ദാമ്പത്യം: ഭാഗം 36

എഴുത്തുകാരി: തുഷാര ലക്ഷ്മി അഭി വരുമ്പോഴും അവളാ പടവിലിരിക്കുകയാണ്….കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ചിട്ടുണ്ട്…. അവനും താഴേക്കിറങ്ങി അവളുടെ അടുത്തായി വന്നിരുന്നു…. ആ സാന്നിധ്യം തൊട്ടടുത്തറിഞ്ഞതും അവൾ പതിയെ അവന്റെ
 

എഴുത്തുകാരി: തുഷാര ലക്ഷ്മി

അഭി വരുമ്പോഴും അവളാ പടവിലിരിക്കുകയാണ്….കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ചിട്ടുണ്ട്…. അവനും താഴേക്കിറങ്ങി അവളുടെ അടുത്തായി വന്നിരുന്നു…. ആ സാന്നിധ്യം തൊട്ടടുത്തറിഞ്ഞതും അവൾ പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചു വെച്ചു…. അവളുടെ മനസിലെ സംഘർഷം മനസിലായതുപോലെ അവനും നിശ്ശബ്ദനായിരുന്നു… അരവിന്ദുമായി സംസാരിച്ചതിനെ പറ്റി ചോദിച്ചു അവളെ ബുദ്ധിമുട്ടിക്കാൻ അവനും ആഗ്രഹിച്ചില്ല… രണ്ടാളും അങ്ങനെ തന്നെയിരുന്നു ഏറെ നേരം..ഒടുവിൽ അവൾ തന്നെ സംസാരിച്ചു തുടങ്ങി. . ഞാൻ അനുഭവിച്ച വേദന അയാൾക്കറിയില്ല….

സ്വന്തം ഭർത്താവ്…എന്റെ താലിയുടെ അവകാശി….പ്രാണനെ പോലെ ഞാൻ സ്നേഹിക്കുന്നവൻ….ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞ നാളുകൾ..പതിയെ അയാൾ എന്നിൽ നിന്നകന്നു പോകുന്നു…അതിന്റെ കാരണമറിയാതെ നീറിയ നാളുകൾ.. ഒരു ദിവസം മുന്നിൽ വന്നു പറയുകയാണ്…എന്റെ മനസ്സിൽ മറ്റൊരുവളാണ്…. അവളുടെ വയറ്റിൽ എന്റെ കുഞ്ഞു വളരുന്നുണ്ട്…ഇനി എനിക്ക് നിന്നെ വേണ്ട….തടസ്സമായി നില്ക്കാതെ നീ ഒഴിഞ്ഞു മാറി തരണം.. അവിടെ തകർന്നു ഞാൻ…. അവളൊന്നു നിർത്തി…

പതിയെ ഒരു ദീർഘനിശ്വാസമെടുത്തു…അഭി അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു കൊണ്ടിരുന്നു… പല തവണ കേട്ട കാര്യങ്ങളാണെങ്കിലും അവളുടെ മനസ്സിലെ സംഘർഷങ്ങളുടെ കാർമേഘങ്ങൾ പെയ്തുതോരട്ടെ എന്നു വിചാരിച്ചു അവനൊരു കേൾവിക്കാരനായി ഇരുന്നു കൊടുത്തു.. ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ ആയിരുന്നത്… മരിച്ചാൽ മതിയെന്ന് തോന്നി എനിക്ക്.. എന്റെ മാത്രമെന്ന് ആ നിമിഷം വരെ ഞാൻ വിശ്വസിച്ച മനസ്സും,ഉടലും മറ്റൊരുവൾക്കു നൽകി എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു… ആ മനസ്സിന്റെ ഒരു കോണിൽ പോലും ഞാൻ ഇല്ല…. ആ ചിന്ത പോലും…മുന്നിൽ ആകെ ഇരുട്ടാണെന്ന് തോന്നി..ചെവിയിൽ ഒക്കെ എന്തോ വല്ലാത്ത ശബ്ദം കേൾക്കുന്നു.. ആകെ വിയർത്തു…ദേഹം ഒക്കെ തളർന്നു…

