സിദ്ധാഭിഷേകം : ഭാഗം 43

എഴുത്തുകാരി: രമ്യ രമ്മു ലിഫ്റ്റ് തുറന്ന് നീളമുള്ള ഹാളിന്റെ അങ്ങേ അറ്റത്ത് ഓപ്പർഷൻ തിയേറ്റർ എന്ന അക്ഷരങ്ങൾ ചുവന്ന് തെളിഞ്ഞു കത്തി.. അവിടെ കസേരയിൽ ഒരു അവ്യകതമായ
 

എഴുത്തുകാരി: രമ്യ രമ്മു

ലിഫ്റ്റ് തുറന്ന് നീളമുള്ള ഹാളിന്റെ അങ്ങേ അറ്റത്ത് ഓപ്പർഷൻ തിയേറ്റർ എന്ന അക്ഷരങ്ങൾ ചുവന്ന് തെളിഞ്ഞു കത്തി.. അവിടെ കസേരയിൽ ഒരു അവ്യകതമായ രൂപം തലയിൽ കൈ ചേർത്ത് മുട്ടിലേക്ക് കുനിഞ്ഞ് ഇരിക്കുന്നത് കണ്ണീരിനിടയിലൂടെ കണ്ടു.. അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി… അമ്മാളൂ ഓടുകയായിരുന്നു… അയാളുടെ മുന്നിൽ എത്തി മുട്ടു കുത്തി തറയിലിരുന്നു…അവൾ കിതച്ചിരുന്നു… ശരീരം ഇപ്പോ വീഴും എന്ന അവസ്‌ഥയിൽ എത്തിയിരുന്നു..

“എവിടെ …..അഭിയേട്ടനും ശരത്തേട്ടനും…” ചുവന്ന് കലങ്ങിയ കണ്ണുകളുമായി സിദ്ധു മുഖം ഉയർത്തി.. അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് മിഴി പായിച്ചു…. അപ്പോഴേക്കും അവളുടെ തോളിൽ ആരുടെയോ കൈ പതിഞ്ഞു… തിരഞ്ഞു നോക്കിയപ്പോൾ പിന്നിൽ ശരത്തിനെ കണ്ട് അവൾ സപ്തനാഡികളും തളർന്ന് നിലത്തു വീണു….. **************** ആ സമയം ദിനകരന്റെ വീട്ടിൽ പുറത്തെ ഗാർഡനിൽ മദ്യസേവയ്ക്കുള്ള കാര്യങ്ങൾ ഒരുക്കുകയാണ് ചിന്നൻ.. പുറത്തെ റൗണ്ട് മേശയ്ക്കു അടിയിലെ പേപ്പർ സ്റ്റാൻഡിന് ഇടയിലേക്ക് റെക്കോർഡ് ഓൺ ചെയ്ത് പതിവ് പോലെ സിം ഇടാത്ത ഒരു ഫോൺ തിരുകി വച്ചു പേപ്പർ എടുത്ത് പൊതിഞ്ഞു വച്ചു അവൻ…

ദിനകരനും സക്കറിയും കൂടി അങ്ങോട്ടേക്ക് വന്നു… ചിന്നൻ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് നൽകി.. അത് സേവിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ശ്വേതയും സൂസനും അങ്ങോട്ട് വന്നത്.. ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ശ്വേത….. “അച്ഛനോടും അങ്കിളിനോടും ഞാൻ പറഞ്ഞതല്ലേ അഭിയെ ഒന്നും ചെയ്യരുത് എന്ന്.. എന്നിട്ട് ഇപ്പോ സൂസൻ പറയുന്നത് എന്താ…” മറുപടി പറയാൻ ആഞ്ഞ സക്കറിയയെ തടഞ്ഞ് ദിനകരൻ വിളിച്ചു…. “ചിന്നാ…… നീ പൊയ്ക്കോ.. നാളെ കാലത്ത് വന്നാ മതി.. ഉം.. പൊയ്ക്കോ..” “ശരി ….” അവൻ അതും പറഞ്ഞു പുറത്തേക്ക്‌ പോയി.. “ആ സിദ്ധുവിന്റെ വലംകൈ ആണിവൻ.. അവനോട് കൂറ് കൂടും.. പറയുമ്പോൾ ശ്രദ്ധിക്കണം…

