ചൊവ്വാദോഷം : ഭാഗം 7

ചൊവ്വാദോഷം : ഭാഗം 7

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ നെഞ്ചിലേക്ക് വീണ അവളെയെങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായതയോടെ രാജീവൻ ഉമ്മറത്തേക്ക് വന്ന മായയെ നോക്കി. അവരുടെ മുഖത്തും ഒന്നും ചെയ്യാനില്ലാത്തവളുടെ കണ്ണീർ മാത്രമായിരുന്നു.

” ഇപ്പൊ എന്താടാ ഉണ്ടായേ ? ”

മാനസയുടെ താടി പിടിച്ചുയർത്തിക്കൊണ്ടുള്ള അയാളുടെ ചോദ്യം അവളുടെ തേങ്ങലിന്റെ ശക്തി കൂട്ടി. ആ കണ്ണീര് നെഞ്ച് പൊള്ളിച്ചെങ്കിലും അത് പുറത്തുകാണിക്കാതെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് രാജീവൻ നിന്നു.

” അയ്യേ അച്ഛന്റെ മോള് കരയുവാണോ ഭാര്യയും അമ്മയും എല്ലാമായിട്ടും ഇപ്പോഴും നീ അച്ഛന്റെയാ പൊട്ടിപെണ്ണ് തന്നെയാണല്ലോ. ” രാജീവ്‌.

” അച്ഛാ എല്ലാമവസാനിപ്പിച്ചിട്ടാ അച്ഛന്റെ മോള് വന്നിരിക്കുന്നത്. ഇത്രയും നാൾ ഞാൻ എല്ലാം സഹിച്ചത് മഹിയേട്ടനെ ഓർത്തിട്ടാ. എന്നാലിപ്പോ ആ ഞാനും മഹിയേട്ടന്റെ ചോരയിൽ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞും മഹിയേട്ടന് ദോഷമാണെന്ന് പറയുമ്പോൾ ഞാനെങ്ങനെ സഹിക്കും. ഇപ്പൊ അമ്മയ്ക്ക് പോലും ഞാൻ ജാതകദോഷം മറച്ചുവച്ച് മഹിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നുചെന്ന , മഹിയേട്ടന്റെ ജീവന് ഭീഷണിയായ പെണ്ണാണ്. ”

കരഞ്ഞ് പറഞ്ഞുകൊണ്ട് രാജീവിന് താങ്ങാനാവും മുന്നേ അയാളുടെ നെഞ്ചിലൂടെ ഊർന്ന് അവൾ നിലത്തേക്ക് വീണു. തറയിൽ തലയുരുട്ടിക്കരയുന്ന അവളെകണ്ട് നെഞ്ച് പൊട്ടി അയാൾ നിന്നു.

” മോളേ ഇങ്ങനെ കരയല്ലേടാ നിന്റെ കുഞ്ഞിനെയെങ്കിലും ഓർത്ത് ഒന്ന് സമാധാനിക്ക് മോളേ ”

ഓടിവന്ന് അവളെ നെഞ്ചോടമർത്തിപ്പിടിച്ച് കണ്ണീരോടെ മായ പറഞ്ഞു.

കട്ടിലിൽ തളർന്നുമയങ്ങുന്ന മാനസയിൽ തന്നെയായിരുന്നു മായയുടെ കണ്ണുകൾ. കരഞ്ഞു കരഞ്ഞ് അവളുടെ കൺപോളകൾ വല്ലാതെ ചുവന്ന് വീർത്തിരുന്നു. കവിൾത്തടങ്ങളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. എപ്പോഴും പുഞ്ചിരിച്ചുമാത്രം കണ്ടിരുന്ന ആ ചുണ്ടുകൾ വരണ്ടിരുന്നു. കൈകൾ അപ്പോഴും താലിമാലയിൽ ഇറുക്കി പിടിച്ചിരുന്നു.

