വിവാഹ മോചനം: ഭാഗം 4

എഴുത്തുകാരി: ശിവ എസ് നായർ രാത്രി അവൾക്ക് സമാധാനത്തോടെ ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. നാളെയാണ് രാഹുലിന്റെയും അപർണ്ണയുടെയും വിവാഹം. ശ്രീജിത്ത് ദുബായിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. രാവിലെ വിവാഹമണ്ഡപത്തിൽ
 

എഴുത്തുകാരി: ശിവ എസ് നായർ

രാത്രി അവൾക്ക് സമാധാനത്തോടെ ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. നാളെയാണ് രാഹുലിന്റെയും അപർണ്ണയുടെയും വിവാഹം. ശ്രീജിത്ത്‌ ദുബായിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. രാവിലെ വിവാഹമണ്ഡപത്തിൽ എന്ത് സംഭവിക്കുമെന്നറിയാതെ ഉള്ളുരുകി അപർണ്ണ രാത്രി കഴിച്ചു കൂട്ടി. അതേസമയം അരവിന്ദൻ മാഷിന്റെ മുറിയിലായിരുന്നു അപർണ്ണയുടെ ചേട്ടൻ അനൂപ്. “എന്തായി മോനെ ഞാൻ പറഞ്ഞ കാര്യം..??” “അവനവിടുന്ന് പുറപ്പെട്ടെന്ന് വിവരം കിട്ടി. നാളെ മണ്ഡപത്തിൽ കയറി വന്നു മുഹൂർത്ത സമയത്തു വിവാഹം മുടക്കാൻ എങ്ങാനുമാണോ അവൻ വരുന്നത്…” “ഏയ്‌ ഇല്ല… അവൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.

അവളെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ഞാനവനോട് കാലുപിടിക്കുന്നത് പോലെയാ പറഞ്ഞത്. അപർണ്ണയെ ഇനിയൊരിക്കലും തേടി വരില്ലെന്നവൻ എനിക്ക് വാക്ക് തന്നതാണ്…” “ശ്രീജിത്തിനെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കാമോ. അപ്പുവിന്റെ മൗനം കാണുമ്പോൾ നമ്മളറിയാതെ അവർ രണ്ടാളും എന്തൊക്കെയോ പ്ലാൻ ചെയ്തു വച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ തന്നെ അവൾ അവനെ ഇഷ്ടമാണെന്ന് പറഞ്ഞു വന്നപ്പോൾ അച്ഛനെന്തിനാ അവൻ വന്നു പെണ്ണ് ചോദിച്ചാൽ കെട്ടിച്ചു കൊടുക്കാമെന്നൊക്കെ പറഞ്ഞു വെറുതെ അവളുടെ മനസ്സിൽ ആഗ്രഹം കൊടുത്തത്.

നടക്കില്ലെന്നു പറയാമായിരുന്നില്ലേ..” “ഞാനന്ന് അവളോട്‌ അങ്ങനെ പറഞ്ഞത് വേറൊന്നും കൊണ്ടല്ല. ഞാൻ എതിർത്തിട്ട് അപ്പു ഇനി എന്തെങ്കിലും കടുംകൈ ചെയ്യുകയോ ശ്രീജിത്ത്‌ വന്നു വിളിച്ചാൽ അവനൊപ്പം ഇറങ്ങി പോയാലോ എന്നൊക്കെ പേടിച്ചിട്ടാ. നിനക്ക് അറിയാലോ അവളുടെ വാശി. അന്നങ്ങനെ ഞാൻ പറഞ്ഞത് കൊണ്ടല്ലേ രാഹുലുമായുള്ള വിവാഹത്തിന് അവളെ കൊണ്ട് സമ്മതിപ്പിക്കാൻ എനിക്ക് കഴിഞ്ഞത്. അവൾക്കൊരു പയ്യനുമായി അടുപ്പമുണ്ടെന്ന് നിന്റെ അമ്മായി നേരത്തെ തന്നെ എന്നെ വിളിച്ചറിയിച്ചതാണ്. അതുകൊണ്ടാണ് ജോലി രാജി വെപ്പിച്ചു ഞാനവളോട് നാട്ടിലേക്ക് വരാൻ പറഞ്ഞത്. അവളുടെ മനസൊന്നു തണുക്കാനും പഴയതൊക്കെ മറന്നു പുതിയൊരു ജീവിതത്തിലേക്ക് കടന്നു വരാൻ വേണ്ടിയാ അവളെ അത്രയും ദൂരെ അയച്ചത്.

