ശ്രാവണം- ഭാഗം 4

ശ്രാവണം- ഭാഗം 4

” ശിവാ നിനക്കെന്താ ……” ശ്രാവന്തി അവളോട് ദേഷ്യപ്പെട്ടു … ” അപ്പോ ഒന്നും അറിഞ്ഞില്ലേ …. ചേച്ചിയെ ഇവിടുന്ന് കെട്ടുകെട്ടിക്കാൻ പോകുന്നു …. ” ” കെട്ട് കെട്ടിക്കേ …. എങ്ങോട്ട് …. ” ” എന്റെ ചേച്ചി … ചേച്ചിയെ കെട്ടിച്ചു വിടാൻ പോവാ ……” ശ്രാവന്തി ശിവയെ ഉറ്റു നോക്കി … ” നീ എന്താ പറഞ്ഞെ ….” അവൾ ശിവയെ പിടിച്ച് അഭിമുഖം നിർത്തി … ” അച്ഛനും അമ്മയും ചേച്ചിയെ കെട്ടിച്ചു വിടാൻ പോവാന്ന് ……” ശിവ പറയുന്നത് കേട്ട് കൊണ്ട് ഉദയനും ചന്ദ്രികയും അങ്ങോട്ടു വന്നു … ” എന്താച്ഛാ ഇവൾ പറയുന്നേ …. ”

ശ്രാവന്തി അച്ഛനു നേരെ ചെന്നു .. ” അവൾ പറഞ്ഞത് സത്യമാ മോളെ … ഒരാലോചന വന്നിട്ടുണ്ട് … അച്ഛനും അമ്മയും അതൊന്ന് അലോചിക്കുവാ …” ” എന്താച്ഛാ ഇത് … എനിക്കിപ്പോ കല്യാണം വേണ്ട .. എനിക്ക് സമാധാനായിട്ട് ഒന്ന് ജീവിച്ചാ മതി … ” അവളുടെ കണ്ണു നിറഞ്ഞു .. ” മോള് പറഞ്ഞു വരുന്നത് അച്ഛനു മനസിലായി … നീ ഒറ്റപ്പെട്ട് ജീവിച്ചാൽ ഈ മുറിവ് ഒരിക്കലും ഉണങ്ങില്ല .. പച്ച മുറിവിന് മീതെ മരുന്ന് പുരട്ടണം .. എങ്കിലേ വേഗം ഉണങ്ങൂ…… ” ” ഞാൻ സന്യസിക്കാനൊന്നും പോകുന്നില്ലച്ഛാ … എനിക്ക് കുറച്ച് സമയം വേണം …..” ” കല്ല്യാണത്തിന് സമയം നമുക്ക് അവരോട് ചോദിക്കാം …

മോള് നിരാശയടിച്ച് നടക്കാൻ പാടില്ല .. അതിന് നിന്നെ ഞാൻ വിടില്ല ……” ഉദയൻ തീർത്തു പറഞ്ഞു… ” ഇതെന്തൊരു കഷ്ടമാണച്ഛാ … ഒരു ബന്ധത്തിന്റെ തകർച്ച മറ്റൊരു ബന്ധം കൊണ്ട് നികത്താനാവില്ല .. എനിക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ കുറച്ചു സമയം വേണം … ” ” ആവശ്യമുള്ള സമയം മോൾക്കുണ്ടാവും … പക്ഷെ നിരാശയിലേക്ക് പോകാനല്ല .. പുതിയ സ്വപ്നങ്ങൾ തീർക്കാൻ .. നിന്നെ വേണ്ടാന്ന് വച്ചവൻ മറ്റൊരു ജീവിതം സ്വപ്നം കണ്ട് നടക്കുകയാണ് … അതോർത്താൽ മതി .. നിനക്കു നിന്റെ വഴിയേ നടക്കാൻ …..” ” അച്ഛാ ……..”

അവൾ സങ്കടത്തോടെ വിളിച്ചു … ” ഇത് ഇന്നോ ഇന്നലയോ വന്ന ആലോചനയല്ല … കുറച്ചു മുന്നേ വന്നതാ .. അന്ന് പ്രവീണിന്റെ വിഷയം ഉണ്ടായിരുന്നത് കൊണ്ടാ ഞങ്ങളിത് ആലോചിക്കാതിരുന്നത് .. ” പറഞ്ഞിട്ട് ഉദയൻ ചന്ദ്രികയെ നോക്കി കണ്ണടച്ചു കാട്ടി … ” അതേ മോളെ … പ്രവീൺ നിന്നെ സംബന്ധിച്ച് ഇനിയൊരടഞ്ഞ അദ്ധ്യായമാണ് .. ചത്ത് പോയതിനെ അടക്കം ചെയ്തില്ലെങ്കിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കും .. നിന്നെ സംബന്ധിച്ച് പ്രവീൺ മരിച്ചു കഴിഞ്ഞു .. ഇനിയത് മനസിൽ വച്ചാൽ ചീഞ്ഞളിയും .. എത്ര കോരി കളഞ്ഞാലും പോകാത്ത അഴുക്കായി മാറും … അതനുവദിക്കില്ല ഞങ്ങൾ …

ചത്ത് പോയതിനെ അടക്കം ചെയ്ത് അതിനു മുകളിലൊരു തൈ വയ്ക്കുക … അത്രേയുളളു … ” ചന്ദ്രിക പറഞ്ഞിട്ട് ഉദയനെ നോക്കി .. ” മോൾ മനസിരുത്തി ഒന്നാലോചിക്ക് …. പ്രാക്ടിക്കലായി ചിന്തിക്കാനുള്ള ബുദ്ധിയും വിവരവും വിദ്യാഭ്യാസവും എന്റെ മോൾക്കുണ്ട് .. ” ഉദയൻ അവളുടെ തോളത്തു തട്ടി പറഞ്ഞിട്ട് റൂമിന് പുറത്തേക്ക് നടന്നു … പിന്നാലെ ചന്ദ്രികയും … ” ശിവാ … ഇങ്ങ് വാ ….” അവിടെ തന്നെ ചുറ്റി തിരിയുന്ന ശിവയെ ചന്ദ്രിക വിളിച്ചു … അമ്മയ്ക്കു പിന്നാലെ ശിവയും പുറത്തിറങ്ങി പോയി … ശ്രാവന്തി ഒരു നിമിഷം കണ്ണടച്ചു പിടിച്ചു .. അവളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി .. ഒരു വിതുമ്പലോടെ അവൾ ബെഡിലേക്ക് വീണു …

” ഈ വിവാഹം എത്രയും വേഗം നടത്തണം ഉദയേട്ടാ … അവളാകെ സങ്കടത്തിലാണ് … നിരാശയിലേക്ക് കൂപ്പുകുത്തി , ഡിപ്രഷന് വിട്ട് കൊടുക്കാൻ പറ്റില്ല നമ്മുടെ മോളെ .. ” ഉദയന്റെ പിന്നാലെ ചെന്ന് കൊണ്ട് ചന്ദ്രിക പറഞ്ഞു … ” ങും …… ” അയാൾ മൂളി …. പിന്നെ അകത്ത് പോയി , ശ്രാവന്തിയുടെ ജാതകമെടുത്ത് ലത ടീച്ചറിന് വാട്സപ്പ് ചെയ്ത് കൊടുത്തു … * * * * * * * * * * * * * * * പിറ്റേന്ന് വൈകുന്നേരം ഉദയന്റെ ഫോണിലേക്ക് ഒരു കാൾ വന്നു … ” ഞാൻ ജയചന്ദ്രനാണ് .. ലതയുടെ ചേച്ചിയുടെ ഭർത്താവ് …. മനസിലായോ ” അയാൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു . … ” ആ .. മനസിലായി …

