സിദ്ധാഭിഷേകം : ഭാഗം 42

സിദ്ധാഭിഷേകം :  ഭാഗം 42

എഴുത്തുകാരി: രമ്യ രമ്മു

ഇതെല്ലാം കണ്ടും കേട്ടും ബാൽക്കണി ഡോറിന്റെ മറവിൽ ചാരി നിന്ന് മറ്റൊരു ഹൃദയവും തേങ്ങി…. അവൻ കണ്ണുകൾ ഇറുകെ അടച്ചു…… ❌❌ പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ സിദ്ധു അവളിലെ പിടി വിട്ടു.. “സോറി.. ഞാൻ….പെട്ടെന്ന്…” അവൻ അവിടെ നിന്ന് മാറി കണ്ണീരൊപ്പി മുഖം ഷർട്ടിന്റെ കയ്യിൽ അമർത്തി തുടച്ചു….. “സോറി മാളൂട്ടി.. പെട്ടെന്ന് അറിയാതെ….പറ്റിപോയതാ…” അത് കേട്ട് അവൾ അവനെ രൂക്ഷമായി നോക്കി.. “ആദ്യം സിദ്ധുവേട്ടൻ എന്നെ പഴയ മാളൂട്ടി ആയിട്ട് കാണൂ.. ഞാൻ തീർച്ചയായും ആ സ്നേഹം തിരിച്ചു തരും.. അഴിഞ്ഞു വീണ മുഖം മൂടി ഇനിയും എടുത്തണിയരുത്…

എന്റെ മുന്നിൽ മനസ്സ് തുറക്കാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ ആണ് കാര്യങ്ങൾ ഇത്രയും കൊണ്ടെത്തിച്ചത്.. ഇനിയും സിദ്ധുവേട്ടൻ അതിനാണ് മുതിരുന്നതെങ്കിൽ പിന്നെ എനിക്ക് ഒന്നും പറയാൻ ഇല്ല..” “മോളെ.. ഞാൻ…” “വേണ്ടാ.. എന്നോട് നീതിപുലർത്താത്ത ഒന്നിനോടും എനിക്ക് തിരിച്ചും അത് ചെയ്യാൻ ആവില്ല.. ഞാൻ ഒരു സാധാരണ പെണ്ണ് ആണ്…” “ഞാൻ കാരണം നീ ഒത്തിരി വേദനിച്ചു… എല്ലാം എന്റെ തെറ്റാണ്…” “അതെ ,, ആണ്… അതിന്…” അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു… സിദ്ധു മുഖം കുനിച്ചു… “പറ.. സിദ്ധുവേട്ടൻ ചെയ്ത തെറ്റിന് എന്താ പരിഹാരം…” വാക്കുകൾ കടുത്തിരുന്നു… “എനിക്ക് അറിയില്ല….

നീ പറഞ്ഞാൽ മതി ഞാൻ ചെയ്തോളാം… ” “സത്യാണോ…” “സത്യം…” “എങ്കിൽ സിദ്ധുവേട്ടൻ ഒരു വിവാഹം കഴിക്കണം.. സാന്ദ്രയെ ഇഷ്ട്ടമല്ലെങ്കിൽ വേണ്ട…. വേറെ ആരെയായാലും …” “മോളെ.. എനിക്ക് അത്.. അത് സാധിക്കില്ല… എനിക്ക് ഇപ്പോ ഒരു ലക്ഷ്യമേ ഉള്ളൂ.. എന്റെ ജീവിതം ഇങ്ങനെ ആക്കിയവരുടെ അന്ത്യം.. അല്ലാതെ മറ്റൊന്നുമില്ല…” അവൻ ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ കൈ അമർത്തി ഞെരിച്ചു… “അത് കഴിഞ്ഞാലോ…” “അത്….. “എന്നോട് സത്യം പറ… സാന്ദ്രയെ ഇഷ്ട്ടമല്ലേ സിദ്ധുവേട്ടന്… അതോ വേറെ ആരെയെങ്കിലും ഇഷ്ട്ടാണോ…” “ആരും ഇല്ല എന്റെ മനസ്സിൽ…അങ്ങനെ ഒരു അർത്ഥത്തിൽ ഞാൻ ആ കുട്ടിയെ കണ്ടിട്ടില്ല…. അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചു പോയതാ…

അതിൽ ഒരു വിഷമം ഉണ്ട്…. ഞാൻ പറഞ്ഞല്ലോ എന്റെ ലക്ഷ്യം…ഇപ്പോൾ അത് മാത്രേ എന്റെ മുന്നിൽ ഉള്ളൂ.. അതിന് ശേഷം എന്റെ ഭാവി എന്താവും എന്നറിയില്ല…. ” “സിദ്ധുവേട്ടന് ഒരു ജീവിതം വേണ്ടേ അപ്പോ… എന്നും ഇങ്ങനെ കഴിയാൻ ആണോ തീരുമാനം… ” സിദ്ധു പതിയെ ചിരിച്ചു… ” നീ … സന്തോഷമായി ഇരിക്കുന്നതാണ് എന്റെ സന്തോഷം… “ഞാൻ ഇപ്പോൾ സന്തോഷത്തിൽ ആണ്.. സിദ്ധുവേട്ടന് തോന്നുന്നുണ്ടോ അഭിയേട്ടൻ എന്നെ വേദനിപ്പിക്കും എന്ന്.. ആദ്യമൊക്കെ എന്നെ ബലമായി പിടിച്ചടക്കി എന്ന ചിന്ത ആയിരുന്നു എനിക്ക്.. പക്ഷെ ഇപ്പോ ആരെക്കാളും ആ മനസ്സ് എനിക്ക് നന്നായി അറിയാം..

എന്നെ ചുറ്റിയാണ് ആ മനുഷ്യന്റെ ജീവൻ പോലും എന്ന് തോന്നാറുണ്ട്…. ” എന്തോ ഓർമയിൽ അവളുടെ മുഖം തിളങ്ങി.. ഡോറിന്റെ മറവിൽ നിന്നും എല്ലാം കേട്ട് കൊണ്ടിരുന്ന അഭി പുഞ്ചിരിച്ചു… പതിയെ മുറിയിലേക്ക് നടന്നു.. ‘സിദ്ധുവിനെ കാണാഞ്ഞു നോക്കി ചെന്നതാണ്.. അപ്പോഴാണ് അവർ സംസാരിക്കുന്നത് കേട്ടത്.. പിന്തിരിഞ്ഞു പോരാൻ തോന്നിയില്ല… ‘ കുറേ നേരമായി കട്ടിലിൽ കൈ രണ്ടും പിന്നിലേക്ക് മടക്കി വച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു അഭി …അടുത്ത് ആരോ ചേർന്നിരിക്കുന്നത് അറിഞ്ഞു അവൻ കണ്ണ് തുറക്കാതെ പുഞ്ചിരിച്ചു… അനക്കമൊന്നും കേൾക്കാഞ്ഞ് അവൻ എഴുന്നേറ്റ് നോക്കി..

അമ്മാളൂ എന്തോ ആലോചനയിൽ ആണ്… “എന്താണ് മിസ്സിസ് അഭിഷേകിന് ഇത്ര വലിയ ചിന്തകൾ.. ബുദ്ധി ജീവി ആകാനുള്ള പുറപ്പാടിലാണോ…” “അതേലോ… അതുമല്ലെങ്കിൽ സന്ന്യാസം സ്വീകരിച്ചാലോ എന്നാണ് … എന്തേ..” “ആഹ്.. ബെസ്റ്റ്.. എന്നെ ജയിലിൽ കയറ്റാൻ ആവുമല്ലേ…” “അതെന്താ… അങ്ങനെ പറഞ്ഞത്.. അവൻ അവൾക്കടുത്ത് എഴുന്നേറ്റ് ഇരുന്ന് പിന്നിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു..എന്നിട്ട് വാർത്ത വായിക്കുന്ന രീതിയിൽ പറഞ്ഞു.. “സന്ന്യാസം സ്വീകരിക്കാൻ തുനിഞ്ഞ ഭാര്യയെ ഭർത്താവ്….” മുഴുവിക്കാതെ അവൻ നിർത്തി.. “എന്താ നിർത്തിയേ… പറ.. ഭർത്താവ്.. ”

