ശ്രാവണം- ഭാഗം 13

ശ്രാവണം- ഭാഗം 13

പ്രഭാതത്തിന്റെ നനുത്ത കിരണങ്ങൾ ഇന്നലെ പാതി ചാരിയിട്ട ജാലകത്തിലൂടെ കടന്നു വന്നു … ശ്രാവന്തി മെല്ലെ കണ്ണു തുറന്ന് നോക്കി … ജിഷ്ണുവിന്റെ കൈത്തണ്ടയിലാണ് അവളുടെ കിടപ്പ് .. അവന്റെ ഒരു കൈ അവളുടെ ഉടലിനെ വരിഞ്ഞിട്ടുണ്ട് … അവളുടെ കവിളിൽ അരുണാഭ പടർന്നു … പുതപ്പു മാറ്റി എഴുന്നേൽക്കാൻ തുടങ്ങിയതും , ജിഷ്ണു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു … അവളുടെ മാറിലേക്ക് മുഖമർപ്പിച്ച് , ആ മുഖത്തേക്ക് നോക്കി ജിഷ്ണു കിടന്നു … അവന്റെ കുസൃതി കണ്ണുകളോട് അവൾക്ക് വല്ലാത്ത ആവേശമായിരുന്നു …

” ഓഫീസിൽ പോകണ്ടെ …..” അവൾ അവന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു … ” വേണ്ട ……” അവൻ കുസൃതിയോടെ പറഞ്ഞു …. ” സർക്കാര് വന്ന് പൊക്കിയെടുത്തോണ്ട് പോകും എഞ്ചിനിയർ സാറിനെ … ” അവൾ ചിരിച്ചു … ” നമുക്ക് ഒളിച്ചിരിക്കാം …..” ” തനിയേ ഒളിച്ചിരുന്നാൽ മതി … എനിക്ക് ഓഫീസിൽ പോകണം …… ” അവളവന്റെ മൂക്കിൻ തുമ്പിൽ വേദനിപ്പിക്കാതെ നുള്ളി .. ” പിന്നെ ഞാനെന്തിനാ ഇവിടെയിരിക്കുന്നേ … ഞാനും പോവാ ……” അവൾ പൊട്ടിച്ചിരിച്ചു …. കൂടെ അവനും ….

ശ്രാവന്തി ഏഴര മണിയായപ്പോൾ തന്നെ റെഡിയായി …. അവൾക്ക് ഒരു മണിക്കൂർ യാത്രയുണ്ട്… ജിഷ്ണുവിന് അടുത്താണ് ഒൻപതു മണിക്ക് ഇറങ്ങിയാൽ മതി .. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ജിഷ്ണുവും ശ്രാവന്തിക്കൊപ്പം താഴെ വന്നു …. അവരൊന്നിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു .. അവൾക്ക് ഉച്ചയ്ക്ക് കഴിക്കാനുള്ളത് ലതിക ടിഫിൻ ബോക്സിലാക്കി വച്ചു … ജിഷ്ണു തന്നെ അവളെ ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി , ബസ് കയറ്റി വിട്ടു ….

ശ്രാവന്തി അൽപം നേരത്തെ തന്നെ എത്തിയിരുന്നു … അഡ്വ : ഋഷികേശിന്റെ ജൂനിയറാണ് ശ്രാവന്തി … ശ്രാവന്തിയെ കൂടാതെ ആറു പേർ കൂടി ആ ഓഫീസിൽ അദ്ദേഹത്തിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നുണ്ട് .. ശ്രാവന്തി തന്റെ സീറ്റിൽ വന്നിരുന്നിട്ട് ഫോണെടുത്ത് ജിഷ്ണുവിനെ വിളിച്ചു .. ” എത്തിയോ .. ഓഫീസിൽ …? ” ഫോണെടുത്ത പാടെ അവൻ ചോദിച്ചു … ” എത്തി …. ജിഷ്ണുവേട്ടൻ ഇറങ്ങിയോ …? ” ” ങും … ഓഫീസിലേക്ക് പൊയ്ക്കോണ്ടിരിക്കുവാ …” ” അയ്യോ ഡ്രൈവിംഗിലാണോ … എന്നിട്ടാണോ കോൾ എടുത്തേ … “

