ശ്രാവണം- ഭാഗം 14

ശ്രാവണം- ഭാഗം 14

അൽപസമയം നോക്കിയിരുന്നിട്ട് അവളാ ടാബ്ലറ്റ് വായിലേക്കിട്ടു … സീനത്ത് പേർസിൽ നിന്ന് മറ്റൊരു സ്ട്രിപ്പ് എടുത്തു … ” ദാ … ഇത് പിൽസാണ് …കൈയ്യിൽ വച്ചോ … ” സീനത്ത് അത് അവൾക്കു നേരെ നീട്ടി … ” ഇതെന്താ ….?” ” നീയിന്ന് ജിഷ്ണുവിനോട് പറയണം ഇപ്പോഴൊന്നും ഒരു കുഞ്ഞ് വേണ്ട .. ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് മതിയെന്ന് .. ജിഷ്ണു സമ്മതിച്ചാൽ , അവനോട് തന്നെ പ്രിക്കോഷൻസ് എടുക്കാൻ പറയണം … സമ്മതിച്ചില്ലെങ്കിൽ ഇനി മുതൽ ഇത് കഴിച്ചിട്ടു വേണം നീ ജിഷ്ണുവിന്റെയടുത്ത് പോകാൻ ….”

സീനത്ത് ഉപദേശിച്ചു കൊടുത്തു … ശ്രാവന്തിക്ക് എന്തോ ഒരുൾഭയം തോന്നി .. ” ഇത് കഴിച്ചാൽ , പിന്നെ ഒരിക്കലും ഞാനൊരമ്മയായില്ലെങ്കിൽ … അങ്ങനെയൊക്കെ ഞാൻ കേട്ടിട്ടുണ്ട് .. ” ” വെറുതേയാണ് … ഞാൻ നിനക്ക് കഴിക്കാൻ തന്ന ടാബ്ലറ്റ് ഡെയ്ലി കഴിക്കാനുള്ളതല്ല .. ഒഴിച്ചുകൂടാൻ കഴിയാത്ത സന്ദർഭത്തിൽ ഉപയോഗിക്കുന്നതാണ് .. ഇതങ്ങനെയല്ല … കപ്പിൾസിന് ഡോക്ടർസ്‌ തന്നെ അഡ്വൈസ് ചെയ്യുന്നതാണ് .. ബട്ട് ജിഷ്ണു എഗ്രീ ചെയ്താൽ അതാണ് ഏറ്റവും നല്ലത് .. നീയതിന് നന്നായി പുഷ് ചെയ്യണം ….”

ശ്രാവന്തി സീനത്തിന്റെ കൈയ്യിൽ നിന്ന് ആ സ്ട്രിപ്പ് വാങ്ങി … ” എപ്പോഴെങ്കിലും ജിഷ്ണുവേട്ടനറിഞ്ഞാൽ , ഞാൻ ചതിച്ചൂന്ന് പറയില്ലേ ….?” ” അവർ ചെയ്ത ചതിയുടെ അത്രേം വരുമോ ..? ” സീനത്ത് മറു ചോദ്യമിട്ടു .. ശ്രാവന്തിക്ക് പെട്ടന്നൊരുത്തരം കിട്ടിയില്ല … സീനത്ത് അവളുടെ തോളത്ത് കൈവച്ചു … ” നോക്ക് … നമ്മൾ പെണ്ണുങ്ങൾ വേണം ഇതൊക്കെ കണ്ടറിഞ്ഞ് ചെയ്യാൻ .. അവർക്ക് ഒന്നുമറിയണ്ട .. അഞ്ച് മിനിട്ടിന്റെ സുഖം … അവിടെ കഴിഞ്ഞു .. ഗർഭിണിയാകുന്നതിനും , പത്തു മാസം ഗർഭകാലം തള്ളി നീക്കുന്നതിനും ,

നൊന്തു പ്രസവിക്കുന്നതിനും ,മുലയൂട്ടുന്നതിനും വളർത്തി ഒരു പരുവത്തിലെത്തിക്കുന്നതിനുമൊക്കെ നമ്മൾ പെണ്ണുങ്ങളുടെ ആരോഗ്യവും സൗന്ദര്യവും സമയവും എല്ലാം നഷ്ടപ്പെടുത്തണം .. സാധാരണ പേലെയായിരുന്നെങ്കിൽ പോട്ടെ … ഇതങ്ങനെയല്ലല്ലോ … ജിഷ്ണുവിന്റെ ഭൂതകാലം നമുക്കും അവനും അജ്ഞാതമാണ് … അസുഖ കാര്യത്തിലും നിനക്ക് വ്യക്തമായ ധാരണയില്ല .. അങ്ങനെയുള്ളപ്പോൾ ഒരു കാരണവശാലും നീ റിസ്ക് എടുക്കരുത് ..

