അദിതി : ഭാഗം 12

അദിതി : ഭാഗം 12

എഴുത്തുകാരി: അപർണ കൃഷ്ണ

പതിവ് പോലെ ഞാൻ നേരത്തെ തന്നെ കോളേജിൽ എത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം കാണുന്നത് കൊണ്ടാകാം എനിക്ക് അതിനോട് വല്ലാത്ത സ്നേഹം തോന്നി. നേരെ പോയത് അദിതിയും ഞാനും ഇരിക്കാറുള്ള സിമെന്റ് ബെഞ്ചിന്റെ അരികയിലേക്കാണ്. ഊഹം തെറ്റിയില്ല, അവൾ അവിടെ ഉണ്ടായിരുന്നു. ഇളം പീച്ച് നിറമുള്ള ചുരിദാറിൽ എന്നത്തേയും പോലെ സുന്ദരിയായി. തറവാട്ടിലേക്ക് പോകുന്നതിനു മുന്നേ പറഞ്ഞിരുന്നു എങ്കിലും, കഴിഞ്ഞ ഒരാഴ്ച്ചയായി ഞങ്ങളുടെ ഇടയിൽ ഒരു കോണ്ടാക്റ്റും ഇല്ലായിരുന്നു. എങ്ങനെ ചെയ്യും, പുള്ളികാരിയുടെ നമ്പർ പോലും കയ്യിൽ ഇല്ല.

വല്ലാത്ത ഒരു സൗഹൃദം തന്നെ. അടുത്ത് പോയിരുന്നപ്പോൾ അദിതിയുടെ നോട്ടം വിദൂരതയിൽ എങ്ങോ ആയിരുന്നു. എന്തോ ചിന്തകളിൽ മുഴുകിയതു പോലെ. ഞാൻ അവളെ ശല്യപ്പെടുത്താതെ നോക്കിക്കൊണ്ട് അരികിൽ ഇരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ സ്വപ്നത്തിൽ നിന്നുമെന്ന പോലെ ഉണർന്ന് അവൾ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. എന്നിട്ട് പതിയെ എന്റെ തോളിൽ തല ചായ്ച്ചിരുന്നു. ഒന്നും സംസാരിക്കാതെ…. ഒരു പക്ഷെ അവൾ കഴിഞ്ഞു പോയ ഒരാഴ്ച്ച എനിക്കെങ്ങനെ ഉണ്ടായിരുന്നെന്ന് ചോദിക്കുമെന്നോ, അല്ലെങ്കിൽ എന്നെ മിസ്സ് ചെയ്തെന്നു പറയുമെന്നോ ഞാൻ കരുതിയോ, ഇല്ല വാക്കുകൾക്കതീതമായ ഒരു പ്രഹേളികയാണ് അദിതി മഹേശ്വർ രാജ്പുത് എന്ന പെൺകുട്ടി.

അവളിൽ നിന്ന് സാധാരണമായതെന്തെങ്കിലും പ്രതീക്ഷിക്കാം എന്നു ഞാൻ ഒരിക്കലും കരുതുന്നില്ല. കുറെ സമയം അങ്ങനെ ഇരുന്നപ്പോൾ അവളിൽ നിന്നും ഒരു ദീർഘശ്വാസം ഉയർന്നു. അതിലുണ്ടായിരുന്നു അദിതി പറയാതെ പറഞ്ഞതെല്ലാം അതിലുണ്ടായിരുന്നു. പീക്കിരികളുടെ സ്നേഹപ്രകടനമായി എനിക്ക് നല്ല ഇടികളാണ് കിട്ടിയത്, മേടിക്ക മാത്രമല്ല തിരിച്ചു കൊടുക്കേം ചെയ്തു. ദൈവമേ ഈ കോളേജിൽ ഉള്ളവർക്ക് എന്നോട് ഇത്രക്ക് സ്നേഹമോ, കുട്ടികളിൽ തുടങ്ങി അദ്ധ്യാപകരും അനധ്യാപകരും എന്തിനു പ്രിൻസിപ്പൽ വരെ ചോദിച്ചു കഴിഞ്ഞ ഒരാഴ്ച്ച എവിടെ ആയിരുന്നു എന്ന്.

അലോഷിയെ ഒത്തിരി മിസ്സ് ചെയ്തുപോലും. ഞാനും മിസ്സ് ചെയ്തു…. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കുഞ്ഞോൾ മാത്രമായിരുന്നല്ലോ. എന്നായാലും അലോഷി എന്ന പേര് തറവാട്ടിൽ എല്ലോർക്കും നന്നായി ബോധിച്ചു. ഉച്ചയ്ക്ക് മുന്നേ ഉള്ള പീരീഡ് ക്ലാസ് ഇല്ലാത്തതിനാൽ പതിവ് പോലെ ഞാൻ മുങ്ങാൻ തുടങ്ങിയതും റോയിച്ചനും മാളുവും കൂടെ പിടിച്ചു നിർത്തി, നേരെ ലൈബ്രറിയുടെ സൈഡിൽ ഞങ്ങളുടെയും സീനിയർസിന്റെയും പതിവ് സംഗമസ്ഥലം. വിശേഷങ്ങൾ പങ്കുവച്ചും കൊണ്ടുവന്ന മധുരം വിതരണം ചെയ്‌തും കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു. എന്റെ കണ്ണുകൾ അവിടെ മൊത്തം പരത്തുന്നത് കണ്ട പ്രീതിച്ചേച്ചി ഒരു കള്ളച്ചിരിയോടെ ചോദിച്ചു,

“ആരെ നോക്കുവാ അലോഷി, ഞങ്ങൾ കൂടെ അറിയട്ടെ” ചുമ്മാ ഒരു ചിരി പാസ് ആക്കിയതല്ലാതെ ഒന്നും മിണ്ടീല. വെറുതെ എന്തിനാ വേലിൽ കിടക്കണ പാമ്പിനെ എടുത്ത് വല്ലയിടത്തും വയ്ക്കുന്നത്. എന്നാൽ ഞാൻ ചുമ്മാ ഇരുന്ന കൊണ്ടൊന്നും ഒന്നുമായില്ല, ഓരോയിടത്തു നിന്നായി കമെന്റുകൾ ഉയർന്നു തുടങ്ങി. ഒരാഴ്ച്ച എന്നെ കാണാത്ത ക്ഷീണത്തിൽ ആരൊക്കെയോ ഉണങ്ങി പോയി പോലും. ഹും തെണ്ടികൾ ഉണങ്ങിപോകാതെ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാൻ പാടില്ലാരുന്നോ, ഇവർ എന്നെ ചെറ്റയാക്കിയേ അടങ്ങു. പിന്നെ ഒന്നും നോക്കിയില്ല, അവിടന്ന് എസ്‌കേപ്പ്.

എന്നാലും ഈ മനുഷ്യൻ ഇത് എവിടെ പോയി കിടക്കാ… ഇതും ഓർത്തു നടന്നു ചെന്നത് ലൈബ്രറിക്കുള്ളിലേക്കായിരുന്നു. നേരെ മലയാളം സെക്ഷനിലേക്കു പോയി. കുറച്ചു നാളായി ബുക്ക് വല്ലതും വായിച്ചിട്ട്. ആ റാക്കുകൾക്കിടയിൽ എന്റെ വിശപ്പിനെ തൃപ്തിപെടുത്തുന്ന തരം പുസ്തകങ്ങൾ എന്തേലും ഉണ്ടോ എന്ന് തിരഞ്ഞു കൊണ്ടിരുന്നപ്പോളാണ് സാറാ തോമസിന്റെ പുസ്തകങ്ങൾ കണ്ണിൽ പെടുന്നത്. പിന്നെ ഒന്നും നോക്കിയില്ല, എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ. “ഗ്രഹണം” എന്ന പുസ്തകം വായിക്കുമ്പോളെല്ലാം വിസ്ഫോടനാത്മകമായ ഒരു പ്രതീതിയാണ് മനസ്സിൽ നിറയുന്നത്, അടിമുടി പിടിച്ചുലയ്ക്കുന്ന ഒരെഴുത്ത്.

അവിടെ തറയിൽ ഇരുന്ന് ബുക്കുകളുടെ പുറംതാൾ കുറിപ്പ് വായിച്ചു കൊണ്ടിരിക്കെ എന്നെ ആരോ ശ്രദ്ധിക്കുന്നപോലെ ഒരു ഫീൽ തോന്നി. തല തിരിച്ചു നോക്കിയപ്പോൾ ദേ തേടിയ ഡേവിഡ് കയ്യുംകെട്ടി റാക്കിന്റെ അറ്റത്ത് ചാരി നിന്ന് എന്നെ നോക്കുന്നു. ബ്ലൂ ജീൻസും ബ്ലാക്ക് ഷർട്ടുമാണ് വേഷം. തലമുടി നെറ്റിയിൽ വീണു കിടപ്പുണ്ട്, താടി കുറച്ചു വളർന്നിരിക്കുന്നു. ഞാൻ കണ്ടു എന്നറിഞ്ഞിട്ടും നോട്ടം പിൻവലിക്കുന്നില്ല, പകരം ആ കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു തിളക്കം. ആകാശത്തിന്റെ അനന്തതയും ആഴിയുടെ അഗാധതയും അനുഭവിപ്പിക്കുന്ന കണ്ണുകൾ.

അതിലേക്കു വീഴുന്ന പോലെ തോന്നിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് പുള്ളിയുടെ അടുത്ത് ചെന്നു. കൈ വീശിയിട്ടൊന്നും അറിയുന്നില്ല, ഇങ്ങേരെന്താ സ്വപ്നലോകത്തെ ബാലഭാസ്കരനോ, ഞാൻ പെട്ടെന്ന് ട്ടോ എന്ന് ശബ്‍ദം ഉണ്ടാക്കി. വേറെ ഏതോ ലോകത്തിൽ നിന്നും എന്ന പോലെ ഡേവിച്ചൻ ഞെട്ടിയുണർന്നു. ആ മുഖത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവം, ഒരു കുഞ്ഞു നാണം പറക്കുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരത്തോടെ ഞാൻ നോക്കി നിന്നു. ഓഹ് ജീസസ്…….. ഞാൻ എങ്ങനെ പറഞ്ഞറിയിക്കാനാണ് അന്നേരം എന്റെ അവസ്ഥ. ..അത്ഭുതവും സന്തോഷവും പൊട്ടിച്ചിരിയും പിന്നെയും എന്തൊക്കെയോ എല്ലാം കൂടെ വീഞ്ഞ് നുരയുന്ന പോലെ നെഞ്ചിൽ നിറയുന്നു.

