മോദി മഹാനായ നേതാവ്, നല്ല സുഹൃത്ത്; വീണ്ടും നിലപാട് തിരുത്തി ട്രംപ്
ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന ഇന്നലത്തെ നിലപാട് തിരുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ഇരുണ്ട ദുരൂഹ ചൈനയുടെ പക്ഷത്തെത്തിയെന്ന് ട്രൂത്ത് സോഷ്യൽ വഴി ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നാണ് ട്രംപ് പിന്നീട് തിരുത്തിയത്.
നരേന്ദ്രമോദി മഹാനായ നേതാവും സുഹൃത്തുമാണ്. മോദിയുമായി തനിക്ക് നല്ല ബന്ധമുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. മോദി മികച്ച പ്രധാനമന്ത്രിയാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമില്ല എന്നും ട്രംപ് പറഞ്ഞു
ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ വളരെ നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത് എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയും റഷ്യയും ഇരുണ്ടതും ദൂരൂഹവുമായ ചൈനയോടൊപ്പമാണ്. അവർക്ക് ഒരുമിച്ച് സമൃദ്ധമായ ഭാവി ഉണ്ടാകട്ടെയെന്നും ട്രംപ് പരിഹസിച്ചിരുന്നു.