നാട്ടുകാർക്ക് പറയാനും ഉപദേശിക്കാനും കാണുമ്പോ കാണുമ്പോ വിശേഷമായില്ലേന്ന് ചോദിക്കാനും വളരെ എളുപ്പാ .. ജീവിതം നമ്മുടെയാണ് .. അത് കണ്ണാടി പോലെയാ . .. ഉടഞ്ഞുപോയാൽ ചേർത്തു വയ്ക്കാൻ പാടാ .. ചേർത്തുവച്ചാലും പഴയതുപോലെയാകില്ല .. അതു കൊണ്ട് തന്നെ കൈവിട്ട് പോകാതെ അതീവ ശ്രദ്ധയോടെ പെരുമാറണം .. ജിഷ്ണു എന്നെങ്കിലും അറിഞ്ഞാലോ എന്നാണ് പേടിയെങ്കിൽ , അപ്പോൾ വേണ്ടത് ഭയമല്ല .. തന്റേടമാണ് .. തന്റേടത്തോടെ നീ നിന്റെ ഭാഗം പറയണം . ..

അവരും നിന്നെ ചതിച്ചില്ലേ … അതു കൊണ്ട് ഇക്കാര്യത്തിൽ നിന്നെ കുറ്റപ്പെടുത്താനൊന്നും അവർക്ക് അവകാശമില്ല …. ” സീനത്ത് പറയുന്നതിൽ കാര്യമുണ്ടെന്ന് ശ്രാവന്തിക്കും തോന്നി … ഒരു കൈക്കുഞ്ഞിനേയും കൊണ്ട് , മറ്റൊരു സ്ത്രീയുടെ മുന്നിൽ പോയി തന്റെ ജിഷ്ണുവേട്ടന് വേണ്ടി യാചിക്കേണ്ടി വന്നാൽ … ശ്രാവന്തിക്ക് അത് ഓർക്കാൻ കൂടി കഴിയില്ലായ്രുന്നു … ” വാ … ഫുഡ് കഴിക്കാം ….. ഒരു മണിയാകുന്നു ” ഫോണിൽ സമയം നോക്കിക്കൊണ്ട് സീനത്ത് പറഞ്ഞു … ശ്രാവന്തി മുന്നിലിരുന്ന ഫയൽ മടക്കി വച്ച് ,

ബാഗുമെടുത്തു സീനത്തിനൊപ്പം ചെന്നു … ഭക്ഷണം കഴിക്കുമ്പോഴും സീനത്ത് പറഞ്ഞ കാര്യങ്ങളിലായിരുന്നു അവളുടെ മനസ് … ഭക്ഷണം കഴിച്ച് കൈകഴുകി വന്നപ്പോൾ ഫോൺ ശബ്ദിച്ചു … ജിഷ്ണുവായിരിക്കുമെന്ന് അവൾക്ക് തോന്നി …. അവൾ വേഗം ഫോണെടുത്തു … ” ജിഷ്ണുവേട്ട …… കഴിച്ചോ …? ” ” ഇല്ല … കഴിക്കാനിറങ്ങുവാ … നീ കഴിച്ചോ ..?” ” ഇപ്പോ കഴിച്ചേ ള്ളു ……” ” എപ്പോഴാ ഓഫീസിൽ നിന്നിറങ്ങുന്നേ … ” ” നാല് മണിക്കിറങ്ങും … ” ” സ്റ്റാൻഡിൽ എത്താറാകുമ്പോ എന്നെ വിളിക്കണം …..”

അവൻ പറഞ്ഞു .. ” ശരി …. ജിഷ്ണുവേട്ടാ ……” ഫോൺ വച്ചിട്ട് അവൾ സീനത്തിനൊപ്പം നടന്നു … ” ഞാനിത്രയും പറഞ്ഞത് കൊണ്ട് നീ ജിഷ്ണുവിനോട് വിരോധമൊന്നും കാണിക്കരുത് … സ്നേഹത്തോടെ തന്നെ പോകണം രണ്ടാളും .. പക്ഷെ ഒരു ശ്രദ്ധ വേണം … അത്രേയുള്ളു …. ” സീനത്ത് പറഞ്ഞു .. ” മനസിലായി ഇത്താ ……” * * * * * * * * * * * * നാല് മണി കഴിഞ്ഞിട്ടാണ് ശ്രാവന്തി ഓഫീസിൽ നിന്നിറങ്ങിയത് … സ്റ്റാൻഡിൽ പോയി , ബസ് കയറി .. ഭാഗ്യത്തിന് അവൾക്ക് സീറ്റ് കിട്ടി … കയറിയപ്പോൾ തന്നെ അവൾ ജിഷ്ണുവിന് വാട്സപ്പ് ചെയ്തിരുന്നു …

