ചൊവ്വാദോഷം : PART 7

ചൊവ്വാദോഷം : PART 7

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ നെഞ്ചിലേക്ക് വീണ അവളെയെങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായതയോടെ രാജീവൻ ഉമ്മറത്തേക്ക് വന്ന മായയെ നോക്കി. അവരുടെ മുഖത്തും ഒന്നും ചെയ്യാനില്ലാത്തവളുടെ കണ്ണീർ മാത്രമായിരുന്നു.

” ഇപ്പൊ എന്താടാ ഉണ്ടായേ ? ”

മാനസയുടെ താടി പിടിച്ചുയർത്തിക്കൊണ്ടുള്ള അയാളുടെ ചോദ്യം അവളുടെ തേങ്ങലിന്റെ ശക്തി കൂട്ടി. ആ കണ്ണീര് നെഞ്ച് പൊള്ളിച്ചെങ്കിലും അത് പുറത്തുകാണിക്കാതെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് രാജീവൻ നിന്നു.

” അയ്യേ അച്ഛന്റെ മോള് കരയുവാണോ ഭാര്യയും അമ്മയും എല്ലാമായിട്ടും ഇപ്പോഴും നീ അച്ഛന്റെയാ പൊട്ടിപെണ്ണ് തന്നെയാണല്ലോ. ” രാജീവ്‌.

” അച്ഛാ എല്ലാമവസാനിപ്പിച്ചിട്ടാ അച്ഛന്റെ മോള് വന്നിരിക്കുന്നത്. ഇത്രയും നാൾ ഞാൻ എല്ലാം സഹിച്ചത് മഹിയേട്ടനെ ഓർത്തിട്ടാ. എന്നാലിപ്പോ ആ ഞാനും മഹിയേട്ടന്റെ ചോരയിൽ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞും മഹിയേട്ടന് ദോഷമാണെന്ന് പറയുമ്പോൾ ഞാനെങ്ങനെ സഹിക്കും. ഇപ്പൊ അമ്മയ്ക്ക് പോലും ഞാൻ ജാതകദോഷം മറച്ചുവച്ച് മഹിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നുചെന്ന , മഹിയേട്ടന്റെ ജീവന് ഭീഷണിയായ പെണ്ണാണ്. ”

കരഞ്ഞ് പറഞ്ഞുകൊണ്ട് രാജീവിന് താങ്ങാനാവും മുന്നേ അയാളുടെ നെഞ്ചിലൂടെ ഊർന്ന് അവൾ നിലത്തേക്ക് വീണു. തറയിൽ തലയുരുട്ടിക്കരയുന്ന അവളെകണ്ട് നെഞ്ച് പൊട്ടി അയാൾ നിന്നു.

” മോളേ ഇങ്ങനെ കരയല്ലേടാ നിന്റെ കുഞ്ഞിനെയെങ്കിലും ഓർത്ത് ഒന്ന് സമാധാനിക്ക് മോളേ ”

ഓടിവന്ന് അവളെ നെഞ്ചോടമർത്തിപ്പിടിച്ച് കണ്ണീരോടെ മായ പറഞ്ഞു.

കട്ടിലിൽ തളർന്നുമയങ്ങുന്ന മാനസയിൽ തന്നെയായിരുന്നു മായയുടെ കണ്ണുകൾ. കരഞ്ഞു കരഞ്ഞ് അവളുടെ കൺപോളകൾ വല്ലാതെ ചുവന്ന് വീർത്തിരുന്നു. കവിൾത്തടങ്ങളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. എപ്പോഴും പുഞ്ചിരിച്ചുമാത്രം കണ്ടിരുന്ന ആ ചുണ്ടുകൾ വരണ്ടിരുന്നു. കൈകൾ അപ്പോഴും താലിമാലയിൽ ഇറുക്കി പിടിച്ചിരുന്നു.

” മഹി….. യേ.. ട്ടാ എന്നെ….എന്നെ വിട്ട് … പോകല്ലേ…….”

ഉറക്കത്തിലും അവ്യക്തമായ്‌ അവളുടെ അധരങ്ങൾ മന്ത്രിച്ചുകൊണ്ടിരുന്നു.
അവളുടെ ചേഷ്ടകൾ കാണും തോറും മായയുടെ ഉള്ള് പിടഞ്ഞുകൊണ്ടിരുന്നു.

” അവൾ പറഞ്ഞതായിരുന്നു രാജീവേട്ടാ ശരി ഒന്നും വേണ്ടിയിരുന്നില്ല. വിവാഹം നടന്നില്ലെങ്കിൽ നടന്നില്ല എന്നേയുണ്ടായിരുന്നുള്ളൂ. ജീവിതം തകർന്ന് നമ്മുടെ കുഞ്ഞ് ഇങ്ങനെ ഭ്രാന്തെടുക്കുന്നത് കാണേണ്ടിവരില്ലായിരുന്നു. ഇപ്പൊ മനസ്സ് നൊന്ത് എന്റെ മോളേന്തെങ്കിലും കടുംകൈ ചെയ്യുമോന്നോർത്ത് അവൾക്ക് കാവലിരിക്കുവാ ഞാൻ. ”

മുറിയിലേക്ക് വന്ന രാജീവിനെ നോക്കി അവർ പറഞ്ഞു. മറുപടിയൊന്നും പറയാനില്ലാതെ അയാൾ വെറുതെ എങ്ങോട്ടോ നോക്കി നിന്നു. ഉള്ളിലെ വേദനകൾ ദിവസങ്ങൾക്കുള്ളിൽ അയാളെ വാർദ്ധക്യത്തിലെത്തിച്ചിരുന്നു. വല്ലാതെ കുഴിഞ്ഞ ആ കണ്ണുകളിൽ ദുഃഖം തളം കെട്ടിക്കിടന്നിരുന്നു. തലമുടിയിലേയും താടിയിലെയും കറുപ്പ് നരയ്ക്ക് വഴിമാറിയിരുന്നു.

***************************************

പാലാഴി വീടിനെ ഒരുതരം നിശബ്ദത വിഴുങ്ങിയിരുന്നു. പുറത്തെ കട്ടപിടിച്ച ഇരിട്ടിലേക്ക് നോക്കി ഊർമ്മിള ഒരു ശിലപോലെയിരുന്നു. സമയം പോയതും ഇരുട്ട് പരന്നതും ഒന്നും അവരറിഞ്ഞത് കൂടിയില്ലെന്ന് തോന്നി.

” ഇതെന്താ ഇവിടെ വല്ലോരും മരിച്ചോ ഊർമ്മിളേ പൂമുഖത്ത് വെളിച്ചം പോലും ഇടാതെ നീയിങ്ങനെയിരിക്കാൻ ? ”

ഹാളിലേക്ക് വന്ന ദേവൻ ചോദിച്ചു. അവരിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ അയാൾത്തന്നെ എല്ലായിടത്തെയും ലൈറ്റുകൾ ഇട്ടു. വെളിച്ചം പരന്നപ്പോൾ ഊർമ്മിള ഒന്ന് ഞെട്ടി ചുറ്റും നോക്കി. വയറും തടവി നോക്കിനിൽക്കുന്ന അയാളെക്കണ്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

” നീയെന്താ ഊർമ്മിളേ ഈ ലോകത്തൊന്നുമല്ലേ ?
സന്ധ്യയായതൊന്നും നീ കാണുന്നില്ലേ ??
സന്ധ്യാദീപം കൊളുത്താത്തത് പോട്ടെ മനുഷ്യന് വിശന്നിട്ടു വയ്യ. ആഹാരമെങ്കിലും ഉണ്ടാക്കരുതോ നിനക്ക് ? ”

അയാളുടെ പറച്ചിൽ കേട്ട് ഊർമ്മിളയിൽ അവജ്ഞയോടെയുള്ള ഒരു ചിരി വിടർന്നു.

” വലതുകാൽ വച്ച് കയറിവന്ന , മകന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്ന പെണ്ണ് നെഞ്ച് കലങ്ങി ഇറങ്ങിപ്പോകാൻ കാരണമായ ഞാൻ ഇനി സന്ധ്യവിളക്ക് കൊളുത്തിയിട്ടും ഏതൊക്കെ ഈശ്വരന് മുന്നിൽ കുമ്പിട്ടിട്ടും ഒരു കാര്യവുമില്ല ഏട്ടാ. ”

ആത്മനിന്ദയോടെ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി.

” അവളുടെയൊരു ഒടുക്കത്തെ കുറ്റബോധം മനുഷ്യന് വിശന്നിട്ടു പ്രാന്താവുന്നു ”

പിറുപിറുത്തുകൊണ്ട് അയാൾ അടുക്കളയിലേക്ക് നടന്നു.