എങ്ങനെ ആ നിമിഷം അതിജീവിച്ചു എന്നു എനിക്കിപ്പോഴും അത്ഭുതമാണ് ഏട്ടാ… അവളൊന്നു കിതച്ചു….അഭി അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചു… നെഞ്ച് നീറിയാണ് അന്ന് ഞാനിവിടെ നിന്നിറങ്ങിയത്..അത്ര ഇഷ്ടമായിരുന്നു ഈ വീടും, അച്ഛനെയും അമ്മയെയും ജാനുവമ്മയേയുമൊക്കെ…. ഈ കുളം പോലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു… ഒടുവിൽ ആ കോടതി വരാന്തയിൽ അവളെ കെട്ടിപിടിച്ചു എന്നെ ഒഴുവാക്കിയതിന്റെ സന്തോഷം പങ്കിടുന്ന അവരെ കാണേണ്ടി വന്നു എനിക്ക്….അവിടെ എന്റെ തകർച്ച പൂർണമായി… കണ്ണൊന്നടച്ചാൽ ആ കാഴ്ച്ച തെളിഞ്ഞു വരും…

അപ്പോഴൊക്കെ ഞെട്ടി എഴുന്നേൽക്കും…അങ്ങനെ എത്രയോ ദിവസങ്ങൾ.. പിന്നെ..പിന്നെ നമ്മുടെ കല്യാണത്തിന് സമ്മതം പറയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമായിരുന്നു….അച്ഛനെയും, അമ്മയെയും,ജാനുവമ്മയെയുമൊക്കെ എനിക്ക് തിരികെ കിട്ടാൻ പോകുന്നു എന്നറിയുമ്പോഴുള്ള സന്തോഷം… പക്ഷേ ഇവിടെ വന്നു കയറിയപ്പോഴോ….അപ്പോഴും അവഞ്ജയോടെയാണ് അയാളെന്നെ നോക്കിയത്… അവരുടെ തെറ്റ് മറയ്ക്കാൻ എന്നെ എന്തൊക്കെ പറഞ്ഞു…എന്റെ കൂടെ ജീവിക്കുമ്പോഴും നീ എന്റെ അനിയനെയും സ്നേഹിച്ചിരുന്നോ എന്നയാളെന്റെ മുഖത്തു നോക്കി ചോദിച്ചിട്ടുണ്ട്…..

പറഞ്ഞു തീർന്നപ്പോഴേക്കും അഭിയെ കെട്ടി പിടിച്ചു ആ പെണ്ണ് പൊട്ടി കരഞ്ഞുപോയിരുന്നു.. അഭിയുടെയും കണ്ണ് നിറഞ്ഞിരുന്നു…അവളെ തലോടി ആശ്വസിപ്പിക്കുന്നതിനിടയിൽ അവൻ കണ്ണുകൾ അമർത്തി തുടച്ചു… പോട്ടെ ശ്രീ…ഇങ്ങനെ വിഷമിക്കല്ലേ..അതൊക്കെ കഴിഞ്ഞു…നീ ഇങ്ങനെ കരഞ്ഞു നമ്മുടെ കുഞ്ഞുനെ കൂടെ വിഷമിപ്പിക്കല്ലേ… അത് കേട്ടതും കരച്ചിലൊന്നടക്കി അവൾ അവനിൽ നിന്നകന്നിരുന്നു…മുന്നോട്ടാഞ്ഞു കൈകുമ്പിളിൽ വെള്ളമെടുത്തു മുഖത്തേയ്ക്ക് ഒഴിച്ചു…രണ്ടു മൂന്ന് തവണ ഇതാവർത്തിച്ചു മുഖം അമർത്തി തുടച്ചു…

