നിനക്കായ്‌ : PART 6

നിനക്കായ്‌ : PART 6

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” ഡീ നീ നിന്റെ വിവാഹത്തെപ്പറ്റി കുറേ സങ്കല്പങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നില്ലേ ?

അച്ഛനും അമ്മയും സഹോദരങ്ങളും അവരുടെ കുടുംബവും കുട്ടികളും ഒക്കെയുള്ള ഒരു വലിയ കുടുംബത്തെ പറ്റി. ”

” ആഹ് പറഞ്ഞു അതിനിപ്പോ എന്താ ? ”

വഴിയിലുടനീളം കണ്ണോടിച്ചുകൊണ്ട് അവൾ ചോദിച്ചു.

” അല്ല അത്യാവശ്യത്തിനൊരു അച്ഛനുമമ്മയും ഒരു ചേട്ടനും ചേട്ടത്തിയും പിന്നെ ആർക്കോ ഉള്ള ഒരനിയത്തിയും മാത്രമുള്ള ഒരു കുടുംബം വച്ച് നിനക്ക് തല്ക്കാലം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുവായിരുന്നു. ”

മിററിലൂടെ അവളെ നോക്കി ഒരു കള്ളച്ചിരിയോടെ അജിത്ത് ചോദിച്ചു. അവളൊന്ന് അമ്പരന്നു എന്ന് വ്യക്തമായിരുന്നു. കണ്ണുകൾ പുറത്തേക്ക് ഉന്തി , വായും തുറന്നിരുന്ന അവളെകണ്ട് അവൻ ചിരിയടക്കിയിരുന്നു.

” ഡീ പെണ്ണേ നീയിതെന്തോന്നാ ഈ ആലോചിച്ച് കൂട്ടുന്നത് ? നീ പേടിക്കേണ്ടെടി കുടുംബക്കാര് മാത്രമല്ല അത്യാവശ്യം സുന്ദരനും സുമുഖനും പിന്നെ സർവോപരി സൽഗുണ സമ്പന്നനുമായ ഒരു കെട്ടിയോനെ കൂടി ഫ്രീ ആയിട്ട് കിട്ടുമെടീ ”

ഇടം കൈകൊണ്ട് മീശ പിരിച്ചുകൊണ്ട് അവനത് അതുപറയുമ്പോൾ പെട്ടന്ന് അഭിരാമിയുടെ ഭാവം മാറി.

” ചുണ്ടരനോ ആര് ? ആഹ് അതുപിന്നെ പോട്ടെ ഒപ്പിക്കാം . പിന്നെ ഈ സൽഗുണ സമ്പന്നൻ എന്ന് പറഞ്ഞത് ആരെപ്പറ്റിയാണെന്ന് എനിക്ക് മനസ്സിലായില്ല. ”

മുഖത്ത് പുച്ഛം വാരി വിതറി ചുണ്ട് കോട്ടി അവൾ ചോദിച്ചു.

” അതെന്താടി കഴുതക്കുട്ടി ഞാൻ സുന്ദരനല്ലേ ? സൽഗുണ സമ്പന്നനല്ലേ ? ”

അവന്റെ ചോദ്യം കേട്ട് അവൾ ചുണ്ട് കോട്ടി ചിരിച്ചു.

” ഉവ്വാ ചൽഗുണ സമ്പന്നൻ തന്നെ ”

” എന്താടി നിനക്കൊരു പുച്ഛം ? ”

” പാതിരാത്രി അടിച്ചുകോൺ തെറ്റിവന്ന് പെൺപിള്ളേരെ കേറി പിടിക്കുന്നവരെ വിളിക്കുന്ന പേരല്ലേ സൽഗുണ സമ്പന്നൻ ”

അവളത് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ഒരു ചമ്മിയ ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു.

” മാസ്സായിട്ടൊന്ന് പ്രൊപോസ് ചെയ്യാമെന്ന് വച്ചപ്പോൾ എല്ലാം തകർത്തല്ലോടി കുരുട്ടടക്കേ നീ ”

ചിരിയോടെ അജിത്ത് പറഞ്ഞു.

” കുരുട്ടടക്ക തന്റെ കെട്ടിയോള് ”

കണ്ണുരുട്ടിക്കൊണ്ട് അവൾ പെട്ടന്ന് പറഞ്ഞു.

” അതല്ലെടി ചുള്ളിക്കമ്പേ കുറേ നേരായി ഞാനും പറഞ്ഞത് ? ”

” എന്തോന്ന് ? ”

” എന്റെ കെട്ടിയോളായിക്കോളാൻ ”

ചിരിയോടെ അവനത് പറയുമ്പോഴേക്കും ബൈക്ക് പാലക്കൽ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചിരുന്നു.

” ഹാ അങ്ങനങ്ങ് പോയാലോ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോ ”

വണ്ടി പോർച്ചിൽ നിന്നതും ഇറങ്ങി അകത്തേക്ക് ഓടാൻ തുടങ്ങിയ അഭിരാമിയുടെ കയ്യിൽ കടന്നുപിടിച്ചുകൊണ്ട് അജിത്ത് ചോദിച്ചു.

” അജിത്തേട്ടാ ചുമ്മാ കളിക്കാൻ നിക്കാതെ കൈ വിട് ”

അവന്റെ മുഖത്ത് നോക്കാതെ പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു. ആ കൈകൾ ഐസുപോലെ തണുത്തിരുന്നു. ചുവന്ന മൂക്കിൻ തുമ്പിൽ വിയർപ്പ് പൊടിഞ്ഞിരുന്നു.

” ഇതുവരെ ഇതൊന്നുമായിരുന്നില്ലല്ലോ വാചകം ഇപ്പോ എന്തുപറ്റി ? ”

കുനിഞ്ഞ് അവളുടെ താഴ്ന്ന മിഴികളിലേക്ക് നോക്കി അവനത് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ അവൾ തറയിൽ മിഴിയൂന്നി നിന്നു.

” ആഹാ നിങ്ങള് വന്നോ ? ”

അകത്തുനിന്നും ഗീതയുടെ സ്വരം കേട്ട് അജിത്ത് വേഗം അവളുടെ കൈ വിട്ടു. അവനെ നോക്കാതെ അഭിരാമി ധൃതിയിൽ അകത്തേക്ക് കയറിപ്പോയി.

*********** *********** ***********

” മോളേ അഭീ നിനക്ക് കഴിക്കാനൊന്നും വേണ്ടേ ? ”

ഗീതയുടെ വിളികേട്ട് അഭിരാമി താഴേക്ക് വരുമ്പോൾ എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു. അവളെ കണ്ടതും അജിത്തിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

” വന്നിരുന്ന് കഴിക്ക് മോളേ ”

അവളെ കണ്ടതും ഗീത വീണ്ടും പറഞ്ഞു. ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ അവൾ ഊണ് മേശക്കരികിലേക്ക് വന്നു.
തനിക്കെതിരെയുള്ള കസേരയിൽ അവളിരിക്കുമ്പോഴും അജിത്തിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.
ആ കണ്ണുകളെ നേരിടാൻ കഴിയാതെ അവൾ വേഗം ആഹാരം കഴിച്ചെന്നു വരുത്തി എണീറ്റു.

” അമ്മേ അഭിയെവിടെ അവള് വരുന്നില്ലേ ? ”

രാവിലെ പോകാൻ റെഡിയായി താഴേക്ക് വന്ന അജിത്ത് അടുക്കളയിലേക്ക് നോക്കി ഗീതയോടായി ചോദിച്ചു.

” അവളിന്ന് അമ്പലത്തിൽ പോണമെന്ന് പറഞ്ഞ് നേരത്തെ പോയി ”

അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നുകൊണ്ട് ഗീത പറഞ്ഞു.

” ഓഹോ അപ്പോ എന്റെ കൂടെ വരാതെ മാഡം മുങ്ങിയോ ? ”

സ്വയം ചോദിച്ചുകൊണ്ട് അവൻ ധൃതിയിൽ പുറത്തേക്ക് നടന്നു.

” നീ കഴിക്കാതെ പോവണോ ? ”

പുറത്തേക്കിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങിയ അജിത്തിന്റെ പിന്നാലെ വന്നുകൊണ്ട് ഗീത വിളിച്ചു ചോദിച്ചു.

” വേണ്ടമ്മേ ഞാൻ ക്യാന്റീനിന്ന് കഴിച്ചോളാം ”

പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ ബൈക്ക് സ്റ്റാർട്ടാക്കി അവൻ പുറത്തേക്ക് പോയി.