“ആർ യു ബ്ലഷ്” അറിയാതെ ചോദിച്ചു പോയതാണ്. അത് കേട്ടതും ആ മുഖം വീണ്ടും ചുവന്നു. “നോ നോ. .. നതിങ്. … യു. .. ആം……. എനിക്ക് ……ഞാൻ പോകുന്നു” ഇതും പറഞ്ഞു അങ്ങേരു തിരിഞ്ഞു ഒരു നടത്തം. കർത്താവെ കോളേജിലെ കട്ടകലിപ്പനാണു ദേ പോകുന്നത്. ഞാൻ അറിയാതെ മുകളിലേക്ക് നോക്കി പോയി, കർത്താവെ….. നീ ആ പാവം മനുഷ്യനോട് ഇതെന്താണ് ചെയ്യുന്നത്. അന്ന് മൊത്തം ഞാൻ അതിന്റെ ഹാങ്ങോവറിൽ ആയിരുന്നു. ചുറ്റും നടക്കുന്നതൊക്കെ അറിയുന്നു എങ്കിലും ഭാരമില്ലാത്ത പഞ്ഞികെട്ടു പോലെ പറന്നു നടക്കുന്ന അവസ്ഥ. പീക്കിരികൾക്കു കാര്യം അറിയാത്ത കൊണ്ട്, അവർ കരുതി എനിക്ക് തറവാട്ടിൽ പോയി വന്നെന്റെ ആഫ്റ്റർ എഫക്ട് ആണെന്ന്.

എന്നാൽ എന്താണ് കാര്യം എന്ന് ഞാൻ പറഞ്ഞതുമില്ല. അതെനിക്ക് മാത്രം ഉള്ളതാണ്. ഇടയ്ക്കിടെ ഓർത്തു അതിന്റെ ലഹരിയിൽ അറിയാതെ പുഞ്ചിരിക്കാനുള്ളത്. വൈകുന്നേരം ക്യാന്റീനിൽ ചായ കുടിച്ചിരിക്കുമ്പോൾ വിനു ഡേവിച്ചന്റെ കാര്യം എടുത്തിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എന്നെ തിരക്കിയതും, ഒരു വീക്ക് കാണില്ല എന്നറിഞ്ഞപ്പോൾ മുഖം വാടിയതും, നമ്പർ വേണോ എന്ന് സേവിക്കുട്ടൻ ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതും ഒക്കെ ലവന്മാര് തീറ്റയ്ക്കിടയിൽ പറഞ്ഞു. എനിക്കിതൊന്നും കേൾക്കാൻ താല്പര്യമില്ല എന്ന മട്ടിൽ ഇരുന്നെങ്കിലും ഓരോ വാക്കുകളും ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

പോരാഞ്ഞിട്ട് ഞാൻ അയച്ചുകൊടുത്ത എന്റെ കുരുത്തക്കേടുകളുടെ ഫോട്ടോകൾ ഉൾപ്പെടെ അവന്മാര് അങ്ങേർക്കു കാണിച്ചു കൊടുത്തിരുന്നു. ശ്ശെടാ ഇതിപ്പോ സംഗതി വേറെ ലെവലിൽ പോകുവാണല്ലോ, മൈൻഡ് ചെയ്യാതെ നടക്കുന്നതാകും ബുദ്ധി. അന്നേരം തോന്നിയത് അങ്ങെനെ ആയിരുന്നു. അതത്ര എളുപ്പമല്ലെങ്കിൽ പോലും. അല്ലേലും പീക്കിരികൾക്കു അങ്ങേരോട് ഒരു ചായ്‌വ് ഉണ്ട്. അബദ്ധവശാൽ എന്റെ വായിൽ നിന്നും എന്തെങ്കിലും വന്നാൽ പിന്നെ തീർന്നു. എന്തായാലും അവന്മാരുടെ കയ്യിൽ നിന്ന് നമ്പർ വാങ്ങാത്തത് എനിക്കിഷ്ടായി. വരട്ടെ നമ്പർ വേണം എങ്കിൽ നേരിട്ട് ചോദിക്കട്ടെ അപ്പോൾ കൊടുക്കാം.

അങ്ങനെയിരുന്നു പീക്കിരികളുടെ കളിയാക്കൽ എന്റേം ഡേവിച്ചന്റെം കല്യാണം വരെ എത്തിയപ്പോൾ ഞാൻ ഒന്ന് ദേഷ്യപ്പെട്ടു. അതോടെ അവമ്മാര് തത്കാലത്തേക്ക് അടങ്ങി. പിന്നെ നേരെ വീട്ടിലേക്കു…… സംഭവ ബഹുലങ്ങളായ ദിവസങ്ങളായിരുന്നു പുറകെ എന്റെ ജീവിതത്തിൽ. അതിനു തുടക്കം കുറിച്ചത് കറുത്ത കുതിരകളുടെ നേതാവ് ആയ രോഹിത് അദിതിയുടെ ദുപ്പട്ടയിൽ കടന്നു പിടിച്ചതോടെ ആണ്. അദിതി എന്നും അവരുടെ ടാർഗറ്റ് ആയിരുന്നു. ഒരിക്കൽ കിട്ടിയ അപമാനം അവന്മാരെ കൂടുതൽ പകയുള്ളവരാക്കി മാറ്റിയതല്ലാതെ, പുതുതായി ഒന്നും സംഭവിച്ചില്ല.

കോളേജിൽ നടക്കാനിരുന്ന ഒരാഴ്ച്ചത്തെ ഫെസ്റ്റിന്റെ തിരക്കുകൾ പങ്കു വായിച്ചെടുത്തു ഞങ്ങൾ എല്ലാരും ഓരോ തിരക്കുകളിൽ മുങ്ങി നടക്കവെ ഒരു ദിവസമാണ് അദിതിയെ അവർ എല്ലാം കൂടെ വഴി തടഞ്ഞത്. അവൾ ശാന്തമായി അതിനെ നേരിട്ടു. എന്നിട്ട് തിരിഞ്ഞു നടക്കാനൊരുങ്ങി, ഇത് രോഹിതിനെ കൂടുതൽ ചൊടിപ്പിച്ചു, “അവിടെ നിൽക്കെടി …….മോളെ” എന്നൊരു തെറിയോടെ അവളുടെ ദുപ്പട്ടയിൽ കടന്നു പിടിച്ച രോഹിതിന്റെ ചെയ്തി കണ്ടു അങ്ങോട്ടേക്ക് ഓടാൻ പോയ എന്നെ പിടിച്ചു നിർത്തിയത് റോയിച്ചൻ ആയിരുന്നു. അല്ലെങ്കിൽ തന്നെ ആ കൂട്ടത്തിൽ ഒരുത്തിക്കിട്ടു പൊട്ടിച്ചതിൽ അവമ്മാർക്ക് എന്നോടുള്ള കലിപ്പ് സ്റ്റിൽ പെന്റിങ് ആണ്.