“ഒന്നുല്ല… നീ അത് വിട്…” “ഹാ.. പറയെന്നേ…” “പോടി… നീ പറയുമ്പോൾ പറയാൻ ഞാനാരാ.. നീ സന്ന്യാസിനി ആവാൻ പോവുഅല്ലേ… “പറയാൻ വന്നത് പറ… താങ്കൾ വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നു മിസ്റ്റർ അഭിഷേക്…. ഹാ.. ചുമ്മ അത് ഫില്ല് ചെയ്യ് സാറേ..” “ഓ..ഈ പെണ്ണ്…. അത്….. കൊന്നു എന്ന് പറയാൻ വന്നതാ….പക്ഷെ തമാശയ്ക്ക് പോലും എനിക്ക് അത് പറയാൻ ആവുന്നില്ലെടി … നീ എന്ത് മാജിക് ആണ് കാണിച്ചത് പെണ്ണേ…” “വശീകരണമന്ത്രം … ” “എന്ന് വച്ചാൽ…” “അത് നാട്ടിൽ ഒക്കെ ഉള്ള ഒരു ചെപ്പടി വിദ്യ ആണ് .. നമ്മൾക്ക് ആരെയെങ്കിലും നമ്മളുടെ ചൊല്പടിക്ക് നിർത്താനും കൊണ്ടു നടക്കാനുമൊക്കെ ഇത് സായത്തമാക്കിയാൽ മതി…

പിന്നെ നമ്മൾ വിചാരിക്കുന്ന ആൾ നമ്മുടെ പിന്നാലെ വരും… ” “സത്യാണോ… ശ്ശേ.. പണ്ടേ പഠിക്കാമായിരുന്നു.. എത്ര പെണ്പിള്ളേരെ പിന്നാലെ നടത്തായിരുന്നു..” അവൾ അവനെ കൂർപ്പിച്ചു നോക്കി.. പിന്നെ അവന്റെ മുടിയിൽ പിടിച്ചു വലിച്ച് തല കുനിച്ചു പിടിച്ചു… പുറത്ത് കുത്താനും മാന്തനും തുടങ്ങി.. “ആഹാ… നിങ്ങളുടെ മനസ്സിലിരുപ്പ് ഇതാണല്ലേ.. നിങ്ങൾക്ക് പെൺപിള്ളേരെ പിന്നാലെ നടത്തണം അല്ലേ…” “ടി… വേണ്ടെടി.. വേദനിക്കുന്നു..” “വേദനിക്കട്ടെ..” അഭി അവളുടെ വയറിലേക്ക് കൈ ചേർത്ത് ഇക്കിളി ആക്കിയപ്പോൾ അവൾ പിടിവിട്ടു.. അവൻ പക്ഷെ കയ്യെടുത്തില്ല..

അവൾ ചിരിയോടെ കിടക്കയിൽ കിടന്ന് പിടഞ്ഞു.. ” മതി അഭിയേട്ടാ.. പ്ലീസ്.. നിർത്ത്…” അഭി പതിയെ അവൾക്ക് മേലേക്ക് ചാഞ്ഞു.. കണ്ണുകൾ പ്രണയം കൈമാറി… അവൻ അവളിലേക്ക് അലിയാൻ കൊതിച്ച് ആ മാറിലേക്ക് മുഖം പൂഴ്ത്തി.. °°°°°°°°° അഭി കുളിച്ചു വരുമ്പോഴും അമ്മാളൂ നല്ല ഉറക്കം ആയിരുന്നു.. അടുത്ത് ചെന്ന് പതിയെ കവിളിലേക്ക് കൈ ചേർത്ത് അവളെ വിളിച്ചഴുന്നേല്പിച്ചു… “സമയം എന്തായി അഭിയേട്ടാ…” “അഞ്ചു മണി…” “അയ്യോ അത്രയും ആയോ.. അറിഞ്ഞേയില്ല.. നേരത്തെ വിളിച്ചു കൂടായിരുന്നോ” “സാരില്ല.. ക്ഷീണം തീരട്ടെ വച്ചിട്ട് വിളിക്കാഞ്ഞതാ… ” “ഞാൻ … ഞാനിപ്പോ വരാം.. പോവല്ലേ…”

