❤️അപൂര്‍വരാഗം❤️ ഭാഗം 4

❤️അപൂര്‍വരാഗം❤️ ഭാഗം 4

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

സമയം വൈകിയത് കൊണ്ടും ഇനിയും തിരഞ്ഞിട്ടു കാര്യമില്ല എന്ന് തോന്നിയത് കൊണ്ടും ഞാന് കോളേജിലേക്ക് ഓടി. ഹോസ്റ്റലില് നിന്നും ഒരു 50 മീറ്റർ ദൂരം മാത്രമേ ഉള്ളൂ കോളേജിലേക്ക്. ഓടി കിതച്ചു ആദ്യം ട്യൂട്ടറുടെ അടുത്ത് ചെന്നു കാര്യം പറഞ്ഞു. അവര് ആണേലു കണ്ണട പൊക്കി എന്നെ ഒരു നോട്ടം.

“പോയി എക്സാം കോർഡിനേറ്ററെ കാണൂ….” ഇങ്ങനെ ഒരു ഉപദേശവും.. സുബാഷ്…. വേറെ എന്ത് ചെയ്യാൻ. പിന്നെയും ഓടി സ്റ്റെപ്പ് കേറി. എന്റെ കോളേജിന്റെ പ്രത്യേകതയാണ് അത്. മുഴുവന് സ്റ്റെപ്കള് ആണ്. കേറിയാലും കേറിയാലും തീരില്ല. ഈ കയറ്റം പണ്ടേ കേറിയത് ആണേലു ഞാൻ ഇപ്പൊ വല്ല എവറസ്റ്റും കീഴടക്കിയിട്ടുണ്ടാകും..

സമയം നോക്കിയപ്പോള് 9.20..പിന്നെയും മുകളിലേക്ക് വച്ച്പിടിച്ചു. കോർഡിനേറ്ററെ കണ്ടു.
“ഫൈന് അടയ്ക്കണം.. പിന്നെ ഓഫീസിൽ പുതിയ ഐഡി കാർഡിന് അപ്ലിക്കേഷന് കൊടുക്കണം….” അങ്ങേരുടെ മറുപടി കേട്ടപ്പോള് തൃപ്തി ആയി. ആകെ ഉള്ളതു 10 മിനിറ്റ് ആണ്. എക്സാമിനു പഠിച്ചത് ഒക്കെ ഇപ്പൊ തന്നെ ആവി ആയ അവസ്ഥ ആണ്. ഒരുവിധം ഓഫീസിലേക്ക് ഓടി ഫൈന് അടച്ചു അതിന്റെ കടലാസും വാങ്ങി എക്സാം ഹാളിലേക്ക് ഓടി.

പിശാച്ക്കള്…. ഒക്കെ നേരത്തേ കേറി എഴുതാനുള്ള ബുക്ക്ലറ്റും വാങ്ങി ഇരിക്കുവാണ്. കയ്യിലുള്ള ബാഗും പുറത്ത്‌ വച്ച് ഉള്ളില് കേറി എന്റെ സീറ്റില് ഇരുന്നു ഒന്നു ശ്വാസം വിട്ടു. അപ്പോഴേക്കും ക്വൊസ്റ്റൻ പേപ്പർ തരാനുള്ള ബെല് അടിച്ചു. പിന്നെ ഒരു പോരാട്ടം ആയിരുന്നു. അവസാനം യുദ്ധം ജയിച്ച ഉണ്ണിയാര്ച്ചയെ പോലെ പുറത്ത് ഇറങ്ങി.

ഇറങ്ങിയ പാടെ അമ്മയെ വിളിച്ചു ഐഡി കാർഡ് വീട്ടില് എവിടെയെങ്കിലും വച്ചിട്ടുണ്ടോ എന്ന് നോക്കാന് പറഞ്ഞു. ഉണ്ടെങ്കിൽ ചുമ്മാ പുതിയത് ഒന്നിന് അപ്ലിക്കേഷന് കൊടുക്കണ്ടല്ലോ. അതിനും കൊടുക്കണം 150 രൂപ. കാര്യം ഇങ്ങനെ ഒക്കെ ആണേലും ഞാൻ ഒരു അറു പിശുക്കി ആണെന്ന് ആണ് പൊതുവെ ഉള്ള ജന സംസാരം. അത് സത്യവും ആണ്. ഞാൻ പിന്നെ അതൊന്നും ശ്രദ്ധിക്കാറില്ല.

