മൗനം : ഭാഗം 11

എഴുത്തുകാരി: ഷെർന സാറ ഗായത്രി പത്തിൽ പഠിക്കുന്ന സമയം… അച്ഛന്റെയും അമ്മയുടെയും കുറുമ്പിയായ പെൺകുട്ടി … പഠനത്തിൽ സാമാന്യം മികവ് പുലർത്തുമായിരുന്നവൾ… അതികം സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതെ
 

എഴുത്തുകാരി: ഷെർന സാറ

ഗായത്രി പത്തിൽ പഠിക്കുന്ന സമയം… അച്ഛന്റെയും അമ്മയുടെയും കുറുമ്പിയായ പെൺകുട്ടി … പഠനത്തിൽ സാമാന്യം മികവ് പുലർത്തുമായിരുന്നവൾ… അതികം സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതെ അച്ഛന്റെ ഇഷ്ടങ്ങൾക്കൊത്ത് ജീവിക്കുന്നവൾ… അച്ഛന്റെ രാജകുമാരി… അതായിരുന്നു ഗായത്രി… എങ്കിലും അവളുടെ ഏറ്റവും വലിയ സ്വപ്നം അമ്മയുടെ ഇല്ലവുമായിട്ടുള്ള പിണക്കം മാറി എല്ലാവരും ഒത്തുകൂടുന്ന നിമിഷം തന്നെയായിരുന്നു… ആദി ലക്ഷ്മിയും ആദി സ്വരൂപയും ഏകദേശം ഒരു പ്രായം തന്നെയാണ്… അതേ പ്രായം തന്നെയാണ് ഗായത്രിയ്ക്കും… മൂവരും നീരൂർ ഗവണ്മെന്റ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ആണ്…

ജാനകിയോടും കുടുംബത്തോടും ഇല്ലത്തേ മുതിർന്നവർ കാണിക്കുന്ന അകൽച്ച ലക്ഷ്മി അതേ പടി കാണിക്കുമ്പോൾ,, സ്വരൂപ നേരെ തിരിച്ച് ഗായത്രിയോട് കൂട്ടായിരുന്നു … ഗായത്രിയ്ക്ക് അവൾ സ്വര ആയിരുന്നു… ചന്തു എഞ്ചിനീയറിംഗ് അവസാനവർഷ വിദ്യാർത്ഥി ആയിരുന്നു അന്ന്… പതിവ് പോലെ രണ്ടാം ശനി കണക്കിൽ ആക്കി അതിനോട് ചേർന്ന വെള്ളിയാഴ്ച കൂടി ലീവ് എടുത്ത് നാട്ടിലേക്ക് വന്നതാണ് ചന്തു… നീരൂർ ഉൾഗ്രാമം ആയതിനാൽ, ഒരു ഗവണ്മെന്റ് ഹൈ സ്കൂൾ മാത്രമാണ് നീരൂറിൽ ഉള്ളത്.. ഏകദേശം പത്ത് കിലോമീറ്റർ അകലെയുള്ള ചെറിയൊരു ടൗണിലെ സ്കൂളുകളിൽ ആണ് അവിടെയുള്ള കുട്ടികൾ ഹയർ സെക്കന്റ്റി തൊട്ട് പഠിക്കുന്നത്.. ഇല്ലത്തെ കുട്ടികൾ ഉൾപ്പെടെ അങ്ങനെയാണ്…

പക്ഷെ വിത്യാസം ഒന്ന് മാത്രം… കരക്കാരുടെ മക്കൾ മൊത്തം ആകെയുള്ള ഒരു ബസിനെ ആശ്രയിച്ചാണ് പോകുന്നത്… തിരികെ ആ ബസ് ഇല്ലെങ്കിൽ കുട്ടികൾ ഇത്രെയും ദൂരം നടക്കണം… പക്ഷെ ഇല്ലത്തെ കുട്ടികൾക്ക് പോകാനും വരാനും മാത്രായിട്ട് ഇല്ലത്ത് വണ്ടി കണക്കാക്കിയിട്ടുണ്ട്.. തിരുവനന്തപുരത്ത് ആണ് ചന്തു എഞ്ചിനീയറിംഗിന് പഠിക്കുന്നത്…ഒപ്പം തന്നെ കിച്ചൻ എന്ന ആദി കിരണും മിഥുനും കൂടെയുണ്ട്.. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് കൊണ്ട് മാസത്തിൽ ഒരിക്കൽ ആണ് മൂവരും വീട്ടിലേക്ക് വരുന്നത്… ആദി തൃശൂരിൽ ഒരു ആയുർവേദ മഠത്തിൽ ആണ് ജോലി ചെയ്യുന്നത്…

