ബൃന്ദാവനസാരംഗ: ഭാഗം 5

ബൃന്ദാവനസാരംഗ: ഭാഗം 5

എഴുത്തുകാരി: അമൃത അജയൻ


രാഹുലും ദീപക്കും അകത്തേക്ക് കയറി വന്നു ….

വേദയും വിപഞ്ചികയും എഴുന്നേറ്റ് ഹാളിലേക്ക് വന്നു ….

രാഹുൽ റൂമിനു നേർക്ക് പാളി നോക്കി ….

” മാളു ……” അവൻ ചോദിച്ചു …

” അവൾ പോയി കിടന്നു … എന്തായി ഹോസ്പിറ്റലിലെ കാര്യം …..” വേദ ആകാംഷയടക്കാനാകാതെ ചോദിച്ചു ..

രാഹുൽ വിപഞ്ചികയെ പാളി നോക്കി …

” ചായയെടുക്ക് വിച്ചു … ദീപക് ഇരിക്ക് … ” വിച്ചുവിനോട് ചായയെടുക്കാൻ പറഞ്ഞിട്ട് രാഹുൽ ദീപക്കിനോടായി പറഞ്ഞു …

അവരെല്ലാവരും എന്തോ മറയ്ക്കുന്നുണ്ടെന്ന് വിപഞ്ചികക്ക് തോന്നി .. എങ്കിലും അവൾ പിൻവാങ്ങി ……

അവൾ പോയതും രാഹുൽ നെറ്റിയിൽ കൈതാങ്ങിക്കൊണ്ട് സോഫയിലേക്കിരുന്നു … ദീപക് അവന്റെ തോളിൽ കൈവച്ചു …

” എന്താ ദീപു … ഒന്ന് പറയ് …….” വേദ ടെൻഷനടിച്ച് മരിക്കാറായിരുന്നു …

” സംശയിച്ചത് ശരിയാണ് … അറിയാൻ ഒരുപാട് വൈകി …………..” ദീപക് വേദനയോടെ പറഞ്ഞു …

വേദ തകർന്നു പോയി …. ഈ നിമിഷം വരെ അവളിൽ പ്രതീക്ഷയുടെ നേർത്തൊരു കണിക ബാക്കി നിന്നിരുന്നു … ഇപ്പോൾ അതും ….

അവൾ വാ പൊത്തി …. സങ്കടം കണ്ണുകളിലേക്ക് വ്യാപിക്കാതിരിക്കാൻ അവൾ പണിപ്പെട്ടു … പൊതു ഇടങ്ങളിൽ മനസ് മുറിപ്പെട്ടോ വൃണപ്പെട്ടോ ഒക്കെ തന്റെ കണ്ണിൽ നിന്നടരുന്ന കണ്ണുനീരിനെപ്പോലും ഭയക്കുന്നവരാണ് ചുറ്റുമുള്ളതെന്ന ബോധത്തിൽ നിന്നുരിഞ്ഞതാണ് ആ മുൻകരുതൽ …

തെറ്റിദ്ധാരണകളെ തിരുത്താൻ പരാജയപ്പെട്ടിടത്തു നിന്നും ഹൃദയം പൊട്ടിയാലും കണ്ണിനെ നിയന്ത്രിക്കാനുള്ള വിദ്യ അവളെന്നോ സ്വായത്തമാക്കിയിരുന്നു …

” ഇനി …. ഇനിയെന്താ ചെയ്യാനിള്ളത് … ” വേദ ഇടർച്ചയോടെ ചോദിച്ചു ..

” ഡെലിവറിവരെ ഒന്നും ചെയ്യാൻ കഴിയില്ല .. മിക്കവാറും മെഡിസിൻസ് എല്ലാം തന്നെ ഈ അവസ്ഥയിൽ റെസ്ട്രിക്ടഡാണ് … ചിലതൊക്കെ കൊടുക്കാം … പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളാകും …..” ദീപക് പറഞ്ഞു ….

