ഹരി ചന്ദനം: ഭാഗം 39

എഴുത്തുകാരി: ശ്രുതി കൃഷ്ണ “എനിക്ക് മോളോട് ഒരു കാര്യം കൂടി പറയാനുണ്ട്.” “എന്താ ടീച്ചറമ്മേ? ” “മോള് പപ്പേടെ അടുത്തേക്ക് പോവുന്നത് വരെയെങ്കിലും കോളേജിൽ പോവണം.ഇവിടെ ഇങ്ങനെ
 

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“എനിക്ക് മോളോട് ഒരു കാര്യം കൂടി പറയാനുണ്ട്.” “എന്താ ടീച്ചറമ്മേ? ” “മോള് പപ്പേടെ അടുത്തേക്ക് പോവുന്നത് വരെയെങ്കിലും കോളേജിൽ പോവണം.ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കുന്നതിലും നല്ലത് അതാണ്‌.അതാവുമ്പോൾ മനസ് പതിയെ വേറെ കാര്യങ്ങളിലൊക്കെ എൻഗേജ്ഡ് ആവും.പഴയതൊക്കെ മറക്കാനും സഹായിക്കും. ” “ടീച്ചറമ്മേ ഞാൻ…ഇനി ” “ടീച്ചറമ്മ പറഞ്ഞാൽ മോള് അനുസരിക്കില്ലേ? ” “അനുസരിക്കും.” ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു നിർത്തിയതും ടീച്ചറമ്മ സന്തോഷം കൊണ്ട് ഒരു തവണ കൂടി എനിക്കും ലെച്ചുനും ദോശ മുറിച്ച് വായിൽ വച്ചു തന്നു.

ഫുഡ്‌ ഒക്കെ കഴിച്ച് വെറുതെ ലെച്ചുവിന്റെ കൂടെ അവളുടെ സ്കൂൾ ബസ് വരുന്നത് വരെ ഗേറ്റിൽ ചെന്നിരുന്നു.അവളെ യാത്രയാക്കി തിരിച്ചു വന്നപ്പോൾ ടീച്ചറമ്മ വെപ്രാളപ്പെട്ട് സ്കൂളിലേക്ക് പോവാൻ റെഡിയാവുന്നുണ്ടായിരുന്നു.ഇത്തിരി വെള്ളം കുടിക്കാൻ അടുക്കളയിൽ ചെന്നപ്പോൾ ടീച്ചറമ്മയുടെ കുപ്പിയും ടിഫിൻ ബോക്സും കഴുകി വച്ച പാടെ ഒഴിഞ്ഞു കിടപ്പുണ്ട്.ജഗ്ഗിൽ നിന്നും വെള്ളം കുടിച് ബാക്കി ടീച്ചറമ്മയ്ക്കു കൊണ്ട് പോവാൻ കുപ്പിയിൽ നിറച്ചു വച്ചു.ടിഫിൻ ബോക്സ്‌ എടുത്ത് ചോറ് നിറയ്ക്കാൻ ചോറ് പാത്രത്തിന്റെ മൂടി തുറന്നതും ചൂടുള്ള ആവിയോടൊപ്പം വെന്ത ചോറിന്റെ മണം കൂടി മൂക്കിലേക്ക് വന്നടിച്ചു.

