിടിയും ഇല്ല. ഇനി അടിക്കണ്ടാരുന്നു എന്ന് വല്ലതും പറയുമോ? ഹും ആവശ്യമില്ലാതെ അടി ഉണ്ടാക്കരുത് എന്ന് മാത്രമല്ല വേണ്ടുന്ന നേരത്തു കൃത്യമായി പ്രതികരിക്കാനും അന്നാമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.കള്ളും കുടിച്ചേച്ചു മുഖത്ത് നോക്കി അസഭ്യം പറഞ്ഞവന്റെ കൈ തല്ലിയൊടിച്ചു അവന്റെ കള്ളുകുടി നിർത്തിച്ച ത്രേസ്യാമ്മയുടെ മകൾ അല്ലെ എന്റെ അന്നാമ്മ. ഞങ്ങള് കുടുംബത്തോടെ പൊളി ആണെന്നേ. എന്തായാലും പരിപാടി നടക്കുന്നിടത്തു പോയിരിക്കാൻ മനസുണ്ടായില്ല.

അവർ എല്ലാം പരിപാടി നിർത്തി വച്ചാലോ എന്ന് ചോദിച്ചപ്പോൾ അത് സമ്മതിക്കാൻ തോന്നിയില്ല, കുട്ടികളുടെ എത്ര ദിവസത്തെ പ്രാക്ടീസ് ആണ്. അത് വേണ്ടാന്ന് വയ്ക്കാൻ പറ്റില്ല. ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയ്. കുറച്ചു നേരം എന്റെ ചുമലിൽ ചാരി കിടന്ന ശേഷം അദിതി ക്ലാസിനു പുറത്തേക്കു പോയി. എനിക്കറിയാം പതിവ് തെണ്ടൽ തന്നെ, തനിയെ കോളേജിനുള്ളിൽ കൂടി അലയുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ, അത് പറഞ്ഞാൽ മനസിലാക്കാൻ പറ്റില്ല. കൂട്ടം കൂടി നടക്കുമ്പോൾ കാണാതെ പോകുന്ന ഒരുപാടു അത്ഭുതക്കാഴ്ചകൾ മായചെപ്പു തുറന്നിട്ടെന്ന വണ്ണം പ്രകൃതി നമുക്ക് കാണിച്ചു തരും.

മനസ്സിൽ മുറിവുണ്ടായാൽ അതുണ്ടാക്കാൻ ഏറ്റവും ബെസ്ററ് മരുന്ന് പ്രകൃതി തന്നെയാണ്. പുൽക്കൂടിന്റെ മാർക്കിടൽ ഒക്കെ കഴിഞ്ഞു. എന്നതായാലും പിള്ളേര് കുറെ കഷ്ടപ്പെട്ട് പണിഞ്ഞതല്ലേ പോയി കണ്ടേക്കാം എന്ന് വച്ചു. പ്ലാസ്റ്റിക് വിമുക്ത ആഘോഷം ആയതിനാൽ കണ്ട കാട്ടിലും പടർപ്പിലും കുളത്തിലും ഒക്കെ പോയാണ് പിള്ളേര് വേണ്ടുന്ന സാധനങ്ങൾ കണ്ടു പിടിച്ചത്. ഒപ്പം അവരുടെ അന്തമില്ലാത്ത ഇമാജിനേഷനും. എന്നായാലും പൊളിക്കുന്നുണ്ട്. മറ്റുള്ള ഡിപ്പാർട്മെന്റ്‌കളിൽ കേറി കണ്ട ശേഷം ഗാനമേള തുടങ്ങാറായപ്പോൾ പീക്കിരികൾ അങ്ങോട്ടേക്ക് പോയി, അവരും പാടുന്നുണ്ട്.

എന്നേം വിളിച്ചതാണ്, പോകാൻ തോന്നിയില്ല, ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ പുൽക്കൂടും ക്രിസ്മസ് മരവും ഒക്കെ കണ്ടു ഒരു പാട്ടും പാടി സ്റ്റെപ് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പുറകിൽ എന്തോ ശബ്ദം കേൾക്കുന്നത്. എന്തെന്നറിയാൻ തിരിഞ്ഞതും ചുമലിൽ ഒരു തള്ളു കിട്ടിയതും ഒന്നിച്ചായിരുന്നു, പുറം തലയിടിച്ചു വീണാൽ കോളായിരിക്കുമല്ലോ എന്നാണ് പെട്ടന്ന് മനസ്സിൽ വന്നത്. കൈയൊരിടത്തും പിടിത്തം കിട്ടാതെ പുറകിലേക്കു ആഞ്ഞു വീഴുമ്പോൾ കണ്ണുകൾ ഇറുകി അടച്ചു.