ഒപ്പം മാനവും യമുനയും ഉണ്ട്… ഫൈനൽ ക്സാമിന് മുൻപുള്ള സ്റ്റഡി ലീവിന് മൂന്ന് പേരും കാര്യമായി കെട്ടും പാണ്ഡവും എടുത്ത് നാട്ടിലേക്ക് പുറപ്പെട്ടു… ടൗണിൽ എത്താറാവുന്ന സമയം കണക്ക് കൂട്ടി ഇല്ലത്ത് നിന്നും അവരെ കൂട്ടാൻ വണ്ടി എത്തും… അതാണ്‌ പതിവ്.. എന്നാൽ ഇത്തവണ മുൻകൂട്ടി അറിയിക്കാതെ ഇരുന്നതിനാൽ അവർ ഇല്ലത്തെത്തിയപ്പോൾ എല്ലാവർക്കും അതിശയം ആയിരുന്നു… ഒപ്പം അവരോട് പങ്ക് വെയ്ക്കാൻ അല്പം മധുരമുള്ളോരു വാർത്തയും ഇല്ലത്ത് ഉണ്ടായിരുന്നു… ആദി പൗർണമിയുടെ വിവാഹം… !! കൂടെ പഠിച്ചിരുന്ന, ഇപ്പോൾ കൂടെ ജോലി ചെയ്യുന്ന മാനവ് മാധവ് ആയിരുന്നു വരൻ…

ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്ന കാര്യം ചന്തുവിന് അറിയാമായിരുന്നു… എങ്കിലും കല്യാണം ഉറച്ചത് അവനെ ശെരിക്കും അത്ഭുതപ്പെടുത്തിയിരുന്നു… അതിലുമപ്പുറം പാതി മലയാളിയായ മാനവിനെ അംഗീകരിക്കാൻ ഇല്ലത്തുള്ളവർക്ക് എങ്ങനെ കഴിഞ്ഞു എന്നത് അവനിൽ സ്വയം ഉയർന്ന ചോദ്യമാണ്… അപ്പോൾ ജാനകി അപ്പയോ…. ഇപ്പോഴും അപ്പയെയും രവി മാമനെയും അംഗീകരിക്കാൻ കഴിയാത്തവർക്ക് എങ്ങനെ മാനവിനെ…? ചിന്തകളെ തത്കാലം മാറ്റി നിർത്തി മുറിയിലേക്ക് പോയവൻ … എങ്കിലും മനസ് മുഴുവൻ അതിൽ തന്നെ കുരുങ്ങി കിടന്നപ്പോൾ എന്തോ ഒരു തീരുമാനം ഉള്ളിൽ ഉടൽ എടുക്കുക കൂടി ആയിരുന്നു….. ###############

ശനിയാഴ്ചയായതിനാൽ സൂര്യനുദിക്കുവോളം,, ജാനകിയുടെ ഭാഷയിൽ മൂട്ടിൽ വെയിലടിക്കുവോളം ഉറങ്ങിയിട്ടാണ് ഗായത്രി എണീറ്റത്… എണീറ്റ പടി കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ഒരു ഗ്ലാസ്‌ ചായയും കുടിച് കയ്യിൽ കിട്ടിയ പുസ്തകവും തുറന്ന് ഉമ്മറ തിണ്ണയിൽ ഇരിപ്പ് ഉറപ്പിച്ചു… ജാനകിയുടെ നിഴൽ വെട്ടം കാണുമ്പോൾ ഉച്ചത്തിൽ പാഠഭാഗങ്ങൾ വായിക്കുകയും,, അല്ലാത്ത വട്ടം ഭൂമിയിലെ സകലമാന കാര്യങ്ങളെ കുറിച് ഒരു വട്ടം ചിന്തിക്കുകയോ,, അല്ലെങ്കിൽ മാന്ത്രിക പേന കൊണ്ട് പരീക്ഷ എഴുതി ഒന്നാം സ്ഥാനം കൈക്കലാക്കുന്നതോ,,

അതും അല്ലെങ്കിൽ ഒരുനാൾ അമ്മയുടെ വീട്ടുകാരുമായിട്ടുള്ള പിണക്കം മാറി എല്ലാരും ഒത്തുകൂടുന്നതോ…, അല്ലെങ്കിൽ പിന്നെ കഴിഞ്ഞയാഴ്ച തനിക് പ്രേമലേഖനം തന്ന ചേട്ടൻ ഒരാഴ്ച തികയണതിന് മുന്നെ ഒൻപതിലേ രേഷ്മയ്ക്ക് കൊടുത്തതോ…അങ്ങനെ നൂറായിരം കാര്യങ്ങൾ കാണും ചിന്തിച്ചു കൂട്ടാൻ… തലേന്ന് രാത്രിയിൽ എടുത്ത തീരുമാനത്തിന്റെ പുറത്ത് ഇല്ലത്തെ ആരും അറിയാതെ മിഥുവിനെയും കൂട്ടി ജാനകിയുടെ വീട്ടിലേക്ക് വന്ന ചന്തു കമ്പ് വേലി വരെ എത്തിയപ്പോൾ പകച്ചു കൊണ്ട് നിന്നു… അപ്പയാണെന്ന് അറിയാം… ഒരുപാട് തവണ കണ്ടിട്ടും ഉണ്ട്… പക്ഷെ നാളിത് വരെ ഒന്ന് മിണ്ടിയിട്ടില്ല…

എന്നിട്ട് പെട്ടെന്ന് ഒരു ദിവസം ചെന്ന് കേറുമ്പോൾ എന്തായിരിക്കും പ്രതികരണം.. “ഡാ… എന്താ നിന്നെ…വാ അങ്ങോട്ട് പോകാം… ” ചന്തു എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടതും മിഥു പറഞ്ഞു… ” എടാ…നിക്ക് ഒരു പേടി…അപ്പ എങ്ങനെ പ്രതികരിക്കും ന്നോർത്ത്… ” അല്പം വെപ്രാളത്തോടെ പറയുന്ന ചന്തുവിനെ കണ്ടപ്പോൾ മിഥു പൊട്ടിച്ചിരിച്ചു… ” ഇലവുങ്കൽ ആദി ശങ്കരൻ തന്നെയല്ലേ ഇത്.. അല്ല.. പേടി എന്നൊക്കെ പറയുന്നത് കേട്ടു .. ” അല്പം ആക്കിയ ചിരിയോടെ മിഥു അവനെ കളിയാക്കി… ” കൂടെ നിന്നിട്ട് കളിയാക്കുന്നോടാ… നീ എന്നെ ഒന്ന്… ” അവൻ എന്തോ പറയാൻ വന്നതും റേഡിയോ ഓണാക്കിയ പോലെ ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിയിലെ വരികൾ ഉറക്കെ ചൊല്ലുന്നത് കേട്ടപ്പോൾ മിഥുവും ചന്തുവും ഒരുപോലെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..

ജാനകി വരുന്നോ എന്ന് എത്തികുത്തി നോക്കി ഉറക്കെ പുസ്തകം നോക്കാതെ വായിക്കുകയും ജാനകി അടുത്തെത്തിയപ്പോൾ പുസ്തകത്തിലേക്ക് മാത്രം മിഴി നട്ടു വായിക്കുകയും ചെയ്യുന്ന ഗായത്രിയെ കണ്ടപ്പോൾ രണ്ട് പേരും ഒരുപോലെ ചിരിച്ചു… പലപ്പോഴും അപ്പയുടെ കൂടെ കണ്ടിട്ടുണ്ട്.. അവൻ ഓർത്തു… ജാനകി കയ്യിൽ ഒതുക്കിയ കൊതുമ്പും ചൂട്ടുമായി പിന്നാമ്പുറത്തേക്ക് പോയതും വായന നിർത്തി നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു.. ” ഇവളാള് കൊള്ളാല്ലോടാ…. ” അതിശയത്തോടെ ഉള്ള മിഥുവിന്റെ സംസാരം കേട്ടപ്പോൾ അവൻ മറുപടി ചിരിയ്ക്കുക മാത്രം ചെയ്തു.. ” നീ ചിരിക്കുകയൊന്നും വേണ്ട.. നിന്റെയൊക്കെ ബാക്കിയല്ലേ.. അപ്പൊ ഇതല്ല..

ഇതിനപ്പുറം പ്രതീക്ഷിക്കണം.. ” മിഥു ഒന്ന് കൊള്ളിച്ചു പറഞ്ഞപ്പോൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് മുറ്റത്തേക്ക് നടന്നു… “ന്ത്‌ വേണം… ” തന്നെ കണ്ടതെ എടുത്തടിച്ച പോലെയുള്ള അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് പരുങ്ങി പുറകിൽ നിൽക്കുന്ന മിഥുവിനെ നോക്കിയപ്പോൾ അവൻ താൻ ഈ ലോകത്ത് ഒന്നുമെ അല്ലെന്ന മട്ടിൽ മേൽപ്പോട്ട് നോക്കി നിന്നു… വന്ന ദേഷ്യം പല്ലുകൾക്കിടയിൽ ഞെരിച്ചമർത്താൻ അവൻ ശ്രെമിച്ചു … “നിനക്കെന്നെ അറിയില്ലേ… അപ്പയെ വിളിയ്ക്ക് … ” എങ്കിലും വാക്കുകളിൽ അരിശത്തിന്റെ മേമ്പോടി അല്പം കലർന്നിരുന്നു… ” ആരുടെ അപ്പ… ഇവിടെ ഇയാളുടെ ആരും ഇല്ല…അല്ല എന്നോട് ആജ്ഞാപിക്കാൻ ഇയാളാരാ… ഏഹ്…”

