ദാമ്പത്യം: ഭാഗം 2

എഴുത്തുകാരി: തുഷാര ലക്ഷ്മി “ഉത്തരം തരാം അച്ഛാ… എനിക്കും ചില തീരുമാനങ്ങൾ എടുത്തേ പറ്റു… എനിക്ക് ഡിവോഴ്സ് വേണം “- ശാന്തനായി അരവിന്ദ് പറഞ്ഞു നിർത്തി.. “എന്താടാ….
 

എഴുത്തുകാരി: തുഷാര ലക്ഷ്മി

“ഉത്തരം തരാം അച്ഛാ… എനിക്കും ചില തീരുമാനങ്ങൾ എടുത്തേ പറ്റു… എനിക്ക് ഡിവോഴ്സ് വേണം “- ശാന്തനായി അരവിന്ദ് പറഞ്ഞു നിർത്തി.. “എന്താടാ…. എന്താടാ നീ പറഞ്ഞത് ” – ശേഖരൻ അരവിന്ദിന്റെ നേരെ ചെന്നു… ബാക്കിയുള്ളവരും ഞെട്ടി നിൽക്കുകയായിരുന്നു…ആര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു…കേട്ടത് സത്യമല്ല എന്നവൾക്ക് തോന്നി .. തന്റെ ഏട്ടന് ഒരിക്കലും തന്നെ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലെന്ന് തന്നെ അവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു… പക്ഷേ… പക്ഷേ നേരത്തെ കേട്ടത് എന്തായിരുന്നു… അവൾ പകച്ചു ചുറ്റും നോക്കി…. അമ്മ കരയുന്നു…. അച്ഛന്റേയും അഭിയേട്ടന്റേയും മുഖത്ത് ദേഷ്യമാണ്… അപ്പോൾ താൻ കേട്ടത് സത്യം തന്നെയാണോ….

തന്നെ വേണ്ട എന്ന് ഏട്ടൻ പറഞ്ഞു.. അവൾക്ക് മരിക്കാൻ തോന്നി ആ നിമിഷം… ഏട്ടൻ ഇല്ലാതെ എങ്ങനെ ജീവിക്കും… വെറുതെ പറഞ്ഞതാ ഏട്ടൻ എന്നെ പറ്റിക്കാൻ… അവൾ അരവിന്ദിന്റെ ശബ്ദം വീണ്ടും കേട്ടു….. ” ഞാൻ പറഞ്ഞത് അച്ഛൻ കേട്ടില്ല എന്നുണ്ടോ…??? സത്യം തന്നെയാണ്… എനിക്കിവളെ വേണ്ട. എനിക്ക് ഈ ബന്ധത്തിൽ നിന്നും മോചനം വേണം ” -അരവിന്ദ് അപ്പോഴും ശാന്തനായി തന്നെ പറഞ്ഞു… “എന്താടാ ഇതിനുമാത്രം ഇന്ന് നിങ്ങൾക്കിടയിൽ സംഭവിച്ചത് ” “അമ്മേ എനിക്ക് മറ്റൊരു കുട്ടി ഇഷ്ടമാണ്… നിമിഷ എന്നാണവളുടെ പേര്.. ഒരു പാവം കുട്ടിയാ അമ്മേ… അവൾക്കു അച്ഛനുമമ്മയും ഇല്ല…അവൾക്ക് ഞാനേ ഉള്ളൂ… അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല….”- അരവിന്ദ് പറഞ്ഞുനിർത്തി….

“ഏതോ ഒരുത്തിക്ക് വേണ്ടി താലി കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കാൻ നിനക്ക് ഒരു വിഷമവുമില്ല അല്ലേടാ….” – അമ്മ ആയിരുന്നു ചോദിച്ചത്… “അങ്ങനെ ഏതോ ഒരു പെണ്ണ് അല്ല എനിക്ക് നിമിഷ….. എന്റെ ജീവനാണവൾ… ജീവിതത്തിൽ ഒരു സന്തോഷവും അവൾക്കു കിട്ടിയിട്ടില്ല… ആര്യയ്ക്ക് എല്ലാവരും ഉണ്ട് പക്ഷേ നിമിഷക്ക് ഞാൻ മാത്രമേയുള്ളൂ…. ജീവിതത്തിലെ എല്ലാ സുഖവും എനിക്ക് അവൾക്കു കൊടുക്കണം….”- ഒരുപാട് നാളുകൾക്കു ശേഷം ആയിരുന്നു അരവിന്ദ് സ്നേഹത്തോടെ സംസാരിക്കുന്നത് ആര്യ കേൾക്കുന്നത്… പക്ഷേ അത് മറ്റൊരു പെണ്ണിനോടുള്ള സ്നേഹമാണെന്നോർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല….. “എടാ മോനേ…നിന്റെ ഭാര്യ ഇതൊക്കെ കേട്ടുകൊണ്ട് നിൽക്കുകയാണ്… അവളെപ്പറ്റി നിനക്കൊരു ചിന്തയുമില്ലേ…??? ”

– അരവിന്ദ് അതിനു മറുപടി പറഞ്ഞില്ല… ” ഏട്ടാ… ഏട്ടന് ആ പെൺകുട്ടിയോട് തോന്നുന്നത് സഹതാപം ആയിരിക്കും… അവളെ നമുക്ക് സഹായിക്കാം എങ്ങനെ വേണമെങ്കിലും…. അതിന് ശ്രീയെ ഉപേക്ഷിക്കുന്നത് എന്തിനാണ്… ഇങ്ങനെ ചിന്തിക്കുന്നത് തന്നെ തെറ്റാണ്…. ” – അഭി അപേക്ഷിക്കും പോലെ പറഞ്ഞു…. “എനിക്കിനി മറിച്ചൊരു തീരുമാനം ഇല്ല… നിമിഷ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല… ” ഇത്രനേരം നിശബ്ദതയായി നിന്ന ആര്യ അരവിന്ദിന്റെ അടുത്തേക്ക് നടന്നു ചെന്ന് അവന്റെ കണ്ണിലേക്ക് നോക്കി… അവൻ അവളെ നോക്കാതെ നോട്ടം മാറ്റിക്കളഞ്ഞു ” ഏട്ടാ…. ” – ആര്യ പതിയെ വിളിച്ചു… പിന്നെ ഒരു കരച്ചിലോടെ അരവിന്ദൻറെ കാലിലേക്കു വീണു….. “എന്നെ ഉപേക്ഷിക്കില്ല ഏട്ടാ…

എനിക്ക് ഏട്ടൻ ഇല്ലാതെ ജീവിക്കാനാകില്ല… എന്നെ ഇങ്ങനെ കൊന്ന് പാതിവഴിയിൽ ഉപേക്ഷിക്കല്ലേ ഏട്ടാ… ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ചേട്ടൻ എന്നോട് ക്ഷമിക്കണം… എന്നെ ഉപേക്ഷിക്കല്ലേ ഏട്ടാ…ഞാൻ മരിച്ചു പോകും…..” -ആര്യ അരവിന്ദിന്റെ കാലിൽ ചുറ്റി പിടിച്ചു കരഞ്ഞു…. സങ്കടം കാരണം അവളുടെ വാക്കുകൾ ഇടറി…. കണ്ടുനിന്ന അച്ഛന്റെയും അമ്മയുടെയും അഭിയുടെയും കണ്ണ് നിറഞ്ഞു… പക്ഷേ അരവിന്ദ് ഭാവഭേദമൊന്നുമില്ലാതെ ആര്യയെ പിടിച്ചെഴുന്നേൽപ്പിച്ചു മാറിനിന്നു…. “എടാ ഈ കണ്ണീര് കണ്ടിട്ടും നിന്റെ മനസ്സിൽ ഒരിറ്റ് തോന്നുന്നിലല്ലേ..?? നീ ഒരു മനുഷ്യൻ തന്നെയാണോ… ഏതോ ഒരുത്തിക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിക്കാൻ മാത്രം സംസ്കാരമില്ലാത്തവനായിപ്പോയല്ലോ പ്രഭേ നമ്മുടെ മോൻ… ഇങ്ങനെയാണോ നമ്മൾ ഇവനെ വളർത്തിയത്…

ദേവനോട് ഞാനിനി എന്ത് പറയും..”- കരഞ്ഞുകൊണ്ട് നിൽക്കുന്ന ആര്യയെ നോക്കി ശേഖരൻ പ്രഭയോട് പറഞ്ഞു… ” എടാ മോനേ… അമ്മ പറയുന്നത് കേൾക്ക് നീ.. ..നിന്റെ ഈ തീരുമാനം തെറ്റാണ്… ഇങ്ങനെ ചിന്തിക്കാൻ പോലും പാടില്ലെടാ….”- അമ്മ പൊട്ടിക്കരഞ്ഞുപോയി…. “എല്ലാവരെയും എന്തിനാണേട്ടാ ഇങ്ങനെ വിഷമിപ്പിക്കുന്നത്” “മതി നിർത്ത് അഭി.. “- അഭിയോട് ദേഷ്യത്തോടെ പറഞ്ഞിട്ട് അരവിന്ദ് ആര്യയെ നോക്കി… ” ആര്യ… നീ എന്നെ മനസ്സിലാക്കണം… നിന്നെ ഇനി എനിക്ക് സ്നേഹിക്കാനാവില്ല….എനിക്ക് നിമിഷയെ വേണം… നാല് മാസം കൂടി കഴിഞ്ഞാൽ എന്റെ കുഞ്ഞു വരും… അത് ജനിക്കുമ്പോൾ അവന് അവന്റെ അച്ഛനുമമ്മയും കൂടെ വേണമെന്നെനിക്ക് നിർബന്ധമാണ്…

അതുകൊണ്ട് നീ ഒഴിഞ്ഞുപോയേ മതിയാകു…” ഞെട്ടി നിൽക്കുകയാണ് ആര്യ, കൂടെ മറ്റുള്ളവരും തന്റെ ഭർത്താവിന്റെ കുഞ്ഞ് മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ… താൻ പൂർണമായും ചതിക്കപ്പെട്ടിരിക്കുന്നു… മറ്റൊരു സ്ത്രീയുമായി കഴിഞ്ഞിട്ടാണ് തന്റെ ഭർത്താവ് തന്റെ കൂടെ ജീവിച്ചിരുന്നത്… ഇന്നവർ ഒരു കുട്ടിയുടെ അച്ഛനുമമ്മയും ആകാൻ പോകുന്നു .. ഓർത്തപ്പോൾ അവൾക്കു സ്വയം പുച്ഛം തോന്നി..ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി അത് ആര്യശ്രീ എന്ന താനാണെന്ന് അവൾക്കു തോന്നി…. അവർക്കിടയിലെ കരടും താനാണ്.. . ഒഴിഞ്ഞു പോകേണ്ടതും താനാണ്.. അവൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു… “എടാ… നിനക്ക് എങ്ങനെ ഇത്ര വലിയൊരു ചതി ചെയ്യാൻ എങ്ങനെ തോന്നി…

നന്ദിയില്ലാത്തവനേ…. കണ്ടുപോകരുത് ഇനി നിന്നെ എന്റെ മുന്നിൽ..”- ശേഖരന് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. “അച്ഛാ… ഇങ്ങനെ ഒന്നും പറയരുത്…. ” ” മോളെ ഇവന് വേണ്ടി നീ വാദിക്കുകയാണോ…ഈ ചതിയന് വേണ്ടി… ആര്യ കണ്ണുനീർ തുടച്ച് ഒന്നു ചിരിച്ചു പിന്നെ എഴുന്നേറ്റ് അരവിന്ദിന്റെ അടുത്തേക്ക് ചെന്നുനിന്നു… ” എനിക്ക് ഡിവോഴ്‌സിന് സമ്മതമാണ്…ഒഴിഞ്ഞു തന്നുകൊള്ളാം ഞാൻ… എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ എന്ന് ഞാൻ ചോദിക്കുന്നില്ല… നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെയും അതിന്റെ അമ്മയേയും കൂടെ കൂട്ടാം… ഞാൻ അതിനൊരു തടസ്സമാകില്ല…”- ആര്യ ഉറപ്പോടെ പറഞ്ഞുനിർത്തി… അരവിന്ദിന്റെ മുഖത്ത് ഒരു ആശ്വാസം അവൾ കണ്ടു….

“മോളെ… എന്തൊക്കെയാണ് നീ പറയുന്നത്”- പ്രഭ ഞെട്ടലോടെ തിരക്കി… “അവളെ കുറ്റപ്പെടുത്തേണ്ട അമ്മേ… അവൾ പറഞ്ഞതാണ് ശരി. . അവളെ മറന്നു മറ്റൊരു പെണ്ണിന്റെ ചൂടുതേടി പോയി ഇയാളോട് ഇനിയും തന്നെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു ഇവൾ ഇരക്കണ്ടാ.. വെറുപ്പ് തോന്നുന്നു ഏട്ടാ നിങ്ങളോട്… ഇത്ര അധപതിച്ചു പോയല്ലോ നിങ്ങൾ.. “- അഭി അവജ്ഞയോടെ പറഞ്ഞു… ഇതെല്ലാം പ്രതീക്ഷ പോലെയായിരുന്നു അരവിന്ദിന്റെ നിൽപ്… ശേഖരൻ ദേവനെയും, മേനകയെയും വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു… അവർ എത്തി കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ മേനക ആര്യയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു… ദേവൻ തളർന്നിരുന്നു….

അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ശേഖരനും പ്രഭക്കും അറിയില്ലായിരുന്നു… ദേവൻ എന്തോ തീരുമാനിച്ച പോലെ അരവിന്ദിന്റെ അടുത്തെത്തി… ” എന്റെ മോളുടെ തീരുമാനമാണ് ശരി.. അവൾ ഒഴിഞ്ഞു പോകട്ടെ… നീ നിന്റെ കാമുകിയേയും കല്യാണം കഴിച്ച് സന്തോഷമായി ജീവിക്ക്… പക്ഷേ മോനെ ദൈവം ഇതെല്ലാം കാണുന്നുണ്ട്…. എന്റെ മോളുടെ കണ്ണുനീരിന്റെ ശാപം നിന്റെ തലയ്ക്കു മുകളിൽ എന്നുമുണ്ടാകും”- ദേവൻ ശപിക്കുന്ന പോലെ പറഞ്ഞു നിർത്തി… മറുപടി പറയാതെ അരവിന്ദ് നിന്നു .. അന്ന് തന്നെ ദേവൻ ആര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി… ആര്യ ഒരുതരം മരവിച്ച അവസ്ഥയിൽ ആയിരുന്നു… മുറിയടച്ച് ഒരേ ഇരുപ്പ്…

ശേഖരനും പ്രഭയും അഭിയും ഇടയ്ക്കിടെ അവളെ കാണാൻ വരുമായിരുന്നു…. ഒരു ദിവസം അഭി അവളെ കാണാൻ എത്തി….നിമിഷയെ കുറിച്ചു അഭി വിശദമായി തിരക്കിയിരുന്നു… അവൾ ഈ നാട്ടിൽ എത്തിയിട്ട് ഒന്നര വർഷത്തോളമേയായിട്ടുള്ളു…. അധികമാർക്കും അവളെപ്പറ്റി അറിയില്ല…. സ്വർണ്ണം പണയം വെക്കാൻ ബാങ്കിൽ വന്നപ്പോൾ ആയിരുന്നു അരവിന്ദ് ആദ്യം നിമിഷയെ പരിചയപ്പെട്ടത്.. ആ പരിചയം പിന്നീട് പ്രണയമായി മാറി… ഏതോ ബ്യൂട്ടിപാർലറിൽ ജോലിക്ക് നിൽക്കുകയായിരുന്നു നിമിഷ ഹോസ്റ്റലിലായിരുന്നു താമസം.. അരവിന്ദുമായി പ്രണയത്തിലായ ശേഷം അവൻ അവൾക്കായി ഒരു ഫ്ലാറ്റ് എടുത്തു കൊടുത്തിരുന്നു… ഇപ്പോൾ അവിടെയാണ് അവരുടെ താമസം…

അരവിന്ദ് വീട്ടിലേക്ക് അധികം വരാറില്ല… ഇതിനിടയിൽ മ്യൂച്ചൽ ഡിവോഴ്സിന് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു….സിറ്റിങ്ങിനും കൗൺസിലിങ്ങിനും ഒക്കെ അരവിന്ദ് ഒറ്റക്കാണ് തന്നെയാണ് വന്നത്… ഇതിനിടയിൽ അഭി വിളിച്ചു പറഞ്ഞിരുന്നു അരവിന്ദിന് ഒരു പെൺ കുഞ്ഞു ജനിച്ച കാര്യം…. അവസാന ദിവസം ഒരു ഒപ്പിൽ തമ്മിൽ പിരിയാൻ ഉറച്ച് ആര്യ ഒപ്പിടുമ്പോൾ അരവിന്ദിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.. എന്തൊക്കെയോ നേടിയവന്റെ ചിരി…. പുറത്തിറങ്ങിയപ്പോൾ ആര്യ കണ്ടു ഒരു പെൺകുട്ടിയെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടുന്ന അരവിന്ദിനെ…അതാണ് നിമിഷ എന്നവൾക്ക് മനസ്സിലായി..ആ കാഴ്ച്ച കണ്ടു കണ്ണീരോടെ അവൾ അച്ഛനോടൊപ്പം കാറിൽ കയറിപ്പോയി…

ഡിവോഴ്സ് കഴിഞ്ഞ് പിറ്റേന്ന് തന്നെ അരവിന്ദ് നിമിഷയെ വിവാഹം ചെയ്തു…ശേഖരനും പ്രഭയും മനസ്സില്ലാമനസ്സോടെ ആ വിവാഹത്തിൽ പങ്കെടുത്തു.. അഭി പക്ഷേ ഒഴിഞ്ഞുമാറി തന്നെ നിന്നു.. മകനോട് ദേഷ്യമുണ്ടെങ്കിലും മകന്റെ കുഞ്ഞിനോട് ശേഖരനും പ്രഭക്കും സ്നേഹമായിരുന്നു.. അതുകൊണ്ടുതന്നെ ശേഖരൻ മകനേയും ഭാര്യയേയും വീട്ടിലേക്ക് വിളിച്ചു…അങ്ങനെ നിമിഷ നന്ദനത്തെ മരുമകളായി അരവിന്ദിന്റെ കൂടെ വലതുകാൽ വച്ച് കയറി…. അഭി എപ്പോഴും നല്ലൊരു സുഹൃത്തായി ആര്യയോടൊപ്പമുണ്ടായിരുന്നു..വിഷമിച്ചു നടന്ന ആര്യയെ അഭി മോട്ടിവേറ്റ് ചെയ്തു…. ജീവിതം നശിച്ചിട്ടില്ല എന്നും, തങ്കൾ എല്ലാവരും കൂടെയുണ്ടെന്നും, തുടർന്ന് പഠിക്കണം എന്നുമോക്കെ അവൻ അവൾക്ക് പറഞ്ഞു കൊടുത്തു…

പതിയെ ആര്യയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി… പഠിക്കാനുള്ള ആഗ്രഹം അവൾക്കുണ്ടായിരുന്നു… പക്ഷേ ആ നാട്ടിൽ പിജി ചെയ്യാൻ ആര്യയ്ക്ക് താൽപര്യമില്ലായിരുന്നു… അങ്ങനെ അവൾ എറണാകുളത്ത് പിജി ചെയ്യാൻ തീരുമാനിച്ചു…അവിടെ ഒരു കോളേജിൽ അഡ്മിഷൻ എടുത്ത് ഹോസ്റ്റലിൽ താമസവും ശരിയാക്കി..അഭിയും ദേവന്റേയും ആര്യയുടെയും കൂടെ എറണാകുളത്തു പോയിരുന്നു….ശേഖരനും പ്രഭയും അവളെ ഇടയ്ക്കിടയ്ക്ക് വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കിയിരുന്നു. പതിയെ ആരെയാ തന്നെ വിഷമങ്ങൾ ഒക്കെ മറന്നു പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി….

ക്ലാസ്സിൽ ആര്യയ്ക്ക് കിട്ടിയ കൂട്ടായിരുന്നു ശാരിക. ഹോസ്റ്റലിലും അവർ ഒന്നിച്ചായിരുന്നു.. ” അരവിന്ദേട്ടാ… അമ്മയ്ക്കും അച്ഛനും എന്നെ ഇഷ്ടമല്ല…. അഭിക്ക് എന്നെ കാണുന്നത് തന്നെ ദേഷ്യമാണ്… ഇപ്പോഴും അവർക്ക് ആര്യയെ മതി… എന്നോട് അമ്മ എപ്പോഴും അവളുടെ ഗുണങ്ങളാണ് വർണ്ണിക്കുന്നത് ” – അരവിന്ദിനോട് പരാതി പറയുകയാണ് നിമിഷ.. ” എന്റെ നിമിഷേ വന്നു കയറുമ്പോഴേ നീ ഇങ്ങനെ പരാതിടപെട്ടി തുറക്കല്ലേ…. ഒന്നാമത്തെ തലവേദനയാണ്…

നീ പോയി ഒരു ചായ ഇട്ടു കൊണ്ടുവന്നേ…” ” ഒന്ന് പോയേ അരവിന്ദേട്ടാ… ഞാൻ എന്ത് പറഞ്ഞാലും അത് ശ്രദ്ധിക്കില്ല.. എന്നിട്ട് ചായപോലും… കുഞ്ഞു ഉണരാറായി… അമ്മയോട് പോയി പറ ചായ എടുക്കാൻ… ഞാൻ റൂമിലേക്ക് പോകുന്നു… ” അരവിന്ദ് നിമിഷ പോകുന്നത് നോക്കി നിന്നു…. ഒരുനിമിഷം അവന്റെ മനസ്സിൽ ആര്യയുടെ മുഖം തെളിഞ്ഞു.. ജോലി കഴിഞ്ഞു വന്നു ഫ്രഷായി വന്നാലുടനെ ചായയും പലഹാരവും ആയി കാത്തിരിക്കുന്ന ആര്യയെ അവൻ വേദനയോടെ ഓർത്തു……. തുടരും….

ദാമ്പത്യം: ഭാഗം 1