അവൾ ഫ്രഷ് ആയി വരുമ്പോഴേക്കും അഭി പുറത്ത് പോകാനായി ഡ്രസ്സ് ചെയ്തിരുന്നു.. “അഭിയേട്ടൻ എവിടേക്കാ…” “ഞാൻ നേരത്തെ പറഞ്ഞതല്ലെടി…പോകാൻ ഉണ്ടെന്ന്..” “ഓ.. ഞാൻ ഓർത്തില്ല.. വേഗം വരില്ലേ..” “വേഗം വരാം.. ഞാൻ വരാറാകുമ്പോ വിളിക്കാം.. ഈ കവറിൽ ഒരു സാരിയുണ്ട്.. താൻ അതുടുത്ത് നല്ല സുന്ദരിയായി നിൽക്കണം.. എനിക്ക് ഇതുടുത്ത് വേണം ഇനി നിന്നെ കാണാൻ… കേട്ടോ… രാത്രി ഒരു പാർട്ടി ഉണ്ട്… ” അവൻ ഒരു കവർ എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു.. “ഇതിപ്പോ എനിക്ക് ടെൻഷൻ ആവുന്നല്ലോ.. എന്ത് സർപ്രൈസ് ആണെന്ന് അറിയാഞ്ഞിട്ട്… ”

“എല്ലാം സിദ്ധുവിന്റെ പ്ലാനിങ് ആണ്… ഞാൻ ഹെല്പെർ ആയി കൂടെ പോയെന്ന് മാത്രം…എന്തായാലും നിനക്ക് ഇഷ്ടപ്പെടും.. ഐ ആം ഷുവർ ..” “എനിക്ക് അഭിയേട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു… സിദ്ധുവേട്ടന്റെ കാര്യമാണ്…” “ഇപ്പോ വേണോ അതോ പതിയെ മതിയോ..” “പോയിട്ട് വന്നിട്ട് പറയാം…” “അപ്പോ ശരി വാ…” കുറച്ച് മുന്നോട്ട് നടന്ന് തിരിഞ്ഞൊന്ന് നിന്നു അവൻ… പിന്നെ ചെന്ന് മേശവലിപ്പിൽ നിന്നും സിന്ദൂരം എടുത്ത് അവളുടേ നെറ്റിയിൽ തൊട്ട് കൊടുത്തു.. “ഇത് കൂടി വരുമ്പോഴാ നീ കൂടുതൽ സുന്ദരി.. ” അവൾ ചിരിയോടെ അവന്റെ കൂടെ നടന്നു… ***

അഭിയും സിദ്ധുവും ശരത്തും പോയിക്കഴിഞ്ഞ് ശർമിളയുടെ മുറിയിൽ ആയിരുന്നു അമ്മാളൂവും സാന്ദ്രയും.. “ആദി പറയുകയാണ് തിരക്ക് പിടിച്ചു വരണ്ടാന്ന്.. എനിക്കാണെങ്കിൽ ആകെ ഒരു വല്ലായ്മ … മനസ്സിന് ഒരു സുഖമില്ല.. ” “അമ്മ ഓരോന്ന് ഓർത്തിട്ടാ.. അംബിയമ്മ ഇല്ലേ അവിടെ.. അമ്മയെ പോലെ ആവില്ലെങ്കിലും ഒട്ടും മോശമല്ല പുള്ളിക്കാരി…” “അവളും ദാസേട്ടനും ഉള്ളത് കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒക്കെ ആവാൻ കഴിഞ്ഞത്.. ദിനകരന്റെ അനിയൻ ആണെന്ന് പറയേ ഇല്ല ദാസേട്ടനെ അറിയുന്നവർ… നേരെ ഓപ്പോസിറ്റ് സ്വഭാവം ആണ്.. സാധു ആണെങ്കിലും കണിശക്കാരൻ…

അച്ഛന്റെ ശിക്ഷണവും സ്നേഹവും ഒക്കെ അഭിയും ആദിയും ഒരുപോലെയാണ് അനുഭവിച്ചത്… വേർതിരിച്ചു കണ്ടിട്ടില്ല…ഞങ്ങൾ ആരും അവരെ… ചന്ദ്രേട്ടനും ബാലയും അതേ.. ” “എനിക്ക് അറിയാം അമ്മ.. ഞാൻ അത് മനസ്സിലാക്കിയിട്ടുണ്ട്…” “ഉം… ആദിയുടെയും ശരത്തിൻറെയും കല്യാണം കൂടി വേഗത്തിൽ നടത്തണം.. പിന്നെ കുറച്ചു നാൾ കഴിഞ്ഞ് എന്റെ സിദ്ധുന്റെയും.. ഇനിയും ആരുമില്ല എന്ന തോന്നൽ അവന് ഉണ്ടാവരുത്.. എന്റെ മനസ്സിൽ ഒരാഗ്രഹം ഉണ്ട്…… സമയം ആവട്ടെ…. ” സാന്ദ്രയും അമ്മാളൂവും പരസ്പരം നോക്കി.. “എന്താന്റി …. അത്..” സാന്ദ്രയ്ക്കും അതറിയാൻ ആകാംഷ തോന്നി… “അത്…. നിങ്ങൾ ആരോടും ഇപ്പോ പറയരുത്… ദാസേട്ടനോട് ശ്രീയെ ഞാൻ ചോദിച്ചു… സിദ്ധുന് വേണ്ടി…”

ഒരു ഞെട്ടലോടെ ആണ് സാന്ദ്രയും അമ്മാളൂവും അത് കേട്ടത്.. “എന്നിട്ട് ദാസങ്കിൾ എന്ത് പറഞ്ഞു… ” “കുട്ടികൾക്ക് ഇഷ്ടമാവുമെങ്കിൽ….അവളുടെ പഠിപ്പ് കഴിയട്ടേന്ന്.. അവനും ചെറുതല്ലേ.. കമ്പനി കാര്യങ്ങൾ ഒക്കെ പഠിക്കട്ടെ അത്ര വരെ…” നെഞ്ചിൽ പൊട്ടിവന്ന കരച്ചിൽ അടക്കി പിടിച്ചു ഇരിക്കുന്ന സാന്ദ്രയെ കണ്ട് അമ്മാളൂ വിഷമിച്ചു.. സാന്ദ്ര പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. “അമ്മ ഞാനിപ്പോ വരാം.. ” അമ്മാളൂ അവളുടെ പിന്നാലെ ചെന്നു.. അപ്പോഴേക്കും അവളുടെ മുറിയിൽ കയറി ഡോർ അടച്ചിരുന്നു… “സാന്ദ്ര ഡോർ തുറക്ക്…ഞാൻ പറയട്ടെ…” സാന്ദ്ര വന്ന് വാതിൽ തുറന്നു കൊടുത്ത് അവളെ നോക്കാതെ അകത്തേക്ക് പോയി കട്ടിലിൽ ഇരുന്നു… “സാന്ദ്ര നീ എന്തിനാ ഇങ്ങനെ കരയുന്നേ…