അന്നേരം എനിക്ക് വന്ന ദേഷ്യത്തിന് എല്ലാത്തിനേം കത്തിക്കാനാണ് തോന്നിയത്. റോയിച്ചന്റെ കയ്യിൽ നിന്നും കുതറി എന്നെ സ്വാതന്ത്രമാക്കുന്നതിന്റെ ഇടയിൽ ഞാൻ കണ്ടത് രോഹിതിന്റെ കയ്യിൽ ഇരുന്ന ദുപ്പട്ട അവന് ഒരു ഞെട്ടലോടെ ദൂരെ എറിയുന്നതാണ്. അപ്പോൾ അതിനു പാമ്പിന്റെ രൂപമായിരുന്നു. എന്നിൽ അറിയാതെ പുഞ്ചിരി വിടർന്നു. വീണും അവളുടെ മായാജാലം. അത് കുനിഞ്ഞെടുത്തു ഒന്ന് കുടഞ്ഞപ്പോളേക്കും വീണ്ടും ദുപ്പട്ട. അക്ഷോഭ്യയായി നടന്നകലുന്ന അദിതിയെ എല്ലാവരും ആരാധനയോടെ നോക്കി നിന്ന് പോയി. ദൈവമേ ഇത് മനുഷ്യസ്ത്രീ തന്നെ ആണോ? എന്റെ അടുത്ത് നിന്ന് റോയിച്ചൻ അറിയാതെ പറഞ്ഞു പോയി.

കുറച്ചുനേരത്തേക്കു സമ്പൂർണ നിശബ്ദമായിരുന്ന ക്യാമ്പസ്സിന് വീണ്ടും ജീവൻ വച്ചു. കുട്ടികളുടെ പിറുപിറുപ്പുകൾക്കിടയിൽ പരിഹാസം ഏറ്റുവാങ്ങി നടന്നകലുന്ന ബ്ലാക്‌ഹോർസ്സ്…….. അദിതി അദിതി അദിതി…………………… അപ്പയോടു സംഭവം പറഞ്ഞപ്പോൾ പുള്ളിക്ക് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു. എന്തായാലും അടുത്ത ദിവസം പുള്ളി കോളേജിൽ എത്തി. പ്രിൻസിപ്പാലിൽനോടു സംസാരിക്കാൻ. ഇത്രയും പ്രശ്നക്കാരായ കുട്ടികളെ ആ കോളേജിൽ തുടർന്ന് പഠിപ്പിക്കുന്നതിൽ അപ്പക്ക് നല്ല എതിർപ്പുണ്ടായിരുന്നു. പ്രിൻസിപ്പലിന് തനിയെ ഒന്നും ചെയ്യാൻ പറ്റില്ല. മാനേജ്മെന്റിന്റെ സപ്പോർട്ടിന്റെ പേരിൽ ആണ് അവരെ ഡിസ്മിസ് ചെയ്യാൻ കഴിയാത്തതു.

എന്നാൽ ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അവർ കോളേജിൽ ഉണ്ടാകില്ല എന്ന് പ്രിൻസിപ്പൽ അപ്പയോടു പറഞ്ഞതായി അറിയാൻ കഴിഞ്ഞു. അന്ന് പീക്കിരികളോടൊപ്പം അപ്പയുടെ കൂടെ പുറത്തു പോകാം എന്ന പ്ലാൻ ഉണ്ടായിരുന്നതിനാൽ ഞാൻ അവമ്മാരെയും പൊക്കിക്കൊണ്ട് വരുന്ന വഴിക്കാണ് അദിതിയോടു സംസാരിച്ചു നിൽക്കുന്ന അപ്പയെ ഞാൻ കണ്ടത്. ഇതുവരെ അവളെ അപ്പ കണ്ടിരുന്നില്ല. ഞാൻ ഉത്സാഹത്തോടെ അവരുടെ അരികിലേക്ക് നടന്നതും പെട്ടെന്ന് അദിതി അവിടെ നിന്നും പോയതും ഒന്നിച്ചായിരുന്നു. എന്നെ ഒരു പ്രാവശ്യം തിരിഞ്ഞു നോക്കിയത് പോലുമില്ല. ഞങ്ങൾ എല്ലാരും വന്നു കാറിൽ കേറിയപ്പോളും ഡ്രൈവ് ചെയ്തപ്പോളും എല്ലാം അപ്പ സൈലന്റ് ആയിരുന്നു.

അല്ലേൽ പീക്കിരികളെ കണ്ടാൽ എന്നെ കടത്തിവെട്ടി വർത്തമാനം പറയുന്ന ആളാണ്. എന്തോ അസ്വസ്ഥത ഉണ്ട്. ഒരുപക്ഷെ പ്രിൻസിപ്പലിന്റെ അടുത്തെങ്ങാനും എന്തേലും വാക്കേറ്റം ഉണ്ടാക്കിയോ എന്തോ എന്ന് ഞാൻ സംശയിച്ചു. അപ്പയുടെ മൂഡൗട്ട് മനസിലായതിനാൽ ഞാൻ സൈലന്റ് ആയിരുന്നു, പീക്കിരികളും, ഞങ്ങളെ സിറ്റിയിൽ ഡ്രോപ്പ് ചെയ്ത് കാശും തന്നു അപ്പ പോയി. പുള്ളിക്ക് എന്ത് പറ്റിയോ എന്തോ…. അന്നത്തെ പുട്ടടിയും പർച്ചെസിങ്ങും ഒക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോളും അവിടെ ശോകം. ശ്ശെടാ ആ കഞ്ചാവുകളാണ് എല്ലാത്തിനും കാരണം. ഇന്നേരം എന്റെ കയ്യിൽ അവമ്മാരെ കിട്ടിയാൽ അച്ചാർ ഉണ്ടാക്കിയേനെ. എന്തയാലും ഇനി വിട്ടാൽ ശരിയാകില്ല.

ഞാൻ അമ്മയുടെയും അപ്പയുടെയും പുറകെ നടന്നു ശല്യം ചെയ്തു. എന്നോട് വഴക്കുണ്ടക്കേം ചിരിക്കേം ഒക്കെ ചെയുന്നെങ്കിലും അവരുടെ കണ്ണുകളിൽ അടർന്നു വീഴാൻ മടിച്ചു തിളങ്ങി നിൽക്കുന്ന മിഴിനീർതുള്ളികൾ എനിക്ക് കാണാൻ കഴിഞ്ഞു. കുറെ സമാധാനിപ്പിച്ചിട്ടും എന്തോ വല്ലാതെ മൂടിക്കെട്ടിയ കാലാവസ്ഥ. അവരുടെ വിഷമം പതിയെ എന്നിലേക്ക്‌ വ്യാപിക്കാൻ തുടങ്ങിയത് അറിഞ്ഞിട്ടാകാം അപ്പയും അമ്മയും ഓക്കേ ആയി. ഹല്ലാ പിന്നെ കണ്ട അവമ്മാർക്ക് വേണ്ടി വിഷമിക്കാൻ തുടങ്ങിയാൽ പിന്നെ അതിനു മാത്രമേ നേരം കാണു. അടുത്ത ദിവസം മുതൽ കോളേജിൽ ഫെസ്റ്റ് തുടങ്ങുവാണു. എന്റെ പാട്ടും ഉണ്ട്. ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല, മത്സരം ഒന്നും അല്ലല്ലോ എന്ന് പറഞ്ഞു എല്ലാരും കൂടെ സമ്മതിപ്പിക്കുകയായിരുന്നു.

അദിതിയും പറഞ്ഞു പാടാൻ. അവള് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല. “മുൻപേ വാ എൻ അൻപേ വാ” എന്ന ഗാനം അവളുടെ തന്നെ സെലെക്ഷൻ ആയിരുന്നു. ഫെസ്റ്റിന്റെ അവസാന ദിവസമാണ് മത്സരത്തിന്റെ ഗണത്തിൽ പെടാത്ത കലാപരിപാടികൾ. ആദ്യ ദിവസങ്ങൾ ഒക്കെ കുറെ ഉത്തരവാദിത്തങ്ങളുമായി ഓടിനടപ്പായിരുന്നു. ഇതിന്റെ ഇടയിൽ മിന്നല് പോലെ മാത്രമേ ഡേവിച്ചനെ കാണാൻ കിട്ടാത്തൊള്ളൂ. .. എന്തോ പുള്ളിക്കിപ്പോ എന്റെ മുന്നിൽ വന്നു പെട്ടാൽ വല്ലാത്ത ഒരു പരവേശം ആണ്. പെട്ടന്ന് സ്ഥലം കാലിയാകും. എനിക്കിതു കാണുമ്പോൾ വല്ലാതെ ചിരി വരും. ഏതാണ്ട് എലിയും പൂച്ചയും കളി.

പിന്നെ ഞാൻ കൂടുതൽ ഞോണ്ടാനും പോയില്ല. തിരിച്ചെങ്ങാനും പണി കിട്ടിയാൽ തീർന്നില്ലേ. ആദ്യ ദിവസങ്ങൾ ഉത്സവത്തിമിർപ്പോടെ കഴിഞ്ഞു പോയി. കോളേജ് മൊത്തം ഒറ്റമനസ്സായി ആഘോഷിച്ചു. അങ്ങെനെ ആ ദിവസ്സം വന്നെത്തി. അന്നാദ്യമായി ഞാൻ അലോഷിക്കു പകരം കോളേജിൽ അലീനയായി പോകാൻ തീരുമാനിച്ചു. ഓറഞ്ച് നിറമുള്ള ഷിഫോൺ തുണിയിൽ വേറെ വർക്ക് ഒന്നും ചെയ്യാതെ അനാർക്കലി മോഡൽ ചുരിദാർ ഞാൻ തയ്പ്പിച്ചിരുന്നു. പതിവ് പൊട്ടു കമ്മലിനു പകരം വലിയ ജിമിക്കി, എല്ലാം കൂടെ വാരിപിടിച്ചു കെട്ടി വയ്ക്കാറുള്ള തലമുടി ഭംഗിയായി പിന്നി മുന്നിലേക്കിട്ടു, കണ്ണുകൾ എഴുതി, ഒരു കുഞ്ഞു പൊട്ടും വച്ചു.

