കീവ്: യുക്രൈനിൽ വീണ്ടും വൻതോതിലുള്ള ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകൾ റഷ്യ അവസാനഘട്ടത്തിലെത്തിച്ചതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രൈനിലെ ഊർജമേഖലാ കേന്ദ്രങ്ങൾ, ഗതാഗത-വിതരണ ശൃംഖലകൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും അവശ്യസേവന സംവിധാനങ്ങൾ എന്നിവ ആക്രമണത്തിന്റെ ലക്ഷ്യമായേക്കുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി.
വൈദ്യുതി സബ്‌സ്റ്റേഷനുകൾ, വൈദ്യുതി ലൈനുകൾ, വിതരണ ശൃംഖലകൾ എന്നിവയ്ക്ക് നേരെ റഷ്യയുടെ ആക്രമണം തുടരുകയാണ്. ഡ്നിപ്രോ, പാവ്‌ലോഹ്രാദ് മേഖലകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യുക്രൈൻ. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രതിരോധ സഹായം ലഭ്യമാക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
പാട്രിയറ്റ്, നാസാംസ് വ്യോമപ്രതിരോധ സംവിധാനങ്ങൾക്കുള്ള ഇന്റർസെപ്റ്റർ മിസൈലുകൾ ലഭ്യമാക്കുന്നതിനാണ് മുൻഗണനയെന്നും സെലൻസ്കി വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈൽ നിർമാണവുമായി ബന്ധപ്പെട്ട റഷ്യൻ കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനും യുക്രൈൻ പദ്ധതിയിടുന്നുണ്ട്.