നിനക്കായ്‌ : PART 5

നിനക്കായ്‌ : PART 5

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” എന്താ മാഷേ കണ്ണൊക്കെ വല്ലാതെ ? ”
ഒരു വാടിയ ചിരിയോടെ അവനെ നോക്കി അവൾ ചോദിച്ചു.
” അത്…. അതുപിന്നെ ചൂടിന്റെയാ രാവിലെ വീട്ടിന്നിറങ്ങിയതല്ലേ ”
പെട്ടന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു.

” തനിക്കിപ്പോ എങ്ങനുണ്ട് ? വേദനയുണ്ടോ ഇപ്പൊ ? ”

” ഏയ് എനിക്ക് കുഴപ്പൊന്നുല്ല പിന്നെ ചെറിയൊരു തലവേദനയുണ്ട് അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. ”

അവൾ പുഞ്ചിരിയോടെ പറഞ്ഞു.
പെട്ടന്ന് അജിത്തിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അവൻ വേഗം ഫോൺ എടുത്ത് ചെവിയോട് ചേർത്തു.

” ഹലോ അച്ഛാ ……

ആഹ് എന്റെ കൂടെ ഉണ്ട് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്.

വേണ്ടച്ഛാ ഞങ്ങളിപ്പൊ ഇറങ്ങും. ഡ്രിപ്പ് കഴിയാറായി

ഇല്ല നെറ്റിയിലൊരു ചെറിയ മുറിവേയുള്ളൂ.

ശരിയച്ഛാ. ”

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അവനെത്തന്നെ നോക്കി അഭിരാമി കിടന്നു.

” വീട്ടിന്ന് അച്ഛനാ തന്നെ ഇതുവരെ കാണാത്തതിന്റെ ടെൻഷനിലായിരുന്നു അവർ ”

ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലേക്ക് ഇട്ടുകൊണ്ടാണ് അവനത് പറഞ്ഞത്. അവൾ വെറുതേ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

” എന്താ മോളേ എന്തുപറ്റി ? ”

ബൈക്കിൽ നിന്നുമിറങ്ങിയ അഭിരാമിയുടെ നെറ്റിയിലെ മുറിവിനു മുകളിലൂടെ മൃദുവായി വിരലോടിച്ചുകൊണ്ട് ഗീത ചോദിച്ചു. പൂമുഖത്ത് നിന്ന അരവിന്ദന്റെയും അനുവിന്റെയും ഉള്ളിലും അപ്പോൾ അതേ ചോദ്യം തന്നെയായിരുന്നു.

” ഒന്നുല്ലമ്മേ അജിത്തേട്ടന്റടുത്തേക്ക് വരാൻ റോഡ് ക്രോസ് ചെയ്യുമ്പോൾ പറ്റിയതാ ”

എല്ലാവരെയും നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു. പ്രത്യേകിച്ച് ഒന്നും പറയാതെ അജിത്ത് അകത്തേക്ക് കയറിപ്പോയി.

” അല്ലെങ്കിലും ഈ അഭിചേച്ചിക്ക് ഒരു ശ്രദ്ധയുമില്ല ഇപ്പോഴും കൊച്ചുകുട്ടികളെ പോലെയാ റോഡ് ക്രോസ് ചെയ്യുക. ഒരു സൈഡിൽ വണ്ടിയില്ലെങ്കിൽ അപ്പുറം നോക്കാതെ നേരെയെടുത്ത് നടുറോഡിലേക്ക് ചാടും “.

അനുവത് പറയുമ്പോൾ ഒരു ചമ്മിയ ചിരിയോടെ നിൽക്കുകയായിരുന്നു അഭിരാമി.

” ഓ ശ്രദ്ധയുള്ള ഒരു വല്യ കുട്ടി വന്നേക്കുന്നു റോഡിലിറങ്ങിയാൽ ഫോണിൽ നിന്നും തല നിവർക്കാത്ത പാർട്ടിയാ ഈ പറയുന്നത്

എന്റെ പൊന്നുമോള് പോയിരുന്ന് പഠിക്കാൻ നോക്ക് ”

അനുവിന്റെ തലയിൽ തട്ടിക്കൊണ്ട് അരവിന്ദൻ പറഞ്ഞു.

” ഈൗ … കിട്ടിയ ചാൻസിൽ ഒരു ഗോളടിക്കാൻ നോക്കിയതാ അച്ഛനത് പൊളിച്ചു. ”

ഒരു ചമ്മിയ ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് പോയി. അഭിരാമിയും പതിയെ മുകളിലേക്ക് നടന്നു. മുറിയിലെത്തി ബെഡിലേക്ക് വീഴുമ്പോൾ ശരീരമെല്ലാം നല്ല വേദന തോന്നി അവൾക്ക്.
കുളിമുറിയിലെ ഷവറിനു കീഴിൽ നിൽക്കുമ്പോഴും ശരീരത്തെവിടെയൊക്കെയോ നീറ്റൽ തോന്നിയെങ്കിലും അവൾ കുറേ സമയം അങ്ങനെ തന്നെ നിന്നു.

കുറേ ദിവസം കൂടിയുള്ള യാത്രാക്ഷീണവും ശരീരത്തിന്റെ വേദനയുമെല്ലാം കൂടി ഉള്ളതുകൊണ്ട് കുളി കഴിഞ്ഞ് വന്നതും ബെഡിലേക്ക് വീണ അവൾ വേഗം തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. ഫോൺ ബെല്ലടിക്കുന്നത് കേട്ട് കണ്ണുതുറന്ന അവൾ വേഗം കിടക്കയിൽ തപ്പി ഫോൺ കയ്യിലെടുത്ത് കാതോടുചേർത്തു.

” ഹലോ അമ്മേ ”

ശബ്ദത്തിലെ തളർച്ച മറച്ചുകൊണ്ട് അവൾ വിളിച്ചു.

” എന്താ അഭി നിനക്ക് പറ്റിയത് വല്ല കുഴപ്പവുമുണ്ടോ ? ഞാൻ നാളെ കാലത്ത് അങ്ങോട്ട് വരാം ”

മറുവശത്തുനിന്നും അവരുടെ ആധി നിറഞ്ഞ സ്വരം അഭിരാമിയുടെ കാതിൽ വന്നലച്ചു.

” ഒന്നുല്ലമ്മേ ചെറിയൊരു ആക്സിഡന്റ് . നെറ്റിയൊന്നു പൊട്ടി അല്ലാണ്ട് ഒരു കുഴപ്പോമില്ല. പിന്നെ ഹോസ്പിറ്റലിൽ പോയോണ്ട് അവരൊരു ബാൻഡേജ് ഇട്ടെന്നേയുള്ളൂ. അതിനാണോ അമ്മയിങ്ങനെ പേടിക്കുന്നത് ? ”

ചിരിയോടെ അവളത് പറയുമ്പോൾ മറുവശത്ത് നിന്നും അവരുടെ തേങ്ങൽ ഉയർന്നു കേട്ടു.

” എന്താമ്മേയിത് ഞാൻ പറഞ്ഞില്ലെ എനിക്കൊന്നുമില്ല അമ്മ വെറുതെ വിഷമിക്കാതെ കിടക്കാൻ നോക്ക് എനിക്കും കിടക്കണം നാളെ ഓഫീസിൽ പോണം ” അവൾ പറഞ്ഞു.

” ശരി മോളേ അമ്മ കാലത്ത് വിളിക്കാം ”

നേർത്ത സ്വരത്തിൽ അവർ പറഞ്ഞു. ഒന്ന് മൂളി ഫോൺ വെക്കുമ്പോൾ അഭിരാമിയുടെ ഉള്ളിലും ഒരു വിങ്ങലായിരുന്നു.

****************************************

” യ്യോ അജിത്തേട്ടാ എന്നെ കൂട്ടാതെ പോവാണോ ? ”

കാലത്ത് അജിത്ത് ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പിന്നിൽ നിന്നും അഭിരാമി വിളിച്ചു ചോദിച്ചു. തിരിഞ്ഞുനോക്കുമ്പോൾ പോകാൻ റെഡിയായി ചിരിയോടെ അവൾ പുറത്തേക്ക് ഇറങ്ങി വന്നു.

” താനിന്ന് പോണുണ്ടോ ? ”

അവളെ നോക്കി കണ്ണുമിഴിച്ച് അവൻ ചോദിച്ചു.

” പിന്നെ പോകാതെ പറ്റുമോ ”

കുസൃതി ചിരിയോടെ അവൾ ചോദിച്ചു.

” അല്ല രണ്ടുമൂന്ന് ദിവസം റസ്റ്റെടുക്കാനല്ലേ ഡോക്ടറ് പറഞ്ഞത് ? ” അജിത്ത്.

” ഡോക്ടറങ്ങനൊക്കെ പറയും . അതും കേട്ട് ഇവിടിരുന്ന് സുഖവാസമൊക്കെ കഴിഞ്ഞ് ചെല്ലുമ്പോഴേക്കും എന്റെ സീറ്റിൽ വേറെ ആളിരിക്കും അതോണ്ട് അജിത്തേട്ടൻ വണ്ടിയെടുക്ക് “.

പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ വേഗം ബൈക്കിൽ കയറിയിരുന്നു. വേറെ നിവർത്തിയില്ലാതെ അജിത്ത് ബൈക്ക് മുന്നോട്ടെടുത്തു.

” പിന്നേ ഇന്നിനി ഇന്നലത്തെ പോലെ സാഹസികമായി റോഡ് ക്രോസുചെയ്ത് എന്നെ സഹായിക്കാൻ നിക്കണ്ട ഞാനിങ്ങോട്ട്‌ വന്നോളാം ”

ഓഫീസിന് മുന്നിൽ വണ്ടി നിർത്തി അവളിറങ്ങുമ്പോൾ അജിത്ത് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

” ഈൗ ശരി ”

പറഞ്ഞിട്ട് ഒരു വളിച്ച ചിരിയും ചിരിച്ച് അവൾ അകത്തേക്ക് നടന്നു. ആ പോക്ക് നോക്കി അൽപനേരം നിന്നിട്ട് അജിത്ത് ബൈക്ക് മുന്നോട്ടെടുത്തു.

” ചിലപ്പോൾ തൊന്നും അവളോളം ബുദ്ധിയും വിവരവുമുള്ള മറ്റൊരു പെണ്ണില്ലെന്ന്. മറ്റു ചിലപ്പോൾ തനി കഴുതക്കുട്ടിയും ”

ഓഫീസ് കാന്റീനിൽ മനുവിനൊപ്പമിരിക്കുമ്പോൾ അജിത്ത് പറഞ്ഞു.

” അല്ല എന്നിട്ട് നിന്റെ കഴുതക്കുട്ടിക്കിപ്പോ എങ്ങനുണ്ട് ? ”

ചിരിയോടെ മനു ചോദിച്ചു.

” അവൾക്കൊരു കുഴപ്പോമില്ല ഓഫീസിൽ കൊണ്ട് വിട്ടിട്ടാ ഞാൻ വന്നത്. വേണ്ടന്ന് ഞാൻ പറഞ്ഞതാ കേൾക്കണ്ടേ പെണ്ണ് പിന്നെ വേറെ വഴിയില്ലാത്തോണ്ട് കൊണ്ട് വിട്ടു. അവളുടെ ഭാവം കണ്ടാൽ തൊന്നും എനിക്കാ വയ്യാത്തതെന്ന് ”

ചിരിയോടെ അവനത് പറയുമ്പോൾ ഒരു പുഞ്ചിരിയോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു മനുവും .

****************************************

” ഇതെന്തുവാടി നിന്റെ നെറ്റിയിൽ ”

അകത്തേക്ക് കയറി വന്ന വീണ അഭിരാമിയുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കി കണ്ണും മിഴിച്ച് ചോദിച്ചു.

” ഒന്നുല്ലെടാ ഇന്നലെ വൈകിട്ട് ഒന്ന് റോഡ് ക്രോസ്സ് ചെയ്തതാ ”

അവളുടെ മുഖത്ത് നോക്കി ചിരിയോടെ അഭിരാമി പറഞ്ഞു.

” അടിപൊളി ജോലിക്ക് ജോയിൻ ചെയ്ത് ആദ്യ ദിവസം തന്നെ പഞ്ചറൊട്ടിക്കേണ്ടി വന്നല്ലോ മോളേ ”

പൊട്ടിച്ചിരിച്ചുകൊണ്ട് വീണയത് പറയുമ്പോൾ അഭിരാമിയിലും പുഞ്ചിരി വിടർന്നു.
പെട്ടന്ന് പുറത്ത് കാർ വന്ന് നിന്ന ശബ്ദം കേട്ട് എല്ലാവരും അവരവരുടെ സീറ്റിലേക്ക് ഓടി. കാറിൽ നിന്നുമിറങ്ങിയ ഗോകുൽ അകത്തേക്ക് കയറിവന്നു.

” ഗുഡ്‌ മോർണിംഗ് സാർ ”

അയാൾ അടുത്തേക്ക് വന്നപ്പോൾ അഭിരാമി വിഷ് ചെയ്തു.

” വെരി ഗുഡ്‌…. ”

പറയാൻ വന്നത് മുഴുമിക്കാതെ ഗോകുൽ അവളുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

” എന്തുപറ്റി അഭി ? ”

” ഏയ് നതിങ് സാർ ചെറിയൊരു ആക്സിഡന്റ് ”

പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

” അഭി വേണമെങ്കിൽ റസ്റ്റ്‌ എടുത്തോളൂ വയ്യാത്തതല്ലേ ”

അവന്റെ പറച്ചിൽ കേട്ട് ചിരിയടക്കിയിരുന്ന വീണ അഭിരാമിയെ നോക്കി തലകുലുക്കി കാണിച്ചു.

” വേണ്ട സാർ ഞാൻ ഒക്കെയാണ് ”

അവൾ പെട്ടന്ന് പറഞ്ഞു.

” ദെൻ ഒക്കെ അഭിരാമി ”

പറഞ്ഞ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അയാൾ അകത്തേക്ക് നടന്നു.

” എടി ഗോകുൽ സാറിലെ പൂവൻകോഴി ഉണർന്നല്ലോ ”

അവളുടെ അടുത്തേക്ക് വന്ന്കൊണ്ട് വീണ പറഞ്ഞു.

” എന്തോന്ന് ”

” എടി പെണ്ണേ ഇന്നലെ നിന്നെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇളക്കമാണ് ഇങ്ങേർക്ക് . അല്ലേൽ തലയില്ലേലും ജോലിയിൽ കോംപ്രമൈസ് ചെയ്യാത്ത ജന്തുവാ ഇപ്പൊ നിന്നോട് റസ്റ്റെടുത്തോളാൻ “.

ഗോകുലിന്റെ ക്യാബിനു നേർക്ക് നോക്കി പല്ല് കടിച്ചുകൊണ്ട് അവളത് പറയുമ്പോൾ അഭിരാമി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

” ഓഫീസിൽ കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോഴും മനസ്സിൽ അവളുടെ മുഖമായിരുന്നു. ഇന്നലെ ബോധം കെട്ട് റോഡിലേക്ക് വീണ അവളെ വാരിയെടുത്ത നിമിഷം ഓർക്കുമ്പോൾ ഉള്ളിലിപ്പോഴും ഒരു നീറ്റൽ.

ബോധമില്ലാതെ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന അവളുടെ മുഖം മനസ്സിൽ നിന്നും ഇപ്പോഴും മായുന്നില്ല. അവളോടെന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു പോകുമ്പോൾ പക്ഷേ അവൾ ബോധമറ്റ് റോഡിലേക്ക് വീഴുന്നത് കണ്ടപ്പോൾ സകലതും മറന്ന് പോയിരുന്നു.

” ഡാ നീ വരുന്നില്ലേ എന്തോന്നാ ഇത്ര ആലോചിക്കാൻ ? ”

ആലോചനയിൽ മുഴുകിയിരുന്ന അജിത്തിന്റെ തോളിൽ അടിച്ചുകൊണ്ടാണ് മനുവത് ചോദിച്ചത്. അവൻ തിരിഞ്ഞു നോക്കുമ്പോൾ പോകാൻ റെഡിയായി നിൽക്കുന്ന മനുവിനെയാണ് കണ്ടത്.

” നീ വരുന്നില്ലേ ? ”

മിഴിച്ചു നോക്കുന്ന അജിത്തിനെ നോക്കി മനു വീണ്ടും ചോദിച്ചു.

” ആഹ് പോകാം അല്ലേൽ ലവളിനി ഇന്നെന്ത്‌ സാഹസം കാണിക്കുമെന്ന് പറയാൻ പറ്റില്ല ”

ചിരിയോടെ പറഞ്ഞുകൊണ്ട് അജിത്ത് വേഗം ബാഗുമെടുത്തിറങ്ങി.ബൈക്ക് അഭിരാമിയുടെ ഓഫീസിന് മുന്നിലേക്ക് എത്തുമ്പോഴേ കണ്ടു ബസ്സ്റ്റോപ്പിൽ നിൽക്കുന്ന അവളെ. അവനെ ദൂരെ നിന്ന് കണ്ടപ്പോഴേ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

അവൻ അടുത്തേക്ക് വരുമ്പോൾ അവൾ വേഗം ബസ്റ്റോപ്പിൽ നിന്നും പുറത്തേക്കിറങ്ങി വന്നു. അഭിരാമി ബൈക്കിൽ കയറി അജിത്തിനോട്‌ ചേർന്നിരുന്ന് പോകുന്നത് കണ്ട് ബസ്റ്റോപ്പിനപ്പുറം പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന ഗോകുലിന്റെ മിഴികൾ ജ്വലിച്ചു.

” അഭീ എനിക്കൊരു കാര്യം പറയാനുണ്ട് ”

ബൈക്കോടിക്കുന്നതിനിടയിൽ മിററിലൂടെ അവളുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് അവൻ പറഞ്ഞു.

” എന്താ അജിത്തേട്ടാ ? ”

കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചുകൊണ്ട് അഭിരാമി ചോദിച്ചു.

” അതുപിന്നെ എനിക്ക്……..”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

Share this story