അവരിപ്പോൾ ബന്ധുക്കൾ കൂടി ആണ്…” “ഉം.. മോളെ ശ്വേതാ… ഇത് സംഭവിച്ചു പോയതാ.. ആ ശരത് എന്ന് പറയുന്നവന് വേണ്ടി വച്ചതാ… ഇവൻ അതിന്റെ ഇടയിൽ കയറി ചോദിച്ചു വാങ്ങിച്ചതാ…. ആ പോലീസുകാരനെ കുറച്ചു നാൾ പൂട്ടിയിടാൻ വേണ്ടി ചെയ്തതല്ലേ…. എന്റെ പിന്നാലെ ഉള്ള അവന്റെ നടത്തം കാരണം ഒരു കാര്യവും വേണ്ട പോലെ നടക്കുന്നില്ല… കഴിഞ്ഞ തവണ ബാംഗ്ലൂര് വച്ച് തലനാരിഴയ്ക്ക് ആണ് ഞാൻ രക്ഷപ്പെട്ടത്.. ഒരു ഓർഡർ പോലും എത്തിക്കാൻ പറ്റുന്നില്ല… അവൻ ഇവിടെയും അത് തുടർന്നാൽ നമ്മളുടെ പ്ലാൻ ഒക്കെ പൊളിയും…” സക്കറിയ അവളെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ പറഞ്ഞു.. “എന്നാലും അങ്കിൾ …” “ഒരെന്നാലും ഇല്ല..

എനിക്ക് കിട്ടിയ വിവരം അനുസരിച്ച് അവൻ ചത്തൊന്നും പോവില്ല… നീ ഇപ്പോ പോ…” അവൾ അകത്തേക്ക് പോകുന്നതും നോക്കി ദിനകരൻ ഇരുന്നു.. “തന്റെ മോൾക്ക് ഇത് എന്തിന്റെ കേടാ.. നാട്ടിൽ വേറെ ആൺപിള്ളേര് ഇല്ലാത്ത പോലെ അവന്റെ പിന്നാലെ ഇങ്ങനെ ചുറ്റാൻ… തനിക്ക് പറഞ്ഞു തിരുത്തികൂടെ.. ഞാൻ ഒരു കാര്യം പറയാം.. കണ്ണും പൂട്ടിയുള്ള കളിയാണ്.. സ്വന്തമെന്നോ ബന്ധമെന്നോ എനിക്ക് ഇല്ല..പണമാണ് പ്രധാനം… എന്റെ മുന്നിൽ പെട്ടാൽ ഞാൻ അവനെ തീർക്കും… പറഞ്ഞേക്കാം…” മദ്യം വായിലേക്ക് കമഴ്ത്തി അയാൾ ആക്രോശിച്ചു.. “ഉം..നോക്കാം…. അവൾ എന്റെ മോളാണ്.. മോഹിച്ചത് കിട്ടണം.. ഇല്ലെങ്കിൽ മരണം വരെ അത് മനസ്സിൽ കിടന്ന് നീറും..

തനിക്ക് അറിയാലോ ഞാൻ മിനിയെ സ്വന്തം ആക്കിയത്.. അവളുടെ എതിർപ്പ് കുറയാത്തത് കൊണ്ടാ അവളെ വിടാതെ പിടിച്ചു വച്ചത്.. അതൊരു വാശി ആയിരുന്നു അപ്പോൾ… ഇപ്പോഴും എന്റെ കാൽച്ചുവട്ടിൽ ഒതുങ്ങാത്ത സ്ത്രീ… ത്ഫൂ… പക്ഷേ മോഹിച്ചു സ്വന്തമാക്കി ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ച ഒരു പെണ്ണ് ഉണ്ടായിരുന്നു.. ഇന്നും മായാതെ ആ മുഖം ഉണ്ട് എന്റെ മനസ്സിൽ… ” അയാൾ ഏതോ ഓർമയിൽ ഗ്ലാസ്സിലുള്ളത് വായിലേക്ക് ഒഴിച്ചു.. “ആരാ..അത്…എന്നിട്ട് എവിടെ… സ്വന്തമാക്കാൻ പറ്റിയില്ലേ തനിക്ക് അവളെ….” “രാധിക.. അവളെ കുറിച്ചോർത്താൽ നഷ്ടബോധം മാത്രം… സുദേവൻ… അവനോട് ഞാൻ പലവട്ടം അവളെ കല്യാണലോചിച്ചതാണ്… സമ്മതിച്ചില്ല…

അവന്റെ ഏതോ ഒരു കൂട്ടുകാരനുമായി അവളുടെ കല്യാണം ഉറപ്പിച്ചു ആ നാറി.. ഒടുക്കം ജോലിസ്ഥലത്തേക്ക് പോയ അവൻ തിരിച്ചു വന്നില്ല… അവൻ പറ്റിച്ചു എന്നറിഞ്ഞു ഞാൻ സന്തോഷിച്ചു…. പക്ഷെ അവൾ അപ്പോഴേക്കും ഗർഭിണി ആയി… അവളെയും കുഞ്ഞിനെയും ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു വീണ്ടും ഞാൻ അവന്റെ അടുത്ത് പോയി.. അപ്പോഴും അവൻ സമ്മതിച്ചില്ല… പിന്നെ പകയായി… എന്റെ ആ പകയിൽ തീർന്നതാണ് അവൾ…. ഒരു കൈയബദ്ധം…” “എന്നുവച്ചാൽ …തീർത്തോ.” അയാൾ അന്നത്തെ ഓർമയിൽ ഒന്ന് മുരണ്ടു… “ഉം.. എവിടെയോ പോയി വരുവായിരുന്നു അവൾ..

കുറെ നേരം അവൾ കാണാതെ പിന്നാലെ നടന്നു.. വെടക്കാക്കി തനിക്ക് ആക്കുക (ചീത്തയാക്കി സ്വന്തമാക്കുക..) എന്ന് പറയും.. അത്രയേ കരുതിയുള്ളൂ…. ആറ്റിന്റെ വക്കിൽ വച്ചാ പിടിയിൽ കിട്ടിയത്.. പക്ഷെ കയ്യിൽ കടിച്ചിട്ട് ഓടി.. ഓട്ടത്തിനിടയിൽ വഴുതി വീണതാണ് ആറ്റിൽ.. നാട്ടിൽ അവൾ ആറ്റിൽ ചാടി ചത്തത് ആണെന്ന് തരത്തിൽ ആണ് ഇന്നും അറിയുന്നത്.. രക്ഷിക്കണം എന്നാഗ്രഹിച്ചതാണ്.. പക്ഷെ അവൾ എന്റെ പേര് പറഞ്ഞാലോന്ന് ഭയന്നു…. സുദേവൻ… അവനോടുള്ള പക ആണ് അവളുടെ മോനെ കൂടെ കൂട്ടി ഗുണ്ടയാക്കി കൊണ്ടു നടന്നത്… ഇനി മിക്കവാറും അവനെ കൂടി നമ്മൾ നേരിടേണ്ടി വരും.. ” “ഉം.. വരട്ടെഡോ .. ശത്രുബലം കൂടട്ടെ.. അപ്പോഴല്ലേ ഒരു ഹരം…

ഇതിപ്പോ ടെസ്റ്റ് ഡോസ് ആണ്.. അവൻ ആ ചന്ദ്രൻ ചിന്തിച്ചു കാണില്ല ഇന്ന് നടന്നത്….. ” “സത്യത്തിൽ തന്റെ ബിസിനസ്സ് തകർത്തത് മാത്രമാണോ അവരോട് ഇത്ര വിരോധം തോന്നാൻ കാരണം..” “അല്ല…. അതിന് മുൻപേ തുടങ്ങിയതാണ് എന്റെ പ്രതികാരം.. നമ്മൾ ഇപ്പോഴല്ലേ കൂടുതൽ അടുത്തത്.. അതുകൊണ്ടാണ് ഞാൻ അന്ന് അത്ര മാത്രം പറഞ്ഞത്… ” അയാൾ പഴയ ഓർമയിൽ ഒന്ന് കൂടെ വലിഞ്ഞു മുറുകി..ദിനകരനോട് യഥാർഥ കാര്യങ്ങൾ പറഞ്ഞു കൊടുത്തു… ദിനകരൻ എല്ലാം മൂളി കേട്ടു.. “അപ്പോൾ എന്റെ അനിയൻ ദാസിന്റെ അളിയനേയും അവന്റെ അളിയനേയും തട്ടിയത് താനാണല്ലേ.. അവർ ഇപ്പോഴും അത് ആക്‌സിഡന്റെന്ന പറയുന്നത്…” “അങ്ങനെ കരുതട്ടെ..

ഇനി ആ ശർമിള ….അവളിലേക്ക് എത്താൻ ഉള്ള വഴിയാണ് ആ പെണ്ണ്….” അയാൾ മുഷ്ട്ടി ചുരുട്ടി.. ഇതെല്ലാം കണ്ടും കേട്ടും റോസും മിനിയും അവിടെ മറഞ്ഞു നിൽപ്പുണ്ടായിരുന്നു.. “മിനി.. ഇയാളുടെ ഉള്ളിൽ ഇത്ര വലിയ ക്രൂരൻ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.. എന്നോടും മക്കളോടും സ്നേഹത്തോടെയേ പെരുമാറിയിട്ടുള്ളൂ… കുട്ടികൾ ഉണ്ടാകാൻ വൈകിയപ്പോഴും എല്ലാം ശരിയാകും എന്ന് പറഞ്ഞു ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ… അവരെ ഒരുമിച്ച് ദൈവം തന്നപ്പോൾ ഒരുപാട് സന്തോഷിച്ചു ഞങ്ങൾ… അയാൾ സൂസനെ പുന്നാരിച്ചു വഷളാക്കിയപ്പോഴും എന്റെ മോൻ ഉണ്ടായിരുന്നു എനിക്ക് കൂട്ടിന്…

അയാൾ നെറികെട്ട രീതിയിൽ പണം സമ്പാദിക്കുന്നതിനോടെ ഞാനും അവനും എതിർത്തിരുന്നുള്ളൂ… അത് കുറച്ചു കാലമായി തകർന്ന് തുടങ്ങിയപ്പോൾ സന്തോഷിച്ചു.. അതിന്റെ പിന്നിൽ അവരാണെന്ന് പറഞ്ഞാണ് വീണ്ടും അവർക്കെതിരെയുള്ള ഈ ഗൂഢാലോചന… ഇപ്പോ എന്റെ മോനും…. ഇനി നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമ്മളുടെ മക്കൾക്ക് കൂടി അപകടമാണ്…” “നമ്മളെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും…” “ആലോചിക്കണം.. നീ വാ.. ഇതങ്ങനെ വെറുതെ വിടാൻ കഴിയില്ല.. ”

