ശ്രാവണം- ഭാഗം 1

ശ്രാവണം- ഭാഗം 1

എഴുത്തുകാരി: അമൃത അജയൻ (അമ്മൂട്ടി)

ഓഫീസിൽ , ക്ലയന്റിനെ കേസ് പഠിപ്പിക്കുന്നതിനിടയിൽ മൂന്ന് നാല് വട്ടം അവളുടെ ഫോൺ ചിലച്ചു … പ്രണവാണ് … ! കോളെടുക്കാൻ നിവർത്തിയില്ലാത്തതിനാൽ അവളത് അവഗണിച്ചു .. അല്ലെങ്കിലും ഇനിയതെടുക്കുന്നതിൽ അർത്ഥമില്ലെന്ന് അവൾക്ക് തോന്നി … എന്തിനാണ് ആ വിളിയെന്ന് അവൾക്കറിയാം .. ഒരു ദീർഘ നിശ്വാസത്തോടെ അവൾ വീണ്ടും കേസിൽ ശ്രദ്ധ തിരിച്ചു …. അഡ്വ. സെബാസ്റ്റ്യൻ പോളിന്റെ ജൂനിയറാണ് അഡ്വ. ശ്രാവന്തി .. ലഞ്ച് ബ്രേക്ക് ടൈമിലാണ് അവൾ ഫോൺ കൈയിലെടുത്തത് ..

അവളതുമായി ടോയിലറ്റിന്റെ ഭാഗത്തേക്ക് പോയി .. പിന്നെ പ്രണവ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കോൾ ചെയ്തു .. മൂന്നാമത്തെ റിങ്ങിനു തന്നെ മറുവശത്ത് കോളെടുത്തു … ” പറ …..” അവൾ മുഖവുരയില്ലാതെ പറഞ്ഞു …… ” നിനക്കെന്താ ഫോണെടുക്കാൻ താമസം ….. ” മറുവശത്ത് നിന്ന് മറുത്തൊരു ചോദ്യമാണ് വന്നത് … ” ഓഫീസിൽ തിരക്കായിരുന്നു … ” അവൾ പറഞ്ഞു …. മറുവശത്ത് നിന്നുയർന്ന പുച്ഛം കലർന്ന ചിരി അവൾ കേട്ടു … ” ജോലിക്ക് കയറി നാല് മാസമായപ്പോഴേക്കും നിനക്ക് ഇത്രയും തിരക്കാണ് ..

ഈ തിരക്ക് നിന്നെ എവിടെയെത്തിച്ചു … നഷ്ടങ്ങൾക്ക് തുടക്കം കുറിക്കുകയല്ലേ ശ്രാവന്തി ….” ” എന്റെ തിരക്കാണോ പ്രണവ് നഷ്ടങ്ങൾക്ക് തുടക്കം കുറിച്ചത് … ?” സഹികെട്ട് അവൾ ചോദിച്ചു … ഈ ചോദ്യം അവൾ കേൾക്കാൻ തുടങ്ങിയിട്ട് ആഴ്ച രണ്ടാകുന്നു … ഇനി വയ്യ …. എല്ലാ കുറ്റവും തന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മനസിലായിട്ടും താനവന്റെ മുന്നിൽ പൊട്ടിയെപ്പോലെ നിൽക്കുന്നത് എന്തിനാണെന്ന് അവൾക്കപ്പോഴുമറിയില്ലായിരുന്നു …. താനവനെ അത്രകണ്ട് സ്നേഹിക്കുന്നു …

ഇനിയൊരു മടക്കം അവനുണ്ടാകില്ലെന്നറിഞ്ഞിട്ടും താനത് ആഗ്രഹിക്കുന്നു .. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു … ” എനിക്ക് നിന്നെ കാണണം ശ്രാവി… അവസാനമായിട്ട് … ഒരിക്കൽ കൂടി … ” അവന്റെ ശബ്ദം നേർത്തു … ” അവസാനമായിട്ട് …….. അതിനർത്ഥം നമ്മൾ പിരിഞ്ഞു എന്ന് …. അല്ലേ ……..” അവൾ വേദനയോടെ ചോദിച്ചു … ഒരു വേള മറുവശത്ത് നിശബ്ദത നിറഞ്ഞു … ” ഇനി …. ഇനിയും ഞാനെന്താ നിന്നോട് പറയേണ്ടത് …….” പ്രണവ് ചോദിച്ചു … ”

സാരമില്ല പ്രണവ് …. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല … നമ്മൾ പിരിഞ്ഞു കഴിഞ്ഞു എന്ന് … കാരണം ഇന്നലെ സംസാരിക്കുമ്പോഴും നമ്മൾ ഗുഡ്ബൈ പറഞ്ഞിരുന്നില്ലല്ലോ …… എവിടെയോ … എവിടെയോ ഇത്തിരി വെളിച്ചം തെളിയുന്നുണ്ടോ എന്നന്വേഷിക്കുകയായിരുന്നല്ലോ …… അതോ എന്റെ തോന്നലായിരുന്നുവോ ……” അവളറിയാതെ തേങ്ങിപ്പോയി …. മറുവശത്ത് ചെറു നിശ്വാസങ്ങൾ ഉതിരുന്നത് അവൾ കേട്ടു .. ” കഴിയുമെങ്കിൽ ഇന്ന് വൈകിട്ട് ബീച്ചിലേക്ക് വാ .. ” അവൻ പറഞ്ഞു … ” വരാം ……..”

അവസാനമായിട്ടാണെങ്കിൽ അങ്ങനെ … എങ്കിലും അവനെ ഒരിക്കൽക്കൂടി കാണണമെന്ന് അവൾക്ക് തോന്നി … മറുവശത്ത് ഫോൺ കട്ടായത് അവളറിഞ്ഞു ….. അവൾ പിന്നിലെ ചുമരിലേക്ക് ചാരി … ഇടത് കൈ കൊണ്ട് രണ്ടു കണ്ണും അമർത്തി പിടിച്ചു ….. അറിയാതൊരേങ്ങൽ അവളുടെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു … പ്രണവ് .. എൻജിനിയറാണ് അവൻ … ഹെലിക്സ് ബിൽഡേർസിലാണ് അവൻ വർക്ക് ചെയ്യുന്നത് … ഫ്ലാറ്റുകൾ നിർമ്മിച്ച് കൊടുക്കുന്ന , പ്രമുഖ ബിൽഡേർസ് ഗ്രൂപ്പ് …. ഒരു യാത്രയിൽ ഒരുമിച്ച് കണ്ടുമുട്ടിയവർ … ”

എന്തു പറ്റി ശ്രാവന്തി ……..” അഡ്വ. സീനത്തിന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി …. സീനത്ത് അത്ഭുതത്തോടെ അവളെ നോക്കി … ” എന്ത് പറ്റിയെടാ …. നീ പേടിച്ചു പോയോ …. ” സീനത്ത് അവളുടെ തോളത്ത് മൃദുവായി തട്ടി … ” ഏയ് … ഞാൻ പെട്ടന്ന് …..” അവൾ വാക്കുകൾക്കായി പരതി … ” പ്രണവ് വിളിച്ചോ ……” സീനത്ത് അവളെ ഉറ്റുനോക്കി ചോദിച്ചു … ” ങും …….” അവൾ മൂളി … ” എന്ത് പറഞ്ഞു …. ” സീനത്ത് ശ്രാവന്തിയുടെ അരികിലേക്ക് നീങ്ങി നിന്ന് ചോദിച്ചു … ” കാണണംന്ന് പറഞ്ഞു …. അവസാനമായിട്ട് ……”

അത് പറഞ്ഞപ്പോൾ അവൾ അറിയാതെ തേങ്ങിപ്പോയി …: ” അവസാനമായിട്ടോ …. ദാറ്റ് മീൻസ് .. നിങ്ങൾ പിരിഞ്ഞു എന്ന് ഉറപ്പിച്ചു ….?” സീനത്ത് നെറ്റി ചുളിച്ചു ….. ” ങ്ഹും ….. എല്ലാം അവസാനിപ്പിക്കാൻ അവനിത്തിരി തിടുക്കം കൂടുതലാണെന്ന് പോലും എനിക്ക് തോന്നുവാ ചേച്ചി ….. ” അവൾ വിങ്ങിപ്പൊട്ടിപ്പോയി …. പെട്ടന്നവൾ സീനത്തിനെ കെട്ടിപ്പിടിച്ചു …. അവരവളെ ചേർത്തണച്ചു … ” സാരമില്ല …. മറക്കാൻ ശ്രമിക്കണം … പ്രണയത്തിന്റെ മുറിവുകൾ അത്ര പെട്ടന്നൊന്നും ഉണങ്ങുകയില്ല … എന്ന് വച്ച് അതോർത്ത് ജീവിതം ഹോമിക്കാനൊന്നും നിൽക്കരുത് .. ” സീനത്ത് ഉപദേശം പോലെ പറഞ്ഞു .. അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു …

ബീച്ചിൽ അവർ പതിവായി സന്ധിക്കാറുള്ള ഇരിപ്പിടത്തിൽ , അടുത്തടുത്തായി അവരിരുന്നു … ” ഞാനൊരുപാട് പറഞ്ഞു നോക്കിയതാ .. പക്ഷെ വീട്ടിൽ സമ്മതിക്കുന്നില്ല … ” വീട്ടുകാർക്ക് ജാതകം നിർബന്ധമാണ് … നമ്മുടെ ജാതകം ഒത്ത് നോക്കിച്ചപ്പോൾ , അയാൾ പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞതല്ലേ ശ്രാവി…. നമ്മളൊന്നിച്ചാൽ , ഒരു വർഷം പൂർത്തിയാക്കില്ലത്രേ … നിന്റെ ആയുസിന് ദോഷമാണ് ….” ” എന്റെ ആയുസിന് വേണ്ടി , നീ ചെയ്യുന്ന ത്യാഗം … ഇപ്പോ എത്ര ന്യായങ്ങളായി എന്ന് ഓർമയുണ്ടോ പ്രണവ് ..?.

ജാതകച്ചേർച്ചയില്ലായ്മ ,എന്റെ അവഗണന , വീട്ടുകാരുടെ സമ്മതമില്ലായ്മ ….. ഞാനിതിൽ ഏതാ പ്രണവ് വിശ്വസിക്കേണ്ടത് …. വീട്ടുകാരുടെ സമ്മതത്തോടെയാണോ നമ്മൾ പ്രണയിച്ച് തുടങ്ങിയത് ….” ” നീയെന്നെ കുറ്റപ്പെടുത്തുവാണോ ..?” പ്രണവ് മുഖം തിരിച്ച് അവളെ നോക്കി … ” ഇല്ല .. കുറ്റം എന്റേതാണ് ….” ” വീട്ടുകാർ അവളുടെ വീട്ടുകാർക്ക് വാക്കു കൊടുത്തു പോയി .. ഇനി എനിക്കെന്ത് ചെയ്യാൻ പറ്റും …..” അവൻ ദുഃഖം നടിച്ചു …. അവൾ കണ്ണു വിടർത്തി അവനെ നോക്കി .. നീ എനിക്കും ഒരു വാക്കു തന്നിരുന്നില്ലേ പ്രണവ് എന്ന ചോദ്യം അവളുടെ തൊണ്ടക്കുഴിയിൽ തട്ടി നിന്നു … ”

നീ പറയാതെ നിന്റെ ഓഫീസിൽ പുതുതായി ജോയ്ൻ ചെയ്തൊരാളെ കുറിച്ച് നിന്റെ വീട്ടുകാർ അറിയില്ലല്ലോ പ്രണവ് …….?” അവൾ ചോദിച്ചു … ” ഞാൻ പറഞ്ഞല്ലോ .. അത് വീട്ടുകാർ വഴി വന്ന പ്രേപ്പോസലാണ് .. ചിലപ്പോ ഓഫീസിൽ നിന്ന് അവളെന്റെ ഡീറ്റെയിൽസ് എടുത്തു കാണും …. ” അവൻ എങ്ങും തൊടാതെ പറഞ്ഞു … ” ശരി … സമ്മതിച്ചു …. പക്ഷെ കഴിഞ്ഞ കുറച്ചു നാളായി നീയെന്നെ ഒഴിവാക്കാൻ ശ്രമിച്ചതിന് ന്യായങ്ങളുണ്ടോ പ്രണവ് …? ” ” ഞാനെപ്പോൾ ഒഴിവാക്കാൻ ശ്രമിച്ചുവെന്നാണ് … നിന്നെ വിളിക്കുമ്പോഴൊക്കെ നീ ബിസി … പിന്നെ ഞാനെന്ത് …” ” പ്രണവ് ………” അവൾ കൈയ്യെടുത്തു തടഞ്ഞു ….. ”

