ദാമ്പത്യം: ഭാഗം 35

ദാമ്പത്യം: ഭാഗം 35

എഴുത്തുകാരി: തുഷാര ലക്ഷ്മി

പോകാനോ..?? എവിടേയ്ക്ക്..?? ചേട്ടൻ എന്ത് ഭ്രാന്താണ് ഈ പറയുന്നത്… തന്നെ ദേഷ്യത്തോടെ നോക്കുന്ന അഭിയെ അരവിന്ദ് ശാന്തതയോടെ നോക്കി… എവിടേക്കാണെന്നു ഞാൻ തീരുമാനിച്ചില്ല അഭി..പക്ഷേ പോകണം..കുറച്ചുനാൾ ഇവിടെ നിന്നൊന്നു മാറിനിൽക്കണം… ഇവിടെ വല്ലാതെ ശ്വാസം മുട്ടുന്നു എനിക്ക്…. കുറച്ച് ദിവസം കൂടി ഈ അവസ്ഥ തുടർന്നാൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും… നീയെങ്കിലും എന്നെയൊന്നു മനസ്സിലാക്ക് അഭി.. അരവിന്ദ് ദയനീയതയോടെ അവനെ നോക്കി.. പക്ഷേ ചേട്ടാ…അച്ഛനുമമ്മമ്മയും ഇതിനനുവദിക്കുമെന്നു തോന്നുന്നുണ്ടോ..അച്ഛൻ സമ്മതിച്ചാലും അമ്മ ഒരിക്കലും സമ്മതിക്കില്ല…

അതുമല്ല ചേട്ടൻ ആവണിമോളെ കുറിച്ചോർത്തോ…?? ആ പൊടികുഞ്ഞു നിങ്ങളോടൊക്കെ എന്ത് തെറ്റ് ചെയ്തു…ഇങ്ങനെ ഓടി ഒളിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമോ…??ആദ്യം അമ്മ സ്വന്തം ഇഷ്ട്ടം നോക്കി എങ്ങോട്ടോ പോയി…ഇപ്പോൾ അച്ഛനും എങ്ങോട്ടോ പോകാൻ നിൽക്കുന്നു…..നിങ്ങളൊക്കെ ഇങ്ങനെ സ്വന്തം ഇഷ്ട്ടത്തിനനുസരിച്ചു പോകാനും വരാനും നിന്നാൽ അവളെ ആര് സംരക്ഷിക്കും…. പ്രായമായ നമ്മുടെ അച്ഛനും, അമ്മയുമോ…? അവരാണോ അവളെ നോക്കേണ്ടത്… ചേട്ടൻ എപ്പോഴും സ്വാർത്ഥനാണ്.. സ്വന്തം കാര്യം മാത്രമേ ചിന്തിക്കാറുള്ളൂ…ഇനി പഴയപോലെ പറ്റില്ല ചേട്ടാ…. കുഞ്ഞിന്റെ കാര്യത്തിലെങ്കിലും കുറച്ച് ഉത്തരവാദിത്വം കാണിച്ചേ മതിയാകൂ…

അഭിയുടെ സ്വരത്തിൽ പതിയെ ദേഷ്യം നിറഞ്ഞു…. ഞാൻ എന്റെ മോളെ വിട്ട് എങ്ങോട്ടും ഓടി ഒളിക്കുന്നതല്ല…. ഇപ്പോൾ എനിക്കിവിടെ പറ്റുന്നില്ല… ആളുകളെ ഫേസ് ചെയ്യാനുള്ള ധൈര്യമെനിക്കില്ല അഭി… അറിയാം …ചെയ്തതെല്ലാം തെറ്റായിരുന്നു..അതിനുള്ള ശിക്ഷയാണ് ഈ അനുഭവിക്കുന്നതെന്നും…. ഇനി അതൊന്നും തിരുത്താനും പറ്റില്ലല്ലോ… വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും എനിക്കൊരു മോചനം വേണം… കുറച്ചുനാൾ…..കുറച്ചുനാൾ ഞാനൊന്നു മാറിനിന്നോട്ടെ അഭി… പിന്നെയും പലതും പറഞ്ഞു അഭി അരവിന്ദിനെ തടയാൻ ശ്രമിച്ചു…പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും അരവിന്ദ് തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല…