തിരിച്ചു ഹോസ്റ്റലില് എത്തി ഫുഡും കഴിച്ച് നേരെ കിടന്നു ഉറങ്ങി. 2 ദിവസം കഴിഞ്ഞ് അടുത്ത എക്സാമും കഴിഞ്ഞു. പിന്നെയാണ് ഒന്ന് ശരിക്കും ശ്വാസം വിട്ടത്. ഇനി ഒരു 3 ആഴ്‌ച ചിലപ്പോള് ഒഴിവ് ആയിരിക്കും. സെമസ്റ്റർ ബ്രേക് ആണ്. അത്രയെങ്കിലും കിട്ടിയല്ലോ എന്ന് സമാധാനിക്കും ഞങ്ങൾ.

അമ്മ വിളിച്ചപ്പോൾ ഐഡി കാർഡ് എവിടെയും ഇല്ല എന്ന് പറഞ്ഞു. അപ്പോഴും അത് എവിടെ പോയി എന്ന് ഉള്ള സംശയത്തിലായിരുന്നു ഞാൻ. എക്സാം ഒക്കെ കഴിഞ്ഞ് ഹോസ്റ്റലില് എത്തി കഴിഞ്ഞ് ആണ് വെറുതെ ഒന്ന് ഫേസ് ബുക്ക് തുറന്നു നോക്കിയത്‌. ഇതിനിടയിൽ അത് നോക്കാൻ സമയം കിട്ടിയിട്ടില്ല.

തുറന്നു നോക്കിയപ്പോൾ ആരോ എന്റെ കുഞ്ഞിലെ ഫോട്ടോക്ക് ലൈക് ഇട്ടിരിക്കുന്നു.. എനിക്ക് ആണേലു അങ്ങ് ചൊറിഞ്ഞു വന്നു. അല്ലെങ്കിൽ തന്നെ ഇപ്പൊ ഓരോരുത്തരു ഫോട്ടൊ കുത്തി പൊക്കി കൊണ്ട് ഇരിക്കുവാണ്. ഇതാരാപ്പ എന്ന് നോക്കിയപ്പോ അറിയാത്ത ആരോ ആണ്.

ഒരു വസുദേവ് മേനോന്. പേര് കണ്ടപ്പോൾ ഒരു രസം തോന്നി. പ്രൊഫൈല് മൊത്തം നോക്കി. എവിടെ….. ഇത് പെണ്കുട്ടികളെക്കാളും കഷ്ടം ആണല്ലോ. എല്ലാം പ്രൈവസി സെറ്റ് ചെയ്ത് വച്ചേക്കുവാണ്. ആകെ കൂടെ പബ്ലിക് ആയിട്ട് ഉള്ളതു കുറച്ച് മെഡിക്കൽ വീഡിയോ മാത്രം ആണ്.

പ്രൊഫൈല് പിക് എടുത്തു നോക്കിയപ്പോള് ഒരു ഭാര്യയും ഭര്ത്താവും. എന്തായാലും എന്റെ അച്ഛന്റെ പ്രായം ഒക്കെ തോന്നും. ഇനി ഇങ്ങേരു ആണോ വസുദേവ് മേനോന്.. കവർ പിക് ആണേലു ഒരു സ്റ്റ്തസ്ക്കോപ്പും. അപ്പൊ ആള് ചിലപ്പോ ഒരു ഡോക്ടർ ആയിരിക്കും.

എന്നാലും ഇങ്ങേരു എന്തിനാ അപ്പു നിന്റെ ഫോട്ടോക്ക് ലൈക് അടിച്ചത്. അതും കുഞ്ഞില് ഉള്ള ഫോട്ടോ.. ഞാൻ സ്വയം പറഞ്ഞോണ്ട് ഇരുന്നു..

“എന്താടീ ആലോചിച്ചു ഇരിക്കുന്നത്…വട്ടായോ?..” റൂം മേറ്റ് വന്നു തലയ്ക്കു ഒരു അടി തന്നപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. “ഈ….. ഒന്നൂല്ലെടി…”
ഞാൻ ഒരു വളിച്ച ചിരി പാസാക്കി.

എന്റെ റൂമിൽ ഞങ്ങൾ രണ്ട് പേര് ആണ്. ഞാനും നിയയും.. അവള് അസ്സല് കോട്ടയംകാരി അച്ചായത്തി കുട്ടി ആണ്. അവൾ ഉള്ളതു കൊണ്ട് നല്ല ഫുഡ് അടിക്കാന് പറ്റുന്നുണ്ട്.. അവള് വരുമ്പോ ഒക്കെ എനിക്കുള്ള സ്പെഷ്യൽ ഫുഡ് കൊണ്ട് വരും.. അപാര സ്വാദ്‌ ആണ്.

ആളുടെ കല്യാണം ഉണ്ടാകും അടുത്ത മാസം. സോ ഇപ്പൊ രാത്രി ആയാൽ രണ്ടും കൂടെ ഫോണിൽ കൂടി സല്ലാപം ആണ്. ഞാൻ ഇങ്ങനെ ട്രോൾ വായിച്ചു ഇരിക്കും. അല്ലാതെ എന്ത് ചെയ്യാൻ.

“നാളെ രാവിലെ എണീക്കണം…” നിയ പറഞ്ഞു. ശരിയാണല്ലോ ആദ്യത്തെ ബസിന് പോയാൽ സുഖമായി ട്രെയിൻ പിടിച്ചു വീട്ടില് എത്താം. അതും ഓര്ത്തു ഞാന് ഉറങ്ങാൻ കിടന്നു.

എന്തോ ആ പേര് മനസ്സിൽ കിടന്നു കളിക്കുന്നു.. “വസുദേവ്…..”
ഞാൻ പിറുപിറുത്തു..
“എന്താടീ പറയുന്നേ…”
അവളുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ ഞാന് തലയിൽ കൂടി പുതപ്പ് ഇട്ടു മൂടി കിടന്നു. ഇല്ലെങ്കില് ആ സാധനം ബാക്കി ഉള്ളവരോട് പറഞ്ഞ്‌ എന്നെ നാണം കെടുത്തും..

പുലര്ച്ചെ എന്തോ സ്വപ്നം കണ്ടു ഞെട്ടി ആണ് ഞാന് ഉണര്ന്നത്.. ആകെ മൊത്തം ഒരു മൂടല് ആണ് കണ്ടത്. ആകെ വെപ്രാളം തോന്നി. മേശപ്പുറത്ത് ഇരുന്ന കുപ്പി എടുത്തു കുറേ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീര്ത്തു.

പിന്നെ ഉറങ്ങാൻ തോന്നിയില്ല. ഫോൺ എടുത്തു നോക്കിയപ്പോ 5 മണിയായി. പിന്നെ വേഗം പോയി കുളിച്ച് വന്നു. നിയ ആണേലു എപ്പൊ കിടന്നു ഉറങ്ങി എന്ന് തന്നെ ഐഡിയ ഇല്ല. അവള് തൃശ്ശൂർ ഉള്ള അമ്മ വീട്ടില് ആണ് ഇന്ന് പോകുന്നത്. അത് കൊണ്ട് പതിയെ പോയാൽ മതി. അവളെ വിളിക്കാൻ നിന്നില്ല.

6.30 ആയപ്പോൾ പതിയെ രജിസ്റ്ററിൽ പേര് എഴുതി അവിടെ നിന്നും ഇറങ്ങി. അങ്ങനെ ഉച്ച ആയപ്പോഴേക്കും വീട്ടില് എത്തി. വല്ലാത്ത ക്ഷീണം തോന്നി. എവിടെയും പോകാൻ തോന്നിയില്ല. രാവിലത്തെ സ്വപ്നം വല്ലാതെ അലട്ടുന്നത് പൊലെ.

വൈകിട്ട് അമ്മ പറഞ്ഞു നിര്ബന്ധിച്ചു കാവിലെക്ക് പറഞ്ഞ്‌ വിട്ടു. ഞങ്ങളുടെ കുടുംബ ക്ഷേത്രം തന്നെ ആണ്. നിത്യ പൂജ ഉണ്ട്. സന്ധ്യ നേരം അവിടെ പോയി ഇരുന്നാല് തന്നെ മനസ്സിന് ഒരു സുഖം ആണ്. തൊഴുത് പ്രസാദവും വാങ്ങി ഇറങ്ങി.

ക്ഷേത്രത്തിനടുത്ത് ഒരു കുളം ഉണ്ട്. പണ്ട് ബ്രിട്ടീഷ്കാര് വന്ന സമയത്ത് ഉണ്ടാക്കിയ കുളം ആണ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അതിനടിയില് നിലവറ ഉണ്ടെന്നും അന്നത്തെ കാലത്ത് നാടുവാഴികള് കള്ളപ്പണം സൂക്ഷിക്കാന് ബ്രിട്ടീഷ്കാരുടെ ഒത്താശയോടെ ഉണ്ടാക്കിയ രഹസ്യ അറ ആണെന്നും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. കാല ക്രമേണ അത് ക്ഷേത്രത്തിന്റെ ഭാഗമായി മാറിയെന്നും ഒക്കെ പറയുന്നു.

ഞാന് പതിയെ പടവുകള് ഇറങ്ങി. ഏറ്റവും താഴെ ഉള്ള പടവില് ഇരുന്നു കാല് വെള്ളത്തിലേക്ക് ഇട്ടു. കുളത്തിന്റെ നടുക്ക് ഒരു താമര വാടി നിക്കുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല.

എന്തോ മനസ്സ് ആകെ കലങ്ങി മറിഞ്ഞത് പൊലെ തോന്നി. എന്താന്ന് അറിയാത്ത ഒരു തരം വെപ്രാളം.
“അപ്പു ചേച്ചീ…..” കുട്ടി പട്ടാളത്തിന്റെ നീട്ടി ഉള്ള വിളിയാണ് എന്നെ ചിന്തയില് നിന്നും മോചിപ്പിച്ചത്. എന്റെയും മേരിക്കുട്ടിയുടെയും കുട്ടി പട്ടാളം ആണ് ഇത്.

“ദാ വരുന്നു..”
അതും പറഞ്ഞു ഞാൻ പതിയെ മുകളിലേക്ക് പടവുകള് കേറി. സൂര്യൻ നല്ല ചുവന്നു കിടക്കുന്നു. താമര ആകട്ടെ വിരഹ ദുഃഖത്തിന്റെ ആഴത്തില് തല കുനിച്ച് നിക്കുന്നു.. എനിക്കു പിന്നെ വിരഹം ഇല്ലല്ലോ. ഞാൻ ഒരു ചിരിയോടെ ഓര്ത്തു.

“എന്താണ് ചേച്ചി… ഒരു പുഞ്ചിരി.. സത്യം പറഞ്ഞോ.. ആരാ ആള്.. ഞങ്ങടെ അളിയന് ആരാ?…”
കൂട്ടത്തിൽ ഏറ്റവും ചെറിയ കാന്താരി ആണ് അവള്.. മാളൂട്ടി.. 8 വയസ്സു.. ഇത്തിരി ഇല്ലാത്ത അവള് ആണ് ഇങ്ങനെ ചോദിക്കുന്നത്.. ഞാൻ ഒരു നിമിഷം അന്തം വിട്ടുനിന്നു പോയി.

“വാ.. ഞാൻ പറഞ്ഞു തരാം.. ” കൈയിൽ കിട്ടിയ ഒരു കുഞ്ഞു വടി കാണിച്ച് കൊണ്ട് ഞാന് ചിരിയോടെ പറഞ്ഞു..” കുട്ടി പട്ടാളം ഒറ്റ ഓട്ടം..
” അതേയ് ചേച്ചീ.. മേരി ചേച്ചി അവിടേക്ക് ചെല്ലാന് പറഞ്ഞു വിട്ടതാണ്.. ”
ഓടുന്നതിനിടയിൽ ആരോ വിളിച്ചു പറഞ്ഞു. അപ്പോഴാണ് ഞാന് അത് ഓര്ത്തത്..

അവള് അല്ലെങ്കിൽ തന്നെ കലിപ്പില് ആകും.. ന്റെ കൃഷ്ണാ.. ഞാൻ പെട്ട്. പിന്നെ നേരെ വീട്ടില് പോയി അമ്മയോട് കാര്യം പറഞ്ഞു ആനി ആന്റിയുടെ വീട്ടിലേക്ക് വിട്ടു. മൂന്നു വീട് അപ്പുറം ആണ് അവരുടെ വീട്.

അവിടെ എത്തിയപ്പോ ആള് കട്ട കലിപ്പ് ആണ്. എനിക്ക് മുഖം തരുന്നില്ല. ഒരു വിധം സമാധാനിപ്പിച്ച് ഇരുത്തി. അപ്പോഴാണ് അവള് കാര്യം പറയുന്നത് മനസ്സമ്മതവും കല്യാണവും പ്രമാണിച്ച് ഡ്രസ് എടുക്കാൻ പോകണം. അതിന് നാളെ ഞാന് കൂടെ അവളുടെ ഒപ്പം പോകണം. ഇതിലും വല്യ പണി വേറെ തരാന് ഇല്ലല്ലോ. എനിക്ക് ആണേലു പണ്ടേ സെലക്ട് ചെയ്യാൻ അറിയില്ല.