” ഇവനിത്ര തിരക്കിട്ടിതെങ്ങോട്ടാ ഈ ഓടുന്നത് ? ”

ആരോടെന്നില്ലാതെ ഗീത പറഞ്ഞു. പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ ക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോൾ അഭിരാമി തൊഴുതിറങ്ങി വരുന്നുണ്ടായിരുന്നു. അവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. കടുംപച്ച നിറത്തിലൊരു ചുരിദാറായിരുന്നു അവളുടെ വേഷം .

” എന്റെ ചോദ്യത്തിന് മറുപടി തരേണ്ടി വരുമെന്ന് കരുതിയാണോ നേരത്തെ മുങ്ങിയത്? ”

അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.

” ഞാനെന്തിനാ മുങ്ങുന്നത് ? എനിക്കെന്റെ കണ്ണനെ കണ്ടൊന്ന് തൊഴാൻ തോന്നി , വന്നു. അത്രേയുള്ളൂ അല്ലാതെ മുങ്ങാൻ ഞാൻ വല്ല കുറ്റവും ചെയ്തോ.? ”

അവനെ നോക്കി ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് അവൾ വന്ന് ബൈക്കിന്റെ പിന്നിൽ കയറി . വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. അവളുടെ ഓഫീസിന് മുന്നിൽ വണ്ടി നിൽക്കും വരെയും അവളൊന്നും സംസാരിച്ചിരുന്നില്ല.

” ഇതെന്തൊരു ജീവിയാ ദൈവമേ … ഇവളെയാണല്ലോ എനിക്ക് പ്രേമിക്കാൻ തോന്നിയത് ”

ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അകത്തേക്ക് പോകുന്ന അവളെ നോക്കി ആരോടെന്നില്ലാതെ അജിത്ത് പറഞ്ഞു.

” എന്തുവാടി ഒളിച്ചു നിന്ന് നോക്കുന്നെ ഇത്രേം നേരം അങ്ങേരടെ കൂടെത്തന്നെ ആയിരുന്നില്ലേ പിന്നിതെന്നാ കാണാനാ കുളിസീൻ കാണാൻ നോക്കുന്നപോലെ നിന്ന് വായിനോക്കുന്നെ ? ”

അകത്തുനിന്നും മറഞ്ഞു നിന്ന് അവനെ നോക്കിക്കോണ്ടിരുന്ന അഭിരാമിയുടെ പിന്നിൽ വന്നുനിന്നുകൊണ്ട് വീണ ചോദിച്ചു.

” ഈൗ ……. ഭാവിയിലെ എന്റെ മൂന്ന് പിള്ളേരുടെ അപ്പനല്ലേടി ആ പോകുന്നെ അപ്പൊ അങ്ങേരെയൊന്ന് കാണാൻ എനിക്ക് കൊതി കാണൂല്ലേ”

പല്ല് മുഴുവൻ വെളിയിൽ കാണിച്ച് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

” ആ പഷ്ട് . അങ്ങേർക്കും മുന്നേ അങ്ങേരെ കേറി പ്രേമിച്ചോണ്ടിരുന്ന നിന്റെ ഇപ്പോഴത്തെ ജാട കണ്ടാൽ അങ്ങേര് നിന്നെ പത്തല് വെട്ടിയടിക്കാതെ നോക്ക്. എന്നിട്ടാവാം മൂന്ന് പിള്ളേരടെ അപ്പനാക്കുന്നത് . ”

അഭിരാമിയുടെ തലയിൽ കിഴുക്കിക്കൊണ്ട് വീണ പറഞ്ഞു.

” ശരിയാ പണ്ടേ അങ്ങേരെന്ന് വച്ചാൽ എനിക്ക് പ്രാന്താ. നിനക്കറിയാമോ അജിത്തേട്ടനെന്നെ പ്രൊപോസ് ചെയ്തപ്പോ സന്തോഷം കൊണ്ട് അങ്ങേരെയെങ്ങാനും കേറി ഹഗ്ഗ് ചെയ്താലോന്ന് പേടിച്ചിരിക്കുവായിരുന്നു ഞാൻ. ”

വീണയുടെ ഇരുതോളിലും അമർത്തിപ്പിടിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” പിന്നെ നീയെന്തിനാടീ മരയോന്തേ അങ്ങേരോട് ഇത്ര ഷോ ഇറക്കുന്നേ ? ”
” എടീ മന്ദബുദ്ധി പെണ്ണുങ്ങളായാൽ കുറച്ചൊക്കെ വിവരം വേണം. അജിത്തേട്ടൻ പറഞ്ഞുടനെ കേറിയങ്ങ് പ്രേമിച്ചാൽ വില പോകും.ആദ്യം നമ്മള് കുറച്ച് വെയിറ്റിട്ട് നിക്കണം. അല്ലാതെ ആദ്യമേ അങ്ങ് മൂക്കും കുത്തി വീഴരുത് മനസ്സിലായോ ? ”

വീണയുടെ മൂക്കിൽ പിടിച്ചുകൊണ്ടത് പറഞ്ഞുകൊണ്ട് അഭിരാമി അകത്തേക്ക് നടന്നു.

” ഉവ്വാ അവസാനം അങ്ങേരെ പെൺപിള്ളേരടിച്ചോണ്ട് പോകാതിരുന്നാൽ മതിയാരുന്നു. ”

” കരിനാക്കെടുത്ത് വളക്കല്ലേടി കരിങ്കാലി. ”

പിന്നിൽ നിന്നും വിളിച്ചു പറഞ്ഞ വീണയെ നോക്കി അഭിരാമി പറഞ്ഞു. ചിരിയോടെ വീണ അവളുടെ അരികിലേക്ക് നടന്നു.

” അഭിരാമി ഇപ്പൊ എങ്ങനെയുണ്ട് ? ”

അകത്തേക്ക് വരുകയായിരുന്ന ഗോകുൽ അവളുടെ അരികിലേക്ക് വന്ന്കൊണ്ട് ചോദിച്ചു.

” ഐ ആം ഓക്കേ സാർ ”

സീറ്റിൽ നിന്നും എണീറ്റുകൊണ്ട് അവൾ പെട്ടന്ന് പറഞ്ഞു.

” അല്ലഭീ ഇന്നലെ താൻ ആരുടെ കൂടെയാണ് പോയത് ? ബ്രദറാവുമല്ലേ ? ”

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പെട്ടന്ന് ചോദിച്ചു.

” അല്ല സാർ അജിത്തേട്ടനെന്റെ സിസ്റ്ററിന്റെ ഹസ്ബൻഡിന്റെ ബ്രദർ ആണ് ”

അൽപ്പം അസ്വസ്ഥതയോടെ അഭിരാമി പറഞ്ഞു.

” ഓക്കേ അഭീ ഞാൻ വെറുതെ ചോദിച്ചുവെന്നേയുള്ളൂ. ”

പറഞ്ഞുകൊണ്ട് തന്റെ ക്യാബിന് നേരെ നടക്കുമ്പോൾ അവന്റെ മുഖം മങ്ങിയിരുന്നു.

” മോളേ അഭീ… ഈ കോഴി നിന്റെ പ്രേമത്തിലൊരു വില്ലനാകുമെന്നാ തോന്നുന്നത്. ”

അവൻ പോയതും അങ്ങോട്ട് വന്ന വീണ പെട്ടന്ന് പറഞ്ഞു. അതുകേട്ട അഭിരാമിയിലൂടെ ഒരു വിറയൽ കടന്നുപോയി. ശരീരം തളരുന്നത് പോലെ തോന്നിയ അവൾ പതിയെ സീറ്റിലേക്കിരുന്നു.

അകത്ത് കടന്ന ഗോകുൽ ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു. തന്റെ ചെയറിലേക്ക് ഇരിക്കുമ്പോൾ അവന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു. മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞിടിക്കുമ്പോൾ അവന്റെ മുഖം ചുവന്നിരുന്നു. ആ കണ്ണുകളിൽ പക ജ്വലിച്ചു.
ഒരു സിഗരറ്റെടുത്ത് കത്തിച്ച് ചുണ്ടിൽ വച്ച് അവൻ ആഞ്ഞുവലിച്ചു.

” അജിത്തേട്ടൻ ….. ”

അവന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടുകൊണ്ടിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

Share this story