യാത്രയിലുടനീളം അവൾ ചിന്തയിലായിരുന്നു …. സീനത്ത പറഞ്ഞതു പോലെ ജിഷ്ണുവേട്ടന്റെ ലൈഫിലേക്ക് മറ്റൊരാൾ വന്നാൽ താനെന്ത് ചെയ്യും …. തനിക്കിനി ജിഷ്ണുവേട്ടനെ വിട്ട് പോകാൻ കഴിയുമോ ….? ജിഷ്ണുവേട്ടൻ തന്നെ ഉപേക്ഷിക്കുമോ …. ജിഷ്ണുവേട്ടനോട് താനിപ്പോൾ ചെയ്യുന്നത് ചതിയാണോ …? കുറേ ചിന്തിച്ചിരുന്നു അവൾ … സീനത്താ തന്ന ടാബ്ലറ്റ് കഴിക്കേണ്ടിയിരുന്നില്ലെന്ന് ഒരുവേള അവൾക്ക് തോന്നി … പാവം ജിഷ്ണുവേട്ടൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചു കൊണ്ടായിരുന്നെങ്കിൽ …

താനതിനെ മുളയിലെ നുള്ളിയെറിഞ്ഞു പോയില്ലേ … പിന്നെ തോന്നി അതൊരു ശരിയാണെന്ന് … ഓരോന്നോർത്തിരുന്ന് അവൾ ചെറുതായി മയങ്ങിപ്പോയി … ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് അവൾ കണ്ണു തുറന്നത് … ജിഷ്ണുവായിരുന്നു ഫോണിൽ .. അവൾ ചുറ്റും നോക്കി … സ്ഥലം എത്താറായിരിക്കുന്നു … ആദ്യമായത് കൊണ്ട് പരിചയക്കുറവുണ്ട് … സ്റ്റാൻഡിൽ ആണ് ഇറങ്ങേണ്ടത് എന്നുള്ളത് കൊണ്ട് സമാധാനം ഉണ്ട് .. അവൾ ഫോണെടുത്തു .. ” എത്തിയില്ലേ … ” ” ഇപ്പോ എത്തും ജിഷ്ണുവേട്ടാ .. “

” ഞാൻ സ്റ്റാന്റിന് പുറത്തുണ്ട് … ഇറങ്ങിയിട്ട് പുറത്തേക്ക് വന്നാൽ മതി ….” അവൻ പറഞ്ഞു .. ” ശരി ….” കോൾ കട്ട് ചെയ്തിട്ട് , അവൾ ഹാന്റ് കർച്ചീഫ് എടുത്ത് മുഖം അമർത്തി തുടച്ചു … സീനത്ത് കൊടുത്ത പിൽസ് , ബാഗിൽ അകത്തെ സീക്രട്ട് പോക്കറ്റിൽ വച്ചു .. താൻ ചെയ്യുന്നത് തെറ്റാണോ എന്നവൾ പലവട്ടം സ്വയം ചോദിച്ചു … പക്ഷെ സീനത്താ പറഞ്ഞത് പോലെ തന്റെ ലൈഫ് സെയ്ഫാകണം .. ബസ് സ്റ്റാൻന്റിലേക്ക് കയറിയപ്പോൾ അവൾ എഴുന്നേറ്റു …. ബസിറങ്ങി , ബാക്ക് ഫസ്റ്റ് എൻട്രൻസിലൂടെ പുറത്തു വന്നപ്പോൾ തന്നെ കണ്ടു ,

ഒപ്പോസിറ്റ് സൈഡിൽ വെയ്റ്റ് ചെയ്യുന്ന ജിഷ്ണുവിന്റെ കാർ … അവൾ രണ്ട് വശവും നോക്കി , ക്രോസ് ചെയ്ത് അപ്പുറത്ത് ചെന്നു .. അവൾ ചെന്നപ്പോൾ തന്നെ അവൻ ഡോർ തുറന്നു കൊടുത്തു … ഡോറടച്ചിട്ട് ബാഗ് ബാക്ക് സീറ്റിലേക്ക് വച്ചു … ” കോഫി കുടിക്കണോ ….?” അവൻ ചോദിച്ചു … ” വേണ്ട ജിഷ്ണുവേട്ടാ .. വീട്ടിലേക്കല്ലേ നമ്മൾ പോകുന്നേ … ചെന്നിട്ടാവാം …..” അവൾ പറഞ്ഞു … അവനും സമ്മതിച്ചു … ” ജിഷ്ണുവേട്ടന് എന്നും ഈ സമയത്ത് ഓഫീസ് ടൈം കഴിയോ ….?” ” മിക്കവാറും ..

