ശ്രാവണം- ഭാഗം 16

ശ്രാവണം- ഭാഗം 16

മഹേഷ് ജിഷ്ണുവിനെ കണ്ണെടുക്കാതെ നോക്കി … പിന്നെ മൃദുവായി ചിരിച്ചു … ” അല്ലറ ചില്ലറ വായിനോട്ടമൊക്കെ നിനക്കുണ്ടായിരുന്നു …. ” മഹേഷ് പറഞ്ഞു … ” ഐ മീൻ , ഞാൻ സീരിയസായി ആരെയെങ്കിലും പ്രണയിച്ചിരുന്നോ …. ?” ” ഇല്ല …. സെക്കന്റിയറിൽ ഒരുത്തിയോട് ഇഷ്ടം പറഞ്ഞു നീ .. അവൾ വേറെ കമിറ്റഡ് ആയിരുന്നു … പിന്നെ കോളേജ് കഴിയുന്ന വരെ വായിനോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു … “

” അത് കഴിഞ്ഞോ ..? എപ്പോഴെങ്കിലും ഞാൻ അങ്ങനെ പറഞ്ഞിരുന്നോ ?” ” അങ്ങനെ ചോദിച്ചാൽ , നീ ട്രിവാൻട്രത്ത് വർക്ക് ചെയ്യുന്ന സമയത്ത് ഒരിക്കൽ വിളിച്ചപ്പോ പറഞ്ഞു നാട്ടിൽ വരുമ്പോ ഒരു സർപ്രൈസ് താരാമെന്ന് … പിന്നെ എന്തോ പറഞ്ഞ കൂട്ടത്തിൽ ഉടനെ ഒരു പാർട്ടിക്ക് കോളുണ്ടെന്നും പറഞ്ഞു .. അന്ന് ഞാൻ ചോദിച്ചു വല്ല പ്രേമത്തിലും പെട്ടോ എന്ന് .. അപ്പോ നീ ചിരിക്കുക മാത്രം ചെയ്തു ..

പക്ഷെ അത് പറയാൻ നീ നാട്ടിൽ വരുന്നേനു മുൻപാ ആ ആക്സിഡന്റ് ……….” മഹേഷ് പറഞ്ഞു .. ജിഷ്ണു ആലോചനയിലായി .. ഒന്നും അങ്ങോട്ട് ഓർമ കിട്ടുന്നില്ല … ” അന്നത്തെ നിന്റെ സംസാരം കേട്ടിട്ട്, ഉണ്ടായിരുന്നു എന്ന എനിക്ക് തോന്നിയത് …..” ജിഷ്ണു കൗതുകത്തോടെ മഹേഷിനെ നോക്കി … ” അല്ല …. ഇനിയിപ്പോ എന്തിനാ അതൊക്കെ അറിഞ്ഞിട്ട് … ?” ” വെറുതെ ഒരു കൗതുകം ….” ” ഈ കൗതുകം നല്ലതല്ല … അതും ഇത്രേം കാലം ഇല്ലാതിരുന്നിട്ട് , ഈ വിവാഹം കഴിഞ്ഞ അവസരത്തിൽ തോന്നുന്നത് ….”

മഹേഷ് ബിയർ ഗ്ലാസ് മൊത്തിക്കൊണ്ട് പറഞ്ഞു … ” ഏയ് ഞാൻ വേറൊന്നും ഉദ്ദേശിച്ചല്ല …..” ” അല്ലാ , ഉണ്ടായിരുന്നെങ്കിൽ തന്നെ , ആ ആക്സിഡൻറ് കഴിഞ്ഞിട്ട് ഇപ്പോ രണ്ടര വർഷം ആയില്ലേ … ഇതു വരെ അങ്ങനെയൊരാൾ നിന്നെ തേടി വന്നോ ? ഭൂതകാലം മറന്നു പോയത് നീയല്ലേ … മറ്റേയാൾ മറന്നിട്ടില്ലല്ലോ … ചിലപ്പോ നീ ആ ആക്സിഡന്റിൽ നിന്ന് ഒരിക്കലും റിക്കവറാകില്ല എന്ന് തോന്നിയപ്പോ , കളഞ്ഞിട്ട് പോയതുമാകാം …….” ജിഷ്ണു മിണ്ടാതിരുന്നു … ” ഇനി അതൊന്നും ഓർക്കാൻ നിൽക്കണ്ട …

നീ നിന്റെ ജീവിതം ആസ്വദിക്ക് ….. ” മഹേഷ് പറഞ്ഞു …. ജിഷ്ണു ചിരിച്ചു……. ” നീ പേടിക്കുന്ന പോലെ , ശ്രാവന്തിയെ വിട്ട് പഴയ കാമുകിയേ തേടി പോകാനൊന്നുമല്ല … അറിയാനുള്ളൊരു ആകാംഷ …. അത്രേയുള്ളു …..” ” ഇത് പോലെയുള്ള ചപല മോഹങ്ങളൊക്കെ ഒരു പരിധി വരെയേ ആകാവൂ … പിന്നീട് അതൊന്നും മനസിൽ വയ്ക്കരുത് … നമുക്ക് തന്നെ പാരയാകും …. ” മഹേഷ് പറഞ്ഞു … ” ശരി … ” ജിഷ്ണു ചിരിയോടെ തല കുലുക്കി …..

അവർ കുറച്ചു സമയം കൂടി വിശേഷങ്ങൾ പങ്കു വച്ചിരുന്നു …. ” എന്നാ നമുക്കിറങ്ങാം …. അവളവിടെ കാത്തിരിക്കുന്നുണ്ട് … കുറച്ച് ഡ്രൈവ് ഉണ്ടല്ലോ എനിക്ക് …” ജിഷ്ണു ചോദിച്ചു … ” നീ വിട്ടോ … ഞാൻ കുറച്ച് കഴിയും … ” മഹേഷ് ചിരിച്ചു ….. തിരികെയുള്ള യാത്രയിൽ മഹേഷ് പറഞ്ഞതു പോലെയാണ് ജിഷ്ണുവും ചിന്തിച്ചത് … അങ്ങനെയൊരാൾ ഉണ്ടായിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ രണ്ടര വർഷക്കാലം എവിടെയായിരുന്നു ..

ഒന്നന്വേഷിക്കുക പോലും ചെയ്യാതെ … അപ്പോ ഇനി അങ്ങനെയൊരാളെ കുറിച്ച് ഓർക്കേണ്ടതില്ല …… ഗേറ്റിൽ കാറിന്റെ വെളിച്ചം വീണപ്പോൾ തന്നെ ശ്രാവന്തി ചെന്ന് ഡോർ തുറന്നു .. മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു കൊടുത്തിട്ട് അവൾ ഒതുങ്ങി നിന്നു … അവൻ കാറോടിച്ച് അകത്ത് കയറ്റിയപ്പോൾ അവൾ ഗേറ്റടച്ച് , കാറ്റിനടുത്തേക്ക് വന്നു … ” ഒത്തിരി വൈകിയല്ലോ ജിഷ്ണുവേട്ടാ …..?” ” വഴിയിൽ ബ്ലോക്കായിപ്പോയി … അല്ലേൽ കുറച്ചു കൂടി നേരത്തേ എത്തിയേനേ … ” അവൻ അവളെ തോളോട് ചേർത്തു പിടിച്ചു കൊണ്ട് നടന്നു …

” ഞാൻ ഭക്ഷണമെടുത്ത് വയ്ക്കാം … ജിഷ്ണുവേട്ടൻ ഫ്രഷായി വാ ….” ” അച്ഛനുമമ്മേം കിടന്നോ …? ” ” ഉവ്വ് …. നാളെയാ അച്ഛന്റെ ബന്ധൂന്റെ മേൾടെ മാര്യേജ് … ഗുരുവായൂർ വച്ചിട്ട് … രാവിലെ പോണംന്നുള്ളോണ്ട് നേരത്തെ കഴിച്ചിട്ട് കിടന്നു …. ” അവൾ പറഞ്ഞു … ” നീ കഴിച്ചോ …..?” ” ജിഷ്ണുവേട്ടൻ വരാണ്ട് ഞാൻ കഴിക്കോ ….?” അവൾ അവനോട് ചേർന്നു നിന്നു … അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവന് പാവം തോന്നി …