നിന്റെ അമ്മായി അവനെക്കുറിച്ചുള്ള സകല വിവരങ്ങളും അന്വേഷിച്ചു. നമുക്ക് പറ്റിയൊരു ബന്ധമല്ല മോനെ അത്. നമ്മെളെക്കാളൊക്കെ ഒരുപാട് മുകളിലാണ് ശ്രീജിത്തും വീട്ടുകാരും. അത്രയും കാശുകാരായുള്ള ബന്ധം നമുക്ക് ശെരിയാവില്ല. അവിടെ എന്റെ മോൾക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. കോളേജിൽ വച്ചുണ്ടായ സംഭവങ്ങൾ ഒക്കെ അറിഞ്ഞിട്ടാണ് ശ്രീജിത്ത്‌ അവളെ സ്നേഹിച്ചതെങ്കിലും നാളെ ഒരു ദിവസം മറ്റാരെങ്കിലും പറഞ്ഞു ഏതെങ്കിലും വഴി അവന്റെ വീട്ടുകാർ അതൊക്കെ അറിയുമ്പോൾ അവർക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലോ?? പിന്നെ എന്റെ മോളവിടെ അധികപറ്റാവില്ലേ. ഇതാകുമ്പോൾ രാഹുലിനെയും വീട്ടുകാരെയും എനിക്ക് നന്നായി അറിയാം.

അപ്പൂനവനെ ഇഷ്ടമില്ലെങ്കിലും അവന് അവളോട് ഒരു ഇഷ്ടക്കുറവുമില്ല. പതിയെ അവൻ അവളെ മാറ്റിയെടുത്തോളും.” “കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് നടക്കുന്നതെന്ന് ശ്രീജിത്ത്‌ അവസാനനിമിഷം അപ്പൂനോട് പറഞ്ഞാലോ. അച്ഛൻ അവളെക്കൊണ്ട് ഈ കല്യാണത്തിന് സമ്മതിക്കാൻ വേണ്ടി കളിച്ച കളിയാണെന്ന് അവൾ കരുതില്ലേ. ശ്രീജിത്തിനെ വിളിച്ചു വിലക്കിയത് അപ്പു അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാവാന്ന് അറിയാലോ അച്ഛന്.” “നീ പറഞ്ഞപ്പോഴാ ഞാൻ അക്കാര്യത്തെ പറ്റി ചിന്തിക്കുന്നത്. മാന്യമായി നല്ല രീതിയിൽ തന്നെയാണ് ഞാൻ ശ്രീജിത്തിനോട് കാര്യങ്ങൾ സംസാരിച്ചത്. അപ്പൂനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ അവനെ ഇതിൽ നിന്നും വിലക്കിയത്.

ശ്രീജിത്ത്‌ എന്തെങ്കിലും കൈവിട്ട കളി കളിക്കുകയാണെങ്കിൽ നമുക്കപ്പോൾ എന്തെങ്കിലും ചെയ്യാം. നീ അവനെ ഒന്നൂടെ ഒന്ന് വിളിച്ചു താടാ. ഞാൻ സംസാരിച്ചു നോക്കട്ടെ..” “ഉം ശരിയച്ഛാ…” അനൂപ് ഫോണെടുത്ത് ശ്രീജിത്തിന്റെ നമ്പർ ഡയൽ ചെയ്തു ഫോൺ അച്ഛന്റെ കയ്യിലേക്ക് കൊടുത്തു. എയർപോർട്ടിൽ ചെക്കിങ് ഒക്കെ കഴിഞ്ഞിട്ട് ഫ്ലൈറ്റ് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ശ്രീജിത്ത്‌. അപ്പോഴാണ് അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. ഡിസ്പ്ലേയിൽ നാട്ടിലെ നമ്പർ തെളിഞ്ഞു കണ്ടതും അത് അപർണ്ണയുടെ അച്ഛനാണെന്ന് അവനുറപ്പായി. ശ്രീജിത്ത്‌ വേഗം കാൾ എടുത്തു. “ഹലോ അങ്കിൾ…” “മോനെ ഞാൻ അപർണ്ണയുടെ അച്ഛനാ..” “മനസിലായി അങ്കിൾ.

എന്താ അങ്കിൾ ഈ സമയത്തു വിളിച്ചത്. രാത്രി ഒരുപാട് ലേറ്റ് ആയില്ലേ. ഇതുവരെ ഉറങ്ങിയില്ലേ..” “മോനോട് ചില കാര്യങ്ങൾ ഒന്നൂടെ സംസാരിച്ചുറപ്പിക്കാൻ വേണ്ടിയാ വിളിച്ചത്…” “ഇനി എന്ത് സംസാരിക്കാനാണ് അങ്കിൾ.. ഒരച്ഛന്റെ വേദന എന്താണെന്നു എനിക്ക് നന്നായി മനസിലാവും. അപർണ്ണയോട് ഞാൻ വിവരങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. അങ്കിളതോർത്തു ടെൻഷൻ ആവണ്ട. ഞാൻ ആയിട്ട് ഒന്നിനും വരില്ല..” വേദന കലർന്ന സ്വരത്തിൽ ശ്രീജിത്ത്‌ പറഞ്ഞു. “അവളുടെ ഈ മൗനം കണ്ടിട്ട് എനിക്കെന്തോ ഒരു ടെൻഷൻ. മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുമ്പോഴല്ലേ മാതാപിതാക്കൾക്ക് സമാധാനമാവുക. മോനെ ഞങ്ങൾക്ക് അറിയില്ല. നേരിട്ട് കണ്ടിട്ടുമില്ല.

അതേസമയം ഞാൻ അവൾക്ക് വേണ്ടി ആലോചിച്ച പയ്യൻ എന്റെ ഉറ്റചങ്ങാതിയുടെ മകൻ തന്നെയാ. അവനെ എനിക്ക് നന്നായി അറിയാം. മോന് ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ..” “ഉണ്ടങ്കിൾ… അപർണ്ണയ്ക്ക് സംശയം തോന്നാത്ത വിധത്തിൽ ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്തോളാം. അവളെ എനിക്ക് കിട്ടാത്തതിൽ അതിയായ സങ്കടമുണ്ടച്ഛാ. വീട്ടുകാരെ അനുഗ്രഹവും ആശീർവാദവും ഒന്നുമില്ലാതെ വാശി കൊണ്ട് നേടിയെടുക്കുന്ന ജീവിതത്തിനു ഒരർത്ഥവും ഉണ്ടാവില്ല. അങ്കിളിന്റെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് എനിക്കൊന്നും നേടിയെടുക്കണ്ട. അപ്പു എവിടെയായാലും ആരോടൊപ്പമായാലും സന്തോഷത്തോടെ കഴിഞ്ഞാൽ മതിയെന്നേയുള്ളു.

പിന്നെ ഞാൻ നാട്ടിൽ വരുന്നതോർത്തു അങ്കിൾ പേടിക്കണ്ട. ഞാൻ നാളെ വന്നു വിവാഹം മുടക്കത്തൊന്നുമില്ല. വിട്ടുകൊടുക്കുന്നതും പ്രണയമാണല്ലോ…” അവന്റെ ഇടറിയ ശബ്ദം കേട്ടപ്പോൾ ആ വൃദ്ധ ഹൃദയം ഒന്നു തേങ്ങി. “മോൻ എന്നോട് പൊറുക്കണം. ഒരച്ഛന്റെ അപേക്ഷയാണ്…” “ഏയ്‌ അതൊന്നും സാരമില്ല അങ്കിൾ… ഫ്ലൈറ്റ് വരാൻ സമയമായി ഞാൻ ഫോൺ വയ്ക്കുവാ..” “എന്നാ ശരി മോനെ…” ശ്രീജിത്ത്‌ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലേക്കിട്ടു. “അപ്പു നിന്നെ മറ്റാരും സ്വന്തമാക്കില്ല…” അവൻ സ്വയം പിറുപിറുത്തു കൊണ്ട് ബാഗുമെടുത്തു മുന്നോട്ടു നടന്നു. “അവനെ വിശ്വസിക്കാമോ അച്ഛാ..” അപ്പോഴും സംശയം വിട്ടുമാറാതെ അനൂപ് ചോദിച്ചു. “വിശ്വസിക്കാം…”

ആത്മവിശ്വാസത്തോടെ അരവിന്ദൻ മാഷ് പറഞ്ഞു. “സമയം ഒരുപാട് വൈകിയില്ലേ അച്ഛൻ കിടന്നോളു.. ഏതായാലും ഞാൻ ചില മുൻകരുതലുകൾ എടുക്കുന്നുണ്ട്. അവനെങ്ങാനും വാക്ക് തെറ്റിച്ചു വിവാഹം മുടക്കാൻ കയറി വന്നാലോ…” അനൂപ് അച്ഛനെ താങ്ങിപിടിച്ചു കിടത്തി കൊണ്ട് പറഞ്ഞു. “നീ വെറുതെ വേണ്ടാത്ത പരുപാടിക്കൊന്നും നിക്കണ്ട… പോയി കിടന്നോ രാവിലെ എഴുന്നേൽക്കണ്ടേ…” “ഉം ശരി…” അച്ഛന്റെ മുറിയിലെ ലൈറ്റ് അണച്ചു വാതിൽ ചാരി അവൻ പുറത്തേക്കു പോയി. ലക്ഷ്മി അന്ന് രാത്രി അപർണ്ണയോടൊപ്പമായിരുന്നു കിടന്നിരുന്നത്. എല്ലാവരും ലൈറ്റ് അണച്ചു ഉറങ്ങാൻ കിടന്നു. ************** പിറ്റേന്ന് രാവിലെ എഴുന്നേറ്റയുടനെ അപർണ്ണ ഫോൺ എടുത്തു വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി. ശ്രീജിത്തിന്റെ കുറച്ചു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു. “അപ്പു ഞാൻ വെളുപ്പിന് നാട്ടിലെത്തി.

നിശ്ചയിച്ച മുഹൂർത്തത്തിനു മുൻപ് തന്നെ ഞാൻ മണ്ഡപത്തിലെത്തും നീ ഒന്നു കൊണ്ടും പേടിക്കണ്ട… അപർണ്ണ ശ്രീജിത്തിന്റെ സ്വന്തമാണ്.” അവന്റെ മെസ്സേജ് ഇങ്ങനെയായിരുന്നു. കൂടെ അവൻ എയർപോർട്ടിൽ വച്ചെടുത്ത കുറച്ചു സെൽഫിയും അയച്ചിരുന്നു. “ഐആം വെയ്റ്റിംഗ് ഫോർ യൂ മൈ ഡിയർ…” അപർണ്ണ തിരിച്ചു റിപ്ലൈ മെസ്സേജ് അയച്ച ശേഷം ഡ്രെസ്സുമെടുത്തു കുളിക്കാനായി ബാത്‌റൂമിലേക്ക് നടന്നു. സമയം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വധുവിനെയും കൊണ്ട് അലങ്കരിച്ച കാർ ഓഡിറ്റോറിയത്തിലേക്ക് പോയി. പിന്നാലെ രണ്ടു വണ്ടികളിലായി വീട്ടുകാരും ബന്ധുക്കളും തിരിച്ചു. ഓഡിറ്റോറിയത്തിൽ പെണ്ണിനായി തയ്യാറാക്കിയ മുറിയിലേക്ക് അപർണ്ണയെ കൊണ്ട് ചെന്നിരുത്തി.

അരവിന്ദൻ മാഷും അനൂപും മറ്റു ബന്ധുക്കളും വരനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പതിനൊന്നു മണിക്കാണ് മുഹൂർത്തം. പത്തരയ്ക്കാണ് സ്വീകരണം. സമയം ഒൻപതര കഴിഞ്ഞിരുന്നു. അപർണ്ണയുടെ നെഞ്ചിടിപ്പിന് വേഗതയേറിക്കൊണ്ടിരുന്നു. ശ്രീജിത്ത്‌ എവിടെ എത്തിയെന്നു ചോദിക്കാൻ വേണ്ടി അവൾ ഫോൺ എടുത്തതും അവന്റെ കാൾ വന്നു. അവൾ വേഗം കാൾ എടുത്തു. രാവിലെ എയർപോർട്ടിൽ ലാൻഡ് ചെയ്ത ഉടനെ തന്നെ റൂം എടുത്തു കുളിച്ചു ഫ്രഷ് ആയി കൂട്ടുകാരന്റെ ബൈക്കുമെടുത്തു മണ്ഡപത്തിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അവനറിയിച്ചു. അര മണിക്കൂറിനുള്ളിൽ എത്തുമെന്ന് ഉറപ്പ് നൽകി ശ്രീജിത്ത്‌ ഫോൺ വച്ചു. അതോടെ അപർണ്ണയ്ക്കും ആശ്വാസമായി.

എന്നിരുന്നാലും അവൻ വന്നതിനു ശേഷം എന്തൊക്കെ നടക്കുമെന്ന് ആലോചിച്ചിട്ടവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ശ്രീജിത്തുമായുള്ള അവളുടെ സംഭാഷണം അനൂപിന്റെ ഭാര്യ ലേഖ മറഞ്ഞു നിന്ന് കേട്ടത് അപർണ്ണ അറിഞ്ഞിരുന്നില്ല. ലേഖ വേഗം തന്നെ അനൂപിനോട് വിവരങ്ങൾ ധരിപ്പിച്ചു. “നിന്റെ ഒരു ശ്രദ്ധ എപ്പോഴും അവളിൽ ഉണ്ടാവണം. അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. അതോർത്തു നീ പേടിക്കണ്ട..” “ശരിയേട്ടാ..” ലേഖ തിരികെ അപർണ്ണയുടെ അടുക്കലേക്ക് പോയി. ക്ഷണിച്ച അഥിതികൾ ഓരോരുത്തരായി വിവാഹത്തിന് എത്തികൊണ്ടിരുന്നു. രാഹുലിനെ പറ്റിയുള്ള സത്യം അമ്മയെ അറിയിച്ചാലോ എന്ന് പലവട്ടം അപർണ്ണ ചിന്തിച്ചു. അച്ഛന്റെ വയ്യായ്കയെ പറ്റി ചിന്തിച്ചാണ് അവൾ അക്കാര്യം ഇതുവരെ വീട്ടിൽ ആരോടും പറയാതിരുന്നത്.

അമ്മയെയും ഏട്ടത്തിയെയും എങ്കിലും സത്യാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തണം എന്നവൾ മനസിലുറപ്പിച്ചു. താനിതു കുറച്ചു നേരത്തെ തന്നെ പറയേണ്ടതായിരുന്നൂന്നവൾ ചിന്തിച്ചു. അഥിതികളെ വരവേൽക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി. ലേഖ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അപർണ്ണ കസേരയിൽ നിന്നെഴുന്നേറ്റ് ലേഖയുടെ അടുത്തേക്ക് ചെന്നു. “ഏട്ടത്തീ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..” “എന്താ അപ്പു…” ലേഖ അവളെ നോക്കി ചോദിച്ചു. “അമ്മയെ കൂടി ഇങ്ങോട്ട് വിളിക്ക്… എന്നിട്ട് പറയാം…” “ഉം ശരി…” ലേഖ വേഗം പോയി ലക്ഷ്മിയെ വിളിച്ചു കൊണ്ട് വന്നു. “എന്താ മോളെ എന്ത് പറ്റി… നിനക്കെന്താ പറയാനുള്ളെ..??” റൂമിലേക്ക് കയറി വന്ന ലക്ഷ്മി ആവലാതിയോടെ മകളെ നോക്കി ചോദിച്ചു. “എനിക്ക് രാഹുലിനെ വിവാഹം കഴിക്കാൻ താല്പര്യമില്ല. കുറച്ചു കഴിയുമ്പോൾ ശ്രീയേട്ടൻ ഇവിടെ എത്തും.

എന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നത് ശ്രീയേട്ടനാ…” “നീയെന്ത് അസംബന്ധമാണ് പറയുന്നത്.?? എന്താ പറയുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ അസത്തെ..” ലക്ഷ്മി കലിതുള്ളി. “ബോധത്തോടെ തന്നെയാ പറയുന്നത്. രാഹുലിനെ പോലൊരു ആഭാസന്റെ കൂടെ കഴിയാൻ എന്നെ കിട്ടില്ല. നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാ അവനുമായി എന്റെ വിവാഹം തീരുമാനിച്ചത്. പണ്ട് കോളേജിൽ വച്ചു എന്നെ തല്ലി ബോധം കെടുത്തി നശിപ്പിക്കാൻ വന്നത് രാഹുലാ. പെണ്ണ് കാണാൻ വന്നപ്പോഴാണ് സുധാകരൻ മാഷിന്റെ മോനാണ് അവനെന്നു എനിക്ക് മനസിലായത്. ഉറ്റ സുഹൃത്തിന്റെ മകൻ കാരണമാണല്ലോ മോളെ ജീവിതം കീഴ്മേൽ മറിയാൻ കാരണമെന്ന് അച്ഛനറിഞ്ഞു അസുഖം കൂടണ്ട എന്ന് കരുതിയാ ഞാനിതു ആരോടും പറയാതിരുന്നത്…” “നീയെന്തൊക്കെയാ മനസിലാക്കി വച്ചിരിക്കുന്നത്.

രാഹുൽ നിരപരാധിയാണ് മോളെ. അവൻ നിന്നെ രക്ഷിക്കാനാ ശ്രമിച്ചത്. നീ വെറുതെ അവനെ തെറ്റിദ്ധരിക്കരുത്. മാഷിന്റെ മോന് ഒരിക്കലും തെമ്മാടിയാകാൻ കഴിയില്ല. പെണ്ണ് കാണൽ കഴിഞ്ഞു പോയ ശേഷം രാഹുൽ വന്നു അച്ഛനോട് അന്നുണ്ടായ കാര്യങ്ങൾ പറഞ്ഞതാ. അച്ഛൻ പറഞ്ഞിട്ട് രാഹുൽ നിന്നെ വിളിച്ചിരുന്നല്ലോ സത്യാവസ്ഥ നിന്നെ ബോധിപ്പിക്കാൻ പക്ഷെ നീ അവനു പറയാനുള്ളത് കേൾക്കാതെ ശകാരിച്ചു ഫോൺ കട്ട്‌ ചെയ്തു കളഞ്ഞെന്ന് സങ്കടത്തോടെയാണ് അവൻ ഞങ്ങളോട് പറഞ്ഞത്…മറ്റാരോ ചെയ്ത തെറ്റിനു നീ രാഹുൽ മോനെ തെറ്റുകാരനക്കരുത്” അമ്മയുടെ വാക്കുകൾ കേട്ട് അപർണ്ണ ശക്തിയായി ഞെട്ടി. “അമ്മ എന്തൊക്കെയാ ഈ പറയുന്നത്. കാര്യങ്ങൾ വളച്ചൊടിച്ചു രാഹുൽ നിങ്ങളെ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചതാണ്.

ഈ കാര്യത്തിൽ അമ്മയ്ക്ക് എന്നേക്കാൾ വിശ്വാസം അവനെയാണോ. ഞാൻ പറഞ്ഞത് സത്യമാണമ്മേ. രാഹുൽ എല്ലാവരുടെയും മുന്നിൽ നല്ലപിള്ള ചമയുന്നതാണ്. എന്നെ വിവാഹം കഴിക്കാൻ വേണ്ടി അവൻ പറഞ്ഞ നുണകൾ നിങ്ങൾ വിശ്വസിച്ചോ..” “തെറ്റ് പറ്റിയത് ഞങ്ങൾക്കല്ല നിനക്കാണ്… ഇനി ഇക്കാര്യത്തെ പറ്റി കൂടുതൽ ചർച്ച വേണ്ട. അവിടെ വരനും കൂട്ടരും എത്തി കഴിഞ്ഞു. ലേഖേ നീയിവളെ മണ്ഡപത്തിലേക്ക് കൊണ്ട് വരാനുള്ള ഏർപ്പാട് ചെയ്തോളു. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.” സാരി ഞൊറി നേരെയാക്കികൊണ്ട് ലക്ഷ്മി പുറത്തേക്ക് പോയി. തലയ്ക്കടിയേറ്റത് പോലെ അപർണ്ണ തരിച്ചു നിന്നു. അമ്മയുടെ ഭാവമാറ്റം അവളെ തളർത്തി. “മോളെ രാഹുൽ നല്ല പയ്യനാ…

നിനക്കെന്തൊ തെറ്റിദ്ധാരണ ഉണ്ടായതാണ്. കഴിഞ്ഞതൊക്കെ കഴിഞ്ഞു… എല്ലാം നടന്നിട്ടിപ്പോ ഇത്രയും വർഷം കഴിഞ്ഞില്ലേ ഇനി പഴയത് ചികഞ്ഞു പോകാൻ നിൽക്കാതെ അവനോടൊപ്പം നല്ലൊരു കുടുംബജീവിതം ആരംഭിക്കാൻ നോക്ക്…” ലേഖ അവളെ ഉപദേശിച്ചു. അപർണ്ണ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു. അനൂപാണ് വരനെ മാലയിട്ട് സ്വീകരിച്ചത്. രാഹുൽ വിവാഹമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. മുഹൂർത്തം അടുത്തു വന്നപ്പോൾ അപർണ്ണയും അവിടേക്ക് ആനയിക്കപ്പെട്ടു. കതിർമണ്ഡപത്തിൽ രാഹുലിനരികിലായി ഇരിക്കുമ്പോൾ അവളുടെ നോട്ടം പുറത്തേക്കായിരുന്നു. അകത്തേക്ക് കയറി വരുന്ന ഓരോ മുഖങ്ങളിലും അവൾ ശ്രീജിത്തിനെ തേടികൊണ്ടിരുന്നു.

ശ്രീജിത്ത്‌ പറഞ്ഞ സമയം കഴിഞ്ഞിരുന്നു എങ്കിലും ഏത് നിമിഷവും അവന്റെ വരവ് പ്രതീക്ഷിച്ച് അപർണ്ണ പ്രതീക്ഷി കൈവിടാതെ ക്ഷമയോടെ കാത്തിരുന്നു. സമയം പതിനൊന്നു മണി. താലി കെട്ടാനുള്ള മുഹൂർത്തമായി കഴിഞ്ഞിരുന്നു. വർദ്ധിച്ച നെഞ്ചിടിപ്പോടെ അപർണ്ണ നാലുപാടും കണ്ണുകൾ കൊണ്ട് തിരഞ്ഞു. “ശ്രീയേട്ടൻ ഇതുവരെ വന്നിട്ടില്ലല്ലോ.. ദൈവമേ കൈവിടല്ലേ…” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവനെന്തോ ആപത്തു സംഭവിച്ചുവെന്ന് അവളുടെ മനസ്സിൽ തോന്നി. മരവിച്ച മനസുമായി എന്ത് ചെയ്യണമെന്നറിയാതെ അപർണ്ണ മണ്ഡപത്തിലിരുന്നു. രാഹുൽ തന്റെ കഴുത്തിൽ താലി ചാർത്തുന്നത് ചിന്തിക്കാൻ പോലും അവൾക്കായില്ല. “മുഹൂർത്തം ആയല്ലോ… താലി കെട്ടിക്കൊള്ളൂ…”