ഒരു സൈഡിൽ വിരിച്ചിട്ട ദുപ്പട്ടയും ആയി ഞാൻ അങ്ങനെ മന്ദം മന്ദം സ്റ്റെപ് ഇറങ്ങി, എന്നെ കണ്ട അമ്മയും അപ്പയും ഷോക്ക് അടിച്ച പോലെ ആദ്യം നിന്നു. പിന്നെ മൈൻഡ് ചെയ്യാതെ കുനിഞ്ഞിരുന്നു. ഹും അവർക്കു ഇഷ്ടമായി എന്ന് നല്ല പോലെ എനിക്കറിയാം, എന്നാൽ ഒന്ന് പറഞ്ഞാൽ എന്താ, പിന്നെ ഞാനും വിട്ടു കൊടുത്തില്ല കുറച്ചു വെയിറ്റ് ഇട്ടിരുന്നു. അപ്പയും അമ്മയും മുഖത്തോടു നോക്കി ചിരിക്കുണ്ടായിരുന്നു. രണ്ടുപേർക്കും പുറത്തെങ്ങോ പോകാൻ ഉണ്ടായിരുന്ന കൊണ്ട് എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. കോളേജ് എത്തി… അവരോടു യാത്ര പറഞ്ഞു അകത്തേക്ക് നടക്കാൻ പോയതും അമ്മയും അപ്പയും കാറിൽ നിന്നും ഇറങ്ങി, അപ്പ പതിയെ എന്നെ ചേർത്ത് പിടിച്ചപ്പോളാണ് ഞങ്ങൾക്കരികിലേക്കു നടന്നു വരുന്ന അദിതിയെ കണ്ടത്.

ആദ്യം അവളിൽ ഒരു പതർച്ച ഉണ്ടായോ, ഇല്ല. .. ഒരു പുഞ്ചിരിയോടെ ഞങ്ങളുടെ അരികിൽ എത്തിയ അദിതിയെ ‘അമ്മ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. ആഹഹാ ഈ സീൻ കൊള്ളാലോ എന്ന് ഓർത്തു നിൽക്കുമ്പോൾ ഉണ്ട്, പുറകിൽ അലോഷിയേ. … എന്നൊരു വിളി കേട്ടത്. പീക്കിരികളും വേറെ കുറെ ജൂനിയർസും. എല്ലാത്തിന്റേം കണ്ണുകൾ ഇപ്പൊ തറയിൽ വീഴും എന്ന മട്ടിലാണ്. അപ്പാക്കും അമ്മയ്ക്കും ടാറ്റ കൊടുത്തു ഞാൻ ഇച്ചിരി സ്റ്റൈലിൽ അവരുടെ നേരെ നടന്നു. അദിതിയോടു വർത്തമാനം പറയുന്ന തിരക്കിലായിരുന്നു അവർ. ഓ എന്റെ ലീലാവിലാസങ്ങൾ എല്ലാം അവളെ കൂടെ അറിയിക്കുമോ എന്തോ. വിനുക്കുട്ടൻ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു കറക്കാൻ തുടങ്ങി. കർത്താവെ ഈ ചെക്കൻ എന്നെ വീഴ്ത്തുമോ. .

ഒന്നാമത് ചുരിദാർ, അതും എന്റെ ഒരു ആവേശത്തിന് മാലാഖയെ പോലെ തയ്പ്പിച്ചത്. എന്തായാലും പൊന്നാനിയൻ വീഴിച്ചില്ല, പതിയെ നിർത്തിയതും എനിക്ക് ചുറ്റും ഉള്ളതൊക്കെ ചെറുതായി ഒന്ന് കറങ്ങി നിശ്ചലമായി. ശ്ശശ് ….. ആശ്ചര്യസൂചകമായി എല്ലാരും ഓരോന്ന് പറയാൻ തുടങ്ങി. എന്നെ പെണ്ണായി കണ്ടെന്റെ ആഫ്റ്റർഫക്ട്. ഒള്ളത് പറയാല്ലോ എല്ലാരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ എനിക്കങ്ങു നാണം വന്നു. എന്നാലും അത് കാണിക്കാതെ കുറച്ചു ഗമയിട്ട് ഞാൻ ഓഡിറ്റോറിയത്തിലേക്കു നടന്നു. എന്റെ ശെരിക്കുള്ള അവസ്ഥ കണ്ടാൽ ലവന്മാര് കളിയാക്കി കൊല്ലാനും മടിക്കില്ല, പോകുന്ന വഴി എല്ലാരും തിരിഞ്ഞു നോക്കുന്ന കണ്ടപ്പോൾ ആനയെ എഴുന്നള്ളിക്കണ പോലെ ആണ് തോന്നിയത്, ഇനി ജന്മത്തിൽ ഈ പണിക്കില്ല എന്നും ഓർത്തു ഓഡിറ്റോറിയത്തിൽ കേറിയപ്പോൾ നമ്മട ചങ്കു ടീച്ചേർസ് എല്ലാം അവിടെ ഉണ്ട്.

അവരുടെ അത്ഭുതത്തോടെ ഉള്ള നോട്ടം കൂടെ ആയപ്പോൾ എനിക്കെല്ലാം തികഞ്ഞു. പിന്നെ പറയണ്ടല്ലോ ക്ലാസ്സിൽ ഉള്ളവരും സീനിയർസും ജൂനിയർസും എല്ലാം കൂടെ പഞ്ഞിക്കിട്ടു, ഒട്ടും സഹിക്കാൻ വയ്യാത്തത് പ്രീതിച്ചേച്ചിയുടെ അർഥം വച്ചുള്ള ചിരി ആയിരുന്നു. ഫെസ്റ്റിന്റെ സമാപനച്ചടങ്ങുകൾ നടക്കുന്നെന്റെ സമയത്തു നിലവിളക്ക് കത്തിക്കാൻ ഉള്ള ചെറിയ വിളക്ക് എടുക്കാൻ വേണ്ടി ഞാൻ ഓഫീസിലേക്ക് നടക്കുന്നെന്റെ ഇടയിലാണ് റബർ പന്ത് തെറിച്ചത് പോലെ ഒരാൾ എന്റെ മുന്നിൽ വന്നു നിന്നത്. നിൽക്കണോ ഓടണോ എന്ന മട്ടിൽ… ഞാൻ മുഖമുയർത്തി ആ കണ്ണിലേക്കു നോക്കിയതും പുള്ളി സ്റ്റക്ക് ആയി. നവരസങ്ങൾ മൊത്തം ഉണ്ട്. കർത്താവെ ഈ മനുഷ്യൻ ഇത് എന്ത് ഭാവിച്ചാണ്.