ഞാൻ ഉദയകുമാർ ..ശ്രാവന്തിയുടെ അച്ഛൻ . ” ഉദയൻ പറഞ്ഞു …. ” കുട്ടികളുടെ ജാതകം ഞങ്ങളൊന്ന് നോക്കി … പത്തിലൊൻപത് പൊരുത്തവും ഉണ്ട് ……” അപ്പുറത്ത് ജയചന്ദ്രന്റെ സന്തോഷം നിറഞ്ഞ സ്വരം കേട്ടു … ഉദയനും അത് സന്തോഷമുള്ള വാർത്തയായിരുന്നു … ” അപ്പോ ഇനി കാര്യങ്ങളെങ്ങനെയാ … ? ” ഉദയൻ ചോദിച്ചു .. ” നിങ്ങൾ കൂടി വേണമെങ്കിൽ പൊരുത്തമൊന്ന് നോക്കിക്കോളു …….” ജയചന്ദ്രൻ പറഞ്ഞു … ഉദയകുമാർ ചിരിച്ചു .. ” എനിക്ക് ജാതകത്തിലൊന്നും വലിയ വിശ്വാസമില്ല … ഞാനെന്റെ ഭാര്യയെ വിവാഹം ചെയ്തത് ജാതകം നോക്കിയിട്ടൊന്നുമല്ല .. ” ഉദയൻ ചിരി വിടാതെ പറഞ്ഞു … ”

സത്യത്തിൽ അതാ നല്ലത് … ഇതൊക്കെ നോക്കാൻ പോയാലാ ടെൻഷൻ … മനപ്പൊരുത്തമാണ് പ്രധാനം … ഇവിടെ ജീഷ്ണുവിന്റെ അമ്മയ്ക്ക് ജാതകം നിർബന്ധാ .. അതാ നോക്കിക്കളയാം എന്ന് വച്ചത് ….” ജയചന്ദ്രൻ തന്റെ അഭിപ്രായം പറഞ്ഞു … ” ഇവിടെ ചന്ദ്രികക്കും ഇതൊന്നും നിർബന്ധമില്ല .. മനപ്പൊരുത്തം … അതാണ് പ്രധാനം …….” ” അങ്ങനെയാണെങ്കിൽ നമുക്ക് പെണ്ണുകാണൽ ചടങ്ങ് നടത്തിയാലോ …..” ” അതിനെന്താ …. നടത്താല്ലോ …” ” മോൾ വീട്ടിലുണ്ടെന്ന് ലത പറഞ്ഞിരുന്നു .. ” ” ഉവ്വ് …. ഇനിയിപ്പോ തിങ്കളാഴ്ചയേ അവൾ മടങ്ങി പോകു …..” ഉദയൻ അറിയിച്ചു … ”

എന്നാൽ ഈ ഞായറാഴ്ച ഞങ്ങളങ്ങോട്ട് വന്നാലോ …. ജിഷ്ണുവിനും അന്ന് ലീവുണ്ട് … ” ” പിന്നെന്താ ….. ” ഉദയൻ സമ്മതമറിയിച്ചു … ” ഞങ്ങളൊരു അഞ്ച് പേര് കാണും …. ഞാനും മകനും ഭാര്യയും , പിന്നെ ലതയും സദാശിവനും …” ” ആയിക്കോട്ടെ …. ” ” എന്നാൽ പിന്നെ വയ്ക്കട്ടെ … ” ജയചന്ദ്രൻ പറഞ്ഞു … ” എന്നാൽ ശരി … ഞായറാഴ്ച കാണാം ….” കോൾ കട്ട് ചെയ്തിട്ട് ഉദയൻ ചന്ദ്രികയെ വിളിച്ചു …. ” ഞായറാഴ്ച അവരിങ്ങോട്ട് വരുന്നുണ്ട് .. ജാതകം നോക്കിയിട്ട് ഇപ്പോ വിളിച്ചിരുന്നു ജിഷ്ണുവിന്റെ ഫാദർ ….” ഉദയൻ ചന്ദ്രികയോട് പറഞ്ഞു .. ” ആണോ …. എന്നിട്ട് ജാതകപ്പൊരുത്തമുണ്ടോ ….” ചന്ദ്രിക ചോദിച്ചു … ” ഉവ്വ് … പത്തിലൊമ്പത് പൊരുത്തമെന്നാ പുള്ളി പറഞ്ഞത് ….” ചന്ദ്രികയുടെ മുഖം വിടർന്നു … ” നീ മോളെ വിളിച്ച് വിവരം പറയ് … അവളെതിർക്കും …

നീ തഞ്ചത്തിൽ കാര്യം പറഞ്ഞ് സമ്മതിപ്പിക്കണം ….” ഉദയൻ ഉപദേശിച്ചു …. ” അതൊക്കെ ഞാനേറ്റു ഉദയേട്ടാ …..” ചന്ദ്രികക്കും ഉത്സാഹമായി … തന്റെ കടിഞ്ഞൂൽ കൺമണിയുടെ വിവാഹം …… ഓർത്തപ്പോൾ ചന്ദ്രികക്ക് കുളിര് കോരി … ഇരുപത്തിനാല് വർഷം മുൻപ് , ഒരുച്ച നേരത്താണ് അവളുടെ കരച്ചിൽ ആദ്യമായി തന്റെ കാതിൽ വീഴുന്നത് .. ആദ്യമായി താൻ അമ്മയും ഉദയേട്ടൻ അച്ഛനുമായ ധന്യ നിമിഷം … വെളുത്ത തുണികൾക്കിടയിൽ ആദ്യമായി അവളുടെ കുരുന്നു മുഖം കണ്ടതും , ആ തളിർ നെറ്റിയിൽ ഉമ്മ വെച്ചതും , ആദ്യമായി അവളെ മുലയൂട്ടിയതും ഇന്നലെ കഴിഞ്ഞത് പോലെ ചന്ദ്രിക ഓർത്തെടുത്തു … ഇനിയവളുടെ വിവാഹം …. ചന്ദ്രിക ആവേശത്തോടെ അകത്തേക്ക് നടന്നു …..

ഞായറാഴ്ച ….. പെണ്ണുകാണൽ ചടങ്ങ് ആയത് കൊണ്ട് അധികം ബന്ധുക്കളെയൊന്നും ക്ഷണിച്ചില്ല … ചന്ദ്രികയുടെ അമ്മ ഭാരതിയും സഹോദരൻ ചന്ദ്രകുമാറും , ഉദയന്റെ സഹോദരി ഉഷയും ഭർത്താവ് മോഹനനും മാത്രമാണ് ചടങ്ങിന് എത്തിയത് …. ” ചെറുക്കനെവിടെയാ ഉദയേട്ടാ ജോലി ….” ചന്ദ്രകുമാർ ചോദിച്ചു … ” KSEB യിൽ … എക്സിക്യൂട്ടിവ് എഞ്ചിനിയറാ … ” ” സർക്കാർ ഉദ്യോഗസ്ഥൻ തന്നെയാ നല്ലത് .. അതാകുമ്പോ പേടി വേണ്ട … ” മോഹനൻ പറഞ്ഞു … ” അല്ലെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം വച്ച് സർക്കാർ ഉദ്യോഗസ്ഥൻ തന്നെയാണ് വരേണ്ടത് …. ” ഭാരതി പറഞ്ഞു ….. ”

അവരെത്താറായില്ലേ ഉദയേട്ടാ ….” ചന്ദ്രകുമാർ വാച്ചിലേക്ക് നോക്കി .. ” പതിനൊന്നു മണിക്ക് എത്തുമെന്നാ അറിയിച്ചത് ………” ” പതിനൊന്നേ കാലായി …….” മോഹനൻ പറഞ്ഞു കൊണ്ട് സിറ്റൗട്ടിലേക്ക് നടന്നു …. “ചിലപ്പോ ബ്ലോക്കിൽ വല്ലോം പെട്ട് കാണും ….” ഉഷ പറഞ്ഞു … ” ഞായറാഴ്ചയായിട്ട് ഇവിടെ എവിടെയാ ബ്ലോക്ക് ….” മോഹനൻ ഭാര്യയെ നോക്കി … എല്ലാവരുടേയും മുഖത്ത് ഒരു ടെൻഷൻ പ്രകടമായി .. അപ്പോഴേക്കും ഗേറ്റിൽ ഒരു ഹോൺ കേട്ടു … എല്ലാ മുഖങ്ങളും തെളിഞ്ഞു … ചന്ദ്രകുമാറും ഉദയനും സിറ്റൗട്ടിലേക്ക് ഇറങ്ങിച്ചെന്നു …. എല്ലാ കണ്ണുകളും ആകാംഷയോടെ ഗേറ്റിലേക്ക് നോക്കി … ( തുടരും )

ശ്രാവണം- ഭാഗം 5

Share this story