പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 21

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

മറുവശത്ത് ഫോൺ കട്ട്‌ ആകുന്ന സൗണ്ട് കേട്ടപ്പോൾ ഡേവിഡിന്റെ ചുണ്ടിൽ അറിയാതൊരു ചിരി വിടർന്നു. കലിപ്പോടെയാണ് രാജേഷ് ഫോൺ വെച്ചതെന്ന് അവന് അറിയാം.
അവനെ കുറ്റം പറയാൻ സാധിക്കില്ല…. പവിത്രയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ആങ്ങളയുടെ രോക്ഷം ആണ് അവൻ കാണിച്ചത്.

പക്ഷേ എനിക്ക് പവിത്രയോട് പ്രണയം ഉണ്ടെങ്കിലും അത് തുറന്നു പറയാൻ കഴിയില്ല. കാരണം അവളുടെ ഉള്ളിൽ പ്രണയം എന്നൊരു വികാരം ഇപ്പോൾ ഒരു തരിമ്പും ഇല്ല….
ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടത്താൻ വേണ്ടി ജീവിതം മാറ്റി വെച്ചവൾ ആണ് പവിത്ര.ആ മനസ്സിൽ എനിക്കായി ഒരു സ്ഥാനം ഇതേ വരെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…
ഇപ്പോൾ ലഭിച്ച ഈ ചെറിയ സൗഹൃദം എങ്കിലും എനിക്ക് കാത്തുസൂക്ഷിച്ചേ പറ്റൂ…
പവിത്രയുടെ ഉള്ളിലും തനിക്കായി ഒരു ഇഷ്ടം തുടിക്കുന്നത് വരെ കാത്തിരിക്കണം…
കാത്തിരിക്കും… !

രാവിലെ തന്നെ പത്മം പശുക്കളെ അഴിച്ചു കെട്ടിയിട്ട് അടുക്കള വഴി അകത്തേക്ക് കേറാൻ തുനിയുമ്പോൾ ആണ് മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നത്.

” ആരിത് ആദിമോനോ… ”
അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആദർശിനെ സ്നേഹത്തോടെ പത്മം അകത്തേക്ക് ക്ഷണിച്ചു.

” അകത്തേക്ക് കേറുന്നില്ല അമ്മേ പവിത്രേച്ചി എവിടെ ”

” അവൾ അകത്തുണ്ട് വായനശാലയിലേക്ക് പോകാൻ ഒരുങ്ങുവാ ”
അവനോട് പറയുന്നതിനൊപ്പം അകത്തേക്ക് നോക്കി പവിത്രയെ വിളിക്കുകയും ചെയ്തു.

” മോൻ രാവിലെ കാപ്പി കുടിച്ചിട്ടാണോ ഇറങ്ങിയത്… അമ്മ ഇലയട കഴിക്കാൻ എടുക്കട്ടെ ”
പത്മത്തിന്റെ വാത്സല്യത്തോടുള്ള സംസാരം കേൾക്കുംതോറും രണ്ട് അമ്മമാരേ കിട്ടിയ സന്തോഷമായിരുന്നു ആദർശിന്റെ ഉള്ളിൽ.

” രാവിലത്തെ കഴിച്ചിട്ടാ അമ്മേ ഇറങ്ങിയത്… ഞാൻ ഇന്നുമുതൽ ജോലിക്ക് കേറി തുടങ്ങുവാ അമ്മയുടെ അനുഗ്രഹം മേടിക്കാൻ വന്നതാ ”
അവൻ പത്മത്തിന്റെ കാലിൽ തൊട്ട് തൊഴുതു.
അവരുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു.

” നന്നായി വരും എന്റെ മോൻ ”
ആദർശിന്റെ തലയിൽ തൊട്ടനുഗ്രഹിച്ചു കൊണ്ടവർ പറഞ്ഞു. എണീറ്റു വന്ന ആദിയെ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരു മുത്തം നൽകി. അതുകണ്ട് കൊണ്ടാണ് പവിത്ര അകത്തു നിന്ന് വന്നതും ഡേവിഡ് മുറ്റത്തേക്ക് വന്നതും.

സ്വന്തം മകൻ അല്ല.. ഭർത്താവിന്റെ മറ്റൊരു ബന്ധത്തിലെ മകൻ… എങ്ങനെ ഈ അമ്മയ്ക്കും മകൾക്കും സ്നേഹിക്കാൻ കഴിയുന്നു.. ഡേവിഡ് അത്ഭുതത്തോടെയാണ് അവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ട് നിന്നത്. സ്വന്തം ചോരയോട് പോലും പടവെട്ടുന്ന മനുഷ്യരുടെ ലോകത്ത് ഇങ്ങനെയും ചിലർ… !
അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു.

” പവിത്രേച്ചി ഞാൻ ഇന്നുമുതൽ ജോലിക് പോയി തുടങ്ങുവാ ”
പവിത്രയെ കണ്ടതും ആദി അവളുടെ അടുത്തേക്ക് തിരിഞ്ഞു.

” മ്മ് അറിഞ്ഞിരുന്നു കൈമൾ സാർ പറഞ്ഞിരുന്നു.. ”
അവൾ മുറ്റത്തേക്ക് ഇറങ്ങുന്ന സ്റ്റെപ്പിന്റെ അടുത്തേക്ക് പോയി നിന്നു. അവളുടെ മുഖത്തെ ഗൗരവം കണ്ട് ഡേവിഡിന് ചിരി വരുന്നുണ്ടായിരുന്നു.
പവിത്ര അവനെ നോക്കി കണ്ണുരുട്ടി.

പെട്ടെന്നായിരുന്നു ആദി വന്നു പവിത്രയുടെ കാലിൽ തൊട്ട് തൊഴുതത്.
ആ പ്രവർത്തിയിൽ അവൾ ഒന്ന് പതറി എന്ത് ചെയ്യണമെന്ന് അറിയാതെ പവിത്ര എല്ലാവരെയും മാറി മാറി നോക്കി.
പിന്നെ അവനെ പിടിച്ചു എണീപ്പിച്ചു. തോളിൽ തട്ടി മുറ്റത്തേക്ക് ഇറങ്ങി.

ഒന്നും പറഞ്ഞില്ലെങ്കിലും ആ തട്ടലിൽ തന്നെ തനിക്കുള്ള അനുഗ്രഹവും ആശീർവാദവും ഉണ്ടെന്ന് ആദർശിന് അറിയാമായിരുന്നു.
വെപ്രാളത്തോടെ മുറ്റത്തേക്ക് ഇറങ്ങിയ പവിത്രയുടെ കണ്ണുകളിലെ തിളക്കത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു അവൾ അപ്പോൾ അനുഭവിച്ച സന്തോഷവും അഭിമാനവും.

” ഡാ നിനക്ക് എന്റെ അനുഗ്രഹം ഒന്നും വേണ്ടേ.. ഫ്രീ ആയിട്ട് രണ്ട് കാൽ ഇവിടുണ്ട് വേണേൽ വന്നു പിടിച്ചിട്ട് പൊക്കോ ”
സന്ദർഭത്തിന് ഇത്തിരി അയവ് വരുത്താൻ വേണ്ടി ഡേവിഡ് തന്നെ വേണം. എല്ലാവരും ചിരിയോടെ അവനെ നോക്കി.

അളിയാ എന്ന് വിളിച്ചു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story