അമ്മാളൂ കണ്ണ് തുറന്ന് നോക്കുമ്പോൾ ചുറ്റും ഇരുട്ടായിയിരുന്നു….മങ്ങിയ ഒരു വെളിച്ചം മാത്രം… അവൾ അപ്പോഴാണ് അഭിയെ ഓർത്തത്…. “അഭിയേട്ടാ….. അഭിയേട്ടൻ… ” അവൾ നേർത്ത ശബ്ദത്തിൽ അവനെ വിളിച്ചു കരഞ്ഞു.. അവളുടെ അനക്കം കേട്ട് ആരോ മുറിയിൽ ലൈറ്റ് ഓണ് ചെയ്തു… ബാല ആയിരുന്നു.. കൂടെ സാന്ദ്രയും… അവരുടെ കണ്ണും കരഞ്ഞു കലങ്ങി ചുവന്നിരുന്നു… “സാന്ദ്ര എന്റെ അഭിയേട്ടൻ എവിടെ…. പറയെടി… പ്ലീസ് … ” അവൾ ഉറക്കെ കരഞ്ഞു … പെട്ടെന്ന് ബെഡിൽ നിന്ന് എഴുന്നേറ്റ് കയ്യിൽ ഉള്ളതൊക്കെ വലിച്ചു കളഞ്ഞ് താഴെ ഇറങ്ങി മുന്നോട്ട് നടന്നു….. എന്നാൽ നടക്കാൻ ആവാതെ വേച്ചു വീണ് പോയി അവൾ….. സാന്ദ്രയും ബാലയും ചേർന്ന് അവളെ പിടിച്ചു ..

“മോളെ അവന് ഒന്നുല്ല.. നീ ഇങ്ങനെ പേടിക്കാതെ….” “ഇല്ല ആന്റി എനിക്ക് കാണണം…. അല്ലാതെ പറ്റില്ല… പ്ലീസ് ആന്റി .. എന്നെ ഒന്ന് കൊണ്ട് പോ.. എനിക്ക് വയ്യ…. ഞാൻ തളർന്ന് പോകും.. പ്ലീസ് സാന്ദ്ര..പ്ലീസ്..എന്നെ ഒന്ന് അവിടെ എത്തിക്ക്…” അവൾ ആകെ ക്ഷീണിച്ചിരുന്നു…കയ്യിലെ ക്യാനുലയിൽ നിന്നും രക്തം ഒഴുകി… കരഞ്ഞു കൊണ്ട് ആ നിലത്തിരുന്നു… “ഭാഭി കരയാതെ.. ഞാൻ ശരത്തേട്ടനോട് വരാൻ പറയാം..” സാന്ദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു.. സാന്ദ്ര ഫോൺ ചെയ്ത് ശരത്തിനോട് വിവരം പറഞ്ഞു… അല്പസമയത്തിന് ശേഷം സിദ്ധുവും ശരത്തും അങ്ങോട്ട് വന്നു.. വെറും നിലത്ത് കിടന്ന് കരയുന്ന അവളെ കണ്ട് അവരുടെ കണ്ണ് നിറഞ്ഞു…

ഒരുപാട് സന്തോഷിക്കേണ്ടിയിരുന്ന ഈ സമയത്ത് അവളെ ഇങ്ങനെ കാണേണ്ടി വന്നതിൽ അവർ വല്ലാതെ വിഷമിച്ചു… സിദ്ധു അവളുടെ അടുത്തിരുന്നു… കയ്യിൽ രക്തം കണ്ട് അവൻ സാന്ദ്രയെ നോക്കി.. അവൾ വന്ന് ക്യാനുല ഊരി മാറ്റി കൈ ക്ലീൻ ചെയ്തു…. അവനെ കണ്ട് അമ്മാളൂ എണീറ്റിരുന്നു…. അവൾ രണ്ട് കൈ കൊണ്ടും സിദ്ധുന്റെ കയ്യിൽ പിടിച്ചു… തല അതിലേക്ക് ചേർത്ത് കരഞ്ഞു… “സിദ്ധുട്ടാ….. സിദ്ധുട്ടാ എന്റെ അഭിയേട്ടൻ…. ഒന്ന് എന്നെ കൊണ്ടുപോ… എനിക്ക് എന്റെ അഭിയേട്ടനെ കാണണം … പ്ലീസ് …ഒന്ന് കൊണ്ട് പോ …” അവൾ കരഞ്ഞു പറഞ്ഞു… “മോളെ അവന് ഒന്നുല്ല..ഇപ്പോ കാണാൻ പറ്റില്ല.. ഡോക്ടർ സമ്മതിച്ചാൽ ഞാൻ കൊണ്ടുപോകാം….