വളരെ നാളുകൾക്കു ശേഷം അയാളെന്നോട് സൗമ്യമായി സംസാരിച്ചു…. മിണ്ടാതെ അയാൾക്ക്‌ മുന്നിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ പഴയ കാര്യങ്ങളായിരുന്നു….പക്ഷേ കുറ്റബോധം മാത്രമായിരുന്നു അയാളുടെ കണ്ണുകളിലും,വാക്കുകളിലും.. പക്ഷേ എന്തിന്…??ഇനി എന്ത് ന്യായം പറഞ്ഞാലും ഞാൻ അനുഭവിച്ച വേദനകൾക്ക് പകരമാകുമോ…ഈ ജന്മം എനിക്കയാളോട് ക്ഷമിക്കാനാകില്ല…. ഒന്നു വീണു പോയപ്പോഴാണയാൾക്ക്‌ തിരിച്ചറിവുണ്ടായത്….എനിക്കത് കേൾക്കണ്ട…കേൾക്കണ്ട….ഒന്നും….സംസാരിക്കുകയും…വേണ്ട…. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കിതച്ചു പോയിരുന്നു…

മുഖം വല്ലാതെ ചുവന്നിരുന്നു… അവളുടെ ആ ഭാവം…അഭിക്കും നേരിയ ഭയം തോന്നി..ചേട്ടനോട് സംസാരിക്കാൻ താനവളെ നിർബന്ധിക്കാൻ പാടില്ലായിരുന്നു…. ഒരുവേള താൻ ചേട്ടനെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളു എന്നഭിയ്ക്ക് തോന്നി…ശ്രീ അനുഭവിച്ച വേദന,ഏറ്റ അപമാനം…അതിനൊക്കെ കാരണക്കാരനായവനോട് അവൾക്കെങ്ങനെ ക്ഷമിക്കാൻ കഴിയും…മറ്റെന്തും ഒരു പെണ്ണ് ക്ഷമിക്കും..പക്ഷേ തന്നോടൊപ്പം ജീവിക്കുമ്പോൾ ഭർത്താവ് മറ്റൊരു പെണ്ണിന് കൂടി മനസ്സും ശരീരവും പങ്കുവെയ്ച്ചു എന്ന അറിവ് അവൾക്കൊരിക്കലും പൊറുക്കാൻ കഴിയില്ല… ആ ചതിയുടെ നോവറിഞ്ഞവളാണ് ശ്രീ…

അവനവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു.. ശ്രീ…. റിലാക്സ്….നോക്കിയേ….അത് കഴിഞ്ഞു….ഈ സമയത്ത് മനസ്‌ വിഷമിപ്പിക്കാൻ പാടില്ല…..നീ അത് മറന്നേക്ക്….പ്ലീസ് ശ്രീ അവളോട്‌ അങ്ങനെ പറയുമ്പോഴും കുറ്റബോധത്താൽ നീറുകയായിരുന്നു അവന്റെ മനസ്‌…. സന്തോഷത്തോടെ ഇരുന്നവളെ താനൊരാളാണ് നിർബന്ധിച്ചു ചേട്ടനോട് സംസാരിക്കാൻ പറഞ്ഞു വിട്ടത്… വേണ്ടായിരുന്നു…..അവളുടെ മനസ്സിനേറ്റ മുറിവ് അത്ര ആഴത്തിലുള്ളതാണ്…കാലമുണക്കാൻ ശ്രമിച്ചിട്ടും പൊറുക്കാതെ ഇപ്പോഴും ചോര പൊടിയുന്ന ഒന്ന്…. മൗനമായി അഭിയുടെ ഉള്ളം അവളോട്‌ ക്ഷമ പറയുകയായിരുന്നു ആ നിമിഷം….

സന്തോഷം കൊണ്ടാണെങ്കിൽ പോലും ആ കണ്ണുകൾ നിറഞ്ഞു കാണാൻ താൻ ആഗ്രഹിക്കുന്നില്ല… അവളുടെ സ്വപ്നങ്ങൾക്ക് മേലുള്ള മാറാല നീക്കി അവിടെ പുതുനിറങ്ങൾ പകരണം…. എന്നും ആ സ്വപ്നങ്ങൾക്ക് ഒരു കാവലാളാകണം…. അതേ ആഗ്രഹിച്ചിട്ടുള്ളു… അതാണ് തന്റെ ലഹരി…..തന്റെ ജീവിതം.. അവനവളെ ഒന്നുകൂടി തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു… ആ പെണ്ണും അപ്പോഴാ നിമിഷം അമ്മയോട് ചേരുന്ന കുഞ്ഞിനെ പോലെ അഭിയുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്നു….ആ നെഞ്ചിലെ ചൂടിൽ തന്റെ സങ്കടങ്ങൾ എരിച്ചു കളയാനെന്ന പോലെ…. ആ ചൂടിൽ പതിയെ തന്റെ മനസ്‌ ശാന്തമാകുമെന്നവൾക്കറിയാം… ഏറെ നേരം അവരവിടെ ഇരുന്നു…ഒടുവിൽ പ്രഭ വന്നു വിളിച്ചപ്പോൾ രണ്ടാളും വീട്ടിലേയ്ക്കു നടന്നു…. ദാമ്പത്യം

ദിവസങ്ങൾ കടന്നു പോകെ അരവിന്ദിന്റെ അഭാവം വേദനയോടെയാണെങ്കിലും ശേഖരനും, പുറകെ പ്രഭയും അംഗീകരിച്ചു… മകനെ ഓർത്തുള്ള ആധി രണ്ടാളും ഉള്ളിലടക്കി…ഒരു തവണ അരവിന്ദ് വിളിച്ചിരുന്നു…താൻ ഡൽഹിയിൽ എത്തിച്ചേർന്നു എന്നറിയിക്കാൻ…. അരവിന്ദിനെ ഓർത്ത് വിഷമം ഉണ്ടെങ്കിലും പതിയെ എല്ലാവരും അവനില്ലായ്മയിൽ ജീവിച്ചു തുടങ്ങി…. പക്ഷേ അപ്പോഴും അച്ഛനുമമ്മയും അവരുടേതായ ന്യായങ്ങൾ കണ്ടെത്തി തന്നെ ഉപേക്ഷിച്ചു പോയി എന്നറിയാതെ കുഞ്ഞു ആവണി കരച്ചിലും,വാശിയുമൊക്കെ കാണിക്കുന്നുണ്ടായിരുന്നു…. ഒരു ദിവസം ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ആര്യ കാണുന്നത് പുറത്തേയ്ക്കു നോക്കി നിൽക്കുന്ന കുഞ്ഞു ആവണിയെയാണ്…

അവൾ കുഞ്ഞിന്റെ അടുത്തേയ്ക്കു ചെന്നു…. ആ കുഞ്ഞു മുഖത്തേയ്‌ക്ക്‌ നോക്കുമ്പോൾ കണ്ടു… ചുണ്ട് കൂട്ടിപ്പിടിച്ചു ചെറുതായി വിതുമ്പുന്നത്….അടുത്തേയ്ക്കിരുന്നു എന്തായെന്ന് ചോദിച്ചതും മുഖമുയർത്തി ആര്യയെ ഒന്നു നോക്കി..പിന്നെ പുറത്തേയ്ക്കു വിരൽ ചൂണ്ടി സങ്കടത്തോടെ “”അമ്മ…ച്ഛാ.. പൂയി”” എന്ന് പറഞ്ഞു… പിന്നെയും പ്രതീക്ഷയോടെ പുറത്തേയ്ക്കു നോക്കി നിന്നു… അവളുടെ ആ നിൽപ്പ് കണ്ടു ആര്യയുടെ കണ്ണ് നിറഞ്ഞു… ആദ്യം അവളുടെ അമ്മയും അതുകഴിഞ്ഞു അച്ഛയും അതുവഴി പോയത് അവൾ കണ്ടതാണ്…പിന്നെ ഇതുവരെ അവരെ കണ്ടിട്ടില്ലാ..രണ്ടാളെയും പ്രതീക്ഷിച്ചാകാം അവളവിടെ നിൽക്കുന്നത്….അമ്മ തന്നെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയതാണെന്നോ,