വീഴുമ്പോൾ അറിയുമല്ലോ ഇനി അത് കാണേം കൂടെ ചെയ്യണോ. തറയ്ക്കും എനിക്കും വല്യ അകലം ഇല്ല എന്ന് തോന്നിയ നിമിഷം രണ്ടുകൈകൾ എന്റെ നടുവിന് താങ്ങായി, വീഴ്ചയുടെ ശക്തിയിൽ തറയിലിടിക്കാൻ പോയ തല ഏതോ കൈപ്പത്തികളിൽ ഭദ്രമായി, ബോഡിക്കു ചതവും ഒടിവും ഒന്നും പറ്റില്ല എന്ന് ബോധ്യമായ നിമിഷം ഞാൻ കണ്ണുകൾ തുറന്നു. തല തങ്ങിയത് അദിതിയുടെ കൈകൾ, വീഴാതെ എന്നെ പിടിച്ചിരിക്കുന്ന ഡേവിച്ചന്റെ കണ്ണുകളിൽ ഞാൻ വീണ്ടും ഈശോയെ കണ്ടു. എന്നെ നേരെ നിർത്തി ആ പടിയിൽ പിടിച്ചിരുത്തുമ്പോഴും ആരും ഒന്നും മിണ്ടിയില്ല, സ്‌റ്റെപ്പിന് മുകളിലായി നിൽക്കുന്ന രോഹിതിനെ നോക്കിയ അദിതിയുടെ കണ്ണുകളിൽ ആ നിമിഷം സകലതും എരിക്കാൻ പോന്ന അഗ്നി ആളിക്കത്തുന്നത് ഞാൻ അത്ഭുതത്തോടെ ആയിരുന്നു കണ്ടത്.

തനിക്കു നേരെ കുതിക്കാനൊരുങ്ങിയ ഡേവിഡിനെ കണ്ടതും രോഹിത് തിരിഞ്ഞോടി. ഞാൻ പെട്ടന്ന് ആ കോളറിൽ പിടിച്ചു. എന്തോ എനിക്ക് അന്നേരം എങ്ങനെ ചെയ്യാനാണ് തോന്നിയത്. ഒരുകൈ അദിതിയുടെ കയ്യിലും മറ്റേ കൈ ഡേവിച്ചന്റെ കോളറിലും, കണ്ണുകളിടഞ്ഞപ്പോൾ ഞാൻ നോട്ടം മാറ്റി. ഞങ്ങളെ നോക്കി നിൽക്കുന്ന പ്രിൻസിപ്പൽ. അദ്ദേഹത്തെ കണ്ടതും ഞങ്ങൾ എഴുന്നേറ്റു. എന്തോ പറയാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു, “ഇനി അവർ ഉണ്ടാകില്ല, ഈ കോളേജിൽ” ഒന്നും മിണ്ടാതെ അവിടെ തന്നെ നിൽക്കവെ പ്രിൻസിപ്പൽ അവിടെ നിന്നും പോയി. അദിതി എന്നെ മുറുകെ പിടിച്ചു. നഷ്ടപ്പെട്ട് പോകാതിരിക്കാനെന്ന വണ്ണം. ആ നിമിഷം അവൾ എനിക്കെല്ലാമെല്ലാമായിരുന്നു.

മൗനം സംസാരിച്ച നിമിഷങ്ങൾക്കൊടുവിൽ കാറ്റുപോലെ പാഞ്ഞു പിടിച്ചു റോയിച്ചൻ എത്തി. ഓടിവന്നു കൈയിൽ പിടിച്ചു ഒന്ന് കറക്കി നിർത്തിയ ശേഷം, “എന്നാലും എന്റെ പൊന്നാലോഷി നീ എന്നെ ഇത്രക്കും ഇട്ട് ഓടിക്കണമായിരുന്നോ, കോളേജ് മൊത്തം അലഞ്ഞു ഇപ്പളാണ് നിന്റെ മെഗാ ഗിഫ്റ് കണ്ടെത്തിയത്, ഇത്രക്കും അതും ക്ലാസ്സിൽ വച്ചിട്ട് ക്യാമ്പസ് മൊത്തം നടന്നു എന്റെ പരിപ്പിളകി”. ഒറ്റ ശ്വാസത്തിൽ ഇതും പറഞ്ഞു നിർത്തിയിട്ടു പടിയിൽ ചാരി നിന്ന് കിതക്കുന്ന റോയിച്ചനെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു. എന്ത് യക്ഷിച്ചിരി. അത് കണ്ട ഡേവിച്ചനിലും അദിതിയിലും പുഞ്ചിരിയുടെ അലകൾ പടർന്നു കേറുന്നത് സന്തോഷത്തോടെ ഞാൻ കണ്ടു നിന്നു…… തുടരും

അദിതി : ഭാഗം 12