ശ്രാവണം- ഭാഗം 20

ശ്രാവണം- ഭാഗം 20

ആദിയേട്ടനോട് വിവരം പറയുന്നതിൽ തെറ്റില്ലെന്ന് ശ്രാവന്തിക്ക് തോന്നി … ജിഷ്ണുവേട്ടനെ ചികിത്സിക്കുന്ന അതേ ഹോസ്പിറ്റലിലാണ് ആദിയേട്ടൻ വർക്ക് ചെയ്യുന്നത് … താൻ പറഞ്ഞില്ലെങ്കിൽ പോലും ആദിയേട്ടന് വിവരങ്ങൾ അറിയാൻ സാധിക്കും .. നാളെ എന്തെങ്കിലും ഒരാവശ്യം വന്നാൽ ആദിയേട്ടന്റെ സഹായം ആവശ്യമായി വന്നേക്കാം .. ” ഒത്തിരി കാര്യങ്ങൾ പറയാനുണ്ട് ആദിയേട്ടാ …..” മടിയിലിരുന്ന് കളിക്കുന്ന ചിന്തു മോനെ ചേർത്തു പിടിച്ചു കൊണ്ട് ശ്രാവന്തി പറഞ്ഞു …

ആദിയുടെയും പ്രവീണയുടെയും കൂടാതെ , ആകാംഷയോടെ രണ്ട് കണ്ണുകൾ കൂടി അവളെ വീക്ഷിച്ചു .. അനഘയുടെ … ശ്രാവന്തി ഉള്ള സത്യങ്ങൾ അവരോട് തുറന്നു പറഞ്ഞു … ” എന്നാലും ഇതൊരു ചതിയായിപ്പോയി .. വിവാഹത്തിനു മുൻപേ എല്ലാം തുറന്നു പറയേണ്ടതായിരുന്നില്ലേ …. ” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രവീണ ദേഷ്യത്തോടെ പറഞ്ഞു .. ” ജിഷ്ണുവേട്ടൻ തെറ്റ്കാരനല്ല ആന്റി .. ഒക്കെ മുന്നേ പറഞ്ഞൂന്ന് കരുതി ഏട്ടൻ … ” ശ്രാവന്തി പ്രവീണയുടെ മുഖത്തേക്ക് നോക്കി ..

അവളുടെ ഭർത്താവിനെ കുറ്റപ്പെടുത്തിയത് അവൾക്കിഷ്ടമായില്ലെന്ന് ആ വാക്കുകളിൽ നിന്ന് പ്രവീണയ്ക്കും ആദിക്കും മനസിലായി .. ” ഉദയേട്ടനും ചന്ദ്രിയും ഇതറിഞ്ഞോ ….?” പ്രവീണ ചോദിച്ചു .. ” ഇല്ല … ഞാൻ പറഞ്ഞിട്ടില്ല .. പറഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ല …. സാവധാനം പറയാം …” ” നിന്നെ സ്നേഹിക്കുന്ന ആർക്കും സഹിക്കാൻ കഴിയില്ല മോളെ ഇത് .. ആദിയുടെ പെണ്ണായിട്ട് മനസിൽ കണ്ടിരുന്നതാ നിന്നെ ഈ കുടുംബത്തിൽ .. പ്രശ്നങ്ങൾക്കിടയിൽ ഞങ്ങൾ അൽപം വൈകിപ്പോയി …

എങ്കിലും നിനക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന സമാധാനത്തിലായിരുന്നു ഇതുവരെ .. ഇതിപ്പോ മനസമാധാനം പോയി …. ” പ്രവീണ മനസിലുള്ളത് തുറന്നു പറഞ്ഞു … ” ജിഷ്ണുവേട്ടന് എന്നോട് സ്നേഹമാണ് ആൻറി ….” അവൾ ജിഷ്ണുവിനെ ന്യായീകരിച്ചു … ” സ്നേഹമില്ലെന്ന് ഞാൻ പറഞ്ഞില്ല മോളെ … എന്തായാലും അവനൊരു ഭൂതകാലമുണ്ടെന്നത് സത്യമാണ് .. പക്ഷെ ആ കാലം എന്തായിരുന്നുവെന്ന് നമുക്കാർക്കും നിശ്ചയമില്ല … അവന്റെ വീട്ടുകാർ എല്ലാ സത്യങ്ങളും അറിഞ്ഞു കൊള്ളണമെന്നുമില്ല …

മോളിവിടുത്തെ കാര്യം തന്നെ ഓർത്തുനോക്കിയേ .. അന്നത്തെയാ പകലിൽ ഇവളൊരു കയറിനറ്റത്ത് കിടന്ന് പിടയുന്നത് വരെ , ഇവളെ കുറിച്ച് നമുക്ക് അഭിമാനവും പ്രതീക്ഷയുമായിരുന്നു … നിമിഷങ്ങൾ കൊണ്ടല്ലെ എല്ലാം തല തിരിഞ്ഞത് .. അന്നുവരെ ബഹുമാനിച്ചവർ പോലും ഞങ്ങളെ കണ്ട് മുഖം തിരിച്ചു … ആരും മുഖത്തേക്ക് കാർക്കിച്ച് തുപ്പിയില്ലെന്നേയുള്ളു .. അത്രത്തോളം അപമാനം ഞങ്ങൾ സഹിച്ചിട്ടുണ്ട് ..

വീട്ടുകാരറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ നിങ്ങൾ കുട്ടികൾ മനസിലൊളുപ്പിച്ച് നടക്കും … ” പ്രവീണ അനുഭവങ്ങളുടെ വെളിച്ചത്തിൽ കണ്ണു തുടച്ചു .. അവരോട് ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് ശ്രാവന്തിക്ക് തോന്നി .. ” ഇനിയിപ്പോ കഴിഞ്ഞതിനെ കുറിച്ച് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല … നടക്കാനുള്ളത് നടന്നു …താൻ കോൺഫിഡന്റായാൽ മതി ശ്രാവന്തി .. കേട്ടിടത്തോളം ജിഷ്ണുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല .. വേണമെങ്കിൽ ജിഷ്ണുവിന്റെ ഡോക്ടേർസിനോട് ഞാനൊന്നു സംസാരിച്ചേക്കാം … “

അതുവരെ നിശബ്ദനായിരുന്ന ആദിത്യൻ ശ്രാവന്തിയെ സമാധാനിപ്പിക്കും വിധത്തിൽ പറഞ്ഞു .. ” ആദിയേട്ടൻ സംസാരിച്ചാൽ നന്നായിരുന്നു … ” അവൾ പറഞ്ഞു … ” സംസാരിക്കാം ….” അവൻ ഉറപ്പുകൊടുത്തു …. ശ്രാവന്തിയുടെ കൈയിൽ ഒരു സ്പർശമറിഞപ്പോൾ അവൾ നോക്കി … അനഘയാണ് …. തന്റെ വലം കൈകൊണ്ട് അവളുടെ വിരലുകൾ കോർത്തിരുന്നു … ആ കണ്ണുകൾ നിറഞ്ഞൊഴുകി .. കുറ്റബോധമാണ് അവളുടെ കണ്ണീരായി ഒഴുകുന്നതെന്ന് ആദിത്യനും പ്രവീണക്കും മനസിലായി ..

ശ്രാവന്തി സാരമില്ലെന്ന അർത്ഥത്തിൽ ആ കവിളിൽ തലോടി … കുറേ സമയങ്ങൾ കൂടി അവിടെ ചിലവഴിച്ചിട്ട് , അവരോട് യാത്ര പറഞ്ഞ് അവളിറങ്ങി … ” ശ്രാവന്തി ഇടയ്ക്ക് വരണം …. അവൾക്ക് സന്തോഷമാകും …… ” ആദിത്യൻ ഓർമിപ്പിച്ചു …. ” വരാം ആദിയേട്ടാ …. ” അവൾ വാക്ക് പറഞ്ഞു … ” മോനെ , അവൾടെ ജീവിതം എന്താകും … കുഴപ്പമുണ്ടാകുമോ ….?” ശ്രാവന്തി പോയി കഴിഞ്ഞപ്പോൾ പ്രവീണ ആശങ്കയോടെ മകനോട് ആരാഞ്ഞു .. ” നമുക്കെങ്ങനെ പ്രെഡിക്ട് ചെയ്യാൻ കഴിയും അമ്മേ …