പിന്നെ മഴയും പ്രശ്നങ്ങളുമൊക്കെ കൂടുതലുള്ള സമയമാണെങ്കിൽ പാടാണ് … ” അവൻ പറഞ്ഞു … വീടെത്തുന്നതു വരെ ഓഫീസിലെ കാര്യങ്ങളാണ് ഇരുവരും സംസാരിച്ചത് ….. * * * * * * * * ശ്രാവന്തി പോയി വസ്ത്രം മാറി വന്നപ്പോൾ രണ്ടാൾക്കുള്ള ചായയും പഴംപൊരിയും ലതിക തയ്യാറാക്കി വച്ചിരുന്നു … ” കഴിക്ക് മോളെ …. അവനേം വിളിക്ക് ….” അപ്പോഴേക്കും , ജിഷ്ണുവും വസ്ത്രം മാറ്റി താഴെ വന്നിരുന്നു …. ജയചന്ദ്രനും അവർക്കൊപ്പം വന്നിരുന്നു …. ശ്രാവന്തിയുടെ ഓഫീസ് വിശേഷങ്ങളാണ് അയാളും ചോദിച്ചത് ….

രാത്രി…..! ജിഷ്ണു ബെഡ് റൂമിൽ ശ്രാവന്തിയെ കാത്തിരിക്കുകയായിരുന്നു …. അവൾ ഷാംപൂ ചെയ്ത മുടി ചീകിയിട്ടു കൊണ്ട് അവന്റെയരികിൽ ചെന്നിരുന്നു …. ” ഇന്ന് മഴ പെയ്യുന്നില്ലല്ലോ ….” അവൻ കുസൃതിയോടെ ചോദിച്ചു കൊണ്ട് അവളുടെ മടിയിലേക്ക് കിടന്നു … അവൾ ചുണ്ടു കൂർപ്പിച്ചു കൊണ്ട് അവന്റെ മൂക്കത്ത് പിടിച്ചു … ” മഴ പെയ്താൽ മാത്രേ എന്നോട് പ്രണയമുള്ളൂ ….?” അവൾ ചോദിച്ചു .. ” എനിക്കല്ലല്ലോ .. നീയല്ലേ മഴത്തുള്ളി കവിളത്ത് കൊള്ളാൻ എന്നെ വിളിച്ചത് … ഞാൻ പാവം മര്യാദക്ക് ഓഫിസിലെ വർക്ക് ചെയ്യുവാരുന്നു … “

” അയ്യടാ ഒരു മര്യാദരാമൻ … എനിക്കല്ലേ അറിയൂ .. .” അവൾ കവിൾ വീർപ്പിച്ചു … ” എന്താണ് പ്രിയതമേ, നേരത്തെ ഭയങ്കര ആലോചനയായിരുന്നല്ലോ …? ” ” എപ്പോ ….” ” ഞാൻ കണ്ടിരുന്നു … ടീവി കാണുമ്പോഴും ഫുഡ് കഴിക്കുമ്പോഴും ഒക്കെ …” അവൻ ചോദിച്ചു …. അവൾ ചുണ്ട് അമർത്തിപ്പിടിച്ചു … ഇതാണ് അവസരം …. ” ജിഷ്ണുവേട്ടാ …. ഞാനൊരു കാര്യം പറയട്ടെ ……?” ” ങും …. പറയ് …..” ” എന്നോട് ദേഷ്യപ്പെടരുത് ….” അവൾ പറഞ്ഞു …

” താൻ കാര്യം പറയ് … എന്നാലല്ലേ ദേഷ്യപ്പെടണോ വേണ്ടയോ എന്ന് പറയാൻ കഴിയൂ …” ” ആ അങ്ങനാണേൽ ഞാൻ പറയുന്നില്ല …..” അവൾ ചുണ്ടു കൂർപ്പിച്ചു … അവന് ചിരി വന്നു … ” ശരി പറ ….. കേൾക്കട്ടെ ….” അവളവന്റെ മുഖത്തേക്ക് നോക്കി …. ” നമുക്ക് , ഇപ്പോഴൊന്നും ഒരു കുഞ്ഞ് വേണ്ട ………” അവന്റെ മുഖത്തെ ചിരി മാഞ്ഞു …. അവൻ മെല്ലെ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റു … അവളുടെ കണ്ണുകൾ അപ്പോഴും അവന്റെ മുഖത്ത് തങ്ങി നിന്നു… ( തുടരും )

ശ്രാവണം- ഭാഗം 15

Share this story