വേണ്ടിയിരുന്നില്ല … ഒരു നിമിഷത്തേക്ക് പോലും താൻ മറ്റൊരാളെ അന്വേഷിച്ച് പോകാൻ പാടില്ലായിരുന്നു .. അവൻ അവളുടെ നെറ്റിയിൽ ഉമ്മവച്ചു … ” സ്നേഹപ്രകടനമൊക്കെ പിന്നെ … ഇപ്പോ ഫുഡ് കഴിക്കാം ….” ” ഓക്കെ …. മോള് പോയി ഫുഡ് എടുത്ത് വയ്ക്കു … ഞാനിപ്പോ വരാം ….” അവൾ ചപ്പാത്തിയും സ്റ്റൂവും എടുത്ത് വച്ചു … ജിഷ്ണു ഫ്രഷ് ആയിട്ടാണ് താഴെ വന്നത് … ” പോയ കാര്യമെന്തായി … ഫ്രണ്ടിനെ കണ്ടോ ….?” കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു … അവളുടെ നിഷ്കളങ്കമായ ചോദ്യമായിട്ടു കൂടി അവനെ അത് പൊള്ളിച്ചു .. “

ങും … കണ്ടു …. ” പറഞ്ഞിട്ട് അവൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചു … ആ സംഭാഷണം തുടരാൻ അവന് താത്പര്യമില്ലായ്രുന്നു … ഇനിയൊരിക്കലും അതുപോലൊരു പൊട്ട ചിന്ത തന്റെയുള്ളിൽ വരരുതേയെന്ന് അവൻ ആഗ്രഹിച്ചു … ആ രാത്രി അവളെ എത്ര തന്നെ തന്റെ കരവലയത്തിനുള്ളിൽ നിറച്ചിട്ടും അവന് മുറുകിയില്ല … എത്ര തന്നെ ചുംബിച്ചിട്ടും അവന് മതിയായില്ല … അവൾക്ക് നൽകാൻ ഇനിയും തന്നിൽ ഇടങ്ങൾ ബാക്കിയായി നിൽക്കുന്നു ..

അനുരാഗവിവശമായ ആ രാത്രിയും അവസാനിച്ചത് അവന്റെ നെഞ്ചിൽ ഒരു വെൺപ്രാവായി കുറുകിച്ചേർന്ന ശ്രാവന്തിയിലായിരുന്നു … * * * * * * * * * * * * * സ്നേഹവും പ്രണയവും കൊച്ച് കോച്ച് പരിഭവങ്ങളുമായി അവരുടെ ജീവിതത്തിലെ രണ്ടാഴ്ച കടന്നു പോയി … വെള്ളിയാഴ്ച രാത്രി …. ” നാളെ എനിക്ക് ഹോസ്പിറ്റലിൽ പോകണം …. ” ജിഷ്ണു ശ്രാവന്തിയോടായി പറഞ്ഞു … ” ആണോ … ഞാനും കൂടെ വന്നോട്ടെ ജിഷ്ണുവേട്ടാ ……?” അവൾ ചോദിച്ചു … ” താൻ വാ .. ഇനി താനല്ലാതെയാരാ ഒപ്പം വരേണ്ടത് …? “

അവൻ ചോദിച്ചു … അവൾ പുഞ്ചിരിച്ചു … ” ഈ ട്രീറ്റ്മെന്റ് പഴയ ഓർമകളൊക്കെ തിരിച്ചു കിട്ടാനാണോ ജിഷ്ണുവേട്ടാ ….?” അവൾ ചോദിച്ചു … അവൻ പുഞ്ചിരിച്ചു … ” അതോർത്ത് എന്റെ ചക്കരക്ക് പേടി തോന്നുന്നുണ്ടോ ….?” ” അങ്ങനെ ചോദിച്ചാൽ ….” ” പേടിക്കണ്ട …. എത്ര ഓർമകൾ തിരികെ വന്നാലും ഞാനെന്റെ മുത്തിനെ വിട്ട് കളയില്ല … ” ” പേടിയില്ല ജിഷ്ണുവേട്ടാ … ഇനി എത്ര ഓർമകൾ തിരികെ വന്നാലും , അത് എന്റെ ജീവിതത്തെ തന്നെ ബാധിച്ചാലും ജിഷ്ണുവേട്ടന്റെ ട്രീറ്റ്മെന്റ് ഒന്നും മുടക്കാൻ ഞാൻ പറയില്ല കേട്ടോ …

എന്നും എന്റെ ജിഷ്ണുവേട്ടൻ ആരോഗ്യവാനായി ഇരുന്നാൽ മതി … അത് മാത്രമേ എനിക്ക് ആഗ്രഹമുള്ളു …..” പറഞ്ഞു തീരുമ്പോൾ അവളുടെ തൊണ്ടയിടറി … അവനവളെ അണച്ചു പിടിച്ചു … ” തൊട്ടാവാടി … ” വാത്സല്യത്തോടെ അവനാ നെറ്റിയിൽ ചുംബിച്ചു … * * * * * * * * * * * * ‘ ഹിമ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ജിഷ്ണുവിന്റെ ട്രീറ്റ്മെൻറ് ….. അവന്റെ ന്യൂറോളജിസ്റ്റിനെയും കൗൺസിലറേയും ഒക്കെ കണ്ട് സംസാരിച്ച് തിരിച്ചിറങ്ങിയപ്പോൾ ശ്രാവന്തിക്ക് കൂടുതൽ ആത്മവിശ്വാസം വന്നു …

ശ്രാവന്തിക്കും അവർ ചില നിർദ്ദേശങ്ങളൊക്കെ കൊടുത്തു .. താൻ ഭയന്ന പോലെ ആരോഗ്യ പ്രശ്നങ്ങളൊന്നും ജിഷ്ണുവേട്ടനില്ല .. നഷ്ടപ്പെട്ട ഓർമകൾ തിരികെ എത്തിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം … ഹോസ്പിറ്റൽ ക്യാന്റീനിൽ പോയി ലഞ്ച് കഴിച്ചിട്ട് അവർ തിരികെ ഗ്രൗണ്ട് ഫ്ലോറിൽ വന്നു … ഗൈനക് ഡിപ്പാർട്ട്മെന്റ് ചുറ്റിയാണ് അവർക്ക് പാർക്കിംഗിലേക്ക് പോകേണ്ടിയിരുന്നത് … ” ഇനിയെന്നാ , ദേ ഇവിടെ വന്ന് നിന്റെയൊപ്പം ഇരിക്കാൻ ഒരു ചാൻസ് കിട്ടുന്നേ … ?”

ഗൈനക്ക് ഓപ്പിയുടെ മുന്നിലെത്തിയപ്പോൾ അവൻ ശ്രാവന്തിയുടെ കാതിൽ ചോദിച്ചു … ” ജിഷ്ണുവേട്ടാ …… എനിക്കൊരു വാക്ക് തന്നത് മറന്നോ …? ” അവൾ ചുണ്ടുകൂർപ്പിച്ച് ചോദിച്ചു … ” പരിഭവിക്കല്ലേടി പെണ്ണേ … ഞാനൊരു ജോക്ക് പറഞ്ഞതല്ലേ …. ” അവർ സംസാരിച്ചു കൊണ്ട് പാസേജിലേക്ക് തിരിയുമ്പോൾ ഒരു ചെറുപ്പക്കാരൻ പാർക്കിംഗിൽ നിന്ന് കൈയ്യിൽ ഹെൽമറ്റുമായി എൻട്രൻസ് ഡോർ കടന്നു വന്നു … അവൻ മുടി വിരൽ കടത്തി ചീകി നേരെയാക്കിക്കൊണ്ട് അവർക്കെതിരെ നടന്നു വന്നു ….

ശ്രാവന്തിയുടെ കണ്ണുകൾ അവന്റെ മുഖത്ത് പതിഞ്ഞതും അവളമ്പരന്നു …. ” ആദിയേട്ടനല്ലേ …. അത് …….” അവൾ ആരോടെന്നില്ലാതെ ചോദിച്ചു … ” ഏത് ആദിയേട്ടൻ …..” ” ജിഷ്ണുവേട്ടാ … ഞങ്ങടെ പഴയ വീട്ടിൽ വാടകക്ക് താമസിച്ചിട്ടുണ്ട് ആദിയേട്ടനും ഫാമിലിയും … ജിഷ്ണുവേട്ടനറിയില്ലെ , നമ്മുടെ വീടിന്റെ ബാക്കിലെ പഴയ വീട് … മുൻപ് ഞങ്ങളത് റെന്റിന് കൊടുത്തിരുന്നു … ഇപ്പോ ഒരുപാട് മെയിന്റയിൻസ് പെന്റിംഗ് ആയതു കൊണ്ട് കൊടുക്കാറില്ല … ” ” ആണോ ….”

അപ്പോഴേക്കും അയാൾ അവർക്ക് അടുത്ത് എത്തിക്കഴിഞ്ഞിരുന്നു … ശ്രാവന്തി ചിരിച്ചെങ്കിലും അയാൾ ശ്രദ്ധിക്കാതെ അവരെ കടന്നു പോയി …. ” അയാൾക്ക് നിന്നെ മനസിലായില്ലാന്ന് തോന്നുന്നു …..” ” ആ പോട്ടെ …..” അയാൾ ശ്രദ്ധിക്കാതെ പോയത് അവൾക്ക് സങ്കടമായെന്ന് അവളുടെ മുഖം വീർപ്പിച്ചുള്ള മറുപടി കണ്ടപ്പോൾ ജിഷ്ണുവിന് മനസിലായി … അവന് ചിരി വന്നു …. ” അയാൾ ഡോക്ടറാണോ … കഴുത്തിൽ സ്റ്റെത്തുണ്ട് ….” ജിഷ്ണു പറഞ്ഞു .. ” ആ അതെ …. അന്ന് പഠിക്കുവാരുന്നു …

ആഴ്ചേലൊക്കെയാ വീട്ടിൽ വന്നോണ്ടിരുന്നേ … ഒരു പെങ്ങളുമുണ്ട് … അത് ജിഷ്ണുവേട്ടന്റെ ഫീൽഡാ … എഞ്ചിനിയറിംഗ് ….” ” ആണോ …..” ” ശ്രാവന്തീ ……” പിന്നിൽ നിന്നൊരു വിളി കേട്ടപ്പോൾ അവരിരുവരും തിരിഞ്ഞു നോക്കി … തൊട്ട് മുൻപ് അവരെ കടന്നു പോയ ചെറുപ്പക്കാരൻ …. ശ്രാവന്തിയുടെ മുഖം വിടർന്നു … അവൾ ജിഷ്ണുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു … ” എന്നെ മനസിലായില്ലേ ……. ഞാൻ ആദിത്യൻ …..” അയാൾ അവർക്കടുത്തേക്ക് വന്നു സ്വയം പരിചയപ്പെടുത്തി ….. ” എനിക്ക് മനസിലായി …

അതാ ഞാൻ ചിരിച്ചേ … അപ്പോ ശ്രദ്ധിക്കാണ്ട് കടന്നു പോയി .. അതാ പിന്നെ …. ” ശ്രാവന്തി പറഞ്ഞു … ” ആം സോറി … ഞാൻ വേറൊരു ടെൻഷനിലായിരുന്നു .. കടന്നു പോയിട്ടാ , കണ്ട പോലെ ഓർത്തത് ….” ശ്രാവന്തി ചിരിച്ചു … ” സുഖാണോ .. കണ്ടിട്ട് ഒത്തിരി വർഷങ്ങളായില്ലേ നമ്മൾ ” അവൾ പറഞ്ഞു .. ” സുഖം …. മാര്യേജ് കഴിഞ്ഞുവല്ലേ …. ” അവൻ ജിഷ്ണുവിനെ നോക്കി ചോദിച്ചു … ” യെസ് … ഇത് എന്റെ ഹസ്ബന്റ് … ജിഷ്ണു … ” അവൾ ജിഷ്ണുവിനെ ആദിത്യന് പരിചയപ്പെടുത്തി കൊടുത്തു .. ” ഹലോ ……” അവരിരുവരും പരസ്പരം കൈകൊടുത്തു .. തങ്ങളുടെ ജീവിതത്തിലെ പുതിയ വഴിത്തിരുവുകൾക്ക് വഴി വയ്ക്കുന്നൊരു കൂടിക്കാഴ്ചയാണ് അതെന്നറിയാതെ അവർ പരസ്പരം പരിചയപ്പെട്ടു … ( തുടരും )

ശ്രാവണം- ഭാഗം 17

Share this story