ആളെ അറിയാമായിരുന്നിട്ട് കൂടി അവന്റെ വാക്കുകളിൽ വന്ന ദേഷ്യം മനസ്സിലാക്കി അവളും ദേഷ്യത്തിൽ ചോദിച്ചു… ” നിന്റെ കെട്ട്യോൻ …. അപ്പയെ വിളിയെടി… ” അല്പം കൂടി ശബ്ദം എടുത്ത് അവൻ പറഞ്ഞതും അവൾ ഒന്ന് പരുങ്ങി… ഇനിയും നിന്നാൽ തനിക് തന്നെ അത് കേടാണെന്ന് മനസ്സിലാക്കി അവൾ ജാനകിയെ വിളിയ്ക്കാൻ തിരിഞ്ഞപ്പോൾ ആണ് വാതിൽക്കൽ അവളെ തന്നെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന ജാനകിയെ കണ്ടത്… അമ്മയെ നോക്കി ഒന്ന് ഇളിച്ചു കാട്ടി വലിയാൻ നിന്നവളെ ചെവിക്ക് പിടിച്ച് കൂടെ നിർത്തി അവർ… ” നിങ്ങളെന്താ മക്കളെ അവിടെ തന്നെ നിന്നത്… കേറിവാ…അകത്തോട്ടിരിക്കാം… ” ” ഈ പെണ്ണ്.. വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്… അതെങ്ങനാ..

അച്ഛനും വല്യമ്മാവനും കൂടി കൊഞ്ചിച്ച് വഷളാക്കി വെച്ചേക്കുവല്ലേ…, ” ചന്തുവിനെയും മിഥുവിനെയും അകത്തേക്ക് ക്ഷണിച്ച് തുടങ്ങിയതാണെങ്കിലും ഗായത്രിയെ വഴക്ക് പറയുന്നതിലായി പിന്നീടുള്ള ശ്രെദ്ധ… അതിനിടയിൽ ഓർക്കാതെ പറഞ്ഞ് പോയ പേര് ജാനകി ശ്രെദ്ധിച്ചില്ലെങ്കിലും ചന്തു ശ്രെദ്ധിച്ചിരുന്നു… ഒരു വേള അവനൊന്ന് ശങ്കിച്ചു പോയി .. താൻ കേട്ടത് തന്നെയാണോ… അതോ കേട്ടതിലെ പിഴയോ… കേട്ടത് ശെരിയാണെങ്കിൽ,,, !!! അച്ഛൻ അപ്പോൾ നേരത്തെ ഇവിടെ വരുമായിരുന്നോ… എന്നിട്ട് എല്ലാവരിൽ നിന്നും എങ്ങനെ അത് മറച്ചു പിടിച്ചു… വല്യമ്മാവൻ എന്ന് ഉദ്ദേശിച്ചത് അച്ഛനെ തന്നെയാണോ … അങ്ങനെ പല ചോദ്യങ്ങൾ അവന്റെ മനസിൽ കൂടി വന്നു പോയി…. കാത്തിരിക്കാം …

ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… മനഃപൂർവം അല്ല… ചില പ്രശ്നങ്ങളിൽ പെട്ടുപോയി…മനസ് ഇപ്പോഴും ശെരിയായിട്ടില്ല… നിങ്ങളെ ഓർത്തപ്പോൾ എഴുതണം ന്ന് തോന്നി… ലെങ്ത് കുറവ് പറയരുതേ… നാല് മിനുട്ട് ഉണ്ട്.. ഞാൻ കഴിഞ്ഞ കഥകൾ ഒക്കെയും നാല് മിനുട്ട് വീതം ആണ് എഴുതിയിട്ടുള്ളതും… ഇതിന്റെ തുടക്കത്തിൽ ചെറിയ പാർട്ട് ആയിരുന്നു.. പക്ഷെ പിന്നീട് ഇട്ടത് എല്ലാം നാല് മിനുട്ട് ഉള്ളതാണ്… ഒരുകാര്യം കൂടി… കഴിവതും എല്ലാവർക്കും റിപ്ലൈ തരാൻ ശ്രെമിക്കുന്നുണ്ട്.. ആർക്കെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു…. കാത്തിരിക്കുക..

മൗനം : ഭാഗം 10