” ആ ജാതകദോഷക്കാരിയുണ്ടായിരുന്നെങ്കിൽ മര്യാദക്ക് സമയാസമയം ആഹാരമെങ്കിലും കഴിക്കാമായിരുന്നു. ചൊവ്വാദോഷമാണെങ്കിലും അവൾക്ക് നല്ല കൈപ്പുണ്യമായിരുന്നു. ”

അടുക്കളയിലെ കാലിപ്പാത്രങ്ങൾ തുറന്നു നോക്കുമ്പോൾ സ്വയമറിയാതെ അയാൾ പറഞ്ഞു പോയി. അതുകേട്ടുകൊണ്ട് അടുക്കളയിലേക്ക് വന്ന ഊർമ്മിളയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

ഗേറ്റ് കടന്നുവന്ന മഹിയുടെ കാറിന്റെ ശബ്ദം ഊർമ്മിളയിൽ ഒരു ഉൾക്കിടിലം ഉണ്ടാക്കി.

” ഇന്നിവിടെയെല്ലാർക്കും ഇതെന്തുപറ്റി വിളക്ക് പോലും കത്തിച്ചിട്ടില്ലല്ലോ ”

അകത്തേക്ക് നടക്കുമ്പോൾ പൂജാമുറിയിലേക്ക് നോക്കി മഹി പറയുന്നത് അടുക്കളയിൽ നിന്നുകൊണ്ട് ഊർമ്മിള കേട്ടു. നെഞ്ചിൽ കൈ വച്ച് ചുവരിൽ ചേർന്ന് അവർ നിന്നു. സ്റ്റെപ്പ് കയറി അവൻ മുകളിലേക്ക് പോകുന്നത് കാൽപ്പെരുമാറ്റം കൊണ്ട് അവർ തിരിച്ചറിഞ്ഞു.

” മാനസ ……. ” മുകളിലത്തെ മുറിയിൽ നിന്നും മഹിയുടെ സ്വരം ഉയർന്നു കേട്ടു.

” ഈ ഉണ്ടക്കണ്ണി ഇതെവിടെ പോയിക്കിടക്കുവാ എന്നും ഉമ്മറത്തുണ്ടാകുമല്ലോ ഈ സമയത്ത്. ”
പറഞ്ഞുകൊണ്ട് അവൻ വീണ്ടും താഴേക്ക് വന്നു.

” മാനസ എവിടമ്മേ ?? ”

അടുക്കളയിലേക്ക് വന്ന് ജഗ്ഗിലെ വെള്ളം കയ്യിലെടുത്തുകൊണ്ട് അവൻ ചോദിച്ചു. അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവന് പുറം തിരിഞ്ഞു നിന്നുകൊണ്ട് തന്നെ അവർ പറഞ്ഞു

” അവളവളുടെ വീട്ടിൽ പോയി ”

” വീട്ടിൽ പോയെന്നോ എന്നോട് പറയാതെയോ എന്നെ ഫോണിൽ പോലും വിളിച്ചില്ലല്ലോ ” മഹി.

” അല്ല ഇപ്പോ ഇത്ര തിരക്കിട്ട് വീട്ടിൽ പോകാൻ അവിടെന്താ വിശേഷം ഞാനൊന്നും അറിഞ്ഞില്ലല്ലോ ”

സംശയം തീരാതെ അവൻ പിന്നെയും ചോദിച്ചു.

” അതുപിന്നെ….. ”

വാക്കുകൾ കിട്ടാതെ അവർ കുഴങ്ങി.
അവന് നേരെ തിരിഞ്ഞ ഊർമ്മിളയുടെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ കണ്ട് മഹി തെല്ലൊന്നമ്പരന്നു.

” എന്താമ്മേ ഇവിടെന്തുണ്ടായി മാനസ എന്തിനാ വീട്ടിൽ പോയത് ? ”

അവരുടെ തോളിൽ കൈ വച്ച് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി അവൻ ചോദിച്ചു. നിറഞ്ഞൊഴുകുന്ന മിഴികളോടെ നടന്നതെല്ലാം അവനോട് പറയുമ്പോൾ കുറ്റബോധം കൊണ്ട് ഊർമ്മിളയുടെ ശിരസ് കുനിഞ്ഞിരുന്നു.

