നിനക്കായ്‌ : PART 4

നിനക്കായ്‌ : PART 4

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” അയ്യോ സൂര്യൻ ഈ രാത്രി പടിഞ്ഞാറുദിച്ചോ ? ”

എട്ടുമണിയോടെ വീട്ടിലേക്ക് കയറിവന്ന അജിത്തിനെ കണ്ട് അനു ചിരിയോടെ ചോദിച്ചു.

” പോടീ ഉണ്ടത്തക്കിടി ”

ഒരു ചമ്മിയ ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് നടന്നു.

” എടിയേ നമ്മുടെ ഇളയ പുത്രൻ ഇന്ന് നേരത്തെ എത്തിയിട്ടുണ്ട്. എന്തുപറ്റിയോ എന്തോ ”

അടുക്കളയിൽ നിന്ന് ചപ്പാത്തിക്ക് കുഴച്ചുകൊണ്ടിരുന്ന ഗീതയുടെ അരികിലേക്ക് വന്നുകൊണ്ട് അരവിന്ദൻ പറഞ്ഞു.

” ആഹാ അജി വന്നോ ഇന്നെന്തുപറ്റി ? ”

ഗീതയുടെ മുഖത്തും അമ്പരപ്പായിരുന്നു.

” അനൂ….. ദേ ഈ ചായ അജിക്ക് കൊണ്ട് കൊടുത്തേ ”

അടുക്കളയിൽ നിന്നും ഗീത ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

” എന്റമ്മേ ഞാനിവിടെ വെറുതെയിരിക്കുവല്ല ഈ അസൈൻമെന്റ് നാളെ സബ്മിറ്റ് ചെയ്യേണ്ടതാ അതിനിടയിലാ ഒരു ചായ. ”

വിളിച്ചു പറഞ്ഞുകൊണ്ട് അവൾ വീണ്ടും എഴുത്ത് തുടർന്നു.

” അവളെഴുതിക്കോട്ടമ്മേ ഇങ്ങ് താ ഞാൻ കൊണ്ട് കൊടുക്കാം ”

കറിക്ക് നുറുക്കിക്കോണ്ടിരുന്ന അഭിരാമി പറഞ്ഞു.

” ഹലോ മാഷേ ചായ കുടിച്ചാൽ പിരിയോ ? ”

ബെഡിലിരുന്ന അജിത്തിന് നേരെ ചായ ഗ്ലാസ്‌ നീട്ടിക്കൊണ്ട് ചിരിയോടെ അവൾ ചോദിച്ചു.

” ഇന്നെന്തായാലും പിരിയില്ല ”

അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങിക്കൊണ്ട് അവനും പറഞ്ഞു.

” അല്ല ഇന്ന് ഒന്നാം തീയതി വല്ലതുമാണോ ? ”
ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു.

” അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ ? ”

” അല്ല നേരത്തേ വീട്ടിൽ വന്നു , അതും നല്ല ബോധത്തോടെ ഇനി ബാർ വല്ലതും അവധിയാണോന്നറിയാൻ ചോദിച്ചതാ ”
ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. മറുപടിയൊന്നും പറയാതെ അവനും വെറുതെ ഒന്ന് ചിരിച്ചു.

” എന്റെ പൊന്ന് ചേച്ചി ഒന്നിറങ്ങി വാ ”

അനുവിന്റെ ശബ്ദം കേട്ടാണ് കാലത്ത് അജിത്ത് ഉറക്കമുണർന്നത്. പതിയെ താഴേക്ക് ചെല്ലുമ്പോൾ അവൾ ഒരുങ്ങി റെഡിയായി പൂമുഖത്ത് ഇരുപ്പുണ്ടായിരുന്നു.

” ഇതെങ്ങോട്ടാണാവോ ഉണ്ടത്തക്കിടി കാലത്തേ കോലം കെട്ടി ? ”

അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനായി അവൻ വെറുതെ ചോദിച്ചു.

” നീ പോടാ ചേട്ടാ ഞാൻ ഉണ്ടത്തക്കിടിയൊന്നുമല്ല ”

അവൾ ചുണ്ട് കൂർപ്പിച്ച് ഉണ്ടക്കണ്ണുരുട്ടി നോക്കിക്കൊണ്ട് പറഞ്ഞു.

” ഓഹ് എന്നാ സ്ലിം ബ്യൂട്ടി എങ്ങോട്ടാ ? ”

അവളെ കളിയാക്കിക്കോണ്ട് അജിത്ത് വീണ്ടും ചോദിച്ചു.

” അഭി ചേച്ചി ഇന്നുമുതൽ ഓഫീസിൽ പോയിത്തുടങ്ങുവാ അതുകൊണ്ട് അമ്പലത്തിൽ പോകാനിരിക്കുവാ അതിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ല ”

അകത്തേക്ക് കണ്ണും നട്ടിരുന്നുകൊണ്ട് അവൾ പറഞ്ഞു .

” പോകാം ”

പറഞ്ഞുകൊണ്ട് ധൃതിയിൽ അങ്ങോട്ട് വന്ന അഭിരാമി പറഞ്ഞു. പെട്ടന്ന് അജിത്തിന്റെ കണ്ണുകൾ അവളിൽ തറഞ്ഞുനിന്നു .

ഒരു പിങ്ക് ദാവണിയായിരുന്നു അവളുടെ വേഷം . അതിന് മാച്ചിംഗ് കമ്മലും കൈ നിറയെ വളകളും കഴുത്തിലൊരു ചെറിയ സ്വർണ ചെയിനും അവൾ ധരിച്ചിരുന്നു. കരിമഷിയെഴുതിയ അവളുടെ ഉണ്ടക്കണ്ണുകളും ചുവന്നുതുടുത്ത അധരങ്ങളും ചുണ്ടിന് മുകളിലെ കറുത്ത മറുകും എല്ലാം കൂടി കണ്ട് അവൻ അവളെത്തന്നെ നോക്കി നിന്നു.

” ഒന്ന് വാ ചേച്ചി ഇനി വൈകിയാൽ എനിക്ക് കോളേജിൽ പോകാൻ ലേറ്റാകും ”

അനുവിന്റെ ശബ്ദം കേട്ട് അവൻ പെട്ടന്ന് അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു. അവൾ വേഗം അഭിരാമിയുടെ കൈകളിൽ പിടിച്ചുവലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ പിന്തിരിഞ്ഞ അഭിരാമി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾക്കൊപ്പം വേഗം നടന്നു. നടക്കുമ്പോൾ അവളുടെ ഈറൻ മുടിയിൽ നിന്നും ഇറ്റു വീണിരുന്ന വെള്ളത്തുള്ളികൾ ദാവണിയുടെ പിൻഭാഗം നനച്ചിരുന്നു.

———————————————————

പോകാൻ റെഡിയാകാൻ വേണ്ടി മുകളിൽ വന്ന് കുളിച്ചുകൊണ്ടിരിക്കുമ്പോഴും ഉള്ള് നിറയെ അവളായിരുന്നു. അഭിരാമി.
ദാവണിയൊക്കെ ഉടുത്തപ്പോൾ പെണ്ണിന്റെ ചന്തം വല്ലാതങ്ങ് കൂടിയതുപോലെ. അവളുടെ പിന്നിൽ പരന്നുകിടന്നിരുന്ന തുളസിക്കതിർ ചൂടിയ നീണ്ട മുടിയിഴകൾ കണ്ണിൽ നിന്നും മാഞ്ഞിരുന്നില്ല.

” അല്ലെങ്കിലും പണ്ടും നീണ്ട മുടി എനിക്കൊരു വീക്നെസ് ആയിരുന്നല്ലോ ”

” അജീ …….. ”

പെട്ടന്ന് പുറത്തുനിന്നും അമ്മയുടെ വിളി കേട്ടു.

” എന്താമ്മേ ? ”

തല തുടച്ചുകൊണ്ട് ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചു.

” നിനക്കിന്ന് ഓഫീസിൽ പോണ്ടേ ? ”

അമ്മ മറുചോദ്യം ചോദിച്ചു.

” ആഹ് പോണം ” ഞാൻ.

” നിന്റെ ഓഫീസിന് മുന്നേയല്ലേ അഭിയുടെ ഓഫീസ്. പോകുമ്പോൾ അവളെ അങ്ങോട്ടൊന്നാക്കിയേക്ക് . നിങ്ങൾ രണ്ടാളും ഒരേ വഴിക്കാകുമ്പോൾ പിന്നെ അവളെന്തിനാ ബസ്സിൽ കിടന്ന് തൂങ്ങുന്നത് ”

പറഞ്ഞുകൊണ്ട് മറുപടിക്ക് കാക്കാതെ അമ്മ താഴേക്ക് പോയി. റെഡിയായി താഴേക്ക് വരുമ്പോൾ അവളും റെഡിയായിരുന്നു. ഇപ്പോൾ ദാവണിയൊക്കെ മാറ്റി നീല നിറത്തിൽ ഒരു ചുരിദാറായിരുന്നു അവളുടെ വേഷം. തലമുടി പിന്നിക്കെട്ടി മാറിലൂടെ മുന്നിലേക്കിട്ടിരുന്നു. നീണ്ട പുരികങ്ങൾക്കിടയിൽ ഒരു കുഞ്ഞ് പൊട്ടും വച്ചിരുന്നു.

” പോകാം ? ”

എന്റെ ചോദ്യത്തിന് മറുപടിയായി അവളൊന്ന് മൂളുക മാത്രം ചെയ്തു.

” അമ്മേ… അച്ഛാ … പോയിട്ട് വരാം ”

അകത്തേക്ക് നോക്കി അവൾ വിളിച്ചുപറഞ്ഞു.

” ശരി മോളെ ”

പൂമുഖത്തിരുന്ന അച്ഛനും അമ്മയും ചിരിയോടെ ഒരേ സ്വരത്തിൽ പറഞ്ഞു.
പോകുമ്പോൾ എന്തുകൊണ്ടോ ഞാനും അവളും പരസ്പരം ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. പിന്നിൽ എന്നെ മുട്ടാതെ ശ്രദ്ധിച്ചാണ് അവളിരുന്നത്.

” വൈകുന്നേരം ഞാൻ ബസ്സിൽ പോണോ അതോ അജിത്തേട്ടൻ വരുമോ ? ”

അവളുടെ ഓഫീസിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ അവൾ ചോദിച്ചു.

” ഞാൻ വന്നോളാം ”

ഞാനത് പറയുമ്പോൾ ഒരു ചെറുപുഞ്ചിരിയെനിക്ക് സമ്മാനിച്ച് അവൾ നടന്നുനീങ്ങി . അവൾ നടന്നു പോകുന്നത് നോക്കിയിരിക്കുമ്പോൾ അവളൊന്നുകൂടി തിരിഞ്ഞുനോക്കിയിരുന്നെങ്കിലെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു. പക്ഷേ , ആ ഉണക്കക്കൊള്ളി ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി. പിന്നവിടെ നിന്നിട്ട് കാര്യമില്ലാത്തോണ്ട് ഞാൻ പതിയെ ബൈക്ക് മുന്നോട്ടെടുത്തു.

———————————————————

അകത്തേക്ക് നടക്കുമ്പോഴും ഉള്ളുമുഴുവൻ അജിത്തേട്ടന്റെ മാറ്റമായിരുന്നു. ആദ്യമായി കണ്ടപ്പോൾ പിടിച്ചു വിഴുങ്ങാൻ നിന്ന ആളാണ് ഇപ്പോ ബൈക്കിൽ കൊണ്ട് വിട്ടിട്ട് പോയതെന്ന് വിശ്വാസിക്കാൻ കഴിയുന്നില്ല.

” ചെന്നോളൂ ”

റിസപ്ഷനിലിരുന്ന പെൺകുട്ടിയുടെ സ്വരം കേട്ട് അഭിരാമിയുടെ ചിന്തകൾ മുറിഞ്ഞു. ആ പെൺകുട്ടി ചൂണ്ടിക്കാണിച്ച ഡോറിന് നേരെ അവൾ നടന്നു. ഗോകുൽ മേനോൻ സിഇഒ എന്നെഴുതിയ ഡോർ ലോക്ക് പിടിച്ചു തിരിക്കുമ്പോൾ അവളുടെ കൈകൾ ചെറുതായി വിറകൊണ്ടിരുന്നു.

” മേ ഐ കമിൻ സർ ? ”

ഗ്ലാസ്‌ ഡോർ തുറന്ന് അകത്തേക്ക് തല നീട്ടി അവൾ ചോദിച്ചു.

” യെസ് കമിൻ ”

അകത്ത്‌ നിന്നും ഉറച്ച സ്വരത്തിൽ മറുപടി വന്നു. അകത്തേക്ക് കടക്കുമ്പോൾ സിഇഒ എന്ന് നെയിം ബോർഡ് വച്ച ടേബിളിന് പിന്നിലായി സുമുഖനായ ചെറുപ്പക്കാരൻ ഇരുന്നിരുന്നു.

” ഇരിക്കൂ ”

അവളെ അടിമുടി നോക്കി മുന്നിൽ നിരത്തിയിട്ട ചെയറുകളിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

” അഭിരാമി അല്ലേ ? ”

അവളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ ചോദിച്ചു.

” അതേ സർ ”

അയാൾക്ക് മുന്നിലെ കസേരയിലേക്ക് ഇരുന്ന് അപ്പോയ്ന്റ്മെന്റ് ഓർഡർ ടേബിളിൽ വച്ചുകൊണ്ട് അവൾ പറഞ്ഞു.

” ആദ്യമായിട്ടാണല്ലേ ജോബിന് ? ”

അപ്പോയ്ന്റ്മെന്റ് ഓർഡർ പരിശോധിക്കുന്നതിനിടയിൽ ടേബിളിലിരുന്ന അവളുടെ വിറക്കുന്ന കൈകളിലേക്ക് നോക്കി ഒരു ചെറുചിരിയോടെ ഗോകുൽ ചോദിച്ചു.

” അതേ സാർ ”

പരിഭ്രമം മറച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” ദെൻ ഓൾ ദി ബെസ്റ്റ് അഭിരാമി വീണയെ കണ്ടാൽ അഭിരാമിയുടെ ക്യാബിനും ജോലിയും പറഞ്ഞുതരും. ”

ചിരിയോടെ അവൾക്ക് നേരെ കൈ നീട്ടിക്കൊണ്ട് ഗോകുൽ പറഞ്ഞു.

” താങ്ക്യു സാർ ”

എണീറ്റ് അയാൾക്ക് ഷേക്ഹാൻഡ് നൽകുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

” അഭിരാമി…… ”

അവൾ തിരിഞ്ഞ് ഡോറിനരികിലേക്ക് നടക്കുമ്പോൾ ഗോകുൽ വിളിച്ചു.

” എന്താ സാർ ? ”

പെട്ടന്ന് തിരിഞ്ഞുകൊണ്ട് അവൾ ചോദിച്ചു.

” യു ലുക്ക്‌ സോ ബ്യൂട്ടിഫുൾ ”

അവളെയൊന്ന് ഉഴിഞ്ഞു നോക്കി ഒരു ചിരിയോടെ അവൻ പറഞ്ഞു.

” താങ്ക്യു സാർ ”

ഒരു വല്ലായ്മയോടെ പറഞ്ഞുകൊണ്ട് അവൾ വേഗം ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

” ഹായ് ഞാൻ വീണ ”

പുറത്തേക്ക് ഇറങ്ങുമ്പോൾ അവളെ കാത്തെന്നപോലെ നിന്നിരുന്ന പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

” അഭിരാമി ”

അവളും ചിരിയോടെ പറഞ്ഞു. അവർ വളരെപ്പെട്ടന്ന് അടുത്തു. പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു വീണ. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ചെറിയ കുടുംബത്തിലെ ഇളയ കുട്ടി. അവളും കമ്പനിയിൽ ജോയിൻ ചെയ്തിട്ട് അധിക കാലമായിരുന്നില്ല.

” അപ്പോ നാളെ കാണാം ”

അഞ്ചുമണിയോടെ ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അഭിരാമിയോടായി പറഞ്ഞുകൊണ്ട് വീണ ബസ്റ്റോപ്പിലേക്ക് നടന്നു.

” അഭിരാമി എന്താ ഇവിടെ നിക്കുന്നത് കയറിക്കോളൂ ഞാൻ ഡ്രോപ്പ് ചെയ്യാം ”

അവൾക്ക് മുന്നിലായി കാറ് കൊണ്ടുനിർത്തി ഗോകുൽ പറഞ്ഞു.

” വേണ്ട സാർ എന്നെ കൊണ്ടുപോകാൻ കസിൻ വരും ”

അഭിരാമി പെട്ടന്ന് പറഞ്ഞു.

” ദെൻ ഓക്കേ അഭിരാമി ”

അൽപ്പം നിരാശ ഭാവത്തിൽ പറഞ്ഞിട്ട് ഗോകുൽ കാർ മുന്നോട്ടെടുത്തു.
അവിടെത്തന്നെ നിന്ന അഭിരാമി അജിത്തിന്റെ ബൈക്ക് ദൂരെ നിന്നും വരുന്നത് കണ്ട് റോഡിന്റെ അപ്പുറത്തേക്ക് നടന്നു . പെട്ടന്ന് പാഞ്ഞ് വന്ന ഒരു ബൈക്ക് അവളെ തട്ടി റോഡിന്റെ സൈഡിലേക്കിട്ടു.

” അഭീ …… ”

കണ്ണുകളടയും മുന്നേ വിളിച്ചുകൊണ്ട് പാഞ്ഞു വരുന്ന അജിത്തിനെ ഒരു പുകമറയിലെന്ന പോലെ അവൾ കണ്ടു.

” അഭീ ”

ഓടി വന്ന് അവളെ വാരിയെടുത്തുകൊണ്ട് ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു.ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവളുടെ നെറ്റിയിൽ ചെറിയൊരു മുറിവ് മാത്രമാണ് ഉണ്ടായിരുന്നത്.

” പേടിക്കാനൊന്നുമില്ല തലയിലൊരു ചെറിയ മുറിവ് മാത്രേ ഉള്ളു . അതത്ര സാരമുള്ളതല്ല. ”

പുറത്തേക്ക് വന്ന ഡോക്ടർ അജിത്തിനോടായി പറഞ്ഞു. അവന്റെ മുഖത്ത് ആശ്വാസം പടർന്നു. അഭിരാമി കണ്ണ് തുറക്കുമ്പോൾ ബെഡിനരികിലെ കസേരയിൽ ഒരു കൈകൊണ്ട് നെറ്റി തടവിക്കോണ്ട് അജിത്തിരുന്നിരുന്നു.

” അജിത്തേട്ടാ …. ”

കൈ നീട്ടി അവന്റെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് അവൾ വിളിച്ചു. പെട്ടന്ന് അവൻ തല ഉയർത്തി നോക്കി ആ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

Share this story