അടിവയറ്റിൽ നിന്നും ഒരു ഉരുണ്ടുകയറ്റം ഫീൽ ചെയ്ത് അടുത്ത നിമിഷം വലിയൊരു ഓക്കാനത്തോടെ വായും പൊത്തി ഞാൻ വാഷ് ബേസിനരികിലേക്ക് ഓടി.ഞാൻ ഉച്ചത്തിൽ ശർദ്ധിക്കുന്നതു കേട്ട് ടീച്ചറമ്മ ഓടിവന്നു പുറം നല്ല പോലെ തടവി തന്നു.കഴിച്ച ഭക്ഷണമൊക്കെ ശർദിലായി പുറത്തേക്ക് പോയപ്പോളേക്കും ഞാൻ തളർന്നു പോയിരുന്നു.ചെറുതായി തലചുറ്റുന്നതു പോലെ തോന്നിയപ്പോൾ ടീച്ചറമ്മയുടെ കൈപിടിച്ച് മുറിയിലേക്ക് പോയി ഇത്തിരി നേരം കിടന്നു.എന്റെ അവസ്ഥ കാരണം ടീച്ചറമ്മ ഇന്ന് സ്കൂളിൽ ലീവ് ആക്കി.ഞാൻ ഇത്തിരി ഓക്കേ ആയപ്പോൾ ഹോസ്പിറ്റലിൽ പോവാമെന്നു പറഞ്ഞു നിർബന്ധിച്ചു.ഞാൻ എത്ര മടിച്ചിട്ടും ടീച്ചറമ്മയുടെ വാശിക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല.

ഹോസ്പിറ്റലിലേക്ക് പോവാൻ എന്റെ വണ്ടി പോലും എടുക്കാൻ സമ്മതിച്ചില്ല.ഓട്ടോയിൽ കയറുമ്പോൾ എനിക്കെന്തോ മാറാ രോഗം ഉള്ളത് പോലെ ഓട്ടോ ഡ്രൈവറോട് ഇടയ്ക്കിടെ പയ്യെ പോവാൻ പറയുമ്പോൾ സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചു പോയിരുന്നു. പരിശോധനയൊക്കെ കഴിഞ്ഞു ഡോക്ടറുടെ ക്യാബിനിൽ ഇരിക്കുമ്പോൾ രോഗിയായ എന്നെക്കാളും ടെൻഷൻ ടീച്ചറമ്മയ്ക്കു ആയിരുന്നു.നല്ലൊരു പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു തുടങ്ങുമ്പോളും ടീച്ചറുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞതില്ല. “മിസിസ് ചന്ദന അല്ലേ? ഹസ്ബൻഡ് എന്ത് ചെയ്യുന്നു? ”

പെട്ടന്ന് അങ്ങനൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും ടീച്ചറമ്മ അതിനു ചാടി കയറി ഉത്തരം പറഞ്ഞു. “വിദേശത്താണ് ഡോക്ടർ. ” “ഓക്കേ അപ്പോൾ ഹസ്ബെന്റിനും അതുപോലെ ചന്ദനയ്ക്കും കോൺഗ്രാറ്റ്സ്.നിങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്നു.കുട്ടി പ്രെഗ്നന്റ് ആണ്. “ഒരു നിമിഷം സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.ടീച്ചറമ്മയും അടുത്തിരുന്നു കണ്ണീർ പോഴിക്കുന്നുണ്ടായിരുന്നു.അറിയാതെ തന്നെ എന്റെ കൈകൾ പതിയെ വയറിലേക്ക് നീണ്ട് അവിടം പൊത്തിപ്പിടിച്ചു.എന്നാൽ അടുത്ത നിമിഷം അതുവരെയുണ്ടായിരുന്ന സന്തോഷം പതിയെ മാഞ്ഞു കൈകൾ പൊള്ളലേറ്റ പോലെ പിൻവലിച്ചു.