” നോ … ഞാൻ വണ്ടിയൊതുക്കി … ” ” എന്നാ ഞാൻ വയ്ക്കട്ടെ ….” ” OK … ചക്കര വച്ചോ … ഞാൻ ഫ്രീ ആകുമ്പോ വിളിക്കാം ….” ” ങും …… ” അവൾ പുഞ്ചിരിച്ചു .. കോൾ കട്ട് ചെയ്ത് , സിസ്റ്റം ഓപ്പൺ ചെയ്യുമ്പോൾ , ഋഷികേശിന്റെ റൂമിൽ നിന്ന് ഗുമസ്തൻ രാംദാസ് കൈയിൽ ഫയലുകളുമായി ഇറങ്ങി വന്നു … രാമേട്ടൻ എന്നാണ് അയാളെ എല്ലാവരും വിളിക്കാറ് …. ഏകദേശം 60 വയസ് പ്രായം വരും … ” മോള് വന്നോ …. സുഖാണോ മോൾക്ക് ?” ” അതെ രാമേട്ടാ…” ” പുതിയ വീടും വീട്ടുകാരുമൊക്കെ എങ്ങനെണ്ട്…?”

” എന്റെ വീട് പോലെ തന്നെയാ രാമേട്ടാ …..” ” നന്നായി …. അതൊരു ഭാഗ്യാ …. ” ആ വൃദ്ധന്റെ കണ്ണുകളിലെവിടെയോ ഒരു വിഷാദം നിറഞ്ഞു … ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത ഇളയ മകളെ ഓർത്താണ് ആ ദുഃഖമെന്ന് ശ്രാവന്തിക്ക് മനസിലായി … ” മോൾടെ കാര്യം ഇന്നലെ സാറ് പറഞ്ഞു … ” ” എന്താ രാമേട്ടാ … ചീത്ത പറഞ്ഞതാണോ …? ” അവൾ ചിരിയോടെ ചോദിച്ചു … ” അല്ല … 120 / 19 പോക്സോ കേസിന്റെ വിചാരണ ഇന്നുണ്ട് … മോളുണ്ടായിരുന്നെങ്കിൽ സാറിന് കുറച്ച് കൂടി ഹെൽപ്പ് ആയേനെന്ന് പറഞ്ഞു … “

” വിളിച്ചു പറഞ്ഞിരുന്നെങ്കിൽ , ഞാൻ റെഫർ ചെയ്തിട്ട് വന്നേനെ … ” ” ഞാൻ പറഞ്ഞതാ … വേണ്ടാന്ന് സാറ് തന്നാ പറഞ്ഞത് … ലീവിലല്ലേ .. അതൊക്കെ കഴിഞ്ഞ് വരട്ടെന്ന് പറഞ്ഞു ….” ” ആരാ സാറിന്റെ കൂടെ കോർട്ടിൽ പോകുന്നേ …. ” ” ശിൽപ്പക്കൊച്ചാ…. ഇന്നലെ 7 മണിവരെ ഇവിടെയിരുന്ന് കേസ് ഡിസ്കസ് ചെയ്തു … ” അപ്പോഴേക്കും സീനത്തും , ദിവ്യയും കൂടി വന്നു ….. ” ആഹാ … മണവാട്ടിപ്പെണ്ണ് വന്നോ …..” ശ്രാവന്തിയെ കണ്ടപാടെ സീനത്ത് ഓടി വന്നു … ” എങ്ങനെയുണ്ട് പുതിയ ലൈഫൊക്കെ …

ഓരോടുത്തരുടേം എക്സ്പീരിയൻസൊക്കെ കേട്ടിട്ട് വേണം എവിടെയെങ്കിലും ഒന്ന് കുടുങ്ങാൻ …” ദിവ്യ ടേബിളിലേക്ക് ചാരി നിന്ന് ചോദിച്ചു .. ” മറ്റൊരാളുടെ കണ്ടിട്ട് , അത് പോലെയാകും എന്ന് കരുതി വിവാഹം കഴിക്കരുത് കുട്ടി … എല്ലാവരും ഒരുപോലെയല്ല …. ” രാമേട്ടൻ ദിവ്യയെ നോക്കി പറഞ്ഞു … ” ഞാനൊരു തമാശ പറഞ്ഞതാ രാമേട്ടാ …..” ദിവ്യ മുഖം ചുളിച്ചു … രാമേട്ടന്റെ ഇടപെടൽ അവൾക്കിഷ്ടമായില്ല ….. ” രാമേട്ടൻ മകൾടെ കാര്യം ഓർത്താ പറഞ്ഞത് …. പാവം ..” അദ്ദേഹം തിരിഞ്ഞ് ഋഷികേശിന്റെ റൂമിലേക്ക് പോയപ്പോൾ ശ്രാവന്തി പറഞ്ഞു .. ” ഹ്മ് … പാവോന്നുവല്ല….