ആ ഞാൻ ആണ് ഡ്രെസ്സ് എടുക്കാന് കൂടെ പോകുന്നത്. അങ്ങനെ അവളുടെ നിര്ബന്ധത്തിന് വഴങ്ങി പിറ്റേന്ന്‌ ഡ്രസ്സ് എടുക്കാൻ പോയി. 3 മണിക്കൂര് നേരത്തെ കഠിന പരിശ്രമത്തിലൂടെ അവള് എല്ലാം എടുത്തു.

ഞാൻ ആണേലു മനസമ്മതത്തിന് ഇടാൻ ഒരു ബ്ലൂ കളർ സിംപിൾ ഗൗണ് എടുത്തു. കല്യാണത്തിനും വൈകിട്ടത്തെ റിസപ്ഷനും വേണ്ടി ഒരു റെഡ് കളർ ലൈറ്റ് സാരിയും ഒരു റെഡ് ആന്ഡ് ഗ്രീന് കളർ ധാവണിയും എടുത്തു. ബില് ഒക്കെ അവള് തന്നെ കൊടുത്തു. എന്നെ കൊടുക്കാൻ സമ്മതിച്ചില്ല.

“നീയും അവളെ പൊലെ തന്നെ എന്റെ പെങ്ങള് ആണ്..”
സാമിച്ചന് എന്നെയും അവളെയും ചേര്ത്തു നിർത്തി പറഞ്ഞ്‌. സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അത്രയും ആഗ്രഹം ഉണ്ടായിരുന്നു ഒരു ഏട്ടന് വേണമെന്ന്.

അങ്ങനെ ദിവസങ്ങള് കഴിഞ്ഞു. മനസമ്മതം ലളിതമായി ആണ് നടത്തിയത്. എന്റെ മേരിക്കുട്ടി ശരിക്കും ഒരു മാലാഖയെ പോലെ തോന്നിച്ചു. അവളുടെ ഡേവിച്ചായൻ എന്ന ഡേവിഡ് മാത്യു അവളെ ഇടയ്ക്കു ഇടയ്ക്കു നോക്കുന്നുണ്ടായിരുന്നു. അതും പറഞ്ഞ്‌ ഞാൻ അവരെ കുറേയേറെ കളിയാക്കി.

അച്ചായന് മിക്കവാറും കല്യാണം കഴിഞ്ഞ് അവളെയും കൂട്ടി അമേരിക്കയിലേക്ക് പോകേണ്ടി വരും. അവിടെ നല്ലോരു ഓഫർ വന്നിട്ടുണ്ടെന്ന് പറഞ്ഞ്‌. ആകെ സങ്കടം എന്റെ മേരി കുട്ടിയെ ഞങ്ങൾ എല്ലാം വല്ലാതെ മിസ്സ് ചെയ്യും എന്നത് ആയിരുന്നു.

അങ്ങനെ കല്യാണ ദിവസം അടുത്തു. മനസ്സമ്മതം കഴിഞ്ഞ് അഞ്ചാം ദിവസം ആയിരുന്നു കെട്ട്. അതിനു തലേന്ന് രാത്രി ഞാനും അവളും ജോയും കുറേ കഥ പറഞ്ഞു. സത്യം പറഞ്ഞാൽ 12 വർഷത്തിൽ ഏറെ ആയി ഈ സൗഹൃദം തുടങ്ങിയിട്ട്. അതിന്റെ സങ്കടം കാണാതെ ഇരിക്കില്ലല്ലോ.. അതും ഇതും പറഞ്ഞു കെട്ടി പിടിച്ചു ഞങ്ങൾ ഉറങ്ങി.

രാവിലെ ആനി ആന്റിയാണ് ഞങ്ങളെ വിളിച്ചത്. പിന്നെ തിരക്കോട് തിരക്ക്. ബ്യൂട്ടീഷ്യൻ വന്നു അവളെ ഒരുക്കി. വൈറ്റ് ഗൗണിൽ അവള് ഭയങ്കര സ്റ്റൈല് ആയിരുന്നു. കളിയാക്കുമ്പോൾ ഒക്കെ പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു.

ജോ ഒരു പീച്ച് കളർ ഗൗണ് ആയിരുന്നു എടുത്തത്. അത് കൊണ്ട് അവള് പെട്ടെന്ന് റെഡി ആയി താഴേക്കു ചെന്നു.