“സീ….ഇപ്പോൾ ഇയാൾക്ക് കണ്ട ലക്ഷണങ്ങൾ ഒക്കെ തന്നെ കുഞ്ഞുവരാൻ പോവുന്നതിന്റെയാ.അതുമല്ല കുട്ടിടെ ബോഡി ഇപ്പോൾ നല്ല വീക് ആണ്.നല്ലത് പോലെ ഫുഡ്‌ കഴിക്കണം.ഇയാൾ പഠിക്കയാണെന്നല്ലേ പറഞ്ഞത്.എങ്കിൽ കൂടി ഈ ടൈമിൽ മാക്സിമം യാത്രകൾ ഒഴിവാക്കുക.ഞാൻ കുറച്ചു വിറ്റാമിൻ ടാബ്ലെറ്റ്സ് എഴുതാം അത് കഴിക്കുന്നതോടൊപ്പം കൃത്യമായ മന്ത്ലി ചെക്ക് അപ്പ്‌ വേണം.” ഡോക്ടർ മരുന്ന് കുറിപ്പടി എഴുതി തന്നപ്പോൾ നന്ദി പറഞ്ഞു ഞങ്ങൾ ഇറങ്ങി.മെഡിക്കൽ ഷോപ്പിൽ നിന്നും അപ്പോൾ തന്നെ കുറിപ്പടി പ്രകാരമുള്ള മരുന്ന് വാങ്ങി. പിന്നെ വീട്ടിലെത്തുന്നത് വരെ രണ്ടാളും ഒന്നും സംസാരിച്ചില്ല.

വീട്ടിലെത്തിയ ഉടനെ അത് വരെ മനസ്സിൽ കൂട്ടി വച്ചതൊക്കെ അണപൊട്ടിയൊഴുകി.കട്ടിലിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ കൂടെ ചേർത്തു പിടിച്ചു ആശ്വാസിപ്പിക്കാൻ ടീച്ചറമ്മ കൂടെ തന്നെ ഉണ്ടായിരുന്നു. “മോളെ…. ഇങ്ങനെ കരയാതെ. ” “എനിക്ക് മാത്രമെന്താ ടീച്ചറമ്മേ ഇങ്ങനെ…. ഇപ്പോൾ എന്റെ കുഞ്ഞും.. ” തേങ്ങി കരയുന്ന എന്നെ ടീച്ചറമ്മ മാറോട് ചേർത്തണച്ചു. “ഇതിപ്പോ നന്നായില്ലേ… ഇനി ഒറ്റയ്ക്കല്ലല്ലോ.നിനക്ക് സ്വൊന്തമെന്ന് പറയാൻ ഒരു കുഞ്ഞില്ലേ. ” “എന്നാലും….അച്ഛനില്ലാതെ.. ” “ഒരെന്നാലും ഇല്ല.. മോൾക്കറിയില്ലേ ലെച്ചു എന്റെ വയറ്റിൽ ഉള്ളപ്പോഴാ അവളുടെ അച്ഛൻ പോയത്.

രണ്ട് കുട്ടികളെയും എന്നെയും ബാധ്യതയാവുമെന്നു വിചാരിച്ചു ആരും തിരിഞ്ഞു പോലും നോക്കിയില്ല.അന്ന് ഒത്തിരി വിഷമിച്ചെങ്കിലും ഇന്നെനിക്കു അവരോടൊക്കെ നന്ദിയെ ഉള്ളൂ.എന്റെ മക്കളായിരുന്നു ഒരു വിധിക്കു മുൻപിലും തോറ്റു കൊടുക്കാതിരിക്കാനുള്ള എന്റെ പ്രചോദനം.പക്ഷെ മോള് എന്നെക്കാളും ഭാഗ്യവതിയാ..ഞങ്ങളൊക്കെ ഇല്ലേ നിനക്ക്.അതുകൊണ്ട് കരച്ചിലൊക്കെ നിർത്തി ഉഷാറായിക്കേ.ഇപ്പോൾ നമ്മള് ചെയ്യുന്ന ഓരോ പ്രവർത്തിയും കുഞ്ഞിനെക്കൂടിയുമാ ബാധിക്കുന്നെ. ” ടീച്ചറമ്മയുടെ വാക്കുകൾ കുറച്ചൊക്കെ ആശ്വാസം നൽകി.മനസ്സൊന്നു ശാന്തമായ ശേഷം പപ്പയെയും മാമയെയും വിളിച്ചു സന്തോഷവാർത്ത പറഞ്ഞു.