എന്തെങ്കിലും കിട്ടിയാ അപ്പോ കൊണ്ട് പോയി സാറിന് കൊളുത്തിക്കൊടുക്കും കിളവൻ ….” ദിവ്യ അനിഷ്ടത്തോടെ പറഞ്ഞു … ” ശ്രാവന്തി പറ , എങ്ങനെയുണ്ട് ജിഷ്ണുവും ഫാമിലിയും ….” സീനത്ത് ചോദിച്ചു … ” നല്ലവരാ സീനത്താ … എന്നോട് വലിയ സ്നേഹാ …….” അവൾ പറഞ്ഞു … എന്നാലും അവളുടെ കണ്ണുകൾക്ക് തന്നോട് കൂടുതലെന്തോ പറയാനുണ്ടെന്ന് സീനത്തിന് തോന്നി .. ദിവ്യയിരുന്നത് കൊണ്ട് അവർ കൂടുതലൊന്നും ചോദിച്ചില്ല .. അപ്പോഴേക്കും ശിൽപയും ആഷിക്കും , ഗോപനും നയനയുമൊക്കെ എത്തി …

എല്ലാവരും ശ്രാവന്തിയോടാണ് ആദ്യം വിശേഷങ്ങൾ തിരക്കിയത് … ” ശ്രാവീ … നമുക്ക് പിന്നെ വിശദമായി സംസാരിക്കാമേ … ഞാനിത്തിരി ബിസിയാ …. ” ശിൽപ വിളിച്ചു പറഞ്ഞു … ” OK ഡാ … ആൾ ദ ബെസ്റ്റ് ….” ശ്രാവന്തി പറഞ്ഞു … ” താങ്ക്യൂ ഡിയർ … പ്രേ ചെയ്തേക്കണേഡാ ….. ” ” ഷുവർ …..” ” ങും …… വലിയ കേസിന് , സാറിനൊപ്പം അപ്പിയർ ചെയ്യുന്നേന്റെ ജാഡയാ …. ” ദിവ്യ ശബ്ദം താഴ്ത്തി പറഞ്ഞു .. ശ്രാവന്തിയും സീനത്തും ദിവ്യയുടെ കുശുമ്പ് കേട്ട് ചിരിച്ചു .. അപ്പോഴേക്കും ഋഷികേശ് ഓഫീസിലേക്ക് കടന്നു വന്നു ..

വെളുത്ത് ഉയരമുള്ള ആരോഗ്യ ദൃഢഗാത്രനാണ് ഋഷികേശ് .. നാൽപ്പത് വയസ് മതിക്കും … ചെന്നിയിൽ ഒരൽപ്പം നരയുണ്ട് .. ആ ഒരു ഭാഗം സ്റ്റൈലിനു വേണ്ടി മാറ്റി നിർത്തി , ബാക്കി ഫുൾ ഡൈയാണെന്നാണ് ദിവ്യയുടെ കണ്ടുപിടിത്തം .. ” ഗുഢ് മോർണിംഗ് സാർ ….” അവർ അദ്ദേഹത്തെ വിഷ് ചെയ്തു * * * * * * * * * * * * * * ശ്രാവന്തിക്ക് അന്ന് കോർട്ടിൽ പോകേണ്ടി വന്നില്ല … അവൾ വരും ദിവസങ്ങളിലെ കേസുകൾ , നോക്കി ഫയൽ ചെയ്യുകയും മറ്റുമായിരുന്നു … പന്ത്രണ്ട് മണിയായപ്പോൾ സീനത്ത് കോടതിയിൽ നിന്ന് വന്നു .. “