പത്തിരുപത്തഞ്ചു വയസായില്ലേ നാണം ഇല്ലേ, ആഹ്ഹ ഇത് നാണം കൂടിയത് കൊണ്ടുള്ള കുഴപ്പമാണ്. ഇങ്ങനെ ചുവന്നാൽ ഇങ്ങേരു ചെമ്പരത്തിപ്പൂ പോലെ ആകുമല്ലോ, ഒന്നാമത് നല്ല വെളുത്ത നിറം, അതിങ്ങനെ ചുവന്നു വരുന്നത് കാണാൻ ഓ ദൈവമേ ഒരു രക്ഷയും ഇല്ല. പോരാത്തേന് ആ ചെമ്പൻ നിറമുള്ള കൃഷ്ണമണി വികസിച്ചു നിക്കുന്നു. വേണ്ട ഇനിയും ഞാൻ നിന്നാൽ ചെലപ്പോ ഇങ്ങേരു ശ്വാസം മുട്ടി ചത്ത് പോകും, ഇപ്പോൾ ഏതാണ്ട് ശ്വാസം വിടുന്നത് മറന്നു നിക്കാണ്. വെറുതെ എന്തിനാ കൊലപാതകി ആകുന്നത്, പോരാത്തേന് അലോഷിന്നും പറഞ്ഞു പീക്കിരികൾ എപ്പോളാ പുറകെ വരുന്നത് എന്ന് പറയാനും പറ്റില്ല. ഞാൻ ഒന്ന് ചിരിച്ചിട്ട് ഓഫീസിലേക്ക് നടന്നു.

അവനെ കടന്നു പോകുമ്പോൾ ഒരു ദീർഘശ്വാസം എന്റെ കാതുകളിൽ പതിഞ്ഞു. “അലീനാ. .” പുറകിൽ നിന്നും വിളി കേട്ടു. “എന്തേ” തിരിഞ്ഞു നിന്ന് ചോദിച്ചതും കൊല്ലുന്ന ഒരു കള്ളചിരിയും ചിരിച്ചു ഒന്നുമില്ല ചുമൽ കൊണ്ട് കാണിച്ചു, പിന്നെ ഒന്ന് തലയാട്ടിയ ശേഷം ഡേവിഡ് നടന്നു പോയി. ഓഫീസിനു മുന്നിലെ കണ്ണാടി പോലുള്ള ജനാലയിൽ ഞാൻ എന്റെ മുഖം നോക്കി, ഇപ്പൊ എന്റെ മുഖവും നല്ല ചുവന്നിരിക്കാണ്. പട്ടി ഡേവിഡ്…. തെണ്ടി ഡേവിഡ്. …. മൊത്തവും കുഴപ്പാകുമോ? അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു. “മുൻപേ വാ എൻ അൻപേ വാ കൂടേ വാ ഉയിരേ വാ ……” പാട്ട് പാടുമ്പോൾ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു ഡേവിച്ചൻ.

ദുഷ്ടൻ മുഖത്തുന്നു കണ്ണെടുക്കുന്നില്ല, പീക്കിരികളുടെയും ന്റെ ക്ലാസ്സിലെ തെണ്ടിയുടേയും സീനിയർ ദ്രോഹികളുടെയും എല്ലാം മുഖത്തു ആക്കി ചിരി, ഞാൻ പിന്നെ അദിതിയുടെ മുഖത്തേക്ക് നോക്കി, അവിടെ നിലാവ് തെളിഞ്ഞ പോലെ പുഞ്ചിരിയുണ്ട്. മുറുകി നിന്ന ശ്വാസ താളം അഴിയുന്നതും ഹൃദയം ശാന്തമാകുന്നതും ഞാൻ അറിഞ്ഞു. അവൾ ഏതോ ഓർമയിൽ മുഴുകി ഇരിക്കുകയാണ്…. പിന്നെ പാടിമ്പോളും എല്ലാരുടെയും കയ്യടിയും അഭിപ്രായങ്ങളും ഏറ്റുവാങ്ങുമ്പോഴും ഞാൻ ഡേവിച്ചന്റെ മുഖത്ത് നോക്കിയില്ല. പാടികഴിഞ്ഞു നേരെ പോയി അദിതിയുടെ അടുത്തിരുന്നു.

പീക്കിരികൾ അവിടെ കയ്യും കലാശവും ഒക്കെ കാണിക്കുന്നുണ്ട്. പോകില്ല, എല്ലാരും കൂടെ കളിയാക്കി കൊല്ലാനുള്ള പുറപ്പാടാ, അങ്ങനെ ഇപ്പൊ സുഖിക്കണ്ട. എന്നാലും പതിയെ നോക്കി പോയി, ഡേവിച്ചൻ ഇങ്ങോട്ട് നോക്കി ഇരിക്കുന്നു. ഈ മനുഷ്യൻ എനിക്ക് ചീത്തപ്പേരുണ്ടാകും, ഞാൻ സ്റ്റേജിൽ നടക്കുന്ന ഡാൻസിലേക്കു കണ്ണുനട്ടു. വേണ്ടാത്ത കാര്യങ്ങൾ ചെയ്യിക്കാൻ അല്ലേലും ഈ മനസിന് വല്ലാത്ത മിടുക്കാണ്, നോക്ക് നോക്ക് എന്ന് അകത്തിരുന്നു ആരോ പറയുന്നുണ്ട്. ഇല്ല…. ഇല്ല. .. എന്നും പറഞ്ഞു കുറെ നേരം പിടിച്ചിരുന്നു പോയി, അപ്പോൾ ദേ ഞാൻ ശ്വാസം വിടുന്ന നേരം കൊണ്ട് എന്റെ പരട്ട കണ്ണുകൾ എന്നെ പറ്റിച്ചു അങ്ങോട്ടേക്ക് പാറി. ഇല്ല ഇപ്പോൾ അങ്ങേരു അവിടെ ഇല്ല. ഇതെങ്ങോട്ട് പോയി.

ഞാൻ നോക്കുന്ന കണ്ടു റോയിച്ചനും ദേവും പ്രീതിച്ചേച്ചിയും കളിയാക്കി ചിരിക്കുന്നു. കൂടെ പീക്കിരികളും. ഞാൻ സ്റ്റേജിലേക്ക് തല വെട്ടിച്ചു. എല്ലാ തെണ്ടികൾക്കും വച്ചിട്ടുണ്ട്. ഡാൻസ് കഴിഞ്ഞ ശേഷം അടുത്തതായി ഒരു സോങ് ആണെന്ന് അനൗൺസ്‌മെന്റ് വന്നു. ബൈ കോളേജിന്റെ സ്വന്തം അരിജിത് സിങ്… അതിപ്പോ ആരാ ഞാൻ അറിയാത്ത ഒരു അരിജിത് സിങ് ആകാംഷയോടെ നോക്കിയിരുന്ന എന്റെ കൺമുന്നിൽ കർട്ടൻ ഉയർന്നു. ഓഹോ ……. എനിക്ക് ചിരി വന്നു. ചുറ്റും കയ്യടിയും ചൂളമടിയും മേളവും. ആദ്യം കരോക്കെ ഇല്ലാതെ കയ്യിൽ ഉള്ള ഗിറ്റാറിൽ ഈണമിട്ട് ” മുൻ അന്തി ചാറൽ നീ” എന്ന പാട്ട് പാടി, പിന്നെ കരോക്കെ പ്ലേയ് ചെയ്തു.

കുറച്ചു ഗാനങ്ങൾ ഒത്തുചേർത്തൊരുക്കിയ ഫ്യൂഷൻ. ” യു തെരാ മുസ്‌കൂരാ നാ… ഔർ അകെ ചാലേ ജാന കിസ്മത് കാ ഹൈ ഖുൽ ജാനാ തെരെ ധീ ധാർ ഹുവാ പെഹലാ സ പ്യാർ ഹുവാ” “ജനം ജനം ജനം സാഥ് ചൽ ന യു ഹി കസം തുമേ കസം ആക്കെ മിൽന യഹി” “തേരെ വാസ്തേ ഇഷ്ഖ് സുഫിയാന” “മൻ മസ്ത് മഗൻ മസ്ത് മഗൻ തെരാ നാം കെഹ് ലായേ” അവസാനം കടൽ ഫിലിമിലെ moongil thottam എന്ന പാട്ടും ഗിറ്റാറിന്റെ അകമ്പടിയോടെ…..ഇത്രയും പാടി അവൻ പാട്ട് അവസാനിപ്പിച്ചു. എന്റെ ഈശോ മറിയം ഔസേപ്പേ അത്രയും നേരം ഞാൻ എങ്ങനെ അവിടെ ഇരുന്നു എന്ന് ചോദിച്ചാൽ എനിക്കറിയാൻ മേലാ. അങ്ങേരു പാടിയതെല്ലാം എനിക്ക് പ്രിയപ്പെട്ട ഗാനങ്ങൾ ആയിരുന്നു.

സ്റ്റേജിൽ ഒരു ഉയരമുള്ള ചെയറിൽ ഇരുന്ന് ഗിറ്റാറും പിടിച്ചു ഓരോ പാട്ടു പാടുമ്പോഴും ആ കണ്ണുകൾ എന്നിൽ തറഞ്ഞു നിന്നു. പാടി തുടങ്ങിയത് മുതൽ ദേഹത്ത് കൂടെ വൈദ്യുതപ്രവാഹമായിരുന്നു. ഞാൻ ഇതൊക്കെ കഥകളിൽ വായിച്ചിട്ടേ ഉണ്ടായിരുന്നുന്നുള്ളു. ജീവിതത്തിലും സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. ഹാർട്ട് കിടന്നു തുള്ളുകയാണ്. പോരാഞ്ഞിട്ട് അങ്ങേരുടെ ആ കള്ളചിരിയും. തലയിലെ രോമങ്ങൾ വരെ എഴുന്നു നിന്നു. ആ കണ്ണുകളുടെ തീക്ഷ്ണതയിൽ കുരുങ്ങി മുഖം തിരിക്കാൻ പോലുമാകാതെ ഞാൻ ഇരുന്നു, പാടി തീരും വരെ.

കർത്താവെ ഇതെന്തൊക്കെയാണ് സംഭവിക്കുന്നത്, വേണ്ട….. ഇതൊന്നും വേണ്ട. ശ്വാസം വിടാൻ മറന്നിരിക്കെ മുഖത്ത് നിന്നും വിയർപ്പുകണങ്ങൾ ഇറ്റു വീഴാൻ തുടങ്ങിയപ്പോൾ അദിതി പതിയെ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു. ഒരു നിമിഷം. ഞാൻ വീണ്ടും പഴയ അലോഷിയായി. സമനില വീണ്ടെടുത്തപ്പോളെക്കും ചുറ്റും നിലക്കാത്ത കരഘോഷം. എന്നെ നോക്കി നിൽക്കുന്ന കണ്ണുകൾ. ഞാനും പുഞ്ചിരിയോടെ പതിയെ കയ്യടിച്ചു. ഒന്നും സംഭവിക്കാത്തത് പോലെ…. തുടരും

അദിതി : ഭാഗം 11

Share this story