പപ്പാ സന്തോഷം കൊണ്ട് കരയുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊടിഞ്ഞു പോയി.കോൺഗ്രാറ്റ്സ് പറയാൻ H.P യെ അന്വേഷിച്ചെങ്കിലും ഓഫീസിൽ ആണെന്നും വീട്ടിൽ വന്നിട്ട് തിരിച്ചു വിളിപ്പിക്കാമെന്നും കള്ളം പറഞ്ഞു.പപ്പയുടെ മുഖത്ത് സന്തോഷമാണ് കണ്ടതെങ്കിൽ മാമയുടെ മുഖത്ത് എന്നെക്കുറിച്ചുള്ള ആകുലതകളാണ് കാണാൻ കഴിഞ്ഞത്.പപ്പാ അടുത്തില്ലാത്ത തക്കം നോക്കി മാമ തിരിച്ചു വിളിച്ചു.ഡിവോഴ്സിന്റെ കൂടെ വയറ്റിലൊരു കുഞ്ഞുമായി മോള് തിരിച്ചു ചെല്ലുമ്പോൾ പപ്പയുടെ പ്രതികരണം എന്താകുമെന്ന ഭയം ഞങ്ങൾ രണ്ടു പേർക്കും ഉണ്ടായിരുന്നു.യാത്രകളൊക്കെ ഒഴിവാക്കാൻ പറഞ്ഞത് കൊണ്ട് പപ്പയുടെ അടുത്തേക്കുള്ള യാത്ര തല്ക്കാലം മാറ്റി വച്ചു.

സച്ചുവിനോടും ചാരുവിനോടും കാര്യങ്ങൾ പറഞ്ഞപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം സഹതാപമായിരുന്നു.കിച്ചുവിനെ വിളിച്ചു കാര്യം പറയട്ടെ എന്ന് ചാരു ചോദിച്ചപ്പോൾ നോ…എന്ന് മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ.ഇത്തിരി ദിവസങ്ങൾക്ക് മുൻപ് അവൻ വിളിച്ചപ്പോൾ ഞാൻ പപ്പയുടെ അടുത്തേക്ക് പോവുകയാണെന്ന് ചാരു അവനെ അറിയിച്ചിരുന്നു അതിനി തിരുത്തേണ്ടെന്ന് അവളോട് പറഞ്ഞു.കുഞ്ഞു വാവ വരുന്നതിൽ ഏറ്റവും സന്തോഷിച്ചത് ലച്ചുവാണ് ഇടയ്ക്കിടെ എന്റെ ഒട്ടിയ വയറിൽ കൈ ചേർത്ത് വാവയോട് അവൾ കിന്നാരം പറയുന്നത് കേൾക്കുമ്പോൾ മനസ് നിറയും.എനിക്ക് വേണ്ടി ടീച്ചറമ്മ സ്കൂളിൽ ലോങ്ങ്‌ ലീവ് എടുത്തിരുന്നു.

ഇടയ്ക്കു ചാരുവിന്റെ വരവ് കൂടിയായപ്പോൾ ആ കുഞ്ഞു വീടൊരു സ്വൊർഗമായി.കുഞ്ഞെന്ന പ്രതീക്ഷയിലേക്കു പതിയെ എന്റെ മനസ്സും ചുരുങ്ങിയിരുന്നു.പഴയ ഓർമ്മകൾ മനസ്സിൽ കൊളുത്തി പിടിക്കുമ്പോളും പുതിയ പ്രതീക്ഷകൾ പതിയെ തലപൊക്കി തുടങ്ങിയിരുന്നു.കുറച്ചു ദിവസം കഴിഞ്ഞപ്പോളേക്കും അമ്മയാവാനുള്ള തയ്യാറെടുപ്പുകൾ എന്റെ ശരീരം കാണിച്ചു തുടങ്ങി.ആദ്യമൊക്കെ വല്ലാത്ത വീർപ്പു മുട്ടൽ തോന്നിയെങ്കിലും പിന്നീട് ഞാനും അത് ആസ്വദിക്കാൻ തുടങ്ങി. *