പൂജാരിയുടെ വാക്കുകൾ ചാട്ടുളി പോലെ അവളുടെ നെഞ്ചിൽ ചെന്ന് തറച്ചു. ഞെട്ടലോടെ അപർണ്ണ മുഖമുയർത്തി രാഹുലിനെ നോക്കി. അവന്റെ കൈകൾ അവളുടെ കഴുത്തിനു നേർക്ക് നീണ്ടു ചെന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാഹുൽ അപർണ്ണയുടെ കഴുത്തിൽ താലി അണിയിച്ചു. നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ അപർണ്ണ പകച്ചു ചുറ്റും നോക്കി. ഭൂമി കീഴ്മേൽ മറിയുന്നതായി അവൾക്ക് തോന്നി. താൻ കണ്ട സ്വപ്‌നങ്ങൾ ഒരുനിമിഷം കൊണ്ട് മുന്നിൽ തകർന്നടിയുന്നത് അവളറിഞ്ഞു. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഏട്ടത്തിയുടെയും എല്ലാവരുടെയും മുഖത്തു സന്തോഷം കളിയാടുന്നത് വേദനയോടെ അവൾ നോക്കി. മരവിപ്പോടെ അവൾ ഇരുന്നു.

പിന്നെ അവിടെ നടന്നതൊന്നും അവൾ അറിഞ്ഞില്ല. മനസ്സ് കൊണ്ട് മറ്റൊരു ലോകത്തായിരുന്നു അവൾ. ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞു. യാന്ത്രികമായി അവൾ എല്ലാം അനുസരിച്ചു നിന്നു. ശ്രീജിത്തിനെ പറ്റി മാത്രമായിരുന്നു അവളുടെ മനസ്സ് നിറയെ. അവൻ ചതിച്ചുവെന്ന് വിശ്വസിക്കാൻ അവളുടെ മനസ്സ് ഒരുക്കമായിരുന്നില്ല. പെട്ടെന്നാണ് അവളുടെ കയ്യിലിരുന്ന മൊബൈൽ ശബ്‌ദിച്ചത്. പരിചയമില്ലാത്ത ഏതോ നമ്പറായിരുന്നു അത്. അപർണ്ണ കാൾ എടുത്തു. “ഹലോ ആരാണ്…” പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു. “അപർണ്ണ അല്ലെ…” മറുതലയ്ക്കൽ നിന്നൊരു പുരുഷശബ്ദം കേട്ടു. “അതേ..” “ഞാൻ ശ്രീജിത്തിന്റെ ഫ്രണ്ട് ആണ്… അവന്…” “ശ്രീയേട്ടന് എന്ത് പറ്റി..” അവളുടെ സ്വരം വിറച്ചു.

“അവനെന്നോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. മണ്ഡപത്തിലേക്ക് വരുന്ന വഴി ശ്രീജിത്തിന്റെ ബൈക്ക് ആക്‌സിഡന്റ് ആയി…” “എന്ത്… എന്താ പറഞ്ഞത്…” “ഹൈവേയിൽ വച്ച് ശ്രീജിത്തിന്റെ ബൈക്ക് ആക്‌സിഡന്റിൽ പെട്ടു…” “ശ്രീയേട്ടനെന്ത് പറ്റി… എനിക്കത് മാത്രം അറിഞ്ഞാൽ മതി.” അപർണ്ണ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു. മറുതലയ്ക്കൽ നിന്നും വന്ന മറുപടി കേട്ട് അപർണ്ണ തരിച്ചു നിന്നു. അവളുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു പോയി. ബോധം മറഞ്ഞവൾ നിലത്തേക്ക് വീഴാനാഞ്ഞതും രാഹുൽ അവളെ താങ്ങി. ആളുകൾ അവർക്കടുത്തേക്ക് ഓടിക്കൂടി….തുടരും

വിവാഹ മോചനം: ഭാഗം 3