ഒടുവിൽ തന്നെ പോകാനനുവദിക്കണമെന്നു പറഞ്ഞു തന്റെ മുന്നിലിരുന്നു കരയുന്ന ചേട്ടനെ കണ്ടില്ലെന്ന് നടിക്കാൻ അവന് കഴിഞ്ഞില്ല… അച്ഛനേയും അമ്മയേയും സമ്മതിപ്പിക്കാമെന്നേറ്റു…. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല….അഭിയുടെ വാക്കുകൾ കേട്ടു ശേഖരൻ സമ്മതിച്ചുവെങ്കിലും പ്രഭയ്ക്ക് സമ്മതമല്ലായിരുന്നു മകൻ ഇപ്പോഴിങ്ങനെയൊരു യാത്രയ്‌ക്കൊരുങ്ങുന്നത്…. മകനെ നഷ്ട്ടപെട്ടുപോകുമോ എന്നാ അമ്മമനം ഭയപ്പെട്ടു…അവിടെയും അഭി തന്നെ അരവിന്ദിന് വേണ്ടി വാദിച്ചു..ഒടുവിൽ മനസില്ലാമനസോടെ അവർ സമ്മതം മൂളി… 💙🎉

ഇന്നാണ് അരവിന്ദ് പോകുന്നത്…തലയിലെ മുറിവുണങ്ങി..ജോലിയിൽ നിന്നു ലീവ് എടുത്തിരുന്നു…..അരവിന്ദിന്റെ ഒരു സുഹൃത്ത് ഡൽഹിയിലാണ്…അവിടേക്കാണ് യാത്ര….കുറച്ചുനാള് അവന്റെ കൂടെ….മനസ്സൊന്നു ശാന്തമായാൽ തിരികെ അമ്മയുടെ അടുത്തേയ്ക്കു വരും..ഇതാണ് അരവിന്ദ് പ്രഭയ്ക്കു കൊടുത്തിരിക്കുന്ന വാക്ക്… മകളെ പിരിയുന്നത് സങ്കടമാണെങ്കിലും ഈ യാത്ര അനിവാര്യമാണെന്ന് അവന്റെ മനസ്‌ പറഞ്ഞു കൊണ്ടിരുന്നു… രാവിലെ തന്നെ പോകാൻ തയ്യാറായി… അച്ഛനോടും,അമ്മയോടും, ജാനുവമ്മയോടും യാത്ര പറഞ്ഞു….മോളെ ചേർത്തു പിടിച്ചിരുന്നു കുറച്ചേറെ നേരം…മനസ്സിൽ അവളോട്‌ മാപ്പപേക്ഷിച്ചു…

കണ്ണീരോടെ അവളെ മുത്തങ്ങൾ കൊണ്ടു മൂടി..തിരികെ മകളെ അമ്മയുടെ കൈയിലേക്ക് കൊടുത്തു….അമ്മയെ ഒന്നു നോക്കി… തന്റെ മോളെ പൊന്നുപോലെ നോക്കണേയെന്നു അവരോടവൻ പറയാതെ പറഞ്ഞു… അതുകഴിഞ്ഞു അഭിയുടെ അരികിലേക്ക് നടന്നു…… ആര്യയോടൊന്നു സംസാരിക്കണമെന്ന തന്റെ ആവശ്യമവനെ അറിയിച്ചു….മറുപടി നൽകാതെ അഭി ആര്യയെയാണ് നോക്കിയത്…. അഭിയെ നോക്കി ശിരസ്സ് ചലിപ്പിച്ചു അവൾ തന്റെ സമ്മതമറിക്കുമ്പോൾ..അവളുടെ ആ സമ്മതഭാവം കണ്ടു അരവിന്ദിനും ആശ്വാസമായി…

അരവിന്ദ് ഇങ്ങനെയൊരവശ്യം പറയുമെന്ന് തോന്നിയത് കൊണ്ടു അഭി മുൻപേ ആര്യയോടു ആ കാര്യമൊന്നു സൂചിപ്പിച്ചിരുന്നു….ആദ്യം താല്പര്യമില്ലായെന്നു പറഞ്ഞുവെങ്കിലും തെറ്റുകാരിയല്ലായെന്നു തോന്നുന്ന പക്ഷം ചേട്ടനെ തലയുയർത്തി നേരിടണമെന്ന് പറഞ്ഞു കൊടുത്തു അഭി അവളെ സമ്മതിപ്പിച്ചുവെച്ചിരുന്നു…ഒരു മാപ്പുപറച്ചിൽ കൊണ്ടു അവളോട്‌ ചെയ്ത തെറ്റുകൾക്ക് പകരമാവില്ലെങ്കിലും ചെറിയൊരാശ്വാസമെങ്കിലും രണ്ടാൾക്കുമുണ്ടായാൽ തനിക്കതുമതി…അഭി ഒന്നു ദീര്‍ഘമായി നിശ്വസിച്ചു…. 💙🎉

ഏറ്റവും താഴെയുള്ള പടവിലിരുന്നു അരികിലായി പറക്കിവെച്ചിരിക്കുന്ന കുഞ്ഞുകല്ലുകൾ ഓരോന്നായി കുളത്തിലേക്കു എറിയുകയാണ് ആര്യ….. ചെറു ഓളങ്ങൾ സൃഷ്ട്ടിച്ചു വെള്ളം വേഗത്തിൽ തെന്നി നീങ്ങുന്നത് തെല്ലൊരു കൗതുകത്തോടെ നോക്കിയിരുന്നു….ഒരിക്കൽ തന്റെ ജീവിതവും ഇതുപോലെയായിരുന്നു എന്നവളോർത്തു… ശാന്തമായി ഒഴുകുന്ന പുഴ പോലെയായിരുന്നു അത്… അവിടെയാണ് വേദനയുടെ വലിയ ഓളങ്ങൾ രൂപപ്പെട്ടു ദിശയറിയാതെ എവിടേയ്ക്കോ ഒഴുകി പൊയ്ക്കൊണ്ടിരുന്നത്…. അഭിയേട്ടനില്ലായിരുന്നെങ്കിൽ…… ആര്യ……!! പ്രതീക്ഷിച്ചതാണെങ്കിലും വളരെ നാളുകൾക്കു ശേഷം അരവിന്ദ് തന്റെ പേര് വിളിക്കുന്നതുകേട്ടു അവളൊന്നു ഞെട്ടി….

അത് കേട്ട ഭാഗത്തേയ്ക്ക് മിഴികൾ പായിച്ചതും കണ്ടു…താനിരിക്കുന്ന പടവിൽതന്നെ കുറച്ചു മാറി ഇരിക്കുന്ന അരവിന്ദിനെ… ഒരു നിമിഷം അവനെ നോക്കിയിരുന്നതിനു ശേഷം അവൾ വേഗം തന്റെ മിഴികൾ പിൻവലിച്ചു… വീണ്ടുമാ ഓളപ്പരപ്പിലേയ്ക്ക് നോക്കിയിരുന്നു… ഇരുവർക്കുമിടിയിൽ കുറച്ചേറെ നേരം കുസൃതി കാട്ടി നിറഞ്ഞു നിന്ന മൗനത്തെ ഭേദിച്ചത് അരവിന്ദായിരുന്നു…. നിന്റെ മുന്നിൽ വന്നു നിൽക്കാനുള്ള അർഹത എനിക്കില്ലെന്നറിയാം…പക്ഷേ നിന്നോടൊന്നു സംസാരിക്കാതെ പോകാൻ എനിക്കാകില്ലായിരുന്നെടോ…

അവളപ്പോഴും മറുപടി പറയുകയോ, അവനെ നോക്കുകയോ ചെയ്തില്ല…. ഒരുപാടു തെറ്റുകൾ ഞാൻ നിന്നോട് ചെയ്തിട്ടുണ്ട്… നിമിഷയെ പരിചയപെട്ടപ്പോൾ, അവളോട്‌ അടുത്തപ്പോൾ എന്റെ ജീവിതം,സന്തോഷം ഒക്കെ അവളിലേയ്ക്കൊതുങ്ങി..മനപ്പൂർവം നിന്നെ ഞാൻ മറന്നു…. അവനൊന്നു നിർത്തി മുഖം തിരിച്ചു അവളെ ഒന്നു നോക്കി….കുളത്തിലേക്കു തന്നെ മിഴികൾ നട്ടിരിക്കുകയാണ്….തന്റെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടാകും…. അവൻ പിന്നെയും തന്റെ മനസ്സ് അവൾക്കു മുന്നിൽ തുറന്നു…… അവൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടെങ്കിലും മിഴികൾ ആ ഓളപ്പരപ്പിലേയ്ക്ക് ഊന്നി ഇരിക്കുകയാണെങ്കിലും….