കയ്യിലിരിക്കുന്ന പ്രെഗ്നൻസി ടെസ്റ്ററിലേക്കു ഉറ്റു നോക്കിയിരിക്കുമ്പോൾ ദിയയുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു.കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് രണ്ട് ചുവന്ന വരകൾ കൂടി തെളിഞ്ഞതോടെ അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.ഇന്നലെ ടി.വി കാണുന്നതിനിടയിൽ സാനിറ്ററി പാഡിന്റെ പരസ്യം കണ്ടപ്പോളാണ് എല്ലാ മാസവും തന്നെ തേടിയെത്താറുള്ള ചുവപ്പുകണങ്ങൾ രണ്ടു മാസമായി തേടിയെത്താത്തതിനെക്കുറിച്ചു ഓർത്തത്.റൂമിൽ കൂടി മനഃസമാധാനമില്ലാതെ ഉലാത്തുമ്പോൾ കുറച്ചു നാളുകളായി തന്നെ അവോയിഡ് ചെയ്യുന്നത് പോലുള്ള ക്രിസ്റ്റിയുടെ പെരുമാറ്റമായിരുന്നു അവളുടെ മനസ് നിറയെ.

താനറിഞ്ഞ കാര്യം ആരോട് പറയുമെന്നോർത്തു അവൾക്ക് വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.ഒത്തിരി നേരം ആലോചിച്ചപ്പോൾ ക്രിസ്റ്റിയോട് തന്നെ പറയാമെന്നു അവൾക്കു തോന്നി.ഉടൻ തന്നെ ക്രിസ്റ്റിയുടെ ഫോണിലേക്കു കാൾ ചെയ്‌തെങ്കിലും പതിവ്പോലെ മുഴുവൻ ബെല്ലടിച്ചു തീർന്നതല്ലാതെ ഫോൺ എടുത്തില്ല.നട്ടപ്പാതിരയ്ക്കു കുടിച്ചു ബോധമില്ലാത്ത കയറിവന്നു നേരെ കയറി കിടക്കുന്ന അവന്റെ പുതിയ ശീലം തന്നെ ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് പലപ്പോഴും അവൾക്കു തോന്നിയിരുന്നു.ഉറക്കമൊഴിഞ്ഞു അവൾ കാത്തിരുന്നാൽ മാത്രം ഒന്നോ രണ്ടോ വാക്കിൽ എന്തെങ്കിലും പറയും അതും പാതിബോധത്തിൽ.

അതിരാവിലെ എണീറ്റ് പോവുകയും ചെയ്യും.ക്രിസ്റ്റിയെ കാണാൻ ഉള്ളം തുടിക്കുന്നതിനൊപ്പം ആദ്യമായി അവനെയോർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ വീണ്ടും വീണ്ടും അവനെ വിളിച്ചു കൊണ്ടേയിരുന്നു. ****** ഇടതടവില്ലാതെയുള്ള ഫോൺ റിങ് കേട്ടാണ് കുറച്ചകലെയായുള്ള ടേബിളിൽ ചാർജിൽ കുത്തിയിരിക്കുന്ന ഫോൺ എടുത്ത് കൊടുക്കാൻ അടുത്തിരിക്കുന്ന കൂട്ടുകാരനോട് പറഞ്ഞത്.സിറ്റിയിലെ ഹോട്ടൽ മുറിയിൽ മദ്യസൽക്കാരത്തിൽ ലയിച്ചിരിക്കുകയായിരുന്നു ക്രിസ്റ്റിയും കൂട്ടുകാരും.ഫോണെടുത്ത് നൽകിയിട്ടും സ്ക്രീനിലേക്ക് നോക്കി പല്ലു ഞെരിച്ചു കൊണ്ട് “കുറെ നേരമായി തുടങ്ങിയിട്ട് ശല്യം “എന്ന് വെറുപ്പോടെ പറഞ്ഞു മാറ്റിവച്ചതല്ലാതെ അവൻ കാൾ എടുക്കുന്നില്ലെന്ന് കണ്ടാണ് അവന്റെ കൂട്ടുകാരും പരസ്പരം സംശയത്തോടെ നോക്കിയത്.