ഞാൻ ആണേലു പെട്ട അവസ്ഥയില് ആയിരുന്നു. ലൈറ്റ് ആയ സാരി ആണേലും അത്യാവശ്യം നല്ല പാട് പെട്ടു അതൊന്നു ഉടുത്ത് വരാൻ. ചില്ലി റെഡ് കളർ ആണ് സാരി. കൂട്ടത്തിൽ കാതില് ഒരു ജിമിക്കി എടുത്തു ഇട്ടു. ഒരു കൈയ്യിൽ കൈ ചെയിന് ഉണ്ടായിരുന്നു
അത് കൊണ്ട് വള ഒന്നും ഇടാൻ നിന്നില്ല. കഴുത്തിൽ എപ്പഴും ഉള്ള ഒരു കുഞ്ഞു സ്വര്ണ്ണത്തിന്റെ ചെയിന്. മൂക്കില് എന്റെ നീലക്കല് മൂക്കുത്തി. ഒരു കുഞ്ഞു പൊട്ടു കുത്തി. കണ്ണില് കണ്മഷിയും ഇട്ടു. തീർന്നു ഒരുക്കം. എന്നിട്ടും എനിക്ക് എന്തോ പൊലെ തോന്നി.

ഞാൻ പൊതുവെ ഇങ്ങനെ ഒരുങ്ങി നടക്കാറില്ല.. അതാണ് സത്യം.. പുറത്ത് ഇറങ്ങാന് ആകെ ഒരു മടി. അവസാനം അമ്മ ഇങ്ങോട്ട് അന്വേഷിച്ചു വന്നു. നിര്ബന്ധിച്ചു എന്നെ കൊണ്ട് ഒരു കൈയിൽ വള ഇടിച്ചു. പുതിയ ഒരു ജോഡി ലക്ഷ്മി വള. ഇത് എപ്പൊ വാങ്ങി എന്ന് ഞാന് അന്തം വിട്ടു.

ചേച്ചിക്ക് ലക്ഷദ്വീപിൽ നിന്നും വരാൻ പറ്റില്ല. അത് കൊണ്ട് അവള് മേരിയെ വീഡിയോ കോൾ ചെയ്ത് ആശംസ പറഞ്ഞു. ഞാൻ ആണേലു ആകെ ചമ്മി ആണ് നടക്കുന്നത്. ഒരു മാതിരി കല്യാണ പെണ്ണിനെ പൊലെ ആണ് എനിക്ക് തോന്നിയത്‌.

പള്ളിയില് എത്തി. ആന്റിയുടെയും അങ്കിളിന്റെയും മൊത്തം കുടുംബക്കാരും ഉണ്ട്. പിന്നെ സാമിച്ചന്റെ കുറച്ച് ഫ്രന്ഡ്സ്. ഞങ്ങളുടെ ഫ്രന്ഡ്സ് ഒക്കെ.
“അപ്പു…അടുത്ത സദ്യ നിന്റെ വക ആണ് കേട്ടോ..”
എല്ലാര്ക്കും ഇത് തന്നെ ആണ് പറയാന് ഉണ്ടായിരുന്നത്. കെട്ട് കഴിഞ്ഞ് ഫോട്ടോ ഷൂട്ട് തുടങ്ങി. അതിനിടയില് ആണ് വല്ലാത്ത ദാഹം. തിരക്കിനിടയില് രാവിലെ ഒന്നും മര്യാദയ്ക്ക് കഴിച്ചും ഇല്ല.

ജോയോട് പറഞ്ഞ്‌ വെള്ളം കുടിക്കാന് വേണ്ടി പുറത്തേക്ക് നടന്നു. പെട്ടെന്ന് ആണ് ആരോ ആയിട്ട് കൂട്ടി ഇടിച്ചത്. ആളുടെ നെഞ്ചില് ആണ് ഇടിച്ചത്. സത്യം പറഞ്ഞാൽ എന്റെ കിളികള് ഒക്കെ ജില്ല വിട്ടു പോയി.. അമ്മാതിരി ഇടി. ഇയാൾ എന്താ നെഞ്ചത്ത് കല്ല് ഉരുട്ടി വച്ചേക്കുവാണോ..

വേദന കൊണ്ട് നെറ്റി തടവി അയാളെ ചീത്ത വിളിക്കാന് വേണ്ടി തല ഉയർത്തിയ ഞാന് മുന്നില് ഉള്ള ആളെ കണ്ടു ഒരു നിമിഷം ഞെട്ടി.. ആ മുഖത്തേക്ക് തന്നെ അന്തം വിട്ടു നോക്കി നിന്നു.. (തുടരും)

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story