ശ്രാവന്തി , നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ ….?” സീനത്ത് ചോദിച്ചു … അവളൊന്ന് മൗനമായി … ആ മുഖം കണ്ടപ്പോൾ സീനത്തിന് മനസിലായി എന്തോ കാര്യമായിട്ടുണ്ടെന്ന് … ” എന്താടാ …?” സീനത്ത് അവളുടെ താടി പിടിച്ചുയർത്തി … ശ്രാവന്തി എല്ലാ കാര്യങ്ങളും സീനത്തിനോട് തുറന്നു പറയാറുണ്ട് … അവൾക്ക് എന്നും എല്ലാറ്റിനും ഒരു ചേച്ചിയെ പോലെ കൂടെ നിൽക്കാറുണ്ട് സീനത്ത് … ” ഇത്താ ….. ” ശ്രാവന്തി വിളിച്ചു … അവൾ ഉണ്ടായ കാര്യങ്ങളെല്ലാം സീനത്തിനോട് തുറന്നു പറഞ്ഞു … “

ഛെ …. എന്തൊരു ചതിയാ അവർ നിന്നോട് ചെയ്തത് …. കഷ്ടായിപ്പോയി …. ” സീനത്തിന് എല്ലാം കേട്ട്‌ കഴിഞ്ഞപ്പോൾ അരിശം അടക്കാനായില്ല … ” പക്ഷെ അവർക്കെല്ലാം എന്നോട് സ്നേഹാ …” ശ്രാവന്തി പറഞ്ഞു … ” ഇതാണോ സ്നേഹം … സത്യം മറച്ചു വച്ച് കല്യാണം നടത്തിയിട്ട് .. സ്നേഹമുണ്ടായിരുന്നെങ്കിൽ എന്തുണ്ടായാലും അത് തുറന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത് … അഭിനയമാണ് അവരുടെ ….”

സീനത്ത് രോഷത്തോടെ പറഞ്ഞു … ശ്രാവന്തിയുടെ മുഖം വാടി …. സീനത്ത് അവളുടെ കൈ പിടിച്ചു … ” നീയും ജിഷ്ണുവും തമ്മിൽ എങ്ങനെയാ …” സീനത്ത് ചോദിച്ചു … ” നല്ല സ്നേഹത്തിലാ …” ” അതല്ല … സെക്ഷ്വലി …. കഴിഞ്ഞോ …? ” ങും …..” അവൾ മൂളി … “ഫസ്റ്റ് നൈറ്റിൽ തന്നെ …. ” ” അല്ല … ഇന്നലെ .. ഒരു വട്ടം … ” ” ഛെ… ഇത്രേം അറിഞ്ഞ സ്ഥിതിക്ക് നീയിത് ഒഴിവാക്കണമായിരുന്നു ശ്രാവീ … ” അവൾ മനസിലാകാതെ സീനത്തിനെ നോക്കി … ” നീയൊന്നോർത്തു നോക്ക് ശ്രാവി …

ജിഷ്ണുവിന് ഇപ്പോ പഴയ പല കാര്യങ്ങളും ഓർമയില്ല … പക്ഷെ കുറേശ്ശെ തിരിച്ചു കിട്ടി എന്ന് അവർ പറയുന്നു ..അത് സത്യമാണെങ്കിൽ , ഒരു പക്ഷെ പ്രണവിനെപ്പോലെ , അല്ലെങ്കിൽ അതിനെക്കാൾ ഡീപ്പായൊരു ബന്ധം ജിഷ്ണുവിന് ഉണ്ടെങ്കിൽ .. നാളെയൊരു ദിവസം അയാളത് ഓർത്തെടുത്താൽ .. ?” ശ്രാവന്തി നടുങ്ങിപ്പോയി … “ഇത്താ …. ” അവൾ പതർച്ചയോടെ വിളിച്ചു … ” പോട്ടെ …. നീ ജിഷ്ണുവിനെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ടോ …? ” ” ഇല്ല …..” അവൾ നിഷേധാർത്തത്തിൽ തലയാട്ടി …. “