“എടാ ക്രിസ്റ്റി വല്ല അത്യാവശ്യക്കാരും ആയിരിക്കുമെടാ നീ ഫോണെടുക്കു. ” “ഹും… ഇവളെക്കൊണ്ടുള്ള എന്റെ ആവശ്യമൊക്കെ കഴിഞ്ഞതാ.. ” പുച്‌ഛിച്ചു കൊണ്ടുള്ള അവന്റെ സംസാരം കേൾക്കെ കൂട്ടുകാർ നെറ്റി ചുളിച്ചു.അപ്പോഴും ക്രിസ്റ്റിയുടെ മനസ്സിൽ ദിയയുമൊത്തുള്ള വിവാഹത്തിന് എതിർപ്പ് പറഞ്ഞപ്പോൾ അൽഫോൺസ് മുഖമടച്ചു നൽകിയ അടിയായിരുന്നു.ആ ഓർമയിൽ അവൻ തന്റെ ഇടതു കവിൾത്തടം ഒന്ന് തഴുകി.തനിക്ക് തിന്നാനും ഉടുക്കാനും തന്നതിന്റെ കണക്കു അമർഷത്തോടെ വിളിച്ചു പറയുന്ന അൽഫോൺസിന്റെ ശബ്ദം ചെവിയിൽ മുഴങ്ങിയതോടെ തൊലിയുരിയുന്ന പോലെ തോന്നി കണ്ണുകൾ അടച്ചു പിടിച്ചു അവൻ.

കാവൽ പട്ടിയെ പോലെ ദിയയുടെ അച്ഛന് വേണ്ടി പണിയെടുക്കാൻ നിർബന്ധിതനാവുന്നതും അവന്റെയുള്ളിലെ പകയേ ആളിക്കത്തിച്ചു.എല്ലാം മറക്കാൻ അടുത്തിരുന്ന കുപ്പിയിലെ ബാക്കി വരുന്ന മദ്യം അപ്പാടെ എടുത്ത് അവൻ വായിലേക്ക് കമഴ്ത്തി.അതിലെ അവസാന തുള്ളിയും അകത്തെത്തിയതോടെ അവന്റെ പാതി ബോധം മറഞ്ഞിരുന്നു. “ആ…….. ###$###&&മോൻ ഒരുത്തിയെ കൊണ്ടുവരാമെന്നു പറഞ്ഞിട്ട് പറ്റിച്ചല്ലോ.കാശ് എണ്ണിവാങ്ങാനല്ലാതെ ഇവറ്റകളെ ഒക്കെ എന്തിന് കൊള്ളാം.” നാവു കുഴഞ്ഞു കൊണ്ട് അത്രയും പറഞ്ഞു അവൻ ഫോണെടുത്തു അടഞ്ഞു പോവുന്ന കണ്ണുകൾ വലിച്ച് തുറന്ന് ദിയയുടെ നമ്പറിന് തൊട്ട് താഴെയായുള്ള നമ്പറിലേക്കു ഡയൽ ചെയ്തു.