അവന്റെ ഭൂതകാലം മറന്നു പോയത് അവനല്ലേ … ഇനിയൊരിക്കലും ഓർത്തെടുക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല … അവൻ അന്ന് എങ്ങനെ ജീവിച്ചു , ആരെയൊക്കെ കണ്ടു എന്നൊക്കെ ഇപ്പോ ദെവത്തിനു മാത്രമേ അറിയൂ … എന്നെങ്കിലുമൊരിക്കൽ അതവൻ ഓർത്തെടുത്താൽ , ശ്രാവന്തിയെ ഒരു തരത്തിലും ബാധിക്കരുത് എന്ന് പ്രാർത്ഥിക്കാനല്ലേ നമുക്കിപ്പോ പറ്റൂ ….” അവന്റെ വാക്കുകളിൽ നിസഹായതയുണ്ടായിരുന്നു .. എന്തുകൊണ്ടോ പ്രവീണക്ക് ഒരു ഭയം തോന്നി ……

ആദിത്യൻ തന്റെ റൂമിൽ വന്ന് ഡോറടച്ച് ചെയറിലേക്കിരുന്നു … കുറേ സമയം അവൻ , പിന്നിലേക്ക് മലർന്നു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു .. പിന്നെ എഴുന്നേറ്റ് പോയി കബോർഡ് തുറന്ന് , പഴയൊരു ആൽബം കൈയിലെടുത്തു തിരികെ വന്ന് ചെയറിലിരുന്നു … അതിന്റെ താളുകൾ ഒരോന്നായി മറിയുമ്പോൾ അവന്റെ ഹൃദയം വേദനിച്ചു … താനും അനഘയും ശ്രാവന്തിയും ശിവയും ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോ , അനഘയും ശ്രാവിയും ചേർന്നു നിൽക്കുന്ന ഫോട്ടോ ,

മൂന്നു പെൺകുട്ടികളും ഒരുമിച്ചിരുന്ന് പൂക്കളം നിർമ്മിക്കുന്നതും , അവരോരോടുത്തരും ഊഞ്ഞാലാടുന്നതുമായ ഫോട്ടോസ് .. തന്റെ മടിയിലിരിക്കുന്ന കുഞ്ഞു ശിവ .. കൂട്ടത്തിൽ അവനേറ്റവും പ്രിയപ്പെട്ട ഒരു ഫോട്ടോയുണ്ട് .. അവനത് ആൽബത്തിൽ നിന്നിളക്കി വച്ചിട്ടുണ്ടായിരുന്നു … എത്രയോ രാത്രികൾ ആ ഫോട്ടോ നോക്കി ഉറങ്ങാതെ ,ആവോളം രാത്രിയാസ്വദിച്ച് കിടന്നിരുന്നു …. അവനാ ഫോട്ടോക്ക് മീതെ മെല്ലെ തഴുകി … പച്ച പട്ടുപാവാടയുടുത്ത് ഊഞ്ഞാലാടുന്ന ശ്രാവന്തി …

പിന്നിൽ നിന്ന് അവളെ ഊയലാട്ടുന്ന താൻ … ആയത്തിലാടി പോകുന്ന അവളുടെ , മുല്ലപ്പൂ ചൂടിയ വാർമുടിയുടെ അഗ്രം തന്റെ ഷർട്ടിനു മീതെ ചിതറി കിടക്കുന്നു … ഇന്നും ആ മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും ഗന്ധം അവന്റെ നാസികയിലെത്താറുണ്ട് .. അവൻ അവിടെയിരുന്നു കൊണ്ട് തന്നെ കൈയെത്തിച്ച് മ്യൂസിക് പ്ലേയർ ഓണാക്കി .. ശേഷം ആ ഫോട്ടോ കൈയിലെടുത്തു … ചെയറിൽ പിന്നിലേക്ക് ചാരിക്കിടന്ന് ഫോട്ടോ മുഖത്തിന് നേർക്കു കൊണ്ട് വന്ന് അവളുടെ മഷിയെഴുതിയ കണ്ണുകളിലേക്ക് നോക്കിക്കിടന്നു … ”

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായി നീയെന്റെ മുന്നിൽ നിന്നു .. തരള കപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു …. ” എന്നും എല്ലായിപ്പോഴും അവളെ തന്നിലേക്ക് മാത്രം ചേർത്തു വയ്ക്കുന്ന പാട്ട് , വരികളിലങ്ങോളമിങ്ങോളം അവൾ മാത്രം നിറഞ്ഞു നിൽക്കുന്ന പാട്ട് … ആ ഗാനം വീണ്ടും ആ മുറിയിൽ നിറഞ്ഞു നിന്നു .. ഇനിയെത്ര തന്നെ നീ എന്നിൽ നിന്നകന്നു പോയാലും , ആരുടെ സ്വന്തമായിരുന്നാലും ഈ പട്ടുപാവാടക്കാരി എന്റേത് മാത്രമായിരിക്കും … എന്നെന്നും എന്റെ മാത്രമായിരിക്കും … അവന്റെ അടഞ്ഞ കൺപീലിക്കിടയിൽ ഒരു തുള്ളി നീർക്കണം പെയ്യാൻ മടിച്ചു നിന്നു …

എങ്കിലും ആദിത്യനെപ്പോലെ ഒരു ചെറുപ്പക്കാരന്റെ പ്രപ്പോസൽ ഉണ്ടായിരുന്നെങ്കിൽ എന്തിനായിരുന്നു മറ്റൊന്ന് നിങ്ങൾ നോക്കിയത് ….” പിറ്റേന്ന് ഓഫീസിലെ ഭക്ഷണ മുറിയിൽ വച്ച് , വിശേഷങ്ങളൊക്കെ കേട്ടപ്പോൾ സീനത്ത് ചോദിച്ചു … ” അവർ ഞാൻ പ്ലസ് ടു വിന് പഠിക്കുമ്പോൾ അവിടുന്നു പോയി ഇത്താ … ഇപ്പോ തന്നെ ആറേഴ് കൊല്ലം കഴിഞ്ഞു … ” ശ്രാവന്തി പറഞ്ഞു … ” എന്നാലും വിശ്വനാഥൻ സാറിന്റെ മകനല്ലേ … ഇവിടെ വന്നിട്ട് ബാർ കൗൺസിലിൽ അന്വേഷിച്ചാൽ തന്നെ അദ്ദേഹം ഇവിടെ വരുന്ന ഡേറ്റ് കിട്ടുമായിരുന്നല്ലോ … ” സീനത്ത് ചോദിച്ചു … ”

സുപ്രീം കോടതി വക്കീലാണെന്നായിരുന്നു എന്റെ ഓർമ … അതു കൊണ്ട് അങ്കിൾ ഇവിടെ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല … ” ” സുപ്രീം കോർട്ട് വക്കീലാണെങ്കിലും ഇവിടെയും എൻറോൾ ചെയ്യാൻ ചാൻസ് കൂടുതലാണ് ….. അല്ലെങ്കിൽ ഒരിക്കലെങ്കിലും എന്നോടൊന്നു സൂചിപ്പിക്കാമായിരുന്നു …” സീനത്തിന് വലിയ നിരാശ തോന്നി .. ” അതൊക്കെ അന്നത്തെ പ്രായത്തിൽ ,ഒരോന്നൊക്കെ പറയുന്നതായിരുന്നെന്നാ ഞാനും കരുതിയേ … ഇന്നലെ ആന്റി പറഞ്ഞപ്പോഴാ അവരൊക്കെ സീരിയസായി കണ്ടിരുന്ന കാര്യമാന്ന് അറിഞ്ഞത് … ” ശ്രാവന്തി പറഞ്ഞു … “

ഛെ … എന്നാലും … എടുപിടീന്ന് ഈ വിവാഹം വേണ്ടിയിരുന്നില്ല .. കുറച്ച് വെയ്റ്റ് ചെയ്യാമായിരുന്നു …. ” ” ജിഷ്ണുവേട്ടനെ കിട്ടിയത് തെറ്റായി പോയീന്നാണോ ഇത്ത പറയുന്നേ … ” ശ്രാവന്തി സീനത്തിനെ നോക്കി .. ” ഞാനങ്ങനെയേ പറയൂ ശ്രാവി … ഞാനീ കോടതിയിൽ വരാൻ തുടങ്ങിയിട്ട് കൊല്ലം ആറേഴായി … ഒരുപാട് ജീവിതങ്ങൾ കണ്ടിട്ടുണ്ട് … കണ്ടും കേട്ടും മടുത്തു .. അതു കൊണ്ട് തന്നെ ,കുടിച്ച വെള്ളത്തിൽ പോലും ആരെയും വിശ്വസിക്കാൻ തോന്നില്ല … കുറച്ചു കൂടി എക്സ്പീരിയൻസ് ആകട്ടെ നിനക്കും മനസിലാകും .. നീ ജീവിച്ചു തുടങ്ങിയിട്ടേയുള്ളു ..

ഇനി എത്ര കാലം മുന്നോട്ട് പോകാനുണ്ട് .. കുറ്റവും കുറവുമൊക്കെ പരസ്പരം പറഞ്ഞ് , അറിഞ്ഞു കൊണ്ട് തുടങ്ങുന്ന ജീവിതങ്ങളിൽ വരെ എന്തെല്ലാം സംഭവിക്കുന്നു .. അപ്പോഴാ ഇവിടെ കഴിഞ്ഞ കാലം പോലും ഓർമയില്ലാതെ ….” സീനത്ത് അറുത്തു മുറിച്ച് പറഞ്ഞു … ശ്രാവന്തിക്ക് വല്ലാതെ തോന്നി .. കേട്ടവരെല്ലാം ജിഷ്ണുവേട്ടനെ കുറ്റപ്പെടുത്തുന്നു .. പാവം ജിഷ്ണുവേട്ടൻ .. ആ നെഞ്ചിലെ സ്നേഹത്തിന്റെ ആഴം തനിക്കല്ലേ അറിയൂ .. തനിക്കൊരു ചെറിയ പനി വന്നപ്പോൾ പോലും കുട്ടികളെ നോക്കുന്ന പോലെ പിന്നാലെ നടന്ന് മരുന്ന് കഴിപ്പിച്ചു .. അവൾക്കെന്തോ ആ സംഭാഷണം ദീർഘിപ്പിക്കാൻ തോന്നിയില്ല .. അതു കൊണ്ട് മറ്റൊരു വിഷയമെടുത്തിട്ടു …

ഞായറാഴ്ച … രാവിലെ തന്നെ ജിഷ്ണുവും ശ്രാവന്തിയും കൂടി തിരുവനന്തപുരത്തേക്ക് പോകുവാൻ റെഡിയായി .. തലേ ദിവസം മാളിൽ നിന്നു വാങ്ങിയ ഗിഫ്റ്റ് പാക്കറ്റ് ,ബാക്ക് സീറ്റിൽ ഭദ്രമായി ശ്രാവന്തി വച്ചു … ” ഇറങ്ങട്ടെ അമ്മേ ….?” ശ്രാവന്തി ലതികയോട് യാത്ര ചോദിച്ചു … ” ചെല്ല് മോളെ …. നിങ്ങൾ തിരിച്ചു വരുമ്പോൾ , ഒന്ന് വിളിച്ചേക്ക് … ഞങ്ങൾ ലതയുടെ അങ്ങോട്ട് പോകും .. ഞങ്ങളിങ്ങ് എത്തിയിട്ടില്ലെങ്കിൽ നിങ്ങളങ്ങോട്ട് വാ .. നമുക്കൊന്നിച്ച് തിരിച്ചു വരാം … ” ലതിക ഓർമിപ്പിച്ചു … ” ശരിയമ്മേ …..” അവൾ സമ്മതിച്ചു … ജിഷ്ണുവിന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി ലതികയും ജയചന്ദ്രനും സിറ്റൗട്ടിൽ നിന്നു ….