ബെസ്റ്റ് ….. നീ ആദ്യം അയാളുടെ ഡോക്ടറെ കാണുകയായിരുന്നു വേണ്ടിയിരുന്നത് … അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കണമായിരുന്നു … ” സീനത്ത് ഉപദേശിച്ചു …. ശ്രാവന്തിയുടെ കണ്ണുകൾ ഇടം വലം വെട്ടി …. അത്രത്തോളമൊന്നും അവൾ കടന്നു ചിന്തിച്ചില്ല … ” നിങ്ങൾ പ്രിക്കോഷൻസ് എടുത്തിരുന്നോ ….?” സീനത്ത് വീണ്ടും ചോദിച്ചു … ” ഇല്ല …. ” ” ആ ബെസ്റ്റ് ……. നീ മന്ദബുദ്ധിയാണോ ശ്രാവീ …. ടെക്സ്റ്റ് ബുക്കിലും ഓഫീസ് കാര്യത്തിലും മാത്രം ബ്രില്യൻസുണ്ടായാൽ പോരാ …

ഇതെല്ലാം സ്വന്തം ജീവിതത്തിൽ കൂടി അപ്ലേ ചെയ്യാൻ പഠിക്കണം … ” ഇത്തയെന്താ പറയണേ ….?” അവൾ ചോദിച്ചു … ” ഇതിപ്പോ എന്താ ഏതാന്നറിയാതെ ഒരു കൊച്ചു കൂടി ഉണ്ടായാലുള്ള അവസ്ഥ എന്താകും . … നിന്റെ വീട്ടിൽ പറഞ്ഞില്ല എന്നല്ലേ നീ പറഞ്ഞത് … സമയം പോലെ നീയിത് വീട്ടിൽ പറയണം .. എന്നിട്ട് , നിന്റെ വീട്ടുകാര് തന്നെ ജിഷ്ണുവിന്റെ ഡോക്ടറെ കാണണം .. സംസാരിക്കണം … കുറഞ്ഞത് ഒന്നോ രണ്ടോ വർഷം കഴിഞ്ഞു മതി ഒരു കുഞ്ഞ് .. അവര് പറയുന്നതൊക്കെയല്ലേ നമുക്കറിയൂ ..

നീ ആദ്യം കാര്യങ്ങൾ കണ്ടു മനസിലാക്ക് .. ” സീനത്ത് ഉപദേശിച്ചു … ” പക്ഷെ ഇനിയിപ്പോ … ” ശ്രാവന്തി ധർമസങ്കടത്തിലായി … ” എന്താ .. ഇന്നലത്തെ ദിവസം പണി കിട്ടുമെന്ന് തോന്നുന്നുണ്ടോ ..” ” ങും .. ” ” വഴിയുണ്ട് .. പക്ഷെ ഇന്ന് മുതൽ നീ ശ്രദ്ധിച്ചോണം … ” ” എന്ത് വഴി .. ?” ” പറയാം … ഞാനിപ്പോ വരാം ” പറഞ്ഞിട്ട് സീനത്ത് പേർസെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി …. ശ്രാവന്തി സീനത്ത് പോകുന്നത് നോക്കിയിരുന്നു …. അവളുടെ മനസ് സീനത്ത് പറഞ്ഞ കാര്യത്തിൽ കുടുങ്ങിക്കിടന്നു …. ഈശ്വരാ …..!

ജിഷ്ണുവേട്ടന് മറ്റൊരവകാശി ഉണ്ടാവോ …. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു … പതിനഞ്ച് മിനിറ്റിനുളളിൽ പുറത്തേക്ക് പോയ സീനത്ത് തിരിച്ചു വന്നു … പേർസ് തുറന്ന് ഒരു ടാബ്ലറ്റ് എടുത്തു കൊടുത്തു … ” ദാ ഇതങ്ങ് കഴിക്ക് …. ” ” ഇതെന്തിനാ ഇത്താ …” ” ഇന്നലത്തെ നൈറ്റ് ഓർത്ത് ഇനി നീ പേടിക്കണ്ട .. ” ” ഇത്താ ….” ” കഴിക്ക് നീ … ” അവൾ ആ ടാബ്ലറ്റ് കൈവെള്ളയിൽ വച്ച് നോക്കി… ( തുടരും )

ശ്രാവണം- ഭാഗം 14

Share this story