റിങ് ചെയ്യുന്നതല്ലാതെ ഫോണെടുക്കുന്നില്ലെന്നു കണ്ട് അവൻ അടുത്തിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പി രോഷത്തോടെ എറിഞ്ഞുടച്ചു.ചുറ്റും കൂടിയിരിക്കുന്ന സുഹൃത്തുക്കളൊക്കെ അവന്റെ പ്രവർത്തികൾ നോക്കി കാണുകയായിരുന്നു.സുഹൃത്തുക്കളിലൊരാൾ മറ്റൊരാളോട് ചോദിക്കെന്ന അർത്ഥത്തിൽ തലയാട്ടിയതോടെ ഒരു ഗൂഡ സ്മിതത്തോടെ ക്രിസ്റ്റിയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് അയാൾ ക്രിസ്റ്റിയെ തട്ടിവിളിച്ചു. “ക്രിസ്റ്റി….. എടാ ക്രിസ്റ്റി…. ” “എന്താടാ….. ” “നമ്മളൊക്കെ എന്ത് കിട്ടിയാലും പങ്കിട്ടെടുക്കാറാണ് പതിവ്.അതിന് നീയും ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല……

ഒരു കാര്യത്തിൽ ഒഴികെ. ” വല്ലാത്തൊരു ചിരിയോടെ കൂട്ടുകാരൻ പറയുന്നത് കേൾക്കെ മനസ്സിലായില്ല എന്ന അർത്ഥത്തിൽ അവൻ നെറ്റി ചുളിച്ചു. “അന്ന് ബർത്ത്ഡേ പാർട്ടിയ്ക്ക് നിനക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു തരുമ്പോൾ നീ ഞങ്ങൾക്കൊരു വാക്ക് തന്നിരുന്നു.അത് ഇതുവരെ പാലിക്കപ്പെട്ടില്ല. ” കൂട്ടുകാരൻ പറഞ്ഞു നിർത്തിയതും മനസ്സിലായെന്ന അർത്ഥത്തിൽ അവൻ തലയാട്ടി.ശേഷം പകയെരിയുന്ന കണ്ണുകളോടെ ചുണ്ടിൽ ഒരു പുച്ഛചിരിയോടെ അടുത്തിരുന്ന തന്റെ ഫോൺ തപ്പിപിടിച്ച് ദിയയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. *

ക്രിസ്റ്റി തന്നെ തിരിച്ചു വിളിച്ചത്തിലുള്ള സന്തോഷത്തിലായിരുന്നു ദിയ.കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റി തന്നെ വിളിക്കുന്നതെന്ന് കൂടി ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.വേഗം റെഡിയായി താഴേക്കു ചെല്ലുമ്പോൾ ഹാളിൽ അലക്സി ഇരിപ്പുണ്ടായിരുന്നു. “മോളിതെങ്ങോട്ടാ……ഈ നേരത്ത്? ” “ക്രിസ്റ്റി വിളിച്ചിരുന്നു പപ്പാ….അവനു ഒന്നു കാണണം എന്ന്. ” “മ്മ്മ്…. മോള് എങ്ങനെയാ പോവുന്നത്? ” “ഞാൻ ടാക്സി വിളിച്ചിട്ടുണ്ട് പപ്പാ…. ” “മ്മ്… ശെരി പോയിട്ട് വാ… ” **

ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള വലിയ ഹോട്ടലിന്റെ മുൻപിൽ ചെന്നിറങ്ങുമ്പോൾ ക്രിസ്റ്റിയെ കാണാൻ തുടികോട്ടുകയായിരുന്നു അവളുടെ മനസ്സ്.ക്രിസ്റ്റി പറഞ്ഞ റൂം നമ്പർ റിസപ്ഷനിൽ അന്വേഷിച്ചു വഴി ചോദിച്ചു ലിഫ്റ്റിലേക്ക് കയറുമ്പോൾ താൻ അറിഞ്ഞ സത്യം അറിയുമ്പോൾ അവൻ സന്തോഷത്തോടെ തന്നെ ചേർത്തുപിടിക്കുന്നതോർത്ത്‌ അവളുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു….തുടരും…..

ഹരി ചന്ദനം: ഭാഗം 38