” അല്ലെങ്കിൽ പിന്നെ അബോർഷൻ ചെയ്യണം … അതും റിസ്കാണ് .. ഫോർ മന്ത്സ് ആയതുകൊണ്ട് … അവൾ അതിന് സമ്മതിക്കുമോ എന്നതും പ്രശ്നമാണ് ….. ”

വേദ നിന്നിടത്ത് നിന്ന് ഉരുകി …. അവൾ രാഹുലിനെ നോക്കി .. അയാൾക്ക് എന്തു വേണമെന്ന് ഒരു രൂപവുമില്ലായിരുന്നു …

താനൊരു ഡോക്ടറായിരുന്നിട്ട് കൂടി കൃത്യസമയത്ത് അത് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നത് അയാളെ വല്ലാതെ നോവിച്ചു .. ഈ വൈകിയ വേളയിൽ ഇനിയെന്ത് എന്നത് അയാളുടെ മുന്നിൽ ചോദ്യചിഹ്നമായി അവശേഷിച്ചു …

” അവളോട് പറയണ്ടേ ….” വേദ ചോതിച്ചു …

” അവളുടെ മുഖത്തു നോക്കി ….. എന്നെക്കൊണ്ടാവില്ല വേദ ….” രാഹുൽ ഇടർച്ചയോടെ പറഞ്ഞു ….

അപ്പോഴേക്കും വിച്ചു ചായയുമായി വന്നു … എല്ലാവരുടെയും മുഖം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് തോന്നി …

അവൾ ചായ രാഹുലിന് നീട്ടിയെങ്കിലും അവൻ വേണ്ട എന്ന് പറഞ്ഞു …

” ദീപുച്ചേട്ടനെയിപ്പോ കാണാറെയില്ലല്ലോ .. വലിയ ബാങ്ക് മാനേജറായിപ്പോയല്ലേ ..” അവൾ ദീപുവിന് ചായ കൊടുത്തുകൊണ്ട് കളിയായി ചോദിച്ചു …

” പോടി … ” അവൻ ചിരിച്ചു … അവളോട് തല്ല് പിടിക്കാനുള്ള മാനസികാവസ്ഥ അവനില്ലായിരുന്നു …

” എന്താ എല്ലാവരുടെം മുഖം കടന്തലു കുത്തിയ പോലിരിക്കുന്നേ .. ” സഹികെട്ട് അവൾ ചോദിച്ചു …..

ആരും ഒന്നും മിണ്ടിയില്ല …

” ആഹാ ….. ദീപു.. നീയെപ്പോ വന്നു … ഇവര് വന്നിട്ടെന്താ എന്നോട് പറയാതിരുന്നത് ……” മുടി മുകളിലേക്ക് വാരിക്കെട്ടിവച്ചു കൊണ്ട് മാളു റൂമിൽ നിന്നിറങ്ങി വന്നു ….

അവളുടെ കൺതടങ്ങൾ ചുവന്ന് വീർത്തിരുന്നു .. കണ്ണുകളിലും ചുവപ്പ് രാശി കലർന്നിരുന്നു …..

” ഞങ്ങളിപ്പോ വന്നതേയുള്ളു … നീയുറങ്ങുന്നത് കൊണ്ട് വിളിക്കാതിരുന്നതാ ……” ദീപക് പറഞ്ഞു ….

” ഓ …പണ്ടിങ്ങനെയല്ലായിരുന്നല്ലോ … ഉറങ്ങുവാണേൽ വെള്ളം കോരിയൊഴിച്ച് ഉണർത്തുമായിരുന്നല്ലോ … ഇപ്പോ പിന്നെ നമ്മളൊക്കെ ചിലർക്ക് അന്യരായി തുടങ്ങിയല്ലോ … നല്ലതാ … ” അവൾ പരിഭവം മറച്ചു വച്ചില്ല ..

രാഹുൽ തലയുയർത്തി അവളെ നോക്കി .. അവളെന്താ ഉദ്ദേശിച്ചതെന്ന് രാഹുലിനും ദീപക്കിനും മനസിലായില്ല . … വേദക്ക് കാര്യം മനസിലായി ..

” നീയെന്താ ഒരുമാതിരി അർത്ഥം വച്ചു സംസാരിക്കുന്നേ …..” ദീപക് പുരികം വളച്ച് അവളെ നോക്കി ..

” ഓ .. ഒന്നുമില്ല .. ” അവൾ മുഖം തിരിച്ചു കളഞ്ഞു …

വേദയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു … അതിവേഗം അത് മാഞ്ഞു പോയി ….. പണ്ടും അവളിങ്ങനെയായിരുന്നു … കൂട്ടത്തിൽ ഏറ്റവും പിണക്കം അവൾക്കായിരുന്നു .. നിസാരകാര്യങ്ങൾ മതിയായിരുന്നു അവൾക്ക് പിണങ്ങാൻ … രാവിലെ ക്ലാസിൽ വരുമ്പോൾ അവളെ നോക്കി ചിരിച്ചില്ല , അവളോട് സംസാരിച്ചില്ല .. അവളെ കൂട്ടാതെ കടയിൽ പോയി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കൊച്ചു കൊച്ചു പരാതികളുടെ നീണ്ട ലിസ്റ്റ് നിരത്തും അവൾ ..

പിജി അവസാനവർഷം ഒരു ഭാര്യയായി രാഹുലിനൊപ്പം ജീവിച്ചു തുടങ്ങിയപ്പോൾ എത്ര പെട്ടന്നായിരുന്നു ആ പഴയ പരാതിപ്പെട്ടിയിൽ നിന്നും ഒരു കുടുംബിനിയിലേക്കുള്ള അവളുടെ മാറ്റം .. ആ പഴയ പിണക്കങ്ങൾ അവളിൽ നിന്ന് പോയി മറഞ്ഞു … കാര്യങ്ങൾ പക്വതയോടെ കാണാൻ തുടങ്ങി … ജോലിയില്ലാതെ അലയുന്ന സമയത്ത് ദീപക്കിനെ ചേർത്തു നിർത്തി .. ബാങ്ക് ടെസ്റ്റ് എഴുതാൻ പ്രോത്സാഹിപ്പിച്ചു .. തന്റെ അവശ്യ ഘട്ടങ്ങളിൽ പക്വതയോടെ കൂടെ നിന്നു ….

ഇപ്പോൾ …..ഇപ്പോൾ ……. വീണ്ടുമവളാ പഴയ പിണക്കക്കാരിക്കുട്ടിയായി മാറുകയാണോ ….

” കേട്ടോ രാഹുലേട്ടാ … ഇവിടെ ചിലരുടെയൊക്കെ വിവാഹമുറപ്പിച്ചിട്ടും നമ്മളോടൊന്നും പറഞ്ഞില്ല …. ” അവൾ രാഹുലിനെ നോക്കി പറഞ്ഞു ..

ദീപക്കിന് കാര്യം മനസിലായി … അവൻ വേദയെ നോക്കി … പ്രപ്പോസലിന്റെ കാര്യം വേദ പറഞ്ഞ് അവളറിഞ്ഞിട്ടുണ്ടെന്ന് അവന് മനസിലായി …

” ഞാനതിന് പെണ്ണ് കാണാൻ പോലും പോയിട്ടില്ല … അതിന്റെ കാര്യം പറയാനും നിന്നെ കാണാനും കൂടിയാ ഞാനിങ്ങോട്ട് വന്നത് ….” ദീപക് പറഞ്ഞു …

” ആഹാ …. ദീപുച്ചേട്ടന്റെ കല്ല്യാണമായോ …..” വിപഞ്ചിക ഇടക്ക് കയറി ചോദിച്ചു ….

രാഹുലിനും അത് പുതിയ അറിവായിരുന്നു ….

” വീട്ടുകാരുറപ്പിച്ചതാ … ഞായറാഴ്ച അങ്ങോട്ട് പോയി കാണാൻ തീരുമാനിച്ചു … ഞാൻ തന്നെ കഴിഞ്ഞ ദിവസമാ അറിഞ്ഞത് .. അന്ന് വേദയെ കണ്ടത് കൊണ്ട് പറഞ്ഞു .. ഇവിടെ വന്നിട്ട് പറയാനിരിക്കുകയായിരുന്നു …..” അവൻ പറഞ്ഞു ….

” ആഹാ …. നല്ല കാര്യമാണല്ലോ … ആരാ കക്ഷി … എന്ത് ചെയ്യുന്നു …. ” രാഹുൽ ചോദിച്ചു …

” ആ കൃഷ്ണയാ രാഹുലേട്ടാ .. ഞാൻ പറഞ്ഞിട്ടില്ലെ …. കോളേജിൽ വച്ച് ഇവന്റെ പിന്നാലെ നടന്ന ഒരുത്തി ……” ദീപക്കിനെ പറയാനനുവാദിക്കാതെ മാളു തന്നെ പറഞ്ഞു …..