എന്റെ കുട്ടി എണീറ്റ് ബെഡിൽ കിടക്ക്.. വാ..” “വേണ്ടാ.. എനിക്ക് കിടക്കണ്ട.. എന്നെ അവിടെ പുറത്ത് ഇരുത്തിയാൽ മതി.. ഞാൻ അങ്ങോട്ട് വരാം.. പ്ലീസ് .. എനിക്ക് പോണം… എന്നെ കൊണ്ട് പോ..ഏട്ടാ…. ” സിദ്ധു അവളെ നിലത്ത് നിന്ന് കോരിയെടുത്തു.. ബെഡിൽ ഇരുത്തി…. അവളുടെ തലയിൽ തലോടി… “ഞാൻ പറഞ്ഞാ മാളൂട്ടിക്ക് വിശ്വാസം അല്ലേ.. എന്റെ മോള് കുറച്ചു നേരം കിടക്ക്.. അവിടെ അപ്പച്ചി ഈ അവസ്ഥയിൽ മോളെ കണ്ടാൽ കൂടുതൽ വിഷമിക്കും.. ഇവിടേക്ക് വരാൻ പോലും കൂട്ടാക്കാതെ അവിടെ ICU ന് മുന്നിൽ നിൽക്കുവാ.. മോള് കൂടി തളർന്നാലോ.. അവന് ഒന്നുല്ല… കുറച്ചു കഴിഞ്ഞ് നമ്മൾക്ക് ഒരുമിച്ചു പോയി കാണാം…. കിടക്ക്….” ആ വാക്കുകളിൽ അവൾക്ക് കുറച്ച് ആശ്വാസം തോന്നി…

അവന്റെ വലം കയ്യിൽ മുറുക്കെ പിടിച്ച് ആ കയ്യിലേക്ക് തല ചാരി വച്ചു… സാന്ദ്ര ഒരു ടവൽ നനച്ചെടുത്ത് അവളുടെ മുഖം തുടച്ചു കൊടുത്തു… “മോള് കിടന്നോ.. ഞാൻ പോയിട്ട് പിന്നെ വരാം…”സിദ്ധു പറഞ്ഞു.. അവൾ അത് കൂട്ടാക്കാതെ അവന്റെ കയ്യിലെ പിടി കൂടുതൽ മുറുക്കി.. വിടാൻ കൂട്ടാക്കിയില്ല…. “നീ ഇവിടെ നിൽക്ക്.. അമ്മ വാ.. അവിടെ ആന്റി തനിച്ചാണ്.. ഇത്ര നേരം ഇവൻ ഉണ്ടായിരുന്നത് കൊണ്ടാ സമാധാനിച്ചത്… ” ശരത്തിന് സിദ്ധുന്റെ ആവശ്യം ഇപ്പോ ഇവിടെ വേണം എന്ന് തോന്നി… “ശരി.. സാന്ദ്ര എന്തേലും ആവശ്യം വന്നാൽ വിളിക്കണം കേട്ടോ…” “ശരി അമ്മാ…. അവൾ അമ്മാളൂന്റെ അടുത്ത് ചെന്ന് അവളുടെ അഴിഞ്ഞുലഞ്ഞ മുടി ഒന്നാകെ ചുറ്റി കെട്ടി കൊടുത്തു…

അവൾ അപ്പോഴും സിദ്ധുവിന്റെ കയ്യിൽ ചാരി കിടക്കുകയായിരുന്നു…. കണ്ണ് നിറഞ്ഞൊഴുകി അവന്റെ കയ്യിൽ പടർന്നു.. ആ ചൂടിൽ അവന്റെ നെഞ്ച് പൊള്ളിപ്പിടഞ്ഞൂ… അവൻ ഇടത് കയ്യ് കൊണ്ട് അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു… തോളിലെ അവന്റെ മുറിവ് വലിഞ്ഞു നീറി.. ശരത്തിന്റെ നെറ്റിയിലും കയ്യിലുമായി ബാൻഡേജ് ചെയ്തിട്ടുണ്ട്.. സിദ്ധുനും മുഖത്തും ഇടത് തോളിലുമായി മുറിവ് ഉണ്ട്… “സിദ്ധുവേട്ടാ… സാന്ദ്ര വിളിച്ചത് കേട്ട് അവൻ നോക്കി.. “അവിടെ ഇരിക്ക്.. എത്ര നേരമായി ഒരേ നിൽപ്പിൽ …. ” അവൻ അമ്മാളൂന്റെ അരികിലായി ഇരുന്നു.. അവളെ അവന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി….

“സാന്ദ്ര കുറച്ചു വെള്ളം എടുക്ക്….” സാന്ദ്ര ഒരു ഗ്ലാസ്സിലേക്ക് വെള്ളം എടുത്ത് അവന്റെ കയ്യിലേക്ക് കൊടുത്തു.. അവൻ അത് അമ്മാളൂന്റെ വായോട് ചേർത്തു… “കുടിക്ക് മോളെ..” അവൾ അല്പം പോലും ഇറക്കാൻ കൂട്ടാക്കിയില്ല… “വേണ്ട…. എന്റെ അഭിയേട്ടൻ എന്തെങ്കിലും കുടിച്ചു കാണുമോ… ” “മോളെ.. നീ ഇങ്ങനെ തുടങ്ങല്ലേ പ്ലീസ്.. എനിക്കിത് താങ്ങാൻ വയ്യ… ഏട്ടന് നിങ്ങൾ അല്ലാതെ വേറെ ആരുണ്ടെടി… ” അവൻ കരയുകയായിരുന്നു… “സിദ്ധുട്ടാ… എന്റെ ദീപുട്ടനോടും മിത്തൂനോടും വരാൻ പറയോ… അവരെ കാണാൻ തോന്നുന്നു… ഞാൻ പെട്ടെന്ന് ഒറ്റയ്ക്കായ പോയ പോലെ…” “മോളെ.. അവരെ കൂടി വിഷമിപ്പിക്കണോ ..

ഭയ്യയെ റൂമിൽ ആക്കീട്ട് പറയാം.. പിന്നെ… നിന്റെ കൂടെ ഞാനില്ലേടി മോളെ… ഞാൻ … ഞാൻ.. നിന്റെ ആരുമല്ലേ…ഉം…പറ…” അവന്റെ തൊണ്ടയിടറി.. മറുപടി പറയാതെ അവൾ ആ കയ്യിലേക്ക് മുഖം പൂഴ്ത്തി ഏങ്ങി കരഞ്ഞു… അവൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു… അവരെ ആശ്വസിപ്പിക്കാൻ ആവാതെ സാന്ദ്രയും വിങ്ങി പൊട്ടി…. ശരത്തും ചന്ദ്രനും കുറച്ചു പൊലീസുകാരുമായി ചർച്ചയിൽ ആണ്…. അതിൽ ഒരാൾ ഒരു പാക്കറ്റ് അവന്റെ നേരെ നീട്ടി.. മൂന്ന് ഫോൺ ആയിരുന്നു അത്.. “കിട്ടി അല്ലേ.. പക്ഷെ വണ്ടി നമ്പർ ഫെയ്ക്ക് ആവാനേ വഴിയുള്ളൂ.. എങ്കിലും അന്വേഷിക്കണം… ” ശരത് അവന്റെ ഫോൺ എടുത്ത് നോക്കി.. ഡിസ്പ്ലേയിൽ ചെറിയ സ്ക്രാചെസ് ഉണ്ട്.. സ്ക്രീൻ ഒന്ന് തുടച്ച് ഫോൺ ഓൺ ചെയ്തു..

അമ്മാളൂന്റെ കുറെ മിസ്സ്‌കോൾ ഉണ്ടായിരുന്നു.. ഗാലറി തുറന്ന് കുറച്ചു ഫോട്ടോസ് ആ പോലീസുകാരന്റെ നമ്പറിലേക്ക് അയച്ചു… “സർ ,, അവർ എത്ര പേരുണ്ടായിരുന്നു… ” “അവർ എട്ട് പത്ത് പേർ ഉണ്ടായിരുന്നു.. ലക്ഷ്യം ഞാനായിരുന്നു… ” “നിന്നെ ലക്ഷ്യം വെക്കണമെങ്കിൽ…” ചന്ദ്രൻ പൂർത്തിയാക്കാതെ ആലോചനയിൽ ആണ്ടു.. “അവൻ നാട്ടിൽ എത്തിയപ്പോൾ നമ്മുടെ ശ്രദ്ധ ഇവിടെ ഒന്ന് കുറഞ്ഞു പോയി…. എന്നെയും അച്ഛനെയും ഇവിടെ തന്നെ നിർത്തണമെന്ന് അവൻ ആഗ്രഹിച്ചു.. അതിനുള്ള വഴിയാണ് ഈ കൊട്ടേഷൻ…” “സണ്ണി….അവന്മാരെ കുറിച്ചു വല്ല വിവരവും കിട്ടിയോ.. “ചന്ദ്രൻ കൂട്ടത്തിലെ ഹാൾഫ് മലയാളി കൂടിയായ സർക്കിൾ ഇൻസ്പെക്ടറിനോട് ചോദിച്ചു..