ഓർമ്മയുടെ ഓളങ്ങളിൽ അരവിന്ദിന്റെ കൂടെയുള്ള നിമിഷങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു….ഒടുവിലത് ബന്ധം വേർപെടുത്തിക്കഴിഞ്ഞു കോടതി വരാന്തയിൽ പരസ്പരം പുണർന്നു നിൽക്കുന്ന അരവിന്ദിലും,നിമിഷയിലുമെത്തി നിന്നു… ആ നിമിഷം അവന്റെ വാക്കുകൾക്ക് തടയിട്ടുകൊണ്ട് ആര്യയുടെ ശബ്ദമുയർന്നു… നിർത്ത്….!! ഞാൻ മറന്ന കാര്യങ്ങളാണ് നിങ്ങളിപ്പോൾ പറയുന്നത്…വീണ്ടുമതൊന്നും എന്നെ ഓർമിപ്പിക്കണ്ട…കേൾക്കാൻ എനിക്ക് താല്പര്യമില്ല… അതവളുടെ ഉറച്ച വാക്കുകളായിരുന്നു…. കഴിഞ്ഞതൊക്കെ ഓർമിപ്പിച്ചു നിന്നെ വിഷമിപ്പിക്കാനല്ല ഞാൻ വന്നത്….. പിന്നെന്തിനാണ്….ചെയ്തു പോയതിനൊക്കെ ക്ഷമ പറയാനോ..??

ആണെങ്കിൽ കേൾക്കാൻ എനിക്ക് തീരെ താല്പര്യമില്ല…. അവനോടു സംസാരിക്കുന്നത് അസഹനീയമായി തോന്നി അവൾക്ക്… ഞാൻ നിന്നോട് ക്ഷമ പറയാനോ…ഒരിക്കലുമില്ല….അതിനല്ല ഞാൻ വന്നത്…എനിക്കതിനു കഴിയുകയുമില്ല…. ഇത്തവണ ആര്യ അമ്പരന്നവനെ നോക്കി… സത്യമാണ് ആര്യ ഞാൻ പറഞ്ഞത്…ഞാൻ നിന്നോട് ക്ഷമ ചോദിക്കില്ല…അത് ഞാൻ തെറ്റുകാരനല്ലായെന്നു തോന്നുന്നതു കൊണ്ടല്ല.. മറ്റാരോടു വേണമെങ്കിലും ഞാൻ ക്ഷമ പറയാം പക്ഷേ നിന്നോട് മാത്രം കഴിയില്ല എനിക്ക്…. നിന്നോട് ക്ഷമ പറയുന്നിടത്താണ് ഞാൻ പൂർണ്ണമായും പരാജയപ്പെട്ടു പോകുന്നതെന്ന് തോന്നുന്നു ആര്യ എനിക്ക്…..അങ്ങനെ ആയാൽ ഈ അരവിന്ദ് പിന്നെ ഇല്ല…

നിമിഷയിലൂടെ ഞാൻ ഈ സമൂഹത്തിനു മുന്നിൽ തോറ്റു നിൽക്കുകയാണ്.. നിന്നിലൂടെ ഇനിയും എനിക്കതിനു സമ്മതമല്ല…ഇവിടെ നിന്റെ മുന്നിലെങ്കിലും തൽക്കാലത്തേക്ക് ഞാനൊന്നു ജയിച്ചോട്ടെ…. പക്ഷേ ഞാൻ വരും…. മാപ്പ് പറയും…അതിനുള്ള മനസ്സെനിക്കു ആകുമ്പോൾ…അതിനാണ് ഈ ഒളിച്ചോട്ടം… നല്ല ന്യായങ്ങളാണ് ഇതൊക്കെ….സ്വന്തം കുഞ്ഞിനെ പോലും മറന്നു കൊണ്ടു ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ പുച്ഛം മാത്രമാണ് തോന്നുന്നതെനിക്ക്… ആയിക്കോട്ടെ ആര്യ…. എന്നെ അറിയാവുന്നവർക്കെല്ലാം എന്നോടിപ്പോൾ ഈ വികാരം തന്നെയാകും..പുച്ഛം.. പറഞ്ഞിട്ട് ഉള്ളിലെ വേദന ഒളിപ്പിച്ചു അവനൊന്നു ചിരിച്ചു….. ആവണിയെ ഞാൻ അമ്മയെ ഏൽപ്പിച്ചാണ് പോകുന്നത്..

കുറച്ചു ദിവസങ്ങൾക്കകം ഞാൻ മടങ്ങി വരുമെന്നാണ് അമ്മ കരുതിയിരിക്കുന്നത്….. പക്ഷേ എനിക്ക് തന്നെ അറിയില്ല എന്നു മടങ്ങി വരാൻ സാധിക്കുമെന്ന്…. നിന്റെ അവസ്ഥ എനിക്ക് അറിയാം…എങ്കിലും അവളെ നീ ഉപേക്ഷിച്ചു കളയരുത്…നിങ്ങളുടെ കുഞ്ഞിന്റെ ചേച്ചിയായി അവൾ വളരട്ടെ…അവളെ ഏൽപ്പിച്ചു പോകാൻ വേറെ ആരുമില്ല എനിക്ക് നിങ്ങൾ നാലുപേരല്ലാതെ… തന്നെ ഉറ്റുനോക്കിയൊരിക്കുന്നവളെ നോക്കി അവനൊന്നു ചിരിച്ചു… ഇതുകേട്ട് ഞാനെന്റെ മോളെ എന്നന്നേക്കുമായി ഉപേക്ഷിച്ചു പോവുകയാണെന്ന് കരുതല്ലേ…ഒരു ദിവസം ഞാൻ തിരികെ വരും…

അതുവരെ അവൾ നിങ്ങളുടെ കൂടെ നിൽക്കട്ടെ..അഭിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…. അരവിന്ദ് പതിയെ എഴുന്നേറ്റു… പോകാനുള്ള സമയമായി….എന്നോടു സംസാരിക്കാനുള്ള മനസ്‌ നീ കാണിച്ചല്ലോ..അത് മതി എനിക്ക്….വരട്ടെ… അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ പടവുകൾ കയറി….അപ്പോഴേക്കും അവളും ഇരുന്നിടത്തുനിന്നു എഴുന്നേറ്റു അവൻ പോകുന്നത് നോക്കി നിന്നു… മുകളിലെത്തി അരവിന്ദ് ഒരിക്കൽ കൂടി ഒന്നു തിരിഞ്ഞു നോക്കി…തന്നെ തന്നെ നോക്കി നിൽക്കുന്ന ആര്യയെ കണ്ടതും അവന്റെ മുഖത്തൊരു ചെറു പുഞ്ചിരി വിരിഞ്ഞു…

പ്രിയപ്പെട്ടവളെ നിനക്ക് വേണ്ടിയാണു ഞാൻ പോകുന്നത്….നിന്റെ നല്ല ജീവിതത്തിനു ഒരു തടസ്സമാകാതിരിക്കാൻ…ഇനിയും നിന്നോട് തെറ്റ് ചെയ്യാനാകില്ലെനിക്ക്….മാപ്പ് പറയില്ലെന്ന് പറഞ്ഞെങ്കിലും മനസ്സിൽ ഒരായിരം വട്ടം ആ കാൽക്കൽ ഞാൻ വീണുകഴിഞ്ഞു…. ഇപ്പോൾ അതിനേയെനിക്കാകുന്നുള്ളു… അവന്റെ മനസ്‌ മൗനമായി മൊഴിഞ്ഞു… അവളുടെ രൂപം മനസ്സിൽ നിറച്ചു…ഉള്ളിലെ നീറ്റലടക്കി അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ വേഗത്തിൽ നടന്നകന്നു….. .. കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 34

Share this story