അവളുടെ വാക്കുകളിൽ അനിഷ്ടം നിറഞ്ഞു നിന്നു ….. അത് ദീപക്കിന് മനസിലായി … അവൾക്ക് പണ്ടും കൃഷ്ണയെ ഇഷ്ടമല്ലായിരുന്നെന്ന് അവനോർത്തു ..

” ചേച്ചിയുടെ ഫോട്ടോയുണ്ടോ ദീപുച്ചേട്ടാ ….. ” വിപഞ്ചിക അത് ചോദിച്ചപ്പോൾ മാളവികക്ക് മനസിലൊരു നീറ്റൽ പടർന്നു ….

അവന്റെ കൈയിൽ തൂങ്ങി കയറി വരുന്ന തന്റെ അനുജത്തിയുടെ ചിത്രം അവളെന്നോ മനസിലുറപ്പിച്ചിരുന്നതാണ് … അത് മായ്ച്ചു കളയാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു ….

വേദക്കത് മനസിലായി .. അവൾ കണ്ണടച്ചു കാട്ടി …..

” ഫോട്ടോയില്ല …..” ദീപക് പറഞ്ഞു …

” സുന്ദരിയാണോ ……..” വിച്ചു വീണ്ടും ചോദിച്ചു ….

” നിനക്കെന്തൊക്കെയറിയണം വിച്ചൂ….. ” മാളു അവളെ നോക്കി കണ്ണുരുട്ടി …

” അതിനിപ്പോ ന്താ …. പറയ് ദീപുചേട്ടാ ….. ദേ ഈ വേദേച്ചീടെ അത്രേം ഭംഗീണ്ടോ … ” വിച്ചുവിന് വിടാൻ ഭാവമില്ലായിരുന്നു ..

അതവന്റെ മനസിൽ മുള്ളുപോലെ തറച്ചു …

വേദയുടെ കണ്ണുകളും ഒന്ന് പിടച്ചു …

” ഓ അതിനിത്തിരി പുളിക്കും … അവൾടെ ഏഴയലത്ത് നിൽക്കില്ല …. ” മാളു എടുത്തടിച്ച പോലെ പറഞ്ഞു ..

വേദയവളെ കണ്ണുകൾ കൊണ്ട് ശാസിച്ചു …

എന്തുകൊണ്ടോ അവന്റെ ഹൃദയത്തെ അതെല്ലാം ചുട്ടുപൊള്ളിച്ചു …

വേദയുടെ അത്രേം സൗന്ദര്യം …….! അവളോളം സൗന്ദര്യം ഞാനീ ലോകത്ത് മറ്റൊന്നിലും കണ്ടിട്ടില്ല വിപഞ്ചിക … അവന്റെ മനസ് നിശബ്ദമായി വിളിച്ചു പറഞ്ഞു …

രാഹുലും ദീപക്കും സംസാരത്തിലേർപ്പിട്ടിരുന്നു … സ്ത്രീകളുടെ മനസിലുള്ളതൊന്നും അവർക്കറിയില്ലായിരുന്നു …. വിപഞ്ചികയും ഇടക്ക് അവർക്കൊപ്പം കൂടി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു …

അപ്പോഴും എല്ലാവരുടെയുള്ളിലും പൊട്ടിക്കാത്ത ആറ്റംബോംബിന്റെ ടൈമർ ഓടി തുടങ്ങിയിരുന്നു ..

* * * * * * * * * * * * * * *

” നമുക്കിറങ്ങാം വേദാ ……..” ഭക്ഷണം കഴിഞ്ഞ് അകത്ത് സംസാരിച്ചിരുന്ന വേദയുടെയും മാളുവിന്റെയും അടുത്തേക്ക് വന്നു കൊണ്ട് ദീപക് പറഞ്ഞു ….

വേദ അവന്റെ കണ്ണിലേക്ക് നോക്കി … മാളുവിനോട് ഒന്നും പറഞ്ഞില്ലല്ലോ എന്നൊരു ധ്വനി അവളുടെ കണ്ണുകളിലുണ്ടായിരുന്നു …

” വാ നമുക്കിറങ്ങാം … ” അവൻ വിളിച്ചു ..

