വാഷിംഗ്ടൺ / മനാമ: ബഹ്‌റൈനിലേക്ക് ഇറാൻ തൊടുത്തുവിട്ട രണ്ട് ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ബഹ്‌റൈനിലെ അമേരിക്കയുടെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം (early-warning radar) തകർത്തെന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) അവകാശവാദം യുഎസ് സൈന്യം പൂർണ്ണമായും തള്ളി.
ഇറാൻ വിക്ഷേപിച്ച രണ്ട് ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ യുഎസ് സേന തകർത്തതായും സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
തെക്കൻ ഇറാനിലെ സിറിക് (Sirik) നഗരത്തിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ബഹ്‌റൈനിലെ യുഎസ് റഡാർ കേന്ദ്രം ആക്രമിച്ചതെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഹോർമുസ് കടലിടുക്കിലെ പ്രകോപനങ്ങൾ അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പാണിതെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു.