ശ്രാവണം- ഭാഗം 18

ശ്രാവണം- ഭാഗം 18

ജിഷ്ണുവിന്റെ കാർ ഗേറ്റ് കടന്ന് മുറ്റത്തു ചെന്ന് നിന്നു … സിറ്റൗട്ടിൽ വിശ്വനാഥനും പ്രവീണയും കൂടിയുണ്ടായിരുന്നു … കാറിൽ നിന്നിറങ്ങിയതും , ആദിത്യൻ ജിഷ്ണുവിന് കൈകൊടുത്തു … പ്രവീണ ഇറങ്ങി വന്ന് ശ്രാവന്തിയേ ചേർത്തു പിടിച്ചു … വിശ്വനാഥനും കുടുംബവും സന്തോഷത്തോടെയാണ് അവരെ സ്വീകരിച്ചത് …. പ്രവീണ അപ്പോൾ തന്നെ എല്ലാവർക്കും ജ്യൂസുമായി വന്നു …

ശ്രാവന്തിയുടെ കണ്ണുകൾ തിരഞ്ഞത് അനഘയെ ആയിരുന്നു … വിശ്വനാഥനും , ആദിത്യനും ജിഷ്ണുവും സംസാരത്തിലേർപ്പെട്ടപ്പോൾ പ്രവീണ ശ്രാവന്തിയെ കൂട്ടി അകത്തേക്ക് നടന്നു … ” ആന്റി ….. അനഘേച്ചി ……” ” മോളിലാ മോളെ റൂം … വാ കാണിച്ചു തരാം …..” അവൾ ചെന്ന് ജിഷ്ണുവിനെക്കൂടി വിളിച്ചു … പ്രവീണയ്ക്കൊപ്പം അവരിരുവരും മുകളിലേക്ക് കയറിച്ചെന്നു .. നീല വിരി വകഞ്ഞു മാറ്റി , വിശാലമായൊരു റൂമിലേക്കാണ് അവർ ചെന്നത് … പുതപ്പിനിടയിൽ എല്ലിച്ചൊരു രൂപത്തെ ശ്രാവന്തി കണ്ടു …

അവളുടെ നെഞ്ച് പൊട്ടിപ്പോയി …. എത്ര സുന്ദരിയായിരുന്നു … എത്ര പ്രസരിപ്പോടെ ഓടി നടന്നവളായിരുന്നു … ” മോളെ ….” പ്രവീണ വിളിച്ചപ്പോൾ അവൾ മെല്ലെ തല ചരിച്ചു … ശ്രാവന്തിയുടെ മുഖത്തേക്ക് ആ നോട്ടം പതിഞ്ഞു … എന്നോ എപ്പോഴോ കിരണങ്ങൾ അസ്തമിച്ചു പോയ ആ കണ്ണുകളിൽ ഒരു നറുനിലാവ് തെളിഞ്ഞത് പ്രവീണ കണ്ടു .. ” പറഞ്ഞിരുന്നു അവളോട് നിങ്ങൾ വരുന്ന വിവരം …. അപ്പോഴേ പ്രതീക്ഷിച്ച് കിടക്കാ …” പ്രവീണ പറഞ്ഞു … ശ്രാവന്തി വാടിയൊരു ചിരി ചിരിച്ചു …

പിന്നെ നടന്ന് അവളുടെ അരികിൽ ചെന്നിരുന്നു … അനഘ എന്തൊക്കെയോ പറയാൻ ശ്രമിച്ചുവെങ്കിലും അവളുടെ തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്ത് വന്നില്ല …. ഇടയ്ക്ക് അവളുടെ കണ്ണുകൾ ജിഷ്ണുവിന്റെ മുഖത്തേക്കും പതിഞ്ഞു … ശ്രാവന്തി അനഘയുടെ കൈ കവർന്നെടുത്തു … അറിയാതൊരു തുള്ളി അവളുടെ കണ്ണുകളിൽ നിറഞ്ഞു … ” ഞാൻ താഴെയുണ്ടാവും ….” അൽപ നേരത്തിന് ശേഷം ജിഷ്ണു ശ്രാവന്തിയെ തൊട്ടു പറഞ്ഞു … പിന്നെ പ്രവീണയെ നോക്കി താഴേക്ക് പോകുന്നെന്ന് ആംഗ്യം കാണിച്ചു ….

അവനിറങ്ങിപ്പോകുന്നത് കണ്ടു കൊണ്ട് അനഘ കിടന്നു … ” ഒന്നര വർഷമായി എന്റെ കുഞ്ഞ് …..” പ്രവീണയുടെ തൊണ്ടയിടറി .. അനഘയുടെ കൺകോണിലൂടെ കണ്ണുനീരൊഴുകുന്നത് ശ്രാവന്തി കണ്ടു … അവൾ കൈയെത്തിച്ച് , ആ കണ്ണുനീരൊപ്പി … അരുതെന്ന് തല ചലിപ്പിച്ചു …. ” വാ മോളെ …. ഇനി ഭക്ഷണം കഴിക്കാം ….” പ്രവീണ വിളിച്ചു .. ” ആന്റി ചെല്ല് … ഞാനിത്തിരി നേരം കൂടി ഇവിടെയിരുന്നോട്ടെ …. ” ശ്രാവന്തി പറഞ്ഞു … പ്രവീണ പിന്നെ നിർബന്ധിച്ചില്ല … അനഘ ശ്രാവന്തിയുടെ കൈപിടിച്ചു ..

പിന്നെ അവളുടെ നെഞ്ചിലേക്ക് വച്ചു .. പിന്നെ മുകളിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു … കുറേ സമയത്തിന് ശേഷം , അനഘ തന്നെ ശ്രാവന്തിയോട് ഭക്ഷണം കഴിക്കാൻ ചെല്ലാൻ ആഗ്യം കാട്ടി … ഒരിക്കൽ കൂടി അനഘയുടെ കരം ഗ്രഹിച്ചിട്ട് , ശ്രാവന്തി മുറി വിട്ടിറങ്ങി … ചപ്പാത്തിയും മട്ടൺ കറിയുമായിരുന്നു അവർക്ക് വേണ്ടി തയ്യാറാക്കിയിരുന്നത് .. ഭക്ഷണത്തിന് ശേഷം പ്രവീണയ്ക്കൊപ്പം കിച്ചണിലിരിക്കുമ്പോൾ ശ്രാവന്തിയുടെ ചിന്ത അനഘയെ കുറിച്ചായിരുന്നു .. അനഘ ചേച്ചി എന്തിനായിരുന്നു ഇങ്ങനെ ചെയ്തത് … ” ആന്റി ……”

ശ്രാവന്തി വിളിച്ചു … സിങ്കിൽ കിടന്ന പാത്രങ്ങൾ മോറിക്കൊണ്ട് പ്രവീണ അവളെ നോക്കി … ” ഞാനൊരു കാര്യം ചോദിക്കട്ടെ ….?” ” എന്താ മോളെ ….?” ” ചേച്ചിയെന്തിനാ ഇങ്ങനെ …? ” അവൾക്ക് ചോദിച്ചു മുഴുപ്പിക്കാൻ കഴിഞ്ഞില്ല … ഒരിടർച്ച അവളുടെ ശബ്ദത്തെ ഉലച്ചു കളഞ്ഞു .. പ്രവീണയുടെ മുഖം മ്ലാനമായി … അവർ പാത്രം കഴുകുന്നത് നിർത്തി , പൈപ്പ് തുറന്ന് കൈകഴുകി..

ടവ്വലെടുത്തു കൈ തുടച്ചു കൊണ്ട് ശ്രാവന്തിയുടെ അരികിൽ വന്നു … ” ചേച്ചി ഇങ്ങനെ ചെയ്യൂന്ന് നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല … അതിനു മാത്രം ന്താ ചേച്ചീടെ ജീവിതത്തിൽ സംഭവിച്ചത്……? . ” ശ്രാവന്തിയുടെ ശബ്ദത്തിൽ വേദന നിറഞ്ഞു നിന്നു … ” അവൾ എഞ്ചിനിയറിംഗ് കഴിഞ്ഞ് , ചെന്നൈയിൽ വർക്ക് ചെയ്തോണ്ടിരുന്നതാ … അവിടെ വച്ച് ഒരു കൃസ്ത്യാനി പയ്യനുമായി ഇഷ്ടത്തിലായി … ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു .. അറിഞ്ഞാൽ വിശ്വേട്ടൻ സമ്മതിക്കില്ലാന്ന് അവൾക്കറിയാരുന്നു …

അവരവിടെ കുറച്ച് നാൾ ഒന്നിച്ചു ജീവിച്ചു … എന്നിട്ട് നാട്ടിൽ വന്ന് രണ്ട് വീട്ടുകാരോടും എല്ലാം പറയാനായിരുന്നു പ്ലാൻ … അതിനു വേണ്ടി അവൾ മുന്നേ നാട്ടിലേക്ക് വന്നു .. അവൻ രണ്ടു മൂന്നു ദിവസം കഴിഞ്ഞും … പക്ഷെ വിധി മറ്റൊന്നായിരുന്നു .. വരുന്ന വഴിക്ക് ആക്സിഡന്റിൽ അവൻ മരിച്ചു … ” പ്രവീണയുടെ തൊണ്ടയിടറി .. ” അവന്റെ വരവും കാത്തിരുന്ന എന്റെ കുഞ്ഞിനെ തേടിയെത്തിയത് അവന്റെ മരണവാർത്തയായിരുന്നു …. അപ്പോഴും ഞങ്ങൾക്കിതൊന്നും അറിയില്ലായിരുന്നു ..

നേരം വണ്ണം ഭക്ഷണം കഴിക്കില്ല , എന്തിന് നിത്യ കർമ്മങ്ങൾ ചെയ്യാൻ പോലും അവൾക്ക് മടിയായി … ചോദിച്ചപ്പോഴൊക്കെ പറഞ്ഞത് , അവളുടെ റൂം മേറ്റ് മരിച്ചു പോയി എന്നാ … ഇനി അവളില്ലാത്ത റൂമിലേക്ക് തിരിച്ച് ചെന്ന് കയറാൻ വയ്യാന്ന് പറഞ്ഞു .. ചെന്നെയിലെ ജോലി വിടുകയാണെന്നും … ഇനി നാട്ടിൽ മതിയെന്ന് ഞങ്ങളും പറഞ്ഞു .. അവളാ ഷോക്കിൽ നിന്ന് റിക്കവറാകട്ടെയെന്ന് കരുതി ഞങ്ങളും കൂടുതൽ ശല്യം ചെയ്തില്ല …

പിന്നൊരു ദിവസം , ഞാനും വിശ്വേട്ടനും കൂടി ഒരു വിവാഹത്തിന് പോകാനിരുന്ന ദിവസം , അവൾ പതിവില്ലാതെ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി , ഞങ്ങൾക്ക് ചായയൊക്കെയിട്ട് തന്ന് യാത്രയാക്കി .. പക്ഷെ തലേന്നത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് , രാവിലെ എത്തിയ ആദി , ഡോർ തുറന്ന് വന്നപ്പോ കണ്ടത് ഫാനിൽ കെട്ടിയ സാരിത്തുമ്പത്ത് കിടന്ന് പിടയണ എന്റെ കുഞ്ഞിന്നെയാ …..” പ്രവീണ പൊട്ടിക്കരഞ്ഞു .. ” ആന്റി …..” ശ്രാവന്തി ദുഃഖത്തോടെ വിളിച്ചു ..

അവൾക്കും കരച്ചിൽ വന്നിരുന്നു .. ” ഗർഭിണിയായിരുന്നു അവൾ … രണ്ട് മാസം …… ” പ്രവീണയുടെ ശബ്ദം മരവിച്ചത് പോലെ കേട്ടു .. ശ്രാവന്തി അമ്പരപ്പോടെ പ്രവീണയെ നോക്കി .. ” ഒന്നുകിൽ അവളെ പ്രസവിക്കാൻ അനുവദിക്കണം അല്ലെങ്കിൽ മരിക്കാൻ വിടണം എന്നാ അവളന്ന് ആദിയോട് ആവശ്യപ്പെട്ടത് ….. ” ” എന്നിട്ട് ….. ചേച്ചി പ്രസവിച്ചോ .?” ” പ്രസവിച്ചു ……” ശ്രാവന്തി അവിശ്വസനീയതയോടെ പ്രവീണയെ നോക്കി .. ” പ്രസവത്തോടെയാ അവർ തളർന്നു പോയത് …….” ശ്രാവന്തിക്ക് ഒന്നും വിശ്വസിക്കാനായില്ല …