പതിനൊന്ന് മണിയോടടുത്തു , അവർ തിരുവനന്തപുരത്ത് എത്തിയപ്പോൾ … ലൊക്കേഷൻ ഗണേഷ് അയച്ചു കൊടുത്തത് വച്ച് അവൻ കാറോടിച്ചു .. പേരൂർക്കട നിന്ന് വഴയില റോഡ് വഴി , കാറോടിക്കുമ്പോൾ അവന്റെ ഓർമകളിൽ ഒരു ചലനമുണ്ടായി … അടുത്ത കാലത്തൊന്നും ആ ഭാഗത്തേക്ക് വരാതിരുന്നിട്ട് കൂടി എവിടെയോ സുപരിചിതമായ വഴികൾ … എന്തൊക്കെയോ ഓർമകൾ പുറത്തു വരാൻ മടിച്ച് ആ വഴികളിൽ പതിയിരിക്കുന്നത് പോലെ …

മുൻപ് , പത്താം ക്ലാസ് വരെ പഠിച്ച സ്കൂളിലേക്ക് യാത്ര ചെയ്തപ്പോൾ മാത്രമായിരുന്നു ഇതുപോലൊരു അനുഭവമുണ്ടായത് … ആ യാത്രയവസാനിക്കുമ്പോൾ , സ്കൂളിന്റെ പേര് , ഹെഡ്മാസ്റ്റർ , ഒന്ന് രണ്ട് സഹപാഠികൾ , അദ്ധ്യാപകർ അങ്ങനെ കുറേയോർമകൾ താൻ തിരിച്ചു പിടിച്ചിരുന്നു … ഇപ്പോൾ , അതുപോലെ , അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി തനിക്കി വഴി സുപരിചിതമാകുന്നു .. ഇലകളും പൂക്കളും പോലും തന്നെ മാടി വിളിക്കുന്ന പോലെ … വഴയില റോഡിലേക്ക് കാർ തിരിച്ചത് , ലൊക്കേഷൻ മാപ്പ് നോക്കിയായിരുന്നെങ്കിൽ ,

ചർച്ച് റോഡ് കയറി , ബോസ്കോ നഗറിലേക്ക് കാർ തിരിഞ്ഞത് യാന്ത്രികമായിട്ടായിരുന്നു … കാറിറങ്ങി ചെല്ലുമ്പോൾ , ഗേറ്റിന് പുറത്തിറങ്ങി ഗണേഷ് അവരെ നോക്കി നിൽപ്പുണ്ടായിരുന്നു … ജിഷ്ണുവിന് തല പെരുക്കുന്ന പോലെ തോന്നി … അവന്റെ നെറ്റി വിയർത്തു , ചെന്നിയിലൂടെ വിയർപ്പൊഴുകി … ഗണേഷ് ഗേറ്റ് തുറന്നു വച്ചിട്ടുണ്ടായിരുന്നു .. ജിഷ്ണു കാർ അകത്തേക്ക് കയറ്റി നിർത്തി … അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു .. ആ മുറ്റത്തിന്റെ കോണിലായി നിർമിച്ചിട്ടുള്ള ഫിഷ് ടാങ്കിനു നേർക്ക് അവൻ യാന്ത്രികമായി നോക്കി .. അതിൽ വിടർന്ന താമരപ്പൂക്കളുണ്ടെന്ന് , അതിനുൾ വശം കാണാതെ തന്നെ ജിഷ്ണുവിന് തോന്നി …

അത് സത്യവുമായിരുന്നു …. ജിഷ്ണു , ടിഷ്യൂ പേപ്പർ എടുത്തു മുഖം തുടച്ചു കൊണ്ട് ശ്രാവന്തിയോട് ഇറങ്ങാനാവശ്യപ്പെട്ടു .. ശേഷം അവനും ഇറങ്ങി .. ഇറങ്ങിയ പാടെ ജിഷ്ണുവിന്റെ നോട്ടം വീണത് , തൊട്ടടുത്ത ഇരുനില വീടിന്റെ ബാൽക്കണിയിലേക്കാണ് … അവനങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നത് , ഗണേഷും , അവരെ സ്വീകരിക്കാൻ അകത്ത് നിന്ന് ഇറങ്ങി വന്ന സജ്നയും കണ്ടു … അവർ മുഖത്തോട് മുഖം നോക്കി … ജിഷ്ണു അപ്പോഴും ആ ബാൽക്കണിയിൽ നിന്ന് നോട്ടം പിൻവലിച്ചിരുന്നില്ല …. (തുടരും )

ശ്രാവണം- ഭാഗം 21

Share this story