” അമ്മയുടെ മുഖം കണ്ടപ്പോഴും അവൾ വീട്ടിൽ പോയെന്ന് പറഞ്ഞപ്പോഴും അവളിൽ നിന്നും എന്തെങ്കിലും വീഴ്ച പറ്റിയോ എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷേ , എന്റമ്മയിൽ നിന്നും ഞാൻ ഇതൊന്നും പ്രതീക്ഷിച്ചില്ല. എന്നിലും അവളമ്മയെ സ്നേഹിച്ചതല്ലേ . എന്നിട്ടും വയറ്റിലൊരു കുഞ്ഞിനെപ്പേറുന്ന അവളുടെ മുഖത്ത് നോക്കി ഇത്രയ്ക്കും ക്രൂരമായി സംസാരിക്കാൻ അമ്മയ്ക്ക് എങ്ങനെ തോന്നി അമ്മേ ? ”

” എന്റെ കുഞ്ഞ് ഈ കുടുംബത്തിന് നാശം വിതയ്ക്കുമെന്ന് അമ്മയ്ക്കും പേടിയുണ്ടല്ലേ ?
അപ്പോ അമ്മയുടെ ഈ മകന്റെ ജാതകത്തിൽ ദോഷമില്ലെന്ന് അമ്മയ്ക്ക് ഉറപ്പിച്ചു പറയാമോ ? എന്റെ ജാതകദോഷം കൊണ്ടാണ് അച്ഛൻ മരിച്ചതെന്നും അമ്മാമ്മ പറഞ്ഞതല്ലേ ? ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതല്ലേ അവളുടെ താലി അത് നഷ്ടപ്പെടാൻ കാരണമായ ജാതകമായിട്ടും എന്നെ എന്തുകൊണ്ടാ അമ്മ ഉപേക്ഷിക്കാതിരുന്നത്. അമ്മയുടെ വയറ്റിൽ പിറന്ന മകനായതുകൊണ്ട്. അതുപോലെതന്നെയാ അമ്മേ എനിക്കും എന്റെ കുഞ്ഞ്. അതിനി എന്റെ ജീവന് ആപത്താണെങ്കിലും എനിക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ ”

മഹിയുടെ വാക്കുകൾക്ക് മുന്നിൽ നിന്ന് ഉരുകിയൊലിക്കുകയായിരുന്നു ഊർമ്മിള. ഷർട്ടിന്റെ കോളറിൽ കണ്ണ് തുടച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു.

” ദേവമ്മാമേ……”

ഹാളിൽ നിന്നുള്ള അവന്റെ വിളിയിൽ പാലാഴി നടുങ്ങി . ദേവൻ പതിയെ ഹാളിലേക്ക് വന്നു. തറയിൽ മിഴിയൂന്നി നിൽക്കുന്ന അയാളെകണ്ട് മഹിയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.

” നിങ്ങളിവിടുത്തേ ആരാ? ”

അവന്റെ ചോദ്യം കേട്ട് അയാൾ ഒന്ന് പകച്ചു. എങ്കിലും അത് പുറത്തുകാണിക്കാതെ പറഞ്ഞു ” നീ സംസാരിക്കുന്നത് നിന്റെ അമ്മാമ്മയോടാണെന്ന് നീ മറക്കരുത്. അച്ഛനില്ലാത്ത നിന്റെ അച്ഛന്റെ സ്ഥാനത്താണ് ഞാൻ നിനക്ക്. ”

” അച്ഛന്റെ സ്ഥാനത്തല്ലേ അച്ഛനൊന്നുമല്ലല്ലോ . ഞാൻ താലികെട്ടിയ എന്റെ പെണ്ണിന്റെയും എന്റെ രക്തത്തിൽ പിറന്ന എന്റെ കുഞ്ഞിന്റെയും ജാതകം ചികയാൻ നിങ്ങളാരാ ? ”

കണ്ണിനുനേരെ വിരൽ ചൂണ്ടിയുള്ള അവന്റെ ചോദ്യങ്ങൾക് മുന്നിൽ മൊഴിമുട്ടി അവനെത്തന്നെ തുറിച്ചു നോക്കി അയാൾ നിന്നു.