ഓഫീസ് ടൈമിൽ വിളിച്ചാൽ ഞാൻ എങ്ങനെ എടുക്കാനാണ് … ആ സമയത്ത് നീയും ബിസിയല്ലേ … പിന്നെന്തിനാ നീ ആ സമയങ്ങളിൽ വിളിച്ചത് … സാധാരണ രാത്രിയായിരുന്നു നമ്മൾ സംസാരിക്കാറ് .. അത് നീ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി .. എന്നിട്ട് ഞാനൊഴിവാക്കിയത്രേ ……. ” വീണ്ടും അവനെന്തോ പറയാൻ തുടങ്ങിയതിനെ അവൾ തടഞ്ഞു … ” വേണ്ട പ്രണവ് … നീയിനിയും ഓരോന്ന് പറഞ്ഞ് തരം താഴണ്ട … കേൾക്കുമ്പോ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു … ” അവൻ ഒന്നും മിണ്ടിയില്ല … ” പോകാം … അല്ലേ ……. ” ഒടുവിൽ അവൾ ചോദിച്ചു …. ” ങും …..” അവൻ മൂളി … ”വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് ……”

അവൾ പറഞ്ഞു …. അവൻ അവളുടെ മുഖത്തേക്ക് നോക്കി … ” എന്നെക്കാൾ പണവും പ്രതാപവുമുള്ളൊരു പെൺകുട്ടിയെ കിട്ടിയപ്പോൾ നീയെന്നെ ഒഴിവാക്കി എന്ന് മാത്രം ഒരിക്കലും ആരും പറയാതിരിക്കട്ടെ …. ” അവൾ പറഞ്ഞു … അവനൊന്നു വല്ലാതായി … ” ശ്രാവി….. ” അവൻ മെല്ലെ വിളിച്ചു … ” ഇനിയെന്താ പ്രണവ് ……” അവൾ ഹൃദയ വ്യഥയോടെ ചോദിച്ചു …. അവൻ അവളുടെ മുഖത്തേക്ക് നോക്കി … ” നീയെന്നെ ശപിക്കരുത് …….” അവൾ ചുണ്ടു കോട്ടി ചിരിച്ചു …. ” ശാപം ….. ശപിക്കാൻ ഞാൻ ദുർവാസാവിന്റെ മകളൊന്നുമല്ലല്ലോ പ്രണവ് …

വെറുമൊരു സ്കൂൾ അദ്ധ്യാപകന്റെ മകൾ .. ” ” പരിഹസിച്ചതാണോ …..” അവൻ ചോദിച്ചു … ” ഒരു യാത്രയിൽ ഒരുമിച്ച് കണ്ടുമുട്ടിയ രണ്ട് യാത്രികരായിരുന്നില്ലേ നമ്മൾ … ജീവിതകാലം മുഴുവൻ ഒന്നിച്ചു യാത്ര ചെയ്യുമെന്ന് ധരിച്ച ഞാൻ വിഡ്ഢി…. നീ ശരിയായ യാത്രക്കാരനാണ് … നിന്റെ സ്ഥലമെത്തിയപ്പോൾ നീയിറങ്ങിപ്പോകുന്നു … എനിക്കിറങ്ങേണ്ടിയിരുന്ന സ്ഥലം കഴിഞ്ഞു പോയി … ഇനി പുതിയൊരു ഡെസ്റ്റിനേഷൻ കാണണം … അല്ലെങ്കിൽ തിരിച്ചു നടക്കണം … ” അവൾ വിദൂരതയിൽ മിഴി നട്ട് പറഞ്ഞു … അവൻ ഒന്നും മിണ്ടിയില്ല .. ” നീ പൊയ്ക്കോളു പ്രണവ് … ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ ……”

” നീ വരുന്നില്ലേ … സന്ധ്യയായി .. ഞാൻ ഹോസ്റ്റലിൽ വിടാം ….” അവൾ പുഞ്ചിരിച്ചു … ” ഗുഡ് ബൈ ……” അവൾ മന്ത്രിച്ചു … അവൾ വരുന്നില്ലെന്ന് മനസിലായപ്പോൾ അവൻ നടന്നു നീങ്ങി …. അവൾക്കൊന്നു പൊട്ടിക്കരയാൻ തോന്നി … ഒന്നാശ്വസിപ്പിക്കാൻ പോലും ശ്രമിക്കാതെ അവൻ നടന്നകലുന്നത് അവൾ നെഞ്ച് പൊട്ടുന്ന വേദനയോടെ കണ്ടിരുന്നു … ഒരു വർഷം മുൻപുള്ള ഒരു ട്രയിൻ യാത്ര അവളുടെ മനസിലേക്ക് ചൂളമടിച്ചെത്തി … ( തുടരും )

ശ്രാവണം- ഭാഗം 2

Share this story