ഇനി ഒരിക്കലും മടങ്ങി വരില്ലെന്നോ, അച്ഛനും ഓരോ ന്യായീകരണങ്ങൾ നിരത്തി എങ്ങോട്ടോ പോയിരിക്കുകയാണെന്നോ ഈ പാവത്തിന് അറിയില്ലല്ലോ…. നിമിഷ പോയപ്പോഴും അധികം കരച്ചിലൊന്നുമില്ലാതെ തങ്ങളുടെ കൂടെ ചേർന്നു നിന്ന കുഞ്ഞാണ്..പക്ഷേ ഇപ്പോൾ അച്ഛനെ കൂടി കാണാത്തത് കൊണ്ടാകും അവൾക്കു ഈ വിഷമം…തന്നോട് എത്ര ദ്രോഹം ചെയ്തവനാണെങ്കിലും നല്ലൊരു അച്ഛനായിരുന്നു അരവിന്ദ്… പൊന്നു പോലെയായിരുന്നു കുഞ്ഞിനെ അയാൾ നോക്കിയിരുന്നത്…അത്രയും അവളെ സ്നേഹിച്ചിട്ടാണ് ഇപ്പോൾ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു ആ കുഞ്ഞു മനസ്‌ നോവിച്ചു അയാൾ പോയിരിക്കുന്നത്… അമ്മ പിന്നെ സ്വന്തം സുഖം മാത്രം നോക്കി കിട്ടിയ സമ്പാദ്യവും കൊണ്ടാണ് കടന്നുകളഞ്ഞത്… എങ്ങനെ കഴിയുന്നു സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ…

ഇവരെയൊക്കെ അച്ഛനെന്നും,അമ്മയെന്നും പറയാനൊക്കുമോ…? അവൾക്ക് അരവിന്ദിനോടും, നിമിഷയോടും വല്ലാത്ത ദേഷ്യം തോന്നി… എന്ത് പറഞ്ഞു താൻ ഈ കുഞ്ഞു മനസിനെ ആശ്വസിപ്പിക്കും…. മുൻപ് കുഞ്ഞിനെ ഒന്നെടുക്കാൻ പോലും മടിച്ചിരുന്നു…അരവിന്ദിനും,നിമിഷയ്ക്കും അതിഷ്ടമാകില്ലായെന്നറിഞ്ഞിട്ട്… ഈ വീട്ടിൽ നിന്ന ദിവസങ്ങളിൽ ഒക്കെ തന്നെ കാണുമ്പോൾ ആ കുഞ്ഞു മുഖത്തു വിരിയുന്ന നിഷ്‌കളങ്കമായ പുഞ്ചിരി കാണുമ്പോൾ അവളെ ഒന്നെടുക്കാൻ കൊതിച്ച മനസ്സിനെ ശാസിച്ചു നിർത്തിയിട്ടേയുള്ളൂ…

പക്ഷേ ഇനി ആ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ തനിക്കു കഴിയില്ല…. അച്ഛനുമമ്മയും ജോലിക്ക് പോയെന്നും,ഉടനെ മോളെ കാണാൻ വരുമെന്നും പറഞ്ഞു ആര്യ അവളെ ആശ്വസിപ്പിച്ചു… ആഹാരം കഴിപ്പിച്ചു….. വിഷമിച്ചിരുന്ന സമയത്തൊക്കെ അവളെ ഓരോന്ന് പറഞ്ഞു കളിപ്പിച്ചും,ചിരിപ്പിച്ചും ആര്യ കൂടെ തന്നെ ഉണ്ടായിരുന്നു… അവൾക്കു ആഹാരം വാരിക്കൊടുത്തും, താരാട്ടു പാടി ഉറക്കിയും, ഒരമ്മയെ പോലെ അവളാ കുഞ്ഞിനെ സ്നേഹിച്ചു… അവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ പ്രഭയും,ജാനുവമ്മയും കണ്ണുനിറയ്ക്കും…

സന്തോഷം കൊണ്ടു…. അഭി പക്ഷേ ആര്യയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു..തങ്ങൾ അവളുടെ ചെറിയച്ഛനും,ചെറിയമ്മയും മാത്രമാണ്… ഒരിക്കൽ അവളുടെ അച്ഛൻ തിരികെ വരും..അപ്പോൾ അവളെ വിട്ടുകൊടുത്തേ മതിയാകൂ…ഈ കാര്യം എപ്പോഴും ഓർമ്മയിലുണ്ടാകണമെന്നും ഒരു താക്കീത് പോലെ അഭി അവളോടു പറഞ്ഞു…… കാത്തിരിക്കാം തുഷാര ലക്ഷ്മി തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 35