” ഇന്നിവിടുന്ന് ഇറങ്ങിപ്പോയത് ഞാൻ താലി കെട്ടിക്കോണ്ട് വന്ന എന്റെ പെണ്ണാണ്. അവൾക്ക് എന്ത് ദോഷമുണ്ടെങ്കിലും അത് ഞാൻ സഹിച്ചോളാം. അവളെവിടുന്ന് ഇറക്കിവിടാൻ എന്റെ അമ്മാമ്മ ജ്യോതിഷരത്നം ദേവരാജൻ വിചാരിച്ചാൽ പോരാ. പിന്നെ ഞാൻ തിരിച്ചുവരുമ്പോൾ നിങ്ങളെയിവിടെ കാണാൻ പാടില്ല. എങ്ങോട്ടാണെന്ന് വച്ചാൽ പൊക്കോണം ”

പറഞ്ഞുകൊണ്ട് മഹി പുറത്തേക്ക് ഇറങ്ങിപ്പോയി. ദേവനിൽ ഒരു ഞെട്ടലുളവായി.

” ഊർമ്മിളേ നീ കേട്ടില്ലേ ധിക്കാരിയായ നിന്റെ മോൻ പറഞ്ഞത്. എന്നോട് വീട്ടിൽ നിന്നിറങ്ങി പോകാൻ. ഈ രാത്രി ഞാനെങ്ങോട്ട്‌ പോകാനാ ? ”

എല്ലാം കണ്ടും കെട്ടും ചുമരിൽ ചാരി നിന്നിരുന്ന ഊർമ്മിളയെ നോക്കി അയാൾ ചോദിച്ചു.

” മഹി പറഞ്ഞതിനപ്പുറമൊന്നും എനിക്ക് ഏട്ടനോട് പറയാനില്ല അവൻ വരും മുന്നേ ഏട്ടൻ പോകാൻ നോക്ക് ”

പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ മുകളിലേക്ക് പോകുന്ന ഊർമ്മിളയെ നോക്കി ഒരു പ്രതിമ പോലെ അയാൾ നിന്നു. അപ്പോൾ മഹിയുടെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.

****************************************

ശ്രീശൈലത്തിലും മൂകത തളം കെട്ടിയിരുന്നു. വിളമ്പിവച്ച ചോറിൽ വെറുതെ ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു മാനസ. രാജീവനും മായയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെങ്കിലും അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ ഉള്ളു മുഴുവൻ പാലാഴിയായിരുന്നു.

” ” ഓഫീസിൽ നിന്നും വന്നാൽ മഹിയേട്ടന് ചായ നിർബന്ധമാണ്. വരുമ്പോൾ മുതൽ മനസാ ചായ എടി ഉണ്ടക്കണ്ണി കുളിക്കാൻ തോർത്ത്‌ എന്നൊക്കെപ്പറഞ്ഞ് ഇടക്കിടക്ക് വിളിച്ചുകൊണ്ടേയിരിക്കും. ”

ഓർമകൾക്ക് വിരാമമിട്ടുകൊണ്ട് പുറത്തേതോ വണ്ടി വന്നത് കേട്ട് അവൾ ധൃതിയിൽ മിഴികൾ തുടച്ചു. അകത്തേക്ക് കയറിവന്ന ആളിനെകണ്ട് അവൾ പിടഞ്ഞെണീറ്റു.

” മഹിയേട്ടൻ …… ”

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

” പെട്ടന്ന് റെഡിയായി വാ പോകാം ”

അവളുടെ നേരെ നോക്കി അവൻ പറഞ്ഞു.

” ഞാൻ വരുന്നില്ല മഹിയേട്ടൻ പൊക്കൊ ”

ചോറിൽ വിരലിട്ട് മുഖമുയർത്താതെ തന്നെ മാനസ പറഞ്ഞു.

” നിന്നെ കൊണ്ടുപോകാനാണ് ഞാൻ വന്നതെങ്കിൽ നിന്നേം കൊണ്ടേ ഞാൻ പോകൂ ചെന്നൊരുങ്ങാൻ നോക്ക് ”

മഹിയുടെ ശബ്ദം ഉയർന്നു.

” എനിക്കിനി നിങ്ങടെ കൂടെ ജീവിക്കാൻ പറ്റില്ല . ”

മാനസയുടെ വാക്കുകൾ ഒരു കൊള്ളിയാൻ പോലെ അവന്റെ നെഞ്ചിലൂടെ പുളഞ്ഞു പോയി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 2

ചൊവ്വാദോഷം : ഭാഗം 3

ചൊവ്വാദോഷം : ഭാഗം 4

ചൊവ്വാദോഷം : ഭാഗം 5

ചൊവ്വാദോഷം : ഭാഗം 6

Share this story