അവൾ മാളുവിനോട് യാത്ര പറഞ്ഞു ദീപക്കിനൊപ്പം ഇറങ്ങി …

ബൈക്കിൽ അവന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ കിടന്നത് അവൾ ചോദിച്ചു …

” നമ്മളൊന്നും പറഞ്ഞില്ലല്ലോ ദീപു അവളോട് ….”

” ഇപ്പോൾ ഒന്നും പറയണ്ട എന്ന് രാഹുലേട്ടൻ പറഞ്ഞു … നാളെ അവരുടെ ഇരുവരുടെയും വീട്ടിൽ നിന്ന് ബന്ധുക്കൾ വരും .. അവർ വന്നിട്ട് വേണ്ടത് പോലെ തീരുമാനമെടുക്കാമെന്നാ പറയുന്നത് …”

വേദക്ക് വല്ലായ്മ തോന്നി .. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയാണ് അവർക്ക് കിട്ടിയത് ..

അവളുടെ വീടിനു മുന്നിൽ അവൻ ബൈക്ക് നിർത്തി ….

ഇരുളിൽ മുങ്ങിക്കിടന്ന വീട്ടിലേക്ക് അവൻ പാളി നോക്കി …

” നിനക്ക് പേടിയില്ലേ വേദാ ഒറ്റക്കിവിടെ … ” അവനറിയാതെ ചോദിച്ചു …

അവൾ വറ്റിയ ഒരു ചിരി ചിരിച്ചു …

” ഇല്ല … ഞാനാരെ ഭയക്കണം … എന്തിനെ ഭയക്കണം ദീപു .. എന്നെയറിയുന്ന ഒരുവനും മറ്റൊരു ചിന്തയിൽ ഈ പടി കടക്കില്ല … കുത്തിതറക്കുന്ന നോട്ടങ്ങളുണ്ടാകാറുണ്ട് … നടന്നു നീങ്ങുമ്പോൾ ഞാൻ കേൾക്കെ അശ്ലീലം പറയാറുണ്ട് .. അവരുടെയൊക്കെ കാമ വൈകൃതങ്ങൾ അതുവരെയൊക്കെയുള്ളു … ഇവരുടെയൊക്കെ മുന്നിലേക്ക് തന്നെ തുണിയഴിച്ചിട്ട് ഞാൻ കയറിച്ചെന്നാൽ അവരോടും … ജീവനും കൊണ്ട് …..” അവൾ പൊട്ടിച്ചിരിച്ചു ….

” വേദാ …………” അവളുടെ കണ്ണിൽ ആ നിമിഷം തെളിഞ്ഞ നിശ്ചയദാർഢ്യത്തിന് മുന്നിൽ ദീപക് പോലും വല്ലാതെ ഭയന്നു …

” ഞാൻ പോട്ടെ … ദീപു പൊയ്ക്കോളു … ” അവൾ പറഞ്ഞു …

അവൻ പെട്ടന്ന് അവളുടെ കരം കവർന്നു തന്റെ നെഞ്ചിൽ വച്ചു … പിന്നെ ആ കൈയിൽ അവന്റെ ചൂടുള്ള ചുണ്ടുകൾ അമർത്തി …

അവൾ എതിർത്തില്ല ….

( തുടരും )

NB : HIV കണ്ണുനീരിൽക്കൂടിയോ സലൈവയിൽ കൂടിയോ പകരുന്ന രോഗമല്ല…. അങ്ങനെ തെറ്റിദ്ധരിച്ച് ഒന്ന് കരയാൻ പോലും അനുവദിക്കാതെ അവരെ മാറ്റി നിർത്തുന്നവർ ഉണ്ടെന്ന് അറിഞ്ഞു … അത് കൊണ്ടാണ് കഥയിൽ അത് മെൻഷൻ ചെയ്തത് … ഇന്നലെ സുഖമില്ലാത്തത് കൊണ്ടാണ് കഥയിടാതിരുന്നത് … തുടരും

ബൃന്ദാവനസാരംഗ: ഭാഗം 1 

ബൃന്ദാവനസാരംഗ: ഭാഗം 2

ബൃന്ദാവനസാരംഗ: ഭാഗം 3

ബൃന്ദാവനസാരംഗ: ഭാഗം 4

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story