ചർച്ച പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടി; ഇറാന മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക ആക്രമണങ്ങളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാന് മുൻപിൽ ഇനി അധികം സമയമില്ലെന്നും തീരുമാനങ്ങൾ വേഗത്തിൽ ഉണ്ടാകണമെന്നും ട്രംപ് വ്യക്തമാക്കി.
മധ്യസ്ഥ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാനുമേലുള്ള വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് ആക്സിയോസിന് (Axios) നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. "ഞങ്ങൾ ഇപ്പോൾ ഇറാനുമായി തീവ്രമായ ചർച്ചകളിലാണ്. ഇത് ഫലം കണ്ടില്ലെങ്കിൽ, കൂടുതൽ ശക്തമായ സൈനിക നടപടികളിലേക്ക് ഞങ്ങൾ മടങ്ങിയെത്തും," ട്രംപ് കൂട്ടിച്ചേർത്തു.
ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നത്. അതേസമയം, മേഖലയിലെ സംഘർഷങ്ങളും നയതന്ത്ര നീക്കങ്ങളും ചർച്ച ചെയ്യുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും.