ശ്രാവണം- ഭാഗം 9

ശ്രാവണം- ഭാഗം 9

ശ്രാവന്തി അകത്തേക്ക് കയറി ചെന്നു …. അവളെ കണ്ടിട്ടും അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും കണ്ടില്ല …. പക്ഷെ അവൾക്കൊരു വല്ലായ്മ തോന്നി … വിവാഹത്തിനു മുൻപ് ജിഷ്ണുവിന് എന്തെങ്കിലും രോഗമുള്ളതായി ആരും പറഞ്ഞു കേട്ടില്ല … അവനോട് ചോദിക്കണോ ….? പിന്നെ തോന്നി വേണ്ട … ഇങ്ങോട്ടു പറയട്ടെ … പറഞ്ഞില്ലെങ്കിൽ ചോദിക്കാം … ” കിടന്നോളു …..” പറഞ്ഞിട്ട് അവൻ ബെഡിലേക്ക് കയറി കിടന്നു … ഇങ്ങേയറ്റത്ത് അവളും … ഇരുളിലേക്ക് നോക്കി , ഉറക്കം വരാതെ ശ്രാവന്തി കിടന്നു …. അവളുടെ മനസിൽ, കുറച്ച് മുന്നേ കണ്ട സംഭവമായിരുന്നു …

പിറ്റേന്ന് ജിഷ്ണു വിളിച്ചുണർത്തിയപ്പോഴാണ് ശ്രാവന്തി കണ്ണു തുറന്നത് … ഒരു കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് ജിഷ്ണു ഇരിക്കുന്നു … അവൾ കണ്ണ് തിരുമ്മി എഴുന്നേറ്റു … ” അഞ്ച് മണിയായിട്ടേയുള്ളു .. അമ്മ എഴുന്നേറ്റില്ല .. അതു കൊണ്ട് ഞാൻ തന്നെ പോയൊരു ടീ ഇട്ടു …. ” അവൾ പരിഭ്രമിച്ച് ക്ലോക്കിലേക്ക് നോക്കുന്നത് കണ്ട് അവൻ പറഞ്ഞു … ” ഇത് കുടിച്ചിട്ട് , വേഗം ഫ്രഷ് ആയി വാ … നമുക്കൊരു യാത്രയുണ്ട് ……” ” എങ്ങോട്ട് … ” ” അതൊക്കെ പറയാം …. ആദ്യം താനിത് കുടിക്ക് ….”

അവളെഴുന്നേറ്റ് പോയി കൈയ്യും മുഖവും കഴുകിയിട്ട് വന്നു ചായ കപ്പ് വാങ്ങി ഒന്ന് മൊത്തി ….. ഒരു കവിളിറക്കിയിട്ട് ശ്രാവന്തി അവനെ നോക്കി പുഞ്ചിരിച്ചു .. ആ ചായയുടെ രുചി അവളുടെ പുഞ്ചിരിയിലുണ്ടായിരുന്നു … ” എങ്ങോട്ടാ യാത്ര ….? ” അവൾ ചോദിച്ചു … ” ചോറ്റാനിക്കര ക്ഷേത്രത്തിൽ .. ഞാൻ അമ്മയുടെ ഡിവോട്ടിയാണ് ….” ” ഞാനും …….” അവളുടെ മുഖം വിടർന്നു … * * * * * * * * * കാറിലാണ് ഇരുവരും ചോറ്റാനിക്കരയിലേക്ക് പോയത് …

മേൽക്കാവിലും കീഴ്ക്കാവിലും തൊഴുത് , വഴിപാടുകളും നടത്തി … എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു …. പിന്നെ ഇരുവരും കൂടി , ജിഷ്ണുവിന്റെ ചില ബന്ധുവീടുകളിൽ പോയി … ഉച്ചക്ക് അവർ ഒരു മൂവിക്ക് കയറി .. പിന്നീട് മറൈൻ ഡ്രൈവിലും ലുലു മാളിലും എല്ലാം കറങ്ങി തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു … എന്തുകൊണ്ടും ആ യാത്ര അവൾക്ക് , ചെറുതല്ലാത്തൊരടുപ്പം അവനോടുണ്ടാക്കി …

ഒരു പാട് വട്ടം , അവർ കൈകോർത്തിരുന്നു സംസാരിച്ചിരുന്നു , തമാശകൾ പറഞ്ഞിരുന്നു …. ഒരുമിച്ച് ഭക്ഷണം കഴിച്ചു ….. ആ രാത്രിയും , അവൻ ഗുളിക കഴിക്കുന്നത് അവൾ കണ്ടു …. അതേ കുറിച്ച് അവൻ തന്നോട് ഒന്നും പറയാത്തത് അവളെ അലോസരപ്പെടുത്തി … നാളെക്കൂടി പറഞ്ഞില്ലെങ്കിൽ , താൻ തന്നെ ചോദിക്കുമെന്ന് അവൾ മനസിലുറപ്പിച്ചു … * * * * * * * * * * * * * ” ജിഷ്ണൂട്ടാ ……. എഴുന്നേൽക്ക് ….” പിറ്റേന്ന് ഒരു ബെഡ് കോഫിയുമായി അവനെ ഉണർത്തിയത് അവളായിരുന്നു … അവന് അത്ഭുതം തോന്നി …

ഇന്നലെ വരെ അവൾ തന്നെയൊന്നും സംബോധന ചെയ്തിരുന്നില്ല … ഇന്നിപ്പോൾ യാതൊരു മടിയുമില്ലാതെ അവൾ തന്നെ ഏട്ടാ എന്ന് വിളിച്ചിരിക്കുന്നു … ” ഇന്ന് എന്റെ വീട്ടിൽ പോയി വരണം ന്ന് അമ്മ പറഞ്ഞിരുന്നല്ലോ ഇന്നലെ ….. ” .അവൾ ഓർമിപ്പിച്ചു …. ” അതാണോ ഇത്ര സന്തോഷം ….” അവളുടെ കവിൾ തുടുത്തു … ” ഇന്ന് തന്നെ മടങ്ങി വന്നേ പറ്റൂ കേട്ടോ …” അവൻ ഓർമിപ്പിച്ചു …. അതെന്ത് കൊണ്ടാണെന്ന് അവൾക്ക് മനസിലായില്ല ..

ഈ ആഴ്ച രണ്ടാളും ലീവാണ് … രണ്ട് ദിവസം തന്റെ വീട്ടിൽ നിന്നാൽ എന്താണ് … പെട്ടന്ന് അവൾ ഗുളികയുടെ കാര്യം ഓർത്തു … ചിലപ്പോ അതാവും അങ്ങനെ പറഞ്ഞത് .. ഇങ്ങനെ മുടക്കം വരാതെ കഴിക്കണമെങ്കിൽ , അതെന്തിനുള്ള ഗുളികയാവും …. എങ്കിലും അവളൊന്നും വിട്ട് ചോദിച്ചില്ല … ഏഴ് മണിയോടെ ഇരുവരും അവളുടെ വീട്ടിലേക്ക് തിരിച്ചു .. രണ്ടര മണിക്കൂർ ദൂരമുണ്ട് അങ്ങോട്ട് … ഒൻപതര കഴിഞ്ഞു അവിടെ എത്താൻ ….

ഉദയനും ചന്ദ്രികയും ശിവയും അവരെ കാത്ത് നിൽക്കുകയായിരുന്നു … കാർ മുറ്റത്ത് വന്ന് നിന്നതും , ശിവ ഓടിച്ചെന്ന് ഡോർ തുറന്നു … ” രണ്ടെണ്ണോം വേഗം ഇറങ്ങിയേ … എനിക്ക് വയറ് വിശന്ന് കുടൽ ത്തുന്നു …. ” അവൾ മുഖവുരയില്ലാതെ പറഞ്ഞു …. ജിഷ്ണു ചിരിച്ചു … ശ്രാവന്തിയും … ” ശിവയിന്ന് സ്കൂളിൽ പോയില്ലെ …..” ജിഷ്ണു ചോദിച്ചു …. ” എവിടെ …. ചേച്ചി വരുന്നുന്ന് പറഞ്ഞ് കള്ളമടിച്ചു നിൽക്കുകയാ …. ” ചന്ദ്രിക പറഞ്ഞു …. ” എനിക്കെന്താ കൊണ്ട് വന്നത് … ഡ്രസാണോ.. .?”

ശ്രാവന്തി ബാക്ക് സീറ്റിൽ നിന്ന് കവറുകൾ എടുക്കുന്നത് കണ്ട് ശിവ വിളിച്ച് ചോദിച്ചു … ” നീയവരെയിങ്ങോട്ട് കയറാൻ അനുവദിക്ക് ശിവാ …..” ഉദയൻ ചിരിച്ചു കൊണ്ട് പറഞ്ഞു … ” വന്നോളു …. വന്നോളു ……” അവൾ കൈ കൊണ്ട് എതിരേൽക്കുന്നത് പോലെ ആംഗ്യം കാണിച്ചു …. ശ്രാവന്തിയെപ്പോലെ സൈലന്റല്ല ശിവയെന്ന് ജിഷ്ണുവിന് തോന്നി … ഭക്ഷണത്തിന് ശേഷം ശ്രാവന്തി അമ്മയ്ക്കൊപ്പം കൂടിയപ്പോൾ ശിവയും ഉദയനും ജിഷ്ണുവിന് കമ്പനി കൊടുത്തു …. “

ഇനി , ചേച്ചി വരുന്നൂന്ന് പറഞ്ഞ് ലീവ് എടുത്ത് നിൽക്കണ്ട കേട്ടോ ശിവാ ….” ഇടയ്ക്ക് ജിഷ്ണു പറഞ്ഞു … ” അങ്ങനെ പറഞ്ഞു കൊടുക്ക് … ഒരു കാരണം കിട്ടാൻ നോക്കി ഇരിക്കുവാ ഇവൾ ക്ലാസിൽ പോകാതിരിക്കാൻ … കല്ലാണത്തിന് ശ്രാവിയെക്കാൾ മുന്നേ ഇവളാ ലീവെടുത്ത്ത് ……” ഉദയൻ പറയുന്നത് കേട്ട് ജിഷ്ണു ചിരിച്ചു … ” ഇപ്പോ ചേച്ചിയേം ചേട്ടനേം കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഞാനാരായി …..? ശിവ മുഖം വീർപ്പിച്ചു …

ചിരിയും തമാശയും ഉച്ച ഭക്ഷണവും ഒക്കെ കഴിഞ്ഞ് ശ്രാവന്തിയുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലും സന്ദർശിച്ചിട്ടാണ് അവർ മടങ്ങിയത് …. ജിഷ്ണു എന്തിനോ ഗുളിക കഴിക്കുന്നുണ്ടെന്ന കാര്യം , അമ്മയോട് പറയാമെന്ന് കരുതിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു … വെറുതെ അവരെ കൂടി ടെൻഷനാക്കണ്ട … * * * * * * * * * * * അന്നും രാത്രി അവൾ റൂമിലേക്ക് വരുമ്പോൾ അവൻ ഗുളിക കഴിക്കുകയയായിരുന്നു … ബോക്സ് അടച്ച് കബോർഡിൽ ഭദ്രമായി വച്ച് തിരിയുമ്പോൾ പിന്നിൽ ശ്രാവന്തിയുണ്ടായിരുന്നു ….

കാര്യമായ ഭാവപ്രകടനങ്ങൾ ഒന്നും അവനിൽ ഇല്ലായിരുന്നു … ” ജിഷ്ണൂട്ടാ …… ഞാനൊരു കാര്യം ചോദിച്ചോട്ടെ …? ” അവൾ മുഖവുരയിട്ടു … ” ചോദിക്കെടോ ഭാര്യേ …..” ” ഇത് എന്തിനുള്ള ടാബ്ലറ്റാ …..? ” ജിഷ്ണുവിന്റെ മുഖം മങ്ങി … അതുവരെയില്ലാത്ത ഒരു ഭാവമാറ്റം അവന്റെ മുഖത്ത് അവൾ കണ്ടു …. ” അപ്പോ തന്നോടാരും ഒന്നും പറഞ്ഞില്ലെ …. ” അവന്റെ ശബ്ദം മൂർച്ചയുള്ളതായിരുന്നു …. അവൾ ഇല്ലെന്ന് തലയാട്ടി … “

അപ്പോ എന്നെ കുറിച്ച് ഒന്നും അറിയാതെയാണോ താനെന്റെ ജീവിതത്തിലേക്ക് വന്നത് ….? ” അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു … ആ ഭാവമാറ്റം അവളെ ഭയപ്പെടുത്തി … ” എന്നോട് ആരും ഒന്നും പറഞ്ഞില്ല … ” അവൾ വിക്കി വിക്കി പറഞ്ഞു .. ” അമ്മേ ……….” അവന്റെ ഒച്ച ആ വീടിനെ പിടിച്ചു കുലുക്കി… ( തുടരും )

ശ്രാവണം- ഭാഗം 10

Share this story