” മഹി….. യേ.. ട്ടാ എന്നെ….എന്നെ വിട്ട് … പോകല്ലേ…….”

ഉറക്കത്തിലും അവ്യക്തമായ്‌ അവളുടെ അധരങ്ങൾ മന്ത്രിച്ചുകൊണ്ടിരുന്നു.
അവളുടെ ചേഷ്ടകൾ കാണും തോറും മായയുടെ ഉള്ള് പിടഞ്ഞുകൊണ്ടിരുന്നു.

” അവൾ പറഞ്ഞതായിരുന്നു രാജീവേട്ടാ ശരി ഒന്നും വേണ്ടിയിരുന്നില്ല. വിവാഹം നടന്നില്ലെങ്കിൽ നടന്നില്ല എന്നേയുണ്ടായിരുന്നുള്ളൂ. ജീവിതം തകർന്ന് നമ്മുടെ കുഞ്ഞ് ഇങ്ങനെ ഭ്രാന്തെടുക്കുന്നത് കാണേണ്ടിവരില്ലായിരുന്നു. ഇപ്പൊ മനസ്സ് നൊന്ത് എന്റെ മോളേന്തെങ്കിലും കടുംകൈ ചെയ്യുമോന്നോർത്ത് അവൾക്ക് കാവലിരിക്കുവാ ഞാൻ. ”

മുറിയിലേക്ക് വന്ന രാജീവിനെ നോക്കി അവർ പറഞ്ഞു. മറുപടിയൊന്നും പറയാനില്ലാതെ അയാൾ വെറുതെ എങ്ങോട്ടോ നോക്കി നിന്നു. ഉള്ളിലെ വേദനകൾ ദിവസങ്ങൾക്കുള്ളിൽ അയാളെ വാർദ്ധക്യത്തിലെത്തിച്ചിരുന്നു. വല്ലാതെ കുഴിഞ്ഞ ആ കണ്ണുകളിൽ ദുഃഖം തളം കെട്ടിക്കിടന്നിരുന്നു. തലമുടിയിലേയും താടിയിലെയും കറുപ്പ് നരയ്ക്ക് വഴിമാറിയിരുന്നു.

***************************************

പാലാഴി വീടിനെ ഒരുതരം നിശബ്ദത വിഴുങ്ങിയിരുന്നു. പുറത്തെ കട്ടപിടിച്ച ഇരിട്ടിലേക്ക് നോക്കി ഊർമ്മിള ഒരു ശിലപോലെയിരുന്നു. സമയം പോയതും ഇരുട്ട് പരന്നതും ഒന്നും അവരറിഞ്ഞത് കൂടിയില്ലെന്ന് തോന്നി.

” ഇതെന്താ ഇവിടെ വല്ലോരും മരിച്ചോ ഊർമ്മിളേ പൂമുഖത്ത് വെളിച്ചം പോലും ഇടാതെ നീയിങ്ങനെയിരിക്കാൻ ? ”

ഹാളിലേക്ക് വന്ന ദേവൻ ചോദിച്ചു. അവരിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ അയാൾത്തന്നെ എല്ലായിടത്തെയും ലൈറ്റുകൾ ഇട്ടു. വെളിച്ചം പരന്നപ്പോൾ ഊർമ്മിള ഒന്ന് ഞെട്ടി ചുറ്റും നോക്കി. വയറും തടവി നോക്കിനിൽക്കുന്ന അയാളെക്കണ്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

” നീയെന്താ ഊർമ്മിളേ ഈ ലോകത്തൊന്നുമല്ലേ ?
സന്ധ്യയായതൊന്നും നീ കാണുന്നില്ലേ ??
സന്ധ്യാദീപം കൊളുത്താത്തത് പോട്ടെ മനുഷ്യന് വിശന്നിട്ടു വയ്യ. ആഹാരമെങ്കിലും ഉണ്ടാക്കരുതോ നിനക്ക് ? ”

അയാളുടെ പറച്ചിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story