എല്ലാം നിനക്ക് അറിയുന്നതല്ലേ.. ഇതിന് ശ്രീ സമ്മതിക്കോ.. ഏതെങ്കിലും ഏട്ടന്മാർ സമ്മതിക്കുമോ.. അമ്മയ്ക്ക് ഇതൊന്നും അറിയാത്തത് കൊണ്ടല്ലേ… ” “എന്നാലും കേട്ടപ്പോൾ ഒരു സങ്കടം ഭാഭി.. എന്റെ മനസ്സെന്താ സിദ്ധുവേട്ടൻ മനസ്സിലാക്കാത്തത്… ” “സിദ്ധുവേട്ടന്റെ മനസ്സിൽ ഇപ്പോ ഇത്തരം കാര്യങ്ങൾ ഒന്നുല്ല.. പിന്നെ അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ ശരത്തേട്ടന്റെ കല്യാണം ആദ്യം ആലോചിക്കുമ്പോൾ തന്നെ ശ്രീയെ ഇഷ്ട്ടം ആണെന്ന് പറയില്ലേ.. പിന്നെന്താ.. നീ എന്താ പൊട്ടിയാണോ.. നിന്റെ മുന്നിൽ ഇഷ്ടം പോലെ സമയം ഉണ്ട്.. നീ കുറച്ചു ക്ഷമ കാണിക്കണം.. കേട്ടല്ലോ..” “ഞാൻ അത്ര അങ്ങോട്ട് ആലോചിച്ചില്ല… സാന്ദ്ര മുഖം തുടച്ച് ചെറു ചിരിയോടെ പറഞ്ഞു.. “അയ്യ കരയാൻ നാണമില്ലല്ലോ…” *****

ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അമ്മാളൂ വേഗം ചെന്നെടുത്തു.. അഭി ആയിരുന്നു. “അമ്മൂസ് … ഞങ്ങൾ ഒരു അരമണിക്കൂറിനുള്ളിൽ എത്താം.. ഉം.. ഞാൻ അങ്കിളിനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് എല്ലാവരോടും റെഡി ആവാൻ… പറഞ്ഞത് മറക്കണ്ടാ… സുന്ദരി ആയി നിൽക്ക് ട്ടാ…” “ആഹ്.. ശരി..” സാന്ദ്ര മുറിയിലേക്ക് ചെല്ലുമ്പോൾ അമ്മാളൂ കണ്ണാടിയുടെ മുന്നിൽ ആയിരുന്നു.. അവളെ കണ്ട് സാന്ദ്ര വാ പൊളിച്ചു… റെഡ് കളറിൽ ബ്ലാക്ക്‌ ആൻഡ് ഗോൾഡൻ കളർ ഡിസൈൻ വരുന്ന ഹെവി ജോർജെറ്റ് സാരി ആയിരുന്നു വേഷം.. അവളുടെ ശരീരത്തോട് ചേർന്ന് നിന്ന് അത് അവളുടെ അഴക് വർദ്ധിപ്പിച്ചു… “woow.. ഭാഭി.. സൂപ്പർബ്‌… ഇത് ആരുടെ സെലക്ഷൻ ആണ്..

ഭാഭിക്ക് അത്ര നന്നായി ചേരുന്നുണ്ട്…” “സത്യാണോ.. അഭിയേട്ടൻ വാങ്ങിയതാ.. എനിക്ക് ആണേൽ ഇന്ന് ഒരുങ്ങീട്ട് ശരിയാവാത്തത് പോലെ.. ” “നന്നായിട്ടുണ്ട്…ഒരു കുഴപ്പവുമില്ല… അല്ലെങ്കിലും ഭയ്യയുടെ സെലക്ഷൻ അങ്ങനെ മോശാവില്ലല്ലോ … ” “മതിയെടി… എല്ലാവരും റെഡി ആയോ.. അവർ ഇപ്പോ എത്തും…” “ആ.. എല്ലാരും ആയി.. ഞാൻ ഭാഭിയെ കൂട്ടാൻ വന്നതാ.. വാ അപ്പുറത്തേക്ക് പോകാം…” ***** അഭി വിളിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും അവർ വന്നില്ല…എല്ലാരും കാത്തിരുന്നു.. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി അമ്മാളൂന് .. മനസ്സിൽ അകാരണമായ ഭയവും… ഫോൺ എടുത്ത് മൂന്ന് പേരുടെ ഫോണിലേക്കും മാറി മാറി വിളിച്ചു.. റിംഗ് കേൾക്കാം.. ആരും എടുക്കുന്നില്ല..

അവൾക്ക് കരച്ചിൽ വന്നു.. “മോള് ഇങ്ങനെ വിഷമിക്കാതെ.. അവന്മാരുടെ കാര്യല്ലേ..ചിലപ്പോൾ ബ്ലോക്കിലോ മറ്റോ പെട്ട് കാണും ..അല്ലെങ്കിൽ പ്ലാൻ എന്തേലും ചെയ്തു കാണും പേടിപ്പിക്കാനോ മറ്റോ…” മനസിലെ ആകുലത മറച്ചു വച്ച് ചന്ദ്രൻ പറഞ്ഞു.. ചന്ദ്രൻ പറയുന്നത് കേട്ട് പതിയെ ചിരിച്ചെന്ന് വരുത്തി അവൾ വീണ്ടും ഫോണിൽ വിളിച്ചു കൊണ്ടിരുന്നു… പെട്ടെന്ന് ആണ് ചന്ദ്രന്റെ ഫോൺ ബെല്ലടിച്ചത്.. അറിയാത്ത നമ്പർ ആയിരുന്നു.. അയാൾ ഒരു സംശയത്തോടെ ഫോൺ എടുത്തു… അയാളുടെ ഭാവം മാറുന്നത് കണ്ട് അമ്മാളൂ പേടിച്ചു.. അവളെ കണ്ട് അയാൾ മാറി നിന്ന് സംസാരിച്ചു..

പിന്നെ എല്ലാവരോടും ആയി പറഞ്ഞു.. “അവർ എന്തോ ബ്ലോക്കിൽ പെട്ടതാണെന്ന്.. നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. വാ.. പോകാം…” അമ്മാളൂന് അതെന്തോ അത്ര വിശ്വാസം തോന്നിയില്ല… “അങ്കിൾ സത്യം പറ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ആരാ വിളിച്ചത്…” “ഹാ.. മോള് ഇങ്ങനെ പേടിക്കാതെ.. ശരത് വിളിച്ചതാണ്.. വാ..ലേറ്റ് ആക്കണ്ടാ…” സംശയം തീരാത്ത മുഖവും ആയി അവൾ ചന്ദ്രന്റെ കൂടെ നടന്നു.. എന്തോ അരുതാത്തത് നടന്നു എന്ന് ആരോ അവളുടെ ഉള്ളിൽ ഇരുന്ന് പറഞ്ഞു കൊണ്ടിരുന്നു.. എന്തോ ആലോചനയിൽ ആയിരുന്ന അമ്മാളൂ വണ്ടി നിന്നത് അറിഞ്ഞ് പുറത്തേക്ക് നോക്കി.. അപ്പോളോ ഹോസ്പിറ്റൽ എന്ന ബോർഡ് കണ്ട് അവളുടെ ദേഹം ഒന്ന് വിറച്ചു..

എല്ലാവരും പരസ്പരം നോക്കി.. “ചന്ദ്രേട്ടാ.. എന്താ ഇവിടെ.. ” ശർമിള പരിഭ്രത്തോടെ ചോദിച്ചു.. “ഇറങ്ങ് എല്ലാരും.. പറയാം.. വാ..” വിറക്കുന്ന കാലടികളോടെ അവൾ അവരോടൊപ്പം ലിഫ്റ്റിലേക്ക് കേറി… ലിഫ്റ്റിന്റെ ചുമർ ചാരി താലി ഉള്ളം കയ്യിൽ പിടിച്ച് കണ്ണടച്ച് നിന്നു.. എല്ലാവരുടെ മുഖത്തും ടെൻഷൻ മാത്രം.. ലിഫ്റ്റ് തുറന്ന് നീളമുള്ള ഹാളിന്റെ അങ്ങേ അറ്റത്ത് ഓപ്പർഷൻ തിയേറ്റർ എന്ന അക്ഷരങ്ങൾ ചുവന്ന് തെളിഞ്ഞു കത്തി.. അവിടെ കസേരയിൽ ഒരു അവ്യകതമായ രൂപം തലയിൽ കൈ ചേർത്ത് മുട്ടിലേക്ക് കുനിഞ്ഞ് ഇരിക്കുന്നത് കണ്ണീരിനിടയിലൂടെ കണ്ടു.. അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി…….തുടരും

സിദ്ധാഭിഷേകം : ഭാഗം 40

Share this story