“സർ.. cctv ചെക്ക് ചെയ്തപ്പോൾ ചർച്ച് റോഡിൽ കേറി പള്ളിക്കടുത്ത് വച്ച് അവന്മാർ വണ്ടി അവിടെ കളഞ്ഞു.. ഒരു ഊടുവഴിലേക്ക് നടന്നാണ് കയറിയത്… അറിയാലോ… ചേരിയിലേക്ക് കയറി ഇറങ്ങുന്ന ബുദ്ധിമുട്ട്… ഫൂട്ടേജിൽ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്… അത് വച്ച് ഒന്ന് തപ്പാം.. ” “ഉം.. താൻ ഒന്ന് കാര്യമായിട്ട് ശ്രമിക്കണം.. അവന്റെ കൂടെ ഉള്ള ഒന്നിനെയും വിടരുത്..” “തീർച്ചയായും സർ.. ഞാൻ ശ്രമിക്കാം…. സർ തരുന്ന ഇൻഫോർമേഷൻസിൽ കൂടിയാണ് ഇന്ന് എനിക്ക് ഇവിടുത്തെ ഗുഡ് ബുക്കിൽ ഉള്ള സ്ഥാനം നേടി തന്നത്…എന്ത് സഹായത്തിനും ഞങ്ങൾ ഉണ്ടാകും…. ശരത് സർ ആക്ച്വലി നടന്നത് ഒന്ന് പറയാമോ..” “ആഹ്.. സിദ്ധാർഥ് ആയിരുന്നു ഡ്രൈവ് ചെയ്തത്.. അഭി കോ സീറ്റിലും…

ഞങ്ങൾ സെൻട്രൽ സ്‌ക്വയർ എത്തുന്നതിന് കുറച്ചു മുൻപേ ആണ് രണ്ട് വണ്ടികൾ ഫോളോ ചെയ്യുന്നത് ശ്രദ്ധിച്ചത്.. അതിന്റെ രണ്ടിന്റെയും ഫോട്ടോസ് ആണ് ആദ്യത്തേത്…. കുറച്ചു നേരം വന്ന് കാണാതെ പോയി.. കുറച്ചു മുന്നിൽ എത്തിയപ്പോൾ പെട്ടെന്നു എവിടുന്നോ വന്ന പോലെ മുന്നിൽ ഒരെണ്ണം.. പിന്നിൽ പഴയവ രണ്ടെണ്ണവും… അതിൽ ഒരെണ്ണം റൈറ്റ് സൈഡ് കയറി പാരലൽ പിടിച്ചു…ഓവർ ടെയ്ക്ക് ചെയ്യാനും സമ്മതിച്ചില്ല…. ഞാൻ വീഡിയോ ഷൂട്ട് ചെയ്തത് തനിക്കിപ്പോ അയച്ച കൂട്ടത്തിൽ ഉണ്ട്…. അപ്പോഴാ ഞാൻ തനിക്ക് ലൊക്കേഷൻ അയച്ച് വിവരം അറിയിച്ചത്… പക്ഷെ അവർ വ്യക്തമായി ഞങ്ങളെ ഡൈവേർട്ട് ചെയ്ത് ആ ഗ്രൗണ്ടിൽ എത്തിക്കുകയായിരുന്നു..

നേരിടുക അല്ലാതെ വേറെ രക്ഷയില്ലായിരുന്നു… ഞങ്ങൾ ഏകദേശം എല്ലാത്തിനെയും ഒതുക്കിയത് ആയിരുന്നു.. അപ്പോഴാണ് ഒരുത്തൻ ഇരുമ്പ് വടി എടുത്ത് എന്റെ നേരെ വീശിയത്… അഭി അത് തടയാൻ ആയി ഇടയിൽ കയറിയത് ആണ്.. പക്ഷെ… അവന്റെ തലയിൽ ആണ് കൊണ്ടത്…. അതിന് മുൻപും എന്റെ നേരെ മാത്രമാണ് ആയുധം പ്രയോഗിച്ചത്.. അതാണ് ഞാൻ തന്നെയാണ് ലക്ഷ്യം എന്ന് പറഞ്ഞത്… നിങ്ങളുടെ വരവ് അറിഞ്ഞപ്പോൾ ആണ് അവന്മാർ രക്ഷപ്പെട്ടത്.. പിന്നാലെ പോകാൻ പറ്റുന്ന അവസ്‌ഥയും അല്ലല്ലോ.. ഫോൺ എല്ലാം ആദ്യമേ ഒരുത്തൻ വലിച്ചെറിഞ്ഞു കളഞ്ഞു..

തന്നോട് അതാണ് അവിടെ നോക്കി എടുക്കാൻ പറഞ്ഞത്… ഇവിടെ എത്തി ഡോക്ടർന്റെ ഫോണിൽ നിന്നാണ് അച്ഛനെ വിളിച്ചു പറയുന്നത്….” “ഉം…ഇപ്പോ പുള്ളിക്ക് എങ്ങനെ ഉണ്ട്….” “തലയ്ക്ക് പിന്നിൽ പൊട്ടൽ ഉണ്ട്.. ചെറിയൊരു ഓപ്പറേഷൻ വേണ്ടി വന്നു… ബോധം തെളിഞ്ഞിട്ടില്ല ഇതുവരെ… മോർണിംഗ് കയറി കാണാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു…” “ശരി സാർ.. എന്തെങ്കിലും വിവരം അറിഞ്ഞാൽ വിളിക്കാം.. ഞങ്ങൾ വരട്ടെ…” “ഓക്കേ ദെൻ.. സി യൂ സൂൺ… ” പൊലീസുകാർ സല്യൂട്ട് ചെയ്ത് പിരിഞ്ഞു പോയി… ÷÷

പിറ്റേന്ന് കാലത്ത് സിദ്ധു എഴുന്നേറ്റ് നോക്കുമ്പോഴും അമ്മാളൂ മയക്കത്തിൽ ആയിരുന്നു.. അവൻ ചുമർ ചാരി ഇരുന്നാണ് ചെറുതായി കണ്ണടച്ചത്… അവന്റെ മടിയിൽ ആണ് അമ്മാളൂ കിടക്കുന്നത്.. തലേന്ന് ഇരുന്നിടത്ത് നിന്ന് അനങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ സാന്ദ്രയാണ് ഡോക്ടറിന്റെ അടുത്ത് ചെന്ന് സെഡേഷൻ കൊടുക്കാൻ പറഞ്ഞത്… അതിന്റെ മയക്കത്തിൽ ആണ് ഇപ്പോഴും.. സാന്ദ്രയും ബാലയും ചന്ദ്രനും കാലത്ത് ഫ്ലാറ്റിലേക്ക് പോയി… കുളിച്ചു മാറ്റി മറ്റുള്ളവർക്ക് അത്യാവശ്യം മാറാൻ ഉള്ളതൊക്കെ എടുത്ത് വരാൻ… ശരത് ഇപ്പോഴും ICU ന് മുന്നിൽ തന്നെയാണ്… ഇടയ്ക്ക് ഒരു തവണ അവൻ ഡോക്ടറിന്റെ പെർമിഷനോടെ അകത്തു കയറി…

അഭിയെ കണ്ട് അവിടെ കൂടുതൽ നിൽക്കാൻ ആവാതെ പെട്ടെന്ന് പുറത്തിറങ്ങി… ബൈസ്റ്റാൻഡേഴ്‌സ് ബെഡിൽ ശർമിളയും ഉറക്കത്തിൽ ആണ്.. രാത്രി ഒരുപാട് നിർബദ്ധിച്ചാണ് അവരെ ബാലയും ശരത്തും കൂടി അവിടേക്ക് കൊണ്ടു വന്നത്.. എപ്പോഴോ ക്ഷീണം കാരണം മയങ്ങിയതാണവർ…. അപ്പോഴാണ് സിദ്ധുവിന്റെ ഫോൺ റിംഗ് ചെയ്തത്.. അമ്മാളൂ എഴുന്നേൽക്കണ്ട എന്ന് കരുതി അവൻ പെട്ടെന്ന് ഫോൺ എടുത്തു.. ചിന്നൻ ആയിരുന്നു.. അവൻ ആകെ പരിഭ്രമത്തിൽ ആയിരുന്നു.. “എന്താടാ ചിന്നാ.. എന്താ പ്രശ്നം…” “ടാ.. അത്.. നീ ശരത് സാറിന്റെ നമ്പർ ഒന്ന് തന്നേ വേഗം.. ” “കാര്യം പറയെടാ… ” പതുങ്ങിയത് ആണെങ്കിലും ദൃഢമായിരുന്നു അവന്റെ ശബ്ദം.. “നീ നമ്പർ താ.. എന്നിട്ട് പറയാം.. ” സിദ്ധു നമ്പർ പറഞ്ഞു കൊടുത്തു.. “ഉം..ഇനി പറ…”

“ടാ.. ഞാൻ ഒരു റെക്കോർഡ് അയച്ചിട്ടുണ്ട്.. നീ അത് കേട്ട് എടുത്തു ചാടരുത് .. ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യാവൂ..” “നീ വച്ചോ ..ഞാൻ വിളിക്കാം…” സിദ്ധു വേഗം റെക്കോർഡ്‌ ഓണ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.. അവന്റെ കണ്ണുകൾ ചുവന്നു തുടങ്ങി.. അവസാന നിമിഷങ്ങളിൽ അവന്റെ ഞരമ്പുകൾ വലിച്ചു മുറുകി.. ഹൃദയമിടിപ്പ് വർദ്ധിച്ചു… ദേഷ്യം കൊണ്ട് മുഖമാകെ ചുവന്നു…കണ്ണുകൾ നിറഞ്ഞൊഴുകി… പെട്ടെന്ന് ഡോർ തുറന്ന് ശരത് അങ്ങോട്ടേക്ക് ഓടിയെത്തി.. സിദ്ധുവിനെ കണ്ട് അവൻ പോലും അടുത്തേക്ക് ചെല്ലാൻ ഭയന്നു.. സംഹാര രുദ്രനായിരുന്നു അപ്പോൾ അവൻ… തലയിലേക്ക് കൈകൾ മുറുക്കി പിടിച്ച് അവൻ ഉറക്കെ അലറി… “അമ്മാ………………. ആ…..” ആ ഹോസ്പിറ്റൽ പോലും ആ ശബ്ദത്തിൽ ഒന്ന് കിടുങ്ങി….തുടരും

സിദ്ധാഭിഷേകം : ഭാഗം 42