ഒരു കുഞ്ഞിന്റെ അമ്മയായിരുന്നോ അനഘ ചേച്ചി … എന്നിട്ട് ആ കുഞ്ഞെവിടെ …? ” മോള് വാ …. ” പ്രവീണ അവളെ കൈ പിടിച്ചു കൊണ്ട് നടന്നു … താഴെ ഒരു മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറി … അവിടെ ബെഡിൽ , സുന്ദരനായൊരു ആൺകുഞ്ഞ് വിരൽ കുടിച്ച് ഉറങ്ങിക്കിടപ്പുണ്ടായിരുന്നു … ഇത്രേം സമയം ഈ വീട്ടിലുണ്ടായിട്ടും ഇങ്ങനെയൊരാൾ ഈ വീട്ടിലുണ്ടെന്ന് അറിഞ്ഞതേയില്ല … ഒരു സൂചന പോലും കിട്ടിയില്ല … ശ്രാവന്തി ആ കുഞ്ഞിനെ തന്നെ നോക്കി നിന്നു … ” എട്ട് മാസമായി അവന് ……” പ്രവീണ പറഞ്ഞു … ”

ഒന്നര വർഷമായി കിടപ്പിലാണ് ചേച്ചിയെന്ന് ആദിയേട്ടൻ പറഞ്ഞപ്പോ ഞാൻ ഇത്രയൊന്നും പ്രതീഷിച്ചില്ല …. ” ” കിടപ്പിലായിട്ട് 8 മാസമായി … ഇവന്റെ പ്രസവത്തോടെയാ ശരീരം തളർന്നത് … അവളുടെ ജീവിതത്തിന്റെ താളം തെറ്റിയിട്ട് ഒന്നര വർഷവും ………” പ്രവീണയുടെ ശബ്ദം ഉറഞ്ഞു പോയിരുന്നു … ” എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവൾക്ക് … പ്രശ്നങ്ങളൊന്നും ഇല്ലായ്രുന്നുവെങ്കിൽ മോളിപ്പോ ഈ കുടുംബത്തിലേക്ക് വരേണ്ടതായിരുന്നു .. ഓർമയില്ലേ …

അന്നേ അനഘ പറയുമായിരുന്നത് , നീയാണ് ആദിയുടെ പെണ്ണെന്ന് …….” ശ്രാവന്തി നിശബ്ദയായി … അവളൊന്നും മറന്നിട്ടില്ലായിരുന്നു .. അനഘ ചേച്ചിയുടെ വാക്കുകളിലൂടെ , എപ്പോഴൊക്കെയോ ആദിയേട്ടനോട് ഒരിഷ്ടം നാമ്പിട്ടിട്ടുണ്ട് … കൗമാരത്തിന്റെ കുഞ്ഞ് കുഞ്ഞ് മോഹങ്ങൾക്കിടയിൽ ആകാശം കാണാത്ത മയിൽപ്പീലി പോലെ ആദിയുണ്ടായിരുന്നു … അവർ ആ വീട്ടിൽ നിന്ന് , യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണു നിറഞ്ഞതും നെഞ്ച് വിങ്ങിയതും വിരഹത്താലായിരുന്നു ..

പിന്നീട് കോളേജ് പഠനവും മറ്റു തിരക്കുകളുമായപ്പോൾ ഓർമകളുടെ കൂട്ടത്തിൽ ക്ലാവ് പിടിച്ചൊരു വിളക്കായി ആ മോഹമൊതുങ്ങി … എങ്കിലും കണ്ണുകൾ ഓരോ ആൾത്തിരക്കിലും തേടിയിട്ടുണ്ട് അവനെ .. പ്രണവിനെ കണ്ടു മുട്ടിയ നാൾ വരെ ….. ” നാട്ടുകാരും ബന്ധുക്കളും എല്ലാം പുച്ഛിച്ചു തള്ളി …. അതുവരെ അടുപ്പത്തിലിരുന്ന പലരും വരാതായി ഞങ്ങളെ കാണാൻ … അവഗണന സഹിക്കാണ്ടായപ്ലാ , എന്റെ നാട്ടിൽ നിന്ന് വിറ്റ് പെറുക്കി ഇങ്ങോട്ട് വന്നത് .. ഇവിടെ ആർക്കും ഞങ്ങളെ കുറിച്ച് വലിയ അറിവൊന്നും ഇല്ല ..

ഇങ്ങനെയൊക്കെ ആകുന്നതിന് മുൻപ് വരെയും അനഘ പറയുമായിരുന്നു , ആലപ്പുഴ വന്ന് മോളെ കാണണമെന്ന് .. കല്യാണം പറഞ്ഞു വയ്ക്കണമെന്ന് ഒക്കെ … ഒന്നും നടന്നില്ല …..” പ്രവീണയിൽ നിന്ന് ഒരേങ്ങൽ തെറിച്ചു വീണു … ശ്രാവന്തി കേട്ട് നിന്നു … ഒന്നര വർഷം മുൻപ് ….. ഒരു പക്ഷെ ഇവർ തന്നെ തേടി വന്നിരുന്നുവെങ്കിൽ … തന്റെ ജീവിതവും മറ്റൊന്നായേനേ … പ്രണവ് എന്നൊരധ്യായം തന്നെ തന്റെ ജീവിതത്തിലുണ്ടാകില്ലായിരുന്നു … എല്ലാം വിധി ….. കാലം കരുതി വച്ച നിയോഗം ഇതായിരുന്നു ….

ഇതുപോലെ കണ്ടു മുട്ടാൻ … അവൾ നെടുവീർപ്പുതിർത്തു … കുഞ്ഞിന്റെ കാൽത്തളയിട്ട കാലിൽ , ശ്രാവന്തി മെല്ലെ തലോടി … പിന്നെ പ്രവീണയ്‌ക്കൊപ്പം മുറി വിട്ടിറങ്ങി … ” പോകാം നമുക്ക് …….” ജിഷ്ണു വന്ന് ചോദിച്ചപ്പോൾ ശ്രാവന്തി തല കുലുക്കി .. ” അനഘ ചേച്ചിയോട് പറഞ്ഞിട്ട് വരാം ….” അവൾ ജിഷ്ണുവിനോട് പറഞ്ഞിട്ട് മുകളിലേക്ക് കയറി ചെന്നു .. കാൽപ്പെരുമാറ്റം കേട്ടപ്പോൾ അനഘ മെല്ലെ തല തിരിച്ചു നോക്കി .. ആ വരണ്ട ചുണ്ടുകളിൽ ഒരു ചെറു ചിരി വിടർന്നു …

ശ്രാവന്തി ചെന്ന് അനഘയുടെ അടുത്തിരുന്ന് ആ മുഖത്തേക്ക് ഉറ്റു നോക്കി …… സ്ത്രീയാണവൾ … ഒരു കുഞ്ഞിന്റെയമ്മ … അതും മരിച്ചു പോയ കാമുകന്റെ കുഞ്ഞിനെ , ഒരു താലിയുടെ പോലും സുരക്ഷിതത്വമില്ലാതെ പ്രസവിക്കാൻ ധൈര്യം കാട്ടിയവൾ … താനോ ….. എന്നോ ചില ഓർമകൾ പൊലിഞ്ഞു പോയതിന്റെ പേരിൽ , സ്വന്തം ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഭയന്ന് ഗുളിക ,ഹാന്റ് ബാഗിൽ തിരുകി നടക്കുന്നു .. അവൾക്ക് സ്വയം പുച്ഛം തോന്നി …. ശ്രാവന്തി കുനിഞ്ഞ് അനഘയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു … ” താങ്ക്സ് …….” അവൾ അനഘയുടെ കണ്ണിൽ നോക്കി പറഞ്ഞു …

അവളെന്തിനാണ് തന്നോട് താങ്ക്സ് പറഞ്ഞതെന്ന് അനഘക്ക് മനസിലായില്ല .. ചോദിക്കാനവൾക്ക് കഴിഞ്ഞതുമില്ല .. ശ്രാവന്തി മുറിവിട്ടിറങ്ങിയിട്ടും അനഘ അത് തന്നെയോർത്തു കിടന്നു … * * * * * * * * * * * * തിരികെയുള്ള യാത്രയിൽ ശ്രാവന്തി നിശബ്ദയായിരുന്നു .. ” എന്ത് പറ്റിയെടോ ഭാര്യേ … മിണ്ടാട്ടമില്ലല്ലോ ….” ജിഷ്ണു ചോദിച്ചു .. ” ഒന്നൂല്ല ജിഷ്ണുവേട്ട… ” ” അതല്ല ..എന്തോ ഉണ്ട് … ” ” അനഘ ചേച്ചിക്ക് എന്താ സംഭവിച്ചതെന്ന് ജിഷ്ണുവേട്ടനറിയോ …? ” അവൾ ചോദിച്ചു .. “

ഏയ് … ഞാനതൊന്നും ചോദിച്ചില്ല … താൻ ചോദിച്ചോ ?…” ” ങും …… ” അവൾ മൂളി … ഉണ്ടായ സംഭവങ്ങളെല്ലാം അവൾ വള്ളി പുള്ളി വിടാതെ ജിഷ്ണുവിനോട് പറഞ്ഞു …. ” ഈ ആദി തന്നെ കെട്ടേണ്ടവനായിരുന്നു അല്ലെ … ?” ഇടയ്ക്ക് ജിഷ്ണു ചോദിച്ചു .. അവൾ ഞെട്ടലോടെ അവനെ നോക്കി .. ആ കാര്യം മാത്രം മറച്ചു വച്ചാണ് അവൾ സംസാരിച്ചത് … എന്നിട്ടും അവനെങ്ങനെ ..? ” അതെന്താ ജിഷ്ണുവേട്ടാ അങ്ങനെ ചോദിച്ചേ ….?” ” വിശ്വനങ്കിളും ആദിത്യനും പറഞ്ഞു ,

അവർക്ക് എന്തോ ഫാമിലി ഇഷ്യൂസ് ഉണ്ടായില്ലായിരുന്നുവെങ്കിൽ എനിക്ക് തന്നെ കിട്ടില്ലാരുന്നു എന്ന് .. അവർ ശരിക്കും തന്നെ പെണ്ണ് ചോദിക്കാൻ പോകാനിരുന്നതാ .. അപ്പഴാ കക്ഷി നമ്മളെ ഹോസ്പിറ്റലിൽ വച്ച് കണ്ടത് …..” ജിഷ്ണു പറഞ്ഞിട്ട് ചിരിച്ചു … ശ്രാവന്തിയും പുഞ്ചിരിച്ചു … തനിക്കൊരു നഷ്ടബോധം തോന്നുന്നുണ്ടോ … ? കുറേക്കൂടി കാത്തിരിക്കാമായിരുന്നെന്ന് …. അവൾ സ്വയം ചോദിച്ചു .. * * * * * * * * * രാത്രി …!

കിടക്കാൻ നേരം , ജിഷ്ണു ഡ്രായർ തുറക്കുന്നത് കണ്ട് ശ്രാവന്തി ചെന്ന് അവന്റെ കൈയിൽ പിടിച്ചു … അവൻ അവളുടെ കണ്ണിലേക്ക് നോക്കി … ” വേണ്ട ജിഷ്ണുവേട്ടാ … ഇനിയത് വേണ്ട … ” ” അപ്പോ … ?” ” നമ്മുടെ കുഞ്ഞിന് നമ്മുടെ അടുത്തേക്ക് എപ്പോ വരാൻ തോന്നിയാലും വന്നോട്ടെ .. നമുക്ക് തടയണ്ട … ” പറഞ്ഞിട്ട് അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നിന്നു… ( തുടരും )

ശ്രാവണം- ഭാഗം 19

Share this story